ഇന്ത്യയില്‍ ഗതാഗതം കുതിപ്പില്‍
വിജയ് ചൗക്ക്
സുധീര്‍ നാഥ്
![]() |
ഇന്ത്യയുടെ ഗതാഗത രംഗത്ത് വളര്‍ച്ചയുടെ കുതിപ്പാണ്. ലോകത്ത് തന്നെ അതിവേഗതയില്‍ വളരുന്ന ഗതാഗത കേന്ദ്രമായി ഇന്ത്യ മാറികഴിഞ്ഞിരിക്കുന്നു. റോഡും, റെയിലും, എന്തിനേറെ വ്യാമയാന, ജലഗതാഗത രംഗത്തും വലിയ കുതിപ്പ് തന്നെയാണ് കാണുവാന്‍ സാധിക്കുന്നത്. റോഡ് വികസനം അതിവേഗം നടത്തുന്നതിന്‍റെ പ്രതിഫലനം രാജ്യത്തെങ്ങും കാണാം. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും, നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും മിക്ക ദേശീയ പാത ശൃംഖലയും നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനും ഉത്തരവാദികളായ നോഡല്‍ ഏജന്‍സികളാണ്. റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഓരോ ദിവസവും പുതിയ റോഡുകള്‍ കിലോമീറ്ററുകളോളം നിര്‍മ്മിക്കപ്പെടുന്നു.
കേരളത്തില്‍ ദേശിയപാതയുടെ നിര്‍മ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. ദേശീയപാതകളുടെ ശൃംഖല വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ഒരു പ്രധാന ശ്രമമാണ് ദേശീയ പാത വികസന പദ്ധതി (എന്‍.എച്ച്.ഡി.പി). ദേശീയപാത അറ്റകുറ്റപ്പണികള്‍ക്കും ടോള്‍ പിരിവിനും എന്‍.എച്ച്.എ.ഐ പലപ്പോഴും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക ഉപയോഗിക്കുന്നു. നിലവിലുള്ള ഹൈവേകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ നാലുവരിപ്പാതകളാണ് (ഓരോ ദിശയിലും രണ്ട് പാതകള്‍), ഇതില്‍ ഭൂരിഭാഗവും ആറോ അതിലധികമോ പാതകളിലേക്ക് വികസിപ്പിക്കുകയാണ്. റോഡുകളുടെ വികസനം ഗതാഗതത്തിന്‍റെ വേഗതയെ കൂട്ടുന്നു. ഇത് വികസനത്തിന്‍റെ പാതയായി മാറുന്നു.
ലോകത്തിലെ നാല് പ്രധാന കാര്‍ വിപണന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷെ ഇപ്പോള്‍ രാജ്യത്ത്, വിശേഷിച്ച് ഡല്‍ഹിയില്‍ കാര്‍/ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന കോവിഡ് മഹാമാരിയെ തുടര്‍ന്ന് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം ഓണ്‍ ലൈന്‍ ടാക്സി കമ്പനികളുടെ വളര്‍ച്ച അതിവേഗം നടക്കുന്നതായും കാണാം. നവരാത്രി കാലങ്ങളില്‍ കൂടുതല്‍ വാഹന വില്‍പ്പന നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ കുറേ നാളായി വാഹനപെരുക്കം കാരണം ക്രമാതീതമായി ഡല്‍ഹിയിലെ വായു മലിനീകരണം ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിഎന്‍ജി വണ്ടികള്‍ നിരത്തിലിറക്കി അതിന് പരിഹാരം കാണുവാന്‍ നടത്തിയ ശ്രമം പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല. ഡീസല്‍ വാഹനങ്ങള്‍ക്ക് പത്ത് വര്‍ഷവും, പെട്രോള്‍ വാഹനങ്ങള്‍ക്ക് പതിനഞ്ച് വര്‍ഷവും കാലവധി നിശ്ചയിച്ച് മറ്റൊരു ശ്രമവും നടത്തി. അന്തരീക്ഷ മാലിന്യം വലിയ അളവില്‍ കുറയ്ക്കുന്ന ഇലക്ട്രിക്ക് കാറുകള്‍ വിപണിയിലെത്തിയിട്ടുണ്ട്. റോഡുകളുടെ വികസനവും വാഹനങ്ങളുടെ വര്‍ദ്ധനവും ഒരേ സമയമാണ് സംഭവിക്കുന്നത്.
ഇന്ത്യയുടെ ഞരമ്പുകളാണ് റെയില്‍വേ എന്നാണ് പരക്കെ അറിയുന്നതും പറയപ്പെടുന്നതും. ഇന്ത്യ എന്ന രാജ്യത്ത് വ്യാപിച്ചു കിടക്കുകയാണ് തീവണ്ടി പാതകള്‍ എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ലോകത്ത് റെയില്‍ ഭൂപടത്തില്‍ ഇന്ന് ഇന്ത്യ നാലാം സ്ഥാനത്താണ്. രാജധാനിയും ശതാബ്ദ്ദിയും കഴിഞ്ഞ് നമ്മള്‍ വന്ദേഭാരതിയില്‍ എത്തി നില്‍ക്കുകയാണ.് ഇന്ന് രാജ്യത്തോടുന്ന ഏറ്റവും വേഗത കൂടിയ തീവണ്ടി വന്ദേഭാരത് എന്നതിന് താമസിയാതെ മാറ്റം വരും. ബുള്ളറ്റ് ട്രെയിനുകള്‍ ഏതാനും വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഓടിത്തുടങ്ങും എന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വിമാന വേഗതയില്‍ അല്ലെങ്കില്‍ പോലും സാധാരണ ജനങ്ങള്‍ക്ക് വളരെ കുറഞ്ഞ പണത്തില്‍ യാത്ര നടത്തുവാനുള്ള സൗകര്യമാണ് തീവണ്ടി ഗതാഗതത്തില്‍ ലഭിക്കുക.
രാജ്യത്തെ എല്ലാ പ്രധാന സംസ്ഥാനങ്ങളിലും മെടോ തീവണ്ടികള്‍ ഓടി തുടങ്ങി. ചരക്ക് തീവണ്ടി ഓടുവാന്‍ മാത്രം പാളങ്ങള്‍ തയ്യാറായിട്ടുണ്ട്. ചരക്ക് ഗതാഗതം സുഗമാമാക്കുക വഴി രാജ്യ പുരോഗതി വേഗതയിലാകുന്നു എന്ന് നാം കാണേണ്ടതുണ്ട്. ഇന്ത്യന്‍ റെയില്‍വേ നാള്‍ക്കുനാള്‍ വികസിക്കുകയാണ്. ആവി എന്‍ജിനുകളില്‍ നിന്ന് കല്‍ക്കരി തീവണ്ടിയിലേക്കും, കല്‍ക്കരി തീവണ്ടികളില്‍ നിന്ന് വൈദ്യുതി എന്‍ജിനിലേയ്ക്കും വികസിച്ച ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ വേഗതയുടെ കാര്യത്തിലാണ് ശ്രദ്ധിക്കുന്നത്. സാദാരണക്കാരന്‍റെ ഏറ്റവും വേഗതയേറിയ ഗതാഗത മാര്‍ഗ്ഗമാണ് തീവണ്ടി. തീവണ്ടി ഗതാഗത വികസനമാണ് ജനങ്ങള്‍ ഉറ്റ് നോക്കുന്നതും.
കേരളം നദികളും പുഴകളും കൊണ്ട് സമൃദ്ധമായ ഒരു ഭൂപ്രദേശമാണ് എന്നത് വളരെ പ്രശസ്തമാണ്. കേരളത്തിലെ ജലഗതാഗതം വളരെ പ്രശസ്തമായിരുന്നു. നമ്മുടെ പ്രധാന ഗതാഗത മാര്‍ഗം പണ്ടുകാലത്ത് വള്ളങ്ങളിലും വഞ്ചികളിലും മറ്റും ആയിരുന്നു. റോഡ് മാര്‍ഗ്ഗമുള്ള ഗതാഗതം വളരെ അപൂര്‍വ്വവും വലിയ ചിലവേറിയതുമായിരുന്നു. ഇപ്പോള്‍ നമ്മള്‍ വീണ്ടും ജലഗതാഗതത്തെ കുറിച്ച് ചിന്തിക്കുന്നു. ജലഗതാഗതം വളരെ പതുക്കെയുള്ള യാത്രയായിരുന്നു. സാങ്കേതിക വിദ്യകള്‍ മാറിമാറി വന്നു. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച വഞ്ചികളില്‍ തുടങ്ങി ചെറു ബോട്ടുകളും വലിയ ബോട്ടുകളും, സ്പീഡ് ബോട്ടുകളും നമ്മുടെ ജലപാതകളില്‍ ഓടി തുടങ്ങി. കൊച്ചിയില്‍ വാട്ടര്‍ മെട്രോ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ലോകനിലവാരമുള്ള ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രൊയില്‍ ഉപയോഗിക്കുന്നത്. വാട്ടര്‍ മെട്രോ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലേയ്ക്കും വളരുകയാണ്.
വ്യാമയാന രംഗത്തും ഇന്ത്യ വലിയ കുതിപ്പ് നടത്തിയിരിക്കുന്നു. വിമാനതാവളങ്ങളുടെ എണ്ണത്തില്‍ തന്നെ വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയും അവികസിത പ്രദേശങ്ങളെ വികസിപ്പിക്കുന്നതിനായും തുടങ്ങിയ ഉഡാന്‍ വ്യാമയാന പദ്ധതി വന്‍ വിജയവും ജനകീയവുമായി മാറി. മിലിറ്ററി ഏവിയേഷന്‍, സിവില്‍ ഏവിയേഷന്‍ എന്നീ രണ്ട് വിഭാഗങ്ങളിലാണ് ഇന്ത്യന്‍ ഏവിയേഷന്‍ ഉള്ളത്. ഇന്ത്യയില്‍ ബജറ്റ് എയര്‍വേസിന്‍റെ സേവനങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ആകര്‍ഷ്ടരാണ്. ടിക്കറ്റ് നിരക്കിലെ കുറവ് സാധാരണക്കാരേയും വ്യാമയാന യാത്രയ്ക്ക് പ്രേരിപ്പിക്കുന്നു. തീവണ്ടി യാത്രയേക്കാള്‍ കുറവ് നിരക്കില്‍ വരെ വിമാന ടിക്കറ്റുകള്‍ ലഭ്യമാണെന്നത് എടുത്ത് പറയേണ്ട ആകര്‍ഷണമാണ്.
വൈമാനിക രംഗത്ത് സങ്കല്‍പ്പങ്ങളും, ഭാവനകളുമായി നമ്മുടെ പുരാണങ്ങളില്‍ പുഷ്പക വീമാനം ഉണ്ട്. 1904ല്‍ വൈമാനിക ശാസ്ത്രം എന്ന പുസ്തകം പറക്കുന്നതിന്‍റെ ശാസ്ത്രത്തെ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രീയമായി പല ന്യൂനതകളും ചൂണ്ടി കാണിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയുടെ വ്യാമയാന രംഗത്തിന്‍റെ ബാല പാഠമായി മാത്രമേ അതിനെ കാണുവാന്‍ സാധിക്കൂ. 1911 ഫെബ്രുവരി 18ന് അലഹബാദില്‍ നിന്ന് 9.7 കിലോമീറ്റര്‍ അകലെയുള്ള നയ്നി എന്ന വ്യവസായ മേഖലയിലേയ്ക്ക് ഫ്രഞ്ച് സ്വദേശിയായ ഹെന്‍ട്രി പിക്വിറ്റ് ആദ്യമായി വിമാനം പറത്തി. 6500 കത്തുകള്‍ മാത്രമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ലോകത്തിലെ തന്നെ ആദ്യ വ്യാമയാന തപാല്‍ സേവനമായി അതിനെ കണക്കിലാക്കുന്നു. 1912ല്‍ അമേരിക്കയുടെ ഇംപീരിയല്‍ എയര്‍വേസ് ആദ്യമായി ഇന്ത്യയില്‍ യാത്രാ വിമാനം പറത്തി. ലണ്ടന്‍ കറാച്ചി വിമാനം ഡല്‍ഹിയിലേയ്ക്ക് നീട്ടിയാണ് വിമാന കമ്പനി വ്യാമയാന യാത്രയ്ക്ക് തുടക്കം കുറിച്ചത്.
പ്രമുഖ വ്യവസായിയായ ജെ.ആര്‍.ഡി റ്റാറ്റാ വിമാനം പറത്തുവാന്‍ വിദേശത്ത് നിന്ന് പഠിക്കുകയും കറാച്ചിയില്‍ നിന്ന് ബോംബയിലെ ജുഹുവിലേയ്ക്ക് പറത്തുകയും ഉണ്ടായി. 1932ല്‍ റ്റാറ്റാ എയര്‍ സര്‍വ്വീസ് എന്ന പേരില്‍ അദ്ദേഹമാണ് ഇന്ത്യയില്‍ അഭ്യന്തിര വിമാന സര്‍വ്വീസ് ആരംഭിച്ചത്. പിന്നീട് അത് റ്റാറ്റാ എയര്‍ലൈന്‍സ് എന്ന് നാമകരണം ചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ന്ര്യം ലഭിച്ചതിന് ശേഷം 49 ശതമാനം ഷെയറുകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ക്കൈവശം വന്നു. 1960 ഫെബ്രുവരി 21ന് സര്‍ക്കാര്‍ കൂടുതല്‍ ഷെയറുകള്‍ വാങ്ങി, റ്റാറ്റാ എയര്‍വേസ് ഏറ്റെടുത്ത് രൂപം കൊടുത്ത കമ്പനിയാണ് എയര്‍ ഇന്ത്യ. 1977 വരെ ജെ.ആര്‍.ഡി റ്റാറ്റയായിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. 2023 മുതല്‍ എയര്‍ ഇന്ത്യ വീണ്ടും റ്റാറ്റയുടെ സ്വന്തമായി.
സ്വകാര്യ വിമാനങ്ങളുടെ എണ്ണം കൂടുന്നത് പോലെ തന്നെ ഇന്ന് സ്വകാര്യ വിമാന താവളങ്ങള്‍ ഇന്ത്യയില്‍ ഏറി വരികയാണ്. രാജ്യത്ത് ഹെലിപാഡുകളുടെ എണ്ണവും, ഹെലിപ്പോട്ടുകളുടെ എണ്ണവും കൂടിവരികയാണ്. ചെറിയ ദൂരങ്ങള്‍ യാത്രാ ചിലവ് നോകാതെ ഹെലിക്കോപ്പ്റ്ററില്‍ യാത്ര ചെയ്യുന്ന ബിസിനസ്സുകാരുടെ എണ്ണം രാജ്യത്ത് കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ച് ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഉഡാന്‍ പദ്ധതി ഏറെ ജനപ്രീയമാണിപ്പോള്‍. ജമ്മു കാശ്മീര്‍, ഹിമാചല്‍, ഉത്തരാഖണ്ട്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും, ആന്‍റമന്‍ നിക്കോബാദ്, ലക്ഷദ്വീപ് തുടങ്ങിയ ചെറു പട്ടണങ്ങളിലേയ്ക്ക് ഉഡാന്‍ പദ്ധതി പ്രകാരം ചെറു വിമാനങ്ങളുടെ സേവനം കേന്ദ്ര സര്‍ക്കാര്‍ കൂട്ടുവാന്‍ പോകുകയാണ്. തീവണ്ടി ഗതാഗതം എത്തി ചേരാത്ത പ്രദേശങ്ങളാണിവിടം. കേന്ദ്ര സര്‍ക്കാര്‍ വലിയ സബ്സിഡികളാണ് ഈ മേഖലയില്‍ സേവനം നടത്തുന്ന സ്വകാര്യ വിമാന കമ്പനികള്‍ക്ക് നല്‍കുന്നത്. കേന്ദ്ര വ്യാമയാന വകുപ്പ് ഉഡാന്‍ പദ്ധതി പ്രകാരം സേവനം നടത്തുവാന്‍ ഒരുങ്ങിയ വിമാന കമ്പനികള്‍ക്ക് മുന്നില്‍ നൂറ് പുതിയ റൂട്ടുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ജറ്റ് എയര്‍വേസിന്‍റെ തകര്‍ച്ചയോടെ ശൂന്യമായ ചെറു ദൂരങ്ങള്‍ ഉഡാന്‍ പദ്ധതി വഴി നികത്തിയെടുക്കുക എന്ന ലക്ഷ്യവും വ്യാമയാന വകുപ്പിനുണ്ട്. ജറ്റ് എയര്‍വേസ് ആയിരുന്നു ചെറു വിമാനങ്ങളുടെ സര്‍വ്വീസുകള്‍ ധാരാളമായി നടത്തിരുന്നത്.
കേരള എയര്‍വേസ് അടക്കം അഞ്ചോളം ബജറ്റ് എയര്‍വേസ് കമ്പനികള്‍ ആരംഭിക്കാന്‍ തയ്യാറായി നമ്മുടെ രാജ്യത്തുണ്ട്. ചുരുക്കി പറഞ്ഞാല്‍ സ്വകാര്യ വിമാന കമ്പനികള്‍ രാജ്യത്ത് വ്യാമയാന വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയാണ്. റോഡ്, റെയില്, വ്യാമയാന, ജലഗതാഗത രംഗ രംഗത്ത് നമ്മളുടെ വളര്‍ച്ച രാജ്യത്തിന്‍റെ പുരോഗതിയാണ്. അത് രാജ്യത്തിന്‍റെ വളര്‍ച്ചയാണ്. അത് രാജ്യത്തിന്‍റെ വികസനമാണ്.
