ഇലക്ഷൻ കാലം: കാർട്ടൂൺ കാലം

ഇലക്ഷൻ കാലം: കാർട്ടൂൺ കാലം

 വിജയ് ചൗക്ക്

സുധീർ നാഥ്


ഇത് കാർട്ടൂണുകളുടെയും കാർട്ടൂണിസ്റ്റുകളുടെയും കാലമാണ്. തിരഞ്ഞെടുപ്പ് വന്നാൽ ഒട്ടുമിക്ക അച്ചടി മാധ്യമങ്ങളിലും കാർട്ടൂണുകൾ അച്ചടിച്ച് വരിക സ്വാഭാവികം. കാർട്ടൂൺ പത്രമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നത് ഒരു സത്യമാണ്. എന്നാൽ തിരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥിതി മാറി മറയുന്നു. ഇപ്പോൾ പുറത്തിറങ്ങുന്ന പത്രങ്ങൾ എടുത്തു നോക്കിയാൽ ഒരുപക്ഷെ ഒരു ദിവസം ഒന്നിലേറെ കാർട്ടൂണുകൾ തന്നെ നമുക്ക് കാണുവാൻ സാധിക്കും.

വിമർശന കലയായ കാർട്ടൂണിന് തിരഞ്ഞെടുപ്പുകാലത്ത് കിട്ടുന്ന അംഗീകാരം തിരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി അവസാനിക്കുന്നു എന്നുതന്നെ വേണം മനസിലാക്കാൻ. സാമൂഹ്യ മാധ്യമങ്ങൾ ശക്തമായ ഈ കാലഘട്ടത്തിൽ അവിടെയാണ് ഏറ്റവും കൂടുതൽ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കാർട്ടൂണുകൾ അത്ഭുതപ്പെടുത്തുന്ന വിമർശനങ്ങൾ ഉള്ളവ തന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ എഡിറ്റർമാർ ഇല്ലാത്തത് പല കാർട്ടൂണുകളുടെയും പരിധി വിടുന്നുണ്ട് എന്നുള്ള കാര്യം അംഗീകരിക്കുക തന്നെ വേണം. വ്യക്തിഹത്യ ചെയ്യുന്ന എത്രയോ കാർട്ടൂണുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വരുണ്ട്. അത് നിയന്ത്രിക്കേണ്ടത് അത് വരച്ചിടുന്ന കാർട്ടൂണിസ്റ്റ് തന്നെയാണ്. സ്വയം ഒരു എഡിറ്ററായി മാറിയില്ലെങ്കിൽ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ മോശമായ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്ന ഒരു സാഹചര്യം ഉണ്ടാവുകയും അത് നമ്മുടെ സാംസ്കാരിക രംഗത്തെ മലിനമാക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പ് കാലത്ത് പ്രസിദ്ധീകരിക്കുന്ന പല കാർട്ടൂണുകളും ചരിത്രത്തിന്റെ ഭാഗമായി മാറുന്നതു നമുക്ക് കാണാം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതു മുതൽ പിന്നീട് ഉള്ള എല്ലാ തെരഞ്ഞെടുപ്പുകളിലെയും എത്രയോ കാർട്ടൂണുകൾ ചരിത്രത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. കാർട്ടൂണുകൾ അതാത് കാലഘട്ടത്തിന്റെ എഫ്ഐആർ ആണെന്നത് നമുക്ക് വിലയിരുത്തുകയും ചെയ്യാം. ഒരു സംഭവം ഉണ്ടാകുമ്പോൾ ആദ്യ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കാർട്ടൂണുകൾ വരയ്ക്കപ്പെടുന്നത്. ഫസ്റ്റ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് എന്ന് അന്വേഷണ ഏജൻസിയായ പോലീസ് പറയുന്നത് ഇവിടെയും പ്രസക്തമാണ്. അതുകൊണ്ടാണ് കാർട്ടൂണുകൾ ചരിത്രത്തിന്റെ എഫ് ഐ ആർ ആണെന്ന് വിശേഷിപ്പിക്കുന്നത്. കാർട്ടൂണിസ്റ്റ് ശങ്കർ മുതൽ ഇങ്ങോട്ട് നൂറുകണക്കിന് കാർട്ടൂണിസ്റ്റുകൾ വരച്ചിട്ടുള്ള എത്രയോ കാർട്ടൂണുകൾ ഇത്തരത്തിൽ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

ഇലക്ഷൻ കാലത്ത് പുറത്തിറക്കുന്ന കാർട്ടൂണുകൾ കാലത്തിന് അതിജീവിക്കുന്നതായും നമുക്ക് കാണുവാൻ സാധിക്കും. രാഷ്ട്രീയ രംഗത്തെ ദീർഘ ദർശനമാണ് പല കാർട്ടൂണിസ്റ്റുകളെയും കാലത്തിനതീതമായ കാർട്ടൂൺ രചിക്കുവാൻ അവരെ പ്രാപ്തരാക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന അബുവിന്റെ ബാത്ത് ടബ് കാർട്ടൂൺ ഇപ്പോഴും പ്രസക്തമാണ്. നെഹ്റുവും ഇന്ദിരയും രാജീവ് ഗാന്ധിയും, വാജ്പയും , നരസിംഹാറാവുവും മൻമോഹൻസിങ്ങും കഥാപാത്രങ്ങളായ കാർട്ടൂണുകൾ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മനസ്സിൽ ഓടി എത്തുന്നത് സ്വഭാവികം.

വോട്ടർമാരെ രാജാവാകുന്ന കാലമാണ് തെരഞ്ഞെടുപ്പ് സമയം. തെരഞ്ഞെടുപ്പ് കാലത്താണ് സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് മുന്നിൽ കൈകൾ കൂപ്പുന്നത് നമ്മൾ ഇപ്പോൾ കാണുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നേരെ തിരിച്ചാണ് സംഭവിക്കുക. വോട്ടർമാർ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മുന്നിൽ കൂപ്പുകൈകളുമായി നിൽക്കണം. ഇത്തരം രസകരമായ ഒട്ടേറെ മുഹൂർത്തങ്ങൾ സാമൂഹിക കാർട്ടൂണുകളിൽ കാണാം. ഇത്  തെരഞ്ഞെടുപ്പ് സമയത്ത് പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. രാഷ്ട്രീയ കാർട്ടൂണുകൾ മാത്രമല്ല തെരഞ്ഞെടുപ്പ് കാലത്ത് വരുന്നത്.  ഇത്തരം രസകരമായ കൊച്ചു കൊച്ചു തമാശകൾ തെരഞ്ഞെടുപ്പു കാലത്ത് പ്രസിദ്ധീകരിക്കുന്നത് വ്യാപകമായി ചർച്ച ചെയ്യപ്പെടാറുണ്ട്. 

പാർട്ടികളിൽ വിഭാഗീയത തെരഞ്ഞെടുപ്പ് കാലത്ത് കാർട്ടൂണുകളിൽ വിഷയമായി വരാറുണ്ട്. ഓരോ മുന്നണികളും എതിർഭാഗത്തെ വിഭാഗീയത വിഷയമാക്കിയുള്ള കാർട്ടൂണുകൾക്ക് കൂടുതൽ പ്രചാരം നൽകുന്നു. കേരള രാഷ്ട്രീയത്തിലോ ദേശീയ രാഷ്ട്രീയത്തിലോ വിഭാഗീയത ഇല്ലാത്ത ഒരു പാർട്ടി പോലും ഇല്ല എന്നുള്ളത് കാർട്ടൂണിസ്റ്റുകൾക്ക് ഏറെ വിഷയങ്ങൾ സമ്മാനിക്കുന്നതാണ്. കേരളത്തിലെ രാഷ്ട്രീയ ചരിത്രങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ കാലങ്ങളായി എല്ലാ പാര്‍ട്ടികളിലും വിഭാഗീയത ഉണ്ടായിരുന്നു എന്ന് കാണാം. കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ശക്തമായ വിഭാഗീയ പ്രവര്‍ത്തനം നടന്നിരുന്നു. 

കോണ്‍ഗ്രസിലെ വിഭാഗീയതയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് ഉണ്ടായി. സിപിഎം, സിപിഐ ഉണ്ടായതും വിഭാഗീയതയുടെ ഭാഗമായി തന്നെ എന്ന് വിലയിരുത്താം. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായ വിഭാഗീയതയുടെ ഭാഗമായി ആന്റണി ഗ്രൂപ്പും, ഇന്ദിര ഗ്രൂപ്പും ഉണ്ടായി. എ, ഐ ഗ്രൂപ്പുകള്‍ എന്ന് പരസ്യമായി ജനങ്ങള്‍ പറയുവാന്‍ തുടങ്ങി. അത് പരസ്യമായി മാധ്യമങ്ങള്‍ വഴി സമൂഹമറിഞ്ഞതുമാണ്. സിപിഎമ്മിലും വിഭാഗീയത പരസ്യമായി. വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും എന്ന് സമൂഹം അറിഞ്ഞു. ഭരണപക്ഷത്ത് ഉണ്ടായിരുന്ന പാർട്ടിയുടെ അഴിമതി കാർട്ടൂണുകൾ തെരഞ്ഞെടുപ്പ് സമയത്ത് വലിയ പ്രചാരം ലഭിക്കുന്ന ഒന്നാണ്.  ഇത്തരം കാർട്ടൂണുകൾക്ക് കൂടുതൽ പ്രചാരം കൊടുക്കുന്നത് പ്രതിപക്ഷ പാർട്ടികൾ തന്നെയായിരിക്കും. 

കുടുംബ വഴക്കുകളെ കുറിച്ച് നാം എത്രയോ കേട്ടിട്ടുണ്ട്. ഒരു വീട്ടില്‍ നടക്കുന്ന വഴക്ക് എത്ര വലുതായാലും ചിലപ്പോള്‍ പുറമേ നിന്നുള്ളവര്‍ അതില്‍ ഇടപെട്ടാല്‍ അവര്‍ ഒറ്റപ്പെടുന്നതായി കാണാം. കുടുംബത്തിലുള്ളവരെല്ലാവരും ഒന്നിക്കുന്ന സന്ദര്‍ഭങ്ങളും പല കുടുംബങ്ങളിലും കാണാവുന്നതാണ്. അങ്ങനെ പല സംഭവങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. കുടുംബ വഴക്കില്‍ ഇടനിലക്കാരനായി ചെന്ന് പ്രതിയായി മാറുന്ന അവസ്ഥ ഉണ്ടായതായി കേട്ടിട്ടുമുണ്ട്. സമാനമായ അനുഭവം തന്നെയാണ് മുന്നണികളുടെ വിഭാഗിയത. ഇലക്ഷൻ തയ്യാറെടുപ്പുകൾ തുടങ്ങിയാൽ മിക്ക പാർട്ടികളും വിഭാഗിയത മാറ്റി വെച്ച് ഒന്നാകാറും ഉണ്ട്. അത് കാർട്ടൂണിലും വിഷയമാകുന്നു.

തെരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍ അധികാരത്തിലേക്കുള്ള വഴി തുറന്നിരിക്കുന്നു എന്നാണ് കാലങ്ങളായി നമ്മുടെ രാജ്യത്ത് നടന്നുവരുന്ന അലിഖിത നിയമം. അധികാരത്തിനായി നിലപാടുകള്‍ മാറ്റാനും, ആശയങ്ങള്‍ ബലി കഴിക്കാനും നമ്മുടെ രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ പലപ്പോഴും വ്യഗ്രത കാട്ടുന്നത് നാം കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണി മാറി അവരുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് പോലും മാറ്റം വരുത്തി നീങ്ങുന്ന എത്രയോ രാഷ്ട്രീയ പാര്‍ട്ടികളാണ് നമുക്ക് ചുറ്റിനും ഉള്ളത്. പാര്‍ട്ടി മാറി അധികാര കേന്ദ്രങ്ങളിലേയ്ക്ക് അടുക്കുവാന്‍ നോക്കുന്ന നേതാക്കളും ഉണ്ട്. കാർട്ടൂണിസ്റ്റുകൾ കസേരകളി വിഷയമാക്കി എപ്പോഴും കാർട്ടൂൺ വരയ്ക്കുന്നത് അതുകൊണ്ടാണ്.

എല്ലാ തെരഞ്ഞെടുപ്പിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു മുദ്രാവാക്യം ജനങ്ങള്‍ക്കിടയിലേക്ക് നല്‍കുക പതിവാണ്. തങ്ങള്‍ക്ക് പറയാനുള്ളത് വളരെ ലളിതമായി സമൂഹത്തിനിടയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ് മുദ്രാവാക്യങ്ങള്‍ വഴി ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ലക്ഷ്യം വെക്കുന്നത്. പല അവസരങ്ങളിലും ഇത്തരം മുദ്രാവാക്യങ്ങള്‍ ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ ചില മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ പിന്നീട് തിരിച്ചടിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്. എല്ലാം മുദ്രാവാക്യങ്ങൾക്കും ബദലായി പാരഡി മുദ്രാവാക്യം കാർട്ടൂണിലൂടെ പ്രചരിപ്പിക്കുന്ന പതിവ് അടുത്തിടെ കാണാം. പാരഡി കാർട്ടൂണുകൾ എന്ന വിഭാഗം തന്നെ തിരഞ്ഞെടുപ്പ് കാലത്ത് വളരെ പ്രചാരവും ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കാർട്ടൂണുകളായി മാറിയിട്ടുണ്ട്. 

ഇലക്ഷൻ കാലത്തെ കാർട്ടൂണുകൾ വളരെ ജനകീയമാണ്. വിമർശനമാണെങ്കിലും അത് ആസ്വദിക്കുവാനുള്ള കഴിവ് മലയാളിക്ക് ഉണ്ട് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് തെരഞ്ഞെടുപ്പ് കാലത്തെ കാർട്ടൂൺ ആസ്വാദനം. കേരളത്തിലെ കാർട്ടൂണിസ്റ്റുകളുടെ സംഘടന കേരള കാർട്ടൂൺ അക്കാദമി കാലങ്ങളായി തെരഞ്ഞെടുപ്പ് കാലത്ത് ഇലക്ഷൻ ടൂൾസ് എന്ന പേരിൽ പ്രദർശനം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ കാർട്ടൂണുകളുടെ സമാഹാരമാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തുന്നത്. ഈ പ്രദർശനം ഇത്തവണ കേരളത്തിലെ 20 മണ്ഡലങ്ങളിലും നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ കാർട്ടൂണുകളുടെ സ്വീകാര്യതയാണ് കേരള കാർട്ടൂൺ അക്കാദമിയെ കൊണ്ട് അത്തരമൊരു തീരുമാനം എടുപ്പിച്ചത്. കേരളത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ഈ തെരഞ്ഞെടുപ്പ് കാലത്ത് കാർട്ടൂൺ മത്സരം തന്നെ നടത്തുവാൻ കാർട്ടൂൺ അക്കാദമി തീരുമാനിച്ചു കഴിഞ്ഞു.

തെരഞ്ഞെടുപ്പ് കാലം കാർട്ടൂണിസ്റ്റുകളുടെ ഏറ്റവും മികച്ച കാലമായി തന്നെ കണക്കാക്കപ്പെടുന്നു. തെരഞ്ഞെടുപ്പു കാലത്ത് പ്രസിദ്ധീകരിക്കുന്ന എല്ലാ കാർട്ടൂണുകൾക്കും വായനക്കാരുണ്ട് എന്നുള്ളത് ഈ കലയുടെ ഈ കാലത്ത് സ്വീകാര്യത വ്യക്തമാക്കുന്നതാണ്. ഇലക്ഷൻ കാലം എന്നു പറഞ്ഞാൽ കാർട്ടൂൺ കാലമാണ് എന്ന് നിസംശയം പറയാവുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.