കേജരിവാളിൻ്റെ അറസ്റ്റും പ്രതിപക്ഷ സഖ്യത്തിൻ്റെ ഉണർവ്വും

കേജരിവാളിൻ്റെ അറസ്റ്റും പ്രതിപക്ഷ സഖ്യത്തിൻ്റെ ഉണർവ്വും

സുധീർ നാഥ് 


ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തതോടുകൂടി ഇന്ത്യൻ രാഷ്ട്രീയം കാലാവസ്ഥ മാറി മറഞ്ഞത് ശരവേഗതയിലാണ്. പ്രതിപക്ഷ ഐക്യത്തിന് ശക്തമായ ഉണർവ്വ് ഉണ്ടായി. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ വ്യതിയാനം വളരെ വ്യക്തമായി കണ്ടു തുടങ്ങിയതിന്റെ ഒന്നാമത്തെ ലക്ഷണമാണ് ഡൽഹിയിലെ ജെ എൻ യു വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ സഖ്യത്തിന് ഉജ്ജ്വല വിജയം ലഭിച്ചത്. 

വിനാശകാലേ  വിപരീത ബുദ്ധി എന്ന് പറയുന്നതുപോലെയാണ് ബിജെപി സർക്കാർ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേജരിവാളിൻ്റെ അറസ്റ്റ് ആം ആദ്മി പാർട്ടി വലിയ വിഷയമാക്കി പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. പക്ഷെ ഇതിൽ  കൂടുതൽ നേട്ടമുണ്ടാക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. വിമർശിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള വിവിധ അന്വേഷണ ഏജൻസികളെ കൊണ്ട് കുടുക്കുന്ന നടപടി പരക്കെ വിമർശനമാകുന്നുണ്ട്. ബി.ജെ.പി. പാളയത്തിൽ തന്നെ അതിനെ വിമർശിച്ചു തുടങ്ങി എന്നതാണ് യാഥാർത്ഥ്യം.

എതിരാളികളെ കുടുക്കി ജയിലിൽ അടയ്ക്കുന്ന നയമാണ് നരേന്ദ്രമോഡി സർക്കാർ കൈക്കൊള്ളുന്നത് എന്നുള്ള ഒരു സന്ദേശം സമൂഹത്തിൽ വ്യാപകമാണ്. ഇത് സമൂഹത്തിൽ ജനങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ സംശയമാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിവിപുലമായ സന്നഹത്തോടുകൂടി മോദിയുടെ ഈ ഒരു നിലപാട് സമൂഹത്തിൽ ചർച്ചയ്ക്കാൻ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ഇത് കോൺഗ്രസിന്റെ പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾക്ക് കാരണമാകും എന്നുള്ള കാര്യത്തിൽ സംശയമില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 

പാർട്ടിയും കോൺഗ്രസും കൈകോർത്താണ് ഡൽഹിയിൽ ഇത്തവണ പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നുള്ളതും ഈ തരത്തിൽ എടുത്തു പറയേണ്ട കാര്യമാണ്. ഡൽഹിയിൽ ബിജെപിയുടെ പ്രതിനിധികളാണ് എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ജയിച്ചത് എന്നുള്ളതും നാം കാണണം. ഡൽഹിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഏറെ രാഷ്ട്രീയ നേട്ടം ചെയ്തിട്ടുണ്ട്.

സമീപകാലത്ത് നരേന്ദ്രമോദി രാഷ്ട്രീയ പ്രചരണം നടത്തുന്നതിൽ സ്വയം ഉയർത്തി കാട്ടുന്നത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. മോദി കി ഗ്യാരണ്ടി എന്ന പേരിൽ മോദി തന്നെ പ്രചരണം നടത്തുന്നതും പരസ്യം ചെയ്യുന്നതും അടുത്തിടെ വ്യാപകമാണ്. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിലും പൊതു ഇടങ്ങളിലും മോദിയുടെ ചിത്രം വച്ചുകൊണ്ടുള്ള സെൽഫി പോയിന്റുകൾ സമൂഹത്തിലെ ജനങ്ങളിൽ വ്യാപകമായ എതിർ സ്വരങ്ങൾക്ക് കാരണമായിട്ടുണ്ട്. ബി.ജെ.പി. എന്ന പാർട്ടി തന്നെ നിഷ്പ്രഭയാകുന്നു എന്ന തോന്നൽ വന്നു തുടങ്ങിയിട്ടുണ്ട്. അത് പാർട്ടിക്കുള്ളിൽ സംസാരമായി മാറിയിരിക്കുന്ന കാര്യം മുതിർന്ന നേതാക്കൾ തന്നെ സ്വകാര്യമായി സമ്മതിക്കുന്നു. 

അനുകൂല നിലപാടുകൾ ഉണ്ടാകും എന്നുള്ള കണക്ക് കൂട്ടലിലാണ് ഇത്തരം പ്രചരണ വേലകൾ നടത്തിയിട്ടുള്ളത് എന്നുള്ളത് വ്യക്തതം. എന്നാൽ അത് തിരിച്ചടികൾക്ക് കാരണമായി മാറിയിരിക്കുന്നു. ജർമ്മനിയും ഹിറ്റ്ലറും ഇന്ത്യയിൽ സംസാരവിഷയമായി മാറിയിരിക്കുന്നു. മുൻകാലങ്ങളിൽ ഭരിച്ച ആരും തന്നെ ഇത്തരം സ്വയം ഉയർത്തി കാട്ടിയുള്ള വ്യാപകമായ പ്രചരണങ്ങൾ നടത്തിയിട്ടില്ല. 

എന്താണ് മദ്യഅഴിമതി എന്നുള്ളത് പരിശോധിക്കുമ്പോൾ ആണ് ഇതിലെ കൗതുകം നാം തിരിച്ചറിയുക. ഡല്‍ഹി സര്‍ക്കാര്‍ പുതിയ മദ്യനയവുമായി എത്തി നടപ്പാക്കുന്നത് 2021 നവംബറിലാണ്. പുതുക്കിയ മദ്യനയം അനുസരിച്ച്  മദ്യവില്‍പനയില്‍ നിന്നും  സര്‍ക്കാര്‍ പിൻമാറി പകരം സ്വകാര്യ കമ്പനികള്‍ക്ക് മദ്യവിതരണത്തിന് നല്‍കുന്നു. ഡല്‍ഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകള്‍ വീതം 864 ഔട്ട്‌ലെറ്റുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചാണ് അനുമതി നല്‍കിയത്. 

മദ്യ വിപണിയിൽ മത്സരം ശക്തമായി വന്നപ്പോൾ കമ്പനികൾ ഇളവുകൾ നൽകി. ടാക്സ് ഇനത്തിൽ സർക്കാരും ഇളവുകൾ നൽകിയതോടെ മദ്യത്തിന് വില കുറയുകയും കച്ചവടം കൂടുകയും ഉണ്ടായി. ഒരു കുപ്പിക്ക് ഒരു കുപ്പി മദ്യം സൗജന്യം എന്ന നിലയിൽ ഡൽഹി മദ്യ വിൽപ്പന വർദ്ധിച്ചു. അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങയ സംസ്ഥാനങ്ങളിലെ ജനങ്ങൾ മദ്യം വാങ്ങുവാൻ ഡൽഹിയിലെത്തുവാൻ തുടങ്ങിയതോടെ അതാത് സംസ്ഥാന മദ്യ വിൽപ്പന കുറഞ്ഞു. മദ്യവിൽപ്പനയിലൂടെ കിട്ടുന്ന ടാക്സ് വരുമാനമാണ് ഓരോ സ്ംസ്ഥാനങ്ങളുടേയും പ്രധാന വിഹിതം. ഡൽഹിക്ക് ചുറ്റുമുള്ള സ്ഥസ്ഥാനങ്ങളുടെ വരുമാനും ഗണ്യമായി കുറഞ്ഞു..മദ്യ നയം നടപ്പാക്കിയ രീതിയില്‍ അഴിമതി നടന്നതായി ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റും എംപിയുമായ മനോജ് തിവാരി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. 

പുതിയ എക്സൈസ് നയത്തില്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ലൈസന്‍സികള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് റിപ്പോര്‍ട്ട് നല്‍കുന്നു. ലൈസന്‍സ് ഫീയില്‍ നല്‍കിയ 144.36 കോടി രൂപയുടെ ഇളവ് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന കാരണമാണ് പിന്നീട് വലിയ വിഷയമാക്കി കേന്ദ്ര സർക്കാർ വന്നത്. ഡൽഹി ലെഫ്റ്റനന്റ് ഗവര്‍ണർ പറയുന്നത് ഡൽഹി സർക്കാർ  അനുമതിയില്ലാതെയാണ് പുതിയ നയം നടപ്പാക്കിയതെന്നാണ്.  2022 ജൂലായ് 22 ന് ചട്ടലംഘനങ്ങള്‍ക്കും നടപടിക്രമങ്ങളിലെ പിഴവുകള്‍ക്കുമെതിരെ സിബിഐ അന്വേഷണത്തിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കുന്നതോടെ വിഷയം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയാണുണ്ടായത്.

ഡൽഹി മദ്യനയം വിവാദമായതോടെ ഡൽഹി സർക്കാർ  2022 ജൂലായ് 30 ന് പുതിയ മദ്യനയത്തില്‍ നിന്നും പിന്‍വാങ്ങി. പുതിയ മദ്യനയത്തിന് അംഗീകാരം കിട്ടുന്നത്  വരെ, പഴയ നയം പുനഃസ്ഥാപിക്കാന്‍ എക്സൈസ് വകുപ്പിന്റെ തീരുമാനം വരുന്നു. എക്സയ്സ് വകുപ്പിൻ്റെ ചുമതല വഹിക്കുന്നത്  ഡല്‍ഹി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയ ആയിരുന്നു.

2022 സെപ്റ്റംബര്‍ 27 ന് എഎപി കമ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജായ മലയാളി വിജയ് നായരെ ഇഡി അറസ്റ്റ് ചെയ്തു. മദ്യ അഴിമതി കേസിലെ ആദ്യ അറസ്റ്റായിരുന്നു അത്. 2022 സെപ്റ്റംബര്‍ 28ന് മദ്യവ്യാപാരി സമീര്‍ മഹേന്ദ്രു അറസ്റ്റിലായി. ഒക്ടോബര്‍ 10 ന് ഇടനിലക്കാരന്‍ അഭിഷേക് ബോയിന്‍പള്ളിയെ സിബിഐ അറസ്റ്റ് ചെയ്തു. തുടർന്ന് അറസ്റ്റുകളുടെ നിരയായി. 2024 മാര്‍ച്ച് 16 ന് തെലങ്കാന മുൻ മുഖ്യമന്ത്രിയുടെ മകൾ കെ കവിതയെ ഇ ഡി അറസ്റ്റ് ചെയ്യുന്നു. മാർച്ച് 21 ന് കേജരിവാളിനെ അറസ്റ്റ് ചെയ്യുന്നു.

ഈ ഡി അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ച ഡൽഹി മുഖ്യമന്ത്രി അവിടെ കിടന്ന് കൊണ്ട് ഡൽഹി സംസ്ഥാന ഭരണം നടത്തി. കുടിവെള്ള പ്രശ്നത്തിലായിരുന്നു മുഖ്യമന്ത്രി ഇടപെട്ടത്. ഇത് സമൂഹം വലിയ ഗൗരവത്തിലാണ് കണ്ടത്. താൻ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ല എന്ന് കേജരിവാൾ പറഞ്ഞതും വലിയ വാർത്തയായി. വാർത്തകൾ ചർച്ചയായി, ചർച്ചകൾ സംസാരമായി. ബിജെപിക്ക് തിരഞ്ഞെടുപ്പിൽ അനുകൂലമാകും എന്ന പ്രതീക്ഷകൾക്ക് വിപരീതമാണ് സംഭവിക്കുന്നത് എന്ന് ചുരുക്കം. പ്രതീഷേധ മാർച്ചുകൾ നാൾക്കുനാൾ ശക്തി പ്രാപിക്കുന്നത് പഴയ കർഷക സമരത്തെ ഓർമ്മിപ്പിക്കാതില്ല.