പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2023 ഡിസംബര്‍ 15
സർഗോത്സവം 2023- 'ബഹുസ്വരതയുടെ ആഘോഷം '
പ്രവാസി മലയാളികൾ പതിനഞ്ച് ലക്ഷത്തിലേറെയുള്ള രാജ്യ തലസ്ഥാനമായ ഡൽഹിയുടെ സാംസ്കാരിക സംഘടനയാണ് ജനസംസ്കൃതി. ജനസംസ്കൃതി 2005 മുതൽ എല്ലാ വർഷവും സർഗോത്സവം നടത്തിവരുന്നുണ്ട്. 19-ാം സർഗോത്സവമാണ് ഇത്തവണ ഡൽഹിയിലെ കാനിങ്ങ് റോഡ് കേരളാ സ്കൂളിൽ 4 വേദികളിലായി അരങ്ങേറിയത്. രചനാ , ചിത്രരചനാ മത്സരവും അവിടെ തന്നെയാണ് നടന്നത്. കലകളുടെ മാമാങ്കം പ്രവാസ ലോകത്ത് നേരിട്ട് അനുഭവിക്കുന്നത് ജനസംസ്കൃതി ഒരുക്കുന്ന സര്‍ഗോത്സവ വേദികളില്‍ എത്തുമ്പോഴാണ്. പ്രവാസികളായ രാജ്യ തലസ്ഥാനത്തെ മലയാളികളായ കലാകാരന്‍മാരുടെ കലാ മാമാങ്കം തന്നെയാണ് സര്‍ഗോത്സവമെന്നതിന് മറുപക്ഷമുണ്ടാകില്ല. കേരളത്തിൽ നടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് സമാനമായ മത്സര ക്രമീകരണങ്ങളാണ് കഴിഞ്ഞ 19 വർഷമായി ഡൽഹിയിൽ നടക്കുന്നത്. എല്ലാവർഷവും സർഗോത്സവം ജനങ്ങളുടെ മികച്ച പങ്കാളിത്തം കൊണ്ടും മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും വളർന്നുവരികയാണ്. പ്രവാസി മലയാളികളുടെ കുട്ടികൾക്ക് കേരളത്തിലെ പോലെ കലാമത്സരത്തിൽ പങ്കെടുക്കുവാനുള്ള ഒരു അവസരമാണ് സർഗോത്സവം സമ്മാനിക്കുന്നത്. ജാതി, മത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ വലിയ ആഘോഷമായി പ്രവാസികളായ മലയാളികള്‍ വന്‍ ആഘോഷമായിട്ടാണ് സര്‍ഗോത്സവത്തില്‍ പങ്കെടുക്കുന്നത്. സര്‍ഗോത്സവ വേദിയില്‍ ആദ്യമെത്തിയവര്‍ ഇന്ന് അവരുടെ മക്കളെയും കൊണ്ട് വരുന്ന കാഴ്ചയും കാണുവാനുള്ള ഭാഗ്യം ലേഖകന് ഉണ്ടായി എന്നുള്ളത് ഇവിടെ എടുത്തു പറയുന്നു. പ്രളയം കേരളത്തെ തളര്‍ത്തിയ 2018 ല്‍ കാര്യമായ ആഘോഷങ്ങള്‍ ഇല്ലാതെ തന്നെ രചനോത്സവത്തില്‍ മാത്രം സര്‍ഗോത്സവം നടത്തേണ്ടിവന്നു. അന്ന് സര്‍ഗോത്സവത്തിന് ചെലവാക്കാന്‍ ഉദ്ദേശിച്ച തുക കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി വലിയ ഒരു മാതൃകയാണ് ജനസാംസ്കൃതി കാണിച്ചത്. പ്രളയത്തെ തുടര്‍ന്ന് മഹാമാരി ലോകമാകെ കീഴടക്കിയപ്പോഴും ജനസാംസ്കൃതി സര്‍ഗോത്സവം ഓണ്‍ലൈനില്‍ സംഘടിപ്പിച്ചു. ഡല്‍ഹി എന്‍ സി ആര്‍ മേഖലകളിലെ 21 ബ്രാഞ്ചുകളില്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ് കേന്ദ്ര മത്സരങ്ങളില്‍ എത്തിച്ചേരുന്നത്. ഇക്കുറിയും അങ്ങനെ സര്‍ഗോത്സവത്തിന്‍റെ വേദികള്‍ സമ്പന്നമാകുവാനായി കലാ ലോകത്തുനിന്ന് യുവ പ്രതിഭകള്‍ എത്തിച്ചേർന്നിരുന്നു. കേരളത്തിൻ്റെ രുചി വൈവിദ്ധ്യങ്ങളുടെ മേളക്കൂട്ടുമായി ജനസംസ്കൃതി ഒരുക്കിയ ജനകീയ ഭക്ഷണശാല സർഗോത്സവത്തിൽ പങ്കെടുത്തവർക്ക് കലയോടൊപ്പം രുചിയും ആസ്വദിക്കുവാൻ അവസരം ഒരുക്കിയത് ശ്രദ്ധേയമായി.
പുറത്താക്കിയ മഹുമ അതിശക്ത
മഹുമ മൊയ്ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കി. പാർലമെന്റ് അംഗമെന്നുള്ള നിലയിൽ സഭയ്ക്കുള്ളിൽ നടത്തുന്ന ചോദ്യശരങ്ങളെക്കാൾ മൂർച്ചയും ശക്‌തവുമായ ചോദ്യശരങ്ങളാണ് വരുന്ന ദിവസങ്ങളിൽ ഉണ്ടാകുവാൻ പോകുന്നത്. പാർലമെൻറിൽ നിന്ന് പുറത്താക്കിയെങ്കിലും അതിനേക്കാൾ ശക്തിയായി അവർ വരും എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ നിശബ്ദത ഒരു രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് ഉണ്ടാക്കിയ അസ്വസ്ഥത ചെറുതല്ലായിരുന്നു. സര്‍ക്കാരിനോടു സാധാരണക്കാരനുള്ള ഈ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ മുഴങ്ങി കേട്ടത് മഹുമ മൊയ്ത്രയിൽ നിന്നായിരുന്നു. ശക്തമായ നിലപാടുകൊണ്ട് മാത്രം ‘ഉരുക്കു വനിത’യെന്ന് ഇന്ത്യ വിളിച്ച ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കും വിധമായിരുന്നു അവരുടെ ചോദ്യങ്ങള്‍ പാര്‍ലിമെന്റില്‍ മുഴങ്ങി കേട്ടത്. പിന്നീടങ്ങോട്ട് ബിജെപി സര്‍ക്കാരിനോടുള്ള കടുത്ത ചോദ്യങ്ങള്‍ വീണ്ടും വീണ്ടും അവിടെ ഉയര്‍ന്നിരുന്നു. ആ ചോദ്യങ്ങളില്‍ ഉത്തരം മുട്ടി നില്‍ക്കുന്ന ബിജെപി എംപിമാരെയാണ് ഇന്ത്യ കണ്ടത്. മണിപ്പൂര്‍, അദാനി, പപ്പു വിഷയങ്ങളില്‍ ബിജെപിയെ ചോദ്യങ്ങള്‍കൊണ്ട് സമ്മര്‍ദത്തിലാക്കുന്നതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. മഹുവയെ പോലെ ചോദ്യങ്ങള്‍ കൊണ്ട് ബിജെപിയെ സമ്മര്‍ദത്തിലാക്കിയവര്‍ ഇല്ലെന്ന് തന്നെ പറയാം. ഈ സമ്മര്‍ദ്ദത്തിന്റെ ബാക്കി പത്രമെന്നോണമാണോ പാര്‍ലമെന്റില്‍ നിന്ന് മഹുവ മൊയ്ത്ര പുറത്താക്കപ്പെട്ടത്? ഗൗതം അദാനിക്കെതിരായി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ബിസിനസുകാരന്‍ ദര്‍ഷന്‍ ഹിരാനന്ദാനിയില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന പരാതി കൊണ്ടുവരുന്നത് ബിജെപി എം പി നിഷികാന്ത് ദുബെ ആയിരുന്നു. പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ വന്ന വിഷയത്തില്‍, ദര്‍ഷന്‍ ഹിരാനന്ദാനി നല്‍കിയ സത്യവാങ്മൂലം മഹുവയ്ക്കെതിരായ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ടായിരുന്നു. ഇത്തരം വിഷയങ്ങള്‍ പരിഗണിക്കേണ്ടത് പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റികളാണെന്നും എത്തിക്സ് കമ്മിറ്റിക്ക് ഇത് പരിഗണിക്കാനുള്ള അവകാശമില്ലെന്നും അന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മഹുവയെ മൊയ്ത്രയെ ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യയാക്കാന്‍ എത്തിക്സ് കമ്മറ്റി ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ചയ്ക്ക് വച്ചശേഷം നടന്ന വോട്ടെടുപ്പിന് പിന്നാലെയായിരുന്നു ഡിസംബര്‍ 8 ന് പലര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത്. ബിജെപിയുടെ അന്ത്യത്തിന്റെ തുടക്കമെന്നാണ് പുറത്താക്കല്‍ നടപടിയില്‍ മഹുവ മൊയ്ത്ര പ്രതികരിച്ചത്. തെരുവില്‍ ഉള്‍പ്പെടെ തന്റെ പോരാട്ടം തുടരുമെന്നും അവര്‍ പറയുന്നു.
