അയോധ്യയുടെ രാഷ്ട്രീയം

അയോധ്യയുടെ രാഷ്ട്രീയം

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഹിന്ദുമത വിശ്വാസികളാണ് ഈ സംസ്ഥാത്ത് ഭൂരിപക്ഷം. ഉത്തര്‍പ്രദേശിലാണ് രാമന്‍റേയും ക്യഷ്ണന്‍റേയും ജന്‍മസ്ഥലമെന്നാണ് വിശ്വാസം. ഉത്തര്‍പ്രദേശിലെ ഫൈസബാദ് ജില്ലയില്‍ സരയൂ നദിയുടെ തീരത്തുള്ള ചെറിയ പട്ടണമാണ് അയോധ്യ. രാമജന്മഭൂമിയായ അയോധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് രാമക്ഷേത്രം. ഹിന്ദു മത വിശ്വാസപ്രകാരം ശ്രീരാമന്‍റെ ജന്‍മസ്ഥലമാണ് അയോധ്യ. ക്ഷേത്രങ്ങളുടെ നാടായ അയോധ്യയില്‍ 7000 ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്ക്. അയോധ്യയിലെ മിക്ക വീട്ടിലും ക്ഷേത്രമുണ്ട്. ക്ഷേത്രം ഒരു വരുമാന മാര്‍ഗ്ഗമാണിവിടെ. ചില ക്ഷേത്രങ്ങള്‍ക്ക് ഒരു പാട് സ്ഥലങ്ങളുണ്ടാകും. ജീവനക്കാരുണ്ടാകും. കൂലിക്ക് പൂജാരികളുണ്ടാകും. വലിയ ക്ഷേത്രങ്ങളില്‍ നിന്ന് ജപവും, മണിയടിയും കേള്‍ക്കാം. ധനികരല്ലാത്ത വ്യക്തികളുടെ ക്ഷേത്രത്തിലും പൂജകള്‍ ഉണ്ടാകും. ജനക്കൂട്ടം ഉണ്ടാകില്ല. ക്ഷേത്രമുള്ള എല്ലാ വീട്ടിലും ഒരാള്‍ പണ്ഡിറ്റായിരിക്കും. അവരുടെ നേത്യത്ത്വത്തില്‍ അവിടെ പൂജകള്‍ നടക്കും. ഭജനകള്‍ നടക്കും. ഭക്തര്‍ അവിടെ വരും. അയോധ്യ ഇന്ന് രാജ്യത്തിന്‍റെ എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുന്ന ഒരു പ്രദേശമായി മാറിക്കൊണ്ടിരിക്കുന്നു. അതിനു കാരണം അവിടെ ഉയരുന്ന രാമക്ഷേത്രമാണ്. ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം 2024 ജനുവരി 22 ന് നിശ്ചയിച്ചിരിക്കുന്നു. 

1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബറി മസ്ജീദ് കര്‍സേവകര്‍ തകര്‍ത്തതോടെ രാജ്യത്ത് വ്യാപകമായി കലാപം ഉണ്ടായി. പിന്നീട് രാജ്യം ഏറെ ചര്‍ച്ച ചെയ്ത ഇടമാണ് അയോധ്യയിലെ ബാബറി മസ്ജീദും, രാമജന്‍മ ഭൂമിയും. വിഷയം സുപ്രീം കേടതിയില്‍ എത്തി. 133 വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ശേഷം 1045 പേജുള്ള സുപ്രീം കോടതിയുടെ വിധിയും വന്നു. 9 ഭാഷകളിലായി പന്ത്രണ്ടായിരത്തോളം പേജുള്ള തെളിവുകള്‍ പരിശോധിച്ചാണ് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാം എന്നായിരുന്നു സുപ്രീം കേടതി വിധി. ആകാശം മുട്ടെയുള്ള രാമക്ഷേത്രം അയോധ്യയില്‍ പണിയുമെന്ന് 2019 ഡിസംബര്‍ 16ന് ജാര്‍ക്കണ്ഡിലെ പക്കൂറിലെ അവസാന വട്ട ഇലക്ഷന്‍ പ്രചരണ റാലിയില്‍ അമീത്ത് ഷാ ആയിരക്കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി ഉറപ്പ് നല്‍കി. വലിയ കരഘോഷത്തോടെയും, ജയ് ശ്രീരാം വിളികളോടെയുമാണ് ജനങ്ങള്‍ അമിത്ത് ഷായുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. 

അയോധ്യയിലെ രാമക്ഷേത്രം കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഭരണത്തിലേക്കുള്ള വഴിയായിരുന്നു. രാഷ്ട്രീയത്തില്‍ ഹിന്ദു വോട്ടുകള്‍ അംഗീകരിക്കുന്നതിന് ശ്രീരാമ ക്ഷേത്രത്തിനുള്ള പങ്ക് വിസ്മരിക്കുവാന്‍ സാധിക്കുകയില്ല ശ്രീരാമന്‍റെ പേരില്‍ ആയിരുന്നു ഇക്കാലം അത്രയും ബിജെപി നേതൃത്വത്തിന് ജനങ്ങളെ സമീപിക്കുവാനും വോട്ടു ചോദിക്കുവാനും കാരണമായിരുന്നത്. രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ജനങ്ങള്‍ക്ക് അവര്‍ ഉറപ്പ് കൊടുത്തിരുന്നു. അതുകൊണ്ടുതന്നെ ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുക എന്നുള്ളത് ഒരു ലക്ഷ്യമായിരുന്നു. 2024 ബിജെപിക്ക് രാജ്യത്താകമാനം ജനങ്ങളുടെ മുന്നില്‍ വോട്ട് ചോദിക്കുവാനുള്ള ഒരു തുറുപ്പ് ചീട്ട് തന്നെയാണ് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന രാമക്ഷേത്രം. 2024 ല്‍ വരുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നേടുന്നതിന് അയോധ്യയിലെ രാമക്ഷേത്രം അത്യാവശ്യമാണ്. അയോധ്യയിലെ രാമക്ഷേത്രം 2024 ഇലക്ഷന് മുമ്പായി തുറക്കപ്പെടും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വളരെ മുന്‍പേ തന്നെ പ്രവചിച്ചതാണ്. രാമജന്മഭൂമിയിലെ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നുള്ള ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചതാണ് ബിജെപിയെ അധികാരത്തിലേറ്റിയ ശക്തി.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് വളരെ മുമ്പ് തന്നെ തുടങ്ങിയ ഒരു വലിയ സമരത്തിന്‍റെ സമാപ്തി കുറിക്കലായിരുന്നു അയോധ്യയില്‍ 2020ല്‍ ആരംഭിച്ച ക്ഷേത്ര നിര്‍മ്മാണം. 2020 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള ഭൂമിപൂജന്‍ നിര്‍വഹിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്‍റെ മേല്‍നോട്ടം ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ്. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തിടത്ത് രാമ ക്ഷേത്രത്തിന്‍റെ പണി അവരുടെ നേത്യത്ത്വത്തില്‍ പൂര്‍ത്തിയായികൊണ്ടിരിക്കുന്നു. അയോധ്യയില്‍ പുതിയ വിമാനതാവളം വന്നു, പുതുക്കിയ അത്യാധുനിക റെയില്‍വേ സ്റ്റേഷന്‍ വന്നു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉയര്‍ന്നു. സൗകര്യങ്ങള്‍ പലത് വന്നിരിക്കുന്നു. 

വിഷ്ണുവിന്‍റെ അവതാരമാണ് രാമന്‍. ശ്രീരാമനെ ഒരു ഹിന്ദു ദൈവമായാണ് മതവിശ്വാസികള്‍ പരിഗണിയ്ക്കുന്നത്. പുരാതന ഇന്ത്യന്‍ ഇതിഹാസമായ രാമായണമനുസരിച്ച്, രാമന്‍ ജനിച്ചത് സരയൂ നദിയുടെ തീരത്തുള്ള അയോധ്യയിലാണ്. പതിനാറാം നൂറ്റാണ്ടില്‍, ഉത്തരേന്ത്യയിലുടനീളമുള്ള ക്ഷേത്ര ആക്രമണ പരമ്പരയില്‍ ബാബര്‍ ക്ഷേത്രം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. മുഗളന്മാര്‍ രാമന്‍റെ ജന്മസ്ഥലമായ രാമജന്മഭൂമിയുടെ സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്ന ബാബറി മസ്ജിദ് എന്ന ഒരു മസ്ജിദ് നിര്‍മ്മിച്ചു. ജെസ്യൂട്ട് മിഷനറി ജോസഫ് ടിഫെന്തലര്‍ രചിച്ച ഡെസ്ക്രിപ്റ്റിയോ ഇന്ത്യ എന്ന ലാറ്റിന്‍ പുസ്തകത്തില്‍ 1767-ല്‍ പള്ളിയുടെ ആദ്യകാല രേഖകള്‍ കണ്ടെത്താം. അയോധ്യയിലെ രാമന്‍റെ കോട്ടയെന്ന് വിശ്വസിക്കപ്പെടുന്ന രാംകോട്ട് ക്ഷേത്രവും രാമന്‍റെ ജന്മസ്ഥലം സ്ഥിതി ചെയ്യുന്ന സ്ഥലവും തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്.

76 വയസുള്ള ആര്‍ക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുരയെ വിശ്വ ഹിന്ദു പരിഷത്താണ് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ചുമതലപ്പെടുത്തിയത്. പ്രശസ്തമായ സോമനാഥ് ക്ഷേത്രമടക്കം നിര്‍മ്മിച്ച സോംപുര കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് ചന്ദ്രകാന്ത്. ക്ഷേത്ര നിര്‍മ്മാണത്തില്‍ ഇവര്‍ വളരെ പ്രശസ്തരാണ്. വിഎച്ച്പി നേതാവ് അശോക് സിംഗളാണ് ചക്രാന്തിന് ക്ഷേത്രം രൂപകല്‍പ്പന ചെയ്യാനും, നിര്‍മ്മിക്കാനും ചുമതല നല്‍കിയത്. ആര്‍ക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുര തയ്യാറാക്കിയ ക്ഷേത്രത്തിന്‍റെ മാത്യക വിശ്വഹിന്ദു പരിഷത്ത് അംഗീകരിച്ചാണ് ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരിക്കുന്നത്. ബിര്‍ളാ മന്ദിര്‍ പണിയുന്നതിനിടയിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് അശോക് സിംഗാള്‍ ചന്ദ്രകാന്തിനെ സമീപിക്കുന്നത്. അങ്ങിനെ 1990ല്‍ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം ഔദ്യോഗികമായി തുടങ്ങി. 

അക്ഷര്‍ദാം ക്ഷേത്രം പണിതതും ചന്ദ്രകാന്ത് സോംപുര തന്നെയാണ്. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വ്യക്തിപരമായി പ്രതിഫലമൊന്നും മേടിച്ചിട്ടില്ല ചന്ദ്രകാന്ത് സോംപുര. യാത്രാ, താമസ ചലവുകള്‍ വിശ്വ ഹിന്ദു പരിഷത്താണ് വഹിക്കുന്നത്. ആറ് മസമെടുത്താണ് രാമക്ഷേത്രത്തിന്‍റെ ഡിസൈന്‍ പൂര്‍ത്തീകരിച്ചത്. 250 തൂണുകളാണ് ആകെ രാമക്ഷേത്രത്തിനുള്ളത്. ഓരോ തൂണിലും 16 ശില്‍പ്പങ്ങള്‍ ഉണ്ടാകും. വിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളും മറ്റ് ദൈവങ്ങളുടേയും ശില്‍പ്പമായിരിക്കും തൂണുകളില്‍ ഉണ്ടാകുക. 

കോണ്‍ഗ്രസിന് വടക്കേ ഇന്ത്യയില്‍ എന്തെങ്കിലും ചലനം ഉണ്ടാക്കുവാന്‍ അയോധ്യയും, ഹിന്ദു സമുദായവുമായി ചേര്‍ന്ന് നിന്നാലേ സാധിക്കൂ എന്നത് കൃത്യമായി അവര്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് 1992 നരസിംഹറാവു ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ നിശബ്ദനായിരുന്നതും ഇപ്പോള്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം രേഖപ്പെടുത്താതെ അയോധ്യ ക്ഷേത്രത്തിന്‍റെ ഭാഗമായി മാറുന്നതിന് ശ്രമിക്കുന്നതും. ബിജെപിയെ തോല്‍പ്പിക്കുവാന്‍ ഇന്ത്യ സഖ്യം രൂപീകരിച്ചത് സമീപകാലത്ത് തന്നെയാണ്. ഇന്ത്യ സഖ്യത്തില്‍ ആശയപരമായ ഒരു വിള്ളല്‍ സ്ഥാപിക്കുന്നതിന് അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് ഒരു കാരണമായിട്ടുണ്ട് എന്നുള്ളത് രാഷ്ട്രീയ നിരീക്ഷകര്‍ സമ്മതിക്കുന്ന കാര്യമാണ്.