പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2024 ജനുവരി 15 


വേര്‍ ഡു യു ഗോ വെന്‍ യു ഡ്രീം  എന്ന ചിത്ര പ്രദര്‍ശനം 

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് ക്യൂറേറ്റ് ചെയ്ത മലയാളികളായ എട്ട് ചിത്രകാരന്‍മാരുടെ ഉള്‍പ്പെടെ പന്ത്രണ്ട് ചിത്രകാരന്‍മാരുടെ ചിത്ര പ്രദര്‍ശനം ഹരിയാനയിലെ ഗുരുഗ്രാം ഫേസ് ഒന്നിലെ ഗ്യാലറി ഡോട്ട് വാക്കില്‍ തുടങ്ങി. വേര്‍ ഡു യു ഗോ വെന്‍ യു ഡ്രീം എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം 2024 ജനുവരി 23 വരെ ഒരു മാസത്തോളമാണ് നടക്കുന്നത്. ധന്യ എം.സി. ഹിമ ഹരീന്ദ്രന്‍, മനാസ്, നസ്കര്‍, മിബിന്‍, നീലിമ നാഥ്, പ്രീതേഷ് രാജ്, പ്രിയരഞ്ജന്‍ പുര്‍ക്കേത്ത്, റോഹിബ റോഷി, സജിത്ത് ആര്‍. ബി., സുധയ ദാസ് എസ്, തനയ റാവു രാജ്, യാസിര്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. വ്യത്യസ്ഥ മീഡിയകളില്‍ രചിക്കപ്പെട്ട ചിത്രങ്ങളോരോന്നും കാഴ്ച്ചക്കാരന് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ഓരോ ചിത്രക്കാരന്‍മാരും വ്യത്യസ്ഥ രീതിയില്‍ ചിത്രരചനയെ സമീപിക്കുന്നത് കലാ പഠനത്തില്‍ താത്പര്യമുള്ളവര്‍ക്ക് പ്രദര്‍ശനം അനുഭവ സാക്ഷ്യമാകുന്നു. പ്രദര്‍ശനത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ എല്ലാ ചിത്രകാരന്‍മാരും ഗ്യാലറിയില്‍ സന്നിഹിതരായിരുന്നു. ഓരോരുത്തരും അവരുടെ രചനാ ശൈലികളെ കുറിച്ച് കാഴ്ച്ചക്കാരുമായി സംവാദം നടത്തി. പ്രദര്‍ശനം കാണുന്നതിന് ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ ചിത്രകാരന്‍മാരും എത്തിയിരുന്നു. ചിത്രകലാരംഗത്ത് ഒലിയ പ്രതീക്ഷകള്‍ നല്‍കുന്നവരാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ച എല്ലാ ചിത്രകാരന്‍മാരും എന്ന് പ്രദര്‍നത്തിന്‍റെ ക്യൂറേറ്ററായ മുരളി ചീരോത്ത് പറഞ്ഞു. 

അയോധ്യ ഉണരുന്നു

അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തിടത്ത് രാമ ക്ഷേത്രത്തിന്‍റെ പണി പൂര്‍ത്തിയായികൊണ്ടിരിക്കുന്നു. അയോധ്യയില്‍ പുതിയ വിമാനതാവളം വന്നു, പുതുക്കിയ അത്യാധുനിക റെയില്‍വേ സ്റ്റേഷന്‍ വന്നു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉയര്‍ന്നു. സൗകര്യങ്ങള്‍ പലത് വന്നിരിക്കുന്നു. 2024 ല്‍ വരുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നേടുന്നതിന് അയോധ്യയിലെ രാമക്ഷേത്രം അത്യാവശ്യമായിരുന്നു. അയോധ്യയിലെ രാമക്ഷേത്രം 2024 ഇലക്ഷന് മുമ്പായി തുറക്കപ്പെടും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വളരെ മുന്‍പേ തന്നെ പ്രവചിച്ചതാണ്. പണി പൂര്‍ണ്ണമായും തീര്‍ന്നിട്ടില്ലെങ്കിലും ജനുവരി 22ന് ക്ഷേത്രത്തില്‍ ജനങ്ങള്‍ കയറിത്തുടങ്ങും. രാജ്യത്തെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നതിന് ഒരു പരിധിവരെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ പ്രക്രിയ ഒരു കാരണമാകും എന്നുള്ള കാര്യത്തില്‍ സംശയമില്ല. ഹിന്ദുക്കളുടെ വോട്ടുകള്‍ ലക്ഷ്യമിട്ടുതന്നെയാണ് കോണ്‍ഗ്രസിന് വടക്കേ ഇന്ത്യയില്‍ എന്തെങ്കിലും ചലനം ഉണ്ടാക്കുവാന്‍ സാധിക്കൂ എന്നത് കൃത്യമായി അവര്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് 1992 നരസിംഹറാവു ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ നിശബ്ദനായിരുന്നതും ഇപ്പോള്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം രേഖപ്പെടുത്താതെ അയോധ്യ ക്ഷേത്രത്തിന്‍റെ ഭാഗമായി മാറുന്നതിന് ശ്രമിക്കുന്നതും. ബിജെപിയെ തോല്‍പ്പിക്കുവാന്‍ ഇന്ത്യ സഖ്യം രൂപീകരിച്ചത് സമീപകാലത്ത് തന്നെയാണ്. ഇന്ത്യ സഖ്യത്തില്‍ ആശയപരമായ ഒരു വിള്ളല്‍ സ്ഥാപിക്കുന്നതിന് അയോധ്യ രാമക്ഷേത്ര പ്രവേശന ചടങ്ങ് ഒരു കാരണമായിട്ടുണ്ട് എന്നുള്ളത് രാഷ്ട്രീയ നിരീക്ഷകര്‍ സമ്മതിക്കുന്ന കാര്യമാണ്. അയോധ്യയിലെ രാമ ക്ഷേത്രം വെറും ഒരു മതപരമായ ചടങ്ങായി കാണുവാന്‍ സാധിക്കുകയില്ല. അയോധ്യ ഇന്ന് ഒരു രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു എന്നുവേണം കരുതുവാന്‍. അയോധ്യാ രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് ആലപ്പുഴ കൈനകരിക്കാരന്‍ കെ കെ കെ നായരായിരുന്നു തുടക്കം കുറിച്ചത് എന്നുള്ള കാര്യം പോലും ഇപ്പോള്‍ ആരും ഓര്‍ക്കുന്നില്ല. അയോധ്യാ രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് കര്‍സേവയ്ക്ക് നേതൃത്വം നല്‍കിയ എല്‍. കെ അധ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ്മാ ഭാരതി തുടങ്ങിയവരെയും പലരും മറന്നു കൊണ്ടിരിക്കുന്നു. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കുമ്പോള്‍ ഈ ഒരു സമരത്തിന് നേതൃത്വം കൊടുത്ത പലരും വിസ്മൃതിയില്‍ ആകുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് മാത്രം ഉയര്‍ന്ന് കേള്‍ക്കുന്നതില്‍ വിമര്‍ശനം ഉയരുന്നുമുണ്ട്.

എക്സിറ്റ് പോളുള്‍ വാഴുന്നു

എക്സിറ്റ് പോളുകള്‍ ഇന്ന് തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി മാറിയിരിക്കുന്നു. ഏതൊരു തെരഞ്ഞെടുപ്പ് വന്നാലും എക്സിറ്റ്പോള്‍ ഒരു തിരഞ്ഞെടുപ്പിന്‍റെ ഭാഗമായിത്തന്നെ ജനങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. എക്സിറ്റ് പോളുകള്‍ രാജ്യത്തെ ജനങ്ങളുടെ രാഷ്ട്രീയ മാനസികാവസ്ഥ എവിടേക്കാണ് പോകുന്നതെന്നതിന്‍റെ വിശാലമായ പ്രവണതയും ദിശാബോധവും നല്‍കുന്നു. ആദ്യകാലങ്ങളില്‍ രാഷ്ട്രീയ വിശകലനം നടത്തുന്നവര്‍ നടത്തുന്ന എക്സിറ്റ് പോളുകള്‍ക്ക് ഏകദേശ കൃത്യത ഉണ്ടായിരുന്നു. ഇപ്പോള്‍ സ്ഥിതി മറിച്ചായിരിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ നടന്ന അഞ്ച് സംസ്ഥാന തിരന്തെടുപ്പുകളുടേയും എക്സിറ്റ് പോള്‍ ഫലം വന്നത് നവംബര്‍ മുപ്പതിന്. സംസ്ഥാനങ്ങളിലെ യഥാര്‍ത്ഥ ഫലം ഡിസംബര്‍ മൂന്ന്, നാല് തിയതികളില്‍ വന്നപ്പോള്‍  എക്സിറ്റ് ഫലങ്ങളില്‍ രണ്ടോ മൂന്നോ മാത്രം യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് ഫലത്തോട് അടുത്ത് നിന്നു. എന്നാല്‍ ഒട്ടേറെ എക്സിറ്റ് ഫലങ്ങള്‍ ഘടക വിരുദ്ധമായിരുന്നു. ആരാണോ എക്സിറ്റ് പോള്‍ നടത്തുന്നത് അവര്‍ പിന്തുണയ്ക്കുന്ന വിഭാഗത്തിന് കൂടുതല്‍ മേല്‍ കൈ കൊടുത്തുകൊണ്ടുള്ള ഒരു എക്സിറ്റ് പോള്‍ ഫലമാണ് വരുന്നത്. അതുകൊണ്ടുതന്നെ എക്സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണമായും വിശ്വസിക്കുവാന്‍ ഇപ്പോള്‍ സാധിക്കാതെയും വന്നിരിക്കുന്നത്. എല്ലാ അഭിപ്രായ വോട്ടെടുപ്പുകളിലും, പിശക് ഉള്‍പ്പെടുന്നു എന്നത് സമ്മതിക്കേണ്ടതുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ മധ്യത്തോടെ കൂടിയാണ് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ ആരംഭിച്ചത് എന്ന് പറയുന്നുണ്ട്. പിന്നീട് ഇത് ലോകമെമ്പാടുമുള്ള സുപ്രധാന തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുവാന്‍ തുടങ്ങി എന്നും പറയുന്നു. എക്സിറ്റ് പോള്‍ കണ്ടുപിടിച്ചത് ആരെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 1967 ഫെബ്രുവരി 15 ന് നടന്ന ഡച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഇത് നടപ്പിലാക്കിയത് താനാണെന്ന് ഡച്ച് സോഷ്യോളജിസ്റ്റും മുന്‍ രാഷ്ട്രീയക്കാരനുമായ മാര്‍സെല്‍ വാന്‍ ഡാം പറയുന്നു.സീറ്റ് നില, വോട്ടിംഗ് ശതമാനം കണക്ക് എന്നിവയാണ് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ സാധാരണമായി പ്രവചിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഏറെക്കുറെ ശരിയായി വന്നതും അപ്പാടെ തെറ്റിയതും ആയ ഒട്ടനവധി തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. ഇന്ത്യയില്‍ എക്സിറ്റ് പോളുകള്‍ ജനകീയമാകുന്നത് ദ്യശ്യമാധ്യമങ്ങള്‍ സമൂഹത്തില്‍ വ്യാപകമായതോടെയാണ്. എന്‍.ഡി.ടി.വി. അതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് എക്സിറ്റ് പോള്‍ പ്രസിദ്ധീകരിക്കുന്ന നിരവധി ഏജന്‍സികളുണ്ട്. ഏജന്‍സികള്‍ നിക്ഷ്പക്ഷമായെങ്കില്‍ മാത്രമേ യഥാര്‍ത്ഥ ഫലം ഉണ്ടാകുകയുള്ളൂ. മാധ്യമങ്ങള്‍ വ്യത്യസ്ഥ ഏജന്‍സികളെ സമീപിക്കുമ്പോള്‍ അവര്‍ ബിസിനസ് താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. ബിസിനസ് താത്പര്യങ്ങള്‍ക്ക് രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടാകുന്നത് വര്‍ത്തമാന കാലത്ത് സ്വാഭാവികം മാത്രം. എകസിറ്റ് പോളുകള്‍ ഇപ്പോള്‍ ഒരു കച്ചവടമായി മാറിയിരിക്കുന്നു എന്ന് പറയുന്നതിലും തെറ്റില്ല.

രക്ഷാദൗത്യങ്ങള്‍ വാര്‍ത്തകളാകുന്നു 


രക്ഷാദൗത്യങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. എന്തെല്ലാം തരത്തിലുള്ള രക്ഷാ ദൗത്ത്യങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍ മുതല്‍ പ്രക്യതി ദുരന്തങ്ങള്‍ വരെ ഇക്കൂട്ടത്തില്‍ പരാമര്‍ശിക്കപ്പെടും. യുദ്ധ ഭൂമിയില്‍ നിന്ന്, പ്രളയ ഭൂമിയില്‍ നിന്ന്, ഭൂകമ്പ പ്രദേശത്ത് നിന്ന് തുടങ്ങി എത്ര എത്ര രക്ഷാദൗത്യങ്ങള്‍ക്കാണ് നമ്മള്‍ വാര്‍ത്തളിലൂടെയെങ്കിലും സാക്ഷികളായത്... രാജ്യം ഒന്നാകെ നവംബര്‍ മാസം ദിവസങ്ങളായി ഒരിക്കല്‍ പോലും കാണാത്ത, ബന്ധമില്ലാത്തവരുടെ രക്ഷയ്ക്കായി പ്രാര്‍ത്ഥനയില്‍ മുുകിയത് നമ്മള്‍ കണ്ടു. ഉത്തരാഖണ്ഡില്‍ 41 തൊഴിലാളികള്‍ തുരങ്കനിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞ് വീണ് തുരങ്കത്തില്‍ കുടുങ്ങി. അവര്‍ക്കായുളള രക്ഷാ ദൗത്യം വിജയിച്ചത് എത്രയോ ദിവസങ്ങള്‍ കിഞ്ഞാണ്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമം പല പല തടസങ്ങള്‍ കൊണ്ട് നീണ്ടുപോയി. ഡ്രില്ലിംഗ് മെഷീന്‍ ഒരു മെറ്റല്‍ ഗര്‍ഡറില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. മറ്റൊരു ഡ്രില്ലിംഗ് മെഷീന്‍ ഇടിഞ്ഞുവീണ ഇരുമ്പില്‍ തട്ടി കേടായി. കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിരവധി ഇരുമ്പ് കമ്പികളും അവശിഷ്ടങ്ങളും സ്റ്റീല്‍ പാളികളും തടസ്സമായതോടെ ഓകാര്‍ മെഷീന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുകയായിരുന്നു ഈ അവശിഷ്ടങ്ങള്‍ കൊള്ളുന്നതാണ് തടസ്സം ആയിരുന്നത്. ഡില്ലിങ്ങിലെ തടസ്സങ്ങള്‍ കണക്കിലെടുത്ത്, രക്ഷാപ്രവര്‍ത്തകര്‍ കൈകള്‍ കൊണ്ട് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുവാന്‍ ഒടുവില്‍ തീരുമാനിച്ചു. കുടുങ്ങി കിടന്നവരുടെ ദ്യശ്യങ്ങള്‍ സമൂഹം കണ്ടു. അവരുടെ മനോധൈര്യം എടുത്ത് പറയണം. അവര്‍ ജീവിതത്തിലേയ്ക്ക് കടന്ന് വന്നത് രണ്ടാം ജന്‍മമായി കണക്കാക്കാം. നമ്മുടെ സാങ്കേതിക വിദ്യയാണ് അവരെ രക്ഷിച്ചത്. കല്‍ക്കരി ഖനിയിലെ അപകട വാര്‍ത്തകളുടെ എത്രയോ റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കണ്ടിരിക്കുന്നു. നിരവധിയാളുകള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് നമ്മള്‍ വായിച്ചിരിക്കുന്നു. പാവപ്പെട്ട തെഴിലാളികളാണ് അവിടെ ജോലി എടുക്കുന്നത് കൊണ്ട് തന്നെ അവിടെ സംഭവിക്കുന്ന പല അപകടങ്ങളും പുറം ലോകം അറിയുക പോലുമില്ല.

അസറുദ്ദീന്‍ എന്ന നല്ല മനുഷ്യന്‍ 


ഡല്‍ഹി മലയാളികള്‍ക്കിടയില്‍ കുറഞ്ഞ നാള്‍ കൊണ്ട് മനസ് കീഴടക്കാന്‍ സാധിച്ച 25 വസുകാരന്‍ അസറുദ്ദീന്‍ അന്തരിച്ചത് വിശ്വസിക്കാനാകാതെ രാജ്യ തലസ്ഥാനം. ഡല്‍ഹി ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു. പാലക്കാട് സ്വദേശിയാണ്. ചെറിയ ജീവിത കാലത്തിനുള്ളില്‍ അസറുദ്ദീന്‍ സമൂഹത്തില്‍ ഒരുപാട് നന്മകള്‍ ചെയ്തു. ഡല്‍ഹിയില്‍ വേദനിക്കുന്നവന് ആശ്വാസമായി. പ്രവാസി മലയാളിക്ക് ക്കൈതാങ്ങായി. മലയാളികളായ വിദ്യാര്‍ത്ഥികളുടെ രക്ഷകനും ഉപദേശകനും നേതാവുമായി. ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ അസറുദ്ദീന്‍ വടക്കേ ഇന്ത്യയിലെ സര്‍വ്വകലാശാലയിലെ എല്ലാ മലയാളികളുടേയും അത്താണിയായിരുന്നു. ഉപദേശകനായിരുന്നു. സഹായി ആയിരുന്നു. അവനോട് ഒരു കാര്യം പറഞ്ഞാല്‍ നിവര്‍ത്തിയുണ്ടെങ്കില്‍ അവന്‍ ചെയ്തിരിക്കുമെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യം പറയുന്നു. ഡല്‍ഹിയിലെ മലയാളികളുടെ ഒട്ടുമിക്ക പരിപാടിക്കും അസറുദ്ദീന്‍ ഉണ്ടാകും. ഡല്‍ഹിയിലെ കേരളഹൗസിലെ എല്ലാ പൊതുപരിപാടികളിലും അസറുദ്ദീന്‍ മുന്‍നിരക്കാരനായിരുന്നു. മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ എല്ലാ ആഘോഷങ്ങളിലും മുന്‍നിരയിലെ വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നെ പ്രവാസി മലയാളികള്‍ക്കിടയില്‍ അസറുദ്ദീന്‍ പ്രിയപ്പെട്ടവനായി. സഹായമനസ്ഥിതിയുള്ള, പകരം ഒന്നും ചോദിക്കാത്ത ഒരു നല്ല മനുഷ്യനായിരുന്നു അസറുദ്ദീന്‍. അസറുദ്ദീന്‍റെ നിശ്ചയദാര്‍ഢ്യവും നന്മയും സംഘാടക മികവും അവനെ എല്ലാവരുടേയും പ്രിയപ്പെട്ടവനാക്കി. അസറുദ്ദീന്‍റെ ഓര്‍മ്മകള്‍ പങ്കിടാന്‍ സുഹൃത്തുക്കള്‍ ഡല്‍ഹിയില്‍ ഒത്തുകൂടി. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളി സംഘടനകളുടെ പ്രതിനിധികളും അവിടെ ഒത്തുകൂടിയ നൂറ് കണക്കിന് ജനങ്ങളും അവന്‍റെ ജനകീയതയുടെ തെളിവാണ്. 

എ.ജെ. ഫിലിപ്പ്:  മാധ്യമ രംഗത്ത് 50 വര്‍ഷം. 


എ ജെ ഫിലിപ്പ് എന്ന എന്ന കായംകുളം സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ തന്‍റെ പ്രവര്‍ത്തന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇംഗ്ലീഷ് ഭാഷയിലാണ് അദ്ദേഹം തന്‍റെ മാധ്യമപ്രവര്‍ത്തനം സജീവമാക്കിയത്. തന്‍റെ ജീവിതത്തിന്‍റെ മുഖ്യ വരുമാനമാര്‍ഗ്ഗം മാധ്യമപ്രവര്‍ത്തനം മാത്രമായിരുനെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ദി ഇന്ത്യന്‍ എക്സ്പ്രസ്സില്‍, ഹിന്ദുസ്ഥാന്‍ ടൈംസില്‍, ദി ട്രിബ്യൂണില്‍... അങ്ങനെ ഇന്ത്യന്‍ കറന്‍റിലും മറ്റ് ഒട്ടേറെ ചെറുകിട പ്രസിദ്ധീകരണങ്ങളിലും എ.ജെ. ഫിലിപ്പ് എന്ന മാധ്യമപ്രവര്‍ത്തകന്‍റെ തൂലിക ചലിപ്പിക്കുകയുണ്ടായിട്ടുണ്ട്.  ഏന്തെങ്കിലും ചടങ്ങുകളില്‍ എ.ജെ. ഫിലിപ്പ്  പ്രസംഗിക്കുകയാണെങ്കില്‍ അദ്ദേഹം അവതരിപ്പിക്കുന്ന സംഭവ കഥ കേള്‍വിക്കാര്‍ക്ക് താത്പര്യത്തോടെ കേട്ടിരിക്കാന്‍ ഉതകുന്നതാണ്. സന്ദര്‍ഭത്തിന് അനുയോജ്യമായ ഒരു സംഭവ വിവരണം അദ്ദേഹത്തിന്‍റെ മാത്രം പ്രത്യേകതയാണ്. ആശയ വിനിമയം എന്നത് വിശേഷപ്പെട്ട ഭാഷാ സ്വാധീനമാണ്. അത് എ.ജെ. ഫിലിപ്പിന് വേണ്ടുവോളമുണ്ട്. അത് മലയാളത്തിലും, ഹിന്ദിയിലും, ഇംഗ്ലീഷിലും ഒരുപോലെ ശോഭിക്കുന്നു എന്നതും എടുത്ത് പറയണം.

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ അദ്ദേഹത്തിന്‍റെ ഓരോ കുറിപ്പുകളും ശ്രദ്ധേയമാണ്. അദ്ദേഹം എഴുതിയ തുറന്ന കത്തുകള്‍ എടുത്ത് പറയേണ്ട ഒന്നാണ്. പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ ഇന്ത്യന്‍ പ്രസിഡന്‍റിനും അമേരിക്കന്‍ പ്രസിഡന്‍റിനും തുറന്ന് കത്തെഴുതി ശ്രദ്ധേയനാണ് അദ്ദേഹം. എല്ലാ കത്തുകളിലും കാമ്പുണ്ട് എന്നതുകൊണ്ട് ഗൗരവമായി തന്നെ അതിനെ സമീപിക്കണം. അങ്ങനെ പല ചലനങ്ങളും തുറന്ന കത്ത് മുഖേന സംഭവിച്ചിട്ടുണ്ട്. 


ഡല്‍ഹിയിലെ കലാ സാംസ്കാരിക രംഗങ്ങളിലും തന്‍റെ സേവനം നല്‍കുകയുണ്ടായിട്ടുണ്ട്. കേരള ക്ലബിന്‍റെ വൈസ് ചെയര്‍മാനാണ്. സാമൂഹ്യ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ എടുത്തു പറയാവുന്ന ദീപാലയ എന്ന സന്നദ്ധ സംഘടനയുടെ നേതൃനിരയിലും എ. ജെ. ഫിലിപ്പ് ഉണ്ടായിരുന്നു. അനാഥരായവരെ സനാഥരാക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ എ.ജെ. ഫിലിപ്പിന്‍റെ പങ്ക് പ്രശംസനീയമാണ്. എ.ജെ. ഫിലിപ്പിന്‍റെ മാധ്യമപ്രവര്‍ത്തനത്തിന്‍റെ അന്‍പത് വര്‍ഷം മാധ്യമ പ്രവര്‍ത്തകരും, സുഹ്യത്തുക്കളും ഡല്‍ഹിയിലെ കേരള ക്ലബില്‍ ആഘോഷിച്ചു.