ഒന്നും ഒന്നും ഇമ്മണി ബല്യ ഒന്ന്...

ഒന്നും ഒന്നും ഇമ്മണി ബല്യ ഒന്ന്...

വിജയ് ചൗക്ക്

സുധീര്‍ നാഥ്


വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രസിദ്ധമായ നോവലാണ് ബാല്യകാലസഖി. മജീദിന്‍റെയും സുഹറയുടെയും കഥ പറയുന്ന ബാല്യകാലസഖിയിലെ പ്രസിദ്ധമായ വാചകമാണ് ഒന്നും ഒന്നും ഇമ്മണി ബല്യ ഒന്ന് എന്ന വാചകം. കണക്ക് ശാസ്ത്രത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ കണ്ടുപിടുത്തം മലയാളസാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും മുന്നണിയും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് തങ്ങള്‍ക്ക് കിട്ടിയ വോട്ടിന്‍റെ കണക്കുകള്‍. അവര്‍ എപ്പോഴും പ്രതീക്ഷയുടെ ഭാഗത്തു തന്നെയാണ് നില്‍ക്കുക. വിജയസാധ്യതയുള്ള വോട്ടുകള്‍ തങ്ങള്‍ എത്ര നേടിയെന്ന് അവര്‍ കണക്കുകൂട്ടുന്നു. നഷ്ടപ്പെട്ട വോട്ടുകളെക്കുറിച്ചും അവര്‍ ചര്‍ച്ചചെയ്യുന്നു. അങ്ങനെ തിരഞ്ഞെടുപ്പ് വിധി വരുന്നതുവരെ ഇത്തരത്തില്‍ കണക്ക് കൂട്ടലുകളുടെ കാലമാണ് എന്നതിന് സംശയമില്ല. 

എക്സിറ്റ് പോളുകള്‍ ഇന്ന് എല്ലാ വിഭാഗം ആളുകള്‍ക്കും പ്രചാരമുള്ള ഒന്നായി മാറിയിരിക്കുന്നു. എക്സിറ്റ് പോളുകളുടെ കുത്തൊഴുക്കാണ് ഇപ്പോള്‍. ഔദ്യോഗികമായി എക്സിറ്റ് പോളുകള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കില്ലെങ്കിലും ജനങ്ങള്‍ തന്നെ സ്വയമായി ഇപ്പോള്‍ ഇത് നടപ്പിലാക്കുന്നുണ്ട്. ഇന്ന് എക്സിറ്റ്, അഭിപ്രായ വോട്ടെടുപ്പ് എന്നിവ നടത്തുന്ന ഒരു ഡസനിലേറെ ഏജന്‍സികള്‍ ഉണ്ട്. ഇതില്‍ പലരും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നതായി കാണാം. ഓരോ പാര്‍ട്ടിയും അവര്‍ക്ക് അനുകൂലമായ എക്സിറ്റ് പോളുകളും, അഭിപ്രായ സര്‍വേകളും നടത്താന്‍ ഏജന്‍സികളെ നിയമിക്കുക സാധാരണമായിരിക്കുന്നു. അതുകൊണ്ട് തന്നെ പുറത്ത്വരുന്ന അഭിപ്രായ സര്‍വ്വേകളും എക്സിറ്റ് പോളുകളും പൂര്‍ണമായി വിശ്വസിക്കാന്‍ സാധിക്കില്ല.

1967 ഫെബ്രുവരി 15ന് നടന്ന ഡച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് എക്സിറ്റ്പോള്‍ നടപ്പാക്കിയതെന്ന് സോഷ്യോളജിസ്റ്റും മുന്‍ രാഷ്ട്രീയക്കാരനുമായ മാര്‍സല്‍ വാന്‍ ഡാം പറയുന്നു. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത് വാറന്‍ മിറ്റോര്‍ഫ്സ്കിയാണ് ആദ്യമായി എക്സിറ്റ്പോള്‍ കൊണ്ടുവന്നത് എന്നാണ്. 1967 നവംബറില്‍ അമേരിക്കന്‍ പോള്‍സ്റ്ററായ അദ്ദേഹം കെന്‍റകി ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹം എക്സിറ്റ്പോള്‍ ആവിഷ്കരിച്ചു എന്നാണ് പറയുന്നത്. 1940 കൊളറാഡോയിലെ ഡെന്‍വറില്‍ നടന്ന തിരഞ്ഞെടുപ്പ് സമയത്ത് എക്സിറ്റ്പോള്‍ നടന്നു എന്ന പരാമര്‍ശവും ചര്‍ച്ചയിലുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപിനിയന്‍ ഇന്ത്യയില്‍ ആദ്യമായി എക്സിറ്റ് പോള്‍ നടത്തിയത് 1957-ല്‍ രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലാണ്. ഇരുപതാം നൂറ്റാണ്ടിലെ മധ്യത്തോടെ കൂടിയാണ് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ പ്രചാരം സിദ്ധിച്ചത് എന്ന് ചുരുക്കി പറയാം. പിന്നീട് ഇത് ലോകമെമ്പാടുമുള്ള സുപ്രധാന തെരഞ്ഞെടുപ്പുകളില്‍ എക്സിറ്റ് പോളുകള്‍ സാധാരണമായതായും കാണാം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഏറെക്കുറെ ശരിയായി വന്നതും അപ്പാടെ തെറ്റിയതും ആയ ഒട്ടനവധി തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുന്‍പ് ഇപ്പോള്‍ വ്യാപകമായി കാണുന്ന ഒന്നാണ് അഭിപ്രായ വോട്ടെടുപ്പ്. അഭിപ്രായ വോട്ടെടുപ്പില്‍ 'നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്നു' എന്നതാണ് അന്വേഷിക്കുന്നതെങ്കില്‍, എക്സിറ്റ് പോളുകളില്‍ 'നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്തു' എന്നാണ് ചോദിക്കുന്നത്. സാധരണ വോട്ടര്‍മാരുടെ മനസിന്‍റെ തീരുമാനത്തെ മാറ്റി മറിക്കാന്‍ ചിലപ്പോള്‍ അഭിപ്രായ സര്‍വ്വേകള്‍ക്ക് സാധിക്കാം. എന്നാല്‍ എക്സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് സംഭവിക്കുന്നത് എന്നത് കൊണ്ട് തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റി മറിക്കാന്‍ സാധിക്കില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍  നിഷ്കര്‍ഷിക്കുന്ന ഒരു പ്രത്യേക കാലയളവിലേക്ക് എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് 2004ല്‍ നിയമ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഈ ആവശ്യത്തിനു ആറു ദേശീയ പാര്‍ട്ടികളുടെയും പതിനെട്ടു സംസ്ഥാന പാര്‍ട്ടികളുടെയും 'എന്‍ഡോര്‍സ്മെന്‍റും' ഉണ്ടായിരുന്നു. ഈ ആവശ്യത്തെ മന്ത്രാലയം ഭാഗികമായി അംഗീകരിക്കുകയും ഫെബ്രുവരി 2010ല്‍, ജനപ്രാതിനിധ്യ നിയമത്തില്‍ 126(എ) എന്ന സെക്ഷന്‍ അവതരിപ്പിക്കുക വഴി എക്സിറ്റ് പോളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. അങ്ങിനെയാണ് ഏറ്റവും ഒടുവിലത്തെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രം എക്സിറ്റ് പോളുകള്‍ വരുന്നത്.

എക്സിറ്റ് പോളുകളുടെ അതിപ്രസരം ഒരു അഭ്യന്തിരപ്രശ്നം തന്നെയായിരുന്നു. അതുകൊണ്ടാണ് 2014ലെ ഇന്ത്യന്‍ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണുന്നത് വരെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ വിലക്കിയത്. പക്ഷെ ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവന പിന്‍വലിക്കുകയും അവസാന വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മെയ് 12 ന് വൈകുന്നേരം 6:30 ന് എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കാമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതിനുശേഷം ഇന്ത്യയില്‍ എക്സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് തീരുന്നത് വരെ നിരോധിച്ചിരിക്കുന്നതിനാല്‍, വോട്ടെടുപ്പ് നടക്കുമ്പോള്‍, അഭിപ്രായ സര്‍വ്വേകള്‍ മാത്രമേ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കൂ.

ഇന്ത്യയില്‍ എക്സിറ്റ് പോളിന്‍റെ പ്രചാരം വര്‍ദ്ധിച്ചത് എന്‍ഡിടിവിയില്‍ എക്സിറ്റ് പോളുകള്‍ വന്നതോടുകൂടിയാണ്. എന്‍ഡിടിവി നടത്തിയ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നിന്നു എന്നതാണ് കൂടുതല്‍ ശ്രദ്ധയും, ആകര്‍ഷണവും ആയത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ ജനത എക്സിറ്റ് പോളുകളില്‍ താത്പര്യം കാണിച്ചു തുടങ്ങിയതും. പിന്നീട് പലരും എക്സിറ്റ് പോളുകള്‍ നടത്തി പരാജയപ്പെടുന്ന കാഴ്ച്ചയും നമ്മള്‍ കണ്ടതാണ്. എക്സിറ്റ് പോളുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം ക്രമാതീതമായി വര്‍ദ്ധിച്ചതോടുകൂടി വിവിധ ഏജന്‍സികള്‍ പുറത്തുവിടുന്ന ഫലങ്ങള്‍ പൂര്‍ണമായി വിശ്വസിക്കുന്നതിന് സാധിക്കാത്ത സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.

2004 ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് എക്സിറ്റ് പോളുകള്‍ വ്യാപകമായി പാളിപ്പോയ കാഴ്ച നമ്മള്‍ കണ്ടതാണ്. 240 മുതല്‍ 250 സീറ്റുകള്‍ വരെ എന്‍ഡിഎ നേടുമെന്ന് അന്ന് ഒട്ടുമിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചു. എന്‍.ഡി.ടി.വി എന്‍.ഡി.എക്ക് 248 സീറ്റും യു.പി.എക്ക് 190 സീറ്റുമാണ് പ്രവചിച്ചത്. പക്ഷേ യഥാര്‍ത്ഥ ഫലം വന്നപ്പോള്‍ യുപിഎക്ക് 219 സീറ്റുകളും എന്‍ഡിഎക്ക് 187 സീറ്റുകളുമാണ് ലഭിച്ചത്. 2009 ലോക്സഭ തെരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തിലേറുമെന്ന് എല്ലാവരും പ്രവചിച്ചെങ്കിലും സീറ്റുകള്‍ നേടുന്ന പ്രവചനത്തില്‍ മിക്കവരും പാളിപ്പോയി. ഇതുതന്നെയാണ് 2014ലും സംഭവിച്ചത്. എന്‍ഡിഎക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് ഒട്ടുമിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത് ശരിയായി. പക്ഷെ മിക്കവരും പ്രവചിച്ച സീറ്റുകളെക്കാള്‍ വളരെ കൂടുതലാണ് എന്‍ഡിഎക്ക് നേടുവാന്‍ സാധിച്ചത്. 2015 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയം നേടുമെന്ന് എല്ലാ പ്രവചിച്ചു. അത് വിജയിച്ചു. 48 സീറ്റുകള്‍ വരെ ആം ആദ്മിക്ക് ലഭിക്കുമെന്ന പ്രവചനമാണ് മിക്കവരും നടത്തിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ എഴുപതില്‍ 67 സീറ്റും കരസ്ഥമാക്കി ആം ആദ്മി വന്‍വിജയം നേടി. സമാനമായ ഒട്ടേറെ പ്രവചനങ്ങള്‍ പില്‍ക്കാലത്ത് പാളിപ്പോയത് നമുക്ക് മുന്നിലുള്ള ചരിത്രമാണ്.

വര്‍ത്തമാനകാലത്ത് പുറത്ത് വരുന്ന വിവിധ അഭിപ്രായ സര്‍വ്വേകള്‍ വ്യത്യസ്ഥ സൂചനകള്‍ നല്‍കുന്നു എന്നത് കൊണ്ട് തന്നെ അത് സ്പോണ്‍സേഡ് ആണെന്ന് തിരിച്ചറിയാം. തികച്ചും ശാസ്ത്രീയമായി നടത്തുന്ന സര്‍വ്വേകളുടെ സ്വീകാര്യത പോലും നഷ്ടപ്പെടുത്തുന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ചുറ്റിനും നിറയുന്നത് നിര്‍ഭാഗ്യകരം തന്നെ. നമുക്കു മുന്നിലുള്ള എക്സിറ്റ് പോളുകളുടെ ചരിത്രം നമ്മളെ പാഠം പഠിപ്പിക്കേണ്ടതാണ്. ഒരിക്കലും ഇപ്പോഴത്തെ മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളെ അവസാനവാക്കായി കാണുവാന്‍ സാധിക്കില്ല എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യത്തെ നാം തിരിച്ചറിയണം. 

തിരഞ്ഞെടുപ്പില്‍ സജ്ജീവമായ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് ഓരോ മണ്ഡലത്തിലും വിജയിയാകാന്‍ സാധ്യതയുള്ളതെന്ന ജനങ്ങളുടെ അല്ലെങ്കില്‍ വോര്‍മാരുടെ ജിജ്ഞാസ നമുക്ക് ഊഹിക്കാം. അതിനേക്കാള്‍ ജിജ്ഞാസ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്കും, നേതാക്കള്‍ക്കും മുന്നണികള്‍ക്കും ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും വോട്ടിംഗ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പ്രവചനങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന സൂചനകള്‍ സംപ്രേക്ഷണം ചെയ്യുന്നു. സെക്ഷന്‍ 126 എ പ്രകാരം ഇത് കുറ്റകരമാണ്. ഈ വകുപ്പിന്‍റെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.