വെന്‍റിലേറ്ററില്‍ നിന്ന് ഐ.സി.യുവിലേയ്ക്ക്...

വെന്‍റിലേറ്ററില്‍ നിന്ന് ഐ.സി.യുവിലേയ്ക്ക്...

വിജയ് ചൗക്ക്

സുധീര്‍ നാഥ്  


രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ് ദിവസം ചെല്ലുന്തോറും ഇല്ലാതായി വന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ വെന്‍റിലേറ്ററിലേക്ക് വരെ മാറ്റി എന്ന് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വരെ പറഞ്ഞ ഒരു സാഹചര്യവും ഉണ്ടായി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് തോല്‍ക്കുന്ന ദയനീയ കാഴ്ചയും നമ്മള്‍ കണ്ടതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ വെന്‍റിലേറ്ററില്‍ മാറ്റി എന്നുള്ള ആക്ഷേപിന് ശക്തിപകരുന്നതായിരുന്നു ഓരോ തിരഞ്ഞെടുപ്പ് ഫലങ്ങളും എന്ന് പറയാതെ വയ്യ. ഈ വിഷയം വലിയ ചര്‍ച്ചയായി സമൂഹത്തില്‍ ഉണ്ടായ സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയുമായി ഇറങ്ങിത്തിരിക്കുന്നത്. കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് രാഹുല്‍ ഗാന്ധി നടത്തിയ പദയാത്ര ഒരു വലിയ ചലനം ഉണ്ടാക്കി എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. വെന്‍റിലേറ്ററില്‍ കിടക്കുകയായിരുന്ന കോണ്‍ഗ്രസിന് ചെറിയ ചലനം ഉണ്ടാക്കി എന്നതില്‍ കവിഞ്ഞ് ഒരു മാറ്റവും ഭാരത് ജോഡോ യാത്രയില്‍ ഉണ്ടായില്ല. അപ്പോഴും രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞത് കോണ്‍ഗ്രസ് വെന്‍റിലേറ്ററില്‍ തന്നെയെന്ന് എന്നാണ്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം എന്ന് ഇപ്പോള്‍ ചര്‍ച്ച നടക്കുന്ന പ്രസംഗം നടത്തിയത്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട നിലവ് മോദിയെയും നികുതി വെട്ടിപ്പ് നടത്തിയ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉപമിച്ചു നടത്തിയ പ്രസംഗമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടത്തിലേക്ക് നയിച്ചത്. കര്‍ണാടകത്തിലെ കോലാറില്‍ 2019 ഏപ്രില്‍ 13ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്‍റെ വിവാദ പരാമര്‍ശം. നിലവ് മോദിയിലും, ലളിത് മോദിയിലും, നരേന്ദ്രമോദിയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ് എന്നും, എല്ലാ കള്ളന്മാരുടെയും പേരിനോടൊപ്പം മോദി എങ്ങനെ വന്നു? എന്നും രാഹുല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും എന്നും രാഹുലിന്‍റെ പരാമര്‍ശം മോദി സമൂഹത്തിന് നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ആയ പൂര്‍ണേഷ് മോദി മാനനഷ്ടകേസ് ഫയല്‍ ചെയ്തു. രാഹുലിന്‍റെ പരാമര്‍ശം തനിക്ക് വ്യക്തിപരമായി മാനഹാനി ഉണ്ടാക്കി എന്നും മോദി സമുദായത്തോടുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൂര്‍ണേഷ് മോദി കോടതിയെ സമീപിച്ചത്. 

രാഹുല്‍ ഗാന്ധി പ്രസംഗിച്ചത് കര്‍ണാടകയില്‍ ആണെങ്കിലും കേസ് നടന്നത് ഗുജറാത്തിലാണ് എന്നത് കൗതുകം നിറഞ്ഞ കാര്യമാണ്. രാഹുല്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി കോടതി കേസ് വാദം കേട്ടു. കേസ് വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത് വാദി കൂടിയായ പൂര്‍ണേഷ് മോദി കോടതിയെ സമീപിക്കുകയും, വിചാരണ നിര്‍ത്തി വെയ്പ്പിക്കുകയും ഉണ്ടായി. വാദി തന്നെ വിചാരണ നിര്‍ത്തിവെപ്പിക്കുകയും വാദിയുടെ ആവശ്യപ്രകാരം വിചാരണ തുടരുകയും തുടരുകയും ചെയ്തത് നിയരംഗത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. ഇതിന്‍റെ കാരണം അജ്ഞാതമാണെങ്കിലും അതിന്‍റെ രാഷ്ട്രീയം സമൂഹത്തിന് അറിവുള്ള കാര്യവുമാണ്. അന്തിമവാദം കേട്ടതിനു ശേഷം രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്തിലെ ചീഫ് മജിസ്ട്രേറ്റ് എച്ച്. എച്ച്. വര്‍മ്മ വിധി പ്രസ്താവിച്ചു. വിധി പ്രസ്താവിച്ച ഉടനെ തന്നെ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കുന്ന ഒരു വിചിത്രമായ നടപടിയും ഉണ്ടായി എന്നുള്ളത് ലോകം കണ്ടതാണ്. 

രാഹുല്‍ ഗാന്ധിയെ അയോഗ്യത കല്‍പ്പിച്ച വിധിയില്‍ ഒരു പേര് പരാമര്‍ശിക്കുന്നുണ്ട്. മലയാളിയായ അഡ്വക്കേറ്റ് ലില്ലി ഇസബെല്‍ തോമസ്. തിരഞ്ഞെടുപ്പ് നിയമത്തില്‍, 'ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുക്കപ്പെടുന്നത് തടയുന്നതിനുള്ള നിയമം' കൊണ്ടുവന്നത് അവരുടെ പൊതുതാല്‍പ്പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു. ലില്ലി തോമസ് കേസ് 2013 ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ വീക്ഷണകോണില്‍ നിന്ന് പ്രാധാന്യമര്‍ഹിക്കുന്നു. ലില്ലി തോമസ് നിലവിലെ നിയമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പരിഷ്കരിക്കുന്നതിനുമായി ഇന്ത്യയിലെ പരമോന്നത കോടതിയിലും പ്രവിശ്യാ കോടതികളിലും അപേക്ഷകള്‍ സമര്‍പ്പിച്ച ഒരു ഇന്ത്യന്‍ അഭിഭാഷകയായിരുന്നു. തോമസിന്‍റെ ഹര്‍ജികള്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ നിന്ന് വിലക്കുന്ന നിയമനിര്‍മ്മാണത്തിലെ ഭേദഗതികള്‍ക്കും അതുപോലെ തന്നെ ഒരു പുതിയ വിവാഹ ചട്ടം സ്ഥാപിക്കുന്നതിനും നിയമനിര്‍മ്മാതാക്കള്‍ക്കുള്ള സംരക്ഷണത്തിനും കാരണമായി. ജനപ്രാതിനിധ്യ നിയമം പരിഷ്കരിക്കാന്‍ അഭ്യര്‍ത്ഥിച്ചതിന് തോമസ് പ്രശംസിക്കപ്പെട്ടു. പാര്‍ലമെന്‍റ് അംഗത്വം നഷ്ടപ്പെട്ട ആദ്യ പാര്‍ലമെന്‍റ് അംഗം റഷീദ് മസൂദാണ്. 2013 ഒക്ടോബര്‍ 1 ന്, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അഴിമതി എന്നീ കുറ്റങ്ങള്‍ക്ക് നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടപ്പോള്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പാര്‍ലമെന്‍റ് അംഗത്വം നഷ്ടപ്പെടുന്ന ആദ്യ എംപിയായി റഷീദ് മസൂദ് മാറി. പിന്നീട് പല ആവര്‍ത്തി പല കോടതികളിലും ലില്ലി ഇസബെല്‍ തോമസ് എന്ന അഭിഭാഷക നടത്തിയ നിയമ  പോരാട്ടം ചര്‍ച്ചയായി. അവര്‍ നേടിയെടുത്ത വിധി പലരുടേയും തിരഞ്ഞെടുപ്പ് അസാധുവാക്കി.

മണിപ്പൂര്‍ കലാപം ശക്തമായി അപലപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് 2019ലെ കര്‍ണാടകയില്‍ നടന്ന ഒരു ഇലക്ഷന്‍ പ്രചരണത്തിലെ പ്രസംഗത്തെ ചൊല്ലി രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതും, സുപ്രീം കോടതി ഇടപെട്ട് അയോഗ്യത നീക്കിയതും. സൂറത്തിലെ ചീഫ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പാര്‍ലമെന്‍റ് അംഗത്ത്വം തിടുക്കപ്പെട്ട് വി134 രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ഒരു ജനപ്രതിനിധിയെ ശിക്ഷിക്കുക എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ രാജിവെക്കേണ്ട സാഹചര്യമുണ്ട് എന്നുള്ളതാണ് നമ്മുടെ ഭരണഘടന നിഷ്കര്‍ഷിക്കുന്നത്. അസാധാരണമായ വിധിയിലൂടെ ഗുജറാത്ത് മുന്‍സിപ്പ് കോടതി രാഹുലിനെ അയോഗ്യരാക്കി എന്നുള്ളത് ഒരു വസ്തുതയാണ്. ബിജെപിക്ക് ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയായി തന്നെ വേണം ആ ഗുജറാത്ത് വിധിയെ കണക്കാക്കുവാന്‍. കാരണം വെന്‍റിലേറ്ററില്‍ മരണാസന്നനായി കിടന്ന കോണ്‍ഗ്രസിനെ ഉണര്‍ത്തുവാന്‍ മാത്രമാണ് ആ വിധി സഹായിച്ചത്. സുപ്രീംകോടതി ഈ വിധിയെ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തമാക്കിയപ്പോള്‍ വെന്‍റിലേറ്ററില്‍ കിടന്ന കോണ്‍ഗ്രസിനെ ഐസിയുവിലേക്ക് മാറ്റിയ അവസ്ഥയുണ്ടായി. അയോഗ്യനാക്കുന്നതിന് മുപുള്ള രാഹുല്‍ ഗാന്ധിയേക്കാള്‍ ശക്തനായ  രാഹുല്‍ ഗാന്ധിയാണ് അയോഗ്യത നീങ്ങിയപ്പോള്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ വിലയിരുത്തുന്നുണ്ട്. ഇരട്ടി ശക്തിയോടു കൂടിയ രാഹുല്‍ഗാന്ധി പാര്‍ലമെന്‍റിലേക്ക് വരുന്നു എന്നുള്ളത് പ്രതിപക്ഷത്തിന്‍റെ കൂട്ടായ്മയായ ഇന്ത്യയ്ക്ക് പോലും ആവേശം ഉണ്ടാക്കുന്ന ഒന്നാണ്. രാഹുലിന്‍റെ അയോഗ്യത പ്രതിപക്ഷ ഐക്യമായ ഇന്ത്യ വലിയ ചര്‍ച്ചാവിഷയമാക്കിയതിനു പിന്നാലെയാണ് അനുകൂലമായ വിധി ഉണ്ടാകുന്നത് എന്നുള്ളതും നാം ഇവിടെ കാണേണ്ടിയിരിക്കുന്നു. ബിജെപി സ്വാധീനങ്ങള്‍ക്ക് മുന്നില്‍ ഉണ്ടാകുന്ന വലിയ ഒരു തിരിച്ചടിയായി തന്നെ വേണം അതിനെ കാണുവാന്‍. 

രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ എത്തുന്നത് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് എന്നുള്ളത് അതിന്‍റെ ഗൗരവം കൂട്ടുന്ന ഒന്നാണ് മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടെ കലാപത്തില്‍ വേദന അനുഭവിക്കുന്ന ജനസമൂഹത്തിനിടയില്‍ നടന്നതിനുശേഷം ആണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലേക്ക് വരുന്നത്. അതുകൊണ്ടുതന്നെ പറഞ്ഞു കേട്ട അറിവുകളല്ല അദ്ദേഹം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ പോകുന്നത് എന്നതാണ് അതിന്‍റെ വിശേഷത. അദ്ദേഹം കണ്ടറിഞ്ഞ നേരനുഭവങ്ങള്‍ അതിശക്തമായ പ്രതിരോധം തീര്‍ക്കും എന്നുള്ള കാര്യത്തില്‍ ഒരു സംശയവും വേണ്ട. രാഹുല്‍ മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ നടത്തുന്ന പ്രസംഗം തീര്‍ച്ചയായും ലോകം ശ്രദ്ധിക്കും എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. ലോകത്തിന്‍റെ പലഭാഗങ്ങളിലും ക്രിസ്തീയ സമൂഹം വളരെ ശക്തമായ നിലയിലാണ് എന്നുള്ളത് കൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ ലോക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യും. രാഹുല്‍ഗാന്ധി എന്തുപറഞ്ഞാലും അത് നിലവിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായിരിക്കും എന്ന് ഉറപ്പാണ്. ലോകജനത ഇത് ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്‍റെ ക്ഷതം നരേന്ദ്രമോഡിക്കും, ബിജെപിക്കും ആയിരിക്കും എന്നുള്ള കാര്യത്തില്‍ ആര്‍ക്കാണ് സംശയം. ബിജെപി നേതൃത്വത്തിന് പറ്റിയ ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്നാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യയിലാക്കി എന്നുള്ളത്. ഈ യാഥാര്‍ത്ഥ്യം വളരെ വൈകി മാത്രമാണ് ബിജെപി തിരിച്ചറിഞ്ഞത്.

അതുപോലെ തന്നെയാണ് മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനമായിരുന്നു എന്നുള്ളതും. ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് അത് എന്നത് വളരെ വൈകി മാത്രമാണ് ബിജെപി തിരിച്ചറിഞ്ഞത്. മണിപ്പൂരില്‍ ഉണ്ടായ സംഭവങ്ങള്‍ക്ക് ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടാകാന്‍ പോകുന്നത് കേരളത്തിലും, ഗോവയിലും മറ്റുമാണ് എന്നുള്ളത് നാം അറിയണം. കേരളത്തിലെ വ്യത്യസ്ത ക്രിസ്തീയ സഭകള്‍ ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ അവസരത്തിലാണ് മണിപ്പൂര്‍ സംഭവം ഉണ്ടാകുന്നത്. ഇത് കേരളത്തിലെ ക്രിസ്തീയ സഭകളെ ബിജെപിയില്‍ നിന്ന് അകറ്റുവാന്‍ മാത്രമാണ് സഹായിച്ചിട്ടുള്ളത്. കേരളത്തിലെ ക്രിസ്തീയ സമൂഹം ബിജെപിയില്‍ നിന്ന് അകലുന്നു എന്ന് തന്നെ വേണം ലഭ്യമായ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാന്‍. കേരളത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ഗണപതി നിന്ദ വിവാദവും, എന്‍എസ്എസ് ഏറ്റെടുത്ത ഗണപതിനാമജപ ഘോഷയാത്രയും ബിജെപിക്ക് തിരിച്ചടി ഉണ്ടാക്കും എന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. കേരളം ശാസ്ത്ര രംഗത്ത് വളരെ പുരോഗതി നേടിയ പ്രദേശമാണ് എന്നതാണ് അതിന് കാരണം. 

രാഷ്ട്രീയപരമായ കരുനീക്കങ്ങളില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ പിന്നിലാണ് എന്നുള്ള കാര്യം പറയാതിരിക്കാന്‍ കഴിയില്ല. യാഥാര്‍ത്ഥ്യം രാഷ്ട്രീയമായിത്തന്നെ നാം വിലയിരുത്തേണ്ടതുണ്ട്. കേരളത്തിലെ ബിജെപി നേതൃത്വം വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് ഉടനെ സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിലെ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി ലഭിക്കും എന്ന കാര്യത്തിലും സംശയമില്ല. നിലവിലെ ബിജെപി നേതൃത്വത്തിന് ഒരു ഉണര്‍വ് സമൂഹത്തില്‍ ഉണ്ടാക്കുവാന്‍ സാധിക്കില്ല എന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വെന്‍റിലേറ്ററില്‍ കിടന്ന കോണ്‍ഗ്രസിനെ ഐസിയുവിലേയ്ക്ക് മാറ്റാന്‍ ബിജെപി നീക്കം സഹായിച്ചു എന്ന് ലളിതമായി പറയാം.