പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2024 ജനുവരി 30
ഡല്‍ഹിയില്‍ ഇത് ആഘോഷക്കാലം
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇപ്പോള്‍ ആഘോഷങ്ങളുടെ കാലമാണ്. രാജ്യത്താകമാനം വലിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ ആണ് ജനുവരി ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്നത്. ഡല്‍ഹിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേത്യത്ത്വത്തില്‍ നടക്കുന്ന കലാ പരിപാടികള്‍ ദിവസവും ഉണ്ട്. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്ക് കാണുവാനായി തുറക്കുവാന്‍ പോകുന്നു. എല്ലാ വര്‍ഷവും റിപ്പബ്ലിക്ക് ദിനത്തിന് ശേഷം ഇത് പതിവുള്ളതാണ്. റിപ്പബ്ലിക്ക് ദിനത്തിന്‍റെ ഭാഗമായി ഒട്ടേറെ കലാപരിപാടികള്‍ രാജ്യതലസ്ഥാനത്ത് അരങ്ങേറി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്‍റെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ അവിടെ പ്രദര്‍ശിപ്പിക്കുന്നു. ഇപ്പോള്‍ രാജ്യത്തിന്‍റെ കലാസാംസ്കാരിക പതിപ്പ് തന്നെ രാജ്യതലസ്ഥാനത്ത് കാണുവാന്‍ സാധിക്കും. ഗോത്ര വേഷം കെട്ടി ഗോത്ര സമൂഹത്തിന്‍റെ കലാപ്രകടനങ്ങള്‍ നടത്തുകയല്ല ഡല്‍ഹിയിലെ പല വേദികളിലും നടക്കുന്നത്. ഇവിടെ യഥാര്‍ത്ഥ ഗോത്രവര്‍ഗ്ഗക്കാരിലെ യഥാര്‍ത്ഥ കലാകാരന്‍മാരെ ക്ഷണിച്ചു വരുത്തി അവരുടെ കലാരൂപങ്ങള്‍ അതേപോലെ ഇവിടെ അവതരിപ്പിക്കുന്നു. കാഴ്ചക്കാര്‍ക്ക് ഇത് കൗതുകമുണ്ടാക്കുന്ന ഒന്നാണ്. രാജ്യത്തിന്‍റെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ വ്യത്യസ്തമായ രുചികള്‍ സമൂഹത്തിനു മനസ്സിലാക്കി കൊടുക്കുന്ന ഭക്ഷ്യമേളകളും ഈ സമയം രാജ്യതലസ്ഥാനത്ത് വ്യാപകമായുണ്ട്. തെരുവോര ഭക്ഷ്യ വിഭവങ്ങളുടെ മേളയും, കരകൗശല മേളയും ഡല്‍ഹിയില്‍ നടക്കുന്നു. രാജ്യ തലസ്ഥാനത്തെ സാംസ്കാരിക കേന്ദ്രമായ മണ്ഡി ഹൗസില്‍ ഈ കാലയളവില്‍ എത്രയെത്ര ആഘോഷ പരിപാടികള്‍ ആണ് നടക്കുന്നത്. നൃത്തവും സംഗീതവും ചിത്രകലയും സമനിക്കുന്ന ലളിതകലാ അക്കാഡമി, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി എന്നിവ ചേര്‍ന്ന കെട്ടിടസമുച്ചയം സജീവമാകുന്നത് ജനുവരി ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ്. സാഹിത്യ ചര്‍ച്ചകള്‍ മുതല്‍ എന്തെല്ലാം പരിപാടികള്‍ എല്ലാ ദിവസവും അവിടെ നടക്കുന്നു. വിവിധ ഭാഷകളില്‍ നാടകങ്ങളും, സിനിമകളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാനുണ്ട്.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
തമിഴ്നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടുതന്നെ, 128 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നതാണ് കേരള സര്‍ക്കാറിന്‍റെ ആവശ്യമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ന്യൂഡല്‍ഹി കേരള ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തമിഴ്നാടും കേരളവും അയല്‍പക്കമാണെന്നത് മന്ത്രി ഓര്‍മ്മിപ്പിച്ചു. തമിഴ്നാടിന് ആവശ്യമായ വെള്ളം ഉറപ്പാക്കി ഇരുസംസ്ഥാനങ്ങളും ആലോചിച്ച് നല്ല നിലയില്‍ ഈ വിഷയം പരിഹരിക്കണം എന്നാണ് കേരളം ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയും പുതിയ ഡാം ഉണ്ടാവണമെന്ന നിലപാടാണ് നിയമസഭയില്‍ പറഞ്ഞത്. പുതിയ ഡാമിന്‍റെ ഡിസൈനും പാരിസ്ഥിതിക ആഘാത പഠനവും പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് സമഗ്രമായ സുരക്ഷാ അവലോകനം നടത്തണമെന്ന ആവശ്യം നേരത്തെതന്നെ ഉന്നയിക്കപ്പെട്ടതാണ്. ലിബിയയില്‍ ഡാം തകര്‍ന്നതിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പഴക്കം ചെന്ന ഡാമുകളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 2022 ഏപ്രില്‍ എട്ടിന് സൂപ്പര്‍വൈസറി കമ്മിറ്റിയില്‍ രണ്ട് ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതിയില്‍ കേരളം ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ച് അഞ്ചംഗ സമിതി നിലവില്‍ വന്നു. ആ ഘട്ടത്തില്‍ സുരക്ഷയെ സംബന്ധിച്ച പുതിയ പഠനം നടത്താന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. എന്നാല്‍, പുതിയ പഠനം വേണമെന്ന 2022 മുതലുള്ള ആവശ്യത്തിലേക്ക് പൂര്‍ണമായി എത്തിച്ചേരാന്‍ സാധിച്ചില്ല. ഈ അവസരത്തിലാണ് ഈ വാര്‍ത്തയും ആശങ്കയും സുപ്രീംകോടതിയെ അറിയിച്ചത്. 2024 ജനുവരി ഒമ്പതിന് ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്ത് തമിഴ്നാട് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സുപ്രീം കോടതിയും സൂപ്പര്‍വൈസറി കമ്മിറ്റിയും നിര്‍ദേശിച്ച, ഡാമിന്‍റെ ബലപ്പെടുത്തല്‍ നടപടികള്‍ക്ക് കേരളം ഒരു തടസ്സവും ഉന്നയിച്ചിട്ടില്ല. പകരം, ഇതിന് ആവശ്യമായ മുന്‍കൈ തമിഴ്നാട് സ്വീകരിക്കണമെന്നും അതോടൊപ്പം പുതിയ ഡാം വേണമെന്ന ആവശ്യം തത്വത്തില്‍ അംഗീകരിച്ച്, പ്രസ്തുത ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കണമെന്നുമാണ് ജനസുരക്ഷയെ കണക്കിലെടുത്ത് കേരളം എപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
വ്യക്ഷ് ദി തീയറ്റര്‍
രാജ്യ തലസ്ഥാനത്തെ നാടകപ്രേമികളായ മലയാളികള്‍ ഒത്തുചേര്‍ന്ന് 2015 ഓഗസ്റ്റ് 16ന് തുടക്കം കുറിച്ച വ്യക്ഷ് ദി തിയറ്റര്‍ ഇന്ന് രാജ്യത്തിന്‍റ തന്നെ അഭിമാനമായ നാടകസംഘമായി മാറി കഴിഞ്ഞിരിക്കുന്നു. ഇന്ന് മലയാളികള്‍ മാത്രമല്ല, മറ്റ് ഭാഷക്കാരും വ്യക്ഷിന്‍റെ ഭാഗമാണ്. ഈ നാടക സംഘത്തില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ടെക്നോ രംഗത്തുള്ള പ്രമുഖരും വിദ്യാര്‍ത്ഥികളും അധ്യാപകരും എല്ലാം ഉണ്ട് എന്നുള്ളതാണ് ഒരു വിശേഷണം. നാടക ആചാര്യന്‍ ഓംചേരി എന്‍ എന്‍ പിള്ള തുടക്കം കുറിച്ച ഈ സംഘം നാടകരംഗത്ത് ഒട്ടേറെ പരീക്ഷണങ്ങള്‍ ഇതിനോടകം നടത്തി കഴിഞ്ഞിട്ടുണ്ട്. പത്ത് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള മൈക്രോ ഡ്രാമാ ഫെസ്റ്റിവെല്‍ വരെ നടത്തി. വൃക്ഷ് ഒരുക്കിയ മൈക്രോ ഡ്രാമ ഫെസ്റ്റിവല്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഇടം നേടുകയുണ്ടായി. പത്ത് മിനിറ്റില്‍ എന്ത് നടകം എന്ന് ചോദിച്ചവര്‍ക്ക് മറുപടിയായി 32 സെക്കന്‍റ് ദൈര്‍ഘ്യമുള്ള നാടകം അവതരിപ്പിച്ചാണ് മൈക്രോ ഡ്രാമാ ഫെസ്റ്റിവെല്‍ തുടങ്ങിയത്. കാമലിയോണ്‍ (ഓന്തിന്‍റെ ജീവശാസ്ത്ര നാമം) എന്നായിരുന്നു നാടകത്തിന്‍റെ പേര്. നിറം മാറുന്ന ഓന്ത് ജനങ്ങളെ കണ്ട് പകച്ച് നിന്നുകൊണ്ട് പറയുകയാണ്. മാറിക്കൊണ്ടേ ഇരിക്കുന്നവര്‍, നാണം കെട്ടവര്‍... തന്‍റെ അസ്ഥിത്ത്വമാകുന്ന നിറംമാറുന്ന തൊലി സ്റ്റേജില്‍ ഊരി വെച്ച് പുറത്തേയ്ക്ക് പോകുന്നതാണ് നാടകം. മലയാള നാടക രംഗത്ത് മാത്രമല്ല ഇംഗ്ലീഷിലും ഹിന്ദിയിലും നാടകങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അവര്‍ മികവ് പുലര്‍ത്തി. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം മുതല്‍ മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ലഘുനാടകങ്ങള്‍ വരെ സംഘം അവതരിപ്പിച്ചു. വൃക്ഷ് ദി തീയറ്ററിന്‍റെ എഴുതി അവതരിപ്പിച്ച പ്രാര്‍ത്ഥന എന്ന ഓംചേരിയുടെ ലഘുനാടകം ഏറെ പ്രശസ്തമാണ്. വൃക്ഷിന്‍റെ ആഭിമുഖ്യത്തില്‍ നാടകശാലയ്ക്ക് ഡല്‍ഹിയിലെ കേരള ക്ലബ്ബില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ആര്‍ക്കും നാടകം അവതരിപ്പിക്കാം എന്ന ലക്ഷ്യവുമായി ഈ സംഘം ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിന്‍റെ തുടക്കം എന്നുള്ള രീതിയില്‍ ജനുവരി മാസം 20ന് കേരള ക്ലബ്ബില്‍ സഫര്‍ എന്ന ഹിന്ദി നാടകം അവതരിപ്പിക്കുകയുണ്ടായി. ജീവിതമെന്ന യാത്രയില്‍ കണ്ടുമുട്ടുന്ന യാഥാര്‍ത്ഥ്യങ്ങളാണ് യഥാര്‍ത്ഥ ജീവിതമെന്ന യാഥാര്‍ത്ഥ്യം. ജീവിതം മടുത്തെങ്കിലും തന്‍റെ ജീവന് കാരണമായ താന്‍ ഇതേവരെ കാണാത്ത ആ പിതൃത്വം തേടിയുള്ള യാത്രയില്‍ കണ്ടു മുട്ടുന്ന സഹയാത്രിക. അവരും ഒരേ തൂവല്‍ പക്ഷികള്‍. മനുഷ്യന്‍റെ ഓരോ യാത്രയും മാറ്റത്തിന്‍റെ പുതിയ യാത്രയാണ് എന്ന തിരിച്ചറിവില്‍ നാടകം അവസാനിക്കുന്നു. അമ്പാടി എസ്സ് ലാലിന്‍റെ കഥയ്ക്ക് രചന നിര്‍വഹിച്ചിരിക്കുന്നത് ജോത്സന ജയറാമാണ്. സംവിധാനം നവാഗതനായ എസ്സ് ആദിത്യന്‍. അണിയറയില്‍ പ്രവീണ്‍ പിതാംബരം, വിഷ്ണു മാധവത്ത്, അനന്തു എസ്സ് നാരായണ്‍, രാജലക്ഷ്മി ഫ്രാന്‍സിസ്സ്, അനന്യ അനില്‍കുമാര്‍, റിയ റോയ്, ഷിജോ മാമന്‍, മാസ്റ്റര്‍ തമയ്, അനില്‍കുമാര്‍ മണി, പൂജാ പീതാംബരന്‍. ഡല്‍ഹിയിലെ കേരള ക്ലബ് ഒരു നാടക ഇടമായി വീണ്ടും മാറിയിരിക്കുന്നു എന്നുള്ളത് സന്തോഷ നിമിഷമാണ്.
ലെനിനും ശ്രീനിവാസനും...
1924 ജനുവരി 22 ന് ലെനിന്‍ അന്തരിച്ചു. ലെനിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഡല്‍ഹിയിലെ പൊതുപ്രവര്‍ത്തകനായ ശ്രീനിവാസനെ ആരും ഓര്‍ത്തു പോകും. ലെനിന്‍ അന്തരിച്ചിട്ട് ജനുവരി 22 ന് നൂറ് വര്‍ഷം തികയുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാക്സിസ്റ്റ് വലിയ പരിപാടികളാണ് ഒരുക്കിയത്. അവിടെല്ലാം ഇടത്പക്ഷ പ്രവര്‍ത്തകനായ ശ്രീനിവാസന്‍റെ സാനധ്യം വലിയ ചര്‍ച്ചയായത് സ്വാഭാവികം. കാരണം ശ്രീനിവാസന്‍റെ മുഖഛായ ലെനിന്‍റേത് പോലെ തന്നെ. ബുള്‍ഗാന്‍ താടിയും, മൊട്ടത്തലയും ഏറെ സാമ്യതയുണ്ട്. ശ്രീനിവാസന്‍ ഡല്‍ഹി മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്. ജനസംസ്കൃതിയുടെ കേന്ദ്ര നേതൃത്ത്വത്തിലുണ്ടായിരുന്നു. മലയാളം മിഷന്‍ ഡല്‍ഹി എന്‍സിആര്‍ കണ്‍വീനര്‍, പൊതു പ്രവര്‍ത്തകന്‍... മലയളികളുടെ കൂട്ടായ്മയില്‍ നടക്കുന്ന മിക്ക പരിപാടിയിലും ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയില്‍ മെയില്‍ ന്സോയി ജോലി ചെയ്യുന്ന കാസര്‍ഗോഡ് സ്വദേശി ക്രീനിവാസന്‍ ഉണ്ടാകും. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ നിരീക്ഷകനായ നായകന്‍ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് വ്ലാഡിമിര്‍ ഇലിച്ച് ലെനിന്‍. റഷ്യന്‍ വിപ്ലവകാരി, ഒക്ടോബര്‍ വിപ്ലവത്തിന്‍റെ നായകന്‍, ലെനിനിസത്തിന്‍റെ ഉപജ്ഞാതാവ്, റഷ്യന്‍ യൂണിയന്‍റെ ആദ്യത്തെ അദ്ധ്യക്ഷന്‍ എന്ന നിലയിലെല്ലാം അദ്ദേഹം ലോക പ്രശസ്തനാണ്. നൂറ്റാണ്ടുകള്‍ നീണ്ട സാര്‍ ചക്രവര്‍ത്തി ഭരണം അവസാനിപ്പിച്ച് ലെനിന്‍ സോവിയറ്റ് യൂണിയന്‍ എന്ന ബൃഹത്തായ രാഷ്ട്രത്തിന് രൂപം നല്‍കി. കാറല്‍ മാര്‍ക്സ്, ഫ്രെഡറിക് ഏംഗല്‍സ് എന്നിവരുടെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് 1917-ലെ റഷ്യന്‍ വിപ്ലവത്തിലൂടെ മൂര്‍ത്തരൂപം നല്‍കുകയായിരുന്നു ലെനിന്‍. ലെനിനെ കുറിച്ച് പറയുമ്പോള്‍ ശ്രീനിവാസന്‍റെ മുഖം ഓര്‍ക്കുന്നതില്‍ തെറ്റില്ലല്ലോ... ല്ലേ ...
