പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ സെമി ഫൈനല്‍
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്നു. ഡിസംബര്‍ മൂന്നിന് എല്ലാ സംസ്ഥാനങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം വരും. അഞ്ച് സംസ്ഥാനങ്ങളില്‍ നവംബര്‍ മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായി കണക്കാക്കുന്നവരും ഉണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ 2024ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ സൂചനകളാകും എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അതാത് സംസ്ഥാനങ്ങളില്‍ വിജയം അവകാശപ്പെടുന്നുണ്ട്. അടുത്ത സര്‍ക്കാര്‍ അവരുടേതാണെന്ന് ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും ജനങ്ങളെയും സമൂഹത്തെയും വിശ്വസിപ്പിക്കേണ്ടതുണ്ട്. അത് ഒരു മനശാസ്ത്രപരമായ രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രമായി തന്നെ കാണാം. മത്സരത്തില്‍ തങ്ങള്‍ തോല്‍ക്കുകയില്ലെന്ന് ജനങ്ങളില്‍ വിശ്വാസം ഉണ്ടാക്കുക എന്നുള്ളത് ജനങ്ങളുടെ വോട്ടിനെ സ്വാദീനിക്കുന്ന ഒന്നാണ്.
രാജ്യത്ത് ഉണ്ടായിരിക്കുന്ന വലിയ വികസനം ബിജെപിയെ വലിയ രീതിയില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ രാജ്യത്തെ ഓരോ സംസ്ഥാനത്തും പ്രതിഫലിക്കും എന്നാണ് ബിജെപി വിശ്വസിക്കുന്നത്. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം തീര്‍ച്ചയായും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സ്വാധീനിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. അതേസമയം പാര്‍ലമെന്‍റിലേക്ക് വോട്ട് ചെയ്യുന്ന ലാഘവത്തോടെയല്ല നിയമസഭയിലേക്ക് ജനങ്ങള്‍ വോട്ട് ചെയ്യുന്നത് എന്നത് സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തെ രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും ജനങ്ങള്‍ വോട്ടുകള്‍ രേഖപ്പെടുത്തുക എന്ന് വിലയിരുത്തപ്പെടുന്നു. ഈ നിലപാടിന് ശക്തി പകരുന്ന ഉദാഹരണമാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഡല്‍ഹിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ തെരഞ്ഞെടുത്ത് അരവിന്ദ് കേജരിവാളിനെ വന്‍ ഭൂരിപക്ഷത്തില്‍ മുഖ്യമന്ത്രിയാക്കി. അതേ ജനങ്ങള്‍ തന്നെയാണ് പാര്‍ലമെന്‍റിലേക്ക് നരേന്ദ്രമോഡിയുടെ പിന്തുണക്കാരെ വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുത്തത്.
സാധാരണ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം അവശ്യസാധനങ്ങള്‍ക്കുള്ള വിലക്കയറ്റമാണ്. രാജ്യത്തെ ഹിന്ദു രാഷ്ട്രം ആക്കുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ നീക്കങ്ങളും, ഇന്ത്യ എന്ന പേര് ഭാരതമാക്കാനുള്ള നീക്കവും ചര്‍ച്ചാ വിഷയമാണ്. പ്രതിപക്ഷത്തെ കൂച്ചുവിലങ്ങിടുന്ന റയ്ഡുകളും മറ്റു നടപടികളും ഈ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടും എന്നുള്ള കാര്യത്തില്‍ സംശയമില്ല. അദാനിയും നരേന്ദ്രമോഡിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും രാജ്യം ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. ശതകോടിയിലേക്ക് അദാനിയുടെ സമ്പത്ത് വര്‍ദ്ധിച്ചതിന്‍റെ പിന്നില്‍ കേന്ദ്രസര്‍ക്കാരിന്‍റെ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നുള്ള തെളിവുകള്‍ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലും ബിജെപിയെ ഏറെ ക്ഷീണിപ്പിക്കുന്ന നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്നത്. രാജസ്ഥാന്‍, തെലുങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളാണത്. ഈ അഞ്ചു സംസ്ഥാനങ്ങളില്‍ മധ്യപ്രദേശില്‍ മാത്രമാണ് ബിജെപി ഭരിക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആയിരുന്നു മധ്യപ്രദേശില്‍ ഭൂരിപക്ഷം. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ അടര്‍ത്തി രാജിവെപ്പിച്ച് ഭരണം പിടിച്ചടക്കുകയായിരുന്നു മധ്യപ്രദേശില്‍. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്ന മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ ശ്രദ്ധ കൂടുതല്‍ ഉണ്ടാകുവാനുള്ള സാധ്യതയും തള്ളിക്കളയുവാന്‍ സാധിക്കില്ല. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസാണ് അധികാരത്തില്‍. തെലുങ്കാനയില്‍ ബി ആര്‍ എസും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് ആണ് ഭരിക്കുന്നത്.
കഴിഞ്ഞ 30 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും തുടര്‍ഭരണം നല്‍കാത്ത ഒരു സംസ്ഥാനമാണ് രാജസ്ഥാന്‍. എന്നാല്‍ രാഷ്ട്രീയ ചരിത്രം മാറ്റി എഴുതപ്പെടും എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഭിന്നതകളുടെ സ്വരം ശക്തമാണ്. അവിടെ ബിജെപിയുടെ ഭിന്നതയും മറനീക്കി പുറത്തു വന്നിട്ടുണ്ട് എന്നുള്ളത് രാജ്യത്താകമാനം ചര്‍ച്ചയുമാണ്. രാജസ്ഥാനിലെ മത്സര രംഗത്തുള്ള രണ്ടു പാര്‍ട്ടികളിലെയും ഭിന്നത തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയകമായി സ്വാധീനിക്കും എന്നുള്ള കാര്യത്തില്‍ സംശയവുമില്ല. കോണ്‍ഗ്രസിന്‍റെ നിലവിലെ മുഖ്യമന്ത്രി അശോക് ഗലോട്ടും യുവ നേതാവായ സച്ചിന്‍ പൈലറ്റുമാണ് കോണ്‍ഗ്രസിനെ വിഭാഗീയതയുടെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. നാലാം തവണയും മുഖ്യമന്ത്രിയാകും എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് 72 വയസ്സുകാരനായ നിലവിലെ മുഖ്യമന്ത്രി അശോക് ഗലോട്ട്. രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കൂടിയാണ് സച്ചിന്‍ പൈലറ്റ് മുന്‍പ് കേന്ദ്രമന്ത്രിയായിരുന്ന അദ്ദേഹം നിലവില്‍ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ആയി സേവനമനുഷ്ഠിക്കുകയാണ്.
നിലവിലെ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 108 സീറ്റുകളാണ് ഉള്ളത്.200 സീറ്റുകളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ ബിജെപിക്ക് 73 സീറ്റ് മാത്രമാണ് ലഭിച്ചത്. 2013ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 21 സീറ്റുകള്‍ മാത്രം. അതേ സമയം ബിജെപിക്ക് 2013ലെ തെരഞ്ഞെടുപ്പില്‍ 200 സീറ്റുകളില്‍ 163 സീറ്റുകള്‍ ലഭിച്ചിരുന്നു എന്നുള്ളത് വിസ്മരിക്കുവാനും സാധിക്കില്ല. 2019ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലം പരിശോധിക്കുകയാണെങ്കില്‍ ബിജെപിക്ക് വലിയ നേട്ടമാണ് ഉണ്ടായിരുന്നത്.
തെലുങ്കാനയില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളായ ബിജെപിക്കോ കോണ്‍ഗ്രസിനോ വേണ്ടത്ര തിളങ്ങുവാന്‍ സാധിച്ചിട്ടില്ല എന്ന് കാണുവാന്‍ സാധിക്കും. യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് ശ്രദ്ധേയനായ കെ ചന്ദ്രശേഖരാറാവു നേതൃത്വം കൊടുക്കുന്ന ഭാരത് രാഷ്ട്ര സമിതി ( ബി.ആര്‍.എസ്. ) എന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണ് തെലുങ്കാന ഭരിക്കുന്നത്. 2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 120 സീറ്റില്‍ ബി ആര്‍ എസിന് 88 സീറ്റുകള്‍ ആണ് ലഭിച്ചത്. 2014 ലെ തിരഞ്ഞെടുപ്പില്‍ 63 സീറ്റുകളായിരുന്നു അവര്‍ക്ക് ലഭിച്ചത്. തെലുങ്കാന സംസ്ഥാനം രൂപീകരിച്ചതിനു ശേഷമുള്ള മൂന്നാമത് തെരഞ്ഞെടുപ്പാണ് വന്നിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് തെലുങ്കാനയില്‍ 2014 ല്‍ 21 സീറ്റും 2018 ല്‍ 19 സീറ്റും ആയിരുന്നു ലഭിച്ചത്. ബിജെപിക്ക് 2014ല്‍ അഞ്ചു സീറ്റും 2018 ല്‍ അത് വെറും ഒരു സീറ്റിലേക്കും കുറഞ്ഞു എന്നുള്ളത് കാണേണ്ടിയിരിക്കുന്നു. 2019ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ഷെയറില്‍ ബി ആര്‍ എസ് കുറവ് നേടുകയും ബിജെപിക്ക് നേട്ടം ഉണ്ടാവുകയും ചെയ്തു എന്നുള്ളതും കാണേണ്ടതാണ്.
2018ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയ കോണ്‍ഗ്രസിന് 15 മാസം മാത്രമാണ് ഭരിക്കുവാന്‍ സാധിച്ചത്. 230 നിയമസഭാ സീറ്റുകളാണ് മധ്യപ്രദേശില്‍ ഉള്ളത്. ഭരിക്കുവാന്‍ വേണ്ട 116 എന്ന കേവല ഭൂരിപക്ഷം 2018 ല്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ ലഭിച്ചിരുന്നില്ല. 114 സീറ്റുകള്‍ ജയിച്ച കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള പാര്‍ട്ടിയായി മാറി. ബിഎസ്പിയും എസ്പിയും പിന്തുണ നല്‍കിയതോടുകൂടി 116 എന്ന കേവല ഭൂരിപക്ഷം കടക്കുവാന്‍ കോണ്‍ഗ്രസിന് സാധിച്ചു. അങ്ങിനെ മധ്യപ്രദേശിന്‍റെ ഭരണം ഏറ്റെടുത്ത കമല്‍നാഥ് സര്‍ക്കാര്‍ 15 മാസം മാത്രമാണ് ഭരിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയേയും കൂട്ടരെയും ബിജെപി പാളയത്തിലേക്ക് എത്തിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് രാജ്യത്ത് ഏറെ ചര്‍ച്ചയായ വിഷയമാണ്. മധ്യപ്രദേശില്‍ വലിയ രാഷ്ട്രീയ അട്ടിമറി തന്നെയാണ് അന്ന് ഉണ്ടായത് എന്നുള്ളതുകൊണ്ട് ഇത്തവണ രാജ്യം ഏറെ ശ്രദ്ധയോടെയാണ് അവിടുത്തെ ഫലം നോക്കികാണുക. 2013 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 230 സീറ്റുകളില്‍ 165 സീറ്റുകള്‍ ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് 58 സീറ്റുകളില്‍ തൃപ്തിപ്പെടുവാനേ അന്ന് സാധിച്ചുള്ളൂ. കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്.
ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്‍കാല ഫലങ്ങള്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്. കോണ്‍ഗ്രസിന് വലിയ സ്വാധീനം ഉണ്ടായിരുന്ന മധ്യപ്രദേശിന്‍റെ ഒരു ഭാഗമായിരുന്നു ഛത്തീസ്ഗഡ്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയം തീര്‍ച്ചയായും അത്കൊണ്ട് തന്നെ ഛത്തീസ്ഗഡിനെ സ്വാധീനിക്കും. ആദിവാസികളും പിന്നോക്ക വിഭാഗക്കാരും ദളിതരും ധാരാളമുള്ള പ്രദേശമാണ് ഇവിടം. സെന്‍സസ് രാഷ്ട്രീയം ഇവിടെ പറഞ്ഞ് ഫലിപ്പിച്ചാല്‍ ഫലം മാറിമറിയാം. അതിന് പറ്റിയ നേതാക്കള്‍ ഇവിടില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 എന്ന ആകെ സീറ്റിലെ 39 സീറ്റുകളുമായി 2013 ല്‍ ജയിച്ച കോണ്‍ഗ്രസ് 2018 ല്‍ 68 സീറ്റുകള്‍ നേടിയാണ് ഭരണത്തില്‍ കയറിയത്. 2019ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേടിയത്. 45.5 % വോട്ടാണെങ്കില്‍ ബിജെപി 51.4 % വോട്ടിങ്ങ് പങ്ക് നേടി അവിടെ മുന്നിലുണ്ട്. അത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന കണക്കാണ്. പാവപ്പെട്ട ജനങ്ങള്‍ കൂടുതലുള്ള ഒരു സംസ്ഥാനമാണ് ഛത്തീസ്ഗഡ് എന്നുള്ളത് കൊണ്ട് തന്നെ അവിടെ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ ആകുന്ന നിലയാണ് ഉള്ളത്. ഒട്ടേറെ അഴിമതി നടക്കുന്ന സംസ്ഥാനം കൂടിയായി ഈ സംസ്ഥാനം മാറിയിട്ടുണ്ട്. ഇവിടെ മുന്‍പ് ഭരിച്ച കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ഒക്കെ അഴിമതിയുടെ വ്യക്തങ്ങളായി മാറിയിട്ടുണ്ട് എന്നുള്ളത് രാഷ്ട്രീയ ചരിത്രമാണ്.
40 വര്‍ഷത്തിന് ശേഷം വോട്ട് ചെയ്യാനൊരുങ്ങി ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ വോട്ടര്‍മാരുണ്ട് എന്നുള്ളത് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള 40 ഗ്രാമങ്ങളിലെ വോട്ടര്‍മാരാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത്. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള 40 ഗ്രാമങ്ങളിലാണ് 40 വര്‍ഷത്തിന് ശേഷം വോട്ട് ചെയ്യുന്നതിനായി പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുന്നത്. 120 പോളിംഗ് സ്റ്റേഷനുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. കേന്ദ്ര സര്‍ക്കാരിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഈ പ്രദേശങ്ങള്‍ വളരെ സുരക്ഷിതമാണെന്നും, അവിടെ വോട്ടിംഗ് പ്രക്രിയ നടത്താമെന്നുമാണ്. ഇത് കണിലെടുന്ന് വലിയ സുരക്ഷാ സന്നാഹത്തോടെ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു.
മണിപ്പൂരില്‍ മെയ് മാസം മൂന്നാം തീയതി തുടങ്ങിയ കലാപത്തിന്‍റെ അലയടികള്‍ തീര്‍ച്ചയായും മിസോറാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. മണിപ്പൂരില്‍ നടന്ന കലാപം മിസോറാമിലെ ജനങ്ങളെയും ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ തര്‍ക്കവുമില്ല. മിസോറാമില്‍ നിയമസഭാ സീറ്റുകളുടെ എണ്ണം 40 മാത്രമാണ്. കോണ്‍ഗ്രസ് അവിടെ നാല് സീറ്റുകളില്‍ മാത്രമാണ് 2010 ല്‍ ജയിച്ചിട്ടുള്ളത്. ബിജെപിക്ക് അവിടെ ഒരു സീറ്റ് മാത്രമാണ് നിലവിലുള്ളത്. പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷ്ണല്‍ ഫ്രണ്ട് ( എം എന്‍ എഫ് ) 40 തില്‍ 27 സീറ്റും ലഭിച്ചാണ് അവിടെ അധികാരത്തിലുള്ളത്. പ്രാദേശിക രാഷ്ട്രീയത്തിന്‍റെ ഒരു തിരഞ്ഞെടുപ്പായി തന്നെ കാണേണ്ടിയിരിക്കുന്നു. മിസോറാമില്‍ ഒരേ ഒരു പാര്‍ലമെന്‍റ് മണ്ഡലം മാത്രമാണ് ഉള്ളത്.
