അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള തിളക്കം
സുധീര്‍ നാഥ്
ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടേഡ്ര് ഫെയര്‍ എന്നത് രാജ്യാന്തര പ്രശസ്തമായി കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള പ്രദര്‍ശന കേന്ദ്രത്തിലാണ് അത് ഇപ്പോള്‍ നടക്കുന്നത് എന്നത് തന്നെ വിശേഷപ്പെട്ടത് തന്നെ. 1980 മുതല്‍ തുടങ്ങിയ വ്യാപാരമേള ഇന്ന് രാജ്യത്തിന്‍റെ അഭിമാന മേളയായി മാറിയിരിക്കുന്നു. ഡല്‍ഹിയില്‍ സുപ്രീം കോടതിക്ക് സമീപമുള്ള 150 ഏക്കര്‍ ഭൂമിയാണ് പ്രഗതി മൈതാന്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലെ വാണിജ്യ വ്യവസായ വകുപ്പിന് കീഴിലാണ് ഈ പ്രദേശം. ഇന്ത്യയുടെ 25ാം സ്വാതന്ത്ര്യ സമരത്തിന്‍റെ സ്മരണയ്ക്കായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1972 നവംബര്‍ 3ന് ഉദ്ഘാടനം ചെയ്തതായിരുന്നു പ്രഗതി മൈതാനിയിലെ വിപണന മേളാ കേന്ദ്രം. പ്രശസ്ത വാസ്തുശില്‍പിയായ രാജ് റിവാളാണ് പ്രഗതി മൈതാനിലെ കെട്ടിടങ്ങള്‍ക്ക് രൂപകല്‍പ്പന ചെയ്തത്. ഒരു മത്സരത്തിലൂടെയാണ് ഹാള്‍ ഓഫ് നേഷന്‍സ് എന്ന് പേരിട്ട രാജ് റിവാളിന്‍റെ മാതൃക അംഗീകരിച്ചത്.
പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി അവിടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു. വലിയ ഓഡിറ്റോറിയങ്ങള്‍ നര്‍മ്മിച്ചു. ആയരകണക്കിന് കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഭൂമിക്കടിയില്‍ സംവിധാനങ്ങളൊരുക്കി. ഗതാഗത തടസങ്ങള്‍ ഒഴിവാക്കാന്‍ ഭൂഗര്‍ഭ പാതകള്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ പ്രഗതി മൈതാന്‍റെ അടിയില്‍ പാര്‍ക്കിങ്ങ് കേന്ദ്രങ്ങളും, റോഡുകളും ഉണ്ട്. അവിടെ നടക്കുന്ന രാജ്യാന്തര വ്യാപാര മേളയില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും, കേന്ദ്രഭരണ പ്രദേശങ്ങളും, വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും, വിദേശ രാജ്യങ്ങളും പങ്കെടുക്കുന്നു. ജി 20 ഉച്ചകോടി നടന്നത് പ്രഗതി മൈതാനിയിലായിരുന്നു.
രാജ്യാന്തര വ്യാപാരമേളയിലെ പവലിയനിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ആണ് നമുക്ക് നേരിട്ട് കാണുവാന്‍ സാധിക്കുക. ഓരോ പവലിയനും സന്ദര്‍ശകര്‍ക്ക് കൗതുകമാണ് സമ്മാനിക്കുക. വ്യാപാരമേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓരോ ഇനങ്ങളും നമ്മുടെ രാജ്യത്തിന്‍റെ വികസനത്തിന്‍റെ ചിഹ്നങ്ങളാണ്. രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളെല്ലാം അവരുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളാണ് പ്രദര്‍ശന വസ്തുക്കളാക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഗൃഹോപകരണ ഉല്‍പ്പന്നങ്ങള്‍ മുതല്‍ നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യഉത്പന്നങ്ങളും, തുണിത്തരങ്ങള്‍ വരെ മേളയിലെ ഭാഗമാണ്. ഖാദിയുടെയും ചെറുകിട ഉല്‍പ്പന്നങ്ങളുടെയും വമ്പിച്ച പ്രദര്‍ശനം തന്നെയാണ് എടുത്തു പറയേണ്ട ഒന്ന്. വ്യാപാരമേളയിലെ സാരസ് മേളയില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ചെറുകിട ഉത്പാദന യൂണിറ്റുകള്‍ അവരുടെ വിപണന കേന്ദ്രമാക്കി മേളയെ മാറ്റിയിരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
രാജ്യാന്തര വ്യാപാരമേളയില്‍ നമ്മുടെ രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളുടെ രുചികള്‍ അറിയുവാനും അവിടുത്തെ കലാ സാംസ്കാരിക രംഗത്തെ തിരിച്ചറിയുവാനും നമുക്ക് സാധിക്കുന്നു. അതിവിപുലമായ ഫുഡ് കോര്‍ട്ടുകളാണ് വ്യാപാരമേളയുടെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നത്. ഓരോ സംസ്സ്ഥാനത്തിന്‍റെ രുചിക്കൂട്ട് അവിടുന്ന് ലഭിക്കും. ഓരോ രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന മേളയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെ സാസ്ക്കാരിക കലാ പ്രകടനങ്ങള്‍ക്കായി സമയം നല്‍കാറുണ്ട്. ഓരോ സംസ്ഥാനങ്ങളും അവരുടെ ദിവസം മികച്ചതും വ്യത്യസ്ഥതയുള്ളതുമാക്കാന്‍ ശ്രമിക്കും. ഓരോ സംസ്ഥാനത്തിന്‍റെ രുചിയും കലാ സംസ്കാരവും തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു വലിയ മേള തന്നെയാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്നത്. ഓരോ സംസ്ഥാന പവലിയനിലും കയറി കഴിഞ്ഞാല്‍ അതാത് സംസ്ഥാനങ്ങളില്‍ പോയത് പോലുള്ള അനുഭവം ഉണ്ടാകും. സംസ്ഥാനങ്ങളിലെ വികസനം, സംസ്ക്കാരം, രുചി എല്ലാം നമുക്ക് അനുഭവിച്ചറിയാം.
കേരള പവലിയന്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് കേരളവുമായി വളരെ അടുത്ത ബന്ധമുള്ള മറ്റിടങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. സ്പൈസസ് ബോര്‍ഡ്, കോക്കനട്ട് ഡെവലപ്പ്മെന്‍റ് ബോര്‍ഡ്, ഫിഷറീസ് ബോര്‍ഡ്, കാഷ്യൂ ഡെവലപ്മെന്‍റ് ബോര്‍ഡ് തുടങ്ങിയ പവലിയനും വിപണനമേളയിലുണ്ട്. സുഗന്ധവ്യഞ്ജന വിപണന രംഗത്ത് രാജ്യത്ത് വലിയ സ്ഥാനമാണ് കേരളത്തിലുള്ളത്. അത് വ്യക്തമാകുന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനം സ്പൈസസ് ബോര്‍ഡിന്‍റെ പവലിയനിലുണ്ട്. കുരുമുളകും, ലവും ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നത് മലയാളിക്ക് അഭിമാനം തന്നെ. അതുപോലെ തന്നെയാണ് തേങ്ങയുടെ കാര്യത്തിലും. കോക്കനട്ട് ഡെവലപ്പ്മെന്‍റ് ബോര്‍ഡ് പവലിയനില്‍ ചെന്നാല്‍ വെളിച്ചെണ്ണയും, തേങ്ങാവെള്ളവും, നീരയും, തെങ്ങിന്‍റെ ചകിരിയും ചിരട്ടയും കൊണ്ടുള്ള കലാരൂപങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍ മാത്രമല്ല കാണുക. അവിടെ സോപ്പുണ്ട്, കാപ്പിപ്പൊടിയുണ്ട്, അലുവയുണ്ട്, ബര്‍ഫിയുണ്ട്, തേങ്ങാപാലുണ്ട്, തേങ്ങാപ്പൊടിയുണ്ട്, ചിപ്സുണ്ട്, അങ്ങിനെ എത്ര എത്ര ഇനങ്ങള്‍. സൗന്ദര്യ വര്‍ദ്ധനയ്ക്കുള്ള ഉത്പന്നങ്ങള്‍ വരെ തേങ്ങയില്‍ നിന്നുണ്ടാക്കാം എന്നത് പുതിയൊരറിവായിരുന്നു. അവിടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും ഒരുക്കിയിരിക്കുന്ന ഓരോ ഇനവും കേരളത്തിന്‍റെ സ്വന്തമാണ് എന്ന് തന്നെ പറയാം. രാജ്യത്തിന്‍റെ പല സംസ്ഥാനങ്ങളില്‍ നിന്നും ഇരു പവലിനുകളിലും ഉല്‍പ്പന്നങ്ങള്‍ നിരത്തി വെച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് കേരളം ഉല്പാദിപ്പിച്ച് അവിടെ പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍ തന്നെയാണ്. മത്സ്യ ഉത്പ്പനങ്ങള്‍ കൗതുകം പകരുന്ന ഒന്നാണ്. എത്രതരം മത്സ്യ ഇനങ്ങളാണ് ഫിഷറീസ് പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മീന്‍ അച്ചാറും, ഇന്‍സ്റ്റന്‍റ് മീന്‍ കറികളും, മീന്‍ എണ്ണയും, നെയ്യും മറ്റും മറ്റും പ്രദര്‍ശന ഇനങ്ങളാണ്. കശുനണ്ടി ഉത്പ്പന്നങ്ങള്‍ എത്ര തരം. പുത്തന്‍ അറിവുകള്‍ പകര്‍ന്ന് നല്‍കുന്ന പ്രദര്‍ശനം കാഴ്ച്ചക്കാര്‍ക്ക് വര്‍ത്തമാന കാലത്തിന്‍റെ നേര്‍ ചിത്രം തന്നെയാണ് സമ്മാനിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഒട്ടേറെ വകുപ്പുകളുടെ സ്റ്റോറുകളും നമ്മുടെ രാജ്യത്തിന് അഭിമാനമായ ഊര്‍ജ്ജത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും സുരക്ഷയുടെയും വര്‍ത്തമാനകാല സാഹചര്യങ്ങള്‍ വിളിച്ചോതുന്ന പവലിയനുകളും പ്രദര്‍ശനത്തിന്‍റെ ഭാഗമായി ഉണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളുടെ പ്രദര്‍ശനം നമ്മുടെ വളര്‍ച്ചയുടെ പ്രദര്‍ശനമായി മാറുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള ഉത്പന്നങ്ങളുടെ വലിയ പ്രദര്‍ശനമാണ് അന്തര്‍ദേശിയ വ്യാപാര മേള എന്ന് ചുരുക്കി പറയാം.
മേളയുടെ ഇത്തവണത്തെ ആശയം څ വസുധൈവ കുടുംബകം യുണൈറ്റഡ് ബൈ ട്രേഡ് څ എന്നതാണ്. ഇതിനെ അന്വര്‍ത്ഥമാക്കുന്ന പവലിയനാണ് കേരളം ഒരുക്കിയത്. മറ്റ് സംസ്ഥാനങ്ങളും ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് അവരുടെ പവലിയനുകള്‍ ഒരുക്കിയിരിക്കുന്നത്. പ്രാചിന കാലം മുതല്‍ കേരളവുമായുള്ള ലോക രാജ്യങ്ങളുടെ വ്യാപാരബന്ധവും സ്പൈസ് റൂട്ടുമാണ് പവിലിയനില്‍ കേരളം ദൃശ്യമാക്കുന്നത്. മുസിരിസ് മുതല്‍ വിഴിഞ്ഞം തുറമുഖം വരെയുള്ള വ്യാപാര സൂചകങ്ങള്‍ ഒപ്പം പ്രാചിന കാലം മുതല്‍ കേരളവുമായുള്ള ലോക രാജ്യങ്ങളുടെ വ്യാപാരബന്ധവും സ്പൈസ് റൂട്ടുമാണ് പവിലിയനില്‍ ദൃശ്യമാകുന്നത്.
സര്‍ഫസ് പ്രൊജക്ഷനും, ത്രീ.ഡി. ഹോളോ ഗ്രാഫിക്ക് ഡിസ്പ്ലേ സിസ്റ്റം വഴിയും വ്യാപാര കാലഘട്ടങ്ങളും സംസ്ഥാനത്തിന്‍റെ വ്യാപാര വളര്‍ച്ചയും കേരള പവലിയിനിയില്‍ കാണാവുന്നതാണ്. പുരാതന കാലം മുതലുള്ള കേരളത്തിന്‍റെ വാണിജ്യ, സാമുഹ്യ, സാംസ്കാരിക ചരിത്രം മിന്നിമറയുന്ന സര്‍ഫസ് പ്രൊജക്ഷനാണ് കേരള പവിലിയനിലെത്തുന്ന സന്ദര്‍ശകരുടെ ശ്രദ്ധാകേന്ദ്രം. മറ്റ് സ്റ്റോളുകളില്‍ നിന്ന് കേരളത്തെ വേറിട്ട് നിര്‍ത്തുന്നതും ഇതാണ്. ലോകത്തിന്‍റെ വിവിധ കോണില്‍ നിന്നും കേരളത്തിന്‍റെ സുഗന്ധ വ്യഞ്ജനങ്ങള്‍ തേടിയെത്തിവര്‍ക്കൊപ്പം ഭൂഗോളത്തിന്‍റെ സര്‍വ്വ കോണിലും മലയാളികള്‍ എത്തിയ ചരിത്രം കാലാനുസൃതമായി കാണിക്കുന്നതോടെ വസുധൈവകുടുംബകം യുണൈറ്റഡ് ബൈ ട്രേഡ് എന്ന ആശയത്തിന്‍റെ നേര്‍രൂപമായി മാറി കേരള പവിലിയന്‍ മാറുന്നു. കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് താങ്ങാവുന്ന നാലു പില്ലറുകളായ ടൂറിസം, വ്യവസായം, ഐ ടി., ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ മുകളിലാണ് സര്‍ഫസ് പ്രൊജക്ഷന്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ കൈകളില്‍ തിരിയുന്ന ഗോളാക്യതിയിലുള്ള പ്രതലത്തിലാണ് കേരളത്തിന്‍റെ വികസന ചരിത്രം ദ്യശ്യമാകുന്നത്. കേരള പവിലിയന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കുറഞ്ഞ സമയത്തില്‍ കേരളത്തിന്‍റെ വ്യാപാര സാമൂഹ്യ സാംസ്കാരിക ചരിത്രം മനസ്സിലാക്കാം എന്നതാണ് സര്‍ഫസ് പ്രൊജക്ഷന്‍ സാങ്കേതികത്വം കൊണ്ടുള്ള നേട്ടം.
ടൂറിസം വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വ്യാവസായ വാണിജ്യ വകുപ്പ്, പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ്, കയര്‍ വികസന വകുപ്പ്, ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, കോ ഓപ്പറേറ്റിവ് സൊസൈറ്റി, ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റ് കുടുംബശ്രീ, കെ.ബിപ്, മാര്‍ക്കറ്റ് ഫെഡ്, കള്‍ച്ചര്‍ വകുപ്പ്, ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ് വില്ലേജ്, കൈരളി, തീരദേശ വികസന കോര്‍പ്പറേഷന്‍, പഞ്ചായത്ത് വകുപ്പ്, ഹാന്‍റെക്സ്, ഹാന്‍വീവ്, ഖാദി & ഗ്രാമ വ്യാവസായ ബോര്‍ഡ്, എസ്.റ്റി വകുപ്പ്, കോ ഓപ്പറേറ്റിവ് സൊസൈറ്റിസ്, കൃഷി വകുപ്പ്, കേരഫെഡ്, ഔഷധി എന്നിവയുടെ സ്റ്റാളുകളാണ് പവലിയനിലുള്ളത്. രുചിമേളം തീര്‍ക്കാന്‍ കുടുംബശ്രീയുടെയും സാഫിന്‍റെയും ഫുഡ് കോര്‍ട്ടുകളും ഒരുങ്ങി കഴിഞ്ഞു. കേരളത്തിന്‍റെ തനത് ഉല്പന്നങ്ങളും വിഭവങ്ങളുമാണ് സ്റ്റാളില്‍ ലഭിക്കുന്നത്.
ഇക്കുറി പാര്‍ട്ണര്‍ സംസ്ഥാനമായാണ് കേരളം പങ്കെടുക്കുന്നത്. 624 ചതുരശ്ര അടിയില്‍ 44 സ്റ്റാളുകളാന്ന് കേരളപവിലിയനില്‍ ഒരുക്കിയിരിക്കുന്നത്. 10 എണ്ണം തീം സ്റ്റാളുകളും 34 എണ്ണം കൊമേര്‍ഷ്യല്‍ സ്റ്റാളുകളുമാണ്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇതിന്‍റെ സംഘാടനം നിര്‍വഹിച്ചിരിക്കുന്നത്. കെ. അബ്ദുള്‍ റഷീദ് (പി.ആര്‍.ഡി) അഡീഷണല്‍ ഡയറക്ടറാണ് കേരള പവലിയന്‍റെ ഡയറക്ടര്‍. ജയകുമാര്‍ എസ്, സിനി കെ. തോമസ്, അനീസ് എന്നവരാണ് കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേരള പവലിയനെ നിയന്ത്രിക്കുന്നത്. ആര്‍ട്ടിസ്റ്റ് ജീനന്‍ സി.ബി., ബിനു ഹരിദാസ്, ജിഗീഷ് സി.ബി എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം കലാകാരന്മാര്‍ ചേര്‍ന്നാണ് ഈ വര്‍ഷത്തെ കേരള പവിലിയന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇവരുടെ നേതൃത്വത്തില്‍ ഒരുക്കിയ കേരള പവിലിയന്‍ ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു.
