പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2023 നവംബര്‍ 15

ഡോക്ടര്‍ ലീല ഓംചേരി ഓര്‍മ്മയായി... 


ലീലാ ഓംചേരി കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് അന്തരിച്ചു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ മലയാളികളുടെ അമ്മയായിരുന്നു. ഡല്‍ഹി മലയാളികള്‍ ലീല ഓംചേരിയെ അമ്മ എന്നു തന്നെയാണ് വിളിച്ചിരുന്നത്. പ്രവാസി മലയാളികളായ ഡല്‍ഹിക്കാര്‍ക്ക് അമ്മയെ നഷ്ടപ്പെട്ട ദുഃഖമാണ് കഴിഞ്ഞ ആഴ്ച ഉണ്ടായത്. ഡല്‍ഹിയിലെ അശോക് വിഹാറിലെ അവരുടെ വീടിന്‍റെ മുറ്റത്ത് വാഴയും, മാവും, പ്ലാവും കാണാം. അവരുടെ വീട്ടില്‍ എപ്പോഴും മലയാള ഭാഷ കേള്‍ക്കാം. മലയാള സംഗീതം കേള്‍ക്കാം. അവരാണ് കേരള പിറവി ദിനത്തില്‍ ഓര്‍മ്മയായത്. തിരുവെട്ടാര്‍ കമുക്കറ വീട്ടില്‍ പരമേശ്വരക്കുറുപ്പിന്‍റെയും ലക്ഷ്മി കുട്ടിയമ്മയുടെയും മകളായി ജനിച്ച ലീലാ ഓംചേരി തൊട്ടൂറ്റി എട്ടാം വയസ്സിലാണ് ലോകത്തോട് വിട പറയുന്നത്. പ്രശസ്ത നാടക രചയിതാവ് ഓംചേരി എന്‍ എന്‍ പിള്ളയുടെ ഭാര്യയായ അവര്‍ ഈ രീതിയിലും പ്രശസ്തയാണ്. ഓചേരി എന്‍ എന്‍ പിള്ളയുടെ നൂറാം വയസിലേയ്ക്കുള്ള പ്രവേശനം ഡല്‍ഹി മലയാളികള്‍ വലിയ രീതിയില്‍ ആഘോഷിച്ചപ്പോള്‍ ആവേശത്തോടെ ലീലാ ഓംചേരിയും വേദിയിലുണ്ടായിരുന്നു. രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ പത്മശ്രീ നല്‍കി ലീലാ ഓംചേരിയെ രാജ്യം ആദരിച്ചിട്ടുണ്ട്. സംഗീത ലോകത്ത് അവര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ഏക സഹോദരന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകന്‍ കമുകറ പുരുഷോത്തമന്‍ ആണ്. ലീല ഓംചേരിയുടെ ആദ്യ ഗുരുക്കന്മാര്‍ മാതാപിതാക്കള്‍ തന്നെയായിരുന്നു. തിരുവട്ടാറിലെ ക്ഷേത്രത്തില്‍ നിന്നും സമീപത്തെ ഗായകരില്‍ നിന്നും ക്ഷേത്ര സംഗീതത്തിലും സോപാനത്തിലും ഇവര്‍ പരിശീലനം നേടി. അറുമുഖന്‍ പിള്ള നായനാരില്‍ നിന്ന് തേവാര സംഗീതത്തിലും, കമ്പര്‍ സഹോദരന്മാരില്‍ നിന്ന് കര്‍ണാടക സംഗീതവും പഠിച്ച ലീലാ ഭായ് സഹോദരന്‍ കമുകറ പുരുഷോത്തമനൊപ്പം 14-ാം വയസില്‍ അരങ്ങേറി.  തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് സംഗീതത്തില്‍ ഉന്നത വിജയമാണ് ഉണ്ടായത്. ആദ്യകാലത്ത് കവിതകളും പിന്നീട് നാടകവും എഴുതി പ്രശസ്തനായ ഓംചേരി എന്‍ എന്‍ പിള്ളയുമായി പ്രണയത്തിലാവുകയും വിവാഹശേഷം ഡല്‍ഹിയിലേക്ക് ചുവടു മാറുകയുമാണ് ഉണ്ടായത്. അങ്ങിനെ ലീലാ ഭായ് പേര് മാറ്റി ലീലാ ഓംചേരിയായി. എുപത്തഞ്ച് വര്‍ഷത്തെ പ്രണയമാണ് ലീലാ ഓംചേരിയും ഓംചേരി എന്‍ എന്‍ പിള്ളയും തമ്മില്‍ ഉള്ളത്. അത് എടുത്ത് പറയേണ്ടുന്ന വിശേഷണമാണ്. വടക്കാഞ്ചേരി രാമഭാഗവതര്‍, വിദ്വാന്‍ ശടഗോപന്‍, ടി എസ് രാഘവന്‍ എന്നിവരില്‍ നിന്ന് കര്‍ണാടക സംഗീതം അഭ്യസിച്ചു. പണ്ഡിറ്റ് വിനയചന്ദ്ര മൗഡ്ഗല്യ, പണ്ഡിറ്റ്  പ്രാണ്‍ നാഥ് ഡാഗര്‍ സഹോദരന്മാരില്‍ നിന്ന് ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു. രണ്ടിലും റാങ്കോടെ ബിരുദം നേടി ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് പി എച്ച് ഡി നേടിയതോടെ ഡോക്ടര്‍ ലീല ഓംചേരിയായി മാറി. ഡല്‍ഹി സര്‍വകലാശാലയില്‍ സംഗീതത്തില്‍ അധ്യാപികയായി മുപ്പത് വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്. ഡല്‍ഹിയിലെ ഒട്ടുമിക്ക സംഘടനകളിലും ഒരുമിച്ചു നിന്നു പ്രവര്‍ത്തിച്ചു. സംഗീതത്തിലും നൃത്തത്തിലും ഇരുന്നൂറിലേറെ പഠനങ്ങള്‍ ലീലാ ഓംചേരിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഗീതം വിഷയമായ പുസ്തകങ്ങള്‍ കൂടാതെ ഒട്ടേറെ കൃതികളും അവര്‍ രചിച്ചു. ലീലാഞ്ജലി എന്ന കഥാസമാഹാരം 1947ല്‍ പുറത്തിറക്കി. ജീവിതം എന്ന നാടകം 1948 ലാണ് പുറത്തിറക്കിയത്. ആഹാരവും ആരോഗ്യവും എന്ന പഠന ഗ്രന്ഥം 1987ല്‍ പുറത്തിറക്കി.

കേരളീയം ഡല്‍ഹിയിലും

കേരളപ്പിറവി വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഡല്‍ഹി കേരള ഹൗസില്‍ അതിവിപുലമായി കേരളീയം സംഘടിപ്പിച്ചു. ഡല്‍ഹിയിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ മലയാളി സംഘടനകളുടെ കലാ പ്രകടനങ്ങള്‍ പരിപാടിക്ക് മികവേകി. കഥകളിയും, നാടകവും, ന്യത്ത ഇനങ്ങളും, സംഘ ഗാനവും മറ്റും കൊണ്ട് സമ്പന്നമായിരുന്നു കേരള പിറവി ദിനാഘോഷം. ചലചിത്ര പ്രദര്‍ശനവും സെമിനാറുകളും ആഘോഷ പരിപാടിയുടെ ഭാഗമായിരുന്നു. പ്രവാസി  മലയാളികള്‍ നാളെ കേരളത്തിന്  മുതല്‍ക്കൂട്ടാണെന്നും നമ്മുടെ  യുവാക്കള്‍ വിദേശത്തേക്ക്  പോകുന്നതിനെ ഭയക്കേണ്ടതില്ലെന്നും, അവര്‍ നാളെ നമ്മുടെ നാടിന്‍റെ റിസോഴ്സാകുമെന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാന്‍സലര്‍ എ. സാബു പറഞ്ഞു. ഞാന്‍ മലയാളി പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുകള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രകടിപ്പിക്കുന്ന മലയാളികള്‍ ലോകത്തിന്‍റെ ഏതു കോണിലും മികവ് പുലര്‍ത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികളുടെ ശ്രമങ്ങള്‍ നാടിന്‍റെ വികസനത്തിന് വലിയ പങ്ക് വഹിച്ചുവെന്നും ഇന്നും നാളെയും അത് തുടരുമെന്നും  തുടര്‍ന്ന്  സംസാരിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണ്‍ കുരുവിള പറഞ്ഞു.

നവോത്ഥാനത്തിലൂടെ മലയാളി നേടിയ വെളിച്ചം ഡല്‍ഹിയിലെ മലയാളി സമൂഹത്തില്‍ പ്രസരിപ്പിക്കുന്നതിനൊപ്പം തദ്ദേശ സമൂഹത്തിന്  മാതൃകയാകുന്നതാണെന്നും ലോക കേരള സഭയെ പ്രതിനിധികരിച്ച്  ചര്‍ച്ചയില്‍ പങ്കെടുത്ത പ്രസന്ന പറഞ്ഞു. ഡല്‍ഹി മലയാളി കൂട്ടായ്മയുടെ പ്രതിഫലനമാണ് കേരളപ്പിറവി ആഘോഷത്തില്‍ കാണുന്നതെന്ന് ഡല്‍ഹി മലയാളി അസോസ്സിയേഷനെ പ്രതിനിധികരിച്ച് കെ. രഘുനാഥ് അഭിപ്രായപ്പെട്ടു. മലയാളി എവിടെയുണ്ടോ അവിടെ ഒരു കൂട്ടായ്മ ഉണ്ടാകും.  പരസ്പര സഹകരണത്തിനും സാഹോദര്യത്തിനും   ഈ കൂട്ടായ്മകള്‍  എന്നും മുന്നിലാണെന്നും ലോക കേരള സഭയെ പ്രതിനിധീകരിച്ച് ജയരാജ് നായര്‍ പറഞ്ഞു. മലയാളി യഥാര്‍ത്ഥത്തില്‍ മലയാളി ആകുന്നത് കേരളത്തിന് പുറത്താണ്. സമത്വവും സാഹോദര്യവും ഏറ്റവും പ്രകടമാകുന്നത് പ്രവാസികള്‍ക്കിടയിലാണെന്നും  ലോക കേരള സഭയെ പ്രതിനിധികരിച്ച് ബാബു പണിക്കര്‍ അഭിപ്രായപ്പെട്ടു. അയിത്തജാതിക്കാരെ അകറ്റി നിര്‍ത്തിയ ക്ഷേത്ര വഴികളില്‍ സമത്വത്തിന്‍റെ പാത തുറന്നിട്ട  വൈക്കം സത്യാഗ്രഹം ചരിത്രം പരിപാടിയുടെ ഭാഗമായി നാടക രൂപത്തില്‍ വൈക്കം സംഗമവും രംഗവേദിയും ഒരുക്കിയത് വേറിട്ട ദൃശ്യാനുഭവമായി. വൈക്കം സത്യാഗ്രഹത്തിന്‍റെ  നൂറാം വാര്‍ഷികത്തിന്‍റെയും കേരളപ്പിറവി വാര്‍ഷിക ആഘോഷത്തിന്‍റെയും  മലയാള ഭാഷാവാരാഘോഷത്തിന്‍റെയും ഭാഗമായിട്ടാണ് കേരള ഹൗസില്‍ നാടകം അരങ്ങേറിയത്. 1865 നടന്ന   ദളവാക്കുളം കൂട്ടക്കുരുതി മുതല്‍ 1936 ലെ  ക്ഷേത്ര പ്രവേശന വിളംബരം വരെയുള്ള ചരിത്രം മുഹുര്‍ത്തങ്ങളാണ്   സ്റ്റേജില്‍ ആവിഷ്ക്കാരിച്ചത്. നവോത്ഥാന നായകനായ ശ്രീനാരയണ ഗുരു, വേലുത്തമ്പി ദളവ, അയ്യങ്കാളി,  മഹാത്മഗാന്ധി, എ.കെ. മാധവന്‍, പെരിയാര്‍ ഇ.വി. രാമ സ്വാമി നായ്ക്കര്‍ , കെ.കേളപ്പന്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയ ചരിത്ര പുരുഷന്‍മാര്‍   വേദിയിലെത്തി. 100 ഓളം കലാകാരന്‍മാരാണ് വേദിയില്‍ വേഷപ്പകര്‍ച്ച നടത്തിയത്. നാടകം സംവിധാനം  അജിത്ത് മണിയന്‍ നിര്‍വ്വഹിച്ചപ്പോള്‍, നാടക രചന, സംഗീതം ,ആവിഷ്കാരം നിര്‍വ്വഹിച്ചത് കലാഭവന്‍ പ്രജിത്താണ്. ഗാനരചന സജി. പി രാജായിരുന്നു. ഒരു  മണിക്കൂര്‍ മുപ്പത് മിനിറ്റു കൊണ്ടാണ്  പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം ചരിത്രം രംഗത്ത് ആവിഷ്ക്കരിച്ചത്.