എവിടെ മലയാളിയോ, അവിടെ സംഘടന
വിജയ് ചൗക്ക്
സുധീര്‍ നാഥ്
എവിടെയെല്ലാം മലയാളിയുണ്ടോ, അവിടെയെല്ലാം ഒരു സംഘടനയുണ്ടാവും. 10 മലയാളിക്ക് 10 സംഘടന എന്ന് തമാശയായിട്ടാണെങ്കിലും പലരും പറയുന്നത് കേട്ടിട്ടുണ്ട്. സംഘടിക്കുക ശക്തരാവുക എന്ന മുദ്രാവാക്യം തന്നെ കേരളത്തില്‍ നിന്ന് ഉത്ഭവിച്ചതാണെന്നാണ് പറയുന്നത്. മലയാളികളുടെ കൂട്ടായ്മ എല്ലായിടത്തും ഉണ്ട്. എല്ലായിടത്തും മലയാളിയും ഉണ്ട് എന്നുള്ളത് കൊണ്ട് മലയാളി കൂട്ടായ്മ എല്ലായിടത്തും ഉണ്ട് എന്ന് നമുക്ക് ഉറപ്പിക്കാം. മലയാളി കൂട്ടായ്മയുടെ നിറവും രൂപവും എല്ലാം ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഡല്‍ഹിയില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ശക്തമായതോടുകൂടി ഓരോ സ്കൂളിന്‍റെ പേരിലും കോളേജിന്‍റെ പേരിലും ബാച്ചിന്‍റെ പേരിലും കൂട്ടായ്മയുണ്ട്. ദേശത്തിന്‍റെ പേരിലും ജില്ലയുടെ പേരിലുമൊക്കെ സംഘടനകള്‍ പുതുതായി ഉത്ഭവിച്ചിട്ടുണ്ട്. ജാതിയുടെ പേരിലും, മതത്തിന്‍റെ പേരിലും, വര്‍ഗ്ഗത്തിന്‍റെ പേരിലും കൂട്ടായ്മയുണ്ട്.
വാട്സപ്പ് ശക്തമായപ്പോള്‍ എത്രയെത്ര കൂട്ടായ്മകളാണ് പുതുതായി രൂപം കൊണ്ടത്. ഇത്തരത്തില്‍ ഇന്‍സ്റ്റാഗ്രാം കൂട്ടായ്മയും ഫേസ്ബുക്ക് കൂട്ടായ്മയും ഒക്കെ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വ്യാപകമാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇത് അല്പം ശക്തവും ആണ്. രക്തദാന ഗ്രൂപ്പുകളും, സാമൂഹ്യ സേവന ഗ്രൂപ്പുകളും വ്യത്യസ്ത വിഷയങ്ങളില്‍ താല്പര്യമുള്ളവരുടെ ഗ്രൂപ്പുകളും ഓരോ സംഘടനയായി മുന്നോട്ടു വന്നിരിക്കുന്നത് കൗതുകത്തോടെ കൂടി തന്നെയാണ് നോക്കി കാണേണ്ടത്. പലപ്പോഴും ഇത്തരം കൂട്ടായ്മകള്‍ നന്‍മകള്‍ ചെയ്യുന്നു എന്നത് കാണാതെ പോകരുത്. മലയാളികളുടെ മാത്രം പ്രത്യേകതയായി ഇതിനെ കാണുകയും വേണം.
രാജ്യ തലസ്ഥാനമായ ഡല്‍ഹി ഇപ്പോള്‍ ഇത്തരം കൂട്ടായ്മയുടെ മഹാസമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികളെ ഒത്തൊരുമിപ്പിച്ച ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) എന്ന സംഘടന അതിന്‍റെ പതിനാറാം വാര്‍ഷികം കൊണ്ടാടിയത് കഴിഞ്ഞാഴ്ചയാണ്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (ഫെയ്മ) എന്നെ മറ്റൊരു സംഘടനയും ഇതേ രൂപത്തില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഇത് ഇന്ത്യയില്‍ മാത്രമുള്ള കഥയാണെങ്കില്‍ ലോകത്തെ മലയാളികളെ എല്ലാം ഒന്നിപ്പിക്കുന്ന വേള്‍ഡ് മലയാളി അസോസിയേഷനും, വേള്‍ഡ് മലയാളി ഫെഡറേഷനും, പ്രവാസി മലയാളി അസോസിയേഷനും, പ്രവാസി മലയാളി ഫെഡറേഷനും ഒക്കെ നമ്മുടെ മലയാളികളുടെ കൂട്ടായ്മയുടെ ഒരു ഭാഗമായി തന്നെ കാണാം. ഇതില്‍ ചില കൂട്ടായ്മകള്‍ അതിശക്തമാണ്. അവര്‍ മലയാളി സമൂഹത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാറുണ്ട്. ചില കൂട്ടായ്മകള്‍ പേരിനു മാത്രം ഉള്ളതാണ്. അവര്‍ക്ക് തോന്നുമ്പോള്‍ ഒരു വലിയ പരിപാടി സംഘടിപ്പിക്കും. നേതാക്കള്‍ ആയിരിക്കും അവിടെ കൂടുതലായി ഉണ്ടാവുക. ഇത്തരം കൂട്ടായ്മകളില്‍ വേദിയിലിരിക്കാന്‍ നേതാക്കളുടെ ഇടി തന്നെ കാണാം എന്നുള്ളത് രസകരവുമാണ്. പരിപാടിക്കുള്ള പണം വലിയ സ്പോണ്‍സര്‍ഷിപ്പിലൂടെ നേടിയെടുക്കാന്‍ ഇവരോളം കഴിവ് മറ്റാര്‍ക്കും കാണില്ല.
മലയാളി കൂട്ടായ്മയുടെ വേദിയില്‍ എത്തി മുഖ്യ അതിഥിയില്‍ നിന്ന് ഒരു ഫലകം സ്വീകരിക്കുക എന്ന ആത്മനിര്‍വൃതി അടയുന്ന എത്രയോ പ്രാഞ്ചിയേട്ടന്മാര്‍ നമ്മുടെ ഇത്തരം സംഘടനകളില്‍ ഉണ്ട്. മലയാളി കൂട്ടായ്മകളുടെ വേദികളില്‍ സ്റ്റേജില്‍ എത്തുവാന്‍ ലക്ഷങ്ങള്‍ വാരിയെറിയുന്ന മലയാളികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിരി വരാതിരിക്കുന്നത് എങ്ങനെയാണ്. സമൂഹത്തില്‍ മേനി നടിക്കാന്‍ കൂട്ടായ്മകളുടെ തലപ്പത്ത് വരുന്നവരുണ്ട്. അവിടെ എത്താന്‍ അവര്‍ കാണിക്കുന്ന പരാക്രമങ്ങള്‍ കാണേണ്ടത് തന്നെയാണ്. വേദിയില്‍ മുഖ്യ അതിഥിയോടൊപ്പം ഇരിക്കാന്‍ അവസരം ലഭിക്കുക എന്ന കാര്യം അവര്‍ സ്പോണ്‍സര്‍ നല്‍കുന്ന അവസരത്തില്‍ ആവശ്യപ്പെടുന്നു എന്നുള്ളത് കൗതുകകരമല്ലേ. പത്രസമ്മേളനത്തില്‍ മുതല്‍ വൈകുന്നേരം പാര്‍ട്ടികളിലും ഉദ്ഘാടന ചടങ്ങിലെ വേദികളിലും കലാപരിപാടികള്‍ക്കിടയിലും ഇത്തരം കഥാപാത്രങ്ങള്‍ കടന്നുവരുന്നത് സര്‍വ്വസാധാരണമായി മാറിയിരിക്കുന്നു.
അഞ്ച് ഡോക്ടറേറ്റ്. അതായത് അഞ്ച് പി എച്ച് ഡി നേടി എന്നാണ് അവകാശവാദം. ഒരു പി.എച്ച്.ഡി. എടുത്തവരോട് ചോദിച്ചാല്‍ അതിന്‍റെ കടമ്പകള്‍ അറിയാം. ഇദ്ദേഹം 1500 പുസ്തകങ്ങള്‍ രചിച്ചു എന്ന് അവകാശപ്പെടുന്നു. ഈ വ്യക്തിയെ കഴിഞ്ഞ ആഴ്ചയില്‍ ഡല്‍ഹിയില്‍ എയ്മ ആദരിക്കുകയുണ്ടായി. ഇത്തരത്തില്‍ യുക്തിക്ക് നിരക്കാത്തവര്‍ ആദരിക്കപ്പെടുന്നത് സമൂഹത്തിന് അപകടമാണ്. തെറ്റായ സന്ദേശമാണ് ഇത്മൂലം ഉണ്ടാകുന്നത്. ആദരിക്കപ്പെടുന്ന സംഘടന വിമര്‍ശിക്കപ്പെടും. സംഘടനയുടെ സല്‍പ്പേര് കളങ്കപ്പെടും. കൂട്ടായ്മകള്‍ പല അവസരത്തിലും അനര്‍ഹരെ പ്രോത്സാഹിപ്പിക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്. ഒരു പുസ്തകമെഴുതിയാലും സാഹിത്യ ശ്രീമാന്‍ പുരസ്കാരം ചില സംഘടനകള്‍ നല്‍കുന്നത് കണ്ടിട്ടുണ്ട്.
കൂട്ടായ്മകളുടെ പരിപാടികളില്‍ ഏറ്റവും വലിയ ദയനീയ അവസ്ഥ എന്താണെന്ന് വെച്ചാല്‍ സ്പോണ്‍സര്‍മാരെ ആദരിക്കേണ്ടി വരും എന്നതാണ്. ചടങ്ങുകളില്‍ എത്ര മുന്തിയതും വലുതുമായ അതിഥിയെ കൊണ്ടു വരുന്നോ അത്രയും വലിയ സ്പോണ്‍സര്‍മാര്‍ മുട്ടോട്ട് വരും. മുഖ്യാതിഥിയില്‍ നിന്ന് ആദരവ് സ്വീകരിക്കാന്‍ അവര്‍ ആഗ്രഹിക്കും. അവരത് തുറന്ന് പറയും. മുഖ്യാതിഥിയില്‍ നിന്ന് ആദരവ് സ്വീകരിക്കാന്‍ പറ്റാതെ വന്നാലത്തെ അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. ബംബര്‍ ലോട്ടറി എടുത്ത് സമ്മാനം കിട്ടാത്ത അവസ്ഥ തന്നെ.
മലയാളി കൂട്ടായ്മകള്‍ പല അവസരങ്ങളിലും സമൂഹത്തിന് ഗുണം ചെയ്യുന്നു എന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ. കേരളത്തില്‍ വെള്ളപ്പൊക്കം ഉണ്ടായ അവസരങ്ങള്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും മലയാളി കൂട്ടായ്മകളുടെ സഹായഹസ്തം വലിയ ഗുണമാണ് ഉണ്ടാക്കിയത്. നമ്മുടെ രാജ്യത്തിന്‍റെ ഓരോ മുക്കിലും മൂലയിലും മലയാളി സംഘടനകള്‍ ഉള്ളതുപോലെ തന്നെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും മലയാളി കൂട്ടായ്മകള്‍ വളരെ ശക്തമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ ശക്തമായതോടെ മലയാളി കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും സജീവമായി എന്ന് നാം കാണണം. അതുകൊണ്ടൊക്കെയാണ് ആഫ്രിക്കയിലും അമേരിക്കയിലും ഓസ്ട്രേലിയയിലും കാനഡയിലും ലണ്ടനിലും എല്ലാം മലയാളികള്‍ മലയാളികളുടെ സഹായത്തിനായി എപ്പോഴും എത്തുന്നത് നാം കാണുന്നത്.
ഉക്രൈനില്‍ യുദ്ധം ഉണ്ടായപ്പോഴും സിറിയയില്‍ കലാപം ഉണ്ടായപ്പോഴും മലയാളികള്‍ സഹായത്തിന് അവിടെ ഉണ്ടായിരുന്നു. അവിടെയുള്ള മലയാളികളെ രക്ഷിക്കുന്നതിനും അവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനും മലയാളി കൂട്ടായ്മകള്‍ നടത്തിയ പങ്ക് വിസ്മരിക്കാന്‍ സാധിക്കുന്നതല്ല. കോവിഡ് കാലത്ത് രാജ്യത്താകമാനം എന്ന് മാത്രമല്ല ലോകത്താകമാനവും മലയാളികളുടെ കൂട്ടായ്മകള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇതേ കൂട്ടായ്മ പല അവസരങ്ങളിലും മലയാളികളെ തന്നെ കബളിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമായി നാം കാണണം. മലയാളിയെ മലയാളി തന്നെ കബളിപ്പിക്കുന്ന എത്രയോ റിപ്പോര്‍ട്ടുകളാണ് നമുക്ക് മുന്നില്‍ വന്നിട്ടുള്ളത്. എല്ലാ കൂട്ടായ്മകളും അതുകൊണ്ടുതന്നെ സുരക്ഷിതമാണ് എന്ന് പറയുവാന്‍ ഒരിക്കലും സാധിക്കുകയില്ല. ഓരോ കൂട്ടായ്മയുടെയും ലക്ഷ്യങ്ങള്‍ തിരിച്ചറിയണം. അതിന്‍റെ പിന്നിലുള്ള ആളുകളെ നാം തിരിച്ചറിയണം. അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണം. ചതിക്കുഴികളില്‍ വീഴാതെ നോക്കണമെങ്കില്‍ കൂട്ടായ്മകളുടെ പ്രവര്‍ത്തന നിരീക്ഷണം അത്യാവശ്യമാണ് എന്ന് ചുരുക്കം.
