നാടുണരുന്നു: പൊതുതിരഞ്ഞെടുപ്പിലേയ്ക്ക്

 നാടുണരുന്നു: പൊതുതിരഞ്ഞെടുപ്പിലേയ്ക്ക്

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ഇന്ത്യ 2024ലെ പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് കാലെടുത്തുവയ്ക്കുകയാണ്. 10 മാസം പോലും തികയുന്നത് മുമ്പ് രാജ്യത്തിന്‍റെ പുതിയ പ്രധാനമന്ത്രി ആരാണെന്ന് നിശ്ചയിക്കപ്പെടും. ആര് രാജ്യം ഭരിക്കുമെന്ന് ജനങ്ങള്‍ വിലയിരുത്തും. വോട്ടിങ്ങിലൂടെയുള്ള വിലയിരുത്തിന് ജനങ്ങളെ മാനസികമായി തയ്യാറെടുപ്പിക്കുന്ന പ്രക്രിയയിലേക്ക് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന് തുടക്കം എന്നോണം ഒട്ടേറെ പരിപാടികള്‍ രാജ്യമാകമാനം നടക്കുന്നുണ്ട്. വികസന പ്രവര്‍ത്തികളുടെ വിളബരവും, വികസനത്തിന്‍റെ തുടക്കം കുറിക്കുന്ന തറക്കല്ലിടലും ഒരു ഭാഗത്ത് നടക്കുന്നു. ഭരണപക്ഷത്തെ വൈകല്യങ്ങള്‍ ഉയര്‍ത്തി കാട്ടി പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ മറുവശത്ത് പ്രചരണം തുടങ്ങി.

കഴിഞ്ഞ രണ്ടു തവണ രാജ്യം ഭരിച്ചത് ബിജെപിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ആയിരുന്നു. നരേന്ദ്രമോദിയായിരുന്നു പ്രധാനമന്ത്രി. അദ്ദേഹം മൂന്നാം തവണയും പ്രധാനമന്ത്രിയാകും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ രാജ്യം ഭരിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തും എന്ന് പ്രഖ്യാപിച്ചു കൊണ്ട് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഒരു മുന്നണിയായി നില്‍ക്കുന്നത് രാജ്യം സാക്ഷിയാണ്. ഒത്തുചേരലിനെ ഇന്ത്യ എന്നാണ് അവര്‍ പേരിട്ടു വിളിച്ചിരിക്കുന്നത്. ഇന്ത്യ എന്ന മഹാസഖ്യത്തില്‍ ഇനിയും ചെറു പാര്‍ട്ടികള്‍ ഒട്ടേറെ വന്നുചേരാം. ഒന്നായി നിന്ന് ബിജെപിയെ താഴെയിറക്കുക എന്നുള്ളതാണ് ലക്ഷ്യം. അങ്ങനെ ഒന്നായി നിന്ന് ബിജെപിയെ താഴെയിറക്കുമ്പോള്‍ ആരായിരിക്കും അവരുടെ നേതാവ് എന്ന കാര്യത്തില്‍ തീര്‍ച്ചയായും തര്‍ക്കം ഉണ്ടാകും. ആ തര്‍ക്കത്തിലെ ഒരു പരിഹാരം കണ്ടെത്തുക പ്രയാസമായിരിക്കും.

ഇന്ത്യ ഭരിക്കണമെങ്കില്‍ ഉത്തര്‍ പ്രദേശില്‍ ഭൂരിപക്ഷം വേണം എന്ന് പലപ്പോഴും പറയാറുണ്ട്.  സ്ഥിരമായി പറഞ്ഞ് കേള്‍ക്കുന്ന ഒരു ചൊല്ലാണ് "യു പി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു"വെന്നത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. ഉത്തര്‍പ്രദേശിലെ ഭരണം പിടിക്കാന്‍ ന്യൂനപക്ഷങ്ങളും, ദളിതരും സഹായിക്കണം. അതിന് എല്ലാ പാര്‍ട്ടികളും കാലങ്ങളായി അവരാല്‍ കഴിയുന്ന നീക്കങ്ങള്‍ ചെയ്യാറുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ഇവരുടെ വിശ്വാസം എടുത്ത പ്രാദേശിക പാര്‍ട്ടികളായിരുന്നു ഉത്തര്‍പ്രദേശിനെ കുറച്ച് നാള്‍ ഭരിച്ചിരുന്നത്. ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കളുടെ വോട്ട് ലക്ഷ്യം വെച്ച് ബിജെപി നടത്തിയ രാഷ്ട്രീയ കരു നീക്കം വിജയിച്ചു. 

ഉത്തര്‍പ്രദേശ് മാത്രമല്ല യഥാര്‍ത്ഥത്തില്‍ ഒരു ദേശീയ നേതൃത്വത്തെ തീരുമാനിക്കുന്നത്. അതിന് ഭാഷയ്ക്ക് വലിയ പങ്കുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. ഹിന്ദി ഭാഷയ്ക്ക് വടക്കേ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ത ശൈലി തന്നെയുണ്ട് എന്നുള്ളത് മറ്റൊരു കാര്യം. എന്നാലും ഹിന്ദി ഭാഷ രാജ്യ ഭരണത്തിന് വലിയ പ്രാധാന്യമുണ്ട്. നല്ല രീതിയില്‍ ഹിന്ദി സംസാരിക്കുന്നവര്‍ക്കും ഹിന്ദി മേഖലയില്‍ നിന്ന് ജയിച്ചു വരുന്നവര്‍ക്കും കൂടുതല്‍ പിന്തുണ കിട്ടുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. നരേന്ദ്രമോദി വാരണാസിയില്‍ വന്നു മത്സരിക്കുവാന്‍ ഉണ്ടായ കാരണവും രാഷ്ട്രീയപരമായി അതുതന്നെയാണ് എന്നാണ് വിലയിരുത്തേണ്ടത്.

ശക്തമായ ഒറ്റക്കക്ഷി ഭരണമാണ് നമ്മുടെ രാജ്യത്ത് പ്രതിസന്ധികളില്ലാതെ മുന്നോട്ടുപോകുവാന്‍ സാധിക്കുക എന്ന കാര്യം കോണ്‍ഗ്രസിന്‍റെ കാലം മുതല്‍ തെളിയിക്കപ്പെട്ടതാണ്. രാജ്യം സ്വാതന്ത്ര്യം ആയതിനുശേഷം എത്രയോ തവണ നമ്മുടെ രാജ്യം കോണ്‍ഗ്രസിന്‍റെ കയ്യില്‍ ഭദ്രമായിരുന്നു. അഴിമതിയുടെ കറ പുരളാന്‍ തുടങ്ങിയതോടുകൂടിയാണ് കോണ്‍ഗ്രസിന്‍റെ അധപതനം തുടങ്ങിയത് എന്ന് നാം തിരിച്ചറിയണം. കോണ്‍ഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ബിജെപി രാജ്യത്തിന്‍റെ പ്രധാന ക്ഷിയായി മാറുന്നത്. കോണ്‍ഗ്രസിന്‍റെ തളര്‍ച്ചയിലാണ് ബിജെപി വളര്‍ന്നത് എന്ന് കാണാം. ബിജെപി വളര്‍ന്നു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തീര്‍ച്ചയായും അംഗീകരിക്കേണ്ടതുണ്ട്. സമാനമായി കോണ്‍ഗ്രസ് തളര്‍ന്നുകൊണ്ടിരിക്കുന്നു.

കോണ്‍ഗ്രസിന്‍റെ വളര്‍ച്ച ബിജെപിയുടെ തളര്‍ച്ചയായി മാറും എന്നുള്ള കാര്യത്തിലും തര്‍ക്കമില്ല. രാജ്യത്താകമാനം മറ്റേത് രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ വേരോട്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പക്ഷെ നേത്യത്ത്വത്തിന്‍റെ വികലതകള്‍ കൊണ്ട് മാത്രം ഈ വേരുകള്‍ ക്ഷയിച്ചു പോയി. ചിലയിടത്ത് പൂര്‍ണ്ണമായും തകര്‍ന്നു പോയി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണര്‍വ്വ് വന്നാല്‍ വേരുകള്‍ വീണ്ടും തളിര്‍ക്കും. തകര്‍ന്ന് നാമാവേശേഷമായി ചരിത്രമായി മാറിക്കൊണ്ടിരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു കോണ്‍ഗ്രസിന്. രാഹുല്‍ ഗാന്ധിയുടെ കഴിവിനെ പലരും വിമര്‍ശിച്ചു. ഇന്ന് രാഹുല്‍ ഗാന്ധിക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. രാജ്യത്തിന്‍റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ ഭാത് ജോഡോ യാത്രയുടെ പേരില്‍ നടന്നു. അവിടെ നിന്നാണ് വലിയ ഭൂരിപക്ഷത്തോടെ കൂടി കോണ്‍ഗ്രസിന് മടങ്ങി വരുവാന്‍ തുടങ്ങിയത്. 

പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി ഏറെ ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം പാര്‍ലമെന്‍റില്‍ തിരിച്ചെത്തിയ രാഹുല്‍ഗാന്ധി അതിലേറെ ശക്തി പ്രാപിച്ചിരിക്കുന്നു എന്നുതന്നെ വിലയിരുത്തപ്പെടുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷിയായ ഇന്ത്യ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഇന്ത്യന്‍ ജനതയെ മാത്രമല്ല ലോകശ്രദ്ധ വരെ പിടിച്ചുപറ്റിയ ഒന്നായിരുന്നു. അതിനേക്കാള്‍ ശ്രദ്ധേയമായിരുന്നു പാര്‍ലമെന്‍റ് സമ്മേളനം കഴിയുന്ന ഇന്നലെ വൈകുന്നേരം രാഹുല്‍ഗാന്ധി നടത്തിയ പത്രസമ്മേളനം. രാജ്യത്തെ പ്രധാനമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം പറയുന്നില്ല എന്നുള്ള ഒരു ആരോപണം നിലനില്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനത്തിന് വലിയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. 

കോണ്‍ഗ്രസിന്‍റെ ഒരു മടങ്ങിവരവ് എഴുതിത്തള്ളുവാന്‍ സാധിക്കുന്ന ഒന്നല്ല. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസ് അത് തെളിയിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടെ കിരാത ഭരണം കോണ്‍ഗ്രസിനെ തറപറ്റിച്ചു. അവിടുന്ന് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ കോണ്‍ഗ്രസിന്‍റെ പിന്നീടുള്ള തകര്‍ച്ച അഴിമതി നിറഞ്ഞത് കൊണ്ടായിരുന്നു. അഴിമതിക്കെതിരെയുള്ള വലിയ സമരമാണ് കേന്ദ്രത്തില്‍ ആദ്യം ബിജെപിയെ എത്തിച്ചത്. അണ്ണാഹസാരയുടെ പങ്ക് ചെറുതുമല്ല. അതേസമയം ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി ഭരണം നേടുന്നതും അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലൂടെയാണ്.

അഴിമതിയില്‍ മുങ്ങികുളിച്ചത് കൊണ്ട് മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുഞ്ഞള്ളപ്പെട്ടത്. അത് കേന്ദ്രത്തില്‍ മാത്രമല്ല, പല  സംസ്ഥാനങ്ങളിലും പുറത്താക്കപ്പെട്ടു. കോണ്‍ഗ്രസിലെ പ്രമുഖരായ പല നേതാക്കളും ജനാധിപത്യത്തെ കച്ചവടം ചെയ്ത് കീശ വീര്‍പ്പിച്ചു. അതുവഴി രാജ്യത്ത് ബിജെപിയുടെ വരവും വളര്‍ച്ചയും ഉണ്ടായി. അത് കോണ്‍ഗ്രസിനെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്.

ഇപ്പോള്‍ ബിജെപി രാജ്യത്തിന്‍റെ മുന്നില്‍ ഉയര്‍ത്തി കാട്ടുന്നത് വികസനമാണ്. രാജ്യത്ത് സമാനതകളില്ലാത്ത വികസനം ഉണ്ടായി എന്ന് സമ്മതിക്കേണ്ടതുണ്ട്. ഗതാഗത രംഗത്ത് ഇന്ത്യ ക്കൈവരിച്ച നേട്ടങ്ങള്‍ അന്തര്‍ദേശിയ തലത്തില്‍ വരെ ചര്‍ച്ചയാണ്. ആരോഗ്യ രംഗത്തും, വിദ്യഭ്യാസ രംഗത്തും നേട്ടങ്ങളുണ്ടായി. രാജ്യത്തിന്‍റെ മുഖച്ഛായ മാറ്റുന്നതില്‍ മോദി സര്‍ക്കാര്‍ വിജയിച്ചു. അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ നയതന്ത്ര സമീപനങ്ങള്‍ എടുത്ത് പറയണം.

ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കും മണിപ്പൂര്‍ സംഭവത്തിലൂടെ ഉണ്ടായിട്ടുള്ളത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ബിജെപിക്ക് ചെറിയ വേരോട്ടം തുടങ്ങിയതായിരുന്നു. മണിപ്പൂരിലെ സംഭവങ്ങള്‍ അതൊക്കെ കീഴ്മേല്‍ മറിച്ചു. മണിപ്പൂര്‍ സംഭവങ്ങള്‍ തെരഞ്ഞെടുപ്പ് കാലം വരെ ചര്‍ച്ചാവിഷയമാക്കി മുന്നോട്ടു കൊണ്ടുപോവുക എന്നുള്ള രാഷ്ട്രീയ തന്ത്രം പ്രതിപക്ഷ കക്ഷികള്‍ തുടരും. അതേസമയം രാജ്യത്തെ ഹിന്ദു വിഭാഗത്തിന്‍റെ വികാരങ്ങള്‍ ഉണര്‍ത്തിക്കൊണ്ട് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നതിനുള്ള രാഷ്ട്രീയം ബിജെപിയുടെ ഭാഗത്തും ഉണ്ടാകും എന്ന് തന്നെ വേണം കരുതുവാന്‍. വ്യത്യസ്ത രീതിയിലാണ് ഇപ്പോഴത്തെ ഭരണപക്ഷവും പ്രതിപക്ഷവും തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.