ഇന്ത്യ തിളങ്ങുന്നു... ഏഷ്യാഡ് വേദിയിലും

ഇന്ത്യ തിളങ്ങുന്നു... ഏഷ്യാഡ് വേദിയിലും

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ഇന്ത്യയുടെ ഏഷ്യന്‍ ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നൂറില്‍ കടന്നിരിക്കുന്നു എന്നത് അഭിമാന നിമിഷമാണ്. നൂറ് മെഡല്‍ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഏഷ്യന്‍ ഗെയിംസിന്‍റെ ചൈനയിലെ വേദിയിലെത്തിയ ഇന്ത്യന്‍ സംഘത്തിന് അഭിമാനത്തോടെ മടങ്ങാം. 1951ല്‍ ഇന്ത്യയിലായിരുന്നു ആദ്യ ഏഷ്യാന്‍ ഗെയിംസ് നടന്നത്. ആദ്യ ഏഷ്യന്‍ ഗെയിംസില്‍ പതിനഞ്ച് സ്വര്‍ണ്ണമടക്കം ആകെ അറുപത്തൊന്ന് മെഡലുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. അന്ന് മുതല്‍ 1978ല്‍ നടന്ന എട്ടാമത് ഏഷ്യന്‍ ഗെയിംസ് വരെ ജപ്പാനായിരുന്നു മെഡലുകളില്‍ ഒന്നാം സ്ഥാനത്ത്. 1982ല്‍ നടന്ന ഒന്‍മ്പതാമത് ഏഷ്യന്‍ ഗെയിംസ് മുതല്‍ ചൈന മെഡലുകളുടെ കാര്യത്തില്‍ ഒന്നാമത് എത്തി. ഒന്‍മ്പതാമത്തെ ഏഷ്യന്‍ ഗെയിംസ് നടന്നത് ഡല്‍ഹിയിലാണ് എന്നുള്ളത് എടുത്തു പറയേണ്ട കാര്യവുമാണ്. തുടര്‍ന്നുള്ള എല്ലാ ഏഷ്യന്‍ ഗെയിംസുകളിലും ചൈന മെഡലുകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് തന്നെ. ജപ്പാനും ചൈനയും മാത്രമാണ് ഏഷ്യന്‍ ഗെയിംസിന്‍റെ ചരിത്രത്തില്‍ ചാമ്പ്യന്മാരായിട്ടുള്ളൂ എന്നത് എടുത്ത് പറയണം. 

നാലു വര്‍ഷം കൂടുമ്പോള്‍ ഏഷ്യയിലെമ്പാടുമുള്ള കായികതാരങ്ങള്‍ക്കിടയില്‍ നടക്കുന്ന കായിക മത്സരമാണ് ഏഷ്യന്‍ ഗെയിംസ് അഥവാ ഏഷ്യാഡ്. പത്തൊന്‍പത് ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞപ്പോള്‍ ഒമ്പത് രാജ്യങ്ങള്‍ ആതിഥേയത്വം വഹിച്ചു. ഇപ്പോള്‍ നടക്കുന്ന പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസ് 2023 സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഹാങ്ഷൗവിലാണ് നടക്കുന്നത്. കോവിഡ്-19 കാരണം 2022ല്‍ നിന്ന് 2023ലേക്ക് മാറ്റിയതാണ് ഇപ്പോള്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ്. 

ഏഷ്യന്‍ ഗെയിംസിന്‍റെ ചിഹ്നം ڇസര്‍ജിങ്ങ് ടൈഡ്സ്ڈ ആണ്. ഏഷ്യന്‍ ഗെയിംസിന്‍റെ മൂന്ന് മാസ്ക്കോട്ട് ചിഹ്നങ്ങള്‍, കോങ് കോങ്, ലിയാന്‍ലിയന്‍, ചെഞ്ചന്‍ എന്നിവയാണ്. പുരാവസ്തു അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തിയ കോംഗ് ജേഡ് പെന്‍ഡന്‍റില്‍ നിന്നാണ് കോങ്കോങ്ങിന് ഈ പേര് ലഭിച്ചത്. അതിന്‍റെ ശരീരത്തിന് മഞ്ഞ നിറമാണ്. ഇത് ഭൂമിയെയും ബമ്പര്‍ വിളവെടുപ്പിനെയും പ്രതിനിധീകരിക്കുന്നു, അതിന്‍റെ തല പുരാണ മൃഗങ്ങളുടെ മുഖചിത്രങ്ങളുമായി സാമ്യമുള്ളതാണ്. പടിഞ്ഞാറന്‍ തടാകത്തിലെ താമര ഇലകളില്‍ നിന്നാണ് ലിയാന്‍ലിയന്‍ എന്ന പേര് ലഭിച്ചത്. അതിന്‍റെ ശരീരത്തിന് പച്ച നിറമുണ്ട്, ജീവിതത്തെയും പ്രകൃതിയെയും പ്രതിനിധീകരിക്കുന്നു. ഗ്രാന്‍ഡ് കനാലിന്‍റെ ഹാങ്ഷൂ വിഭാഗത്തിലെ ഒരു പ്രധാന ഘടനയായ ഗോങ്ചെന്‍ പാലത്തില്‍ നിന്നാണ് ചെഞ്ചെന്‍ എന്ന പേര് ലഭിച്ചത് . അതിന്‍റെ ശരീരത്തിന് നീല നിറമുണ്ട്, ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും പ്രതിനിധീകരിക്കുന്നു. ഏഷ്യന്‍ ഗെയിംസിന്‍റെ ഔദ്യോഗിക മുദ്രാവാക്യം, ڇഹാര്‍ട്ട് ടു ഹാര്‍ട്ട്, @ഫ്യൂച്ചര്‍ڈ എന്നതുമാണ്.

1912 മുതല്‍ ജപ്പാന്‍, ഫിലിപ്പീന്‍സ്, ചൈന എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഏഷ്യന്‍ ഗെയിംസിന് മുമ്പ് ഫാര്‍ ഈസ്റ്റേണ്‍ ചാമ്പ്യന്‍ഷിപ്പ് ഗെയിംസ് എന്നൊന്ന് നിലവിലുണ്ടായിരുന്നു. 1934ലെ രണ്ടാം ചൈന-ജാപ്പനീസ് യുദ്ധവും, ഗെയിംസില്‍ മഞ്ചു സാമ്രാജ്യത്തെ ഫാര്‍ ഈസ്റ്റേണ്‍ ചാമ്പ്യന്‍ഷിപ്പ് ഗെയിംസില്‍ ഉള്‍പ്പെടുത്താനുള്ള ജപ്പാന്‍റെ നിര്‍ബന്ധം ചൈനയെ ചൊടിപ്പിച്ചു. അവര്‍ ഫാര്‍ ഈസ്റ്റേണ്‍ ചാമ്പ്യന്‍ഷിപ്പ് ഗെയിംസ് പങ്കാളിത്തത്തില്‍ നിന്ന് ഒഴിഞ്ഞതോടെ 1938- ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫാര്‍ ഈസ്റ്റേണ്‍ ഗെയിംസ് റദ്ദാക്കി. സംഘടന തന്നെ നിര്‍ത്തലാക്കുന്ന സാഹചര്യം ഉണ്ടായി.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ഏഷ്യയിലെ പല പ്രദേശങ്ങളും പരമാധികാര രാജ്യങ്ങളായി. ഈ രാജ്യങ്ങള്‍ തമ്മില്‍ സമാധാനവും ഐക്യവും ഉണ്ടാകാന്‍ ഒരു കായിക മത്സരം ഉണ്ടാകണമെന്ന ആശയമുണ്ടായി. 1948ല്‍ ലണ്ടനില്‍ നടന്ന സമ്മര്‍ ഒളിമ്പിക്സില്‍, ഫാര്‍ ഈസ്റ്റേണ്‍ ഗെയിംസ് എന്നത് പോലൊരു കായിക മത്സരം തുടങ്ങിയാലോ എന്ന ആശയം ചൈനയും ഫിലിപ്പീന്‍സും തമ്മിലുണ്ടായി. ഗുരു ദത്ത് സോന്ധി, എന്ന ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രതിനിധി, ഫാര്‍ ഈസ്റ്റേണ്‍ ഗെയിംസ് പോലൊരു മത്സരം പുനഃസ്ഥാപിക്കുന്നതിന് പിന്തുണയ്ക്കുകയുണ്ടായി. ഏഷ്യന്‍ കായികരംഗത്ത് ഒരു പുതിയ മത്സരം എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു - അത് ഏഷ്യന്‍ ഗെയിംസ് ആയിത്തീര്‍ന്നു. ഏഷ്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ രൂപീകരിച്ചത് ഏഷ്യന്‍ ഗെയിംസിന് നേത്യത്ത്വം കൊടുക്കാനായിരുന്നു. 1949 ഫെബ്രുവരി 13-ന് ഏഷ്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടുകയും 1951-ല്‍ നടക്കാനിരിക്കുന്ന ആതിഥേയ നഗരമായി ഡല്‍ഹി പ്രഖ്യാപിക്കുകയും ചെയ്തു.

1951ല്‍ ഇന്ത്യയില്‍ ഡല്‍ഹിയില്‍ നടന്ന ആദ്യ ഏഷ്യന്‍ ഗെയിംസ് മുതല്‍ 1978-ലെ ഏഷ്യന്‍ ഗെയിംസ് വരെ ഏഷ്യന്‍ ഗെയിംസ് ഫെഡറേഷനാണ് നിയന്ത്രിച്ചിരുന്നത്. 1981ലെ ഏഷ്യന്‍ ഗെയിംസ് ഫെഡറേഷന്‍റെ പിളര്‍പ്പിന് ശേഷം ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ് ഏഷ്യന്‍ ഗെയിംസ് സംഘാടകര്‍.  1981 നവംബറിലാണ് ഇസ്രായേലിനെ ഒഴിവാക്കി ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ രൂപീകരിച്ചത്. ഏഷ്യന്‍ ഗെയിംസ് ഫെഡറേഷനില്‍ നാല്‍പ്പത്തി ആറ് രാജ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള നാല്‍പ്പത്തഞ്ച് രാജ്യങ്ങള്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്.  

ഏഷ്യന്‍ ഗെയിംസിന്‍റെ ചരിത്രത്തില്‍ പങ്കെടുത്ത നാല്‍പ്പത്താറ് രാജ്യങ്ങളുടെ പട്ടികയില്‍ നാല്‍പ്പത്തി മൂന്ന് രാജ്യങ്ങള്‍ മത്സരത്തില്‍ ഒരു മെഡലെങ്കിലും നേടിയവരാണ്. ഭൂട്ടാന്‍, മാലിദ്വീപ്, ടിമോര്‍-ലെസ്റ്റെ എന്നീ മൂന്ന് രാജ്യങ്ങള്‍ ഇതുവരെ ഒരു മെഡല്‍ പോലും നേടിയിട്ടില്ല. മുപ്പത്തെട്ട് രാജ്യങ്ങള്‍ ചുരുങ്ങിയത് ഒരു സ്വര്‍ണമെഡലെങ്കിലും നേടിയിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസിന് തുടക്കം മുതല്‍ പ്രതിനിധീകരിക്കാന്‍ ചിഹ്നങ്ങള്‍ ഉപയോഗിക്കുമായിരുന്നു. ഏഷ്യന്‍ ഗെയിംസിന്‍റെ ചിഹ്നം ചുവപ്പ് നിറത്തിലുള്ള 16 കിരണങ്ങളും മധ്യത്തില്‍ ഒരു വെളുത്ത വൃത്തവുമാണ്. 1949-ല്‍ ഏഷ്യന്‍ ഗെയിംസ് ഫെഡറേഷന്‍ രൂപീകരിച്ചതിന് ശേഷം ഗുരു ദത്ത് സോന്ധി രൂപകല്പന ചെയ്ത് നിര്‍ദ്ദേശിച്ച 'എവര്‍ ഓണ്‍വേഡ്' എന്നതാണ് ഏഷ്യന്‍ ഗെയിംസിന്‍റെ മുദ്രാവാക്യം. 1982-ല്‍ ഇന്ത്യയില്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് മുതല്‍, ഓരോ ഏഷ്യന്‍ ഗെയിംസിനും ഒരു ചിഹ്നം ഉണ്ടായിരുന്നു. സാധാരണയായി പ്രദേശത്തെ ഒരു മൃഗം അല്ലെങ്കില്‍ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന മനുഷ്യരൂപങ്ങള്‍. 1982ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസിന്‍റെ ചിഹ്നം അപ്പു എന്ന ആനക്കുട്ടി ആയിരുന്നു.

2023ല്‍ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 40 വ്യത്യസ്ത കായിക ഇനങ്ങളിലായി ഇന്ത്യ 634 അത്ലറ്റുകളെ കളത്തിലിറക്കിയിട്ടുണ്ട്. കഴിഞ്ഞ പതിപ്പായ ജക്കാര്‍ത്ത 2018ല്‍ 36 കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യ 572 പേരുടെ സംഘത്തെയാണ് അയച്ചിരുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി അതിവിപുലമായ ഒരുക്കങ്ങളാണ് കായികരംഗത്ത് താരങ്ങള്‍ ഇത്തവണ നടത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ വാരിക്കൂട്ടുന്നതിനായി അധികഠിന പരിശീലനം നടത്തിയപ്പോള്‍ അതിന് എല്ലാവിധ പിന്തുണയും സര്‍ക്കാരും നല്‍കി. നൂറു മെഡലുകള്‍ എന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിച്ചാണ് ഇന്ത്യന്‍ സംഘം മത്സരവേദിയിലേക്ക് പോയത് എന്നതും, ഇപ്പോള്‍ 100 മെഡലുകളില്‍ കൂടുതല്‍ കരസ്ഥമാക്കിയാണ് മടക്കമെന്നതും അഭിമാനിക്കാന്‍ വകയുണ്ട്. 

പരിശീലനത്തിന് യാതൊരുവിധ തടസ്സവും ഉണ്ടാക്കാത്ത രീതിയില്‍ എല്ലാ പിന്തുണയും നല്‍കിയ സര്‍ക്കാരിനെയും ഈ അവസരത്തില്‍ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കായിക താരങ്ങള്‍ക്ക് ആവശ്യമായ എല്ലാം ലഭ്യമാക്കി കൊടുക്കുകയും അത്യാധുനിക സാങ്കേതിക വിദ്യകള്‍ അവരുടെ പരിശീലനത്തിനായി ഒരുക്കുകയും ചെയ്യുക വഴി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഈ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ കായിക പ്രതിഭകള്‍ക്ക് ലോകത്തെവിടെയും പോയി മികച്ച പരിശീലനങ്ങള്‍ക്ക് കളമൊരുക്കിയും,  മികച്ച പരിശീലകരെ നിയോഗിച്ചും ഒന്‍ തയ്യാറെടുപ്പുകള്‍ നടത്തി. രാജ്യത്തെ പരിശീലന കേന്ദ്രങ്ങള്‍ മികച്ചവയാക്കിയും സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ചും കായിക രംഗത്തിന് ഉണര്‍വ്വുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചു എന്നത് എടുത്ത് പറയണം.