രാജ്യം വളരുന്നു; ശാസ്ത്രം രാജ്യത്തെ വളര്‍ത്തുന്നു.
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ശാസ്ത്രരംഗത്ത് മറ്റ് രാജ്യങ്ങളെക്കാള്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. വ്യത്യസ്ത മേഖലകളില്‍ ഇന്ത്യ നടത്തുന്ന കണ്ടുപിടിത്തങ്ങള്‍ ഒരുപക്ഷേ ലോകരാജ്യങ്ങള്‍ക്ക് അത്ഭുതം തോന്നിയേക്കാം. അന്യ രാജ്യങ്ങളില്‍ ശാസ്ത്ര ഗവേഷണം നടത്തുന്നതില്‍ ഇന്ത്യന്‍ വംശജരായവരുടെ പങ്ക് ചെറുതല്ല എന്നുള്ളതും ശാസ്ത്ര രംഗത്ത് ഉണ്ടാകുന്ന നേട്ടങ്ങള്‍ക്ക് ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന ഒന്നാണ്. ഇന്ത്യക്കാരിലെ നല്ലൊരു ശതമാനം മലയാളികളാണ് എന്നുള്ളത് നമ്മള്‍ മലയാളിക്ക് ഏറെ അഭിമാനമുണ്ടാകുന്നു.
രാജ്യത്തിന്‍റെ ഓരോ മേഖലകളില്‍ ഉണ്ടാക്കുന്ന വികസനങ്ങള്‍ക്കും ശാസ്ത്രത്തിന്‍റെ പിന്‍ബലം ഉണ്ട് എന്നുള്ള ഒരു യാഥാര്‍ത്ഥ്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ശാസ്ത്രത്തിനെതിരെ നില്‍ക്കുന്നത് സമൂഹത്തില്‍ അപഹാസ്യരാകുന്നതിന് തുല്യമായിരിക്കും എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം.
ചന്ദ്രയാന്‍ മൂന്നിന്‍റെ ദൗത്യം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. മണിക്കൂറുകള്‍ മാത്രമേ ഇതിന്‍റെ വിജയത്തിനായി കാത്തിരിക്കേണ്ടതുള്ളൂ. ചന്ദ്രയാന്‍ മൂന്നിന്‍റെ വിക്ഷേപണത്തിന് നേതൃത്ത്വം കൊടുക്കുന്നത് ഒരു മലയാളിയാണ് എന്നതിന് നമുക്ക് അഭിമാനിക്കാം. ചേര്‍ത്തല സ്വദേശിയായ എസ്. സോമനാഥാണ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍. ഐ.എസ്.ആര്‍.ഒ. ആണ് ചന്ദ്രയാന്‍ മൂന്നിന്‍റെ വിക്ഷേപണത്തിന് നേതൃത്ത്വം നല്‍കിയിരിക്കുന്നത്. ശാസ്ത്രരംഗത്ത് ഉണ്ടായ ഇന്ത്യയുടെ അഭിമാനകരമായ നേട്ടമായിത്തന്നെ ലോകം ഇതിനെ വിലയിരുത്തുന്നുണ്ട്.
ചന്ദ്രയാന്‍റെ വിജയം രാജ്യത്ത് ഒട്ടേറെ വികസനങ്ങള്‍ക്ക് കാരണമാകും എന്നുള്ളതിന് ഒരു സംശയവുമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിരീടത്തിലെ ഒരു പൊന്‍തൂവലായി തന്നെ ചന്ദ്രയാന്‍ മൂന്നിന്‍റെയും വിക്ഷേപണവിജയം മാറും എന്നുള്ളതാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. കോടിക്കണക്കിന് രൂപയാണ് ശാസ്ത്ര വികസനത്തിനു വേണ്ടി ഇന്ത്യയില്‍ ചെലവാക്കുന്നത് എന്നുള്ളത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. കേന്ദ്ര ബജറ്റില്‍ ഔദ്യോഗികമായി തന്നെ ശാസ്ത്ര വികസനത്തെ മുന്‍പത്തേക്കാള്‍ പണം മാറ്റി വെയ്ക്കുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാത്രമാണ്. ഇങ്ങനെ ശാസ്ത്രത്തിന് വേണ്ടി പണം ചെലവാക്കുകയും ശാസ്ത്ര വികസനത്തില്‍ നേട്ടം കൊയ്യുകയും ചെയ്യുമ്പോള്‍ അതിനെതിരെ ശാസ്ത്രത്തിന് വിപരീതമായ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നുള്ളതും നാം കാണാതെ പോകരുത്.
സമാനമായ രീതിയില്‍ ഇന്‍റര്‍നെറ്റ് ലോകത്തും ഇന്ത്യ കുതിപ്പാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇന്‍റര്‍ നെറ്റിന്‍റെ അഞ്ചാം തലമുറയായ 5ഏ ഇന്ത്യയില്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്. ഏറെ കഴിയുന്നതിനു മുമ്പാണ് ഇപ്പോള്‍ ആറാംതലമുറയായ 6ഏ യുടെ വരവിനു വേണ്ടി രാജ്യം തയ്യാറെടുക്കുന്നത്. 6 ഏ വരുന്നതോടെ ഇന്‍റര്‍നെറ്റിന്‍റെ വേഗതയുടെ വന്‍ കുതിപ്പാണ് ഉണ്ടാകുവാന്‍ പോകുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും വേഗത തന്നെയാണ്. ഇന്ന് മറ്റേത് രാജ്യത്തെ യുവ തലമുറകളെക്കാള്‍ കൂടുതല്‍ ഇന്‍റര്‍നെറ്റിന്‍റെ ഉപഭോക്താക്കള്‍ ഇന്ത്യക്കാരാണ്. ലോകത്ത് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്‍റര്‍നെറ്റ് നിരോധനവും മറ്റു രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ഇന്ത്യയിലാണ് നടപ്പിലാക്കുന്നത് എന്നതും ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
ശാസ്ത്രത്തെ തസ്കരിച്ചുകൊണ്ട് ലോകം മുന്നോട്ടുപോകില്ല എന്ന തിരിച്ചറിവ് ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടായാല്‍ നന്നായി. ശാസ്ത്രത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു വികസനവും ഒരു രാജ്യവും കൈവരിച്ചിട്ടില്ല. മിത്തുകളെ മിത്തുകളായും, ശാസ്ത്രങ്ങളെ ശാസ്ത്രമായും , ചരിത്രങ്ങളെ ചരിത്രമായും , അംഗീകരിക്കുവാന്‍ നമ്മുടെ ഭരണാധികാരികള്‍ തയ്യാറാകേണ്ടതുണ്ട്.
മിത്തുകളെ കുറിച്ച് നമ്മള്‍ എന്തൊക്കെ പറഞ്ഞാലും ശാസ്ത്രം ഒട്ടേറെ നേട്ടങ്ങള്‍ നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് ഇതൊക്കെ. പുരാണങ്ങളിലെ പല പ്രസ്താവനകളും പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് വഴി കാട്ടിയാക്കാന്‍ സാധ്യതകളുണ്ട്. അതിനാല്‍ പുരാണങ്ങള്‍ ശാസ്ത്രത്തിന്‍റെ അടിത്തറയാകില്ലല്ലോ.
ഗ്രീന്‍ എനര്‍ജിയുടെ കാലവും നമ്മള്‍ വലിയ രീതിയില്‍ ഉപയോഗപ്പെടുത്തുന്നു. ഇന്ത്യയില്‍ ഗ്രീന്‍ എനര്‍ജിയുടെ കടന്ന് വരവ് വലിയ മാറ്റം തന്നെ ഈ മേഖലയില്‍ ഉണ്ടാക്കി. ലോകരാജ്യങ്ങളെക്കാള്‍ നമ്മള്‍ പല ശാസ്ത്ര നേട്ടങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതാണ് ഇന്ത്യയുടെ വളര്‍ച്ചയുടെ രഹസ്യം. ഇന്ത്യ വളരണം തന്നെ എന്ന് തന്നെയാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. വിശ്വാസം, അതല്ലേ എല്ലാം.
ചന്ദ്രയാന്‍ മൂന്നിന്‍റെ ഏറ്റവും വിശേഷപ്പെട്ട കാര്യം വളരെ കണക്കുകള്‍ എടുത്തുകൊണ്ടുള്ള ഒരു പരീക്ഷണമായിരുന്നു എന്നുള്ളതാണ്. ഓഗസ്റ്റ് മാസം ഇരുപത്തിമൂന്നാം തീയതി ചന്ദ്രനില്‍ ഹാര്‍ഡ്ലാന്‍റിങ് നടത്തുവാന്‍ എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടിയാണ് ഇന്ത്യ വിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയെക്കാള്‍ മുന്‍പേ ചന്ദ്രനില്‍ പേടകമിറക്കും എന്നുള്ള വാശിയില്‍ ബഹിരാകാശ ശാസ്ത്ര രംഗത്ത് ഏറെ മുന്‍പന്തിയില്‍ ഉള്ള റഷ്യ ലൂണാര്‍ 25 ഇന്ത്യയുടെ വിക്ഷേപണത്തിന് ശേഷം മാത്രം വിക്ഷേപിക്കുകയും ചെയ്തു.
ഇന്ത്യ വളരെ കണക്കുകൂട്ടി വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ഓഗസ്റ്റ് മാസം 23ന് ചന്ദ്രനില്‍ ഹാര്‍ഡ് ലാന്‍ഡിങ് നടത്തും എന്നുള്ള പ്രഖ്യാപനം വന്നതിനുശേഷം വിക്ഷേപിക്കുകയും ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ലൂണാര്‍ 25 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്ത് ചരിത്രം സൃഷ്ടിക്കും എന്നുമാണ് റഷ്യയുടെ ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിരുന്നത്. കണക്കുകൂട്ടലുകള്‍ അവര്‍ക്ക് തെറ്റി. ലൂണാര്‍ 25 അതിദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. അത് ആഗസ്റ്റ് 20 ന് തകര്‍ന്നു എന്ന വാര്‍ത്തയാണ് ലോകം കേട്ടത്. ചന്ദ്രയാന്‍ 3 വളരെ സുരക്ഷിതമായി തന്നെ ലാന്‍ഡിങ്ങിന് തയ്യാറെടുക്കുന്നു എന്നുള്ളത് ഏറെ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നതാണ്. ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയം ഏറെ പ്രാധാന്യം ഉണ്ടാക്കുന്നത് ഇന്ത്യയുടെ കരുതലായ നീക്കങ്ങളാണ് എന്ന് വിലയിരുത്തപ്പെടുന്നു.
