പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുകയാണ്...
വിജയ് ചൗക്ക്
സുധീര്‍ നാഥ്
2023 സെപ്റ്റംബര്‍ പതിനെട്ടാം തീയതി. നാളെ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ സമ്മേളനം ആരംഭിക്കുകയാണ്. വൃത്തത്തിലുള്ള പാര്‍ലമെന്‍റ് മന്ദിരത്തില്‍ നിന്ന് ത്രികോണത്തിലേക്കുള്ള പാര്‍ലമെന്‍റ് മന്ദിരത്തിലേയ്ക്ക് അംഗങ്ങള്‍ നീങ്ങുന്നതിന്‍റെ പ്രത്യേകത കൂടി അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഈ സമ്മേളനത്തിലുണ്ട്. പാര്‍ലമെന്‍റിലെ ഉദ്യോഗസ്ഥര്‍ക്കുള്ള യൂണിഫോമിലെ മാറ്റവും ഇതിനിടയില്‍ സംഭവിക്കുന്നു എന്നുള്ളതും സമൂഹത്തില്‍ ചര്‍ച്ചാവിഷയമാണ്. യൂണിഫോമില്‍ താമര ചിഹ്നം ഉണ്ടായത് വിമര്‍ശനപരമായ സംസാരങ്ങള്‍ക്കും ഇട നല്‍കിയിട്ടുണ്ട്. താമര ഒരു പാര്‍ട്ടി ചിഹ്നമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. താമര ദേശിയ പുഷ്പമായത് കൊണ്ടാണ് യൂണിഫോമിന്‍റെ ഭാഗമായതെന്നാണ് സര്‍ക്കാര്‍ വിശദ്ധീകരണം.
ഇന്ത്യന്‍ തലസ്ഥാന നഗരമായ ഡല്‍ഹിയുടെ പ്രധാന പാതയായ സന്‍സദ് മാര്‍ഗിലാണ് പാര്‍ലമെന്‍റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. 1912-1913 കാലഘട്ടത്തില്‍ പ്രശസ്ത വാസ്തുശില്‍പികളായ സര്‍ എഡ്വിന്‍ ല്യുട്ടെന്‍സ്, സര്‍ ഹെബേര്‍ട്ട് ബേക്കര്‍ എന്നിവര്‍ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള ഒരു മന്ദിരമാണ് പാര്‍ലമെന്‍റ്. 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ടു. 83 ലക്ഷം രൂപയ്ക്ക് പണി പൂര്‍ത്തിയാക്കിയ മന്ദിരം 1927 ജനുവരി 18ന് അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന ഇര്‍വിന്‍ പ്രഭു ഉദ്ഘാടനം ചെയ്തു. ആറ് ഏക്കറിലായി മന്ദിരം വ്യാപിച്ചുകിടക്കുന്നു. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്‍റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് ചുറ്റുമായി 144 വന്‍തൂണുകള്‍ ഉണ്ട്. ഇവ ഓരോന്നിന്‍റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങള്‍ മന്ദിരത്തിനുണ്ട്.
അര്‍ധവൃത്താകൃതിയില്‍ 4800 ചതുരശ്രഅടി വിസ്തീര്‍ണമുള്ളതാണ് ലോക്സഭാ ഹാള്‍. മൊത്തം 550 അംഗങ്ങള്‍ക്ക് വരെ ഇവിടെ ഇരിക്കാനാവും. സ്പീക്കറുടെ ഇരിപ്പിടത്തിന് വലതുവശം ഭരണപക്ഷവും ഇടതുവശത്ത് പ്രതിപക്ഷവും. പച്ചപ്പരവതാനി സഭയില്‍ വിരിച്ചിരിക്കുന്നു. അതുപോലെ തന്നെ അര്‍ധവൃത്താകൃതിയില്‍ ക്രമീകരിച്ചിട്ടുള്ള രാജ്യസഭാശാലയില്‍ 250 ഇരിപ്പിടങ്ങളുണ്ട്. ചുവപ്പുനിറത്തിലുള്ള പരവതാനി രാജ്യസഭാശാലയില്‍ വിരിച്ചിരിക്കുന്നു.
വൃത്താകൃതിയിലുള്ള പാര്‍ലമെന്‍റ് മന്ദിരത്തില്‍ പ്രശസ്തമായ സെന്‍ട്രല്‍ ഹാള്‍ ഉണ്ട്. 1947 ആഗസ്റ്റ് 15ന് അധികാരക്കമാറ്റം സെന്‍ട്രല്‍ ഹാളില്‍ വെച്ചായിരുന്നു. ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടതും ഇവിടെവെച്ചാണ്. ലോകസഭയുടെയും രാജ്യസഭയുടെയും സംയുക്തസമ്മേനം നടക്കുന്നത് കേന്ദ്രീയശാലയിലാണ്. ഓരോ സമ്മേളനം ആരംഭിക്കുമ്പോഴും രാഷ്ട്രപതി ഇരുസ്വഭാംഗങ്ങളെയും അതിസംബോധന ചെയ്ത് നയപ്രഖ്യാപനം നടത്തുന്നത് ഇവിടെയാണ്. വിദേശ രാഷ്ട്ര തലവന്മാര്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളെ അതിസംബോധന ചെയ്യുന്നത് സെന്‍ട്രല്‍ ഹോളില്‍ വച്ചായിരുന്നു. ദേശീയപ്രാധാന്യമുള്ള വ്യക്തികളുടെ ഛായാചിത്രങ്ങള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. സ്വാതന്തത്തിന്‍റഅന്‍പതാം വാര്‍ഷികം ഇവിടെ നിന്ന് ആഘോഷിച്ചു. ഗൗരവകരമായ ഒട്ടേറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും എന്തിനേറെ രാഷ്ട്രീയ ഗോസിപ്പുകള്‍ക്ക് വരെ സെന്‍ട്രല്‍ ഹാള്‍ കാലങ്ങളായി സാക്ഷിയാണ്.
ത്രികോണ പാര്‍ലമെന്‍റിന്‍റെ പുതിയ മന്ദിരത്തില്‍ സെന്‍ട്രല്‍ ഹാള്‍ ഇല്ല എന്നുള്ളതാണ് എടുത്തുപറയേണ്ടത്. ആരോഗ്യപരമായ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വേദിയാകുമായിരുന്ന സെന്‍ട്രല്‍ ഹാളാണ് പുതിയ മന്ദിരത്തില്‍ നഷ്ടമാകുന്നത്. ഇത് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യന്‍ മാധ്യമ രംഗത്ത് എടുത്തു പറയാവുന്ന ഒട്ടേറെ വാര്‍ത്തകള്‍ക്ക് തുടക്കം കുറിച്ച ഒരു ഇടമാണ് സെന്‍ട്രല്‍ ഹാള്‍. ഇവിടെ വച്ചായിരുന്നു വിവാദമാവുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒട്ടേറെ വിഷയങ്ങള്‍ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കൈമാറ്റം ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് അവര്‍ക്ക് ഈ ഒരു നഷ്ടം വലിയ ഒന്നായി അനുഭവപ്പെടുന്നത്. ഇനിയൊരു ഭരണമാറ്റം ഉണ്ടായാല്‍ പോലും സെന്‍ട്രല്‍ ഹാള്‍ എന്നുള്ള സങ്കല്പം തന്നെ ഇല്ലാതാകുന്നു. പകരം വയ്ക്കാനില്ലാത്ത ഒരു സംഗമ വേദിയായിരുന്നു സെന്‍ട്രല്‍ ഹാള്‍ എന്നാണ് മുതിര്‍ന്ന രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. പഴയ കെട്ടിടത്തിന്‍റെ അടിത്തറയായിരുന്ന സെന്‍ട്രല്‍ ഹാളിന്‍റെ അഭാവത്തില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനങ്ങള്‍ക്കായി ലോക്സഭ ഉപയോഗിക്കും എന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
പഴയ പാര്‍ലമെന്‍റ് മന്ദിരം 100 വര്‍ഷത്തിന്‍റെ അടുത്ത് പഴക്കമുള്ളതിനാല്‍ ഭൂമി കുലുക്കം പോലുള്ള വലിയ ദുരന്തങ്ങള്‍ക്ക് പ്രതിരോധം ആകില്ല എന്നുള്ള വിലയിരുത്തല്‍ ഔദ്യോഗിക തലത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട്. കൂടാതെ പാര്‍ലമെന്‍റ് സീറ്റുകളുടെ എണ്ണത്തില്‍ ഇന്ത്യയുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവാനുള്ള സാധ്യതയും അങ്ങനെ ഉണ്ടായാല്‍ പഴയ കെട്ടിടത്തില്‍ അതിനുള്ള സൗകര്യങ്ങള്‍ ഇല്ല എന്നുള്ളതും പുതിയ കെട്ടിടം നിര്‍മ്മിക്കുവാനുള്ള ഒരു കാരണമാണ്. പഴയ പാര്‍ലമെന്‍റ് കെട്ടിടത്തിലെ ജലവിതരണം മാലിന്യചന ജലം കൊണ്ടുപോകുവാനുള്ള ചാലുകള്‍, ഏയര്‍ കണ്ടീഷനുകള്‍ സിസിടിവി തുടങ്ങിയ ഒട്ടേറെ സേവനങ്ങള്‍ പലയിടത്തും കെട്ടിടത്തിന്‍റെ സൗന്ദര്യത്തെ തന്നെ ബാധിക്കുന്ന തരത്തില്‍ ആയിട്ടുണ്ട്. പഴയ പാര്‍ലമെന്‍റ് കെട്ടിടത്തിലെ അഗ്നി സുരക്ഷ ഏറ്റവും വലിയ ആശങ്കയായി ചൂണ്ടിക്കാണിക്കുന്നു.
പഴയ പാര്‍ലമെന്‍റ് മന്ദിര ഘടനയുടെ സ്ഥിരത സംബന്ധിച്ച ആശങ്കകള്‍ കാരണം 2010-കളുടെ തുടക്കത്തില്‍ നിലവിലുള്ള സമുച്ചയത്തിന് പകരമായി പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. 2012ല്‍ അന്നത്തെ സ്പീക്കറായിരുന്ന മീരാ കുമാര്‍ നിലവിലെ കെട്ടിടത്തിന് ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു കമ്മിറ്റിയെ തന്നെ രൂപീകരിച്ചു. 93 വര്‍ഷം പഴക്കമുള്ള വ്യത്താക്യതിയിലുള്ള പാര്‍ലമെന്‍റ് മന്ദിര കെട്ടിടത്തില്‍ അംഗങ്ങള്‍ക്കും അവരുടെ ജീവനക്കാര്‍ക്കും മതിയാകുന്നുണ്ടായില്ല. ഈ കെട്ടിടം ഇന്ത്യയുടെ ദേശീയ പൈതൃക കെട്ടിടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. പുതിയ പാര്‍ലമെന്‍റ് മന്ദിരം പണിതിരിക്കുന്നത് പഴയ പാര്‍ലമെന്‍റ് കെട്ടിടത്തിന്‍റെ നേരെ എതിര്‍വശത്താണ്.
വിനയക ചതുര്‍ത്തി ദിനത്തിലാണ് ഇന്ത്യയുടെ സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പുതിയ മന്ദിരത്തിലേയ്ക്ക് പാര്‍ലമെന്‍റ് അംഗങ്ങള്‍ മാറുന്നത്. ആര്‍ക്കിടെക്ട് ബിമല്‍ പട്ടേല്‍ രൂപകല്പന ചെയ്ത പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം 2019 ലാണ് ആരംഭിച്ചത്. ഈ പുതിയ പാര്‍ലമെന്‍റ് മന്ദിരം 2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. രാഷ്ട്രപതി ഭവനില്‍ നിന്ന് 750 മീറ്റര്‍ അകലെ, സെന്‍ട്രല്‍ വിസ്റ്റയ്ക്ക് കുറുകെയുള്ള സന്‍സദ് മാര്‍ഗിലാണ് ഇത് സ്ഥിതി ചെയ്യുന്നത്, വിജയ് ചൗക്ക്, ഇന്ത്യാ ഗേറ്റ് (ഓള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍), നാഷണല്‍ വാര്‍ മെമ്മോറിയല്‍ (ഇന്ത്യ), ഉപരാഷ്ട്രപതിയുടെ ഭവനം, എന്നിവയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഹൈദരാബാദ് ഹൗസ്, സെക്രട്ടേറിയറ്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും, മന്ത്രിമാരുടെ കെട്ടിടങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന്‍റെ മറ്റ് ഭരണ യൂണിറ്റുകളും പുതിയ പാര്‍ലമെന്‍റ് മന്ദിരത്തോട് ബദ്ധപ്പെട്ട് നില്‍ക്കും.
പുതിയ ലോക്സഭയുടെ ചേമ്പറിന് മയില്‍ തീമാണ് നല്‍കിയിരിക്കുന്നത്. ദേശീയ പക്ഷിയുടെ തൂവലുകളില്‍ നിന്ന് വരച്ച ഡിസൈനുകള്‍ ചുവരുകളിലും സീലിംഗിലും കാണാം. ലോക്സഭാ ചേംബറില്‍ നിലവിലുള്ള 543 സീറ്റില്‍ നിന്ന് ഉയര്‍ത്തി 888 സീറ്റുകളുണ്ടാകും, 1,272 സീറ്റുകള്‍ വരെ വര്‍ദ്ധിപ്പിക്കാനുള്ള ഇടവും മുന്‍കൂട്ടി കരുതിയിട്ടുണ്ട്. രാജ്യസഭാ ചേംബര്‍ ചുവന്ന പരവതാനി വിരിച്ച് താമര കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ലോക്സഭയിലും രാജ്യസഭയിലും രണ്ട് എംപിമാര്‍ക്ക് ഒരു ബെഞ്ചില്‍ ഇരിക്കാം, ഓരോ എംപിക്കും മേശപ്പുറത്ത് ടച്ച് സ്ക്രീന്‍ ഉണ്ടായിരിക്കും. രാജ്യസഭാ ചേമ്പറില്‍ 384 പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് ഇരിക്കുവാനുള്ള സൗകര്യമുണ്ട്. നിലവിലുള്ള കെട്ടിടത്തിലെ രാജ്യസഭാ ചേചമ്പറില്‍ 250 അംഗങ്ങള്‍ക്ക് മാത്രമാണ് ഇരിക്കുവാന്‍ സാധിച്ചിരുന്നത്. ലോക്സഭയിലും, രാജ്യസഭയിലും അംഗങ്ങളുടെ എണ്ണത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വര്‍ദ്ധനയെ നേരിടാനാണ് ഇരുസഭകളിലേയും ഇരിപ്പിട ശേഷി വര്‍ദ്ധിപ്പിക്കുന്നത്.
പാര്‍ലമെന്‍റ് അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നുള്ള സൂചനകള്‍ തന്നെയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഒട്ടേറെ പുതിയ ബില്ലുകള്‍ അവതരിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാ ബില്ലുകളും പാസാക്കി എടുക്കുന്നതിനുള്ള അടിത്തറ സര്‍ക്കാരിനെ നയിക്കുന്ന ബിജെപി നല്‍കി കഴിഞ്ഞു. എല്ലാ പാര്‍ലമെന്‍റ് അംഗങ്ങളോടും കര്‍ശനമായി അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ബിജെപി മുന്നണി വിപ്പ് നല്‍കി കഴിഞ്ഞു. നിലവിലെ പാര്‍ലമെന്‍റ്െ സംവിധാനത്തില്‍ എല്ലാ ബില്ലുകളും പാസാക്കിയെടുക്കുവാന്‍ സര്‍ക്കാരിനെ സാധിക്കുമെന്നുള്ളതാണ് ഒരു വസ്തുത. അടുത്ത തെരഞ്ഞെടുപ്പിന് ശേഷം അത് എന്താകുമെന്ന് ഒരു നിശ്ചയമില്ലാത്ത രാഷ്ട്രീയ സാഹചര്യം ആണല്ലോ നിലവിലുള്ളത്.
