അവര്‍ നമ്മുടെ വാക്കുകള്‍ കേള്‍ക്കും. അവര്‍ക്ക് വോട്ടുകള്‍ വേണം.
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ഇലക്ഷന്‍ പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുന്നു എന്നുള്ള ഒരു അന്തരീക്ഷം വ്യാപകമായി ഇപ്പോഴുണ്ട്. മെയ് മാസം പുതിയ കേന്ദ്ര സര്‍ക്കാര്‍ രൂപം കൊള്ളണമെന്നുള്ള സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ട് മാര്‍ച്ച് ഏപ്രില്‍ മാസം രാജ്യത്ത് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടക്കും എന്ന കാര്യം തീര്‍ച്ചയാണ്. അതിന്‍റെ ഒരുക്കത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്ത്യയിലെ തൊരു ഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന ഭരണഘടന അംഗീകൃത സ്ഥാപനമാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യയിലെ നിയമസഭകളിലേക്കും പാര്‍ലമെന്‍റിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി വിപുലമായ അധികാരങ്ങളാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്. 1950 ജനുവരി 25-ന് ഇന്ത്യന്‍ ഭരണഘടനാ അനുഛേദം 324 അനുസരിച്ചാണ് ഇത് രൂപീകൃതമായത്.
1950ല്‍ സ്ഥാപിതമായ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1989 ഒക്ടോബര്‍ 16-ന് പൊതുതെരഞ്ഞെടുപ്പിന്‍റെ തലേന്ന് രണ്ട് അധിക കമ്മീഷണര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ആദ്യമായി നിയമിച്ചു. എന്നാല്‍ അവര്‍ക്ക് വളരെ ചെറിയ കാലാവധി മാത്രമേ ഉണ്ടായിരുന്നുള്ളൂ, 1990 ജനുവരി 1 ന് അവസാനിച്ചു. 1989 തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഭേദഗതി നിയമം, 1990 ജനുവരി 1-ന് അംഗീകരിച്ച് മൂന്ന് അംഗ ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നു. ചീഫ് ഇലക്ഷന്‍ കമ്മിഷ്ണറും, രണ്ട് ഇലക്ഷന്‍ കമ്മിഷ്ണറും. പിന്നീട് നടന്ന എല്ലാ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനങ്ങളും ഭൂരിപക്ഷ വോട്ടിലൂടെയാണ് എടുക്കുന്നത്.
ഇന്ത്യയുടെ രാഷ്ട്രപതിയാണ് ഇലക്ഷന്‍ കമ്മിഷന്‍മാരെ നിയമിക്കുന്നത്. പദവിയില്‍ തുടര്‍ച്ചയായി ആറ് വര്‍ഷമോ 65 വയസ്സോ ഇതിലേതാണോ ആദ്യം വരുന്നത് അതാണ് ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ കാലാവധി. ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്ക് സുപ്രീം കോടതി ജഡ്ജിമാരുടെ അതേ പദവിയും ശമ്പളവും ലഭിക്കുന്നു. ചീഫ് ഇലക്ഷന്‍ കമ്മീഷണറെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെങ്കില്‍ പാര്‍ലമെന്‍റില്‍ ഇമ്പീച്ച്മെന്‍റ് പാസ്സാക്കേണ്ടിവരും. ഇന്ത്യയുടെ സുപ്രിം കോടതിയിലെ ഒരു ജഡ്ജിയെ നീക്കം ചെയ്യുന്നതിന് തുല്ല്യമായാണ് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണറെ നീക്കം ചെയ്യുന്നതും. തെളിയിക്കപ്പെട്ട മോശം പെരുമാറ്റത്തിന്‍റെയോ കഴിവില്ലായ്മയുടെയോ അടിസ്ഥാനത്തില്‍ ലോക്സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പ്രമേയം പുറത്താക്കലിന് ആവശ്യമാണ്. മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ ശുപാര്‍ശ പ്രകാരം ഇന്ത്യന്‍ രാഷ്ട്രപതിക്ക് നീക്കം ചെയ്യാം. ഇന്ത്യയില്‍ ഇതുവരെ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്തിട്ടില്ല.
പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് രാജ്യത്തെ എല്ലാം മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ...? ഓരോ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പല പേരുകളും ഫോട്ടോ സഹിതം ഇപ്പോള്‍ വരുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥി ആവാനുള്ള വ്യഗ്രതയില്‍ പാര്‍ട്ടിയെ സമീപിക്കുന്ന പ്രമുഖരുടെ വെപ്രാളവും പലപ്പോഴും മറനീക്കി പുറത്ത് വരാറുണ്ട്. ചിലര്‍ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി ആകുന്നതിനുള്ള അവകാശം ഉന്നയിക്കുന്നു. തന്‍റെ വിജയ സാധ്യത പരസ്യമായി കാര്യ കാരണ സഹിതം അവതരിപ്പിക്കുന്നവരും ഉണ്ട്. ഇതിനായി പല തന്ത്രങ്ങളും ഓരോ വ്യക്തികളും അവരവരുടെ ഭാഗങ്ങളില്‍ നിന്ന് ചെയ്യുന്നുമുണ്ട്.
സമൂഹത്തിന്‍റെ മുന്നില്‍ വലിയ ഒരു വ്യക്തിയായി സ്വയം അവരോധിക്കുവാന്‍ ശ്രമം നടത്തുന്ന പലരും നമ്മുടെ മുന്നില്‍ തന്നെ ഇപ്പോള്‍ ദൃശ്യമാണല്ലോ. പ്രത്യേക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ നമുക്ക് വേര്‍തിരിച്ചു കാണുവാന്‍ തന്നെ സാധിക്കും. ഇലക്ഷന്‍ അടുക്കുമ്പോള്‍ താത്പര്യമുള്ള മണ്ഡലം സ്വയം കേന്ദ്രീകരിക്കുന്നവരും, പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം കേന്ദ്രീകരിക്കുന്നവരും ഉണ്ട്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ അവരുടെ വാര്‍ത്ത മണ്ഡലത്തിലെ പത്രങ്ങളിലും, അതുപോലെതന്നെ പ്രാദേശിക ചാനലുകളിലും വരണമെന്ന് കാര്‍ക്കശ്യം കാണിക്കുന്നത് കാണാം. വാര്‍ത്തകളില്‍ നിറയുക എന്നുള്ളത് സ്ഥാനാര്‍ത്ഥി മോഹികളുടെ ആഗ്രഹമെന്നത് സംശയമില്ലാത്ത കാര്യമാണ്. അതിനായി അവര്‍ ആരുടെയും സഹായം അഭ്യര്‍ത്ഥിക്കുവാന്‍ മടി കാണിക്കുകയും ഇല്ല. അത്തരത്തില്‍ പ്രാദേശിക പരിപാടികളില്‍ മുഴുകിയ പല വ്യക്തിത്വങ്ങളും പകല്‍പോലെ നമ്മുടെ മുന്നില്‍ നില്‍ക്കുകയാണല്ലോ. പത്തനംതിട്ട കേന്ദ്രീകരിച്ച് ഡോക്ടര്‍ തോമസ് എസൈക്ക് കിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിയ പരിപാടികള്‍ക്കിടയില്‍ പാര്‍ലമെന്‍റ് സ്ഥാനാര്‍ത്ഥിത്ത്വമാണ് ലക്ഷ്യമെന്ന സംസാരമുണ്ടായിരുന്നു. അത് ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണല്ലോ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിസ്റ്റ്.
സുരേഷ് ഗോപി തന്‍റെ മകളുടെ വിവാഹം ഗുരുവായൂരില്‍ നടത്തി ഗംഭീരമായ രാഷ്ട്രീയ ഉപകരണമാക്കി മാറ്റിയതാണെന്ന് തുഷാര്‍ വെള്ളാപ്പള്ളിക്ക് ബോധ്യപ്പെട്ടു. മകളുടെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും, വിവാഹ സല്‍ക്കാരം ഡല്‍ഹിയില്‍ വെച്ച് നടത്തി മറ്റൊരു പരീക്ഷണം നടത്തി നോക്കാന്‍ തുഷാറും തീരുമാനിച്ചു. എന്തിനെന്നോ...? പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങില്‍ പങ്കെടുപ്പിക്കണം. തന്‍റെ കേരളത്തിലെ രാഷ്ട്രീയ ദൗത്യം സഫലീകരിക്കുന്നതിന് വേണ്ടി മോദിയുടെ പിന്തുണ വേണം. കേരളത്തിലെ ഈഴവ വോട്ടുകള്‍ ബി.ജെ.പിക്ക് നഷ്ടപ്പെടാതിരിക്കാന്‍ മോദിക്ക് തുഷാറിന്‍റെ സല്‍ക്കാരത്തില്‍ പങ്കെടുക്കാതിരിക്കാനും കഴിയില്ല എന്നുള്ളത് മറ്റൊരു രാഷ്ട്രീയം. എന്തായാലും വിവാഹം അടുത്തകാലത്ത് ഒരു രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുന്നു. വിവാഹ സല്‍ക്കാരം അതിനുള്ള ഒരു വേദിയായി മാറിയിരിക്കുന്നു എന്ന് പറയാതിരിക്കുവാന്‍ സാധിക്കുകയില്ല.
എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയാകേണ്ടവര്‍, ആകാന്‍ താല്പര്യമുള്ളവര്‍ എന്നിവരെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്. മറ്റൊരു കൂട്ടര്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ മെനക്കെട്ട് ഇറങ്ങാറില്ലെങ്കിലും മത്സര രംഗത്ത് അവരുടെ പേരുകള്‍ പരിഗണിച്ചു എന്ന് പറയിക്കുവാന്‍ ശ്രമം നടത്തും. മത്സരിച്ചില്ലെങ്കിലും ഇലക്ഷന്‍ പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന അവസരത്തില്‍ പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ തങ്ങളുടെ പേരും വരണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയ കൂട്ടവും നമുക്ക് ചുറ്റുമുണ്ട് എന്നുള്ളത് ഒരു വാസ്തവമാണ്. അവരുടെ പേരുകള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട് എന്ന് മാധ്യമ വാര്‍ത്തകളിലൂടെ അവര്‍ പ്രചരിപ്പിക്കും. ഈയൊരു ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്നവരും ഉണ്ടെന്ന് ചുരുക്കം. പാര്‍ലമെന്‍റ് മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ അവരുടെ പേരുകള്‍ മാധ്യമങ്ങളിലൂടെ വരികയാണെങ്കില്‍ അതുവഴി പ്രശസ്തമാകുവാനും ആത്മസംതൃപ്തി അടയുവാനും ഇവര്‍ ശ്രമിക്കുന്നു.
ഓരോ മണ്ഡലങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ മതസമൂഹത്തിന്‍റെ ശക്തിക്ക് അനുസൃതമായ സ്ഥാനാര്‍ത്ഥികളെയാണ് നിശ്ചയിക്കുക എന്നുള്ളത് കാലങ്ങളായുള്ള കീഴ്വഴക്കം തന്നെയാണ്. മതേതര പാര്‍ട്ടിയാണെന്ന് സ്വയം പറയുമെങ്കിലും മണ്ഡലത്തിലെ മത വോട്ടുകളുടെ ഭൂരിപക്ഷത്തിനനുസരിച്ച് അതേ മതത്തിലുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന രീതി ഇന്നും നിലനിര്‍ത്തി പോരുന്നുണ്ട്. അത്തരത്തില്‍ മതേതര കാപട്യം നമ്മുടെ പല പാര്‍ട്ടികളും വ്യക്തമായി പ്രതിഫലിക്കുന്ന അവസരം കൂടിയാണ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. പ്രാദേശിക തലത്തിലെ മത നേതാക്കളുടെ പിന്തുണ ആര്‍ജ്ജിക്കുവാന്‍ എല്ലാ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളും നിരനിരയായി പോകുന്ന കാഴ്ച വരുന്ന നാളുകളില്‍ നമുക്ക് കാണുവാനും സാധിക്കും.
ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയാകും എന്ന ആഗ്രഹവുമായി മുന്‍കൂട്ടി ചുമരുകള്‍ എഴുതുന്നവരും നമുക്കിടയില്‍ ഉണ്ട്. തൃശ്ശൂരില്‍ ജയിച്ചാല്‍ ഒരു കേന്ദ്രമന്ത്രി, എന്നും ഇത് മോദിയുടെ ഗ്യാരണ്ടി എന്നുമുള്ള ബാനറും ചുമരെഴുത്തും ഉയര്‍ന്നത് നമ്മള്‍ കണ്ടുകഴിഞ്ഞു. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ ആകുവാന്‍ സാധ്യതയുള്ളവര്‍ പലതരത്തിലുള്ള തന്ത്രങ്ങളാണ് പുറത്തിറക്കുന്നത്. ഇപ്പോള്‍ അത് വ്യാപകമായി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു. നേതാക്കളെ നമുക്കിനി മണ്ഡലങ്ങളില്‍ കാണാം. തിരഞ്ഞെടുത്ത് വിട്ടവരെ നമുക്ക് മണ്ഡലങ്ങളില്‍ കാണാം. അവര്‍ നമ്മുടെ വാക്കുകള്‍ കേള്‍ക്കും. കാരണം അവര്‍ക്ക് വോട്ടുകള്‍ വേണം.
