മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുഞ്ചുവിന്‍റെ മരണത്തില്‍ ദുരൂഹത:

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുഞ്ചുവിന്‍റെ മരണത്തില്‍ ദുരൂഹത: 

സ്വത്തുക്കളും സമ്പാദ്യവും കാണ്‍മാനില്ല

സുധീര്‍ നാഥ് 


എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ എന്‍. കുഞ്ചു (94) അന്തരിച്ചത് സുഹ്യത്തുക്കള്‍ക്ക് ഞെട്ടലായിരിക്കുന്നു. 1929 ജൂണ്‍ പന്ത്രണ്ടാം തിയതി ജനിച്ച അദ്ദേഹം 2023 ഡിസംബര്‍ പന്ത്രണ്ടാം തിയതി ദുരൂഹ സാഹചര്യത്തില്‍ അന്തരിച്ചു. അദ്ദേഹത്തിന്‍റെ പ്രായം 94 വയസായിരുന്നെങ്കിലും കേരളത്തില്‍ 15 ദിവസത്തേയ്ക്ക് പോയ അദ്ദേഹത്തെ ആര്‍ക്കും ബന്ധപ്പെടാന്‍ സാധിക്കാത്തതും, ഈ കാലയളവില്‍ നടന്ന സാമ്പത്തിക ഇടപെടലുകളും തുടര്‍ന്നുള്ള മരണവുമാണ് ദുരൂഹത. പട്ടാളക്കാരനായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഡല്‍ഹിയിലെ ഇംഗ്ലീഷ് പത്രങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടറായി ജോലി ചെയ്ത് വരികയായിരുന്ന കുഞ്ചു തന്‍റെ തൊണ്ണൂറ്റി നാലാം വയസിലും കോളങ്ങള്‍ എഴുതുകയും എഡിറ്റോറിയല്‍ എഴുുകയും ചെയ്ത് ശ്രദ്ധേയനായിരുന്നു. ഇംഗ്ലീഷ് പ്രസിദ്ധീകരണമായ കാരവനില്‍ (പിന്നീട് എലയ്വ്) വുമണ്‍സ് ഇറ തുടങ്ങിയ ഡല്‍ഹി പ്രസ്സ് പ്രസിദ്ധീകരണങ്ങളില്‍ ഏറെക്കാലം എഴുത്തുകാരനായിരുന്നു. വിശ്വനാഥന്‍ കാരവന്‍റെ പ്രസാധകനായിരുന്ന അവസരത്തില്‍ എന്‍ കുഞ്ചു എഡിറ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 


ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം അദ്ദേഹത്തെ മാധ്യമ പ്രവര്‍ത്തകനും, വിവര്‍ത്തകനുമാക്കി മാറ്റി എന്നതാണ് ശരി. പതിനഞ്ചോളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റേതായി ഉണ്ട്. 1973ല്‍ സൈന്യത്തില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ട് മുമ്പ് അഞ്ചു വര്‍ഷം സൈനിക് സമാചാര്‍ എന്ന പ്രതിരോധ മന്ത്രാലയം മാസികയുടെ പ്രസിദ്ധീകരണ ചുമതല വഹിച്ചു. പാറപ്പുറത്തിന്‍റെ നിണമണിഞ്ഞ കാല്‍പാടുകള്‍, നന്തനാരുടെ ആത്മാവിന്‍റെ നോവുകള്‍, കോവിലന്‍റെ ഏ മൈനസ് ബി, ഏകലവ്യന്‍റെ എന്ത് നേടി എന്നീ പട്ടാള നോവലുകള്‍ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തത് കുഞ്ചുവാണ്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ മാന്ത്രിക പൂച്ച ഇംഗ്ലീഷില്‍ മാജിക് ക്യാറ്റ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു.

ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എന്‍. കുഞ്ചുവിന്‍റെ സ്വത്തുക്കളും സമ്പാദ്യവും നഷ്ടപ്പെട്ടു എന്നാണ് ഇപ്പോള്‍ അറിയുന്നത്. മക്കളില്ലാത്തതിനാല്‍ കുഞ്ചുവും ഭാര്യയും മരണപ്പെട്ടതോടെയാണ് എല്ലാം സംഭവിച്ചത്. ദി പാട്രിയാറ്റ് പത്രത്തിലെ മാനേജരായി സേവനം അനുഷ്ടിച്ചിരുന്ന കുഞ്ചുവിന്‍റെ ഭാര്യ ജാനു മരണപ്പെട്ടതോടെ ഏകാന്തത അലട്ടിയിരുന്ന അദ്ദേഹം കേരളം കാണുവാന്‍ പോയത് മരണത്തിലേയ്ക്കോ...? ദുരൂഹ സാഹചര്യത്തിലാണ് അദ്ദേഹം ത്യശ്ശൂരില്‍ മരണപ്പെട്ടതെന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്. ഡല്‍ഹിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കുഞ്ചു പതിനഞ്ച് ദിവസത്തേയ്ക്കെന്ന് പറഞ്ഞാണ് മെയ് മാസത്തില്‍ കേരളത്തിലേയ്ക്ക് പോയതെന്ന് അടുത്ത സുഹ്യത്തുക്കള്‍ വെളിപ്പെടുത്തി. കേരളത്തിലെ സുഹ്യത്തുക്കളേയും ബന്ധുക്കളേയും കാണുക എന്നതായിരുന്നു യാത്രാ പരിപാടിയെന്ന് ഡല്‍ഹിയിലെ സുഹ്യത്തുക്കളോട് പറഞ്ഞിരുന്നു. പിന്നീട് അവര്‍ക്ക് മാസങ്ങളോളം കുഞ്ചുവിന്‍റെ ഫോണ്‍ പോലും ലഭിച്ചില്ല. കുഞ്ചുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ല. കുഞ്ചുവിന്‍റെ സംരക്ഷണം ഏറ്റെടുത്തവര്‍ കുഞ്ചുവിനെ പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ല എന്ന ആരോപണവും ഇപ്പോള്‍ ഉയരുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ എഴുതി സ്ഥിരസാനിധ്യവും, സുഹ്യത്തുക്കളുമായി സ്ഥിരബന്ധവും സൂക്ഷിച്ചിരുന്ന കുഞ്ചു കേരളത്തില്‍ എത്തിയ ശേഷമാണ് നിശബ്ദമായത്. അദ്ദേഹത്തിന്‍റെ ഫോണില്‍ നിന്ന് മൂന്നോളം സന്ദേശങ്ങള്‍ സുഹ്യത്തുക്കളില്‍ ചിലര്‍ക്ക് ലഭിച്ചത് ആശങ്ക നിറഞ്ഞതായിരുന്നു. പിന്നീട് അവര്‍ക്ക് ലഭിച്ച സന്ദേശം കുഞ്ചുവിന്‍റെ മരണ വിവരമായിരുന്നു. 


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പ്രവാസികളായ സുഹ്യത്ത് വലയം കുഞ്ചുവിനെ അനുസ്മരിക്കാന്‍ ഡല്‍ഹിയിലെ കേരള ക്ലബ്ബില്‍ കൂടിയ അനുസ്മരണ യോഗത്തിലാണ് ഞെട്ടിക്കുന്ന ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. മുന്‍ സൈനികന്‍ കൂടിയായ കുഞ്ചുവിന്‍റെ സ്വത്തുക്കള്‍ ചിലര്‍ തട്ടിയെടുത്തതായി ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമായി എടുത്ത് നിയമനടപടികളുമായി മുന്നോട്ടുപോകുവാനാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ തീരുമാനിച്ചിരിക്കുന്നത്. മുന്‍ സൈനികന്‍ കൂടിയായ കുഞ്ചുവിന് വേണ്ടി പ്രതിരോധ വകുപ്പിന്‍റെ വിജിലന്‍സ് വിഭാഗത്തില്‍ പരാതി നല്‍കി അന്വേഷണം നടത്തിക്കുവാന്‍ പോകുന്നു എന്നുള്ള വിവരവും ലഭ്യമായിട്ടുണ്ട്. പ്രതിരോധ വകുപ്പ് വിഷയം ഗൗരവമായി എടുത്തിരിക്കുന്നു എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. കേരള മുഖ്യമന്ത്രിയുടേയും ഡി.ജി.പിയുടേയും പേരില്‍ ഡല്‍ഹിയിലെ പ്രമുഖ സംഘടനകള്‍ പരാതി നല്‍കി കഴിഞ്ഞു. 

ഇരുപത് വര്‍ഷത്തിലേറെ കുഞ്ചുവിന്‍റെ സഹ സഞ്ചാരി ആയിരുന്നു വടക്കേ ഇന്ത്യന്‍ സ്വദേശിയായ രാജു. കുഞ്ചുവിന്‍റെ ഭാര്യ നടത്തിയിരുന്ന ടാക്സി സര്‍വീസിന്‍റെ ചുമതലക്കാരനും ഡ്രൈവറും ആയിരുന്നു രാജു. കുഞ്ചുവിന്‍റെ കുടുംബാഗത്തെ പോലെ എപ്പോഴും കൂടെ സഞ്ചരിച്ച് സംരക്ഷിച്ചിരുന്നത് രാജുവായിരുന്നു എന്ന് ഡല്‍ഹിയില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇരുപത് വര്‍ഷത്തിലേറെ ഒപ്പം നടന്ന രാജുവിനെ തന്നെയാണ് 15 ദിവസത്തേക്ക് കേരളത്തിലേക്ക് പോയപ്പോള്‍ കുഞ്ചു കൂടെ കൂട്ടിയത്. മടക്കം രാജു ഒറ്റയ്ക്കായിരുന്നു. 


കുഞ്ചുവിനെ കുറച്ചു ദിവസം സംരക്ഷിക്കാന്‍ എന്ന് പറഞ്ഞ് ചില ബന്ധുക്കള്‍ കൂടെ കൂട്ടുകയായിരുന്നു എന്നും തന്നോട് മടങ്ങിപ്പോകുവാന്‍ പറഞ്ഞതായും രാജു വെളിപ്പെടുത്തി. തന്നെ ജീവനോടെ കാണണമെങ്കില്‍ ഉടനെ വരുവാന്‍ കുഞ്ചു തന്നെയാണ് ഒരിക്കല്‍ രാജുവിന് ഫോണ്‍ ചെയ്തു പറഞ്ഞത്. ഏതാനും മണിക്കൂറുകള്‍ക്കുശേഷം കുഞ്ചു തന്നെ പറഞ്ഞത് വരേണ്ടതില്ല എന്നാണ്. കുഞ്ചുവിനോടൊപ്പം താമസിക്കുകയും ഒപ്പം സഞ്ചരിക്കുകയും ഒക്കെ ചെയ്തിരുന്ന രാജുവിന് കുഞ്ചുവുമായി സംസാരിക്കുവാന്‍ പോലും പിന്നീട് സാധിച്ചിരുന്നില്ല എന്നുള്ളത് സംശയമുള്ളവാക്കുന്ന കാര്യമാണ്. രാജു തന്നെയാണ് ഈ വിവരം പരസ്യമായി കേരള ക്ലബ്ബില്‍ നടന്ന യോഗത്തില്‍ പറഞ്ഞത്. 

കുഞ്ചു എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി ഒരു ബന്ധവുമില്ല എന്നുള്ള വാര്‍ത്ത സുഹൃത്തുക്കളുടെ ഇടയില്‍ ചര്‍ച്ചയായി മാറിയ അവസരം. പല സുഹൃത്തുക്കളും പല വഴിയിലും കുഞ്ചുവുമായി ബന്ധപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എ.ജെ. ഫിലിപ്പും ഭാര്യയും കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനത്തിന് പോയ അവസരം. അദ്ദേഹത്തിന്‍റെ സുഹൃത്തും പ്രമുഖ സംഗീതജ്ഞനുമായ ഡോക്ടര്‍ മണക്കാല ഗോപാലകൃഷ്ണനുമായി തൃശ്ശൂരില്‍ കുഞ്ചുവിനെ കാണുവാന്‍ നവംബര്‍ മാസം കാറില്‍ പോയിരുന്നു. കുഞ്ചു താമസിച്ചിരുന്ന ബന്ധുവിന്‍റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച ഫിലിപ്പ് പലതവണ വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ല എന്നാണ് പറയുന്നത്. ഫോണ്‍ കട്ട് ചെയ്യുന്ന സാഹചര്യം ഏറെ സംശയമുണ്ടാക്കി എന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ചെറൂരിലുള്ള ഇവരുടെ വീടിന്‍റെ പ്രദേശം മനസ്സിലാക്കുന്നതിനായി പിന്നത്തെ ശ്രമം. ആകെയുള്ളത് ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ മാത്രം.

തൃശ്ശൂര്‍ ചെറൂരിലുള്ള പോസ്റ്റ് ഓഫീസില്‍ പോയി വിലാസം തിരക്കുകയും ചെയ്ത സംഭവം എ ജെ ഫിലിപ്പ് കേരള ക്ലബ്ബില്‍ പറയുകയുണ്ടായി. പോസ്റ്റ് ഓഫീസില്‍ നിന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ഫോണ്‍ ചെയ്തപ്പോള്‍ ആര് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന നിഷേധാത്മക മറുപടിയാണ് ലഭിച്ചതെന്ന് എ ജെ ഫിലിപ്പ് വെളിപ്പെുത്തി. പ്രാദേശിക പോലീസ് സ്റ്റേഷനില്‍ നിന്നും ഈ വീട്ടിലേക്ക് പലതവണ ഫോണ്‍ ചെയ്തിട്ടും പ്രതികരിക്കാതെ ഫോണ്‍ കട്ട് ചെയ്യുകയാണ് ഉണ്ടായത്. വീട് എവിടെയാണ് എന്നറിയാനുള്ള ശ്രമം പരാജയപ്പെട്ട് മടങ്ങേണ്ടി വന്നത് അദ്ദേഹം ദുഃഖത്തോടെ ചടങ്ങില്‍ വിവരിച്ചു. ഇതൊക്കെ തെളിവുകള്‍ ആയി നിലനില്‍ക്കുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇത് സംഭവിക്കുമ്പോള്‍ കുഞ്ചു ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ഒരാളേയും അനുവധിച്ചിരുന്നില്ല. കുഞ്ചുവിന്‍റെ മരണശേഷമാണ് ഈ സംഭവങ്ങള്‍ ഗൗരവമായി വന്നത് എന്നത് ദൗര്‍ഭാഗ്യകരമായി. 


ലക്ഷക്കണക്കിന് രൂപയാണ് കുഞ്ചുവിന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും അക്കൗണ്ടുകളില്‍ നിന്ന് മരണ ശേഷം പോലും അപ്രത്യക്ഷമായിരിക്കുന്നത് എന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായി. സ്വര്‍ണ്ണവും, ഒട്ടേറെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളും അപ്രത്യക്ഷമായിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. മക്കളില്ലാത്ത ദമ്പതികളായ കുഞ്ചുവിന്‍റെ സമ്മതപ്രകാരം ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ അവരുടെ രണ്ട് കോടി വിലമതിക്കുന്ന ഫ്ളാറ്റ് ഒരു സന്നദ്ധ സംഘടനയായ ദീപാലയയ്ക്ക് ഇഷ്ടദാനം നല്‍കിയ വില്‍പ്പത്രവും ചര്‍ച്ചാവിഷയമായി. കുഞ്ചുവിന്‍റെ പേരിലുള്ള ഫ്ളാറ്റ് വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ദീപാലയ ഹരിയാനയില്‍ നടത്തുന്ന പാവപ്പെട്ട കുട്ടികള്‍ക്കായുള്ള സ്ക്കൂളില്‍ ഭാര്യ ജാനുവിന്‍റെ പേരില്‍ ക്ലാസ് റൂമുകള്‍ പണിയണം എന്നാണ് വില്‍പ്പത്രത്തിലുണ്ട്. അവിടെ പണിയുന്ന എല്ലാ ക്ലാസ് റൂമുകളിലും ഭാര്യയുടെ പേര് ജാനു എന്‍ കുഞ്ചു എന്ന് എഴുതിവെയ്ക്കണമെന്നും വില്‍പ്പത്രത്തില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹം രജിസ്റ്റാറിന് മുന്നില്‍ സ്വയം ഹാജരായി രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രം കാറ്റില്‍ പറത്തിക്കൊണ്ട് ആ ഫ്ളാറ്റ് അയല്‍വാസിയായ വ്യക്തി കൈവശം വെച്ചിരിക്കുന്നു എന്നത് ചടങ്ങില്‍ വെളിപ്പെടുത്തിയതും ഞെട്ടല്‍ ഉണ്ടാക്കി. 

മാധ്യമ പ്രവര്‍ത്തകനായ കുഞ്ചു കേരളത്തില്‍ തൃശ്ശൂരില്‍ താമസിക്കുന്ന അവസരത്തില്‍ തന്നെ ഡല്‍ഹിയിലെ വീട് അയല്‍ വീട്ടുകാര്‍ കയറിക്കഴിഞ്ഞിരുന്നു. ബോണ്‍സായി ചെടികളോട് പ്രിയം ഉണ്ടായിരുന്ന കുഞ്ചു ജാനു ദമ്പതികളുടെ നൂറിലേറെ വരുന്ന വിലപിടിപ്പുള്ള ബോണ്‍സായി ചെടികള്‍ വീട്ടില്‍ നിന്ന് നഷ്ടമായി. അദ്ദേഹം സൂക്ഷിച്ചിരുന്ന പട്ടാള കഥകള്‍ ഉള്‍പ്പെട്ട അദ്ദേഹത്തിന്‍റെ സ്വന്തം രചനകള്‍ ഉള്‍പ്പെട്ട പുസ്തക ശേഖരം അപ്രത്യക്ഷമായി. കുഞ്ചുവിന്‍റെ പ്രിയ സുഹൃത്ത് മുത്തുക്കോയയും ദാമോദരനും സമ്മാനിച്ച വിലമതിക്കാനാകാത്ത വിലപ്പെട്ട പെയിന്‍റിങ്ങുകളുടെ ഒറിജിനല്‍ പതിപ്പും വീട്ടില്‍ നിന്നും നഷ്ടമായി. വീട് പൂര്‍ണമായും നവീകരിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് അയല്‍ക്കാരുടെ ബന്ധുക്കള്‍ അവിടെ താമസമാക്കിയിരിക്കുന്നു എന്നാണ് കേരള ക്ലബ്ബില്‍ നടന്ന യോഗത്തില്‍ ചിലര്‍ വെളിപ്പെടുത്തിയത്.

രാജ്യ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ പ്രിയപ്പെട്ട കുഞ്ചുവിന്‍റെ സ്വത്തുക്കള്‍ അന്യാതീനപെട്ടു പോകാതിരിക്കുവാന്‍ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. കുഞ്ചുവിനും കുഞ്ചുവിന്‍റെ ഭാര്യയ്ക്കും അവരുടെ കാലശേഷവും നീതി ലഭിക്കേണ്ടതിന്‍റെ ആവശ്യകതയും യോഗത്തില്‍ ചര്‍ച്ചയായി. വരുംദിവസങ്ങളില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം ശക്തമാക്കുമെന്ന് കേരള ക്ലബ്ബില്‍ നടന്ന യോഗം ഉറപ്പു നല്‍കി.

ഡല്‍ഹി കേരളാ ക്ലബില്‍ കുഞ്ചു അനുസ്മരണം നടത്തി

അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ കുഞ്ചുവിന്‍റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ സുഹ്യത്തുക്കളും, മാധ്യമപ്രവര്‍ത്തകരും ഡല്‍ഹി കേരള ക്ലബില്‍ ഒത്തുകൂടി അനുസ്മരണയോഗം സംഘടിപ്പിച്ചു. ചടങ്ങില്‍ ദേശീയ മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ അടക്കം പ്രാദേശിക മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുകയുണ്ടായി. കേരള ക്ലബ് ഉപാദ്യക്ഷന്‍ എ. ജെ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തിലും ജീവിതത്തിലും സ്വന്തം നിലപാടുകളില്‍ നിന്ന് വിധിയെലിക്കാത്ത വ്യക്തിത്വം ആയിരുന്നു കുഞ്ചു എന്ന് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തിയ ബിജെപിയുടെ നേതാവും മാധ്യമ പ്രവര്‍ത്തകനുമായ ആര്‍ ബാലശങ്കര്‍ അഭിപ്രായപ്പെടുകയുണ്ടായി. മാതൃഭൂമി പത്രത്തിന്‍റെ ഡല്‍ഹി മേധാവി എന്‍ അശോകന്‍, മലയാള മനോരമ ഡല്‍ഹി മേധാവി ആര്‍ പ്രസന്നന്‍, മാതൃഭൂമിയുടെ തന്നെ ഡല്‍ഹി ബ്യൂറോ ചീഫ് മനോജ് മേനോന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ജോസഫ് മണിയാക്കല്‍, ലോലാ നായര്‍, വി കെ ചെറിയാന്‍, ചിത്രകാരന്‍ മുത്തുക്കോയ, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്, ഡോ സഖി ജോണ്‍, അഡ്വ ദീപാ ജോസഫ് തുടങ്ങി ഒട്ടേറെ പേര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.