ഗജകേസരി യോഗം
വിജയ് ചൗക്ക്
സുധീർ നാഥ്
ഉദ്വിഗ്‌നാശ്ച മന:ശരീരജനിതൈര്‍
ദുഃഖൈരതീവാക്ഷമാ:
പ്രാണാന്‍ ധാരയിതും ചിരം നരവശം
പ്രാപ്ത: സ്വയൂഥാദഥ…
നൂറ്റാണ്ടുകൾക്ക് മുന്നേ ഗജശാസ്ത്രം രചിച്ച പാലകാപ്യ മഹർഷിയുടെ വരികളാണ്–– ആനകൾ തങ്ങളുടെ പ്രാണൻ നിലനിർത്താൻ ചിരകാലം മനുഷ്യരുടെ അധീനതയിൽ വസിക്കേണ്ടതായി വരുന്നു എന്ന് സാരം.
അടുത്തകാലത്ത് വ്യാപകമായി കേരളത്തിലെ ക്ഷേത്രങ്ങളിൽ ആന വിരണ്ടോടി എന്ന വാർത്തകൾ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ... ? എഴുന്നള്ളിപ്പ് സീസൺ തുടങ്ങിയതോടെ എഴുന്നള്ളിക്കാൻ കൊണ്ടുവരുമ്പോഴോ എഴുന്നള്ളിക്കുമ്പോഴോ ആനകൾ ഇടയുന്നു. ഒട്ടുമിക്ക ആനകൾക്കും ശ്വാസവൈഷമ്യം ഉണ്ട്. ചലനം ഇല്ലാത്ത കാരണം ആനകൾ അസ്വസ്ഥരാണ്. ലോറിയാത്ര. പൈപ്പ് വെള്ളത്തിൽ കുളി, സോപ്പ് പൊടി ഇട്ട് ബ്രഷ് കൊണ്ട് കഴുകൽ തുടങ്ങിയ നടപടികൾ ആനയെ അസ്വസ്ഥരാക്കുന്നുണ്ട്.
എന്തുകൊണ്ടാണ് വന്യ ജീവിയായ ആനയെ മെരുക്കിയെടുത്ത് ക്ഷേത്രങ്ങളിൽ പ്രദർശിപ്പിക്കുമ്പോൾ ഇടയുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ...? ആനയ്ക്ക് ആനയുടെ ശക്തി തിരിച്ചറിയുന്ന അവസരത്തിലാണ് അത് ഇടയുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ആനകൾ ഇടയുന്നതിന്റെ മുഖ്യകാരണം മനുഷ്യൻ തന്നെയാണെന്നാണ് ആനപ്രേമികൾ പറയുന്നത്. നിങ്ങൾ നിരത്തിലൂടെ നടക്കുമ്പോൾ വഴിയിലൂടെ പോകുന്നവരെല്ലാം നിങ്ങളെ തൊണ്ടുന്നു എന്ന് സങ്കൽപ്പിക്കുക. തീർച്ചയായും അത് നിങ്ങളെ അസ്വസ്ഥരാക്കില്ലേ....? അത്രമാത്രം ആലോചിച്ചാൽ തന്നെ ആനയുടെ കാര്യം നമുക്ക് ആലോചിക്കാവുന്നതാണ്. നിങ്ങളുടെ സ്ഥാനത്ത് ആനയാണെന്ന് സങ്കൽപ്പിക്കുക. വഴിയിലൂടെ പോകുന്നവർ നിങ്ങളെ തോണ്ടി തോണ്ടി ഇരിക്കുമ്പോൾ നിങ്ങൾ അസ്വസ്ഥരാകുന്നതുപോലെ തന്നെയാണ് ആനയും അസ്വസ്ഥരാകുന്നത്.
ആനകളുടെ ലോറി യാത്ര നിരോധിക്കുകയാണ് ആദ്യം വേണ്ടത്. ആനകൾക്ക് നടക്കുവാൻ അവസരമില്ലാത്തത് വലിയ ക്രൂരതയാണ്. ആനകൾ ചുരുങ്ങിയത് ഇരുപത്തഞ്ച് കിലോ മീറ്റർ ദിവസവും നടക്കണം എന്നാണ് കണക്ക്. അവർക്ക് ശരീര ചലനം തടസപ്പെടുത്തുന്നതാണ് ചങ്ങലയ്ക്ക് ഇടുന്നതും ലോറി യാത്രയും. ആനകളെ തുറസ്സായ സ്ഥലത്ത് ഒറ്റ ചങ്ങലയിൽ കെട്ടണം. ധാരാളം മണ്ണ് വാരി ഇടണം., കൊമ്പ് കുത്തി അവർക്ക് കളിക്കാൻ അവസരം ഒരുക്കണം. പൈപ്പ് വെള്ളത്തിലെ കുളിക്ക് പകരം പുഴയിലോ തോടിലോ കുളത്തിലോ ചകിരി ഉപയോഗിച്ച് വരക്കെട്ട് നോക്കി ഉരച്ച് കഴുകി കുളിപ്പിക്കട്ടെ, കല്ല് വെച്ച് ശരീരം തുടയ്ക്കട്ടെ ... എഴുന്നള്ളിപ്പ് സ്ഥലത്ത് ആനകൾ പ്രശ്നം ഒന്നം ഉണ്ടാക്കാതെ നിൽക്കുന്നത് കാണാം.
പാർത്ഥസാരധി, ശബരിനാഥ്, ആര്യ നന്ദൻ, ശ്രീ കുട്ടൻ തുടങ്ങിയ ആനകൾ ഇടഞ്ഞതായാണ് അടുത്തിടെ കണ്ട വാർത്തകളിൽ വായിച്ചത്. ഇവക്ക് കിട്ടിയ ഇടികൾ എത്രയെന്ന് പരിശോധിക്കേണ്ടതാണ്. പിന്നിൽ മുഴ ഇല്ലാത്ത ആനകൾ ഇപ്പോൾ ഇല്ല എന്ന് പറയാം. ഇത് കാലിലെ മർമ്മസ്ഥലത്ത് തുടർച്ചയായി ഇടിച്ചതിനാൽ ഉണ്ടാവുന്ന മുഴയാണ്. ആനക്കാർ പറയുന്നത് ആനകൾ കിടന്നത് കൊണ്ട് ഉണ്ടാകുന്ന തഴമ്പാണ് എന്നാണ്. പണ്ടത്തെ ആനകൾ കിടക്കാറില്ലെ ?രണ്ട് വശത്തും മുഴ വേണ്ടതല്ലെ ? ആനകൾ ഇപ്പോൾ വേദന സഹിച്ചാണ് നിൽക്കുന്നത്. ആനകൾക്ക് വിശ്രമം നൽകാതെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് എത്തിച്ച് പണി എടുപ്പിക്കുന്നു. ഒരു പരിപാടിക്ക് ശേഷം തക്കതായ ഇടവേള കർശനമാക്കുക എന്ന പരിഹാരം ഉടൻ നടപ്പിലാക്കണം.
മെരുക്കിയെടുത്തതിന് ശേഷം പാപ്പാന്മാരണ് കേരളത്തിൽ ആനകളെ പരിപാലിക്കുന്നത്. ആനയെ പരിപാലിക്കുന്ന പാപ്പാന്മാർക്ക് ആനയുടെ ശാസ്ത്രം അറിഞ്ഞിരിക്കണം എന്ന ഒരു കീഴ്‌വഴക്കം ഉണ്ടായിരുന്നു. പന്തീരായിരം ശ്ലോകങ്ങളുള്ള പാലകാപ്യം അഥവാ ഹസ്ത്യായുർവ്വേദം, ഇരുന്നൂറ്റി അൻപത്തി ഒന്ന് ശ്ലോകങ്ങളുള്ള മാതംഗലീല തുടങ്ങിയ ഗജശാസ്ത്ര ഗ്രന്ഥങ്ങൾ ആനപരിപാലകർ വായിക്കുകയും അറിയുകയും വേണ്ടതാണ്. തിരുമംഗലത്തു നീലകണ്ഠൻ മൂസ്സ് രചിച്ച ആനയുടെ ഉത്പത്തി വിവരങ്ങളും ഗജചികിത്സാ ക്രമങ്ങളും മറ്റും അടങ്ങിയ സംസ്കൃത ഗ്രന്ഥമായ മാതംഗലീലയുടെ മലയാളം വ്യാഖ്യാനമാണ് മാതംഗലീല ഗജരക്ഷണശാസ്ത്രം. ചെറുവള്ളി നാരായണൻ നമ്പൂതിരി ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഗജലക്ഷണ ശാസ്ത്രം എന്ന പ്രാചീന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് മാതംഗലീല എഴുതിയിട്ടുള്ളത്.
![]() |
| പുന്നത്തൂർ ദാമോദരൻ |
ഗജരക്ഷാ തന്ത്രം, ഗജശാസ്ത്രം, അഞ്ജലികാവേധം തുടങ്ങിയ അമൂല്യങ്ങളായ ഗജശാസ്ത്ര ഗ്രന്ഥങ്ങൾ സാധാരണയായി ആന പരിപാലകർ വായിച്ചിരിക്കേണ്ടതാണ്. പക്ഷെ ഇന്ന് ഇതൊക്കെ അറിഞ്ഞ പാപ്പാൻമാർ എത്രപേരുണ്ട്...? ഗുരുവായൂർ ക്ഷേത്രത്തിലെ പുന്നത്തൂർ കോട്ടയിലെ ആന പാപ്പാൻമാർക്ക് എല്ലാ വർഷവും പരിശീലനം നൽകാറുണ്ട് എന്നറിയുന്നു.
എവിടെയും എഴുതി വെച്ചിട്ടില്ലാത്ത, വായ്മൊഴിയായി മാത്രം കൈമാറി വന്നിരുന്ന അതിപുരാതനമായ ഒരു ഗജശാസ്ത്രമാണ് "ആനപ്പാവ് . ആനപ്പാവിന്റെ ഉപജ്ഞാതാവ് സാക്ഷാൽ "പറയി പെറ്റ പന്തിരുകുലത്തിലെ "പാക്കാനാർ " ആണെന്ന് പറയപ്പെടുന്നു. ആനയെ പഴകി പരിശീലിപ്പിക്കുന്നതിനെയാണ് ആനപ്പാവ്.
അഷ്ട ഗജങ്ങളിലെ അതി ശക്തനും ഗംഭീരനുമായ " സുപ്രതീകൻ " എന്ന ആനയുമായി താരതമ്മ്യപ്പെടുത്തുന്ന ആനയുണ്ട് മഹാഭാരതത്തിൽ. പാണ്ഡവരോട് യുദ്ധം ചെയ്യുന്ന ഭഗദത്തൻ എന്ന രാജാവിന്റെ ഗജേന്ദ്രൻ എന്ന ആനയാണ് അത്- ഈ ആനയുടെ പുറത്തിരുന്ന് ഭഗദത്തൻ ഭീമസേനനുമായി യുദ്ധം ചെയ്യന്നു. സാക്ഷാൽ ഭീമസേനനെ ഗജേന്ദ്രൻ തന്റെ തുമ്പിക്കൈയ്യാൽ ചുറ്റിയെടുത്ത് നിലത്തടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാരണം ഗജ സംരക്ഷണത്തിലെ അതി നിഗൂഢമായ " അഞ്ജലികാവേദം " എന്ന ഗജശാസ്ത്ര രസതന്ത്രങ്ങൾ അഭ്യസിച്ച ആളായിരുന്നു ഭീമസേനൻ എന്ന് മഹാഭാരതത്തിൽ വ്യാസമുനി എഴുതിയിട്ടുണ്ട്.
ഏഷ്യൻ ആനകൾ ആഫ്രിക്കൻ ആനകളേക്കാൾ ചെറുതാണ്. ആഫ്രിക്കൻ ആനകളുടെ വലിയ ചെവിയല്ല ഏഷ്യൻ ആനകൾക്ക്. ഇന്ത്യൻ ആന ഏഷ്യയിലെ സാംസ്കാരിക പ്രതീകമാണ്. ഏഷ്യയിലെ മത പാരമ്പര്യങ്ങളിലും പുരാണങ്ങളിലും ഇത് പ്രത്യക്ഷപ്പെടുന്നു . ആനകളെ ക്രിയാത്മകമായി പരിഗണിക്കുകയും ചിലപ്പോൾ ദേവതകളായി ബഹുമാനിക്കുകയും ചെയ്യുന്നു, പലപ്പോഴും ശക്തിയുടെയും ജ്ഞാനത്തിൻ്റെയും പ്രതീകമാണ്. തായ്‌ലൻഡിൽ ഇത് ദേശീയ മൃഗമാണ്. ഇന്ത്യയിൽ, ഇതിനെ ദേശീയ പൈതൃക മൃഗമായി തിരഞ്ഞെടുത്തിട്ടുണ്ട്.
നാട്ടിലെ ആനകൾ മാത്രമല്ല കാട്ടിലെ ആനകളും നാട്ടിലിറങ്ങി ഇടയുന്നു. അവരുടെ സ്ഥലങ്ങൾ മനുഷ്യൻ കയ്യേറിയതാണ് പ്രശ്നം. ഇന്ത്യയിലെ കാട്ടാനകൾ പലതരത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്, എന്നാൽ മിക്കവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആവാസവ്യവസ്ഥയുടെ നഷ്ടം, മനുഷ്യ-ആന സംഘർഷം തുടങ്ങിയ സാധാരണ പ്രശ്‌നങ്ങളിലാണ്. ജനസംഖ്യയുടെ വിസ്ഫോടനവും സാമ്പത്തിക വികസനത്തിൻ്റെ ആവശ്യങ്ങളും മുൻ ആനകളുടെ ആവാസ കേന്ദ്രങ്ങൾ വെട്ടിമാറ്റുന്നതിനും കൃഷി ചെയ്യുന്നതിനും കാരണമായതിനാൽ 20-ആം നൂറ്റാണ്ടിൻ്റെ മധ്യം മുതൽ ഇവ വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.
ഒരു വനമേഖലയിൽ നിന്നും മറ്റൊന്നിലേക്ക് ആനകൾക്ക് നീങ്ങാനുള്ള ഇടനാഴികൾ, അഥവാ പാതകളാണ് ആനത്താരകൾ എന്നറിയപ്പെടുന്നത്. വനമേഖലയ്‌ക്കകത്തും ചുറ്റിനുമായി ഏറി വന്ന സമ്മർദ്ദങ്ങൾ ഇത്തരം ഇടനാഴികൾ വെട്ടി നിരത്തി അവിടെ മനുഷ്യർ വൻ കെട്ടിടങ്ങൾ നിർമ്മിച്ചു. അവിടെ മനുഷ്യവാസകേന്ദ്രങ്ങളായി. ആനകളും മറ്റ് വന്യമൃഗങ്ങളും പക്ഷെ തങ്ങളുടെ ആ ആവാസമേഖലയെ വിട്ട് പോവാൻ തയ്യാറായില്ല. അതിൻ്റെ ഫലമായാണ് ഇന്ന് നമ്മൾ വിശേഷിപ്പിക്കുന്ന മനുഷ്യ വാസ കേന്ദ്രങ്ങളിൽ ആനയും മറ്റ് വന്യ മൃഗങ്ങളും എത്തുന്നത്.
തൊണ്ണൂറുകളോടെ മനുഷ്യ-വന്യജീവി സംഘർഷം സമകാലീന പ്രശ്നങ്ങളിൽ ശക്തമായി. പ്രശ്നബാധിതമേഖലകളിൽ നിന്നും ആനകളെ പിടികൂടുകയോ നാടുകടത്തുകയോ ആണ് മാർഗമെന്ന് വരുത്തിത്തീർക്കപ്പെട്ടു. മറ്റേതെങ്കിലും സാധ്യമായ മാർഗങ്ങൾ പരീക്ഷിക്കാനോ സ്വീകരിക്കാനോ ബന്ധപ്പെട്ട അധികൃതരെ അനുവദിക്കാത്തവണ്ണം രാഷ്ട്രീയ-സാമൂഹ്യ സമ്മർദ്ദങ്ങൾ വർധിച്ച് കൊണ്ടേയിരുന്നു. വർത്തമാനകാലത്ത് നാം കണ്ടുകൊണ്ടിരിക്കുന്നത് ഇതാണല്ലോ....

