മെട്രോ ഗതാഗതം ചരിത്രം മാറ്റുന്നു.
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രതിദിനം കാര്യക്ഷമവും സൗകര്യപ്രദവുമായ ഗതാഗതം പ്രദാനം ചെയ്യുന്ന ആധുനിക എഞ്ചിനീയറിംഗിന്‍റെ അത്ഭുതമാണ് മെട്രോ സംവിധാനങ്ങള്‍. ലോകമെമ്പാടുമുള്ള നഗരജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായി ഇപ്പോള്‍ മെട്രോ സംവിധാനങ്ങള്‍ മാറി കഴിഞ്ഞു. നഗരങ്ങള്‍ ചുറ്റിക്കറങ്ങാന്‍ വേഗതയേറിയതും കാര്യക്ഷമവും ചിലവ് ചുരുങ്ങി സാധാരണ ജനത്തിന് താങ്ങാനാവുന്നതുമായ ഒരു മാര്‍ഗമാണിത്. ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുന്നതുമാണ് മെട്രോ സംവിധാനങ്ങള്‍. മെട്രോ ട്രെയിനും, വാട്ടര്‍ മെട്രോയും ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും കാണാം.
ലോകത്തിലെ ആദ്യ മെട്രോ റെയില്‍വേ നിലവില്‍ വന്നത് ലണ്ടനിലാണ്. ലോകത്തിലെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍വേ ആയിരുന്നു ലണ്ടനിലെ മെട്രോ. ലോക്കോമോട്ടീവ് ട്രെയിനുകളാണ് 1863-ല്‍ തുടക്കം കുറിച്ച ലണ്ടനിലെ മെട്രോ ആദ്യം ഉപയോഗിച്ചത്. പാഡിംഗ്ടണിനും ഫാറിംഗ്ഡണിനും ഇടയിലാണ് ലണ്ടനിലെ മെട്രോ തുടക്കം കുറിച്ചത്. പാഡിംഗ്ടണിലെ സ്റ്റേഷന്‍ ഇന്നും ഉപയോഗത്തിലുണ്ട്. റെയില്‍വേ സാങ്കേതികവിദ്യ അനുസരിച്ച്, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോ സംവിധാനമായി അറിയപ്പെടുന്ന ലണ്ടനിലെ മെട്രോ 270 സ്റ്റേഷനുകളുള്ള 402 കിലോമീറ്ററില്‍ ദൂരം വ്യാപിച്ചുകിടക്കുന്നു.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്നത്തെ പല മെട്രോ സ്റ്റേഷനുകളും വ്യോമാക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള സംരക്ഷിത കേന്ദ്രമായി ഉപയോഗിച്ചിരുന്നു എന്നത് ചരിത്രമാണ്. ഇതേ സമയത്ത് തന്നെ യുദ്ധോപകരണങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണുകളായും, ചെറു വീമാന നിര്‍മ്മാണ ഫാക്ടറികളായും പല മെട്രോ സറ്റേഷനുകളും, ഭൂമിക്കടിയിലെ പാതകളും പ്രവര്‍ത്തിച്ചിരുന്നു. യുദ്ധകാലത്ത് ബ്രിട്ടീഷ് മ്യൂസിയത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ രഹസ്യ സുക്ഷിപ്പിനായും മെട്രോ ലൈനുകള്‍ ഉപയോഗിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ആദ്യത്തെ മെട്രോ റെയില്‍ ആരംഭിച്ചത് കൊല്‍ക്കത്തയിലാണ്. ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ അഞ്ചാമത്തേതുമായ ഭൂഗര്‍ഭ റെയില്‍വേ പാത 1984 ഓക്ടോബര്‍ 24-ന് ഭാഗികമായി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 3.40 കി. മി നീളമുള്ളതും ഇടയില്‍ അഞ്ച് സ്റ്റേഷനുകളും ഉള്ളതായ എസ്പ്ലാന്‍റേ - ഭൊവാനിപ്പുര്‍ പാതയിലാണ് ആദ്യ സേവനം തുടങ്ങിയത്. കൊല്‍ക്കത്ത മെട്രോയുടെ പാത തുടങ്ങുന്നത് ഡം ഡം സ്റ്റേഷനില്‍ നിന്നാണ്. പിന്നീട് പാര്‍ക് സ്ട്രീറ്റ്, എസ്പ്ലാന്‍റേ എന്നീ സ്ഥലങ്ങളിലൂടെ നീങ്ങി ടോളിഗഞ്ചില്‍ അവസാനിക്കുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയില്‍വേ നിലവില്‍ വന്നത് ന്യൂഡല്‍ഹിയിലാണ്. 2002 ഡിസംബര്‍ 24 നാണ് ഡെല്‍ഹി മെട്രോ ആരംഭിച്ചത്. ലോകത്തിലെ ആദ്യത്തെ ഹരിത മെട്രോയാണ് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഡി.എം.ആര്‍.സി) എന്ന സ്ഥാപനത്തിന് കീഴിലാണ് ഡല്‍ഹി മെട്രോ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയില്‍ നെറ്റ്വര്‍ക്ക് എന്ന ബഹുമതിയും ഡല്‍ഹി മെട്രോയ്ക്കാണ്. 1960ലെ ഡെല്‍ഹി മാസ്റ്റര്‍ പ്ലാനിലായിരുന്നു ഡെല്‍ഹി മെട്രോ എന്ന ആശയം ആദ്യം വന്നത്. പിന്നീട് ഇതിന് വേണ്ടിയുള്ള നിയമനിര്‍മ്മാണം 1978 ലെ മെട്രോ റെയില്‍ നിയമത്തില്‍ കൊണ്ടുവന്നു. പക്ഷേ, മെട്രോ റെയില്‍വേയുടെ നിര്‍മ്മാണം തുടങ്ങിയത് വര്‍ഷങ്ങള്‍ക്കുശേഷം ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഡി.എം.ആര്‍.സി) രൂപപ്പെട്ടതിനുശേഷം 1995 മാര്‍ച്ച് 5-ന് മാത്രമായിരുന്നു. കല്‍ക്കട്ട മെട്രോയുടെ നിര്‍മ്മാണത്തില്‍ ഉണ്ടായ കാലതാമസവും സാമ്പത്തിക-സാങ്കേതികപ്രശ്നങ്ങളും കണക്കിലെടുത്ത് ഡി.എം.ആര്‍.സി ക്ക് ഡെല്‍ഹി മെട്രോയുടെ പൂര്‍ണ്ണ അധികാരം നല്‍കിയിരുന്നു.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈന്‍ വിശേഷപ്പെട്ടതാണ്. മറ്റ് മെട്രോ തീവണ്ടികളില്‍ നിന്നും ഇത് വേറിട്ട് നില്‍ക്കുന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് യശോഭൂമി ദ്വാരക സെക്ടര്‍ -25 വരെയുള്ള ഡല്‍ഹി മെട്രോ പാതയാണിത് .പാതയുടെ ആകെ നീളം 22.7 കിലോമീറ്ററാണ്. ഇതില്‍ 15.7 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ്. 120 കി.മീ / മണിക്കൂര്‍ വേഗതയില്‍ സഞ്ചരിക്കുന്ന എയര്‍പോര്‍ട്ട് എക്സ്പ്രസ് മെട്രോ, രാജ്യത്തെ ഏറ്റവും വേഗതയേറിയ മെട്രോ ലൈനാണ്. വിമാനതാവളവും പട്ടണവുമായി പതിനഞ്ച് നിമിഷത്തെ യാത്രാ സമയം എന്നത് വലിയ ആകര്‍ഷണമാണ്. വിമാനത്തില്‍ ചെക്കിന്‍ ചെയ്യാനുള്ള സൗകര്യവും ചില മെട്രോ സ്റ്റഷനുകളില്‍ ഉണ്ട്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മെട്രോ സേവനം ഉള്ളത് ചൈനയിലാണ.് ചൈനയിലെ 51 പട്ടണങ്ങളിലാണ് മെട്രോ സേവനം ഇപ്പോള്‍ ഉള്ളത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മെട്രോ സേവനം ഉള്ളത് ഇന്ത്യയിലാണ്. ഇന്ത്യയിലെ 20 പട്ടണങ്ങളില്‍ ഇതിനോടകം മെട്രോ സേവനം തുടങ്ങി എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്‍റെ 24 പട്ടണങ്ങളിലായി 770 കിലോമീറ്റര്‍ ദൂരമാണ് ഇപ്പോള്‍ മെട്രോ സര്‍വീസ് നടത്തുന്നത്. ആയിരം കിലോമീറ്റര്‍ ദൂരം നിര്‍മ്മാണത്തില്‍ ഇരിക്കുന്നു എന്നുള്ളതും നമുക്ക് ഏറെ അഭിമാനം നല്‍കുന്ന അറിവാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ബംഗളൂരു, ഗുരുഗ്രാം, മുംബൈ, ജയ്പുര്‍, ചെന്നൈ, കൊച്ചി, ലഖ്നൗ, ഹൈദരാബാദ്, നോയിഡ, അഹമ്മദാബാദ്, നാഗ്പുര്‍, കാണ്‍പൂര്‍ എന്നിവയാണ് മറ്റു പ്രധാന മെട്രോ റെയിലുകള്‍ സേവനം നടത്തുന്നത്.
രാജ്യത്തെ മിക്ക മെട്രോകളും പല കാരണങ്ങള്‍ കൊണ്ട് സവിശേഷത നിറഞ്ഞതാണ്. ഇന്ത്യയിലെ ആദ്യത്തെ ജലത്തിനടിയിലൂടെയുള്ള മെട്രോ സര്‍വ്വീസ് കല്‍ക്കത്ത മെട്രോയുടേതാണ്. കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിയുടെ കുറുകെ മെട്രോ തീവണ്ടികള്‍ പായുന്നു. ഊര്‍ജ സംരക്ഷണത്തിന് ഡല്‍ഹി മെട്രോ മാത്യകയാണ്. അതുപോലെ തന്നെ മാലിന്യങ്ങളില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിച്ച ഇന്ത്യയിലെ ആദ്യത്തേത് ഡല്‍ഹി മെട്രോയാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെട്രോ ബംഗളൂരുവിലാണ് തുടങ്ങിയത്. ബംഗളൂരു മെട്രോ നിലവില്‍ അറിയപ്പെടുന്നത് നമ്മ മെട്രോ എന്നാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോയും നമ്മ മെട്രോയ്ക്ക് സ്വന്തമാണ്.
ന്യൂഡല്‍ഹിയില്‍ പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനിലെ മെട്രോ മ്യൂസിയം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ ഉത്ഭവവും ചരിത്രവും യാത്രയും പ്രദര്‍ശിപ്പിക്കുന്നു. പ്രവര്‍ത്തനക്ഷമമായ ഒരു മെട്രോ സ്റ്റേഷനിലെ ലോകത്തിലെ ഏക ഇന്‍സ്റ്റാളേഷനാണിത്. ഇന്ത്യയിലെ ആദ്യത്തെ ആധുനിക ഗതാഗത സംവിധാനമാണ് ഡല്‍ഹി മെട്രോ എന്ന് പറയുന്നതില്‍ തെറ്റില്ല. ഡല്‍ഹിയില്‍ മെട്രോ സേവനം ഇല്ലായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുവാന്‍ തന്നെ ഇന്ന് പ്രയാസമാണ്. വാഹനങ്ങളുടെ അതിപ്രസരം കാരണം വലിയ ഗതാഗത കുരുക്കാണ് ഉള്ളത്. പ്രധാനമന്ത്രിയടക്കം മെട്രോ സേവനം ഉപയോഗിക്കുന്നു എന്നത് എടുത്ത് പറയണം. ഡല്‍ി മെട്രോ വിശ്വസനീയവും വേഗതയേറിയതും സൗകര്യപ്രദവും സുരക്ഷിതവുമായ ഗതാഗത മാര്‍ഗ്ഗം പ്രദാനം ചെയ്തിട്ടുണ്ട്. ഇത് നഗരത്തിന്‍റെ യാത്രാ സംവിധാനത്തെ മാറ്റിമറിച്ചു എന്നതില്‍ ഒരു സംശയവും ഇല്ല.
കൊച്ചിയില്‍ രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ സേവനത്തിന് തുടക്കം കുറിച്ചു എന്നത് മലയാളിക്ക് അഭിമാനം നല്‍കുന്ന കാര്യമാണ്. കേരളം നദികളും പുഴകളും കൊണ്ട് സമൃദ്ധമായ ഒരു ഭൂപ്രദേശമാണ് എന്നത് വാട്ടര്‍ മെട്രോയുടെ സാധ്യത വര്‍ദ്ധിപ്പിച്ചു. ലോകനിലവാരമുള്ള ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രൊയില്‍ ഉപയോഗിക്കുന്നതെന്ന് എന്നത് കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രശസ്തി ലോകമാകമാനം എത്തിച്ചു. കൊച്ചി വാട്ടര്‍ മെട്രൊ 100 യാത്രക്കാര്‍ക്കും 50 യാത്രക്കാര്‍ക്കും സഞ്ചരിക്കാവുന്ന കൊച്ചി മെട്രൊ ട്രെയിനിലെ പോലെ പൂര്‍ണ്ണമായും ശീതീകരിച്ച ക്യാബിനുകളിലാണ് മെട്രൊ ബോട്ടുകള്‍ക്കുള്ളത്. കൊച്ചി വാട്ടര്‍ മെട്രൊയുടെ എല്ലാ ബോട്ടുകളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതും ലോകോത്തര നിലവാരമുള്ളതുമാണ്. മേക്ക് ഇന്‍ ഇന്ത്യ എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ മുദ്രാവാക്യത്തിന് ശക്തി പകരുന്നതിനൊപ്പം കൊച്ചിന്‍ ഷിപ്പ്യാഡ്ില്‍ നിര്‍മ്മിച്ചതാണ് കൊച്ചി മെട്രൊ ബോട്ടുകള്‍ എന്നത് അഭിമാന നേട്ടമാണ്.
രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന മെട്രോ സംവിധാനം ജനങ്ങളുടെ ജീവിത രീതി തന്നെ മാറ്റിമറിച്ചിരിക്കുന്നു എന്ന് വേണം മനസ്സിലാക്കുവാന്‍. നിലവില്‍ പ്രശസ്തമായ വന്ദേ ഭാരത് തീവണ്ടിയും ഒരുതരത്തില്‍ മെട്രോ സര്‍വീസിന്‍റെ ഭാഗം തന്നെയാണ്. ആധുനിക സംവിധാനങ്ങളുടെ സഹായത്താല്‍ ഒരു സംസ്ഥാനങ്ങളില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നതിനാണ് ജനങ്ങള്‍ ഇപ്പോള്‍ വന്ദേ ഭാരത് ഉപയോഗിക്കുന്നത്. കേരളത്തില്‍ സംസ്ഥാനത്തിന്‍റെ ഒരറ്റത്തുനിന്ന് മറ്റൊരുറ്റത്തേക്ക് മാത്രമാണ് വന്ദേ ഭാരത് സേവനം നടത്തുന്നത് എന്നത് എന്നുള്ളത് ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഇന്ത്യയുടെ ഗതാഗത സംവിധാനത്തിന്‍റെ വളര്‍ച്ചയുടെ ചിഹ്നങ്ങള്‍ മെട്രോ സര്‍വീസുകളില്‍ നമുക്ക് കാണുവാന്‍ സാധിക്കും. സുരക്ഷാ സംവിധാനങ്ങള്‍ വലിയ രീതിയില്‍ ക്രമീകരിച്ചിട്ടുള്ളതാണ് മെട്രോ സര്‍വീസുകള്‍. ലക്ഷക്കണക്കിന് യാത്രക്കാരാണ് ഡല്‍ഹി മെട്രോയില്‍ മാത്രം ഒരു ദിവസം യാത്ര ചെയ്യുന്നത്. പൊതുഗതാഗത സംവിധാനത്തില്‍ ജനങ്ങളില്‍ താത്പര്യം ഏറി എന്നുള്ളതിന്‍റെ വ്യക്തമായ ചൂണ്ടുപലക തന്നെയാണ് രാജ്യത്താകമാനം വളര്‍ന്നുവരുന്ന മെട്രോ സേവനം.
