മാധ്യമ പ്രവര്‍ത്തകന്‍ കുഞ്ചുവിന്‍റെ മരണം. നിയമ നടപടി തുടങ്ങി
സുധീര്‍ നാഥ്
![]() |
എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ എന്‍. കുഞ്ചു (94) അന്തരിച്ചത് ദുരൂഹ സാഹചര്യത്തിലാണെന്നും അദ്ദേഹത്തിന്‍റെ മരണശേഷം സ്വത്തുക്കള്‍ നഷ്ടപ്പെട്ടു എന്ന വിവരവും ഇപ്പോള്‍ വ്യാപക ചര്‍ച്ചയാണ്. അദ്ദേഹത്തിന്‍റെ ദുരൂഹ മരണത്തിലും സ്വത്തുക്കള്‍ നഷ്ടപ്പെട്ടതിലും ലഭിച്ച പരാതിയില്‍ നിയമനടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 94 വയസായിരുന്ന അദ്ദേഹം ഡല്‍ഹിയിലെ ഇംഗ്ലീഷ് പത്രങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടറായി ജോലി ചെയ്ത് വരികയായിരുന്നു. കുഞ്ചു തന്‍റെ തൊണ്ണൂറ്റി നാലാം വയസിലും കോളങ്ങള്‍ എഴുതുകയും എഡിറ്റോറിയല്‍ എഴുതുകയും ചെയ്ത് യുവ തലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു.
ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായിരുന്ന അദ്ദേഹത്തിന് കേരളത്തില്‍ ബന്ധുക്കള്‍ ഉണ്ടായിരുന്നെങ്കിലും അടുത്ത സൗഹ്യദം ഉണ്ടായിരുന്നില്ല. പക്ഷെ, കുഞ്ചുവിന് ഡല്‍ഹിയില്‍ വ്യാപക സൗഹ്യദം ഉണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും, വാട്ട്സപ്പിലും ഈ പ്രായത്തിലും അദ്ദേഹം സജ്ജീവമായിരുന്നു. 2023 മെയ് മാസം നാട്ടില്‍ 15 ദിവസത്തേയ്ക്ക് പോയ കുഞ്ചു പിന്നീട് നിശബ്ദമായതാണ് സൂഹ്യത്തുക്കള്‍ക്ക് സംശയം വര്‍ദ്ധിപ്പിച്ചത്. കുഞ്ചുവിന്‍റെ ഭാര്യ ജാനകി 2022ല്‍ മരണപ്പെട്ടതോടെ കുഞ്ചു വല്ലാത്ത ഏകാന്തതയിലായിരുന്നു. കേരളം ഒരിക്കല്‍ കൂടി കാണണം എന്ന ആഗ്രഹത്താല്‍ തന്‍റെ പ്രിയപ്പെട്ട സഹായി രാജുവുമായാണ് പോയത്.
ഡല്‍ഹിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കുഞ്ചു പതിനഞ്ച് ദിവസത്തേയ്ക്കെന്ന് പറഞ്ഞാണ് മെയ് മാസത്തില്‍ കേരളത്തിലേയ്ക്ക് പോയതെന്ന് അടുത്ത സുഹ്യത്തുക്കള്‍ വെളിപ്പെടുത്തി. കേരളത്തിലെ സുഹ്യത്തുക്കളേയും ബന്ധുക്കളേയും കാണുക എന്നതായിരുന്നു യാത്രാ പരിപാടിയെന്ന് ഡല്‍ഹിയിലെ സുഹ്യത്തുക്കളോട് പറഞ്ഞിരുന്നു. പിന്നീട് അവര്‍ക്ക് മാസങ്ങളോളം കുഞ്ചുവിന്‍റെ ഫോണ്‍ പോലും ലഭിച്ചില്ല. എല്ലാ ദിവസവും സുഹ്യത്തുക്കളെ ബന്ധപ്പെട്ടിരുന്ന കുഞ്ചു പതിവിന് വിപരീതമായി മൗനമായത് അന്നേ സംസാരമായിരുന്നു. കുഞ്ചുവിനെ ബന്ധപ്പെടാന്‍ പല സുഹ്യത്തുക്കളും ശ്രമിച്ചിട്ട് സാധിച്ചില്ല. ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ. ജെ. ഫിലിപ്പ് നേരിട്ട് ത്യശ്ശൂരില്‍ എത്തിയിട്ട് ഫോണില്‍ പോലും ലഭിച്ചില്ല. കുഞ്ചുവിന്‍റെ മരണ വാര്‍ത്തയാണ് ഡിസംബര്‍ മാസം അവര്‍ അറിയുന്നത്.
കേരള ശബ്ദം കഴിഞ്ഞ ലക്കം എന്‍ കുഞ്ചുവിന്‍റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ. ജെ. ഫിലിപ്പിന് ത്യശ്ശൂരിലെ ബന്ധുവെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ ഫോണ്‍ ചെയ്തിരുന്നു. കുഞ്ചുവിന്‍റെ അടുത്ത സുഹൃത്തായ എ ജെ ഫിലിപ്പ് ഉള്‍പടെ പലരും പലതവണ ഫോണ്‍ ചെയ്തിരുന്നു എന്നും കുഞ്ചു പ്രതികരിച്ചില്ല എന്നും കഴിഞ്ഞ ലക്കത്തില്‍ കേരള ശബ്ദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃശ്ശൂരിലെ ബന്ധുവിനോട് ഈ വിവരം തന്നെ ആവര്‍ത്തിച്ചപ്പോള്‍ മാമന്‍ പറഞ്ഞത് ആരുടെയും ഫോണ്‍ എടുക്കരുത് എന്നാണ്. ഇത് കൂടുതല്‍ ദുരൂഹത നിറഞ്ഞതാണ്. എപ്പോും സുഹ്യത്തുക്കളോട് (പ്രായ വ്യത്യാസമില്ലാതെ) ബന്ധം പുലര്‍ത്തിയിരുന്ന കുഞ്ചു ഒരിക്കലും ആരോടും മൗനമായിരിക്കില്ല എന്ന് സുഹ്യത്തുക്കള്‍ ഉറപ്പിച്ച് പറയുന്നു. ഫോണ്‍ റക്കോഡുകള്‍ പരിശോധിക്കുന്ന നടപടികള്‍ പരാതിയെ തുടര്‍ന്ന് തുടങ്ങി എന്നാണ് അറിയുന്നത്.
തൃശ്ശൂരില്‍ വന്നതും പോസ്റ്റോഫീസില്‍ നിന്നും പോലീസ് സ്റ്റേഷനില്‍ നിന്നും സ്വന്തം ഫോണിലും മറ്റ് ഫോണിലും വിളിച്ചപ്പോഴും എന്തുകൊണ്ടാണ് എടുത്തില്ല എന്ന ചോദ്യത്തിന് മാമന്‍ പറഞ്ഞത്രെ അയാള്‍ പോയി തുലയട്ടെ എന്ന്. ഇതായിരുന്നു ത്യശ്ശൂരിലെ ബന്ധുവെന്ന് അവകാശപ്പെട്ട് വിളിച്ച സ്ത്രീ എ ജെ ഫിലിപ്പിന് മറുപടി നല്‍കിയത്. വര്‍ഷങ്ങളായി താന്‍ അറിയുന്ന കുഞ്ചു സാര്‍ ഒരിക്കലും തന്നോടൊന്നല്ല ആരോടും അയാള്‍ പോയി തുലയട്ടെ എന്ന് ഒരിക്കലും പറയില്ല എന്ന് പറഞ്ഞതോടെ ടെലിഫോണ്‍ കട്ടാക്കി ഈ സ്ത്രീ പിന്മാറുകയായിരുന്നു. കുഞ്ചുവിന്‍റെ മരണത്തില്‍ തനിക്ക് വലിയ ദുഃഖം ഉണ്ടെന്നും, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആവര്‍ത്തിച്ചു പറയുകയാണ് എ ജെ ഫിലിപ്പ്.
അപൂര്‍വ്വമായി മാത്രമേ കുഞ്ചു കേരളത്തില്‍ പോയിട്ടുള്ളൂ. കുഞ്ചുവിനും ഭാര്യയ്ക്കും മക്കളില്ലായിരുന്നു. അവര്‍ ഒറ്റയ്ക്കായിരുന്നു ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ സ്വന്തം ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. അവര്‍ മക്കളെ പോലെ സംരക്ഷിച്ചിരുന്ന നൂറ് കണക്കിന് ബോണ്‍സായ് ചെടികള്‍ ഉണ്ടായിരുന്നു. കുഞ്ചുവിന്‍റെ ഏറ്റവും അടുത്ത സുഹ്യത്തുളായിരുന്നു പ്രശസ്ത ചിത്രകാരന്‍ ദാമോദരനും, മുത്തു കോയയും. ഇരുവരും അവരുടെ പ്രിയപ്പെട്ട ഛായാ ചിത്രങ്ങള്‍ കുഞ്ചുവിന് സമ്മാനിച്ചിരുന്നു. അത് വീട്ടിലെ സ്വീകരണമുറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്നതായിരുന്ന ഇരുവരും സമ്മാനിച്ചിരുന്ന ചിത്രങ്ങള്‍.
കുഞ്ചുവിന്‍റെ മരണം പോലെ അദ്ദേഹത്തിന്‍റെ നല്ല ഓര്‍മ്മകളെ പോലും ഇല്ലാതാക്കുന്ന നടപടികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ആത്മസുഹ്യത്തായ ആര്‍ട്ടിസ്റ്റ് മുത്തു കോയ പറഞ്ഞു. നാല്‍പത് വര്‍ഷത്തിലേറെ സൗഹ്യദമുണ്ട് കുഞ്ചുവുമായി. ഒട്ടേറെ അവസരങ്ങളില്‍ ഞങ്ങള്‍ കുഞ്ചുവിന്‍റെ വീട്ടില്‍ ഒത്തുകൂടാറുണ്ട്. നാട്ടിലേയ്ക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ അങ്ങിനെ ഒത്തുകൂടിയിരുന്നു. കുഞ്ചുവിന്‍റെ മരണവിവരം ഒരു പൊതു സുഹ്യത്ത് വഴി അറിഞ്ഞത് ഞെട്ടലായി.
നല്ല ഒരു വായനക്കാരന്‍ ആയിരുന്ന കുഞ്ചുവിന്‍റെ ശേഖരത്തില്‍ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹം പുതിയ പുസ്തകങ്ങള്‍ ആരോഗ്യമുള്ളപ്പോള്‍ നേരിട്ട് പോയി വാങ്ങുമായിരുന്നു. ശാരീരിക ബുദ്ധിമുട്ട് ഉണ്ടായ അവസരം മുതല്‍ അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം പുസ്തകങ്ങള്‍ തന്നെ വിളിച്ചു പറഞ്ഞ് വാങ്ങിപ്പിക്കാറാണ് പതിവ്. വിലമതിക്കാനാവാത്ത ഒട്ടേറെ പുസ്തകങ്ങള്‍ താന്‍ കുഞ്ചു പറഞ്ഞിട്ട് വാങ്ങി കൊടുത്തിട്ടുണ്ടെന്നും അതെല്ലാം നഷ്ടമായതില്‍ ദുഃഖം ഉണ്ടെന്നും മുത്തുകോയ പറഞ്ഞു. കൊച്ചിയുടെ പശ്ചാത്തലത്തിലെ ഒരു പെയിന്‍റിങ്ങും, ഒരു ലാന്‍ഡ് സ്കേപ്പ് പെയിന്‍റിങ്ങും തന്‍റെ പ്രിയപ്പെട്ട ചിത്രങ്ങള്‍ ആയിരുന്നു. പ്രിയ സുഹൃത്ത് കുഞ്ചുവിന് സന്തോഷത്തോടുകൂടി സമ്മാനിച്ച ചിത്രങ്ങള്‍ അപ്രത്യക്ഷമായതില്‍ ഞെട്ടല്‍ ഉണ്ടെന്ന് മുത്തുക്കോയ പറഞ്ഞു. കുഞ്ചുവിന്‍റെ ആത്മാവിന് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ ഒരു അന്വേഷണം ആവശ്യമുണ്ട്.
കുഞ്ചുവിന്‍റെ മയൂര്‍ വിഹാറിലെ വീട് വാങ്ങണമെന്ന അഭ്യര്‍ത്ഥനയുമായി ഒരു സ്ത്രീ തൃശ്ശൂരില്‍ നിന്ന് വിളിച്ചിരുന്നുവെന്നും മുത്തുകോയ വെളിപ്പെടുത്തി. അവരുടെ സംസാരത്തില്‍ അസ്വാഭാവികത തോന്നിയതുകൊണ്ട് വീട്ടുകാരുമായി ആലോചിച്ച് താന്‍ ഉദ്യമത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നുവെന്നും മുത്തുകോയ പറഞ്ഞു. കുഞ്ചുവിന്‍റെ കൂടെ വര്‍ഷങ്ങളായി സഹായി ആയിരുന്ന രാജു ഒട്ടേറെ വിവരങ്ങള്‍ പറഞ്ഞു. വര്‍ഷങ്ങളായി കുഞ്ചുവിന്‍റെ നിഴലായ രാജു പറയുന്നതില്‍ സത്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന് മുത്തുക്കോയ പറഞ്ഞു.
ലക്ഷങ്ങള്‍ വിലമതിക്കുന്ന അപൂര്‍വ്വ പുസ്തകങ്ങളുടെ വലിയ ശേഖരം കുഞ്ചുവിന് ഉണ്ടായിരുന്നു. ഇതില്‍ കുഞ്ചുവിന്‍റെ സ്വന്തം രചനകളുടെ പുസ്തകങ്ങളും ഉണ്ടായിരുന്നു. പാറപ്പുറത്തിന്‍റെ നിണമണിഞ്ഞ കാല്‍പാടുകള്‍, നന്തനാരുടെ ആത്മാവിന്‍റെ നോവുകള്‍, കോവിലന്‍റെ ഏ മൈനസ് ബി, ഏകലവ്യന്‍റെ എന്ത് നേടി എന്നീ പട്ടാള നോവലുകള്‍ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തത് കുഞ്ചുവാണ്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ മാന്ത്രിക പൂച്ച ഇംഗ്ലീഷില്‍ മാജിക് ക്യാറ്റ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. ഇപ്പോള്‍ കുഞ്ചുവിന്‍റെ വീട് മറ്റാരോ ക്കൈയ്യേറിയിരിക്കുന്നു. വീട്ടിലുണ്ടായിരുന്ന ബോണ്‍സായ് ചെടികളും, ചിത്രങ്ങളും, പുസ്തകങ്ങളും കാണുന്നില്ല. അതൊക്കെ തൂക്കി വിറ്റു എന്നാണ് പറയപ്പെടുന്നത്. കുഞ്ചുവും, ഭാര്യയും മരണപ്പെട്ടതോടെ അവരുടെ പ്രിയപ്പെട്ടതൊക്കെ നഷ്ടപ്പെട്ടത് പൊതുസമൂഹത്തിന് ഞെട്ടലുണ്ടാക്കി എന്നതില്‍ സംശയമില്ല.
പ്രിയ സുഹ്യത്ത് കുഞ്ചുവിന്‍റെ മരണത്തെ തുടര്‍ന്ന് ഞെട്ടിക്കുന്ന സത്യങ്ങളാണ് കേരള ക്ലമ്പിലെ അനുസ്മരണ ചടങ്ങില്‍ കേട്ടതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാത്യഭൂമിയുടെ ഡല്‍ഹി മേധാവിയുമായ എന്‍ അശോകന്‍ പറഞ്ഞു. ദുരൂഹത നീങ്ങുന്നതിന് അന്വേഷണം വേണം. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. കുഞ്ചുവിനെ പോലുള്ള നല്ല മനുഷ്യര്‍ നിസഹായ അവസ്ഥയില്‍ ചൂഷണം ചെയ്യപ്പെടുന്നത് സഹിക്കാന്‍ കഴിയുന്നത് അനുവധിക്കാന്‍ കിയില്ല. അതിന് അദ്ദേഹത്തിന്‍റെ എല്ലാ സുഹ്യത്തുക്കളും കുഞ്ചുവിന് നീതി ലഭിക്കാന്‍ ഒന്നായി ശ്രമിക്കണമെന്ന് എന്‍ അശോകന്‍ പറഞ്ഞു.
2022 ഒക്ടോബര്‍ 19ന് ഡല്‍ഹിയിലെ രജിസ്റ്റാറിന് മുന്നില്‍ വീഡിയോ ഓഡിയോ റക്കോഡിങ്ങോടെ തന്‍റെ വീട് ഡല്‍ഹിയിലെ പ്രശസ്തമായ എന്‍.ജി.ഒ. ആയ ദീപാലയയ്ക്ക് സൗജന്യമായി നല്‍കുന്നതായി രജിസ്റ്റര്‍ ചെയ്തിരുന്നു. കുഞ്ചു മരിക്കും മുന്‍പ് തന്നെ ഈ വീട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കുഞ്ചു കേരളത്തിലായിരുന്ന സമയത്താണ് ഇങ്ങനെ നടന്നത്. കുഞ്ചുവിന്‍റെ മരണത്തിന് മുന്‍പ് തന്നെ ഈ വീട്ടില്‍ മറ്റാരോ താമസവും തുടങ്ങി. കുഞ്ചുവിന്‍റെ മരണശേഷം മാത്രമാണ് ഡല്‍ഹിയിലെ മാധ്യമ സുഹ്യത്തുക്കള്‍ ഈ വിവരം അറിയുന്നത്. കുഞ്ചുവിന്‍റെ ആസ്രഹപ്രകാരം തയ്യാറാക്കിയ വില്ലിന്‍റെ പകര്‍പ്പുമായി ദീപാലയയുടെ ഭാരവാഹികള്‍ ചെന്നപ്പോഴാണ് വീട് ക്കൈയ്യേറിയതായി അറിഞ്ഞത്. വീട്ടിലെ പെയിന്‍റിങ്ങുകളും, പുസ്തകങ്ങളും, ബോണ്‍സെയ് ചെടികളും നഷ്ടപ്പെട്ട വിവരവും അപ്പോാണ് അറിഞ്ഞത്. നിയമനടപടികളുമായി ദീപാലയയും സുഹ്യത്തുക്കളും മുന്നോട്ട് പോയത് ചിലരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്.


