പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2023 സെപ്തംബര്‍ 15
രാജ്യത്തെ ഫാനുകള്‍ തിരിപ്പിക്കുന്ന മലയാളികള്‍
കാലാവസ്ഥ വ്യതിയാനം ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ രാജ്യത്ത് ജനങ്ങള്‍ ഫാനിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ക്രിത്രിമമായ കാറ്റ് അവര്‍ ആഗ്രഹിക്കുന്നു. ഒരുകാലത്ത് ആഡംബരത്തിന്‍റെ ചിഹ്നമായിരുന്ന ഫാനുകള്‍ ഇന്ന് സാധാരണക്കാരന്‍റെ ചങ്ങാതിയാണ്. അവന്‍റെ നിത്യ ജീവിതത്തിലെ ആവശ്യ വസ്തുവായി ഫാന്‍ മാറിയിരിക്കുന്നു. ആഡംബരത്തിന്‍റെ ഭാഗമല്ല ഇന്ന് ഫാനുകള്‍. ചൂടിനെ വകഞ്ഞു മാറ്റി കൃത്രിമമായ കാറ്റുകള്‍ സൃഷ്ടിക്കുന്നതിനായിട്ടാണ് നമ്മള്‍ ഫാനുകള്‍ ഉപയോഗിക്കുന്നത്. ഫാന്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ഔദ്യോഗിക സ്ഥാപനങ്ങള്‍ അന്‍പതോളം ഉണ്ട് എന്നാണ് കണക്ക്. അനൗദ്യോഗിക സെക്റ്റില്‍ ആയിരത്തോളം സ്ഥാപനങ്ങളുണ്ട്. ഇവരില്‍ ചിലര്‍ ഫാനുകള്‍ ഉണ്ടാക്കി പല ബ്രാന്‍റഡില്‍ പല കമ്പനികള്‍ക്കും നല്‍കുന്നു. മറ്റു ചിലര്‍ ഫാനുകളുടെ ഭാഗങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു. സ്വിച്ചിട്ടാല്‍ കറങ്ങുന്ന ഫാന്‍ ഒരു പഴയ സങ്കല്പമായി ഇന്ന് മാറിയിരിക്കുന്നു. ഇന്ന് റിമോട്ടില്‍ നിയന്ത്രിക്കുന്ന ഫാനും വിദൂരതയിലിരുന്ന് ഇന്‍റര്‍നെറ്റ് വഴി നിയന്ത്രിക്കുന്ന ഫാനുകളും ഉണ്ട്. അലക്സയുടെ വരവോടെ വലിയ മാറ്റമാണ് ഇലക്ട്രോണിക്ക് ഇലക്ട്രിക്കല്‍ വിപണിയില്‍ ഉണ്ടായിരിക്കുന്നത്. കരണ്ട് പോയാലും പ്രവര്‍ത്തിക്കുന്ന ഇന്‍വേര്‍ട്ടര്‍ ഉള്ള ഫാനും നമ്മുടെ വിപണിയില്‍ ലഭ്യമാണ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഫാനുകള്‍ക്കും വിപണിയില്‍ നല്ല ഡിമാന്‍ഡ് ആണ്. വോള്‍ട്ടേജ് കുറവ് ഉപയോഗിച്ച് മികച്ച സേവനം നല്‍കുന്ന ഫാനുകളുടെ മത്സരം വിപണിയിലുണ്ട്.
![]() |
| ഇ. ശിവരാമക്യഷ്ണനും, എബി എബ്രഹാമും. |
ഫാന്‍ നിര്‍മ്മിക്കുന്നവരുടെ ഏകോപനമാണ് ഇന്ത്യന്‍ ഫാന്‍ മാനുഫാക്ച്ചേഴ്സ് അസോസിയഷന്‍ (ഐ.എഫ്.എം.എ) എന്ന സംഘടന. 70 വര്‍ഷമായി നിലവിലുള്ള കൂട്ടായ്മയാണ് ഇത്. സംഘടനയുടെ ശക്തമായ ഇടപെടല്‍ മൂലം രാജ്യത്തെ എല്ലാ ഫാന്‍ നിര്‍മ്മാതാക്കളും ഊര്‍ജ്ജം കുറച്ച് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാനുകള്‍ക്ക് പ്രഥമ പരിഗണന നല്‍കി തുടങ്ങി. രാജ്യത്തിന്‍റെ ഊര്‍ജ്ജ ഉപയോഗത്തില്‍ അതുമൂലം വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. ഈ കൂട്ടായ്മയുടെ ഭരണസമിതിയില്‍ രണ്ട് മലയാളി ഇടം പിടിച്ചിരിക്കുന്നു. ഇ. ശിവരാമക്യഷ്ണനും, എബി എബ്രഹാമും. ഇന്ത്യന്‍ നിര്‍മ്മിത ഫാനായ ലൂക്കറിന്‍റെ പ്രതിനിധിയാണ് ഇ. ശിവരാമക്യഷ്ണന്‍. ഇദ്ദേഹം ലൂക്കര്‍ ഗ്രൂപ്പിന്‍റെ ഡയറക്ടറും (ടെക്ക്നിക്കല്‍) കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയുമാണ്. എബി എബ്രഹാം വി ഗാര്‍ഡ് ഫാന്‍ വിഭാഗത്തിന്‍റെ വൈസ് പ്രസിഡന്‍റാണ്. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന കമ്പനികള്‍ രണ്ടും കേരളത്തിലാണ്. രണ്ട് കമ്പനികളും രാജ്യത്തെ ഏറ്റവും ഗുണനിലവാരമുള്ള ഫാനുകള്‍ നിര്‍മ്മിക്കുന്നു എന്നതാണ് ഇവര്‍ സംഘടനയുടെ തലപ്പത്ത് വരാന്‍ കാരണം. വടക്കേ ഇന്ത്യയേക്കാള്‍ തെക്കേ ഇന്ത്യയിലാണ് ഫാന്‍ വിപണി സജ്ജീവമായുള്ളത്. സര്‍ക്കാര്‍ ഇന്ത്യന്‍ ഫാന്‍ മാനുഫാക്ച്ചേഴ്സ് അസോസിയഷന്‍റെ സഹകരണത്തോടെ പൊതുജനങ്ങളില്‍ ബോധവത്ക്കരണം നടത്തുന്നുണ്ട്. ഊര്‍ജ്ജം കുറവ് ഉപയോഗിക്കുന്നതിന്‍റേയും അന്തരീക്ഷമലിനീകരണത്തെ കുറിച്ചും, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും അസോസിയഷന്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്ന് ഇ. ശിവരാമക്യഷ്ണന്‍ പറഞ്ഞു.
ജി ട്വന്‍റിയിലെ നിശബ്ദ വിപ്ലവം
ജി ട്വന്‍റി ഉച്ചകോടി ഡല്‍ഹിയില്‍ നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ലോക രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ മാധ്യമങ്ങള്‍ പ്രതിനിധികളെ അയച്ചിരുന്നു. മൂവായിരത്തിലേറെ ഇന്ത്യന്‍ മാധ്യമ പ്രതിനിധികളും ജി ട്വന്‍റി റിപ്പോര്‍ട്ട് ചെയ്യുവാനായി എത്തിയിട്ടുണ്ടായിരുന്നു. ഇവര്‍ക്കായി പ്രകൃതി മൈതാനിലെ പ്രത്യേക മാധ്യമ സെന്‍ററില്‍ വിപുലമായ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ലോകരാജ്യങ്ങളിലെ പല നേതാക്കളും വന്നപ്പോള്‍ അവരോടൊപ്പം ഇരുപതില്‍ കുറയാത്ത മാധ്യമപ്രവര്‍ത്തകരാണ് എത്തിയത്. റഷ്യയില്‍ നിന്ന് 150 മാധ്യമപ്രവര്‍ത്തകരാണ് റിപ്പോര്‍ട്ട് ചെയ്യുവാനായി എത്തിയിരുന്നത്. ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈനയില്‍ നിന്ന് അന്‍പതിലേറെ മാധ്യമപ്രവര്‍ത്തകരാണ് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിയത്. ജി ട്വന്‍റി പോലെയുള്ള അന്തര്‍ദേശീയ ഉച്ചകോടികളില്‍ ആതിഥേയ രാജ്യത്തിന്‍റെ തലവന്‍ സാധാരണഗതിയില്‍ മാധ്യമങ്ങളോട് സംവദിക്കാറുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ലോകമാധ്യമങ്ങളോട് സംസാരിക്കുവാനായി വിദേശകാര്യ മന്ത്രിയും ധനകാര്യ മന്ത്രിയുമാണ് വന്നതെന്ന് ആരോപണം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. ജി ട്വന്‍റിയുടെ സമാപന ദിവസമായ സെപ്തംബര്‍ 10ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമ പടയുടെ മുന്നിലെത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഒന്നും സംസാരിക്കാതെ, ഒരു ചോദ്യത്തിനും മറുപടി പറയാതെ മടങ്ങി. ഒരു പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ച വിദേശ മാധ്യമ പ്രവര്‍ത്തകനോട് ഇതാണ് നിശബ്ദ വിപ്ലവം എന്ന് ചിരിച്ചു കൊണ്ട് മറുപടി നല്‍കി. അമേരിക്കന്‍ പ്രസിഡണ്ടിനോടൊപ്പം വന്ന മാധ്യമ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നില്‍ പോകുവാനുള്ള അനുമതി പോലും ലഭിച്ചില്ല എന്നുള്ള മറ്റൊരാരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്. സാധാരണഗതിയില്‍ ലോക നേതാക്കളോടൊപ്പം വരുന്ന മാധ്യമപ്രവര്‍ത്തകര്‍ നേതാക്കള്‍ പോകുന്നിടത്തെല്ലാം പ്രവേശിക്കുകയും അവര്‍ കാണുന്ന മറ്റു നേതാക്കളോടൊപ്പം ഉള്ള ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നത് പതിവാണ്. ഇതിനിടയില്‍ ഡല്‍ഹിയില്‍ പെയ്യ്ത മഴ വില്ലനായി വന്നു. മാധ്യമ കേന്ദ്രത്തിന്‍റെ ഇടനാഴിയിലും അകത്തും മഴവെള്ളം കയറിയത് സംഘാടകരെ അംഗലാപ്പിലാക്കി. മാധ്യമ കേന്ദ്രത്തിന്‍റെ അകത്തും പുറത്തും മഴവെള്ളം നീക്കം ചെയ്യുന്നതിനായി വലിയ പമ്പ് സെറ്റ് കൊണ്ടു വന്നു. വെള്ളം പമ്പ് ചെയ്ത് മാറ്റുന്നത് നിശബ്ദമായി ലോക മാധ്യമങ്ങള്‍ കണ്ടു നിന്നു. തങ്ങള്‍ നിശബ്ദരായി നോക്കി നില്‍ക്കുന്നതും നിശബ്ദ വിപ്ലവമാണെന്ന് വിദേശ മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നുണ്ടായിരുന്നു.
ഇന്ത്യ അപ്രത്യക്ഷമാകുന്നു പകരം ഭാരത് ...!
ജി ട്വന്‍റിയുടെ മുന്നോടിയായി പുറത്തിറങ്ങിയിരിക്കുന്ന എല്ലാ ക്ഷണക്കത്തുകളിലും ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന വാക്ക് സ്ഥാനം പിടിച്ചിരിക്കുന്നു. പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്നാണ് ജി20 രാഷ്ട്രതലവന്‍മാര്‍ക്ക് വേണ്ടി ഒരുക്കിയ അത്താഴവിരുന്നിലെ ക്ഷണക്കത്തിലെ തലവാചകം. രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ മാത്രമല്ല പ്രധാനമന്ത്രി പുറത്തിരിക്കുന്ന എല്ലാ ഉത്തരവിലും ജി ട്വന്‍റി ഇരിപ്പിടത്തിലും ഇന്ത്യ അപ്രത്യക്ഷമായിരിക്കുന്നു എന്നാണ് വിമര്‍ശനം ഉയരുന്നത്. ജി ട്വന്‍റി പ്രഖ്യാപിച്ചതിനുശേഷം രാജ്യതലസ്ഥാനങ്ങളില്‍ നിറഞ്ഞ ബോര്‍ഡുകളില്‍ ഇന്ത്യയും ഭാരതും രണ്ട് ഭാഷകളിലായി സ്ഥാനം പിടിച്ചിരുന്നു. ലോകരാജ്യങ്ങളിലെ മാധ്യമങ്ങള്‍ അവരുടെ ജി ട്വന്‍റി റിപ്പോര്‍ട്ടുകളില്‍ ഇന്ത്യ എന്ന് മാത്രം പറഞ്ഞത് വലിയ തിരിച്ചടിയായി. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടതാണ് ഭരണ മുന്നണിക്ക് ഇന്ത്യ എന്ന വാക്കിനോട് വിരോധം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. രാജ്യത്താകമാനം ഭാരതം എന്നുള്ള വാചകം പ്രചരിപ്പിക്കുവാനുള്ള തുടക്കമായി തന്നെ വേണം ജി-20യുടെ ഭാഗമായി ഇന്ത്യയെ നീക്കം ചെയ്യുന്നതിന് ശ്രമിച്ചത്.
കാര്‍ട്ടൂണിസ്റ്റ് അജിത്ത് നൈനാന്‍.
ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ വേറിട്ട മുഖമായ അജിത്ത് നൈനാന്‍ അന്തരിച്ചു. 68 വയസ് മാത്രമായിരുന്നു പ്രായം. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാമിന്‍റെ മരുമകനായിരുന്നു നൈനാന്‍. ഇന്ത്യാ ടുഡേയിലെ 'സെന്‍റര്‍സ്റ്റേജ്', ടൈംസ് ഓഫ് ഇന്ത്യയിലെ 'നൈനാന്‍സ് വേള്‍ഡ്' എന്നീ പരമ്പരകളിലൂടെ പ്രശസ്തനായിരുന്നു കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍. തിരുവല്ലക്കടുത്ത് മാവേലിക്കര ചെറുകോല്‍ ആറ്റുപുറത്ത് എ.എം.മാത്യുവിന്‍റെയും ആനി മാത്യുവിന്‍റെ പുത്രനായി 1955 മേയ് 15-ന് ആന്ധ്രാപ്രദേശിലാണ് ജനിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാഭ്യാസം. പഠനശേഷം, മദ്രാസിലെ ഒരു പരസ്യക്കമ്പനിയില്‍ ജോലി തുടങ്ങി; പിന്നീട് ഡല്‍ഹിയിലേക്ക് മാറി. തുടര്‍ന്ന്, 'ഇന്ത്യാ റ്റുഡേ'യില്‍ ചേര്‍ന്നു. അജിത് നൈനാന്‍ പൊളിറ്റിക്കാല്‍ കാര്‍ട്ടൂണിനോടൊപ്പം സാമൂഹ്യ കാര്‍ട്ടൂണുകളും, സയന്‍സ്, സ്പോര്‍ട്ട്സ് കാര്‍ട്ടൂണുകളും വരച്ചിരുന്നു. അദ്ദേഹം വരച്ചിരുന്ന കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണുകളും കോമിക്സ്ടിപ്പും പ്രശസ്തമാണ്. അധികാരത്തിലുള്ള സര്‍ക്കാരിനെതിരെ എല്ലായിപ്പോഴും വിമര്‍ശനമുതിര്‍ക്കുന്ന കാര്‍ട്ടൂണിസ്റ്റുകളെ കുടുക്കാന്‍ ഗവണ്മെന്‍റ് 'ടാര്‍ഗെറ്റു' ചെയ്യുമ്പോള്‍, അതിനെ സംബന്ധിച്ചും അജിത് നൈനാന്‍ വരച്ച ഒരു പ്രത്യേക കാര്‍ട്ടൂണ്‍ വൈറലായിരുന്നു. അഴിക്ക് പുറത്തു നില്ക്കുന്ന ജയിലറെ, അടിവസ്ത്രത്തില്‍ നില്ക്കുന്നതായി വരച്ച ചിത്രം നോക്കി,
ഭ്രാന്തമായി ചിരിക്കുന്ന ഒരു കൂട്ടം തടവുകാരായിരുന്നു കാര്‍ട്ടൂണ്‍. 'ഒരു കാര്‍ട്ടൂണിസ്റ്റിനെ ഒരിക്കലും അഴികള്‍ക്ക് പിന്നില്‍ നിര്‍ത്തരുത്' എന്നാണ് അടിക്കുറിപ്പ്...! 'ഇന്ത്യാ റ്റുഡേ' ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ കുട്ടികളുടെ മാസികയായ 'ടാര്‍ഗെറ്റിലെ' 'ഡിറ്റക്ടീവ് മൂച്ച്വാല' അദ്ദേഹത്തിന്‍റെ ജനപ്രിയ കോമിക്സ് കഥാപാത്രങ്ങളിലൊന്നാണ്. 1980കളില്‍ ' ടാര്‍ഗെറ്റി'ല്‍ 'അജിത്ത്സ് ഫണ്ണി വേര്‍ഡ്' കുട്ടികള്‍ക്കും മുതിന്നവര്‍ക്കും ആസ്വാദ്യമായ ഒന്നായിരുന്നു. 'ബട്ടര്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ്' പുരസ്ക്കാരം നല്കി, 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്സ്' അജിത് നൈനാനെ ആദരിച്ചിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗമായിരുന്നു. ഭാര്യ ഇരവിപേരൂര്‍ ശങ്കരമംഗലം മാനാംതറ കുടുംബാംഗമായ എലിസബത്ത്; രണ്ട് പെണ്‍മക്കളള്‍: സംയുക്ത; അപരാജിത.



