അയോധ്യ മറക്കില്ല ആലപ്പുഴക്കാരന്‍ നായരെ

അയോധ്യ മറക്കില്ല ആലപ്പുഴക്കാരന്‍ നായരെ

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


അയോധ്യയും അവിടെ ഉയരുന്ന ക്ഷേത്ര നിര്‍മ്മാണവും ഇന്ന് രാഷ്ട്രീയമാണ്. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അയോധ്യ ക്ഷേത്ര നിര്‍മ്മാണം ചര്‍ച്ചയാക്കുന്നു. രാജ്യത്തെ ഹിന്ദുമത വിശ്വാസികളുടെ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ബി.ജെ.പി. അയോധ്യ ക്ഷേത്രം ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതിനര്‍ത്ഥം ഹിന്ദു സമുദായത്തിനെ ആകര്‍ഷിക്കുന്ന ഒന്ന് അയോധ്യാ ക്ഷേത്ര നിര്‍മ്മിതിയിലുണ്ട് എന്നതാണ്. അയാധ്യ ക്ഷേത്ര വിഷയത്തിന് തുടക്കം കുറിച്ചത് ഒരു മലയാളിയാണ്. ആലപ്പുഴക്കരന്‍ കെ.കെ.കെ. നായര്‍. അയോധ്യയിലെത്തുന്ന ഭക്തര്‍ക്ക് അവിടുത്തെ ഗൈഡുകള്‍ ആദ്യം പരിചയപ്പെടുത്തുന്നതും നായരെ തന്നെ. പക്ഷെ ഇന്ന് കെ.കെ.കെ. നായര്‍ ചിത്രത്തിലുണ്ടോ എന്നത് സംശയം. 

ഹിന്ദു വിശ്വാസപ്രകാരം വിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമന്‍. രാമായണത്തില്‍ പറയുന്നത് അയോധ്യയിലെ സരയൂനദിയുടെ തീരത്താണ് ശ്രീരാമന്‍ ജനിച്ചത് എന്നാണ്. മുഗള്‍ ഭരാണാധികാരിയായ ബാബര്‍ ആണ് 1528 ല്‍ അയോധ്യയില്‍ മസ്ജീദ് സ്ഥാപിക്കുന്നത്. അയോധ്യ രാമജന്മഭൂമിയാണെന്നും അവിടെ ഉണ്ടായിരുന്ന രാമക്ഷേത്രം ബാബര്‍ മസ്ജീദായി മാറ്റിയെടുക്കുകയായിരുന്നു എന്നാണ് ഹിന്ദുക്കള്‍ ആരോപിക്കുന്നത്. ബ്രീട്ടീഷ് ഭരണകൂടത്തിന് മുന്നിലാണ് ഈ തര്‍ക്കം ആദ്യം എത്തുന്നത്. തര്‍ക്ക പരിഹാരം എന്ന നിലയില്‍ 1859 ല്‍ ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമായി പ്രത്യേകം ആരാധനാ സ്ഥലങ്ങള്‍ വേലി കെട്ടി തിരിച്ചു. മസ്ജീദിന്‍റെ അകം മുസ്ലിംങ്ങള്‍ക്കും പുറംഭാഗം ഹിന്ദുക്കള്‍ക്കും അനുവദിക്കുകയും ചെയ്തു. 

ബ്രിട്ടീഷുകാര്‍ അയോധ്യാ വിഷയം രമ്യമായി പരിഹരിച്ചതായിരുന്നു. പിന്നീട് വളരെ സമാധാനത്തോടെ മുസ്ലീം സമുദായം മസ്ജീദിലും, ഹിന്ദുക്കള്‍ പ്രത്യേകമായി അനുവദിച്ച പ്രദേശത്തും ആരാധന നടത്തി വരികയായിരുന്നു. വളരെ സമാധാനത്തില്‍ അയോധ്യ ഇരിക്കുന്ന അവസരത്തിലാണ് 1949ല്‍ കെ കെ കെ നായരുടെ സാനിധ്യത്തില്‍ പണ്ഡിറ്റും ഗുസ്തിക്കാരനുമായ അറടി ഉയരമുള്ള അഭിരാം ദാസിന്‍റെ നേത്യത്ത്വത്തില്‍ ഏഴ് ഇഞ്ച് നീളമുള്ള ശ്രീരാമ വിഗ്രഹം മസ്ജീദിന്‍റെ ഉള്ളില്‍ സ്ഥാപിച്ചത്. ശ്രീരാമവിഗ്രഹം പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്ത പരത്തി അവിടെ  പൂജയും ഭജനയും നടത്തി. മസ്ജീദ് ഇരുന്ന സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചത് എന്നത് കൊണ്ടാണ് 1949ല്‍ വിഗ്രഹം വെച്ചതും, 1992ല്‍ രണ്ട് ലക്ഷത്തിലേറെ വരുന്ന കര്‍സേവകര്‍ ബാബറി മസ്ജീദ് പൊളിച്ചതും. അവിടെ ഉയര്‍ന്ന താത്കാലിക ക്ഷേത്രമാണ് ഇന്ന് അയോധ്യയിലെ വലിയ ക്ഷേത്ര സമുച്ചയമായി മാറുന്നത്. 

1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബറി മസ്ജീദ് കര്‍സേവകര്‍ തകര്‍ത്തതോടെ രാജ്യത്ത് വ്യാപകമായി കലാപം ഉണ്ടായി. പിന്നീട് രാജ്യം ഏറെ ചര്‍ച്ച ചെയ്ത ഇടമാണ് അയോധ്യയിലെ ബാബറി മസ്ജീദും, രാമജന്‍മ ഭൂമിയും. അയോധ്യ ഒരു വിഷയമായി ഉയര്‍ത്തുന്നതില്‍ എല്‍.കെ അൗ്വാനിയും, മുരളി മനോഹര്‍ ജോഷിയും, ഉമാ ഭാരതിയും വഹിച്ച പങ്കും ചെറുതല്ല. അവരുണ്ടാക്കിയ അലകളാണ് ഇന്ന് രാജ്യം ഭരിക്കാന്‍ ബി.ജെ.പിക്ക് അവസരം ഉണ്ടാക്കിയത്. 

അയോധ്യ വിഷയം സുപ്രീം കേടതിയില്‍ എത്തിയതും അവിടെ നടന്ന വാദപ്രതിവാദങ്ങളും നിയമ ചരിത്രത്തിന്‍റെ ഭാഗമാണ്. 133 വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് അയോധ്യ വിഷയം കാരണമായിട്ടുണ്ട്. അതിന് സമാപ്തി കുറിച്ച് 1045 പേജുള്ള സുപ്രീം കോടതിയുടെ വിധി വന്നു. 9 ഭാഷകളിലായി പന്ത്രണ്ടായിരത്തോളം പേജുള്ള തെളിവുകള്‍ പരിശോധിച്ചാണ് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാം എന്നായിരുന്നു സുപ്രീം കേടതി വിധി.  ഉത്തര്‍പ്രദേശിലെ ഫൈസബാദ് ജില്ലയില്‍ സരയൂ നദിയുടെ തീരത്തുള്ള ചെറിയ പട്ടണമാണ് അയോധ്യ. ക്ഷേത്രങ്ങളുടെ നാടായ അയോധ്യയില്‍ 7000 ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്ക്. ഹിന്ദു മത വിശ്വാസപ്രകാരം ശ്രീരാമന്‍റെ ജന്‍മസ്ഥലമാണ് അയോധ്യ. 

1949 മുതല്‍ ബാബറി മസ്ജീദ്  പോലീസ് സംരക്ഷണയിലാണ്. 1957ല്‍ അയോധ്യയിലെ ബാബറി മസ്ജീദ് സന്ദര്‍ശിച്ച ഓംചേരി എന്‍ എന്‍ പിള്ള പറഞ്ഞത് മലയാളിയായത് കൊണ്ട് താഴ് തുറന്ന് മസ്ജീദില്‍ കയറി കെ കെ കെ നായരും സംഘവും വെച്ച രാമവിഗ്രഹം കാണാന്‍ സാധിച്ചു എന്നാണ്. മലയാളിയായ കെ കെ കെ നായരായിരുന്നു ഹിന്ദു സന്യാസിമാരെ സംഘടിപ്പിച്ച് മസ്ജീദില്‍ വിഗ്രഹം വെച്ചത്. അന്ന് ഫൈസബാദ് ജില്ലാ മജിസ്ട്രേറ്റായ കെ കെ കെ നായര്‍ തന്നെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മസ്ജീദ് പൂട്ടിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ കൈനികരിയിലെ ക്യഷ്ണകുമാര്‍ കരുണാകരന്‍ നായരെന്ന കെ കെ കെ നായരെന്ന മലയാളിയാണ് വിവാദ ഭൂമിയായ അയോധ്യയിലെ രാമക്ഷേത്രത്തിന് തുടക്കം കുറിച്ചത്. 1907ല്‍ സെപ്തംബര്‍ 11ന് ജനിച്ച അദ്ദേഹം ഐസിഎസ് ഉദ്യോഗസ്ഥനായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ഇംപീരിയല്‍ സിവില്‍ സര്‍വ്വീസാണ് ഐസിഎസ്. ഇന്നത്തെ ഐഎഎസ്. 1930 ബാച്ച് ഐസിഎസ് ഉദ്യോഗസ്ഥനായ കെ കെ കെ നായര്‍ 1946ല്‍ ഡറാഡൂണ്‍ സ്വദേശിനിയായ ശകുന്തളയെ വിവാഹം കഴിച്ചു. അങ്ങിനെ ശകുന്തള, ശകുന്തള നായരായി. അവരുടെ ഏക മകന്‍ മാര്‍ത്തണ്ഡ് വിക്രമന്‍ നായര്‍ (വിക്കി) ഡല്‍ഹിയിലുണ്ട്. കെ.കെ.കെ നായരും ശകുന്തള നായരും മരണപ്പെട്ടു. പക്ഷെ മകന്‍ ജീവിച്ചിരിക്കുന്നു. ഡല്‍ഹിയിലെ വീട്ടിലിരുന്ന് അയോധ്യ ക്ഷേത്ര വാര്‍ത്തകള്‍ ടിവിയില്‍ കാണുന്നു.

കടുത്ത ഹൈദവ വിശ്വാസിയായ നായര്‍ക്ക് പതേശ്വരി പ്രസാദ് സിംഗും, മഹദ് ദിഗ്വിജയ് നാഥ്, അഭിരാം ദാസ് തുടങ്ങിയ ഹിന്ദു നേതാക്കളുമായി വ്യക്തി ബന്ധമുണ്ടായിരുന്നു. വി ഡി സവാര്‍ക്കറുടെ നിര്‍ദേശ പ്രകാരം വിദേശികളും, മുഗള്‍ രാജാക്കന്‍മാരും നശിപ്പിക്കുകയോ, സ്വന്തമാക്കുകയോ ചെയ്ത ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കണമെന്ന ആശയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന കാലമായിരുന്നു. തനിക്ക് കഴിയാവുന്ന എല്ലാ സഹായവും പിന്തുണയും നായര്‍ ഉറപ്പ് നല്‍കി. 1945ല്‍ കെ കെ കെ നായരും, ഗുരു ദത്ത് സിംഗും കണ്ടു മുട്ടി. ഇരുവരും വലിയ രാമഭക്തരായിരുന്നു. ഹിന്ദു നേതാക്കളുമായുള്ള ശക്തമായ ബന്ധം അയോധ്യയിലെ ബാബറി മസ്ജീദ് പിടിച്ചടക്കണമെന്ന തീരുമാനത്തില്‍ എത്തി. 

പതേശ്വരി പ്രതാപ് സിംഗ് 1948ല്‍ രാമരാജ്യ പരിഷത്ത് സ്ഥാപിച്ചപ്പോള്‍ സുഹ്യത്തായ കെ കെ കെ നായരെ പ്രത്യേക ക്ഷണിതാവാക്കി. 1948ല്‍ ഫൈസബാദ് സിറ്റി മജിസ്ട്രേയ്റ്റായി നായരുടെ ഉറ്റ സുഹ്യത്ത് ഗുരു ദത്ത് സിംഗ് നിയമിതനായി. വ്യക്തി സ്വാധീനം ഉപയോഗിച്ച് 1949 ജൂണ്‍ ഒന്നിന് കെ കെ കെ നായര്‍ അയോധ്യ ഉള്‍പ്പെട്ട ഫൈസബാദിന്‍റെ ഡെപ്യൂട്ടി കമ്മിഷ്ണറായും, ജില്ലാ മജിസ്ട്രേറ്റുമായും നിയമനം നേടി. ഇരുവരുടേയും രാമഭക്തി മസ്ജീദില്‍ ശ്രീരാമ വിഗ്രഹം എത്തിക്കാന്‍ ധാരണയായി. ഒരു ഹിന്ദുവും, ഒരു മുസല്‍മാനുമായിരുന്നു രാത്രിയില്‍ ബാബറി മസ്ജീദിന് കാവല്‍ നിന്നിരുന്നത്. ഹിന്ദു കാവല്‍ക്കാരനെ സിംഗ് പറഞ്ഞ് കീഴ്പെടുത്തി. മുസ്ലീം ഹവല്‍ദാറായ അബ്ദുള്‍ ബര്‍ക്കത്തിനെ സഹകരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കീഴ്പ്പെടുത്തിയത്.

1949 ഡിസംബര്‍ 22ന് വ്യാഴാഴ്ച്ച രാത്രി 11 മണിക്ക് ശേഷം ഏഴിഞ്ച് മാത്രം ഉയരമുള്ള ചെറിയ രാം ലല്ലു (ശ്രീരാമ വിഗ്രഹം) പണ്ഡിറ്റും ഗുസ്തിക്കാരനുമായ അഭിരാം ദാസ് കുറച്ച് സന്യാസിമാരെയും കൂട്ടി  ബാബറി മസ്ജീദില്‍ കയറി സ്ഥാപിച്ചു. കാവല്‍ക്കാരായ രണ്ടു പേരും സഹകരിച്ചു. വിഗ്രഹം ബാബറി മസ്ജീദിനുള്ളില്‍ പ്രത്യക്ഷപ്പെട്ടതാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. അന്ന് ഫൈസബാദ് ജില്ലാ മജിസ്ട്രേറ്റ് കെ കെ കെ നായരും, ഫൈസബാദ് സിറ്റി മജിസ്ട്രേയ്റ്റ് ഗുരു ദത്ത് സിംഗും രാത്രിയില്‍ അവരോടൊപ്പം ഉണ്ടായിരുന്നു. ശ്രീരാമ വിഗ്രഹം സ്വയം പ്രത്യക്ഷപ്പെട്ടു എന്ന വാര്‍ത്ത വ്യാപകമായി പരന്നു. പിറ്റേന്ന് അവിടെ ഹിന്ദു ഭക്തരുടെ വലിയ തിരക്കായി. മസ്ജീദില്‍ പ്രത്യക്ഷപ്പെട്ട രാമവിഗ്രഹം കാണുവാന്‍ ജനങ്ങള്‍ കൂട്ടമായി എത്തി. മസ്ജീദില്‍ ശ്രീരാമ ഭജനയ്ക്ക് നേത്യത്ത്വം കൊടുത്തത് നായരുടെ ഭാര്യ ശകുന്തള നായരായിരുന്നു. 

അയോധ്യയില്‍ ഉണ്ടായ സംഭവങ്ങള്‍ ഫൈസബാദ് ജില്ലാ മജിസ്ട്രേയ്റ്റും, ഫൈസബാദ് ഫൈസബാദ് സിറ്റി മജിസ്ട്രേയ്റ്റും അധികാര കേന്ദ്രങ്ങളില്‍ അറിയിക്കാന്‍ താമസിപ്പിച്ചു. അന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് വഴി കെ കെ കെ നായരോട് സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രീരാമ വിഗ്രഹം ബാബറി മസ്ജീദില്‍ നിന്ന് നീക്കം ചെയ്ത് മുസ്ലീങ്ങള്‍ക്ക് പള്ളി വിട്ടു കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രിയുടെയും, മുഖ്യമന്ത്രിയുടേയും ഉത്തരവ് അനുസരിക്കാതെ, ജില്ലാ മജിസ്ട്രേറ്റിന്‍റെ അധികാരം ഉപയോഗിച്ച്  ബാബറി മസ്ജീദ് അടച്ച് പൂട്ടി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിക്കാത്ത കെ കെ കെ നായരെ സര്‍വ്വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു. 

തുടര്‍ന്ന് നടന്ന 1952ലെ പാര്‍ലമെന്‍റ് ഇലക്ഷനില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ നാല് സീറ്റില്‍ ജയിച്ചു. അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും, ലോക്സഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് എന്‍ സി ചാറ്റര്‍ജി വെസ്റ്റ് ബംഗാളിലെ ഹൂഗ്ലിയില്‍ നിന്നും, കെ കെ കെ നായരുടെ ഭാര്യ ശകുന്തള നായര്‍ ഉത്തര്‍ പ്രദേശിലെ ഗോണ്ടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 1962ല്‍ ശകുന്തള ഉത്തര്‍ പ്രദേശ് നിയമസഭയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അയോധ്യയിലെ മസ്ജീദില്‍ വിഗ്രഹം വെച്ച് പ്രശ്മാക്കി മസ്ജീദ് പൂട്ടിച്ച ശേഷം ഫൈസബാദ് സിറ്റി മജിസ്ട്രേയ്റ്റ് ഗുരു ദത്ത് സിംഗ് തത്സ്ഥാനം രാജിവെച്ചു. കെ കെ കെ നായരെ സസ്പന്‍റ് ചെയതതിന് പിന്നാലെ സിംഗിന് നേരെ നടപടി വരുന്നു എന്ന് കണ്ടതിനാലാണ് രാജി നല്‍കിയത്. ഒട്ടേറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഐസിഎസ് ഉദ്യോഗ സര്‍വ്വീസില്‍ തിരിച്ചെത്തിയ കെ കെ കെ നായര്‍ക്ക് ഒട്ടേറെ വെല്ലുവിളി നേരിടേണ്ടി വന്നു. ഐസിഎസ് ഉദ്യോഗസ്ഥനായ നായര്‍ ഒടുവില്‍ 1952ല്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചു. പിന്നീട് കെ കെ കെ നായര്‍ അലഹബാദ് ഹൈകോടതിയില്‍ അഭിഭാഷകനായും സേവനം അനുഷ്ടിച്ചു. ഗുരു ദത്ത് സിംഗ് ഹിന്ദു നാഷണലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് നേതാവായി. പിന്നീട് ജനസംഘിന്‍റെ ഫൈസബാദ് ജില്ലാ പ്രധാനായി.

നായരുടെ ഭാര്യ ശകുന്തള നായര്‍ രണ്ടാമത് 1967ലും, മൂന്നാമത് 1971ലും ലോക്സഭയിലേയ്ക്ക്  കിഷാര്‍ഗഞ്ചില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാലാം ലോക്സഭയില്‍ 1967ല്‍ ബഹറായ്ച്ച് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് കെ കെ കെ നായര്‍ ഭാരതീയ ജനസംഘിന്‍റെ പ്രതിനിധിയായി പാര്‍ലമെന്‍റിലെത്തി. അങ്ങനെ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് നാലാം പാര്‍ലമെന്‍റ് അംഗങ്ങളായി എന്ന ചരിത്രവുമുണ്ട്. 1977 സെപ്തംബര്‍ 7ന് കെ കെ കെ നായര്‍ അന്തരിച്ചു. അയോധ്യ ക്ഷേത്രം ഇന്ന് വലിയ ചര്‍ച്ചയാകുമ്പോള്‍ പലരും മറന്ന് പോകുന്ന പേരാണ് കെ.കെ.കെ. നായരുടേത്. അദ്ദേഹമായിരുന്നല്ലോ അയോധ്യ രാമക്ഷേത്രത്തിന്‍റെ ആദ്യ ചുവട് വെപ്പിച്ചത്.

ഫോട്ടോ: കെ കെ കെ നായരും, ഭാര്യ ശകുന്തള നായരും.