പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2023 ഒക്ടോബര്‍ 15
ഷേക്സ്പിയറിന്‍റെ ഒഥലോ കഥകളിയായി...
കേരളത്തിന്‍റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടമെന്ന കലാരൂപം പരിഷ്കരിച്ചാണ്, കഥകളിയുണ്ടായത്. മലയാളസാഹിത്യത്തിലെ ഒരു പ്രധാനശാഖകൂടെയാണ് ആട്ടക്കഥകള്‍. ഏകദേശം അഞ്ഞൂറോളം ആട്ടക്കഥകള്‍ മലയാളസാഹിത്യത്തിന്‍റെ ഭാഗമായി സാഹിത്യത്തിലുണ്ട്. കൊട്ടാരക്കരത്തമ്പുരാന്‍റെ രാമനാട്ടത്തിലെ എട്ടുദിവസത്തെ കഥകളാണ് ആദ്യത്തെ ആട്ടക്കഥ. കോട്ടയത്തമ്പുരാന്‍റെ ബകവധം, കല്യാണസൗഗന്ധികം, കിര്‍മ്മീരവധം, നിവാതകവചകാലകേയവധം, ഉണ്ണായി വാര്യരുടെ 'നളചരിതം', ഇരയിമ്മന്‍ തമ്പിയുടെ 'ഉത്തരാസ്വയംവരം', കീചകവധം, കിളിമാനൂര്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍റെ രാവണവിജയം, അശ്വതിതിരുനാള്‍ രാമവര്‍മ്മത്തമ്പുരാന്‍റെ രുക്മിണീസ്വയംവരം, പൂതനാമോക്ഷം, പൗണ്ഡ്രകവധം, അംബരീഷചരിതം എന്നിവ വ്യാപകമായി പ്രചാരമുള്ള ആട്ടക്കഥകളില്‍പ്പെടുന്നു. പുരാണ കഥകളാണ് സാധാരണ കഥകളിയായി അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഇന്‍റര്‍നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ കഥകളി ഇംഗ്ലീഷ് നാടകകൃത്തായ ഷേക്സ്പിയറിന്‍റെ പ്രസിദ്ധമായ ദുരന്ത നാടകം ഒഥല്ലോ (പൂര്‍ണ്ണ തലക്കെട്ട്: ഒഥല്ലോയുടെ ദുരന്തം, വെനീസിലെ മൂര്‍) കഥകളിയായി അവതരിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ ശേഷം ആദ്യമായി ഇന്‍റര്‍നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ കഥകളിയില്‍ എത്തിയ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് സ്വീകരണം നല്‍കിയ ചടങ്ങിന്‍റെ ഭാഗമായാണ് ഒഥലോ എന്ന കഥകളി അവതരിപ്പിച്ചത്. 1565 ല്‍ പ്രസിദ്ധീകരിച്ച അണ്‍ കാപിറ്റാനൊ മൊറൊ (ഒരു മൂറിഷ് നാവികന്‍) എന്ന ഇറ്റാലിയന്‍ ചെറുകഥയെ ആധാരമാക്കി എതാണ്ട് 1603ല്‍ ആണ് ഒഥല്ലോ എഴുതപ്പെട്ടതെന്നു കരുതുന്നു. ഇന്‍റര്‍നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ കഥകളി പ്രാന്‍സിപ്പല്‍ തിരുവട്ടാര്‍ ജഗദീശന്‍ ഒഥലോ വേഷത്തിലും, കലാമണ്ഡലം അനില്‍ കുമാര്‍ ഡെസ്റ്റിമോണയുടെ വേഷത്തിലും രംഗത്തെത്തി. കോട്ടക്കല്‍ ജയന്‍, കലാഭാരതി രാധാകൃഷ്ണന്‍ എന്നിവര്‍ പാട്ടിലും, ചെണ്ടയില്‍ കലാമണ്ഡലം തമ്പിയും , സുമേഷും ഉണ്ടായിരുന്നു. മദ്ദളം പറശിനിക്കടവ് മനോജും , സദനം വിജേഷുമായിരുന്നു. കലാനിലയം നിതീഷ് ചുട്ടിയും, അണിയറയില്‍ സദനം കുമാറും, സത്യനാരായണ ചൗദരിയുമായിരുന്നു. ഡല്‍ഹി ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളിയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സെന്‍റര്‍ ചെയര്‍മാന്‍ ബാബു പണിക്കര്‍ അദ്ധ്യക്ഷനായിരുന്നു. കേന്ദ്ര സാംസ്കാരിക വകുപ്പിലെ ഡയറക്ടര്‍ അനീഷ് പി.രാജ് മുഖ്യാതിഥിയായിരുന്നു. കഥകളി സെന്‍റര്‍ സെകട്ടറി അനിതാ കലേഷ്, സെന്‍ററിന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ ചെറുതാഴം കുഞ്ഞിരാമന്‍ മാരാര്‍, തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. മുന്‍പ് ഇന്‍റര്‍നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ കഥകളി സമാനമായ പരീക്ഷണ കഥകളികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
എലിയെ പേടിച്ച് ഇല്ലം ചുടുമോ ...?
എലിയെ പേടിച്ച് ഇല്ലം ചുടുമോ ...? ഈ പഴഞ്ചൊല്ല് കേട്ടിട്ടുണ്ടുണ്ടാകും. അതിനെ സാധൂകരിക്കുന്ന സംഭവം ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഉണ്ടായി. സഞ്ജയ് ഗാന്ധിയുടെ പേരിലുള്ള ഒരു ആശുപത്രി ഉത്തര്‍പ്രദേശിലെ അമേത്തിയിലുണ്ട്. 400 ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന ഒരു ആശുപത്രിയാണ് അമേത്തിയിലെ സഞ്ജയ് ഗാന്ധി ആശുപത്രി. പരിസരങ്ങളില്‍ മറ്റൊരു വലിയ ആശുപത്രി ഇല്ല എന്നുള്ള കാര്യവും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. ഈ ആശുപത്രിയില്‍ ചെറുപ്പക്കാരിയായ ഒരു സ്ത്രീയുടെ മരണം സംഭവിക്കുന്ന സാഹചര്യമുണ്ടായി. അമേത്തി എംഎല്‍എ ആയ സ്മൃതി ഇറാനി ഈ ആശുപത്രി മരണത്തിന്‍റെ കാരണം പറഞ്ഞ് അടപ്പിച്ചു. സ്ഥലത്തെ പ്രധാന ആരോഗ്യ കേന്ദ്രം അടപ്പിച്ചതില്‍ ഉത്തര്‍പ്രദേശില്‍ മാത്രമല്ല രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. ഒടുവില്‍ കോടതി ഇടപെട്ടാണ് സഞ്ജയ് ഗാന്ധി ആശുപത്രി വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. പ്രതിപക്ഷത്തിന്‍റെ കൂട്ടായ്മ ശക്തിപ്പെട്ടു വരുന്ന കാഴ്ചയാണ് ദിനംപ്രതി ദേശീയ രാഷ്ട്രത്തില്‍ കണ്ടുവരുന്നത്. ഇത് ഭരിക്കുന്ന മുന്നണിക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു എന്നുള്ള കാര്യത്തില്‍ സംശയമില്ല. സമീപകാലത്ത് കണ്ടുവന്ന പല നടപടികളും ഇതാണ് സൂചിപ്പിക്കുന്നത്. നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണങ്ങളും മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള റെയ്ഡുകളും എന്തിനേറെ പറയുന്നു ഗാന്ധി നെഹ്റു എന്നുള്ള പേരുകള്‍ കേന്ദ്രസര്‍ക്കാരിനെ വല്ലാതെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന സാഹചര്യമാണ് ഇന്നുള്ളത്...
രാജ്യത്ത് അടിയന്തിരാവസ്ഥയാണോ സര്‍...
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഭരണകൂടത്തിനെതിരെ വിരല്‍ ചൂണ്ടുന്നവരെയും സംസാരിക്കുന്നവരെയും നിശബ്ദരാക്കുന്നതിനുള്ള ശ്രമം വളരെ ഗൗരവപ്പെട്ട് നടക്കുന്നുണ്ട്. രണ്ടായിരത്തി ഇരുപത്തിനാലിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെടും എന്നുള്ള ആശങ്ക ബിജെപി മുന്നണിക്ക് ഇല്ലാതില്ല. അതുകൊണ്ടുതന്നെ എങ്ങിനെയും പ്രതിരോധം തീര്‍ക്കുക എന്നുള്ള ലക്ഷ്യമാണ് പല നടപടികളിലൂടെ കണ്ടുവരുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ ഇ.ഡിയുടെ സഹായത്താല്‍ റൈഡുകള്‍ നടത്തി പീഡിപ്പിക്കുന്ന കാഴ്ചയും വാര്‍ത്തയും തുടര്‍ച്ചയായി രാജ്യത്തിന്‍റെ പലഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തന്നെ ആശങ്ക ഉളവാക്കുന്ന ഒന്നാണ്. അടുത്തകാലത്താണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും, മുംബൈ അടക്കം രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡുകള്‍ നടന്നത്. ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ മാധ്യമം ചൈനീസ് ഫണ്ട് സ്വീകരിച്ചു എന്ന ആരോപണമാണ് ഡല്‍ഹി പോലീസ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലേക്ക് ഔദ്യോഗിക വസതിയില്‍ ന്യൂസ് ക്ലിപ്പിലെ ഒരു ഡിസൈനര്‍ താമസിക്കുന്നുണ്ട് എന്ന കാരണം പറഞ്ഞും അവിടെയും റെയ്ഡുകള്‍ നടത്തി. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ നേരെയാണ് ഇത്തരത്തില്‍ റെയ്ഡുകള്‍ നടക്കുന്നത് എന്നാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ഭരണ കര്‍ത്താക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന മാധ്യമങ്ങള്‍ക്ക് നേരെ ഇത്തരം നടപടികള്‍ കാലങ്ങളായി നടന്നു വരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനേയും അതിനെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയേയും വിമര്‍ശിക്കുന്നവരുടെ വായ് മൂടിക്കെട്ടുവാനും, ഭയപ്പെടുത്തുവാനുമുള്ള ശ്രമമാണ് നടക്കുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഒട്ടേറെ സംഭവങ്ങള്‍ സമാനമായി ചൂണ്ടി കാണിക്കാനുണ്ട്. ഒരു സംഭവം കൂടി സൂചിപ്പിക്കാം. ബംഗാളിലെ ത്രണമുല്‍ കോണ്‍ഗ്രസ് ഗാന്ധിജയന്തിയായ ഒക്ടോബര്‍ ഒന്നിനും, പിറ്റേന്നും ഡല്‍ഹിയില്‍ നടത്തേണ്ട കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് വിലക്കര്‍പ്പെടുത്തി. പ്രക്ഷോഭകര്‍ യാത്ര ചെയ്യേണ്ട തീവണ്ടിയും വിമാനവും റദ്ദാക്കിയാണ് തടസ്സം സൃഷ്ടിച്ചത്. കല്‍ക്കത്തയില്‍ നിന്ന് 50 ഓളം ബസ്സില്‍ പ്രക്ഷോഭകര്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു എന്നുള്ളത് സമരത്തിന്‍റെ ശക്തി വിളിച്ചോതുന്ന ഒന്നാണ്. ഡല്‍ഹിയിലെ ഗാന്ധി സമാധിയായ രാജ്ഘട്ടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്ന 'ഡല്‍ഹി ചലോ ' എന്ന സമരം നടന്നത്. ബംഗാളിലെ പ്രധാന നേതാക്കളും അണികളും എത്തിയ സമരത്തിന് ഡല്‍ഹിയിലേയും സമീപ സംസ്ഥാനങ്ങളിലേയും ബംഗാള്‍ ജനത പിന്തുണയുമായി എത്തി. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ദുര്‍ഗാ പൂജയ്ക്ക് മുന്നോടിയായി തൃണമൂല്‍ നേതൃത്വം കൊടുക്കുന്ന സമരം ഇപ്പോള്‍ രാജ്യം വ്യാപകമായി ചര്‍ച്ച ചെയ്യുന്നു എന്നുള്ളത് മറ്റൊരു കാര്യം. സാധാരണ ഒരു സമരമായി മാറേണ്ട ഡല്‍ഹി ചലോ സമരം ദേശീയ ചര്‍ച്ചയാക്കുവാന്‍ മാത്രമാണ് നിരോധനം കൊണ്ട് സാധിച്ചത്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനത്തിനുള്ള തുകകള്‍ തടഞ്ഞു വച്ചിരിക്കുന്നത് രാജ്യ ശ്രദ്ധയില്‍പ്പെടുത്തുക എന്നതായിരുന്നു സമരത്തിന്‍റെ ലക്ഷ്യങ്ങളിലൊന്ന്. സമരത്തിന് മുമ്പ് തന്നെ ഈ ലക്ഷ്യം രാജ്യം ചര്‍ച്ച ചെയ്തു എന്നുള്ളത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ബംഗാള്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു വെച്ചിരിക്കുന്നത്. സമാനമായ ആക്ഷേപം കേരള സര്‍ക്കാരും ഉണ്ട് എന്നുള്ളത് ഇവിടെ ചേര്‍ത്തുവയ്ക്കപ്പെടേണ്ടതാണ്.
