പങ്കകളുടെ കാറ്റാണ് കാറ്റ് ...
വിജയ് ചൗക്ക്
സുധീര്‍ നാഥ്
പങ്ക എന്നാല്‍ ഫാന്‍... ഇന്ന് ഫാന്‍ എന്നാണല്ലോ പരക്കെ അറിയുന്നത്. മച്ചില്‍ കറങ്ങുന്ന പങ്ക മുതല്‍ ചുമരുകളിലും, സ്റ്റാന്‍ഡിലും കറങ്ങുന്ന പങ്ക വരെ വിപണിയിലുണ്ട്. വെള്ളം ചെറിയ അളവില്‍ ചീറ്റിച്ച് തണുത്ത കാറ്റ് നല്‍കുന്ന കൂളര്‍ പങ്ക വരെ ഇന്നുണ്ട്. തണുത്ത കാറ്റ് നല്‍കുന്ന പങ്ക മുതലുള്ള പങ്കകള്‍ ഏതായാലും നല്ല കാറ്റ് നല്‍കും. നമ്മുടെ രാജ്യത്ത് എല്ലാ പ്രദേശത്തും പങ്ക വലിയ ഉപകാരമാണ് ചെയ്യുന്നത്. ചൂടില്‍ വിയര്‍ക്കുന്ന മനുഷ്യന് അല്പം ആശ്വാസം നല്‍കുന്ന കാറ്റ് കൃത്രിമമായി പ്രകൃതിയില്‍ നിന്ന് ഉണ്ടാക്കി നല്‍കുന്ന പങ്കയെ എങ്ങിനെ തള്ളിപ്പറയാനാകും. പങ്കകള്‍ ഇന്ന് സാധാരണക്കാരന്‍റെ ചങ്ങാതിയാണ്. ആഡംബരത്തിന്‍റെ ഭാഗമല്ല ഇന്ന് പങ്കകള്‍. സാധാരണക്കാരന്‍റെ ആവശ്യമായി മാറിയിരിക്കുന്നു. ചൂടിനെ വകഞ്ഞു മാറ്റാന്‍ നമ്മള്‍ കൃത്രിമമായ കാറ്റുകള്‍ സൃഷ്ടിക്കുന്നതിനായിട്ടാണ് നമ്മള്‍ ഫാനുകള്‍ അഥവാ പങ്കകള്‍ ഉപയോഗിക്കുന്നത്. വിപണിയില്‍ എത്ര തരം ഫാനുകളുണ്ട് എന്നത് ഒരത്ഭുതം തന്നെയാണ്. വെളിച്ചവും കാറ്റും തരുന്ന പങ്കകള്‍ മുതല്‍ പല നിറത്തില്‍, രൂപത്തില്‍, വൈവിദ്യങ്ങളോടെ പങ്കകള്‍ വിപണിയില്‍ സുലഭമാണ്.
സ്വിച്ചിട്ടാല്‍ കറങ്ങുന്ന പങ്ക ഒരു പഴയ സങ്കല്പമായി ഇന്ന് മാറിയിരിക്കുന്നു. ഇന്ന് റിമോട്ടില്‍ നിയന്ത്രിക്കുന്ന പങ്കയും വിദൂരതയിലിരുന്ന് ഇന്‍റര്‍നെറ്റ് വഴി നിയന്ത്രിക്കുന്ന പങ്കകളും ഉണ്ട്. അലക്സയുടെ വരവോടെ വലിയ മാറ്റമാണ് ഇലക്ട്രോണിക്ക് ഇലക്ട്രിക്കല്‍ വിപണിയില്‍ ഉണ്ടായിരിക്കുന്നത്. കരണ്ട് പോയാലും പ്രവര്‍ത്തിക്കുന്ന ഇന്‍വേര്‍ട്ടര്‍ ഉള്ള പങ്കയും നമ്മുടെ വിപണിയില്‍ ലഭ്യമാണ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പങ്കയ്ക്കും വിപണിയില്‍ നല്ല ഡിമാന്‍ഡ് ആണ്. വോള്‍ട്ടേജ് കുറവ് ഉപയോഗിച്ച് മികച്ച സേവനം നല്‍കുന്ന പങ്കകളുടെ മത്സരം വിപണിയിലുണ്ട്.
വിമാനത്തില്‍, ഹെലികോപ്റ്ററില്‍, ബസ്സില്‍, കാറില്‍, സ്കൂട്ടറില്‍, എന്നു വേണ്ട എല്ലാ യന്ത്രയിടത്തും പങ്കകളുടെ സാന്നിധ്യം കാണാം. ഇവിടെ കാറ്റിന്‍റെ ലക്ഷ്യം മറ്റൊന്നാണ്. ക്രിത്രിമ കാറ്റിന് പല ലക്ഷ്യങ്ങളും ഉണ്ട്. യന്ത്രങ്ങളുടെ ഫാനുകള്‍ വഴി ഉണ്ടാകുന്ന കാറ്റുകള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. വിമാനം ഉയര്‍ത്തുന്നതിനും യന്ത്രങ്ങള്‍ തണുപ്പിക്കുന്നതിനും മറ്റും ഇവിടെ ഫാനുകള്‍ ഉപകാരപ്പെടുന്നു. ഫാനുകളുടെ അഥവാ പങ്കളുടെ സേവനം അത്തരത്തില്‍ പല രീതിയില്‍ സമൂഹത്തിന് ലഭിക്കപ്പെടുന്നുണ്ട്.
പങ്ക നിര്‍മ്മിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ 2023 ജനുവരി മുതല്‍ ബി.ഇ.ഇയുടെ നക്ഷത്രങ്ങള്‍ കര്‍ശനമായി എടുക്കുകയും പ്രദര്‍ശിപ്പിക്കുകയും വേണം എന്നാണ് നിയമം. ചുരുങ്ങിയത് ഒരു നക്ഷത്ര റേറ്റിങ്ങ് മുതല്‍ അഞ്ച് നക്ഷത്ര റേറ്റിങ്ങ് വരെയാണ് ബ്യൂറോ ഓഫ് എനര്‍ജി എഫിഷന്‍സി അഥവാ ബി.ഇ.ഇ. നല്‍കുന്നത്. കേന്ദ്ര ഊര്‍ജ്ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബി.ഇ.ഇ. ഓരോ ഉത്പന്നത്തിന്‍റേയും ഊര്‍ജ്ജത്തിന്‍റെ ഉപയോഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് നക്ഷത്ര റേറ്റിങ്ങ് അനുവധിക്കുന്നത്. ഏറ്റവും കുറച്ച് ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉത്പന്നത്തിന് അഞ്ച് നക്ഷത്രങ്ങള്‍ നല്‍കും. 50 മുതല്‍ 60 വാട്ട് വൈദ്യുതി ഉപയോഗിക്കുന്ന ഫാനുകള്‍ക്ക് ഒരു നക്ഷത്ര റേറ്റിങ്ങ് ലഭിക്കും. 28 മുതല്‍ 38 വാട്ട് വൈദ്യുതിയാല്‍ പ്രവര്‍ത്തിക്കുന്ന ഫാനുകള്‍ക്ക് അഞ്ച് നക്ഷത്ര റേറ്റിങ്ങുകള്‍ ലഭിക്കും. രാജ്യത്ത് ഇത് നടപ്പിലാക്കുന്നതോടെ വലിയ അളവില്‍ ഊര്‍ജ്ജത്തിന്‍റെ ഉപയോഗം കുറയും എന്നാണ് കണക്കാക്കുന്നത്.
സീലിംഗ് ഫാന്‍ എന്ന ആശയം റോമന്‍ സാമ്രാജ്യത്തിന്‍റെ കാലത്തുതന്നെ ആരംഭിച്ചതാണ്, അവിടെ മനുഷ്യശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഈന്തപ്പനയുടെ ഇലകള്‍ ഉപയോഗിച്ചുള്ള സീലിംഗ് ഫാനുകള്‍ ഉണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇന്ത്യയില്‍ ഉത്ഭവിച്ച 'പങ്ക', സമാനമായ ഒരു തരം ഫാന്‍ ആയിരുന്നു, ഒരു തുണികൊണ്ട് പൊതിഞ്ഞ ഇലയുടെ ആകൃതിയിലുള്ള ഫ്രൈം ഒരു ചരട് വലിക്കുമ്പോള്‍ ഉണ്ടാകുന്ന ചലനത്തില്‍ നിന്ന് കാറ്റ് ഉണ്ടാകുന്നു. ഇങ്ങനെ ചരട് വലിക്കുന്ന വ്യക്തിയെ പങ്കവാലാ എന്നാണ് വിളിച്ചിരുന്നത്. അതായിരിക്കും ആദ്യത്തെ പങ്ക...
വൈദ്യുതിയുടെ വരവിനു മുമ്പ് പ്രചാരത്തില്‍ ഉണ്ടായിരുന്ന ഈ രീതിയില്‍ നിന്ന് മാറി നീരാവിയും ടര്‍ബൈനും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സീലിംഗ് ഫാനുകളുടെ വരവായിരുന്നു അടുത്ത ഘട്ടം. 1882 ല്‍ ഫിലിപ്പ് ഡീല്‍ ആണ് വൈദ്യുതത്തില്‍ പ്രവര്‍ത്തിക്കുന്ന സീലിംഗ് ഫാന്‍ കണ്ടുപിടിച്ചത്. 1920-കളോടെ, സീലിംഗ് ഫാനുകള്‍ ലോകത്തെ വികസിത രാജ്യങ്ങളില്‍ വ്യാപകമായിരുന്നു. 1950-കളില്‍ എയര്‍കണ്ടീഷണറുകള്‍ അവതരിപ്പിച്ചപ്പോള്‍, സീലിംഗ് ഫാനുകള്‍ ജനപ്രിയ ഉപയോഗത്തില്‍ നിന്ന് ക്രമേണ ഇല്ലാതാകാന്‍ തുടങ്ങി. അതേസമയം ഇന്ത്യ പോലുള്ള വിവിധ ഉഷ്ണമേഖലാ രാജ്യങ്ങളിലും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലും യന്ത്ര പങ്കകള്‍ വളരെ പ്രചാരത്തിലായി.
ആദ്യ കാലങ്ങളില്‍ വിദേശ നിര്‍മ്മിതമായ പങ്കകള്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമായിരുന്നുള്ളൂ. അതും ആഡംബരത്തിന്‍റെ ഭാഗമായി ജനം വിലയിരുത്തിയ കാലം ഉണ്ടായിരുന്നു. 1960 കള്‍ക്ക് ശേഷം ഇന്ത്യയില്‍ പങ്കകള്‍ വ്യാപക പ്രചാരത്തില്‍ വരികയും ഇന്ത്യന്‍ കമ്പനികള്‍ തന്നെ നിര്‍മ്മാണം ആരംഭിക്കുകയും ഉണ്ടായി. ഇപ്പോള്‍ ഇന്ത്യയില്‍ 50ലേറെ കമ്പനികളാണ് പങ്കകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. സ്വകാര്യ മേഖലയില്‍ നൂറുകണക്കിന് പങ്കകളുടെ നിര്‍മ്മാതാക്കള്‍ ഉണ്ട് എന്നുള്ളത് ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്. സ്വകാര്യ മേഖലയില്‍ നിര്‍മ്മിക്കുന്ന പല പങ്കകളും പ്രമുഖ ബ്രാന്‍ഡുകളുടെ നിര്‍മ്മാതാക്കളായി മാറുന്നുമുണ്ട്.
1970-കളുടെ അവസാനത്തിലും 1980-കളുടെ തുടക്കത്തിലും ഊര്‍ജ്ജ പ്രതിസന്ധിയുടെ സമയത്ത് ഇന്‍ഡക്ഷന്‍ മോട്ടോര്‍ സാങ്കേതിക വിദ്യയിലെ മെച്ചപ്പെടുത്തലുകള്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഫാനുകളുടെ ഉത്പാദനത്തിലേക്ക് നയിച്ചു. ഊര്‍ജ്ജം ലാഭിക്കുന്നതിനായി സീലിംഗ് ഫാനുകള്‍ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ഈ പുതുക്കിയ വാണിജ്യ വിജയം കാരണം, പല അമേരിക്കന്‍ നിര്‍മ്മാതാക്കളും നിര്‍മ്മിക്കുന്ന സീലിംഗ് ഫാനുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ വ്യാപകമായ ഉപയോഗത്തില്‍ പോലും, സീലിംഗ് ഫാനുകളുടെ ലോകം ഈ കാലയളവിനുശേഷം കാര്യമായ പുതുമകള്‍ കണ്ടില്ല. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കുറവ് ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പങ്കകള്‍ നിര്‍മ്മിക്കുന്നു. വ്യത്യസ്ഥ കമ്പനികള്‍, വ്യത്യസ്ഥ ബ്രാന്‍റുകളില്‍ പങ്കകള്‍ വിപണിയിലെത്തിക്കുന്നു.
രാജ്യത്ത് പങ്ക നിര്‍മിക്കുന്നതും വിതരണം ചെയ്യുന്ന ഔദ്യോഗികമായി അന്‍പതോളം സ്ഥാപനങ്ങള്‍ ഉണ്ട് എന്നാണ് കണക്ക്. അനൗദ്യോഗിക സെക്റ്റില്‍ ആയിരത്തോളം സ്ഥാപനങ്ങളുണ്ട്. ഇവര്‍ പങ്കകള്‍ ഉണ്ടാക്കി പല ബ്രാന്‍റഡ് കമ്പനികള്‍ക്ക് നല്‍കുന്നു. പങ്ക നിര്‍മ്മിക്കുന്നവരുടെ ഏകോപനമാണ് ഇന്ത്യന്‍ ഫാന്‍ മാനുഫാക്ച്ചേഴ്സ് അസോസിയഷന്‍ (ഐ എഫ് എം എ) എന്ന സംഘടന. 70 വര്‍ഷമായി നിലവിലുള്ള കൂട്ടായ്മയാണ് ഇത്. സംഘടനയുടെ ശക്തമായ ഇടപെടല്‍ മൂലം രാജ്യത്തെ എല്ലാ ഫാന്‍ നിര്‍മ്മാതാക്കളും ഊര്‍ജ്ജം കുറച്ച് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാനുകള്‍ക്ക് പ്രഥമ പരിഗണന നല്‍കി തുടങ്ങി. രാജ്യത്തിന്‍റെ ഊര്‍ജ്ജ ഉപയോഗത്തില്‍ അതുമൂലം വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. ഈ കൂട്ടായ്മയുടെ ഭരണസമിതിയില്‍ രണ്ട് മലയാളി ഇടം പിടിച്ചിരിക്കുന്നു. ഇ. ശിവരാമക്യഷ്ണനും, എബി എബ്രഹാമും. ഇന്ത്യന്‍ നിര്‍മ്മിത പങ്കയായ ലൂക്കറിന്‍റെ പ്രതിനിധിയാണ് ഇ. ശിവരാമക്യഷ്ണന്‍. ഇദേഹം ലൂക്കര്‍ ഗ്രൂപ്പിന്‍റെ ഡയറക്ടറും (ടെക്ക്നിക്കല്‍) കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയുമാണ്. എബി എബ്രഹാം വി ഗാര്‍ഡ് ഫാന്‍ വിഭാഗത്തിന്‍റെ വൈസ് ചെയര്‍മാനാണ്.
![]() |
| ഇ. ശിവരാമക്യഷ്ണനും, എബി എബ്രഹാമും. |
സര്‍ക്കാര്‍ ഇന്ത്യന്‍ ഫാന്‍ മാനുഫാക്ച്ചേഴ്സ് അസോസിയഷന്‍റെ സഹകരണത്തോടെ പൊതുജനങ്ങളില്‍ ബോധവത്ക്കരണം നടത്തുന്നുണ്ട്. ഊര്‍ജ്ജം കുറവ് ഉപയോഗിക്കുന്നതിന്‍റേയും അന്തരീക്ഷമലിനീകരണത്തെ കുറിച്ചും, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും അസോസിയഷന്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്ന് ഇ. ശിവരാമക്യഷ്ണന്‍ പറഞ്ഞു.

