ചിത്രകലയെ കീഴടക്കിയ മലയാളി ചിത്രകാരന്‍ എ രാമചന്ദ്രന്‍
വിജയ് ചൗക്ക്
സുധീര്‍ നാഥ്
പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ ( 89 ) അന്തരിച്ചപ്പോള്‍ ചിത്രകലയ്ക്ക് മാത്രമല്ല നഷ്ടം. അദ്ദേഹം ശ്രദ്ധേയനായ ശില്‍പ്പിയായിരുന്നു. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഒരു കാലത്ത് മലയാള ഭാഷാ പ്രവര്‍ത്തകനായിരുന്നു. തിരുവനന്തപുരം ആകാശവാണിയുടെ സംഗീത കലാകാരനായിരുന്നു. കോളേജ് പഠന കാലത്ത് കാര്‍ട്ടൂണുകളും വരച്ചിരുന്നു. കാര്‍ട്ടൂണിസ്റ്റ് സുകുമാറും രാമചന്ദ്രനും ഒരേ കാലത്ത് തിരുവനന്തപുരത്ത് നിന്നിറങ്ങിയിരുന്ന മലയാള പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചാണ് പോക്കറ്റ് മണി സംഘടിപ്പിച്ചത് എന്ന് പല അവസരങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. മലയാള മാസികകളില്‍ വേറിട്ട ചിത്രീകരണ രീതി കൊണ്ടു വന്ന വ്യക്തിയായിരുന്നു എ രാമചന്ദ്രന്‍.
ഡല്‍ഹിയില്‍ ലക്ഷമി നഗറിന് സമീപമുള്ള ആര്‍ട്ടിസ്റ്റ് കോളനിയില്‍ എ രാമചന്ദ്രന്‍ എന്ന ചിത്രകാരന്‍ കാലം കുറച്ചായി ചിത്രങ്ങള്‍ വരയ്ക്കാറില്ല. അദ്ദേഹം വര നിര്‍ത്തിയിട്ട് കാലങ്ങളായി. കണ്ണിന്‍റെ കാഴ്ച്ചശക്തി നഷ്ടപ്പെട്ടത് വേദനയോടെ ലേഖകനോട് പങ്കുവെച്ചിട്ടുണ്ട്. തന്‍റെ കണ്ണുകള്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടു. ഇനി വരയില്ല... എന്ന് വിതുമ്പലോടെ അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു. മൂന്ന് തവണ കോവിഡ് വന്നു. അതിന്‍റെ ശാരീരിക അവശതകള്‍ പിന്നാലെ ഉണ്ടായിരുന്നു. ശ്വാസതടസം, കിഡ്നി ശരിയായ വിധം പ്രവര്‍ത്തിക്കാത്തത്. തന്‍റെ വിലപ്പെട്ട പല ചിത്രങ്ങളും ശില്‍പ്പങ്ങളും പുസ്തകങ്ങളും കേരളത്തിന് സമര്‍പ്പിച്ചാണ് അദ്ദേഹം മടങ്ങിയിരിക്കുന്നത്.
തന്‍റെ ജീവിതം അവസാനിക്കാറായി. തന്‍റെ ചിത്രങ്ങളും ശില്‍പ്പങ്ങളും പുസ്തകങ്ങളും കേരളത്തിന് നല്‍കണം എന്ന ആഗ്രഹം എ. രാമചന്ദ്രന്‍ മുന്‍ സാംസ്കാരിക മന്ത്രി എം. എ ബേബിയോട് പറയുന്നതിന് സാക്ഷിയാവാന്‍ എനിക്ക് സാധിച്ചു. ശരവേഗതയിലാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം സര്‍ക്കാര്‍ ഏറ്റെടുത്തത്. കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, കേരള ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ എന്നിവര്‍ അതിന്‍റെ ഭാഗമായി തന്നെ നേരില്‍ കാണുവാനെത്തി. കേരളത്തിലേയ്ക്ക് ശില്‍പ്പങ്ങളും ചിത്രങ്ങളും കൊണ്ടുപോകുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ഒക്ടോബര്‍ മാസം ഒരു പ്രദര്‍ശനം നടത്തി. അന്ന് ഒത്തുകൂടിയ നൂറ് കണക്കിന് കലാകാരന്‍മാരോടൊപ്പം വീല്‍ ചെയറില്‍ എ രാമചന്ദ്രനും ഭാര്യ ചമേലിയും ചുറ്റി കറങ്ങി സന്തോഷം പങ്കിട്ടത് എങ്ങനെ മറക്കും. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം കേരളത്തില്‍ അദ്ദേഹത്തിന്‍റേതായ മ്യൂസിയം ഒരുങ്ങുന്നതിനിടെയായാണ് അദ്ദേഹത്തിന്‍റെ മരണം.
എട്ട് അടി ഉയരമുള്ള കാന്‍വാസില്‍ ഏതാനും വര്‍ഷം മുന്‍പ് വരെ അദ്ദേഹം ചിത്രങ്ങള്‍ വരയ്ക്കുമായിന്നു. അത് നേരില്‍ കണ്ടിട്ടുണ്ട്. ഒരു ചിത്രം പൂര്‍ത്തീകരിക്കാന്‍ മാസങ്ങള്‍ എടുക്കുന്നു. ഏപ്രന്‍ അണിഞ്ഞ് വിവിധ ബ്രഷുകളും, പെയിന്‍റുകളും നിരത്തി വെച്ച് ചിത്ര രചനയില്‍ മുഴുകിയിരിക്കുന്ന അദ്ദേഹത്തിന്‍റെ അര്‍പ്പണ ബോധം വ്യത്യസ്ഥമാണ്. കേരളത്തില്‍ ജനിച്ച് ലോക പ്രശസ്ത ചിത്രകാരായ അദ്ദേഹത്തിനെ കേരളം വേണ്ട അംഗീകാരം നല്‍കിയോ എന്നതില്‍ സംശയമുണ്ട്.
1935ല്‍ ആറ്റിങ്ങല്‍ എന്ന ഗ്രാമത്തില്‍ രാമചന്ദ്രന്‍ ജനിച്ചു. പിതാവ് പൂവളം അച്ച്യുതന്‍ നായരും, മാതാവ് ഭാര്‍ഗവി അമ്മയുമായിരുന്നു. അമ്മയോടൊപ്പമുള്ള ക്ഷേത്ര ദര്‍ശന സമയമാണ് രാമചന്ദ്രന്‍ ചിത്രകലയുടെ ആദ്യ പാഠം പഠിച്ചത്. ക്ഷേത്രത്തിലെ കൊത്തു പണികള്‍ കൗതുകത്തോടെയാണ് രാമചന്ദ്രന്‍ കണ്ടത്. വീടിന് ചുറ്റിലുമുള്ള കുളങ്ങളും, കാവുകളും, മരങ്ങളും, വാഴകളും, തെങ്ങുകളും രാമചന്ദ്രന്‍റെ മനസില്‍ ഒരായിരം ചിത്രങ്ങള്‍ തീര്‍ത്തു. കേരളത്തിന്‍റെ പച്ചപ്പ് തന്‍റെ ചിത്രങ്ങളില്‍ കടന്നു വരാറുള്ളത് അദ്ദേഹം സ്വയമായി ചൂണ്ടി കാട്ടിയിട്ടുണ്ട്.
വളരെ ധനിക ഭൂപ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, പിതാവിന്‍റെ ബിസിനസ് തകര്‍ന്നതിനാല്‍ ആറ്റിങ്ങലിലെ സ്വത്തുക്കള്‍ വില്‍ക്കുകയും കടങ്ങള്‍ വീട്ടി കുടുംബം തിരുവനന്തപുരത്തിന്‍റെ അതിര്‍ത്തി ഗ്രാമമായ കുളത്തൂരിലേയ്ക്ക് മാറി. 1957ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തിരുവനന്തപുരത്തെ അദ്ദേഹത്തിന്‍റെ ജീവിതം സംഗീതവും സാഹിത്യവും ന്യത്തവുമായിരുന്നു ആദ്യ കാലത്തെ രാമചന്ദ്രന്‍റെ സാംസ്കാരിക ലോകം. പത്ത് വര്‍ഷം കര്‍ണ്ണാടക സംഗീതം പഠിച്ച രാമചന്ദ്രന്‍ കോളേജ് പഠനകാലത്ത് തന്നെ നാല് വര്‍ഷത്തോളം തിരുവനന്തപുരം ആള്‍ ഇന്ത്യ റേഡിയോവില്‍ ആര്‍ട്ടിസ്റ്റായിരുന്നു. സംഗീത കച്ചേരികള്‍ അദ്ദേഹം നടത്താറുണ്ടായിരുന്നു. ഒരു കര്‍ണ്ണാടക സംഗീതജ്ഞന്‍ എന്ന നിലയിലാണ് ആദ്യം അംഗീകാരം നേടുന്നത്. മലയാളത്തിലെ പഴയ പാട്ടുകളും കവിതകളും തെറ്റില്ലാതെ അദ്ദേഹം പാടുന്നത് കേട്ടിട്ടുണ്ട്. ആയിരം പൂര്‍ണ്ണചന്ദ്രന്‍മാരെ കണ്ട തന്‍റെ ശബ്ദത്തിന് പഴയ മാധുര്യമില്ലെന്നും അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു.
ഔപചാരിക ചിത്രകലാ പഠനം നടത്താതെ തന്നെ ചിത്രരചനയിലെത്തിയ രാമചന്ദ്രന്‍ ഔപചാരികമായി ചിത്രകല പഠിക്കാന്‍ 1957ല്‍ ശാന്തിനികേതനില്‍ എത്തി. കേരള സര്‍വ്വകലാശാലയുടെ സ്ക്കോളര്‍ഷിപ്പിലായിരുന്നു അത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ രാംകിങ്കര്‍ ബെയ്ജ്, നന്ദലാല്‍ ബോസ്, ബിനോദ് ബിഹാരി മുഖര്‍ജി തുടങ്ങിയ പ്രശസ്തരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം. തന്നിലെ ചിത്രകാരനെ പുറത്തെടുത്തത് ശാന്തിനികേതനിലെ പഠനമാണെന്ന് രാമചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് താമരകുളത്തെ കേന്ദ്രീകരിച്ചാണ് രാമചന്ദ്രന്‍ ചിന്തിക്കുന്നതും വരയ്ക്കുന്നതും. രാജസ്ഥാനിലെ ഒബേശ്വറും, ബനേശ്വറും താമര കുളങ്ങാല്‍ സമ്യതമാണ്. അവിടുത്തെ താമര കുളങ്ങളാണ് അദ്ദേഹം വരയ്ക്കുന്നത്. അദ്ദേഹത്തിന് ഈ പ്രദേശത്തോട് വല്ലാത്ത ആത്മ ബന്ധം തന്നെ ഉണ്ടെന്ന് പറയണം.
സ്ക്കെച്ചുകള്‍ വരയ്ക്കുന്നത് പരസ്യമായിട്ടാണെങ്കിലും, കാന്‍വാസിലേയ്ക്ക് അത് വരയ്ക്കുന്നത് സ്റ്റുഡിയോയുടെ ഉള്ളിലാണ്. ചിത്രങ്ങള്‍ കാന്‍വാസിലേയ്ക്ക് വരയ്ക്കുമ്പോള്‍ ഭാര്യയേയും മക്കളേയും പോലും അകറ്റി നിര്‍ത്തും. താന്‍ ചിത്രം കാന്‍വാസില്‍ വരയ്ക്കുമ്പോള്‍ മനസ് ഏകാഗ്രമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് അേ?ഹം പറയാറ്. അദ്ദേഹം വരച്ചു തീര്‍ത്ത എത്ര എത്ര സീരീസുകളിലുള്ള ചിത്രങ്ങളുണ്ട്. യയാതിയും, ഗാന്ധാരിയും, ന്യൂക്ലിയര്‍ എഗണിയും അതില്‍ ചിലത് മാത്രം. ഓരോ സീരീസും തീര്‍ക്കാന്‍ വര്‍ഷങ്ങളാണ് എടുക്കുന്നത്. രാമചന്ദ്രന്‍റ ഓരോ സീരിസിലുള്ള ചിത്രങ്ങള്‍ക്കും ഓരോ കഥകളുണ്ട്. കാഴ്ച്ചക്കാരുടെ ഉള്ളിലേയ്ക്ക് കഥ പറയുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നു എന്നതാണ് രാമചന്ദ്രനെ വേറിട്ടു നിര്‍ത്തുന്നത്. ചിത്രങ്ങളില്‍ പലതിലും സ്വയം കഥാപാത്രമായി എത്തുന്നതും കാണാം.
ഒരു ചിത്രം വരയ്ക്കുമ്പോള്‍ അതിന്‍റെ പ്രധാന ഉറവിടം പ്രക്യതിയില്‍ നിന്ന് തന്നെ ആകണം എന്ന് പഠിച്ചത് ശാന്തിനികേതനില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചിത്രകലാ രംഗത്തെ നോവലിസ്റ്റാണ് താന്‍ എന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു. മഹാത്മാസാന്ധി അദ്ദേഹത്തിന്‍റെ ജീവിതത്തെ സ്വാധീനിച്ച വ്യക്തിയാണ്. രാമചന്ദ്രന്‍റെ വളരെ ചെറു പ്രായത്തില്‍ ഗാന്ധിജി മരണപ്പെടുന്നതും, അന്ന് കരഞ്ഞതും, പിറ്റേന്ന് ഗാന്ധി ചിത്രം വെട്ടി പൂജാമുറിയില്‍ ഒട്ടിച്ച് വെച്ചതും അദ്ദേഹം ഓര്‍ക്കുന്നു. വളരെ കുട്ടിയായപ്പോള്‍ മനസില്‍ പതിഞ്ഞ ഗാന്ധിയാണ് പില്‍കാലത്ത് ഗാന്ധി പരമ്പര ചെയ്യാന്‍ പ്രേരണ ഉണ്ടായത്.
ആദ്യകാലത്ത് കാര്‍ട്ടൂണുകള്‍ വരച്ച എ രാമചന്ദ്രന്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാറിനൊപ്പം ഗോപിനാഥന്‍ നായരുടെ മാസികയില്‍ വരച്ച കാര്‍ട്ടൂണിന് ലഭിക്കുന്‍ അന്‍പത് രൂപയ്ക്കായി കാത്ത് നിന്നത് ഓര്‍ത്ത് പറഞ്ഞത് മറക്കുവാന്‍ കിയില്ല. മലയാള സാഹിത്യ ലോകത്തെ പ്രമുഖരുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയ രാമചന്ദ്രന്‍ സാഹിത്യ ലോകത്തും അറിയപ്പെട്ടിരുന്നു. എന്‍ ക്യഷ്ണപിള്ള, ജി ശങ്കരകുറുപ്പ്, എസ് കെ പൊറ്റക്കാട്, തുടങ്ങി പലരും അദ്ദേഹത്തിന്‍റെ ബന്ധം വിപുലമായിരുന്നു. കെപിഎസി അടക്കമുള്ള ഇടത്പക്ഷ സാംസ്ക്കാരിക സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടത്പക്ഷ സഹസഞ്ചാരികളോടാണ് രാമചന്ദ്രന്‍ കൂടുതല്‍ അടുത്തിരുന്നത് എന്ന് കാണാം.
ആദ്യ കാലങ്ങളില്‍ ബാലസാഹിത്യ രംഗത്താണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. പ്രമുഖരായ എഴുത്തുകാരുടെ നാല്‍പതോളം പുസ്തകങ്ങള്‍ക്ക് സാഹിത്യ പ്രവര്‍ത്തക സഹകരണത്തിന് വേണ്ടി ചിത്രീകരണം നടത്തി. ബാല സാഹിത്യ മേഖലയിലും ചെറുതായി പരീക്ഷണവും നടത്തി. ഒരു മികച്ച ഇല്ല്യുസ്ട്രേറ്റര്‍ എന്ന പേര് നേടി കൊണ്ടാണ് ചിത്രരചനാ ലോകത്തേയ്ക്ക് അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചത്. പില്‍ക്കാലത്ത് ബാലസാഹിത്യ രചനയിലും, ചിത്രീകരണത്തിലും ഡല്‍ഹിയിലും പ്രവര്‍ത്തിച്ചു. ജപ്പാനിലെ ഏറ്റവും ശ്രദ്ധേയമായ ബാലസാഹിത്യ ക്യതി രാമചന്ദ്രന്‍റേതാണ്. വര പോലെ വാക്കുകളും വളരെ തന്‍മയത്തത്തോടെ അദ്ദേഹം കുട്ടികള്‍ക്കായി പ്രയോഗിച്ചു.
ജാമിയയിലെ അദ്ധ്യാപക ജോലിയായിരുന്നു ജീവിത മാര്‍ഗം. ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റുകള്‍ അവരുടെ ചിത്രങ്ങള്‍ ജീവിക്കാന്‍ വേണ്ടി വില്‍ക്കുന്നു. ഇപ്പോള്‍ താനും ഒരു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ചുമര്‍ ചിത്രങ്ങളെ കുറിച്ച് എ. രാമചന്ദ്രന്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിലെ ചുമര്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ വ്യത്യസ്ഥത പുലര്‍ത്തുന്നവയാണ്. കേരളത്തിന്‍റെ ചുമര്‍ചിത്രം ഗൗരവമായി പഠിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ് രാമചന്ദ്രന്‍ എഴുതിയ പെയിന്‍റിങ്ങ് അബോഡ് ഓഫ് ഗോഡ്സ് എന്ന പുസ്തകം. എ രാമചന്ദ്രന് 1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1993ല്‍ ഡല്‍ഹി സാഹിത്യ കലാപരിഷത്തിന്‍റെ പരിഷത്ത് സമ്മാനം, 2000ല്‍ വിശ്വഭാരതിയില്‍ നിന്നും ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്കാരം, 2004 കേരളസര്‍ക്കാറിന്‍റെ പ്രഥമ രാജാരവി വര്‍മ്മ പുരസ്കാരം തുടങ്ങി അനവധിപുരസ്കാരങ്ങള്‍ ലഭിച്ചു. 2005ല്‍ പത്മഭൂഷന്‍ നല്‍കി രാഷ്ട്രം ആദരിച്ചു. 2013ല്‍ കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വ്വകലാശാല രമാചന്ദ്രനെ ഡിലിറ്റ് നല്‍കി ആദരിച്ചു. 2018ല്‍ മധ്യപ്രദേശ് സര്‍ക്കാരിന്‍റെ ഭാരത്ഭവന്‍ കാളിദാസ് സമ്മാന്‍ നല്‍കി.
1978ലും 1980ലും ബുക്ക് ഇല്ലസ്റ്റ്രേഷന് ജപ്പാനില്‍നിന്നും നോമ സമ്മാനം കിട്ടിയിട്ടുണ്ട്. ബാലസാഹിത്യത്തെ കുറിച്ചുള്ള എത്രയോ അന്താരഷ്ട്ര ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ച് ശ്രദ്ധേയമായ അവതരണങ്ങള്‍ നടത്തിയിട്ടുണ്ട്. സാക്ഷരതാ പ്രവര്‍തനങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന യുനെസ്കോ സംഘത്തില്‍ അദ്ദേഹം ഒരു അംഗമായിരുന്നു. കൂടാതെ ഭാരതീയ തപാല്‍ വകുപ്പിനു വേണ്ടി അനേകം സ്റ്റാമ്പുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ മൌര്യാ ഷരാട്ടണ്‍, അശോകാ ഹോട്ടല്‍, ഗാന്ധിസ്മൃതി, എന്നിവടങ്ങളില്‍ എ രാമചന്ദ്രന്‍ ചുവര്‍ച്ചിത്രങ്ങള്‍ ചെയ്തു. തമിഴ്നാട്ടിലെ ശ്രീപെരമ്പുത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി അതിബൃഹത്തായ ഒരു കരിങ്കല്‍ ശില്‍പ്പാഖ്യാനം ചെയ്തത് 2003ല്‍ പൂര്‍ത്തിയാക്കി.
ചൈനക്കാരിയും ചിത്രകാരിയായ ടാന്‍ യുയാന്‍ ചമേനിയാണ് ഭാര്യ. പ്രശസ്ത ചൈനീസ് ചിന്തകന്‍ ടാന്‍ യുന്‍ ഷയാനിന്‍റെ മകളാണ്. ശാന്തിനികേതനിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ചമേലിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അവരുടെ പ്രണയം അവാന കാലം വരെ നിലനിന്നിരുന്നു. രണ്ട് മക്കള്‍. സുജാതയും, രാഹുലും.
