വോട്ടര്‍മാരേ പാട്ടിലാക്കാന്‍ പെടാപാട് തുടങ്ങി
വിജയ് ചൗക്ക്
സുധീര്‍ നാഥ്
പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വോട്ടര്‍മാരെ പാട്ടിലാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പെടാപാട് തുടങ്ങിയിട്ട് ആഴ്ച്ചകളായി. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഒരു ഉത്സവ ആഘോഷം പോലെയാണ് രാജ്യത്താകമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ടാടുന്നത്. ഉത്സവ സമാനമായ ആഘോഷ പരിപാടികള്‍ ആണ് രാജ്യത്താകമാനം ഓരോ പാര്‍ട്ടിയും ഓരോ മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്നത്. ഇലക്ഷന്‍ കാലത്ത് ഇലക്ഷന്‍ ടൂറിസം എന്ന പേരില്‍ കച്ചവടവും കുറച്ച് കാലമായി കേരളത്തില്‍ ഉണ്ട്. ഒട്ടേറെ വിദേശികള്‍ ഇന്ത്യയിലെ ഇലക്ഷന്‍ പ്രചരണങ്ങള്‍ കാണുവാന്‍ എത്താറുണ്ട്. ഇത് മനസിലാക്കിയാണ് ഇലക്ഷന്‍ ടൂറിസത്തിന് തുടക്കമായതെന്ന് പറയുന്നു.
വോട്ടര്‍മാരുടെ മനസ്സിലേക്ക് തങ്ങളുടെ കഴിഞ്ഞകാല പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും തങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളും എത്തിക്കുക എന്നതാണ് മുന്‍പ് വിജയിച്ച പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തവണ ജയിച്ചവരുടെ വീഴ്ച്ചകളും തങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യം. ആശയങ്ങളുടെ പോരാട്ടമാണ് അവിടെ നടക്കുന്നത്. നല്ല വാഗ്മികളെ കൊണ്ട് കവല പ്രസംഗങ്ങള്‍ നടത്തിയും, പൊതുയോഗങ്ങള്‍ നടത്തിയും ഇത് പ്രായോഗികമാക്കുന്നു. വര്‍ത്തമാനകാലത്തെ ഹിറ്റ് ഗാനങ്ങളുടെ പാരഡിയില്‍ പറയേണ്ടതൊക്കെ താളത്തില്‍ പറയുന്ന രീതിയും വ്യാപകമാണ്. കാര്‍ട്ടൂണുകളും, ട്രോളുകളും മീമുകളും ഇപ്പോഴത്തെ ട്രന്‍റാണ്. റീലുകളുടെ കാലമായത് കൊണ്ട് വലിയ രീതിയിലുള്ള റീലുകളുടെ കുത്തൊഴുക്കും ഉണ്ടാകും.
വ്യത്യസ്തങ്ങളായ ചിഹ്നങ്ങള്‍ പതിച്ച വ്യത്യസ്ത നിറങ്ങളിലുള്ള വ്യത്യസ്ത പാര്‍ട്ടികളുടെ പോസ്റ്ററുകള്‍ കൊണ്ട് രാജ്യത്തെ ചുമരുകളില്‍ എല്ലാം നിറഞ്ഞിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ നടന്നും ചിരിച്ചും കൈവീശിയും ഉള്ള ചിത്രങ്ങള്‍ രാജ്യത്തെ പ്രധാന കവലകളിലെല്ലാം നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. സ്ഥാനാര്‍ത്ഥിത്ത്വം ഉറപ്പിച്ച നേതാക്കള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി, മികച്ച ഫോട്ടോഗ്രാഫര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി മികച്ച ഡിസൈനര്‍മാരെക്കൊണ്ട് മനോഹര പോസ്റ്റര്‍ നിര്‍മ്മിക്കുന്നു. ലക്ഷങ്ങളും കോടികളും ചിലവിച്ചാണ് ഇത്തരം പ്രചരണങ്ങള്‍ വിജയിപ്പിക്കാന്‍ സാധിക്കൂ. മേല്‍ക്കൂര മാറ്റിയ ജീപ്പിന് പുറത്ത് വലിയ മാലകളനിഞ്ഞ് ഒരു മാലക്കട തന്നെ സാവകാശം നീങ്ങിപ്പോകുന്ന കാഴ്ച നമ്മുടെ ഇന്ത്യയിലെ ജനങ്ങള്‍ വരും ദിവസങ്ങളില്‍ സ്ഥിരമായി കാണുവാന്‍ പോവുകയാണ്. എത്ര എത്ര ശക്തി പ്രകടനങ്ങളാണ് ജനങ്ങളിനി സാക്ഷികളാകാന്‍ പോകുന്നത്. ഡിജിറ്റല്‍ കാലമാണ് ഇപ്പോള്‍ എന്നത് ചിലര്‍ക്ക് കഷ്ടകാലമാണ്. മുന്‍പ് എപ്പോഴെങ്കിലും പറഞ്ഞത് ഭൂമറാങ്ങായി തിരിച്ച് വരും. പറഞ്ഞതിന്‍റെ വീഡിയോയാണ് പ്രചരിക്കുക എന്നതിനാല്‍ മറുപടി പ്രയാസമാകും.
ജനങ്ങളെ സ്വാധീനിച്ച് വോട്ടുകള്‍ നേടാന്‍ എല്ലാ മാധ്യമങ്ങളും ഓരോ രാഷ്ട്രീയപാര്‍ട്ടിയും ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയിലേക്ക് അതിശക്തമായ ആശയവിനിമയം നടത്തുന്നതിനായി അവര്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്ന കൂട്ടത്തില്‍ എല്ലാ പാര്‍ട്ടികളും എല്ലാവര്‍ഷവും ഓരോ മുദ്രാവാക്യങ്ങളും ഉണ്ടാക്കാറുണ്ട്. ഇത്തവണ രാജ്യം ഭരിക്കുന്ന ബിജെപി മുന്നണി ഉണ്ടാക്കിയിരിക്കുന്ന മുദ്രാവാക്യങ്ങളുടെ എണ്ണവും കൂടുതലാണ് എന്ന് കാണാം. പാറ്റ്നയില്‍ നടന്ന പ്രതിപക്ഷ മുന്നണി ഇന്ത്യയുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവ് ലാലു പ്രസാദ് യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിരൂക്ഷമായ രീതിയില്‍ കുടുംബം ഇല്ലാത്ത വ്യക്തി എന്ന ആക്ഷേപിച്ചു. മേ മോദി കാ പരിവാര്‍ ഹും എന്ന പ്രചാരണ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് അതിന് മറുപടി നല്‍കിയത്.
മേരാ ഭാരത് മേരാ പരിവാര്‍ എന്ന മുദ്രാവാക്യം വ്യാപകമായി ബി.ജെ.പി ഇപ്പോള്‍ ഉപയോഗിക്കുന്നു. ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന ടാഗ് ലൈന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ബിജെപിയുടെ തീം സോംഗാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏക് ബാര്‍ ബി മോദി സര്‍ക്കാര്‍ എന്ന ടാഗ് ലൈന്‍ ആയിരുന്നു. 2014ല്‍ ഇത്തവണ മോദി സര്‍ക്കാര്‍ എന്നതും, അച്ഛേ ദിന്‍ ആനെ വാലേ ഹേ (നല്ല ദിനങ്ങള്‍ വരുന്നു) എന്നതായിരുന്നു 2014 ലെ ബിജെപി മുദ്രാവാക്യം. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഇന്ത്യക്ക് സമൃദ്ധമായ ഭാവി ഉണ്ടാകുമെന്ന് അറിയിക്കുക എന്ന ഉദ്ദേശമാണ് ഉണ്ടായിരുന്നത്. ഇന്ത്യ ഷൈനിംഗ് എന്നായിരുന്നു 2004 ലെ ബിജെപിയുടെ മുദ്രാവാക്യം. ഇന്ത്യയിലെ മൊത്തത്തിലുള്ള സാമ്പത്തിക ശുഭാപ്തിവിശ്വാസത്തെ പരാമര്‍ശിക്കുന്ന ഒരു മാര്‍ക്കറ്റിംഗ് മുദ്രാവാക്യമായിരുന്നു അത്. പക്ഷെ 2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അടല്‍ ബിഹാരി വാജ്പേയ് നേത്യത്ത്വം കൊടുത്ത ബിജെപി മുന്നണി പരാജയപ്പെട്ടു. ഇന്ത്യ ഷൈനിങ്ങ് മുദ്രാവാക്യം ജനങ്ങള്‍ സ്വീകരിച്ചില്ല.
ഹാഥ് ബദലേഗാ ഹാലത്ത് എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഇത്തവണ കൊണ്ടുവരുന്നത്. കൈ കൊണ്ടുവരും നിലവിലെ സ്ഥിതിക്ക് മാറ്റം എന്നാണ് അതിന്‍റെ മലയാള പരിഭാഷ. സാധാരണക്കാര്‍ക്ക് എളുപ്പം മനസ്സിലാകുന്ന രീതിയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് കോണ്‍ഗ്രസിന് മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുക എന്ന സന്ദേശമാണ് കോണ്‍ഗ്രസ് ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുന്നത്. രാജ്യത്ത് വ്യാപകമായ അടിവേരുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മറ്റേത് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ പാരമ്പര്യമുണ്ട്. എന്നാല്‍ വര്‍ത്തമാന കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അംഗീകരിക്കാത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയം.
ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ വ്യാപകമായി പരസ്യപ്പെടുത്തുന്നത് പോലെ തൊണ്ണൂറുകളില്‍ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയും സമാനമായ പരസ്യങ്ങള്‍ കൊടുത്തത് ഓര്‍ക്കുകയാണ്. അന്ന് കോണ്‍ഗ്രസ് മുഖ്യമായും പരസ്യവാചകം ആയി ഉപയോഗിച്ചത് എന്‍റെ ഹൃദയം ഇന്ത്യക്ക് വേണ്ടി തുടിക്കുന്നു എന്നതാണ്. പക്ഷെ ജനങ്ങളുടെ ഹ്യദയം തുടിച്ചില്ല. ചൗക്കീദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം ഉപയോഗിച്ച് മോദിയെ നേരിട്ട കോണ്‍ഗ്രസിന് തിരിച്ചടിയും കിട്ടിയിട്ടുണ്ട് എന്നതും പരാമര്‍ശിക്കപ്പെടണം. 2014ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൂടുതല്‍ സംഘടിതവും ശക്തവുമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഗവണ്‍മെന്‍റിന്‍റെ ഭാരത് നിര്‍മ്മാന്‍ പരസ്യ പ്രചാരണം 2014-ന്‍റെ തുടക്കത്തിലാണ് ആരംഭിച്ചത്. കോണ്‍ഗ്രസ് അവതരിപ്പിച്ച മറ്റൊരു മുദ്രാവാക്യമായിരുന്നു മേ നഹി ഹം എന്നത്. ഞാനല്ല ഞങ്ങള്‍ എന്നതാണ് അതിന്‍റെ മലയാളം. പക്ഷെ ഭൂരിപക്ഷം ജനങ്ങളും കോണ്‍ഗ്രസിനെ ക്കൈവിട്ടത് നമ്മള്‍ കണ്ടു.
പഴയത് പോലെ രാഷ്ട്രീയ പ്രചരണ കാല്‍നട ജാഥകള്‍ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു കാലത്ത് മുഴങ്ങി കേട്ടിരുന്ന എണ്ണാമെങ്കില്‍ എണ്ണിക്കോ, പിന്നെ കള്ളം പറയരുത്, എന്ന മുദ്രാവാക്യവും ഇനി ഉണ്ടാകുമോ എന്ന് കണ്ടറിയണം. കാലം മാറിയിരിക്കുന്നു സാമൂഹ്യ മാധ്യമങ്ങള്‍ ശക്തമായിരിക്കുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയാണ് കൂടുതലായി നടക്കുന്നത്. നേതാക്കള്‍ തുറന്ന ജീപ്പില്‍ യാത്ര ചെയ്യുന്നത് തുടരുന്നുണ്ടെങ്കിലും അവര്‍ ജീപ്പില്‍ നിന്നിറങ്ങുവാന്‍ പോലും സമയം കണ്ടെത്താറില്ല. വാഹന പ്രചരണ ജാഥകള്‍ ആണ് ഇന്ന് ഓരോ മണ്ഡലങ്ങളിലും വ്യാപകമായി കണ്ടുവരുന്നത്. മോട്ടോര്‍ ബൈക്ക് റാലികളും കാര്‍ റാലികളും ആണ് പഴയ പദയാത്രകള്‍ക്ക് പകരം ഇപ്പോള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
സാങ്കേതിക രംഗം വലിയ രീതിയില്‍ വളരുകയും അതുവഴി അതിന്‍റെ നേട്ടങ്ങള്‍ അവിശ്വസനീയമായി മാറിയിരിക്കുന്നു. ഓരോ വോട്ടര്‍മാരെയും തിരക്കി സ്ഥാനാര്‍ത്ഥിയുടെ തന്നെ ശബ്ദത്തില്‍ ഫോണ്‍കോളുകള്‍ അഭ്യര്‍ത്ഥനയായി എത്തുവാന്‍ പോവുകയാണ്. സ്ഥാനാര്‍ത്ഥി നേരിട്ട് അയയ്ക്കുന്ന ഈമെയിലുകളും വാട്സ്ആപ്പ് മെസ്സേജുകളും വോട്ടര്‍മാരുടെ കൈകളിലേക്ക് എത്തുവാന്‍ പോകുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സജീവമായിരിക്കുന്ന ഈ കാലത്ത് വീഡിയോ കോളുകളായും ഒരുപക്ഷെ സ്ഥാനാര്‍ത്ഥികള്‍ നിങ്ങളുടെ മുന്നില്‍ എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ഏപ്രില്‍ 26ന് കേരളത്തില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ വളരെ മുന്‍പു തന്നെ കേരളത്തില്‍ ആരംഭിച്ചിരുന്നു. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടു കൂടി വോട്ടര്‍മാരുടെ അരികിലെത്തുവാനുള്ള സ്ഥാനാര്‍ത്ഥികളുടെ പാച്ചിലിന്‍റെ വേഗത കൂടും എന്നുള്ള കാര്യത്തില്‍ സംശയമില്ല. നൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കഴിയുന്നത്ര വോട്ടര്‍മാരുടെ അടുത്ത് എത്തുന്ന സ്ഥാനാര്‍ത്ഥികളെ നമുക്ക് കാണാം. വ്യത്യസ്ത ശൈലികളിലെ വോട്ട് പിടുത്തവും നമുക്ക് ഈ തവണ കാണാം. അങ്ങനെ വോട്ടര്‍മാരെ പാട്ടിലാക്കുവാന്‍ സ്ഥാനാര്‍ത്ഥികളുടെ പെടാപാടലുകള്‍ നമുക്ക് കാണാം.
