പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2023 ഒക്ടോബര്‍ 30 


ഫേസ് ഓഫ് ദി ഫെയ്സ് ലെസ് ഹിന്ദി പതിപ്പ് ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചു

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ റാണി മരിയയുടെ ജീവിത കഥ പറയുന്ന ഹിന്ദി സിനിമ, ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ് ഡല്‍ഹിയില്‍ പ്രത്യേക ക്ഷണിതാക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 1995 ഫെബ്രുവരി 25 ന് ഇന്‍റോറിലെ നേച്ചംമ്പൂര്‍ മലയിടുക്കില്‍ കൊല ചെയ്യപ്പെട്ട സിസ്റ്റര്‍ റാണി മറിയയുടെ ജീവിത കഥ ഷെയ്സണ്‍ പി ഔസേപ്പാണ് സംവിധാനം ചെയ്തിരിക്കുന്നത്. 2017 ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു. ഭാരത സഭയിലെ പ്രഥമ വനിതാ രക്തസാക്ഷിയാണ് വാഴ്ത്തപ്പെട്ട റാണി മരിയ. എഫ്.സി.സി. എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ പാവപ്പെട്ടവരെ അടിച്ചമര്‍ത്തലില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷിക്കുന്നതിന് മദ്ധ്യപ്രദേശിലെ ഇന്‍ഡാര്‍-ഉദയ്നഗര്‍ കേന്ദ്രീകരിച്ചണ് പ്രവര്‍ത്തിച്ചിരുന്നത്. സ്വന്തം സംസ്ഥാനമായ കേരളത്തിലേക്കുള്ള ഒരു ബസ് യാത്രയില്‍ ഇന്‍ഡോറില്‍ വച്ച് 1995 ഫെബ്രുവരി 25നാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്. എതിരാളികളാല്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ റാണി മരിയ ഇന്ന് വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലാണ്. എതിരാളിയുടെ കത്തിക്കു മുന്നില്‍ യേശുനാമം ഏറ്റുപറഞ്ഞു മരണത്തിനു കീഴടങ്ങുമ്പോള്‍ 41 വയസ്സായിരുന്നു സിസ്റ്റര്‍ക്ക് പ്രായം. ഇന്ത്യയിലെ ആധുനിക കാലഘട്ടത്തിലെ രക്തസാക്ഷിയായി സഭ അവളെ അംഗീകരിച്ചു. സിസ്റ്റര്‍ റാണി മരിയയെ കുത്തിക്കൊന്ന സമാന്തര്‍ സിങ് എന്ന വ്യക്തി ബസ്സിനുള്ളിലും ബസില്‍ നിന്ന് വലിച്ചു പുറത്തിട്ടും കത്തി കൊണ്ട് അവരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സിസ്റ്ററിന്‍റെ ശരീരത്തില്‍ 54 കുത്തുകളാണ് സമാന്തര്‍ സിങ് കുത്തിയത്. ഈ 54 പ്രാവശ്യവും യേശുനാമം ഉച്ചരിച്ചുകൊണ്ട് സിസ്റ്റര്‍ തന്‍റെ ഘാതകന്‍റെ ആത്മാവിന്‍റെ രക്ഷക്കായി പ്രാര്‍ത്ഥിക്കുകയായിരുന്നു എന്ന് തുടര്‍സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ കിടന്ന് അനുതപിച്ച് മാനസാന്തരത്തിന്‍റെ പാതയിലെത്തിയ സമാന്തര്‍ സിങ് സിസ്റ്ററിന്‍റെ കുടുംബത്തിലെത്തി മാതാപിതാക്കളോട് ക്ഷമ ചോദിച്ചു. ഈ കുടുംബത്തിന്‍റെ ക്ഷമയുടെ മനോഭാവവും ആളുകളെ ഏറെ സ്വാധീനീച്ചിരുന്നു. സിസ്റ്റര്‍ റാണി മരിയയായി ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസാണ് അഭിനയിച്ചിരിക്കുന്നത്. സംവിധായകനും പ്രധാന നടിക്കും പുറമെ സിനിമയില്‍ അഭിനയിച്ച ഫാദര്‍ സ്റ്റാന്‍ലി കോഴിച്ചിറ, നിര്‍മ്മാതാവ് സാന്ദ്ര ഡിസൂസ റാണ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രഞ്ചന്‍ എബ്രഹാം എന്നിവര്‍ പ്രത്യേക ചിത്ര പ്രദര്‍ശനത്തിന് എത്തിയിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനം, ജോര്‍ജ് കള്ളിവയലില്‍, എ.ജെ ഫിലിപ്പ്, അന്ന വെട്ടിക്കല്‍, ഫാദര്‍ റോബി കണ്ണംചിറ തുടങ്ങിയവര്‍ സിനിമയെ വിലയിരുത്തി സംസാരിച്ചു.

മണ്ഡല്‍ വീണ്ടും ചര്‍ച്ചയാകുന്നു

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സ്യഷ്ടിക്കാന്‍ കാരണമായിരുന്നു. 1979 ജനുവരി 1 ന് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയില്‍ സാമൂഹികമോ വിദ്യാഭ്യാസപരമോ പിന്നോക്കം നില്‍ക്കുന്നവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇന്ത്യയിലെ രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷനായിരുന്നു മണ്ഡല്‍ കമ്മീഷന്‍. ഇതിന്‍റെ അധ്യക്ഷന്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ബിന്ദെശ്വരി പ്രസാദ് മണ്ഡല്‍ ആയിരുന്നു. പിന്നോക്ക വിഭാഗങ്ങളെ (ഒബിസി) സാമൂഹ്യപുരോഗതിയിലെത്തിക്കാന്‍ ബി പി മണ്ഡലിന്‍റെ നേതൃത്വത്തില്‍ പുറത്തിറക്കിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ത്യയുടെ സംവരണ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. റിപ്പോര്‍ട്ടിന്‍റെ ആമുഖ വാക്കുകള്‍ തന്നെ ഏറെ ശ്രദ്ധേമാണ്: "തുല്യരായവര്‍ക്കിടയില്‍ മാത്രമേ തുല്യതയുണ്ടാവൂ. തുല്യരല്ലാത്തവരെ തുല്യരായി കാണുന്നത് തുല്യതയില്ലായ്മയെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യൂ." 1979 ജനുവരി ഒന്നിന് രൂപീകരിക്കപ്പെട്ട മണ്ഡല്‍ കമ്മീഷന്‍ രണ്ടു വര്‍ഷത്തിള്ളില്‍ -1980 ഡിസംബര്‍ 31ന്- റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ഇതിനിടെ താഴെ പോവുകയും പിന്നീട് അധികാരത്തിലേറിയ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ നേത്യത്ത്വത്തിലെ സര്‍ക്കാര്‍ കാലത്ത് റിപ്പോര്‍ട്ട് നടപ്പാക്കപ്പെട്ടില്ല. 1990 ആഗസ്റ്റ് എഴിന് അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. ഒ.ബി.സി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 27 ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ളതായിരുന്നു ഈ നടപ്പിലാക്കല്‍. 'മണ്ഡല്‍ വേഴ്സസ് കമണ്ഡല്‍' എന്നായിരുന്നു ഈ രാഷ്ട്രീയ നീക്കത്തെ പറഞ്ഞിരുന്നത്. 2024 ലെ പൊതുതിരഞ്ഞെടുപ്പ് പ്രധാനമായും 'മണ്ഡല്‍ വേഴ്സസ് കമണ്ഡല്‍' എന്നത്  ചര്‍ച്ച ചെയ്യപ്പെടും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതിന് വീണ്ടും അടിത്തറ പാകുന്നതിനു വേണ്ടിയാണ് ബീഹാറില്‍ ജാതി അടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വേ എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞദിവസം സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടുകൂടി ഈ വിഷയത്തില്‍ രാജ്യമാകമാനം ചര്‍ച്ച നടക്കുകയാണ്. ബീഹാറില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ പുറത്താക്കിക്കൊണ്ട് നിതീഷ് കുമാര്‍ നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്ന ജാതി തിരിച്ചുള്ള സെന്‍സസ്. പിന്നോക്ക ജാതിക്കാരെയും പട്ടികജാതിക്കാരെയും ഉള്‍പ്പെടുന്ന ജനവിഭാഗം പിന്തുണ നല്‍കുന്ന രാഷ്ട്രീയത്തെ പരാമര്‍ശിക്കുന്നതാണ് മണ്ഡല്‍ എന്നത്. സന്യാസിമാരുടെയും മുന്നോക്ക ഹിന്ദു വിഭാഗങ്ങളുടെയും കൂട്ടായ്മയാണ് കമണ്ഡലം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഹിന്ദുക്കളുടെ ഇടയില്‍ തന്നെ ജാതീയമായ സ്പര്‍ദ്ദയുണ്ടാക്കി രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ് മണ്ഡല്‍ കമണ്ഡല്‍ രാഷ്ട്രീയം. 2024 തെരഞ്ഞെടുപ്പില്‍ അത്തരം ഒരു സാഹചര്യമുണ്ടാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പുറത്തുവന്നിരിക്കുന്ന ജാതി സെന്‍സസ് പ്രകാരം ബീഹാറിലെ 63% ജനസംഖ്യയും പിന്നോക്കവിഭാഗമോ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരോ ആണ്. പിന്നോക്ക വിഭാഗക്കാര്‍ക്ക് ഏറ്റവും പിന്തുണ നല്‍കുന്ന ജനത പാര്‍ട്ടിക്ക് മണ്ഡല്‍ വേഴ്സസ് കമണ്ഡല്‍ രാഷ്ട്രീയത്തില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതിന്‍റെ തുടര്‍ച്ചയായി തന്നെ വേണം ഇപ്പോള്‍ ജാതി സെന്‍സസ് കൊണ്ടുവരുവാന്‍ കാരണം. മണ്ഡല്‍ വേഴ്സസ് കമണ്ഡല്‍ രാഷ്ട്രീയം വീണ്ടും അവര്‍ത്തിച്ചാല്‍ ഇതിന്‍റെ  ചലനങ്ങള്‍ തൊട്ടടുത്ത സംസ്ഥാനമായ ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്ക് പടര്‍ന്നു കയറും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അത് രാജ്യമാകമാനം പടര്‍ന്നുകയറുവാനും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സെന്‍സസ് കണക്കുകളും ചര്‍ച്ചകളും ബിജെപിയെ വലിയ അളവില്‍ രാഷ്ട്രീയമായി തിരിച്ചടിച്ചിരിക്കുകയാണ്. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ ജാതീയ ചര്‍ച്ചകള്‍ ഉണ്ടാക്കുക എന്നുള്ള ലക്ഷ്യം തന്നെയാണ് ജാതി സെന്‍സസിന് അനുമതി നല്‍കിയ നിതീഷ് കുമാര്‍ ലക്ഷ്യമിട്ടതും. നിലവിലെ രാഷ്ട്രീയ വിലയിരുത്തലുകള്‍ പറയുന്നത് ബീഹാറില്‍ തേജസ് യാദവ് സംസ്ഥാന നേതൃത്വത്തില്‍ ശക്തമാകും എന്നാണ്. നിതീഷ് കുമാര്‍ മണ്ഡല്‍ രാഷ്ട്രീയം പറഞ്ഞ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടും എന്നാണ് മറ്റൊരു വിലയിരുത്തല്‍ . മുഖ്യമന്ത്രി എന്നുള്ള നിലയില്‍ എട്ടു തവണയും മികച്ച അഭിപ്രായം സമൂഹത്തില്‍ നേടിയെടുക്കുവാന്‍ നിതീഷ് കുമാറിന് സാധിച്ചു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്.

മകന്‍റെ കൈപിടിച്ച് പണിക്കരേട്ടന്‍...മാതാപിതാക്കളോടൊപ്പം അദിഥി... 


മികച്ച കാര്‍ട്ടൂണ്‍ അനിമേഷന്‍ ചിത്രത്തിനുള്ള ദേശീയ ചലചിത്ര പുരസ്കാരം ഇത്തവണ ആനമറുത, തെണ്ടന്‍, അറുകൊല, കുട്ടിച്ചാത്തന്‍... മിത്തും യാഥാര്‍ഥ്യവും ഇഴുകിച്ചേര്‍ന്ന മലയാള ആനിമേഷന്‍ ചിത്രമായ 'കണ്ടിട്ടുണ്ട് ' എന്ന ചിത്രത്തിനാണ് ലഭിച്ചത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലെ പ്രദേശങ്ങളില്‍ കറങ്ങി നടന്നിട്ടുള്ള പ്രേതങ്ങളെയും ഭൂതങ്ങളെയും കണ്ടിട്ടുണ്ട് എന്ന് സാക്ഷ്യം പറയുന്ന പി.എന്‍.കെ. പണിക്കരേട്ടന്‍ യുവതലമുറയ്ക്ക് പോലും കഥപറച്ചിലില്‍ പ്രിയപ്പെട്ടവനായി.  തിരുവനന്തപുരത്ത് നടന്ന  2021 ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും (ഐഎഫ്എഫ്കെ) ഒട്ടേറെ രാജ്യാന്തര മേളയുള്‍പ്പടെ നിരവധി വേദികളിലേക്ക്.ചിത്രമെത്തി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പണിക്കരേട്ടന്‍ എന്ന അച്ഛനെ കഥാപാത്രമാക്കി മകന്‍ സുരേഷ് ഏറിയാട്ടിന്‍റെ  ഉടമസ്ഥതയിലുള്ള എക്സോറസിന്‍റെ ബാനറില്‍ മലയാളിയായ അദിതി കൃഷ്ണദാസ് സംവിധാനം ചെയ്തതാണ് 'കണ്ടിട്ടുണ്ട് ' എന്ന അനിമേഷന്‍ ചിത്രം. ദേശീയ അവാര്‍ഡ് ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്ന് വാങ്ങാന്‍ പണിക്കരേട്ടനും അദിഥിയും ഡല്‍ഹിയിലെത്തിയിരുന്നു. മകന്‍ പ്രശസ്ത അനിമേറ്ററായ സുരേഷ് ഏറിയാട്ടിന്‍റെ കൈ പിടിച്ചാണ് പിതാവായ തൊണ്ണൂറ്റി നാല് വയസുള്ള പണിക്കരേട്ടന്‍ എത്തിയത്. അതേസമയം കണ്ടിട്ടുണ്ട് എന്ന അനിമേഷന്‍ സിനിമയുടെ സംവിധായിക അദിഥി കൃഷ്ണദാസ് എത്തിയത് മാതാപിതാക്കളോടൊപ്പവും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ. കൃഷ്ണദാസിന്‍റേയും അദ്ധ്യാപികയായ ആര്‍. മിനായുടേയും മൂത്ത മകളാണ് അദിഥി കൃഷ്ണദാസ്. ഡല്‍ഹിയില്‍ അഭിഭാഷകയായ അരുന്ധതി കൃഷ്ണദാസ് സഹോദരിയാണ്.