പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2024 ഫെബ്രുവരി 30 


കര്‍ഷകസമരം ശക്തമാകുമ്പോള്‍

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്നു നില്‍കുകയാണ്. ഈ അവസരത്തിലാണ് രാജ്യം ശ്രദ്ധിക്കുന്ന കര്‍ഷകസമരം. കര്‍ഷകസമരം കേന്ദ്രസര്‍ക്കാരിന് വലിയ തലവേദനയാണ് എന്നുള്ള കാര്യത്തില്‍ സംശയമില്ല. 2021ല്‍ നടന്ന വലിയ കര്‍ഷക സമരം കേന്ദ്രസര്‍ക്കാരിനെ പിടിച്ചു കുലുക്കിയിരുന്നു. സമാനമായ രീതിയിലേക്ക് ഇപ്പോള്‍ സമരം ശക്തിപ്പെടുന്ന കാഴ്ചയാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കാണുന്നത്. 2021ലെ കര്‍ഷകസമരം ശക്തമായത് ഒരു റിപ്പബ്ലിക്ക് ദിനത്തിലായിരുന്നു. പതിനായിരക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേയ്ക്ക് വന്നത് മറക്കുവാന്‍ സാധിക്കില്ല. ലോകത്തിന് മുന്നില്‍ രാജ്യത്തിന്‍റെ കര്‍ഷക ശക്തി കാണിച്ചു കൊടുത്ത സമരമായിരുന്നു അന്ന് നടന്നത്. ഇപ്പോള്‍ തുടങ്ങിയ കര്‍ഷക സമരം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട് എന്നതില്‍ സംശയമില്ല. പൊതുസമൂഹത്തില്‍ മോദിയുടെ ഗ്യാരണ്ടി എന്ന മുദ്രാവാക്യം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തന്നെയാണ് കര്‍ഷക സമരം ശക്തിപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. കര്‍ഷകുടെ ദില്ലി ചലോ മാര്‍ച്ച് തടയാനുള്ള ഹരിയാന പൊലീസ് ശ്രമത്തിനിടെ പഞ്ചാബിലെ ഭട്ടിന്‍ഡ ജില്ലയിലെ ബല്ലോ ഗ്രാമത്തില്‍ നിന്നുള്ള 22 കാരനായ കര്‍ഷകന്‍ ശുഭ്കരണ്‍ സിംഗിന്‍റെ മരണം കര്‍ഷക സമരത്തെ തീവ്രമാക്കിയിരിക്കുകയാണ്. ഹരിയാന പോലീസ് സമരം തകര്‍ക്കാന്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന കണ്ണീര്‍ വാതകവും ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കര്‍ഷകരുടെ സമരത്തില്‍ പൊതുസമൂഹത്തിന്‍റെ പിന്തുണ ഉണ്ടെന്നത് മറച്ചുവെയ്ക്കേണ്ടതില്ല. രാജ്യത്തിന്‍റെ നിലനില്‍പ്പ് തന്നെ കര്‍ഷകരെ ആശ്രയിച്ചാണ് എന്നുള്ള കാര്യവും രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥ നിലനിര്‍ത്തുന്നത് കര്‍ഷകരാണ് എന്നുള്ളതും ഈ സമരത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

സാമൂഹിക മാധ്യമങ്ങളേ... നിങ്ങള്‍ ജാഗ്രതയ്...

സാമൂഹ്യ മാധ്യമങ്ങള്‍ വര്‍ത്തമാനകാലത്ത് ശക്തമാണ് എന്ന കാര്യത്തില്‍ ഒരിക്കലും രണ്ട് പക്ഷമില്ല. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ ഏറിയത് സാമൂഹിക മാധ്യമങ്ങളിലൂടെ യുവതലമുറയുടെ ശക്തമായ ഇടപെടല്‍ കാരണമാണ്. കര്‍ഷക സമരം ശക്തിപ്രാപിക്കുന്ന കാഴ്ച നമ്മള്‍ ഇപ്പോള്‍ നേരില്‍ കാണുകയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ശക്തമായ ഇടപെടലുകളും സമരം ശക്തമാകുന്നതിന് സ്വാധീനമാകുന്നുണ്ട് എന്നത് വാസ്ഥവമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വളരെ വലിയ പങ്കാണ് കര്‍ഷക സമരത്തിന്‍റെ പ്രചാരണത്തിന് കാരണമായത് എന്നത് കേന്ദ്ര സര്‍ക്കാരിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരം പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ക്ക് തടസ്സം നില്‍ക്കണമെന്നും അത്തരം പോസ്റ്റുകള്‍ സ്ഥിരമായി നല്‍കുന്ന വ്യക്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും സാമൂഹ്യ മാധ്യമങ്ങളുടെ നടത്തിപ്പുകാരോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിയന്ത്രണം കൊണ്ടുവരിക എന്നു പറയുന്നത് അടിയന്തരാവസ്ഥയോട് തുല്യമായി കണക്കാക്കാം. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രശസ്തമായ എക്സ് (മുന്‍പ് ട്വിറ്റര്‍ ) ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെ പരസ്യമായി പ്രതികരിച്ചിരിക്കുന്നു. സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തില്‍, ചില അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം പിഴയും തടവും പോലുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഇന്ത്യയിലെ ചില അക്കൗണ്ടുകളും പോസ്റ്റുകളും എക്സ് നീക്കം ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്‍റെ നടപടിയില്‍ ശക്തമായ വിയോജിപ്പും എക്സ് രേഖപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്രമുള്ള രാജ്യത്ത് ഇത്തരം നടപടികള്‍ അതിനെ ചോദ്യം ചെയ്യുകയാണെന്നാണ് എക്സ് ചൂണ്ടിക്കാണിക്കുന്നത്. സമാനമായ വിലക്കുകള്‍ ഫെയ്സ്ബുക്ക് ഇന്‍സ്റ്റാഗ്രാം യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രതികരിക്കുവാനുള്ള ജനതയുടെ അധികാരമാണ് ഇതുവഴി ബലികഴിക്കപ്പെടുന്നത്.

പള്ളികളും മസ്ജീദുകളും പൊളിക്കുന്ന രാഷ്ട്രീയം

മതേതര ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന് നമ്മള്‍ പറഞ്ഞിരുന്നു. നാളെ അങ്ങിനെ പറയുവാന്‍ സാധിക്കാത്ത നടപടികളാണ് രാജ്യത്ത് നടക്കുന്നത്. മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത വാര്‍ത്ത നമ്മള്‍ കണ്ടതാണ്. മണിപ്പൂരില്‍ വ്യാപകമായി കലാപം ആളി പടര്‍ന്നു. 300റിലേറെ പേര്‍ മരണമടഞ്ഞു. അയ്യായിരത്തോളം വീടുകളും 300 മുതല്‍ 400 പള്ളികളും തകര്‍ക്കപ്പെട്ടു. വീടുകളും ആരാധനാലയങ്ങളും കത്തിക്കപ്പെട്ടിട്ടും മണിപ്പാല്‍ സര്‍ക്കാര്‍ ഇപ്പോഴും സജീവമായിരിക്കുന്നു. രാഷ്ട്രപതി ഭരണം എന്ന നടപടി കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ല എന്നത് കൗതുകം തന്നെ. രാജ്യവ്യാപകമായി മുസ്ലിം പള്ളികളും മദ്രസകളും പൊളിച്ചു നില്‍ക്കുന്ന കാഴ്ചകളാണ് കഴിഞ്ഞയാഴ്ച കാണുവാന്‍ സാധിച്ചത്. ഇന്ത്യയുടെ മതേതര കാഴ്ചപ്പാടിനെയാണ് ഇത്തരം മൃഗീയമായ നടപടികളോടെ മുറിവേല്‍ക്കപ്പെടുന്നത്. രാജ്യതലസ്ഥാനത്തെ ഒരുഡസനിലേറെ മസ്ജീദുകള്‍ പൊളിച്ച് നീക്കിയപ്പോള്‍ ഒരു ക്ഷേത്രം പോലും പൊളിക്കല്‍ നടപടി നേരിട്ടില്ല. ബംഗാളി മാര്‍ക്കറ്റിന് സമീപമുള്ള മസ്ജീദ് അടക്കം പലതും മുന്‍പ് തകര്‍ത്തിട്ടുണ്ട്. യുനെസ്കോ ലോക പൈതൃക നിര്‍മ്മാണമായി പ്രഖ്യാപിച്ച കുത്തബ്മിനാറില്‍ നിന്ന് അര കിലോമീറ്റര്‍ മാറിയാണ് 500 വര്‍ഷത്തോളം പഴക്കമുള്ള അകുഞ്ചി മസ്ജിദ് നിലനില്‍ക്കുന്നത്. 500 വര്‍ഷം പഴക്കമുള്ളതാണ് മസ്ജീദ് എന്നുള്ളത് വ്യാപകമായി അറിവുള്ള കാര്യം തന്നെയാണ്. പൊളിച്ചു നീക്കപ്പെട്ട മസ്ജിദിന്‍റെ അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ ഡല്‍ഹി ഹൈക്കോടതി ഒരു ചോദ്യം ചോദിക്കാന്‍ രണ്ട് ദിവസം എടുത്തു. നിയമവ്യവസ്ഥിതി പോലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നുള്ള ഞെട്ടിക്കുന്ന ഒരു വിവരമാണ് ഇതുവഴി നാം മനസ്സിലാക്കേണ്ടത്. ഫെബ്രുവരി എട്ടാം തീയതി ഉത്തരാഖണ്ഡില്‍ ഹഡ്വാനിയില്‍ സമാനമായ മറ്റൊരു സംഭവമുണ്ടായി. അവിടേയും മുസ്ലീം മസ്ജീദ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി. അവിടെ വലിയ കലാപത്തിന് തുടക്കമിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ വര്‍ദ്ധിച്ചു വരുന്നതും, കലാപം പടരുന്നതും ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. ഗ്യാന്‍വാപി പള്ളിയില്‍ പൂജ തുടങ്ങി എന്നാണ് വാര്‍ത്തകള്‍. ബാബറി മസ്ജീദ് പൊളിച്ച് നീക്കി രാമക്ഷേത്രം പണിതത് അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. അയോധ്യയ്ക്ക് ശേഷം മധുരയും, വാരണസിയും എന്ന പയ മുദ്രാവാക്യം പൊടി തട്ടി എടുക്കുന്നുണ്ട്. ലോക ടൂറിസം ഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന താജ്മഹലിനോടുള്ള അവഗണന വളരെ വ്യക്തമാണ്. താജ്മഹല്‍ മാത്രമല്ല മുഗള്‍ പൈതൃകത്തോടും സംഭാവനകളോടും കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നയം വ്യക്തമാണ്. ഇത് ഭയാനകമാണ്. നമ്മുടെ രാജ്യത്തിന്‍റെ പോക്ക് ശരിയായ ദിശയിലല്ല എന്ന് വ്യക്തം. 

ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ പാലസ് 

തിരുവിതാംകൂര്‍ രാജാവ് ഡല്‍ഹിയിലെത്തിയാല്‍ താമസിക്കുന്നതിന് വേണ്ടി പണിത ട്രാവന്‍കൂര്‍ പാലസ് സ്വാതന്ത്ര്യാനന്തരം കേരള സര്‍ക്കാരിന്‍റെ സ്വത്തായി മാറി. അവിടെ ഇപ്പോള്‍ നവീകരിച്ച് കേരളത്തിന്‍റെ സാംസ്കാരിക കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ പാലസ് അഭിമാനമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അത് ഇനിയും വേണ്ടപ്പെട്ടവര്‍ തിരിച്ചറിഞ്ഞിട്ടുമില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 2023 ആഗസ്റ്റ് മാസം നാലാം അതിന്‍റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ആറ് മാസങ്ങള്‍ക്ക് ശേഷം 2024 ജനുവരി 31നാണ് അവിടം പൊതുസമൂഹത്തിനായി തുറന്നിരിക്കുന്നത്. ഒരു ചിത്രപ്രദര്‍ശനം മാത്രമാണ് അവിടെ ഇക്കാലമത്രയുമായി നടന്നത്. വിഖ്യത മലയാളി ചിത്രകാരന്‍ എ രാമചന്ദ്രന്‍റെ അവസാന യാത്രയ്ക്ക് കേരള ലളിത കലാ അക്കാദമി വേദി ഒരുക്കിയപ്പോഴാണ് അവിടെ കുറച്ച് ജനങ്ങള്‍ വന്നത്. അന്ന് സോണിയാ ഗാന്ധി, സീതാറാം യെച്ചൂരി, ഡി രാജ, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ അടക്കം ഡല്‍ഹിയിലെ പ്രമുഖരായ ഒട്ടേറെ ചിത്രകാരന്‍മാരും, സാഹിത്യകാരന്‍മാരും അവിടെ എത്തിയിരുന്നു. കേരളത്തിന്‍റെ  സാംസ്കാരിക കേന്ദ്രം എന്ന  നിലയില്‍  ആധുനിക സൗകര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് നവീകരണം നടത്തിയിരിക്കുന്നത്. ആര്‍ട്ട് ഗ്യാലറിയും, ചെറിയ ചലചിത്ര തീയറ്ററും, ഓപ്പണ്‍ എയര്‍ തീയറ്ററും, സെമിനാര്‍ ഹാളും, കോണ്‍ഫറന്‍സ് ഹാളും, മലയാളം ലൈബ്രറിയും, വായനാ മുറിയും, കഫറ്റീരിയയും, ഔട്ട്ഡോര്‍ എക്സിബിഷന്‍ ഏരിയ എന്നിവ കൂടാതെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഇവിടെ ഉണ്ട് എന്നാണ് രേഖകളില്‍ പറയുന്നത്. സാംസ്കാരിക സമുച്ചയത്തില്‍ കേരളത്തെ കുറിച്ച് അറിയുവാനുള്ള എല്ലാ സംവിധാനങ്ങളും ടൂറിസം വകുപ്പും, പി.ആര്‍ഡിയും ഒരുക്കും എന്നും പ്രഖ്യാപിച്ചിരുന്നു. അത് വെറും രേഖകളായി മാത്രം നിലനില്‍ക്കുകയാണ്. ഇപ്പോള്‍ അവിടെ ഒരു ചിത്രപ്രദര്‍ശനത്തിലാണ് തുടക്കം കുറിച്ചിരിക്കുന്നത്. മറ്റ് ഭാഗങ്ങള്‍ പൊടിപിടിച്ച് കിടക്കുകയാണ്. കോടികള്‍ ചിലവിച്ച് മനോഹരമാക്കിയ ട്രാവന്‍കൂര്‍ പാലസ് വീണ്ടും ഭാര്‍ഗവീനിലയത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാകാതിരിക്കട്ടെ. കേരളത്തിന്‍റെ സാംസ്കാരിക മുഖങ്ങളായ കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള ചലചിത്ര അക്കാദമി തുടങ്ങിയവയുടെ സഹകരണത്തോടെ ഈ സാംസ്കാരിക നിലയം ഒരു വലിയ പ്രസ്ഥാനമായി വളര്‍ത്തിയെടുക്കണമെന്ന് ഡല്‍ഹി മലയാളികള്‍ രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിഗണിക്കപ്പെട്ടിട്ടില്ല എന്നാണ് മനസിലാകുന്നത്.