പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2024 ഫെബ്രുവരി 15 


ഡൽഹിയെ വിറപ്പിച്ച് കേരളം

രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച കേരളത്തിൻ്റെ ശക്തി പ്രകടനം  കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെയുള്ള സമരം ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം കൊടുത്ത കേരളത്തിലെ എല്ലാ മന്ത്രിമാരും ഇടതുപക്ഷ എംഎൽഎമാരും പങ്കെടുത്ത റാലി കേരള ഹൗസിൽ നിന്ന് ജൻന്ദർ മന്ദിറിലെ സമരവേദിയിലേക്ക് നീങ്ങിയപ്പോൾ പ്രകമ്പനം കൊണ്ടത് കേന്ദ്രം ഭരിക്കുന്ന ബി. ജെ.പി. ദേശീയ നേതൃത്വമായിരുന്നു. കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം നൽകാത്തതായിരുന്നു സമരത്തിന് കാരണം. ഈ സമരത്തിൽ നിന്ന് കേരളത്തിലെ പ്രതിപക്ഷം ഒഴിഞ്ഞു നിന്നത് തീർത്തും നിരാശാജനകമായിരുന്നു. യുഡിഎഫ് ഘടകകക്ഷികളായ പലർക്കും കോൺഗ്രസിന്റെ നിലപാടിനോട് യോജിപ്പുണ്ടായിരുന്നില്ല എന്ന് വ്യക്തം. അവർ അവരുടെ പ്രതിഷേധം പല രീതിയിൽ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തുഅവർ അവരുടെ പ്രതിഷേധം പല രീതിയിൽ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിൻ്റെ സമരത്തെ പിന്തുണച്ചുകൊണ്ട് ദേശീയ നേതാക്കൾ കൂടി എത്തിയതോടെ ചിത്രം മാറുകയായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവദ് മാനും നേരിട്ട് സമരപ്പന്തലിൽ എത്തിയപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ വീഡിയോ സന്ദേശത്തിലൂടെ സമരമുഖതെത്തി. തമിഴ്നാട് സർക്കാർ പ്രതിനിധികളായ മന്ത്രിമാരെ സമരമുഖത്ത് നേരിട്ട് എത്തിക്കുക വഴി തമിഴ്നാടും വരും നാളിൽ സമരവുമായി എത്തും എന്ന സൂചന നൽകി.  സമരത്തിന് പിന്തുണയുമായി ഫാറൂഖ് അബ്ദുള്ള, കപിൽ സിപൽ അടക്കം ഒട്ടേറെ ദേശീയ നേതാക്കൾ എത്തിയത് ശ്രദ്ധേയമായി. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങൾക്ക് നേരെ ചിറ്റമ്മ നയം തുടരുന്നത് ഫെഡറലിസത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ലോകം കേട്ടു. അത് കേൾപ്പിക്കുക എന്നതായിരുന്നു കേരളത്തിൻ്റെ ലക്ഷ്യം. അത് വൻ വിജയമാകുകയും ചെയ്തു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഫെബ്രുവരി 8 ന് കേരളം  പ്രകടനം നടത്തി. അതിന് തൊട്ട് മുൻപ് ഇതേ വിഷയം ചൂണ്ടി കാട്ടി കർണ്ണാടക ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കർണാടക ഭരിക്കുന്നത് കോൺഗ്രസ് സർക്കാർ ആണ് എന്നുള്ളത് കേരളത്തിലെ കോൺഗ്രസിന് ഒരു തിരിച്ചടി ആവുകയും ചെയ്തു. കർണ്ണാടക സമരത്തേക്കാൾ ശക്തമായിരുന്നു കേരളത്തിൻ്റെ സമരം. പ്രതിഷേധ സമരത്തിന് മുന്നിൽ കേന്ദ്രസർക്കാർ ഒന്ന് കാലിടറി എന്ന് തന്നെ വേണം പറയുവാൻ. 

വിവാഹ സല്‍ക്കാരത്തിന്‍റെ രാഷ്ട്രീയകാലം

സുരേഷ്ഗോപി തന്‍റെ മകളുടെ ഗുരുവായൂരില്‍ നടത്തിയ കല്യാണം വളരെ ഗംഭീരമായ രാഷ്ട്രീയ ഉപകരണമാക്കി മാറ്റിയതാണെന്ന് തുഷാര്‍ വെള്ളാപ്പള്ളിക്ക് ബോധ്യപ്പെട്ടു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കൊച്ചുമകളും യോഗം വൈസ് പ്രസിഡന്‍റും ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെയും ആശാ തുഷാറിന്‍റെയും മകളുമായ ദേവികയും ഡോ. അനൂപും തമ്മിലുള്ള  വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന തന്‍റെ മകളുടെ വിവാഹ സല്‍ക്കാരം ഡല്‍ഹിയില്‍ വെച്ച് നടത്തി മറ്റൊരു പരീക്ഷണം നടത്തി നോക്കാന്‍ തുഷാറും തീരുമാനിച്ചു. എന്തിനെന്നോ...? പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങില്‍ പങ്കെടുപ്പിക്കണം. തന്‍റെ കേരളത്തിലെ രാഷ്ട്രീയ ദൗത്യം സഫലീകരിക്കുന്നതിന് വേണ്ടി മോദിയുടെ പിന്തുണ വേണം. അത് ഉണ്ടാക്കണം. എന്തായാലും സുരേഷ് ഗോപിയെ പോലെ തന്നെ നരേന്ദ്രമോദിയെ വിവാഹ സല്‍ക്കാരത്തിന് കൊണ്ടുവരുവാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് സാധിച്ചു. കേരളത്തിലെ ഈഴവ വോട്ടുകള്‍ ബി.ജെ.പിക്ക് നഷ്ടപ്പെടാതിരിക്കാന്‍ മോദിക്ക് തുഷാറിന്‍റെ സല്‍ക്കാരത്തില്‍ പങ്കെടുക്കാതിരിക്കാനും കഴിയില്ല എന്നുള്ളത് മറ്റൊരു രാഷ്ട്രീയം. എന്തായാലും വിവാഹം അടുത്തകാലത്ത് ഒരു രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുന്നു. വിവാഹ സല്‍ക്കാരം അതിനുള്ള ഒരു വേദിയായി മാറിയിരിക്കുന്നു എന്ന് പറയാതിരിക്കുവാന്‍ സാധിക്കുകയില്ല. മകളുടെ വിവാഹത്തിന് നരേന്ദ്രമോദി മാത്രമല്ല അമിത്ഷാ അടക്കമുള്ള ഒട്ടേറെ ബിജെപി നേതാക്കള്‍ പങ്കെടുത്തു. ഗോവാ ഗവര്‍ണറും ബംഗാള്‍ ഗവര്‍ണറും അടക്കം പാര്‍ലമെന്‍റ് അംഗങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത സല്‍ക്കാരം ഗംഭീരമായി തന്നെ നടന്നു. ഇതിന്‍റെ രാഷ്ട്രീയ ഫലം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുമ്പോള്‍ നമുക്ക് കാണാവുന്നതാണ്.

കാവികൊടി പാറിക്കുന്ന രാഷ്ട്രീയം

അയോധ്യയില്‍ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ട നാള്‍ മുതല്‍ രാജ്യവ്യാപകമായി റോഡുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും കാവിക്കൊടി പറത്തുന്ന ഒരു പുതിയ രാഷ്ട്രീയ തന്ത്രം തുടങ്ങിയിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ തെരുവുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും കാവി കൊടികള്‍ കാണാം. രാജ്യം ഹിന്ദു രാഷ്ട്രമായി മാറുന്നു എന്ന സൂചന സമൂഹത്തിന് നല്‍കുവാനാണ് ഇങ്ങനെ ഒരു തന്ത്രം നടപ്പിലാക്കിആത്. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ രാജ്യതലസ്ഥാനത്ത് കൊടികള്‍ പാറിക്കുവാന്‍ വേണ്ടി മാത്രം ചിലവഴിച്ചിരിക്കുന്നത് എന്ന് കാണുവാന്‍ സാധിക്കും. ഡല്‍ഹിയില്‍ ഓടുന്ന സൈക്കിള്‍ റിക്ഷകള്‍ക്കും. മറ്റ് വാഹനങ്ങളില്‍ ഒരു ദിവസം കാവിക്കൊടി പാറിച്ചാല്‍ പ്രതിഫലം കിട്ടും എന്നാണ് അറിയുവാന്‍ സാധിച്ചത്. ശതകോടികളാണ് ഇതിനായി ചെലവഴിക്കുന്നത് എന്നുള്ള കണക്കുകളാണ് പുറത്തുവരുന്നത്. കൊടികളുടെയും മറ്റും നിര്‍മ്മാണത്തിനായിട്ടുള്ള പണം എവിടെ നിന്നു വരുന്നു എന്ന് ഒരു അന്വേഷണ ഏജന്‍സിയും അന്വേഷിക്കുന്നില്ല എന്നുള്ളത് ഞെട്ടിക്കുന്ന മറ്റൊരു വസ്തുതയാണ്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ തറുങ്കലില്‍ അടയ്ക്കുന്ന അവസ്ഥ ഇന്ന് രാജ്യത്തുണ്ട്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത് എന്നുള്ളത് സംസാര വിഷയമാണ്.