നയ "തന്ത്രങ്ങളുടെ " ഇന്ത്യ
വിജയ് ചൗക്ക്
സുധീര്‍ നാഥ്
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും സമാധാനപരമായി കൈകാര്യം ചെയ്യുന്ന സമ്പ്രദായമാണ് നയതന്ത്രം. ലോകത്ത് ഒരുപാട് രാജ്യങ്ങളുണ്ട്. ഓരോ രാജ്യത്തിന്‍റെ നിലനില്‍പ്പിന് മറ്റ് രാജ്യങ്ങളുടെ പിന്തുണ വേണം. അതിനായി പരസ്പര ബന്ധങ്ങള്‍ വേണം. ആധുനിക കാലത്ത് ഇത് വളരെയേറെ അത്യാവശ്യമായി വന്നിരിക്കുന്നു എന്ന് കാണാവുന്നതാണ്. അന്താരാഷ്ട്ര ബന്ധങ്ങളെ കൂടിയാലോചനകളില്‍ക്കൂടെ സുഗമമാക്കുന്നതിന് നയതന്ത്രജ്ഞര്‍ ഓരോ രാജ്യത്തിനും വേണ്ടിവരും. ഇന്ത്യയ്ക്ക് ലോകത്തെ പ്രധാന രാജ്യത്തെല്ലാം ഇത്തരം നയതന്ത്രജ്ഞര്‍ ഉണ്ട്. അവര്‍ സ്വീകരിക്കുന്ന മാര്‍ഗവും, നയതന്ത്രജ്ഞന്‍റെ പ്രവര്‍ത്തനശൈലിയും അവര്‍ പ്രതിനിധീകരിക്കുന്ന രാജ്യത്തിന്‍റെ നയതന്ത്രമെന്നുതന്നെയാണ് അറിയപ്പെടുന്നത്. അന്താരാഷ്ട്രബന്ധങ്ങളെ സൈനികബലം മാത്രം നിയന്ത്രിക്കുന്നത് ഒഴിവാക്കാന്‍ നാഗരികത കണ്ടുപിടിച്ച ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നയതന്ത്രം.
നയതന്ത്രം കാലങ്ങളായി നിലനിന്നിരുന്നതായി കാണാം. പുരാണങ്ങളില്‍ പോലും നയതന്ത്രത്തിന് സമാനമായ പല ഇടപാടുകളും കാണാവുന്നതാണ്. അതുകൊണ്ട് തന്നെ നയതന്ത്രം എന്ന ആശയം കാലപ്പഴക്കം ചെന്നത് തന്നെ. ആധുനിക നയതന്ത്രത്തിന്‍റെ തുടക്കം നവോത്ഥാന കാലഘട്ടത്തിന്‍റെ ആരംഭത്തിലാണ് എന്ന് വിലയിരുത്തപ്പെടുന്നു. വടക്കന്‍ ഇറ്റലിയിലെ നഗരരാഷ്ട്രങ്ങളിലായിരുന്നു സ്ഥിരം സ്ഥാനപതികളെ അയയ്ക്കുകയെന്ന രീതി തുടങ്ങിയത്. പുതിയ സമ്പ്രദായത്തിനും, നയതന്ത്രത്തിന്‍റെ പ്രമാണങ്ങളുടെ ആദ്യരൂപത്തിനും നേതൃത്വം നല്കിയത് മിലാനായിരുന്നു. ആദ്യത്തെ സ്ഥാനപതി സ്ഥാപനങ്ങള്‍- എംബസികള്‍-13-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായി. ആധുനിക നയതന്ത്രത്തിന്‍റെ പല പാരമ്പര്യങ്ങളും ആരംഭിച്ചത് ഇറ്റലിയിലാണ്. ഇറ്റലിയില്‍നിന്ന് ഈ സമ്പ്രദായം മറ്റു യുറോപ്യന്‍ രാഷ്ട്രങ്ങളിലേക്കു വ്യാപിച്ചു. പ്രധാന യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്പരം സ്ഥാനപതികളെ അയച്ചുതുടങ്ങി. ഒരു സ്ഥിരം പ്രതിനിധിയെ ആദ്യം 1487-ല്‍ ഇംഗ്ലണ്ടിലേക്ക് അയച്ചത് സ്പെയിനായിരുന്നു.
റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ നയതന്ത്ര ശൃംഖലയുള്ള രാജ്യം എന്ന് വിലയിരുത്തപ്പെടുന്നു. ലോകത്തെയും പ്രത്യേകിച്ച് അയല്‍ പ്രദേശങ്ങളിലെയും ബന്ധങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. കാലങ്ങളായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രം 153 ലോകരാജ്യങ്ങളുടെ എംബസിയോ ഹൈകമ്മിഷനോ പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയിലെ ചാണക്ക്യപുരിയിലും, തൊട്ടടുത്ത ഡല്‍ഹിയുടെ സാറ്റിലേറ്റ് ടൗണ്‍ഷിപ്പായ ദ്വാരക സെക്റ്റര്‍ 24ലും വിന്യസിച്ചു കിടക്കുന്നു. വിദേശ കാര്യങ്ങള്‍ സുഖമമായി നടത്തുന്നതിന് ശക്തമായ വിദേശ കാര്യ വകുപ്പും നമുക്കുണ്ട്.
ഇന്ത്യയുടെ വിദേശ ബന്ധങ്ങളുടെ ഉത്തരവാദിത്തമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏജന്‍സിയാണ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്‍റെ പ്രധാന ഉദ്ദേശ്യങ്ങള്‍ ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും, മറ്റ് സംസ്ഥാനങ്ങളുമായി സൗഹൃദബന്ധം പ്രോത്സാഹിപ്പിക്കുകയും, വിദേശികള്‍ക്കും വിദേശത്തുള്ള സ്വദേശികള്‍ക്കും കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കുകയും ഉള്‍പ്പെടുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ച കാലം (1857 1947) മുതല്‍, ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ശക്തമായി. നയതന്ത്ര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ബ്രിട്ടീഷ് സാമ്രാജ്യം ഏറ്റെടുത്തത് കാരണം ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം വികസിച്ചു. 1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, വിദേശനയം നടപ്പിലാക്കുന്നതില്‍ ഇന്ത്യക്കാര്‍ക്ക് വലിയ പ്രയാസം ഉണ്ടായില്ല. അതിന് കാരണം ചില ഇന്ത്യക്കാര്‍ക്ക് ബ്രിട്ടീഷുക്കാര്‍ക്ക് കീഴില്‍ നയതന്ത്ര ഇടപെടലുകള്‍ നടപ്പിലാക്കുന്നതിലെ അനുഭവപരിചയം ഉണ്ടായിരുന്നു എന്നത് തന്നെ. എന്നിരുന്നാലും, രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, 1925-ല്‍ വിദേശ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും അതിന്‍റെ സ്വാതന്ത്ര്യ സമരത്തെ പരസ്യപ്പെടുത്തുന്നതിനുമായി ഒരു ചെറിയ വിദേശ വകുപ്പ് സ്ഥാപിച്ചു. 1920-കളുടെ അവസാനം മുതല്‍ ജവഹര്‍ലാല്‍ നെഹ്റു, സ്വാതന്ത്ര്യ നേതാക്കള്‍ക്കിടയില്‍ ലോകകാര്യങ്ങളില്‍ ദീര്‍ഘകാലമായി താല്‍പ്പര്യമുണ്ടായിരുന്ന അദ്ദേഹം, അന്താരാഷ്ട്ര വിഷയങ്ങളില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് രൂപപ്പെടുത്തി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു, ഒരേസമയം പ്രധാനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചു. തന്‍റെ ഉപദേശകരുമായി കൂടിയാലോചിച്ച ശേഷം അദ്ദേഹം തന്നെ എല്ലാ പ്രധാന വിദേശ നയ തീരുമാനങ്ങളും എടുക്കുകയും തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ സേവനത്തിലെ മുതിര്‍ന്ന അംഗങ്ങളെ അന്താരാഷ്ട്ര കാര്യങ്ങളുടെ നടത്തിപ്പ് ചുമതലപ്പെടുത്തുകയും ചെയ്തു. പഞ്ചശീലത്തിന്‍റെ അല്ലെങ്കില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്‍റെ അഞ്ച് തത്വങ്ങളുടെ പ്രധാന സ്ഥാപകന്‍ അദ്ദേഹമായിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്റുവിനെ നയതന്ത്ര വിഷയത്തില്‍ പരാമര്‍ശിക്കുമ്പോള്‍ തന്നെ മലയാളിയായ വെങ്ങലില്‍ കൃഷ്ണന്‍ കൃഷ്ണമേനോന്‍ എന്ന വി. കെ. ക്യഷ്ണമേനോനെ പരാമര്‍ശിക്കാതെ പോകുന്നത് ശരിയല്ല. ഒരു ഇന്ത്യന്‍ അക്കാദമിക്, രാഷ്ട്രീയക്കാരന്‍, രാഷ്ട്രതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു വി. കെ. ക്യഷ്ണമേനോന്‍. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം ഇന്ത്യയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ മനുഷ്യനായിരുന്നു മലയാളിയായ വി. കെ. ക്യഷ്ണമേനോന്‍. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പും കാലത്തും ശേഷവും, 1962-ല്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ തകര്‍ച്ച വരെ, ഇന്ത്യയുടെ വിദേശ ബന്ധങ്ങളുടെ മുന്‍നിരയില്‍ മേനോന്‍ നിലകൊണ്ടു.
നെഹ്റുവിന്‍റെ കാലം മുതല്‍ ശ്രദ്ധേയമായ നയതന്ത്ര ബന്ധങ്ങള്‍ ഇന്ത്യയ്ക്കുണ്ടായി. അതിന് അതാത് കാലത്തെ പ്രധാനമന്ത്രിമാരും, വിദേശ മന്ത്രിമാരും വഹിച്ച പങ്ക് സ്മരണീയമാണ്. ഇന്ന് ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. നയതന്ത്രത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ക്ക് ലോകത്തിന് മുന്നില്‍ വലിയ വില വന്നിരിക്കുന്നു. ജി ട്വന്‍റി ഉച്ചകോടി ഡല്‍ഹിയില്‍ വിജയകരമായി കഴിഞ്ഞതോടെ ഇന്ത്യയുടെ വിദേശ കാര്യ വകുപ്പ് ലോകശ്രദ്ധ നേടി വീണ്ടും മുന്നിലെത്തി. ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയത്തെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി കൂടിയായ സുബ്രഹ്മണ്യം ജയശങ്കറാണ്. വിദേശ കാര്യത്തെ കുറിച്ചും നയതന്ത്ര ബന്ധങ്ങളെ കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുള്ള എസ്. ജയശങ്കര്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നു.
പ്രമുഖ അന്താരാഷ്ട്ര സ്ട്രാറ്റജിക് അഫയേഴ്സ് അനലിസ്റ്റും, പത്രപ്രവര്‍ത്തകനും, മുന്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസുകാരനുമായിരുന്ന ക്യഷ്ണസ്വമി സുബ്രഹ്മണ്യത്തിന്‍റെ മകനാണ് എസ്. ജയശങ്കര്‍. റിയല്‍പൊളിറ്റിക്കിന്‍റെ വക്താവായി കണക്കാക്കപ്പെടുന്ന സുബ്രഹ്മണ്യം വളരെക്കാലം ഇന്ത്യന്‍ സുരക്ഷാ കാര്യങ്ങളില്‍ സ്വാധീനം ചെലുത്തിയ ശബ്ദമായിരുന്നു. ഇന്ത്യയുടെ സ്ട്രാറ്റജിക് അഫയേഴ്സ് കമ്മ്യൂണിറ്റിയുടെ ആദരണീയനായ വ്യക്തിയും ഇന്ത്യയുടെ ആണവ നയം രൂപീകരിക്കുന്നതിലും സ്വാധീനിക്കുന്നതിലും ആഗോളതലത്തില്‍ ഇന്ത്യന്‍ ആണവ നിലപാടുകള്‍ വാദിക്കുന്നതിലും സുബ്രഹ്മണ്യം ഒരു പ്രധാന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‍റെ മകന്‍ ഇപ്പോള്‍ ഇന്ത്യയുടെ വിദേശകാര്യ വകുപ്പിനെ നയിച്ച് ലോക ശ്രദ്ധ നേടുന്നു എന്ന് പറയുന്നതില്‍ അതുകൊണ്ട് തന്നെ വലിയ അതിശയോക്തിയില്ല.
ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളുടെ മുന്നില്‍ ശ്രദ്ധേയ നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നേട്ടത്തിന്‍റെ ഒരു പങ്ക് ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായ ജയശങ്കറിനുമാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജയശങ്കറെ അംഗീകരിക്കുന്നുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകരാജ്യങ്ങളില്‍ നേടുന്ന അംഗീകാരവും ജയശങ്കറിന്‍റെ നയതന്ത്രത്തിന്‍റെ മികവു തന്നെയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നുണ്ട്. വിദേശകാര്യ മന്ത്രിയായി ചുമതല ഏല്‍ക്കും മുന്‍പ് അമേരിക്ക സിംഗപ്പൂര്‍ ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ ആയിരുന്നു ജയശങ്കര്‍. ചൈനീസ് അംബാസിഡര്‍ ആയിരുന്ന കാലത്താണ് ഇന്ത്യയും ചൈനയും തമ്മില്‍ മികച്ച നയതന്ത്ര ബന്ധം ഉണ്ടായത് എന്നുള്ളത് ഇവിടെ അടിവരയിട്ടു പറയേണ്ടതാണ്. നിലവിലെ ചൈനീസ് പ്രതിസന്ധികള്‍ക്ക് നയതന്ത്രപരമായ ഒട്ടേറെ ചര്‍ച്ചകള്‍ക്കും മന്ത്രി എന്ന നിലയില്‍ ജയശങ്കര്‍ എടുത്ത നിലപാടുകള്‍ പ്രശംസനീയമാണ്. കാനഡയുമായി ഉണ്ടായിട്ടുള്ള അസ്വാരസ്യമാണ് ഒരു വിദേശകാര്യ മന്ത്രി എന്നുള്ള നിലയില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന ഏറ്റവും പുതിയ കാര്യം. നയതന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ ജയശങ്കറിന്‍റെ പല തീരുമാനങ്ങളും ഇന്ത്യയുടെ വിദേശകാര്യ ബന്ധത്തിന് പ്രതീക്ഷകളുണ്ട്. കാനഡയുമായി ഇന്ത്യയ്ക്ക് ഉണ്ടായ നയതന്ത്ര ബന്ധത്തിന്‍റെ തകര്‍ച്ചയ്ക്ക് രമ്യമായ പരിഹാരം താമസിയാതെ ഉണ്ടാക്കും എന്ന് തന്നെയാണ് സംസാരം. കാരണം, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണല്ലോ..!
