പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

നായനാരും, കരുണാകരനും പ്രചരണത്തിന് 


കേരളത്തിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് നായനാരും കരുണാകരനും എത്തിയിരിക്കുന്നു. കണ്ടവര്‍ കണ്ടവര്‍ ഞെട്ടി. ഇത് സത്യം തന്നെയോ...? അവര്‍ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥികളുടെ പേര് പറയുന്നു, അവര്‍ക്ക് വേണ്ടി വോട്ട് ചോദിക്കുന്നു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഈ തവണ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ (എ.ഐ) സാങ്കേതികവിദ്യ കൂടി എല്ലാം മുന്നണികളും പരീക്ഷിക്കുന്നുണ്ട്. മണ്‍മറഞ്ഞുപോയ നേതാക്കളെ പോലും പ്രചരണത്തില്‍ എത്തിക്കുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ എ.ഐക്ക് സാധിക്കുന്നു എന്നുള്ളതാണ് ഇതില്‍ ഏറെ പ്രധാനം. സാങ്കേതികവിദ്യ ഉപയോഗിച്ച് ജനകീയ നേതാക്കളെയാണ് പ്രചരണ ആയുധമാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഓരോ മുന്നണികളും വന്നിരിക്കുന്നത്. രാജ്യത്താകമാനം ഈ പ്രചരണ തന്ത്രം ഇപ്പോള്‍ വ്യാപകമാണ്. കേരളത്തില്‍ അന്തരിച്ച പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സാമൂഹ്യ മാധ്യമങ്ങളില്‍ കാണുമ്പോള്‍ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് വോട്ടര്‍മാര്‍ നോക്കിക്കാണുന്നത്. സാങ്കേതിക വിദ്യയുടെ നേട്ടത്തെ കുറിച്ചുള്ള അറിവുകള്‍ ഇല്ലാത്ത വോട്ടര്‍മാരും നമുക്കിടയില്‍ ഉണ്ട് എന്നുള്ളത് അവരെ അത്ഭുത ലോകത്ത് എത്തിക്കുന്നു എന്നുള്ള കാര്യം എടുത്തു പറയേണ്ടതാണ്. കേരളത്തില്‍ പോലും പലരും ഈ സാങ്കേതികവിദ്യയില്‍ രൂപം കൊണ്ട പരസ്യങ്ങള്‍ കണ്ട് ചര്‍ച്ച നടത്തുന്നത് ഇതിന്‍റെ ഉദാഹരണമാണ്.

ശബ്ദം മാറ്റാനും ശസ്ത്രക്രിയ...

നിങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദത്തോട് താത്പര്യകുറവുണ്ടോ...? ശബ്ദം മാറ്റുവാനുള്ള ശസ്ത്രക്രിയയ്ക്ക് പ്രിയമേറുകയാണ് ഇപ്പോള്‍. പതിനഞ്ച് വര്‍ഷം മുന്‍പ് ജര്‍മനിയിലാണ് വിജയകരമായി ശബ്ദം മാറ്റുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. എട്ട് വര്‍ഷത്തിലേറെയായി ഈ സംവിധാനം ഇന്ത്യയിലെ ആശുപത്രികളില്‍ എത്തിയിട്ട്. 2014 മുതല്‍ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലും ഈ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. ആദ്യകാലങ്ങളില്‍ വ്യക്തിയുടെ ശബ്ദവ്യതിയാനം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ അപൂര്‍വ്വമായി നടന്നിരുന്നത് സ്വകാര്യ ആശുപത്രികളില്‍ മാത്രമായിരുന്നു. ഇപ്പോഴത് മുംബയിലെ ജിടി സര്‍ക്കാര്‍ ആശുപത്രി അടക്കമുള്ള മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേക്കും വ്യാപിപ്പിച്ചതോടുകൂടി ശബ്ദ മാറ്റത്തിന് വേണ്ടിയുള്ള ശസ്ത്രക്രിയയുടെ ആവശ്യക്കാര്‍ ഏറി വരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 70,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ശസ്ത്രക്രിയയ്ക്ക് ചെലവാകുമെന്നാണ് അറിയുന്നത്. ആദ്യകാലങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ ആളുകള്‍ മാത്രമായിരുന്നു ഇത്തരം ശസ്ത്രക്രിയയ്ക്ക് മുന്നോട്ടുവന്നിരുന്നത് ഇപ്പോള്‍ പുരുഷന്മാരും, സ്ത്രീകളും ഈ ശസ്ത്രക്രിയ നടത്തി ശബ്ദ ക്രമീകരണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എല്ലാം വിവിപാറ്റകളും എണ്ണണമെന്ന് സുപ്രീംകോടതി നോട്ടീസ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനൊപ്പം മുഴുവന്‍ വിവിപാറ്റും കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരിക്കയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് പുറമേ, കേന്ദ്ര സര്‍ക്കാരിനോടും കോടതി മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് നല്‍കിയത്. നിലവില്‍ തിരഞ്ഞെടുക്കുന്ന അഞ്ച് ഇവിഎമ്മുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ മാത്രമാണ് എണ്ണുന്നത്. ഏപ്രില്‍ 19 ന് തുടങ്ങുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി ജൂണ്‍ 1 നാണ്  സമാപിക്കുന്നത്. ജൂണ്‍ 4 ന് തിരഞ്ഞെടുപ്പ് ഫലം വരും. ഇലക്ട്രോണിക്ക് വോട്ടിങ് മെഷ്യന്‍ എന്ന ഇവിഎം മെഷ്യന്‍ വഴി നടക്കുന്ന എല്ലാ വോട്ടുകളും വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന  വിവിപാറ്റിലെ കണക്കുകളും തുല്യമാകണം എന്നാണ് വെയ്പ്പ്. ഇവിഎമ്മില്‍ ക്രിത്രിമം കാണിക്കുന്നുണ്ട് എന്ന വ്യാപക പരാതികള്‍ ഉയര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണം എന്ന സുപ്രീം കോടതി ഉത്തരവ് വന്നാല്‍ തിരഞ്ഞെടുപ്പിന്‍റെ സുതാര്യത വര്‍ദ്ധിപ്പിക്കും. 2009 ല്‍ ഡോക്ടര്‍ സുബ്രഹ്മണ്യ സ്വാമിയാണ് ഇവിഎം മെഷീനുകളില്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നത് പേപ്പര്‍ റസീപ്റ്റ് കൂടി  നടപ്പിലാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് പറയണമെന്ന റിട്ട് നല്‍കിയത്. ഡല്‍ഹി ഹൈക്കോടതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ റിട്ടിന്‍റെ ഫലമായി ഇവിഎം മെഷീനോടൊപ്പം വിവിപാറ്റ് നടപ്പിലാക്കാന്‍ തീരുമാനമായി. ഇവിഎം മെഷീനില്‍ ഒരു വോട്ടര്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചെയ്യുമ്പോള്‍ വിവിപാറ്റിന്‍റെ സ്ക്രീനില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ക്രമനമ്പറും ചിഹ്നവും പ്രിന്‍റ് ചെയ്യുകയും ഏഴ് സെക്കന്‍ഡ്  വോട്ടു ചെയ്യുന്ന വ്യക്തിക്ക് കാണുവാന്‍ സാധിക്കുകയും ചെയ്യും. അതിനു ശേഷം സീല് ചെയ്ത ഒരു ബോക്സിലേക്ക് പ്രിന്‍റ് ചെയ്ത പേപ്പറുകള്‍ സമാഹരിക്കും. തിരഞ്ഞെടുപ്പുകളില്‍ പിന്നീട് വിവിപാറ്റ് ഉണ്ടായിരുന്നെങ്കിലും അതിലൂടെ ലഭ്യമായ റസീപ്റ്റ് മുഴുവനും എണ്ണുവാന്‍ തയ്യാറായിരുന്നില്ല. ഇവിഎം മെഷ്യനുകളില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ട് എന്നുള്ള വലിയ വിമര്‍ശനവും പ്രചാരണവും നടക്കുന്നതിനിടയില്‍ സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടതിന്‍റെ അവസാന ഫലത്തിനായി കാത്തിരിക്കുകയാണ് ജനങ്ങള്‍.

വിസ്താര എയര്‍വേസില്‍ പ്രതിസന്ധി

രാജ്യത്തെ വ്യാമയാന ഗതാഗതം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കയാണ്. രാജ്യത്ത് വിമാനതാവളങ്ങളുടെ എണ്ണത്തിലും സര്‍വ്വീസുകളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. ടാറ്റ എയര്‍വെയ്സിന്‍റെ നിയന്ത്രണത്തിലുള്ള വിസ്താര എയര്‍വെയ്സ് ഇപ്പോള്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. പല സര്‍വീസുകളും ഏപ്രില്‍ ഒന്നു മുതല്‍ റദ്ദാക്കുന്ന സാഹചര്യം ഉണ്ടാകുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. വിസ്താര എയര്‍വേയ്സ് അവരുടെ പൈലറ്റും എയര്‍ഹോസ്റ്റസും മറ്റ് ജീവനക്കാര്‍ക്കുമുള്ള കോണ്‍ട്രാക്റ്റ് പുതുക്കിയതാണ് പ്രതിസന്ധിക്ക് കാരണം. വിസ്താര എയര്‍വെയ്സിനോപ്പം ജോലി ചെയ്യുന്ന പൈലറ്റുമാരും മറ്റു ജീവനക്കാരും കൂട്ടമായി അവധിയെടുത്തതാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായത്. മുന്‍പ് ശമ്പള സ്കെയില്‍ കൂടിയ വിസ്താരയിലെ ജീവനക്കാര്‍ക്ക് ടാറ്റ എയര്‍വെയ്സ് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യ എക്സ്പ്രസും ഏറ്റെടുത്തതോടു കൂടി ശമ്പളം ഏകീകരിക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ഇതുമൂലം വിസ്താരയില്‍ ലഭ്യമായ ശമ്പളത്തില്‍ കുറവ് സംഭവിക്കും എന്നതാണ് കൂട്ടമായ അവധിക്ക് കാരണം. വിസ്താര എയര്‍വേയ്സ് അവരുടെ പ്രതിസന്ധി തരണം ചെയ്തു വരികയാണ്. സര്‍വ്വീസുകള്‍ റദ്ദാക്കുന്നതില്‍ കുറവ് വന്ന് തുടങ്ങി. പുതുക്കിയ കോണ്‍ട്രാക്റ്റില്‍ 98 ശതമാനം ജീവനക്കാര്‍ ഒപ്പിട്ടതായി കമ്പനി അറിയിക്കുന്നു.

അന്തരീക്ഷ ചൂടും, തിരഞ്ഞെടുപ്പ് ചൂടും കൂടുന്നു

തിരഞ്ഞെടുപ്പ് ചൂടിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് രാജ്യം. അതേ സമയം അന്തരീക്ഷ താപനിലയും കൂടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനം കാരണമാണ് രാജ്യത്താകമാനം തിരഞ്ഞെടുപ്പ് ചൂടിനോടൊപ്പം അന്തരീക്ഷവും ചൂടുപിടിക്കുന്നത് എന്നാണ് ശാസ്ത്രപക്ഷം. ശക്തമായ അന്തരീക്ഷത്തിലെ ചൂട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെ ബാധിക്കുന്നുമുണ്ട്. സൂര്യാഘാതവും മറ്റും തിരഞ്ഞെടുപ്പ് പ്രവര്‍ത്തകരെ പ്രതികൂലമായി ബാധിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും വരുന്നുണ്ട്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും ശക്തമായ ചൂടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും വടക്കേ ഇന്ത്യയിലും വളരെ പെട്ടെന്നാണ് ചൂടിന്‍റെ അളവ് വര്‍ദ്ധിക്കുന്നത്. ചൂട് കാറ്റ് കൂടി ശക്തമായി അനുഭവപ്പെടുന്നത് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കും. നിലവിലെ അന്തരീക്ഷ ചൂടിന്‍റെ വര്‍ദ്ധനവ് വടക്കേ ഇന്ത്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി കൊടുക്കുവാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലവും അന്തരീക്ഷ മലിനീകരണം മൂലവും രാജ്യത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 33 ശതമാനം വൈദ്യസഹായം തേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സംഭവിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ മാലിന്യം കൂടുന്നതിന് കനത്ത ചൂട് കാരണമാകുന്നുണ്ട്. ചൂടും, മലിനീകരണവും പലരുടേയും ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. മറ്റൊരു ആവാസവ്യവസ്ഥിതിയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിവിധി. അവിടുത്തെ പോലെ തന്നെയാണ് ഇവിടെയും എന്നാണ് തെക്കുവടക്കുള്ളവര്‍ തമ്മില്‍ പറയുന്ന കാര്യം. വടക്കേ ഇന്ത്യയില്‍ ഇത്തവണ ചൂടിന്‍റെ അളവ് 50 ഡിഗ്രിയില്‍ കൂടുതല്‍ ആകും എന്നാണ് കണക്കാക്കപ്പെടുന്നത്. മണലാരണ്യത്തില്‍ ഉണ്ടാകുന്ന ചൂടായിരിക്കും വടക്കേ ഇന്ത്യയില്‍ വ്യാപകമായി ഉണ്ടാകുക എന്ന സൂചന ശാസ്ത്രലോകം നല്‍കുന്നുണ്ട്. പ്രളയത്തെ പോലെ തന്നെയാണ് വരള്‍ച്ചയുടെ ഭീകരതയും. രാജ്യം വലിയ വരള്‍ച്ചയിലേയ്ക്ക് പോകുവാനുള്ള സാഹചര്യവുമുണ്ട്.