പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2023 നവംബര്‍ 30
ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടേഡ്ര് ഫെയറിലെ കേരളം
ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടേഡ്ര് ഫെയര്‍ എന്നത് രാജ്യാന്തര പ്രശസ്തമായി കഴിഞ്ഞു. പതിവ് തെറ്റിക്കാതെ ഇക്കുറിയും വിപണനമേളയില്‍ കേരളത്തിന് ഏറെ ശ്രദ്ധ നേടാനായി. 1980 മുതല്‍ തുടങ്ങിയ വ്യാപാരമേള ഇന്ന് രാജ്യത്തിന്‍റെ അഭിമാന മേളയായി മാറിയിരിക്കുന്നു. ഡല്‍ഹിയില്‍ സുപ്രീം കോടതിക്ക് സമീപമുള്ള 150 ഏക്കര്‍ ഭൂമിയാണ് പ്രഗതി മൈതാന്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലെ വാണിജ്യ വ്യവസായ വകുപ്പിന് കീഴിലാണ് ഈ പ്രദേശം. ഇന്ത്യയുടെ 25ാം സ്വാതന്ത്ര്യ സമരത്തിന്‍റെ സ്മരണയ്ക്കായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1972 നവംബര്‍ 3ന് ഉദ്ഘാടനം ചെയ്തതായിരുന്നു പ്രഗതി മൈതാനിയിലെ വിപണന മേളാ കേന്ദ്രം. അവിടെ ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ചു. വലിയ ഓഡിറ്റോറിയങ്ങള്‍ നര്‍മ്മിച്ചു. ആയരകണക്കിന് കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഭൂമിക്കടിയില്‍ സംവിധാനങ്ങളൊരുക്കി. ഗതാഗത തടസങ്ങള്‍ ഒഴിവാക്കാന്‍ ഭൂഗര്‍ഭ പാതകള്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ പ്രഗതി മൈതാന്‍റെ അടിയില്‍ പാര്‍ക്കിങ്ങ് കേന്ദ്രങ്ങളും, റോഡുകളും ഉണ്ട്. അവിടെ നടക്കുന്ന രാജ്യാന്തര വ്യാപാര മേളയില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും, കേന്ദ്രഭരണ പ്രദേശങ്ങളും, വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും, വിദേശ രാജ്യങ്ങളും പങ്കെടുക്കുന്നു. ലോകോത്തര നിലവാരമുള്ള പ്രദര്‍ശന കേന്ദ്രത്തിലാണ് ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടേഡ്ര് ഫെയര്‍ ഇപ്പോള്‍ നടക്കുന്നത് എന്നത് തന്നെ വിശേഷപ്പെട്ടത് തന്നെ. അവിടെയാണ് കേരളം എന്ന കൊച്ചു സംസ്ഥാനം ശ്രദ്ധേയമാകുന്നത്. കേരളവുമായി വളരെ അടുത്ത ബന്ധമുള്ള മറ്റിടങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. സ്പൈസസ് ബോര്‍ഡ്, കോക്കനട്ട് ഡെവലപ്പ്മെന്‍റ് ബോര്‍ഡ്, ഫിഷറീസ് ബോര്‍ഡ്, കാഷ്യൂ ഡെവലപ്മെന്‍റ് ബോര്‍ഡ് തുടങ്ങിയ പവലിയനും വിപണനമേളയിലുണ്ട്. സുഗന്ധവ്യഞ്ജന വിപണന രംഗത്ത് രാജ്യത്ത് വലിയ സ്ഥാനമാണ് കേരളത്തിലുള്ളത്. അത് വ്യക്തമാകുന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനം സ്പൈസസ് ബോര്‍ഡിന്‍റെ പവലിയനിലുണ്ട്. കുരുമുളകും, ഏലവും ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നത് മലയാളിക്ക് അഭിമാനം തന്നെ. അതുപോലെ തന്നെയാണ് തേങ്ങയുടെ കാര്യത്തിലും. കോക്കനട്ട് ഡെവലപ്പ്മെന്‍റ് ബോര്‍ഡ് പവലിയനില്‍ ചെന്നാല്‍ വെളിച്ചെണ്ണയും, തേങ്ങാവെള്ളവും, നീരയും, തെങ്ങിന്‍റെ ചകിരിയും ചിരട്ടയും കൊണ്ടുള്ള കലാരൂപങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍ മാത്രമല്ല കാണുക. അവിടെ സോപ്പുണ്ട്, കാപ്പിപ്പൊടിയുണ്ട്, അലുവയുണ്ട്, ബര്‍ഫിയുണ്ട്, തേങ്ങാപാലുണ്ട്, തേങ്ങാപ്പൊടിയുണ്ട്, ചിപ്സുണ്ട്, അങ്ങിനെ എത്ര എത്ര ഇനങ്ങള്‍. സൗന്ദര്യ വര്‍ദ്ധനയ്ക്കുള്ള ഉത്പന്നങ്ങള്‍ വരെ തേങ്ങയില്‍ നിന്നുണ്ടാക്കാം എന്നത് പുതിയൊരറിവായിരുന്നു. അവിടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും ഒരുക്കിയിരിക്കുന്ന ഓരോ ഇനവും കേരളത്തിന്‍റെ സ്വന്തമാണ് എന്ന് തന്നെ പറയാം. രാജ്യത്തിന്‍റെ പല സംസ്ഥാനങ്ങളില്‍ നിന്നും ഇരു പവലിനുകളിലും ഉല്‍പ്പന്നങ്ങള്‍ നിരത്തി വെച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് കേരളം ഉല്പാദിപ്പിച്ച് അവിടെ പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍ തന്നെയാണ്. മത്സ്യ ഉത്പ്പനങ്ങള്‍ കൗതുകം പകരുന്ന ഒന്നാണ്. എത്രതരം മത്സ്യ ഇനങ്ങളാണ് ഫിഷറീസ് പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മീന്‍ അച്ചാറും, ഇന്‍സ്റ്റന്‍റ് മീന്‍ കറികളും, മീന്‍ എണ്ണയും, നെയ്യും മറ്റും മറ്റും പ്രദര്‍ശന ഇനങ്ങളാണ്. കശുനണ്ടി ഉത്പ്പന്നങ്ങള്‍ എത്ര തരം. പുത്തന്‍ അറിവുകള്‍ പകര്‍ന്ന് നല്‍കുന്ന പ്രദര്‍ശനം കാഴ്ച്ചക്കാര്‍ക്ക് വര്‍ത്തമാന കാലത്തിന്‍റെ നേര്‍ ചിത്രം തന്നെയാണ് സമ്മാനിക്കുന്നത്. മേളയുടെ ഇത്തവണത്തെ ആശയം څ വസുധൈവ കുടുംബകം യുണൈറ്റഡ് ബൈ ട്രേഡ് څ എന്നതാണ്. ഇതിനെ അന്വര്‍ത്ഥമാക്കുന്ന പവലിയനാണ് കേരളം ഒരുക്കിയത്. മറ്റ് സംസ്ഥാനങ്ങളും ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് അവരുടെ പവലിയനുകള്‍ ഒരുക്കിയിരിക്കുന്നത്. സര്‍ഫസ് പ്രൊജക്ഷനും, ത്രീ.ഡി. ഹോളോ ഗ്രാഫിക്ക് ഡിസ്പ്ലേ സിസ്റ്റം വഴിയും വ്യാപാര കാലഘട്ടങ്ങളും സംസ്ഥാനത്തിന്‍റെ വ്യാപാര വളര്‍ച്ചയും കേരള പവലിയിനിയില്‍ കാണാവുന്നതാണ്. കേരള പവിലിയന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കുറഞ്ഞ സമയത്തില്‍ കേരളത്തിന്‍റെ വ്യാപാര സാമൂഹ്യ സാംസ്കാരിക ചരിത്രം മനസ്സിലാക്കാം എന്നതാണ് സര്‍ഫസ് പ്രൊജക്ഷന്‍ സാങ്കേതികത്വം കൊണ്ടുള്ള നേട്ടം.
രാജ്യ തലസ്ഥാനം കീഴടക്കി കുടുംബശ്രീ
ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയില്‍ കുടുംബശ്രീയുടെ സ്റ്റാളിലേയും ഫുഡ് കോര്‍ട്ടിലേയും രുചിമേളം രാജ്യതലസ്ഥാനമായ ഡല്‍ഹിയെ കീടക്കി. ഓരോ പ്രദേശത്തിന്‍റേയും സാംസ്കാരിക തനിമ വിളിച്ചോതുന്നതില്‍ രുചിക്കൂട്ടുകള്‍ക്ക് വലിയ പങ്കാണുള്ളത്. കുടുംബശ്രീ കേരളത്തിന്‍റെ മഹിമ വിളിച്ചോതുന്ന ഇടപെടലാണ് ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര വ്യാപാര മേളയില്‍ നടത്തിയത്. മലയാളികള്‍ക്കൊപ്പം മറ്റു സംസ്ഥാനക്കാരും എത്തിയതോടെ ഫുഡ് കോര്‍ട്ടിലെ വിഭവങ്ങള്‍ സൂപ്പര്‍ ഹിറ്റായി. കേരളത്തിന്‍റെ നാടന്‍ രുചിക്കൂട്ടുകളാണ് ഫുഡ് കോര്‍ട്ടിനെ ജനകീയമാക്കുന്നത്. ഫിഷ് കറി മീല്‍സിനാണ് ഡിമാന്‍റ് കൂടുതല്‍. ഫിഷ്, ചിക്കന്‍, ചെമ്മീന്‍ ബിരിയാണികളും മീന്‍ വറുത്തതിനുമാണ് ആവശ്യക്കാര്‍ ഏറെയുണ്ടായത്. കൂടാതെ പഴം നിറച്ചതും, പംപൊരിയും, കാടക്കോഴി പ്രത്യേകമായി തയ്യാറാക്കിയ മസാലയില്‍ പൊരിച്ചുണ്ടാക്കിയതും, വിവിധതരം പായസങ്ങള്‍, കപ്പ മീന്‍ കറി, എന്നിവയാണ് കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടിലെ ഹിറ്റായ മറ്റ് പ്രധാന വിഭവങ്ങള്‍. പവലിയനിലെ സ്റ്റാളുകളില്‍ എത്തുന്ന പ്രവാസി മലയാളികളും മേള സന്ദര്‍ശിക്കാനെത്തുന്ന മറ്റു സംസ്ഥാനക്കാരും കൂടുതലായി വാങ്ങുന്നത് വെളിച്ചെണ്ണയും, നേന്ത്രകായയുടെ ചിപ്സും, കപ്പ ചിപ്സും മസാലക്കൂട്ടുകളും സുഗന്ധ വ്യഞ്ജനങ്ങളുമാണ്. വ്യാപാര വിപണന മേളില്‍ എല്ലാ സംസ്ഥാനങ്ങളും അവരുടെ രുചികള്‍ സന്ദര്‍ശകര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഡല്‍ഹിലെ ബിക്കാനീര്‍ ഹൗസിലെ മലയാളകല
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കലാ പ്രദര്‍ശനങ്ങളുടെയും കലാ സാംസ്കാരിക സംഗീത കൂട്ടായ്മയുടെയും നാളുകളാണ് എത്തിയിരിക്കുന്നത്. ഇതിന് തുടക്കം കുറിച്ച് പ്രശസ്ത ശില്പി കെ എസ് രാധാകൃഷ്ണന്‍റെ വിപുലമായ ഒരു ശില്‍പ്പ പ്രദര്‍ശനവും, ഒപ്പം പ്രശസ്ത ചിത്രകാരന്‍ റോയ് തോമസിന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനവും ഡല്‍ഹിയിലെ രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഇന്ത്യ ഗേറ്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബിക്കാനീര്‍ ഹൗസില്‍ നടക്കുകയാണ്. ഇന്ത്യ ഗേറ്റിനോട് ചേര്‍ന്നുതന്നെയുള്ള കേരള സര്‍ക്കാരിന്‍റെ നവീകരിച്ച ട്രാവന്‍കൂര്‍ ഹൗസ് ഉദ്ഘാടനത്തിന് ശേഷം അതേസമയം അടച്ചിട്ടിരിക്കയുമാണ്. അവിടെ ഗ്യാലറികളും പുല്‍ത്തകിടികളും ഉണ്ട്. ബിക്കാനീര്‍ ഹൗസിനേക്കാള്‍ കലകളുടെ കേന്ദ്രമായ മണ്ഡി ഹൗസിനോട് വളരെ അടുത്താണ് ട്രാവന്‍കൂര്‍ ഹൗസ്. ബിക്കാനീര്‍ ഹൗസിലെ പുല്‍തകിടിക്കും ഗ്യാലറിക്കും ഈടാക്കുന്നത് ദിവസവും ഒരുലക്ഷം രൂപയാണ്. ഒരു ചെറിയ ഗ്യാലറിയുടെ ഒരു ദിവസത്തെ ഏറ്റവും ചുരുങ്ങിയ വാടക പതിനായിരം രൂപയാണ്. ബിക്കാനീര്‍ ഹൗസിന്‍റെ പുല്‍ത്തകിടിയില്‍ കെ.എസ് രാധാകൃഷ്ണന്‍ നിര്‍മ്മിച്ച മനുഷ്യ രൂപങ്ങളുടെ ശില്പങ്ങള്‍ നിരന്നു നില്‍ക്കുന്ന കാഴ്ച ജനശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ദി ക്രൗഡ് ആന്‍ഡ് ഇറ്റ്സ് അവതാര്‍ എന്ന പേരിട്ടിരിക്കുന്ന പുല്‍ത്തകിടിയിലെ ശില്പങ്ങള്‍ ആറു വര്‍ഷം എടുത്താണ് അദ്ദേഹം പൂര്‍ത്തീകരിച്ചിട്ടുള്ളത്. എല്ലാ മനുഷ്യ ശില്പങ്ങളും മുന്നോട്ടു കുതിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കെ.എസ് രാധാകൃഷ്ണന്‍ 40 വര്‍ഷത്തില്‍ ഏറെ ഡല്‍ഹിയില്‍ താമസിച്ച് നിര്‍മ്മിച്ച ഒട്ടേറെ ശില്പങ്ങളുടെ പ്രദര്‍ശനവും ബിക്കാനീര്‍ ഹൗസില്‍ ഒരുക്കിയിട്ടുണ്ട്. ശില്‍പ്പങ്ങള്‍ എല്ലാം തന്നെ വെങ്കലത്തില്‍ നിര്‍മ്മിച്ചതാണ്. വിവിധ പാര്‍ക്കുകളില്‍ നിര്‍മ്മിച്ച ശില്പങ്ങളുടെ ചിത്രങ്ങളും പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്. അദ്ദേഹത്തിന്‍റെ സ്കെച്ച് ബുക്കുകളില്‍ നിന്നുള്ള രേഖാചിത്രങ്ങളാണ് മറ്റൊരു ആകര്‍ഷണം. ബിക്കാനീര്‍ ഹൗസിന്‍റെ മറ്റൊരു ഗ്യാലറിയില്‍ പ്രശസ്ത ചിത്രകാരന്‍ റോയ് തോമസിന്‍റെ ചിത്രപ്രദര്‍ശനവും നടക്കുന്നുണ്ട്. കേരളത്തില്‍ പാലയിലെ നീലൂര്‍ സ്വദേശിയാണ്. ഡീപ്പ് വിത്തിന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന റോയ് തോമസിന്‍റെ ചിത്രപ്രദര്‍ശനത്തില്‍ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടായ മാറ്റങ്ങളുടെ കണ്ണുകള്‍ തുറപ്പിക്കുന്ന നേര്‍ക്കാഴ്ചകളുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി മുതല്‍ മൈക്കലാഞ്ചലോ ശില്പങ്ങളായ പിയാത്തയും ഡേവിസിനും എല്ലാം കടലിന്‍റെ അടിത്തട്ടാണ് പശ്ചാത്തലമായിരിക്കിയിരിക്കുന്നത്. റോയ് തോമസിന്‍റെ ചിത്രങ്ങളെല്ലാം തന്നെ ജലാശയത്തില്‍ മുങ്ങി കിടക്കുന്ന രൂപങ്ങളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കടലിന്‍റെ അടിത്തട്ടില്‍ തകര്‍ന്ന ലെനിന്‍ പ്രതിമയും, മഹത്മാഗാന്ധിയും സമകാലീന രാഷ്ട്രീയ സാഹചര്യം വിളിച്ച് പറയുന്ന ചിത്രങ്ങളാണ്.
