ചന്ദാമാമനിലെത്തി ഇനി സൂര്യനിലേയ്ക്ക്...

ചന്ദാമാമനിലെത്തി ഇനി സൂര്യനിലേയ്ക്ക്...

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ലോക രാജ്യങ്ങളുടെ ശാസ്ത്രരംഗത്ത് ഇന്ത്യ എപ്പോഴും ശ്രദ്ധ കേന്ദ്രമാണ്. ചന്ദ്രനില്‍ ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയതോടെ ലോകം കയ്യടിച്ചാണ് ഇന്ത്യയുടെ ശാസ്ത്ര ലോകത്തെ വരവേറ്റത്. ചന്ദ്രയാന്‍ മൂന്നിന്‍റെ ചന്ദ്രോപതലത്തില്‍ ഇറങ്ങിയതോടെ നമ്മള്‍ എലൈറ്റ് സ്പേസ് ക്ലബ്ബില്‍ അംഗമായി എന്ന് പറയാം. യുഎസ്. സോവ്യറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങളുടെ നിലയിലാണ് ഇന്നിപ്പോള്‍ ഇന്ത്യയുള്ളത് എന്നുള്ളത് അഭിമാന നേട്ടമായി തന്നെ കാണണം. ഏതാനും നാള്‍മുന്‍പ് ഇന്ത്യ സ്പേസ് ക്ലബിന്‍റെ വാതിലില്‍ മുട്ടുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ആക്ഷേപിച്ചതിന്‍റെ മറുപടിയാണ് ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയം. ചന്ദ്രന്‍റെ ദക്ഷിണ ദ്രവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യം ആണ് ഇന്ത്യ എന്നുള്ള വിശേഷണവും ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയത്തോടെ ഇന്ത്യ നേടിയിരിക്കുന്നു. ചന്ദ്രനില്‍ ഇന്ത്യയെത്തി എന്നുള്ള വിവരം ലോകശാസ്ത്രരംഗം ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് സൂര്യനിലേക്ക് നമ്മള്‍ പുറപ്പെട്ടിരിക്കുന്നത്. ചന്ദ്രയാന്‍ മൂന്നിന്‍റെ ദൗത്യ വിജയകരമായി പൂര്‍ത്തിയാക്കി പത്ത് ദിവസങ്ങള്‍ മാത്രം തിരുമ്പോഴേയ്ക്കാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒ സൂര്യനിലേയ്ക്ക് പേടകം അയച്ചിരിക്കുന്നത്.

ചന്ദ്രയാന്‍ മൂന്ന് ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒയാണ് നിയന്ത്രിച്ചതെങ്കില്‍ അതേ ഐഎസ്ആര്‍ഒ തന്നെയാണ് സൂര്യനിലേക്കുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രാജ്യത്തിന്‍റെ ആദ്യത്തെ സൗരദൗത്യം ആയ ആദിത്യന്‍ ഒന്നിന്‍റെ വിക്ഷേപണം ഹൈദരാബാദിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് പിഎസ്എല്‍വി-സി57ന്‍റെ എക്സ്എല്‍ റോക്കറ്റിലേറിയാണ് ആദിത്യ എല്‍ വണ്‍ കുതിച്ചത്. വിക്ഷേപണം വന്‍ വിജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിത്യ എല്‍ വണ്‍ പി.എസ്.എല്‍.വിയുടെ നാലാം ഘട്ടത്തില്‍ നിന്ന് വേര്‍പെട്ടതിന് ശേഷമാണ് ഐഎസ്ആര്‍ഒ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം പങ്കുവെച്ചത്. സൂര്യനെ കുറിച്ച് വിശദമായ പഠനം നടത്താന്‍ ഏഴു വ്യത്യസ്ത പേലോഡുകളാണ് ആദിത്യ എല്‍ വണ്ണില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ആദിത്യ-എല്‍1, നമുക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രമായ സൂര്യന്‍റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നതിനായി ഉണ്ടാക്കിയ രാജ്യത്തിന്‍റെ കന്നി ബഹിരാകാശ-അധിഷ്ഠിത നിരീക്ഷണ-ക്ലാസ് സോളാര്‍ ദൗത്യമാണ്. 

വിസിമ്പിള്‍ എമിഷന്‍ ലൈന്‍ കൊറോണ ഗ്രാഫ് (വി.ഇ.എല്‍.സി),  സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (എസ്.യു.ഐ.ടി), സോളാര്‍ ലോ എനര്‍ജി എക്സ് റേ സ്പെക്ട്രോമീറ്റര്‍ (എസ്ഒ.എല്‍.ഇ.എക്സ്), ഹൈ എനര്‍ജി എല്‍ വണ്‍ ഓര്‍ബിറ്റിങ്ങ് സ്പെക്ട്രോ മീറ്റര്‍ (എച്ച്.ഇ.എല്‍1.ഒ.എസ്), പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ ആദിത്യ (പി.എ.പി.എ.), സോളാര്‍വിന്‍റ് ആന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പിരിമെന്‍റ് (എ.എക്സ്.പി.ഇ.എക്സ്), മാഗ്നോമീറ്റര്‍ (എം.എ.ജി) എന്നിവയാണ് എഴ് പേലോഡുകള്‍. ഇവയില്‍ നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കുന്നതിനുള്ളവയാണ്.  മറ്റ് മൂന്നെണ്ണം സൂര്യന്‍റെ പ്ലാസ്മ കാന്തിക വലയം എന്നിവയെ കുറിച്ച് പഠനങ്ങള്‍ നടത്തുകയും ചെയ്യും. വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണ ഗ്രാഫ് എന്ന പേടകം പ്രതിദിനം 1440 ചിത്രങ്ങള്‍ പകര്‍ത്തി അയയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 4 മാസങ്ങള്‍ക്ക് ശേഷം അത് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്‍റ്-1 ല്‍ എത്തും.

ഏഴു പേലോഡുകളും നിര്‍മ്മിച്ചിരിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ് എന്നുള്ളത് അഭിമാനത്തിന് വക നല്‍കുന്ന ഒന്നാണ്. വി.ഇ.എല്‍.സി നിര്‍മ്മിച്ചത് ബാംഗ്ലൂരിലുള്ള ഇന്‍സ്ട്രുമെന്‍റ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിലാണ്.  എസ്.യു.ഐ.ടിയുടെ നിര്‍മ്മാണം നടന്നത് ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ് പൂനയിലായിരുന്നു. എ.എക്സ്.പി.ഇ.എക്സ് ഇന്‍സ്ട്രുമെന്‍റ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി അഹമ്മദാബാദിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. പി.എ.പി.എ പേലോഡ് കേരളത്തിലെ സ്പേസ് ഫിസിക്സ് ലബോറട്ടറി വിക്രം സാരഭായി സ്പേസ് സെന്‍റര്‍ തിരുവനന്തപുരത്താണ് നിര്‍മ്മിച്ചത്. എസ്ഒ.എല്‍.ഇ.എക്സും  എച്ച്.ഇ.എല്‍1.ഒ.എസും യു. ആര്‍ റാവു സാറ്റലൈറ്റ് സെന്‍റര്‍ ബാംഗ്ലൂരിലാണെന്ന് നിര്‍മ്മിച്ചിട്ടുള്ളത്. മാഗ്നോമീറ്റര്‍ ബാംഗ്ലൂരില്‍ തന്നെയുള്ള ലബോറട്ടറി ഫോര്‍ ഇലക്ട്രോ ഒപ്റ്റിക് സിസ്റ്റംസില്‍ ആണെന്ന് നിര്‍മ്മിച്ചിട്ടുള്ളത്. എല്ലാ നിര്‍മ്മാണവും ഐഎസ്ആര്‍ഒ നേരിട്ട് ആണ് നിരീക്ഷിച്ചിട്ടുള്ളത്. 

ശാസ്ത്രം എറെ പുരോഗതി പ്രാപിച്ചിട്ടും സൂര്യനിലേയ്ക്കുള്ള പഠന ദൗത്ത്യം ആദ്യമായിട്ടാണ് ഇന്ത്യ നടത്തുന്നത് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ആദിത്യ എല്‍ വന്‍ ദൗത്യത്തിന് വിജയിക്കാന്‍ കഴിഞ്ഞാല്‍ ബിഹാകാശ ശാസ്ത്ര രംഗത്ത് ഇന്ത്യ ഒന്നാം നിരയിലെത്തും. ഭൂമിയില്‍ നിന്ന് 15 കോടി കിലോമീറ്റര്‍ അകലെയാണ് സൂര്യന്‍റെ സ്ഥാനം. 1976 യുഎസ് ജര്‍മന്‍ സംയുക്ത സംരഭമായി അയച്ച ഫില്ലിയോസ് 2 പേടകം സൂര്യന്‍റെ 4.35 കോടി കിലോമീറ്റര്‍ അടുത്ത് വരെ പോയി എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 2018 നാസയുടെ പാര്‍ക്കര്‍ സോളര്‍ പ്രോബ് സൗരോപരിതലത്തിന് 78 കിലോമീറ്റര്‍ അടുത്ത് എത്തി ചരിത്രം സൃഷ്ടിച്ചു. പാര്‍ക്കര്‍ സോളര്‍ പ്രോബ് ഇപ്പോഴും സൂര്യന്‍റെ ഭ്രമണപഥത്തില്‍ തന്നെ പ്രവര്‍ത്തനം തുടരുകയാണ്. സൂര്യന് ചുറ്റും വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന മനുഷ്യ നിര്‍മ്മിത വസ്തുവാണ് നാസയുടെ പാര്‍ക്കര്‍ സോളര്‍ പ്രോബ്. സൂര്യനില്‍നിന്ന് 14.85 കൂടി കിലോമീറ്റര്‍ അകലെയുള്ള പോയിന്‍റ് ലഗ്രാഞ്ച് ഒന്നില്‍ ആയിരിക്കും ആദിത്യ നിലയിറപ്പിക്കുക. സൂര്യന്‍-ഭൂമി വ്യവസ്ഥിതിയില്‍ ഗുരുത്വാകര്‍ഷണ സന്തുലിതാവസ്ഥയുടെ ഒരു പോയിന്‍റാണ് ലഗ്രാഞ്ച് വണ്‍. 

ഭൂമിക്കും സൂര്യനും ഇടയില്‍ അഞ്ച് ലഗ്രാഞ്ച് പോയിന്‍റുകള്‍ ഉണ്ട് എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതില്‍ ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് വണ്‍ പോയിന്‍റിലേയ്ക്കാണ് ഇന്ത്യയുടെ ആദിത്യ വണ്‍ വിക്ഷേപിച്ചിരിക്കുന്നത്. സൂര്യന്‍ എന്ന നക്ഷത്രവും ഭൂമിയെന്ന ഗ്രഹവും ഗുരുത്വാകര്‍ഷണത്തില്‍ അധിഷ്ഠിതമായ ആകാശഗോളങ്ങള്‍ ആണല്ലോ. ചുറ്റുമുള്ള ഓര്‍ബിറ്റില്‍ പേടകം സ്ഥാപിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഭൂമിയുടെയും സൂര്യന്‍റെയും ആകര്‍ഷണബലത്തില്‍ പെടാതെ ആദിത്യക്ക് ഹോലോ ഓര്‍ബിറ്റിലൂടെ സഞ്ചരിക്കാന്‍ ഇത്വഴി  സാധിക്കും. കൂടാതെ ലഗ്രാഞ്ച് വണ്‍ പോയിന്‍റില്‍ നിന്നുകൊണ്ട് ആദിത്യക്ക് സൂര്യനെ മികച്ച രീതിയില്‍ നിരീക്ഷിക്കുവാനും ചിത്രങ്ങള്‍ പകര്‍ത്തുവാനും കഴിയും. സൂര്യന്‍റെ അന്തരീക്ഷത്തില്‍ അനുഭവപ്പെടുന്ന ചൂട്, അന്തരീക്ഷം, കാലാവസ്ഥ, മാറ്റങ്ങള്‍ എന്നിവ പ്രധാനമായും ആദിത്യ പഠിക്കും. സൂര്യന്‍റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും. 

ലഗ്രാഞ്ച് വണ്‍ സൂര്യന്‍റെ തുടര്‍ച്ചയായ കാഴ്ച പ്രദാനം ചെയ്യുന്നതിനാല്‍, സൗര പ്രവര്‍ത്തനവും ബഹിരാകാശ കാലാവസ്ഥയും നിരീക്ഷിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പോയിന്‍റാണിത്. ഭൂമിയുടെ സാങ്കേതിക വിദ്യയെയും ബഹിരാകാശ പരിസ്ഥിതിയെയും സ്വാധീനിക്കുന്ന സൗരജ്വാലകള്‍, കൊറോണല്‍ മാസ് എജക്ഷനുകള്‍, മറ്റ് സൗര സംഭവങ്ങള്‍ എന്നിവയെ കുറിച്ചുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കാന്‍ ലഗ്രാഞ്ച്  വണിലെ സോളാര്‍ ദൗത്യങ്ങള്‍ക്ക് കഴിയും. ലക്ഷ്യ സ്ഥാനമായ ലഗ്രാഞ്ച് വണ്‍ പോയിന്‍റിലെത്താന്‍ പേടകം 125 ദിവസം സഞ്ചരിക്കണമെന്ന് മുന്‍പേ പറഞ്ഞിരുന്നുവല്ലോ.

ചന്ദ്രനിലും സൂര്യനിലും ഇന്ത്യയുടെ പതാക പാറുന്നതോടെ ലോക ബിരാകാശ ശാസ്ത്രരംഗത്ത് ഇന്ത്യ ശ്രദ്ധാ കേന്ദ്രമാകും എന്നുള്ള കാര്യത്തില്‍ സംശയമില്ല. നമ്മുടെ സൗരയൂഥത്തിലെ ഏക നക്ഷത്രത്തിന്‍റെ രഹസ്യങ്ങള്‍ ഐഎസ്ആര്‍ഒ ആവരണം ചെയ്യാന്‍ തുടങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര രംഗത്തേക്ക് ആകും എന്നുള്ള കാര്യത്തിലും ഒരു സംശയവുമില്ല.