പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2023 സെപ്തംബര്‍ 30
മുരുകന്‍ കാട്ടാക്കടയുടെ ശബ്ദം ഡല്‍ഹി മലയാളത്തെ കീഴടക്കി
മൂന്ന് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനം കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട തന്‍റെ ശബ്ദം കൊണ്ട് കീഴടക്കി. മലയാള ഭാഷയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ ഡല്‍ഹിയിലെ കേരള ക്ലബിലായിരുന്നു ആദ്യ പരിപാടി. ഇന്ത്യയെന്ന പേര് നെഞ്ചുറച്ച് പറയണമെന്ന് കേരള ക്ലബ്ബിലെ സാഹിതീ സഖ്യത്തില്‍ സംസാരിക്കവെ കവി മുരുകന്‍ കാട്ടാക്കട പറഞ്ഞു. മലയാള ഭാഷാ പഠന കേന്ദ്രങ്ങള്‍ക്ക് തുടക്കം കുറിച്ച കേരള ക്ലബ്ബില്‍ മലയാള ഭാഷാ സമ്പന്നതയെ കുറിച്ച് പറഞ്ഞും കവിത ചൊല്ലിയും മലയാളം മിഷന്‍ ഡയറക്ടര്‍ കൂടിയായ മുരുകന്‍ കാട്ടാക്കട ശ്രദ്ധേയമായി. 90കളുടെ പകുതിയില്‍ ഓംചേരി, വി കെ മാധവന്‍ കുട്ടി, ജോസഫ് ഇടമറുക്, ഡി. വിജയമോഹന്‍ തുടങ്ങി നിരവധി സാംസ്കാരിക നായകരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ആരംഭിച്ച മലയാളം പഠനക്ലാസുകള്‍ ആണ് 2009 ല്‍ മലയാളം മിഷനായി മാറിയത്. നൂറാംവയസ്സിലും ഡല്‍ഹി അശോക് വിഹാറിലെ വീട്ടില്‍ വിശ്രമമില്ലാതെ ഭാഷാ പ്രവര്‍ത്തനത്തില്‍ മുഴുകി കഴിയുന്ന ഡല്‍ഹി മലയാളം മിഷന്‍റെ പ്രസിഡന്‍റും, ഡല്‍ഹി മലയാളികളുടെ കാരണവരും, നാടകാചാര്യനുമായ ഓംചേരിയെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ മലയാളം മിഷന്‍ ഡയറക്ടറുടെ നേത്യത്ത്വത്തില്‍ ആദരിച്ചു. മലയാളം മിഷന്‍റെ പ്രവര്‍ത്തനം വഴി മലയാളി ഉള്ളിടത്തെല്ലാം മലയാളം പ്രചരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും, അത് കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുവാന്‍ പ്രവാസി മലയാളികളുടെ സംഘടനകള്‍ നല്‍കുന്ന പങ്ക് വലുതാണെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു. ജീവിത കാലത്തെ അടയാളപ്പെടുത്തുന്നതാണ് തന്‍റെ കവിതകള്‍ എന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ കവിതകള്‍ പ്രവാസി മലയാളി കുട്ടികള്‍ പാടി. പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്‍റെ ഓണാഘോഷ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. മണിപ്പൂര്‍ കലാപഭൂമിയില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയ മലയാള മാധ്യമപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. പ്രണയിക്കാന്‍ അറിയാത്തവര്‍ ഭരിക്കുന്നതാണ് ഫാസിസത്തിന് കാരണമാകുന്നതെന്ന് മുരുകന്‍ കാട്ടാക്കട പറഞ്ഞു. ഹിന്ദുക്കള്‍ക്ക് മാത്രമായി വോട്ടവകാശം നല്‍കി ഭരണ ഘടന പരിഷ്കരിക്കാന്‍ നീക്കം നടക്കുന്ന കാലമാണിത്. അങ്ങനെയുണ്ടായാല്‍ പൗരന്‍മാരും പൗരത്വമില്ലാത്തവരുമായി മലയാളികളടക്കം വിഭജിക്കപ്പെടും. പാലായനത്തിന്‍റെ ദു:ഖമറിയാത്ത മലയാളികളും അതു മനസിലാക്കുന്നത് അന്നായിരിക്കും. മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്ന ആനുകാലിക വിഷയങ്ങളാണ് തന്‍റെ പല കവിതകള്‍ക്കും ഊര്‍ജ്ജമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാളം മിഷന്‍ ഡല്‍ഹി ചാപ്റ്ററിലെ അദ്ധ്യാപക, വിദ്യാര്‍ത്ഥി, രക്ഷകര്‍ത്താ സംഘമത്തിലും അദ്ദേഹം പങ്കെടുത്തു. ഡല്‍ഹി മലയാളം മിഷന്‍ ചാപ്റ്ററിന് കീഴില്‍ അഞ്ച് വര്ഷം പിന്നിട്ട നിസ്വാര്‍ത്ഥ സേവനം നടത്തുന്ന നൂറിലേറെ അദ്ധ്യാപകരെ ആദരിക്കുകയുണ്ടായി. മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് നടത്തുന്നത് വിവിധ സംഘടനകളാണെന്നിരിക്കെത്തന്നെ, ഈ ഭാഷാ പ്രവര്‍ത്തനത്തിന്‍റെ ആണിക്കല്ലായതും ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ തികച്ചും സേവന സന്നദ്ധമായി ഭാഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതും ഭാഷാ അധ്യാപകരാണ്. മലയാള ഭാഷയുടെയും സംസ്ക്കാരത്തിന്‍റേയും പ്രചാരകരും സംരക്ഷകരാണ് പ്രവാസികള്‍ എന്ന് മലയാളം മിഷന്‍ വടക്കന്‍ രാജസ്ഥാന്‍ ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട പറഞ്ഞു. മലയാള ഭാഷ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിനായുള്ള പ്രവര്‍ത്തനമാണ് മലയാളം മിഷന്‍ നടത്തുന്നത് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഒരു ഭാഷ നശിക്കുമ്പോള്‍ ഒരു വിനിമയ മാധ്യമമല്ല നഷ്ടപ്പെടുന്നത് , ഒരു സംസ്ക്കാരമാണ്. സ്വന്തം ഭാഷയുടെ സംരക്ഷണത്തിന് ലോകത്ത് കേരള സര്‍ക്കാര്‍ അല്ലാതെ ഒരു സര്‍ക്കാരും ഒരു സ്ഥാപനവും നടത്തുന്നില്ല എന്നിടത്താണ് മലയാളം മിഷന്‍റെ പ്രസക്തി എന്ന് മുരുകന്‍ കാട്ടാക്കട അവകാശപ്പെട്ടു. സ്വന്തം കവിതകള്‍ അവതരിപ്പിച്ച അദ്ദേഹം മലയാള ഭാഷയെ സംരക്ഷിക്കുന്ന പ്രവാസ മലയാളികളെയും സംഘടനകളേയും അഭിനന്ദിച്ചു.ജനസംസ്ക്യതി, ഡിഎംഎ തുടങ്ങിയ സംഘടനകളുടേയും പരിപാടികളില്‍ പങ്കെടുത്ത മുരുകന്‍ കാട്ടാക്കട തന്‍റെ കവിതകള്‍ ചൊല്ലി എല്ലായിടത്തും മലയാളി സമൂഹത്തെ കീഴടക്കി.
പബ്ലിക്ക് റിലേഷന്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ്
പബ്ലിക് റിലേഷന്‍സ് എന്നത് ഒരു വ്യക്തിയില്‍ നിന്നോ ഒരു സംഘടനയില്‍ നിന്നോ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അവരുടെ ധാരണയെ സ്വാധീനിക്കുന്നതിനായി കൈകാര്യം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ്. പബ്ലിക് റിലേഷന്‍സ് എന്നതും പബ്ലിസിറ്റി എന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പബ്ലിക് റിലേഷന്‍സ് എന്നത് ആന്തരികമായി നിയന്ത്രിക്കപ്പെടുന്ന ഒന്നാണ്. പബ്ലിക് റിലേഷന്‍സ് ലക്ഷ്യമിടുന്നത് ക്ലയന്‍റുകള്‍ക്ക് സൗജന്യമായി കവറേജ് സൃഷ്ടിക്കുകയോ നേടുകയോ ചെയ്യുക എന്നതാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ പ്രമുഖരായ എല്ലാ സ്ഥാപനങ്ങളും പബ്ലിക് റിലേഷന്‍സ് വിഭാഗം ഉണ്ടാക്കും. അവരവിടെ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുന്ന പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരെ നിയമിക്കും. വിപണനത്തിനോ പരസ്യത്തിനോ പണം നല്‍കുന്നതിന് പകരം പബ്ലിക് റിലേഷന്‍സ് വഴി അവര്‍ സമൂഹത്തിലെത്തുന്നു. എന്നാല്‍ 21-ാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ തന്നെ, പരസ്യം ചെയ്യലും വിശാലമായ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. ഡല്‍ഹിയില്‍ 17ാം പബ്ലിക്ക് റിലേഷന്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് നടന്നു. രാജ്യത്തെ പ്രമുഖമായ എല്ലാ ബ്രാന്‍ഡുകളുടെയും പബ്ലിക്റിലേഷന്‍സ് ഓഫീസര്‍മാര്‍ ഒത്തുചേര്‍ന്ന വലിയ ചടങ്ങായിരുന്നു അത്. സെപ്റ്റംബര്‍ 21, 22, തിയതികളില്‍ ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ രാജ്യത്തെ വിജയം കൊയ്യുകയും, നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത പബ്ലിക് റിലേഷന്‍ രംഗത്തെ പ്രമുഖരെ ആദരിക്കുകയുണ്ടായി. മികച്ച പ്രവര്‍ത്തനത്തിനുള്ള ചാണക്യ അവാര്‍ഡ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോഗ്രേഡ് നേടി. ഓട്ടോഗ്രേഡ് സി.എം.ഡി. ടി. മുഹമ്മദ് അഷ്റഫ് മുന്‍ കേന്ദ്ര മന്ത്രി മുക്തി അബ്ബാസ് നഖ്വിയില്‍ നിന്ന് പുരസ്ക്കാരം സ്വീകരിച്ചു. 1924 മുതല്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന എച്ച്.കെ.എ ഗ്രൂപ്പിന് കീഴിലാണ് ഓട്ടോഗ്രേഡ് ഉള്ളത്. കുറഞ്ഞ കാലം കൊണ്ട് ലോക വിപണിയില്‍ ഏറെ നേട്ടങ്ങള്‍ കൊയ്ത ഓട്ടോഗ്രിഡിന്‍റെ വളര്‍ച്ചയില്‍ മുഹമ്മദ് അഷ്റഫിന്‍റെ കഠിനാദ്ധ്വാനവും ഉണ്ട്. വാഹന ഇന്ധനങ്ങളില്‍ ഉപയോഗിക്കുന്ന അഡ് ബ്ലൂ എന്ന ഉല്‍പ്പന്നം ഇവര്‍ വികസിപ്പിച്ച് വിപണിയില്‍ ഇറക്കിയ ഒന്നാണ്. ഇന്ന് ലോകത്തിലെ എല്ലാ വാഹന നിര്‍മ്മാതാക്കളും ഇന്ധനക്ഷമതയ്ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത് അഡ് ബ്ലൂ ആണെന്ന് കാണാം. ഇത് തന്നെയാണ് ഓട്ടോഗ്രേഡ് ശ്രദ്ധേയമാകുവാന്‍ കാരണവും.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെത്തുമ്പോള്‍
ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ പുതിയ മന്ദിരത്തിലേക്ക് സഭാംഗങ്ങള്‍ പ്രവേശിച്ചിരിക്കുകയാണ്. ഒട്ടേറെവിശേഷണങ്ങളുള്ള ത്രികോണ ആകൃതിയിലുള്ള പുതിയ മന്ദിരത്തിലേക്കാണ് വൃത്താകൃതിയിലുള്ള പഴയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ നിന്ന് അംഗങ്ങള്‍ മാറുന്നത്. ആര്‍ക്കിടെക്ട് ബിമല്‍ പട്ടേല്‍ രൂപകല്പന ചെയ്ത പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം 2019 ലാണ് ആരംഭിച്ചത്. ഈ പുതിയ പാര്‍ലമെന്‍റ് മന്ദിരം 2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തതാണ്. പഴയ പാര്‍ലമെന്‍റ് മന്ദിരത്തേക്കാള്‍ സൗകര്യങ്ങളുള്ള പുതിയ മന്ദിരത്തിന് വിശേഷണങ്ങള്‍ ഏറെയാണ്. പുതിയ ലോക്സഭയുടെ ചേമ്പറിന് മയില്‍ തീമാണ് നല്‍കിയിരിക്കുന്നത്. ദേശീയ പക്ഷിയുടെ തൂവലുകളില്‍ നിന്ന് വരച്ച ഡിസൈനുകള്‍ ചുവരുകളിലും സീലിംഗിലും കാണാം. ലോക്സഭാ ചേംബറില്‍ നിലവിലുള്ള 543 സീറ്റില്‍ നിന്ന് ഉയര്‍ത്തി 888 സീറ്റുകളുണ്ടാകും, 1,272 സീറ്റുകള്‍ വരെ വര്‍ദ്ധിപ്പിക്കാനുള്ള ഇടവും മുന്‍കൂട്ടി കരുതിയിട്ടുണ്ട്. രാജ്യസഭാ ചേംബര്‍ ചുവന്ന പരവതാനി വിരിച്ച് താമര കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ലോക്സഭയിലും രാജ്യസഭയിലും രണ്ട് എംപിമാര്‍ക്ക് ഒരു ബെഞ്ചില്‍ ഇരിക്കാം, ഓരോ എംപിക്കും മേശപ്പുറത്ത് ടച്ച് സ്ക്രീന്‍ ഉണ്ടായിരിക്കും. രാജ്യസഭാ ചേമ്പറില്‍ 384 പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് ഇരിക്കുവാനുള്ള സൗകര്യമുണ്ട്. നിലവിലുള്ള കെട്ടിടത്തിലെ രാജ്യസഭാ ചേചമ്പറില്‍ 250 അംഗങ്ങള്‍ക്ക് മാത്രമാണ് ഇരിക്കുവാന്‍ സാധിച്ചിരുന്നത്. ലോക്സഭയിലും, രാജ്യസഭയിലും അംഗങ്ങളുടെ എണ്ണത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വര്‍ദ്ധനയെ നേരിടാനാണ് ഇരുസഭകളിലേയും ഇരിപ്പിട ശേഷി വര്‍ദ്ധിപ്പിക്കുന്നത്. ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിരം പൂര്‍ണമായും ആധുനികവല്‍ക്കരിച്ചിരിക്കുകയാണ്. പുതിയ മന്ദിരത്തിലേക്ക് കടക്കുന്നവര്‍ അവരുടെ പൂര്‍ണ്ണവിവരം നല്‍കി പാസുകള്‍ എടുക്കണം. ആരെ സന്ദര്‍ശിക്കുവാനാണ് പോകുന്നതെന്ന് വ്യക്തമാക്കി പാസ്സുകള്‍ ലഭ്യമാക്കുന്നതിന് മുമ്പ് നല്‍കണം. ആരെയാണോ കാണേണ്ടത് അവിടേക്കു മാത്രമായിരിക്കും പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള പാസ്സുകള്‍ ലഭിക്കുന്നവര്‍ക്ക് കയറി ചെല്ലുവാന്‍ സാധിക്കുക. മുന്‍പ് പാര്‍ലമെന്‍റ് അകത്ത് കിടക്കുവാനുള്ള പാസ് ലഭിച്ചാല്‍ അവിടെ ഏതു മുറിയിലേക്ക് കടന്നു പോകുവാന്‍ സാധിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. പുതിയ മന്ദിരത്തിന്‍റെ നിയന്ത്രണം സുരക്ഷ എല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ അത്യാധുനിക ടെക്നോളജിയുടെ പിന്തുണയോടെയും നടപ്പിലാക്കിയിരിക്കുന്നു എന്നുള്ളത് എടുത്തു പറയണം .



