ഓണം വന്നോണം വന്നോണം വന്നേ...
വിജയ് ചൗക്ക്
സുധീര്‍ നാഥ്
കേരളത്തിലെ ജനങ്ങള്‍ മാത്രമല്ല ലോകത്തുള്ള മലയാളികള്‍ വ്യാപകമായി ഓണം ആഘോഷിക്കുകയാണ്. മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം മലയാളം എന്നതുപോലെ തന്നെയാണ് ജാതി മത വ്യത്യാസങ്ങള്‍ കൂടാതെ ലോകത്തിന്‍റെ എല്ലാഭാഗത്തുമുള്ള മലയാളികള്‍ ഇപ്പോള്‍ ഓണം ആഘോഷിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായാണ് ഇക്കുറി ഓണം ആഘോഷിക്കപ്പെടുന്നത്. കോവിഡ് എന്ന മഹാമാരി ലോകത്തെ സാഹോദര്യത്തേയും, സ്നേഹത്തേയും തിരിച്ചറിയിപ്പിച്ചു. പക്ഷെ അതൊക്കെ ജനം മറന്നുശൊണ്ടിരിക്കുന്നു എന്നാണ് വര്‍ത്തമാനകാല വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഓണാഘോഷം ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്‍റെയോ അല്ല എന്ന് മലയാളികള്‍ വിളിച്ച് പറയുന്നു. ഒരുമയുടെ സൗഹ്യദത്തിന്‍റെ കൂട്ടായ്മയുടെ ആഘോഷമായി അവര്‍ ഓണത്തെ കണക്കാക്കുന്നു. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ലോകം മുഴുവനും ഓണം ആഘോഷിക്കുമ്പോള്‍ നമ്മുടെ മതേതരത്വമാണ് നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോള്‍ മലയാളികള്‍ക്കൊപ്പം മറ്റ് ദേശക്കാരും ഓണം ആഘോഷിക്കുന്ന കാഴ്ച്ച വ്യാപകമാണ്. അവരൊക്കെ അന്ന് മലയാളികളെ പോലെ അണിഞ്ഞൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലേയും, നൂഹിലേയും, മണിപ്പൂരിലേയും മറ്റ് സംസ്ഥാനങ്ങളിലേയും മതേതരത്വത്തിന് വെല്ലുവിളിയാകുന്ന വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് ഓണാഘോഷം ലോകമാകമാനം ആഘോഷിക്കുന്നത് എന്നത് പ്രതീക്ഷകളുണ്ടാക്കുന്നു.
മഹാബലി ചക്രവര്‍ത്തിയുടെ ആസ്ഥാനമായിരുന്ന തൃക്കാക്കര സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമൃദ്ധിയുടെയും ഉജ്ജ്വല പ്രതീകമായിരുന്നു. നമ്മെ ഒരു ഏകീകൃത സമൂഹം എന്ന നിലയില്‍ രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ ഓണവും ഓണാഘോഷവും ഒരു സുപ്രധാനപങ്കാണ് വഹിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ട് വരെ, രണ്ടാം ചേര സാമ്രാജ്യത്തിന്‍റെ കാലം തൃക്കാക്കരയുടെ പ്രശസ്തി വലുതായിരുന്നു. തൃക്കാക്കര ചരിത്രത്തിന്‍റെ ഭാഗമാകയാല്‍ മലയാളികള്‍ വിശേഷിച്ച് അവിടേയ്ക്ക് ഒരു യാത്ര പോകേണ്ടതാണ്. എറണാകുളം പട്ടണത്തിനും ആലുവായ്ക്കും ഇടയിലാണ് തൃക്കാക്കര. മലയാള ചരിത്രത്തിന്‍റെ ഭാഗമാണ് ഈ പ്രദേശം എന്നത് എടുത്ത് പറയണം. ഈ തൃക്കാക്കരയുടെ മഹത്ത്വയാണ് ഇന്ന് ലോകമെങ്ങും പാടി പുകഴ്ത്തുന്ന ഓണാഘോഷമായി മാറിയത്.
മഹാബലിയുടെ രാഷ്ട്രം ക്ഷേമരാഷ്ട്രമായിരുന്നു. ജനങ്ങളെല്ലാം സന്തോഷത്തോടും സാഹോദര്യത്തോടും കഴിഞ്ഞ മഹാബലി ചക്രവര്‍ത്തിയുടെ ആ നല്ല നാടിനെക്കുറിച്ച് നമുക്കെന്നും അഭിമാനമാണല്ലോ. സ്വര്‍ഗ്ഗലോകത്തുപോലും കാണാന്‍ കഴിയാത്ത സമൃദ്ധിയും ഐശ്വര്യവും ആമോദത്തോടെയുള്ള ജനങ്ങളുടെ ജീവിതവും ദേവന്മാര്‍ക്കുപോലും അസൂയ ഉളവാക്കുന്നതായിരുന്നു. മഹാബലിയുടെ സദ്ഭരണത്തെക്കുറിച്ച് ദേവന്മാര്‍ അറിഞ്ഞു. അദ്ദേഹത്തെ അനുഗ്രഹിച്ച് ഉചിതമായ സ്ഥാനം കൊടുക്കണമെന്ന് ദേവന്മാര്‍ ആഗ്രഹിച്ചു. അതനുസരിച്ച് മഹാവിഷ്ണു വാമനനായി അവതരിച്ച് ചക്രവര്‍ത്തിക്ക് മോക്ഷം കൊടുത്ത് യാത്രയാക്കുകയാണ് ഉണ്ടായത്. എന്നാല്‍ മറ്റൊരു കഥ, മഹാബലിയുടെ ഭരണത്തില്‍ അസൂയപൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനെക്കൊണ്ട് വാമനാവതാരം എടുപ്പിച്ച് മഹാബലിയെ ഭൂമിയിലേക്ക് ചവിട്ടിത്താഴ്ത്തി എന്നാണ്.
പരശുരാമന്‍ മഴു എറിഞ്ഞ് കേരളമുണ്ടാക്കി അവിടെ ബ്രാഹ്മണന്‍മാരെ കുടിയിരുത്തി. അവര്‍ക്ക് വൈഷ്ണവ പ്രതിഷ്ഠകള്‍ നടത്തുവാനായി തൃക്കാക്കരയില്‍ എത്തിയപ്പോള്‍ അവിടെ പ്രജാക്ഷേമതത്പരനും ശിവഭക്തനുമായ ദ്രാവിഡ രാജാവായ മഹാബലിയെയാണ്. അദ്ദേഹത്തെ സ്ഥാനഭ്യഷ്ടനാക്കി ബ്രാഹ്മണര്‍ തൃക്കാക്കര പിടിച്ചെടുത്തു. ജനരോക്ഷം ഭയന്ന് മഹാബലിക്ക് ഓണത്തിന് പ്രജകളെ കാണുവാന്‍ വരുന്നതിന് അനുമതി നല്‍കുകയായിരുന്നു എന്ന ചരിത്രവുമുണ്ട്. അത് ചരിത്രമെന്നും മിത്തെന്നം തര്‍ക്കം നടക്കുന്നുണ്ട്. എന്തിനേറെ മഹാബലി ജീവിച്ചിരുന്നതിന് തെളിവില്ലെന്ന് വരെ പ്രസ്താവനകള്‍ ഇറങ്ങിയ വര്‍ത്തമാനകാലത്താണ് നമ്മളുള്ളത്.
കേരളത്തിലേയ്ക്ക് ജൈനന്‍മാര്‍ വന്ന കാലത്ത് ത്യക്കാക്കരയായിരുന്ന പ്രധാന കേന്ദ്രം. അവിടെ ഭരിച്ചിരുന്നത് നീതിമാനും, പ്രജകളുടെ പ്രിയപ്പെട്ടവനുമായ ഒരു തീര്‍ത്ഥങ്കരനായിരുന്നു. വൈഷ്ണവ ആധിപത്യം ലഭിക്കുന്നതിനായി അവര്‍ ഭരണ തലവനായ തീര്‍ത്ഥങ്കരനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് ത്യക്കാക്കരയുടെ അധികാരം കൈക്കലാക്കുകയായിരുന്നു. നീതിമാനായ ഭരണാധികാരിയെ നീക്കം ചെയ്തു എന്ന പഴി ജനങ്ങളില്‍ നിന്ന് ഉണ്ടാകാതിരിക്കാന്‍ വൈഷ്ണവര്‍ തീര്‍ത്ഥങ്കരനെ മഹാബലിയായി ചിത്രീകരിക്കയും യുദ്ധത്തെ വാമനാവതാരമായി ആരോപിക്കുകയുമാണുണ്ടായതെന്ന ഒരു ചരിത്ര പക്ഷവുമുണ്ട്. പുരാണത്തിലെ മഹാബലി കടവയറനല്ല. എന്നാല്‍ പ്രശസ്തരായ തീര്‍ത്ഥങ്കരന്‍മാരെല്ലാം കുടവയറന്‍മാരാണ്. തീര്‍ത്ഥങ്കരനായിരുന്നു മഹാബലിയെന്ന് ചില ചരിത്രകാരന്‍മാര്‍ പറയുന്നത് മഹാബലിയുടെ കുടവയര്‍ ചൂണ്ടികാട്ടിയാണെത്ര...!!!
എന്തായാലും, മഹാബലിയുടെ നല്ലകാലത്തിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് നാം ഓണം ആഘോഷിക്കുന്നത്. കേരളത്തില്‍ എന്ന പോലെ പല പ്രദേശങ്ങളിലും ഓണത്തിന് സമാനമായ ആഘോഷങ്ങള്‍ നടക്കുന്നുണ്ട് മാദേവന്‍ തിരുപ്പതി (ആന്ധ്രാ പ്രദേശ്) ത്യക്കാക്കരപ്പന് തുല്യനാണ്. കേരളത്തിലെ തിരുപ്പതിയാണ് ത്യക്കാക്കര എന്നാണ് അറിയുന്നത് തന്നെ. തിരുപ്പതി ക്ഷേത്രത്തിലും ചിങ്ങമാസത്തിലെ ഓണോത്സവം നടത്തി വരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ ഓണം ആഘോഷിച്ചിരുന്നതായി രേഖകളുണ്ട്. ഗുജറാത്തില്‍ ദീപാവലി ആഘോഷിക്കുന്നത് മഹാബലി തമ്പുരാന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ്. നമ്മളെ പോലെ മഹാബലി തമ്പുരാന്‍റെ നല്ല നാളുകളുടെ ഓര്‍മ്മയ്ക്കായിട്ടാണ് ആശ്വിന മാസത്തിലെ മൂന്ന് ദിവസം അവിടെ ദീപാവലി ആഘോഷിക്കുന്നത്. മഹാബലി അസ്സീറിയയിലെ രാജാവോ രാജാക്കന്‍മാരോ ആണെന്നാണ് മറ്റൊരു വിശ്വാസം. അവിടേയും സമാനമായ രീതിയില്‍ ഓണം ആഘോഷിക്കപ്പെടുന്നു. അവിടെ പോയ് പോയ നല്ല നാളുകളുടെ ഓര്‍മ്മയ്ക്ക് വര്‍ഷത്തില്‍ ഒരിക്കലെത്തുന്ന രാജാവിനെ സ്വീകരിക്കാനാണ് അവരും ആഘേഷമാക്കുന്നത് ഹൈന്ദവപൂരാണത്തില്‍ കാണുന്ന മഹാബലി തമ്പുരാന്‍ കേരളീയനാകാന്‍ സാധ്യത കുറവാണ്. അദ്ദേഹത്തിന്‍റെ മകന്‍ ബാണന്‍ രാജ്യം വാണിരുന്നത് ഇന്നത്തെ അസാമിലാണ്. തിരുനല്‍വേലിയിലെ മണപ്പട എന്നദേശത്ത് 1300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീബലി എന്ന രാജാവ് ഭരിച്ചിരുന്നതായും, കമ്പം കൂടല്ലുര്‍ ദേശത്ത് മാവേലി രാജവംശം പത്താം നൂറ്റാണ്ടില്‍ ഭരിച്ചിരുന്നതായും അവരുടെ ദേശം കോട്ടയം കാഞ്ഞിരപ്പള്ളി വരെ ഉണ്ടായിരുന്നതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ഓണം നാളില്‍ തൃക്കാക്കരയില്‍ 28 ദിവസത്തെ ആര്‍ഭാടമായ ഉത്സവം നടത്തിയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. കൊല്ലവര്‍ഷാരംഭത്തില്‍ കേരളം ഭരിച്ചിരുന്നത് നാട്ടുരാജാക്കന്‍മാരായിരുന്നു. മഹോദയപുരം തലസ്ഥാനമായ (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ചേരചക്രവര്‍ത്തിക്കായിരുന്നു നാട്ടുരാജാക്കന്‍മാരുടെ മേല്‍ക്കോയ്മ. ഈ സാമ്രാജ്യത്തിന്‍റെ മദ്ധ്യഭാഗത്തായി അറബികടലിനും, പെരിയാറിനും തീരത്തായിരുന്നു കാല്‍ക്കരൈ നാട് എന്ന നാട്ടുരാജ്യം. അതിന്‍റെ തലസ്ഥാനം ത്യക്കാക്കര ക്ഷേത്രം ഉള്‍പ്പെട്ട പ്രദേശമായിരുന്നു. കര്‍ക്കിടത്തിലെ തിരുവോണനാള്‍ മുതല്‍ ചിങ്ങം നാളിലെ തിരുവാണനാള്‍ വരെ ചേരസാമ്രാജ്യത്തിലെ നാടുവാഴികളുടെ വാര്‍ഷിക കൂട്ടായ്മ ത്യക്കാക്കര ക്ഷേത്രത്തില്‍ കൊടി ഉയര്‍ത്തി ഉത്സവമായിട്ടായിരുന്നു ആഘോഷിച്ചിരുന്നത്. കേരളത്തിലെ അന്‍പത്താറ് നാട്വാഴികളും ത്യക്കാക്കരയിലെ അവരവരുടെ കോവിലകങ്ങളില്‍ പ്രജകളോടൊത്ത് എത്തി താമസിച്ച് ഒത്തൊരുമയോടെയാണ് ഉത്സവത്തില്‍ പങ്കെടുത്തിരുന്നത്.
തൃക്കാക്കരയില്‍ 28 ദിവസത്തെ ആര്‍ഭാടമായ ഉത്സവം നടത്തിയിരുന്നുഎന്നതിനെ കടത്തിവെട്ടിയാണ് ഇപ്പോള്‍ പ്രവാസ ലോകത്തെ ഓണം. നൂറിലേറെ ദിവസമാണ് പ്രവാസ ലോകത്ത് ഓണം ആഘോഷിക്കുന്നത്. കേരളത്തേക്കാള്‍ ആര്‍ഭാടമായിട്ടാണ് അവിടെ ഓണം ആഘോഷിക്കുന്നത് എന്നുള്ളത് എടുത്തു പറയേണ്ടിയിരിക്കുന്നു. പ്രവാസ ലോകത്തുള്ളവര്‍ തനി കേരളീയ വേഷത്തില്‍ എത്തുകയും ആര്‍പ്പോ വിളികളിലൂടെ കേരളത്തിന്‍റെ തനിമ വിളിച്ചോതുകയും യഥാര്‍ത്ഥ ഓണാഘോഷം സംഘടിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളത് വര്‍ത്തമാനകാലത്തെ ഒരു യാഥാര്‍ത്ഥ്യമാണ്. ഓണത്തിന് സദ്യ ഒരുക്കുന്നതും, ഓണ കലാവിരുന്ന് ഒരുക്കുന്നതും പരമ്പരാഗത രീതിയില്‍ തന്നെയാണ്. ഓണത്തിന്‍റെ വിലയറിയണമെങ്കില്‍ കേരളം വിട്ടു പോകണം എന്നുള്ള ഒരു അവസ്ഥ വന്നിരിക്കുകയാണ് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പ്രവാസലോകം വളരെ ഗൗരവത്തോടെയാണ് ഓണം ആഘോഷിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കലാകാരന്മാര്‍ക്ക് കേരളത്തില്‍ ഓണക്കാലത്ത് വേദി ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇഷ്ടം പ്രവാസ ലോകത്തെ ഓണാഘോഷത്തില്‍ പങ്കാളിയാകുക എന്നുള്ളതാണ്. കേരളത്തില്‍ നിന്ന് മാറി താമസിക്കുന്ന മലയാളികള്‍ പ്രവാസികളാകുന്നു. പ്രവാസികളായ മലയാളിക്ക് കേരളത്തിന്‍റെ ആഘോഷം മാറ്റിനിര്‍ത്താന്‍ സാധിക്കില്ലല്ലോ.
