മലയാളത്തിലേയ്ക്ക് കാര്‍ട്ടൂണിന്‍റെ വരവ്.
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ഇന്ന് ദേശിയ തലത്തില്‍ മലയാളികളായ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വിശേഷമായ സ്വീകാര്യതയുണ്ട്. ദേശിയ തലത്തിലെ പ്രധാന കാര്‍ട്ടൂണിസ്റ്റുകളില്‍ പകുതി പേരും മലയാളികള്‍ തന്നെയാണ് എന്ന് അഭിമാനത്തോടെ പറയാം. അത് കൊണ്ട് തന്നെ മലയാളികളോട് കാര്‍ട്ടൂണ്‍ എന്താണെന്ന് വിശദ്ധീകരിക്കേണ്ട കാര്യമില്ല. അത്ര കണ്ട് പരിചിതമായിരിക്കുന്നു മലയാളിക്ക് കാര്‍ട്ടൂണ്‍ എന്ന കല. കേരളം കേരവ്യക്ഷങ്ങളുടെ നാടെന്ന പോലെ കാര്‍ട്ടൂണിസ്റ്റുകളുടേയും നാടാണ് എന്ന് സംസാരവുമുണ്ട്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ദേശിയ തലത്തില്‍ പാകിയ അടിത്തറയാണ് ഈ നേട്ടത്തിലേയ്ക്ക് മലയാളികളെ എത്തിച്ചത്. കാര്‍ട്ടൂണ്‍ രംഗത്ത് ശക്തമായ ഒരു മലയാളി കാര്‍ട്ടൂണിസ്റ്റുകളുടെ തലമുറയെ തന്നെ ശങ്കര്‍ വാര്‍ത്തെടുത്തു. അവര്‍ ശങ്കറിന് ശേഷമുള്ള ഇന്ത്യന്‍ കാര്‍ട്ടൂണിന്‍റെ പ്രതിനിധികളുമായി.
കേരള രാഷ്ട്രീയ ചരിത്രം വ്യക്തമായി ചിത്രീകരിക്കുന്നതില്‍ കാര്‍ട്ടൂണുകള്‍ക്ക് വലിയ പങ്കുണ്ട്. ആയിരം വാക്കുകള്‍ കൊണ്ട് വിശദ്ധീകരിക്കുന്നത് ഒരു കാര്‍ട്ടൂണിലൂടെ ചിത്രീകരിക്കാം എന്ന് പൊതുവെ പറയാറുമുണ്ടല്ലോ. എഴുതപെടാത്ത കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട കാര്‍ട്ടൂണുകളിലൂടെ വായിച്ചെടുക്കാവുന്നതാണ്. മലയാളത്തില്‍ 1919ല്‍ ആദ്യ കാര്‍ട്ടൂണ്‍ രചിക്കപ്പെട്ടെങ്കിലും, 1940 മുതലാണ് കാര്‍ട്ടൂണ്‍ എന്ന കല ജനകീയമാകുന്നത്. കേരള രാഷ്ട്രീയ ചരിത്രം രചിക്കുന്ന, പഠിക്കുന്ന വ്യക്തികള്‍ പലപ്പോഴും കാര്‍ട്ടൂണുകള്‍ പഠനഭാഗമാക്കാറുണ്ട്. എഫ്.ഐ.ആര്‍. എന്നാല്‍ പോലീസ് ഭാഷയില്‍ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് എന്നാണ്. അതായത് ആദ്യത്തെ റിപ്പോര്‍ട്ട്. ഏത് സംഭവത്തിന്‍റേയും ആദ്യ റിപ്പോര്‍ട്ടാണ് ചരിത്രം രചിക്കുന്നവര്‍ ആദ്യം തിരയുക. മാധ്യമ റിപ്പോര്‍ട്ടുകളും, ഒപ്പം വരുന്ന കാര്‍ട്ടൂണുകളുമാണ് ചരിത്ര രചനയുടെ എഫ്.ഐ.ആര്‍.
എന്നാല്‍ നൂറ് വര്‍ഷം മുന്‍പ് അതായിരുന്നില്ല സ്ഥിതി. ഹാസ്യ ചിത്രം, വിനോദ ചിത്രം എന്നീ പേരുകളിലാണ് വളരെ കാലം കാര്‍ട്ടൂണ്‍ വിശേഷിപ്പിക്കപ്പെട്ടത്. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇന്ത്യയിലേയ്ക്ക് വിനോദ ചിത്രങ്ങള്‍ ആദ്യം കൊണ്ടു വന്നത്. ടി.വിയും, റേഡിയോയും ഇല്ലാതിരുന്ന കാലത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കും, പട്ടാളക്കാര്‍ക്കും വിനോദത്തിനായിട്ടാണ് പഞ്ച് മാസിക എത്തിച്ചിരുന്നത്. പിരിമുറുക്കങ്ങളില്‍ നിന്ന് ഒന്നയഞ്ഞ് മനസ് സ്വതന്ത്ര്യമായി കാണാന്‍ മനുഷ്യര്‍ക്ക് ആഗ്രഹമുണ്ടാകുമല്ലോ. ജോലികളില്‍ തുടര്‍ ദിവസങ്ങളില്‍ ഉന്‍മേഷവും, ഉത്സാഹവും ഉണ്ടാകാന്‍ വിനോദം അത്യാവശ്യമായിരുന്നു. പട്ടാളക്യാമ്പുകളില്‍ പഞ്ച് മാസികയിലെ തമാശകള്‍, കാര്‍ട്ടൂണുകള്‍ എല്ലാം ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു. ബ്രിട്ടണിലെ അതിപ്രശസ്തമായ ഹാസ്യ മാസികയായിരുന്നു പഞ്ച്. പഞ്ചില്‍ ഒട്ടേറെ കാര്‍ട്ടൂണുകളും ഉണ്ട്. രാഷ്ട്രപതി ഭവനില്‍ പഞ്ചിന്‍റെ കോപ്പികള്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
പഞ്ച് മാസികയിലൂടെ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഹാസ്യ ചിത്രങ്ങളെ പരിചയപ്പെടുത്തി. ബ്രിട്ടീഷ് പട്ടാളത്തില്‍ ഒട്ടേറെ ഇന്ത്യന്‍ വംശജരും ഉണ്ടായിരുന്നു. അവര്‍ക്ക് ഇംഗ്ലീഷ് അത്ര വശമുണ്ടായിരുന്നില്ല. ബ്രിട്ടീഷ് പട്ടാളത്തിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും പടയാളികള്‍ക്കുമായി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പഞ്ച് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിതന്നെയായിരുന്നു അതിനുള്ള ഒത്താശകള്‍ ചെയ്ത് കൊടുത്തത്. മലയാളത്തില്‍ പഞ്ച് പ്രസിദ്ധീകരിച്ചിരുന്നില്ല. വടക്കേ ഇന്ത്യയില്‍ പഞ്ചിന്‍റെ ചുവട് പിടിച്ച് ഹാസ്യ ചിത്രരചന നടന്നിരുന്നു. പഞ്ചിന്‍റെ ചുവട് പിടിച്ച് വടക്കേ ഇന്ത്യയില്‍ ഹാസ്യ ചിത്രീകരണം നടന്നിരുന്നു.
1906ല്‍ ചെന്നയില്‍ നിന്ന് പ്രസിദ്ധീകരിച്ച څഇന്ത്യچ എന്ന രാഷ്ട്രീയ തമിഴ് വാരികയുടെ പത്രാധിപരായി പ്രശസ്ത കവി സുബ്രഹ്മണ്യ ഭാരതി നിയമിതനായതോടെയാണ് തെക്കേ ഇന്ത്യയില്‍ കാര്‍ട്ടൂണുകള്‍ സ്വദേശികളാല്‍ വരച്ച് പ്രചരിക്കാന്‍ തുടങ്ങിയത്. തമിഴ്നാട്ടിലെ നിരക്ഷരരായ ബഹുഭൂരിപക്ഷം ജനങ്ങളില്‍ കാര്‍ട്ടൂണ്‍ എന്ന മാധ്യമമായിരിക്കും ഏറെ സ്വാധീനം ചെലുത്തുക എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സ്വദേശി പ്രസ്ഥാനത്തോട് വളരെ കൂറ് പുലര്‍ത്തിയിരുന്ന പ്രസിദ്ധീകരണമായിരുന്നു څഇന്ത്യچ. സ്വദേശി പ്രസ്ഥാനത്തിന് ഹിന്ദുത്വത്തോട് ചായ്വുണ്ടായിരുന്നു എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ഈ ചായ്വ് സുബ്രഹ്മണ്യ ഭാരതിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ څഇന്ത്യچയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലും ഉണ്ടായിരുന്നു. കാര്‍ട്ടൂണുകളില്‍ പലതിലും പശു ഒരു പ്രധാന കഥാപാത്രമായി കാണാവുന്നതാണ്. ഹൈന്ദവ പുരാണങ്ങളിലെ ദേവീ ദേവന്‍മാരും കാര്‍ട്ടൂണുകളില്‍ കാണാം.
1908ല്‍ ബ്രിട്ടീഷുകാര്‍ څഇന്ത്യچ വാരിക കണ്ടുകെട്ടി. സുബ്രഹ്മണ്യ ഭാരതി ഫ്രഞ്ച് ഭരണം ഉണ്ടായിരുന്ന പോണ്ടിചേരിയിലേയ്ക്ക് രക്ഷപ്പെട്ട് ഇന്ത്യ, വിജയ എന്നീ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി. പോണ്ടിച്ചേരിയില്‍ പ്രിന്‍റ് ചെയ്ത് തമിഴ്നാട്ടില്‍ ഭാരതി തന്‍റെ പ്രസിദ്ധീകരണങ്ങള്‍ രഹസ്യമായി എത്തിച്ചു. രണ്ടിലും മുഖ ചിത്രമായി വന്നിരുന്നത് കാര്‍ട്ടൂണായിരുന്നു. 1909ല്‍ ബ്രിട്ടീഷുകാര്‍ രണ്ട് പ്രസിദ്ധീകരണങ്ങളും ഇന്ത്യയില്‍ നിരോധിച്ചു. കാര്‍ട്ടൂണുകള്‍ക്ക് മാത്രമായി ചിത്രാവലി എന്ന പേരില്‍ ഹാസ്യമാസിക സുബ്രഹ്മണ്യ ഭാരതി ഉദ്ദേശിച്ചിരുന്നതായി څഇന്ത്യچയുടെ 1909 നവംബര്‍ 27ലെ ലക്കത്തില്‍ പരസ്യം ചെയ്തിരുന്നു.
സുബ്രഹ്മണ്യ ഭാരതിയുടെ സ്വാദീനം മലയാളത്തിലേയ്ക്കും വ്യാപിച്ചു. സുബ്രഹ്മണ്യ ഭാരതിയുടെ ഇന്ത്യയും, വിജയുടേയും കോപ്പികള്‍ തിരുവിതാംകൂറിലും ലഭ്യമായിരുന്നു. ഹാസ്യ ചിത്രീകരണത്തെ കുറിച്ച് മലയാളത്തിലും സംസാരം തുടങ്ങി. അച്ചടി അത്ര വളര്‍ന്നിട്ടില്ലാത്ത കാലമായിരുന്നു അത്. ചെറിയ ചെറിയ ചിത്രങ്ങള്‍ മലയാള പ്രസിദ്ധീകരണങ്ങളില്‍ വന്നു തുടങ്ങി. വലയ ചിലവുള്ള ഏര്‍പ്പാടായിരുന്നു ചിത്രം അച്ചടിക്കുക എന്നത്. നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയ മലയാള കാര്‍ട്ടൂണ്‍ എത്തി നില്‍ക്കുന്നത് പ്രളയാനന്തരവും, കോവിഡിനും ശേഷവുമുള്ള നവകേരള സ്യഷ്ടിക്ക് മുന്നിലാണ്. ആദ്യ മലയാള കാര്‍ട്ടൂണ്‍ രചിച്ചതിന്‍റെ പശ്ചാത്തലം ഒന്നാം ലോകമഹായുദ്ധമായിരുന്നു. സ്പാനിഷ് ഫ്ളൂ എന്ന മഹാമാരിയും, വെള്ളപ്പൊക്കവും അക്കാലത്ത് തന്നെയായിരുന്നു. നൂറ് വര്‍ഷത്തിന് ശേഷം സ്ഥിതി സമാനമാണ് എന്നത് യാഥര്‍ശ്ചികമാകാം.
കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ച വിദൂഷകന്‍ മാസികയിലാണ് മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ മഹാക്ഷാമദേവത പ്രസിദ്ധീകരിച്ചതെന്ന് കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ വര്‍ഷങ്ങളായി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിട്ട് ഇരുപത് വര്‍ഷമായി. വിദൂഷകന്‍ മാസികയുടെ കോപ്പികള്‍ അപൂര്‍വ്വമായി പലയിടത്തും ഇപ്പോഴും ലഭ്യമാണ്. തിരുവനന്തപുരത്ത് വഞ്ചിയൂര്‍ ലൈബ്രറിയില്‍ വിദൂഷകന്‍റെ കോപ്പിയുണ്ട്. ആദ്യ കാര്‍ട്ടൂണ്‍ മഹാക്ഷാമദേവത വരച്ചത് പി. എസ് ഗോവിന്ദപിള്ളയാണെന്ന് കണ്ടെത്തിയത് പത്ത് വര്‍ഷം മുന്‍പ്. മലയാള കാര്‍ട്ടൂണിന്‍റെ ശതാബ്ദി വര്‍ഷത്തില്‍ 2019 ജനുവരിയില്‍ ആദ്യ മലയാള കാര്‍ട്ടൂണിസ്റ്റിന്‍റെ ചിത്രവും ലഭിച്ചു എന്നത് കാര്‍ട്ടൂണ്‍ ലോകത്തിന് അഭിമാന നിമിഷമാണ്. ആദ്യ കാര്‍ട്ടൂണ്‍ വരും മുന്‍പ് തന്നെ വിദൂഷകന്‍ എന്ന ഹാസ്യ പ്രസിദ്ധീകരണത്തിന്‍റെ കവര്‍ ഒരു ഹാസ്യ ചിത്രമായിരുന്നു. പക്ഷെ അത് പൂര്‍ണ്ണമായ ഒരു കാര്‍ട്ടൂണായിരുന്നില്ല.
ഒന്നാം ലോകമഹായുദ്ധത്തിന്‍റെയും, സ്പാനിഷ് ഫ്ളൂവിന്‍റേയും കാലത്ത് മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ വരയ്ക്കപ്പെട്ടതില്‍ സുബ്രഹ്മണ്യഭാരതിയുടെ സ്വാധീനം ഉണ്ടാകാന്‍ ഇടയുണ്ട്. അദ്ദേഹം പത്രാധിപരായ ഇന്ത്യ, വിജയ് എന്നീ പ്രസിദ്ധീകരണങ്ങളുടെ മുഖ ചിത്രങ്ങളായി വന്നിരുന്ന ഹാസ്യ ചിത്രങ്ങളുടെ സ്വാധീനം വരകളില്‍ കാണാം. നാട്ടില്‍ കടുത്ത ഭക്ഷ്യ ക്ഷാമം അനുഭവപ്പെട്ടിരുന്ന സമയമായിരുന്നു അത്. ക്ഷാമം ഒരു ഭീകരനായ അസുര രൂപം പൂണ്ട് ഇടത്തേ കൈയില്‍ മനുഷ്യരെ തന്‍റെ കുന്തത്തില്‍ കോര്‍ത്തിറക്കിയിരിക്കുന്നു. വലത്തേ കൈയില്‍ ജീവന് വേണ്ടി പിടയുന്ന അസ്ഥിപഞ്ജരനായ മറ്റൊരു മനുഷ്യന്‍ ജീവനായി പിടയുന്നു. കാല്‍ ചുവട്ടിലും മനുഷ്യര്‍ ചവിട്ടിമെതിക്കപ്പെടുന്നു. ഒരു ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥന്‍ ഭീകരനായ അസുര രൂപത്തോട് എന്തോ നിര്‍ദ്ദേശിക്കുന്നുണ്ട്. ക്ഷാമ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായ മരച്ചീനി (കപ്പ) ചിത്രത്തില്‍ പ്രാധാന്യത്തോടെ വരച്ചിട്ടിരിക്കുന്നു. മഹാക്ഷാമദേവത എന്ന തലക്കെട്ടോടെ വിദൂഷകനില്‍ വന്ന ആദ്യ കാര്‍ട്ടൂണിന് എത്ര ശക്തമായ ആശയമാണ് ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്.
വിദൂഷകന്‍ എന്ന വിനോദ മാസികയുടെ പത്രാധിപരും, പ്രസാധകനുമായ പി. എസ് നീലകണ്ഠപിള്ളയുടെ അമ്മയുടെ സഹോദരന്‍ ആണ് പി. എസ് ഗോവിന്ദപ്പിള്ള. ചിത്രകാരന്‍ മാത്രമായിരുന്നില്ല ഗോവിന്ദപ്പിള്ള... നല്ല ഗായകന്‍ കൂടിയായിരുന്നു. കൊല്ലം ജില്ലയിലെ പരവൂരിലെ പ്രശസ്ത തറവാടായ കോങ്ങാല്‍ ദേവി അഴികത്ത് വീട്ടില്‍ ശിവശങ്കരപിള്ള ജഡ്ജിയുടെ മക്കളാണ് പി. എസ്. നാരായണപിള്ള (ഹൈക്കോട്ട് അഡ്വക്കേറ്റ്), പി. എസ്. നീലകണ്ഠപിള്ള (മാധ്യമ പ്രവര്‍ത്തകന്‍), പി. എസ്. ബാലക്യഷ്ണപിള്ള ( ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍). വിദൂഷകന്‍ മാസികയുടെ പത്രാധിപരായിരുന്നു നീലകണ്ഠപിള്ള. ഒരിക്കല്‍ നീണ്ട യാത്ര പോയ അവസരത്തില്‍ നീലകണ്ഠപിള്ള, അമ്മാവനും രസികന്‍ ഹാസ്യ മാസികയുടെ പത്രാധിപരുമായിരുന്ന പി. എസ്. ഗോവിന്ദപിള്ളയ്ക്ക് ചുമതല നല്‍കി. അന്നായിരുന്നു ആദ്യത്തെ കാര്‍ട്ടൂണ്‍ വിദൂഷകനില്‍ പ്രസിദ്ധീകരിച്ചത്. പില്‍ക്കാലത്ത് സുഭാഷിണി പത്രത്തിന്‍റെ പത്രാധിപര്‍ കൂടിയായിരുന്നു പി. എസ്. ഗോവിന്ദപിള്ള. പത്രാധിപര്‍ ഗോവിന്ദപിള്ള എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്.
ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ കാര്‍ട്ടൂണുകള്‍ പി. എസ്. ഗോവിന്ദപിള്ള വരച്ചു. ഹാസ്യലേഖനങ്ങള്‍ എഴുതി. ബ്രിട്ടീഷുകാര്‍ക്ക് കണ്ണിലെ കരടായി അദ്ദേഹം മാറി. ദിവാനും തിരുവിതാംകൂര്‍ രാജാവിനും എതിരെ സ്ഥിരമായി ഹാസ്യ ലേഖനങ്ങളും ഹാസ്യ ചിത്രങ്ങളും വിദൂഷകനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അവരുടെ അനീതിക്കും അതിക്രമങ്ങളേയും അതിരൂക്ഷമായി ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുന്ന ശൈലി തന്നെ വിദൂഷകനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള പീഠനം ഏല്‍കേണ്ടിയും വന്നിട്ടുണ്ട്.
സ്വതന്ത്ര സമരത്തെ അനുകൂലിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ എഴുതിയതിനും, വരച്ചതിനും വിദൂഷകന്‍ കണ്ടു കെട്ടി. അനീതികള്‍ക്ക് എതിരെ അക്ഷരങ്ങളും വരയും ആയുധമാക്കി പൊരുതിയതിന് ബ്രിട്ടീഷുകാര്‍ നാടുകടത്തിയ പ്രതിഭയായിരുന്നു മലയാളത്തിന്‍റെ ആദ്യ കാര്‍ട്ടൂണിസ്റ്റ് പി. എസ് . ഗോവിന്ദപിള്ള. കാര്‍ട്ടൂണ്‍ വരച്ച് മാധ്യമ പ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ നാടുകടത്തപ്പെട്ട പി. എസ്. ഗോവിന്ദപിള്ള കേരള മാധ്യമ ചരിത്രത്തിലെ പുതിയ ഏടാണ്. ആദ്യ മലയാള കാര്‍ട്ടൂണിസ്റ്റിനെ കാലാപാനിയിലേയ്ക്ക് നാടു കടത്തിയ ചരിത്രം അടുത്ത കാലം വരെ സംസാര വിഷയമായിരുന്നില്ല. മാധ്യമ പ്രവര്‍ത്തനം കാരണം നാടു കടത്തപ്പെട്ട ഏക മലയാള മാധ്യമ പ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി എന്ന ചരിത്രം തിരുത്തേണ്ടിയിരിക്കുന്നു. സ്വദേശാഭിമാനിയെ തിരുവിതാംകൂറില്‍ നിന്ന് മലബാറിലേയ്ക്കാണ് നാട് കടത്തിയത്. പക്ഷെ കാര്‍ട്ടൂണ്‍ വരച്ചതിന് പി. എസ്. ഗോവിന്ദപിള്ളയെ ബ്രിട്ടീഷുകാര്‍ നാട് കടത്തിയത് ആന്‍റമന്‍സിലെ കാലാപാനിയിലേയ്ക്കാണ്.
ആന്‍റമനിലെ കലാപാനിയിലായിരുന്നു ജയില്‍ വാസം. ജയില്‍വാസം കഴിഞ്ഞ് മടങ്ങി എത്തിയ ഗോവിന്ദപിള്ള രോഗിയായി. ഭാര്യ ജാനകിഅമ്മയുടെ മടിയില്‍ കിടന്ന് മരണപ്പെട്ടു. സ്ത്രീകളെ പുരോഗമന ആശയത്തിലേയ്ക്ക് കൊണ്ടുവരാന്‍ ജാനകി അമ്മ കല്ലടയില്‍ വനിതാസമാജം തുടങ്ങാന്‍ നേത്യത്ത്വം നല്‍കി. ഇവര്‍ക്ക് ആറ് മക്കള്‍. നാല് ആണും, രണ്ട് പെണ്ണും. പൊന്നമ്മ, കെ.എസ്.ഇ.ബി. എന്‍ജിനിയറായിരുന്ന മാധവന്‍ നായര്‍, തങ്കമ്മ, സിംഗപ്പൂരില്‍ സിവില്‍ എന്‍ജിനിയറായിരുന്ന തങ്കപ്പന്‍ നായര്‍, ചന്ദ്രന്‍ നായര്‍ (28ാം വയസില്‍ വിവാഹത്തിന് മുന്‍പ് അപകടത്തില്‍ മരണപ്പെട്ടു), ഭിലായില്‍ സ്റ്റില്‍ പ്ലാന്‍റില്‍ ഡെപ്യൂട്ടി മാനേജറായിരുന്ന ജി. രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് മക്കള്‍. ആരും ഇന്ന് ജീവിച്ചിരിപ്പില്ല. മാധവന്‍ നായരും, തങ്കപ്പന്‍ നായരും, സുഭാഷ് ചന്ദ്രബോസിന്‍റെ അനുയായികളായിരുന്നു. അവരുടെ ഭാര്യമാര്‍ ഇപ്പോള്‍ ഐ.എന്‍.എ. പെന്‍ഷ്യന്‍ വാങ്ങുന്നുമുണ്ട്.
