പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2023 ജൂലൈ 15 


വടക്കേ ഇന്ത്യ പ്രളയ ഭീതിയിലാണ്. 

വടക്കേ ഇന്ത്യയില്‍ 1982 ജൂലായിക്കുശേഷം ആദ്യമായാണ് 2023ല്‍ മഴപെയ്ത്ത് നിരക്ക് ഇത്രയേറെ ശക്തമായി രേഖപ്പെടുത്തുന്നത്. ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ തുടങ്ങിയിടങ്ങളില്‍ അതിശക്തമായ മഴയുണ്ടായത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പലയിടത്തും പ്രളയവും, മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കേ ഇന്ത്യയുടെ മലപ്രദേശത്തിലൂടെയുള്ള എല്ലാ യാത്രകളും അപകടം നിറഞ്ഞതായത് കൊണ്ട് യാത്രാ വിലക്കുകളുണ്ട്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത മഴയാണ്. റോഡുകളെല്ലാം വെള്ളത്തിലായിരിക്കുന്നു. മഴപെയ്തപ്പോള്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയിലൂടെ ഒഴുകുന്ന യമുനാ നദി കരകവിഞ്ഞൊഴുകിയിരിക്കുന്നു. യമുനാ തീരങ്ങളില്‍ ജീവിക്കുന്നവര്‍ സുരക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് മാറിയിട്ടുണ്ട്. റോഡുകളെല്ലാം വെള്ളത്തിലായതോടെ നഗരത്തിലെ ഗതാഗതം തന്നെ താറുമാറായിരിക്കുന്നു. നിരവധി വാഹനങ്ങള്‍ മഴവെള്ളത്തില്‍ മുങ്ങി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം അതുവഴി തന്നെ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ ചില റോഡുകളിലെ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത് വലിയ അപകടങ്ങള്‍ തന്നെ വിളിച്ചു വരുത്തുന്ന ഒന്നായി മാറിയിരിക്കുന്നു.  ഡല്‍ഹിയില്‍ ഒട്ടേറെ അണ്ടര്‍ പാസുകള്‍ അടുത്തിടെ നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെയെല്ലാം വലിയ രീതിയിലുള്ള വെള്ളക്കെട്ടുകള്‍ കാരണം യാത്രകള്‍ അസാധ്യമായി മാറിയിരിക്കുന്നു. ഡല്‍ഹിയിലെ മെട്രോ സര്‍വീസ് ആണ് ഇപ്പോള്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്നത് റോഡുകളിലെ മാര്‍ഗതടസ്സങ്ങള്‍ ഇല്ലാതെ സമയത്തിന് എത്തണമെങ്കില്‍ മെട്രോ യാത്രയെ ശരണം പ്രാപിക്കണം. ചെറു വാഹനങ്ങളിലുള്ള ഡല്‍ഹി യാത്ര ദുഷ്ക്കരമാണ്. വാഹനത്തിന്‍റെ ഉള്‍വശത്ത് വെള്ളം കയറുന്ന സ്ഥിതിവരെയുണ്ട്.

കലാമണ്ഡലം കലാകാരന്‍മാര്‍ക്ക് സ്വീകരണം നല്‍കി.

കേന്ദ്രസര്‍ക്കാരിന്‍റെ ക്ഷണപ്രകാരം എത്തിയ കേരള കലാമണ്ഡലത്തിലെ കലാകാരന്മാരും അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങിയ ടീമിന് ഡല്‍ഹിയില്‍ സ്വീകരണം നല്‍കി.  34 അംഗ ടീമില്‍ കലാമണ്ഡലം വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും രജിസ്റ്റാര്‍ ഡോ: രജേഷ് കുമാറിന്‍റെ നേതൃത്ത്വത്തിലാണ് എത്തിയത്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിന്‍റെ വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള പരിപാടിയാണ് അവര്‍ അവതരിപ്പിച്ചത്. കേരളത്തിന്‍റെ കലാരൂപങ്ങള്‍ അവതരിപ്പിക്കുക വഴി കേരളം തന്നെ ആദരിക്കപ്പെടുകയാണുണ്ടായത്. കഥകളി, കൂടിയാട്ടം, മോഹിനയാട്ടം, ഓട്ടംതുള്ളര്‍, കളരിപ്പയറ്റ് തുടങ്ങി എല്ലാ കലാരൂപങ്ങളും വേദിയിലെത്തിയിരുന്നു. വലിയ ഒരു കലാസംഘത്തിന് കേരളത്തെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ അപൂര്‍വ്വമായാണ് അവസരം ലഭിക്കാറ്. ഇന്‍റര്‍നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ കഥകളി കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയ എല്ലാവര്‍ക്കും സ്വീകരണം നല്‍കി. സ്വീകരണ ചടങ്ങിന്‍റെ ഭാഗമായി ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളിയുടെ കലാകാരന്മാര്‍ ഗീതോപദേശം കഥകളിയും അവതരിപ്പിച്ചു. ചടങ്ങില്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി ചെയര്‍മാന്‍ ബാബു പണിക്കര്‍ അധ്യക്ഷനായിരുന്നു. സതീശ് നമ്പൂതിരിപ്പാട് മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി അനിതാ കലേഷ്, ട്രഷറര്‍ രവി നായര്‍ എന്നിവര്‍ സംസാരിച്ചു.

ചീഫ് സെക്രട്ടറിയുടെ കൂടികാഴ്ച്ചകള്‍

പുതുതായി ചുമതലയേറ്റ കേരളത്തിന്‍റെ ചീഫ് സെക്രട്ടറി ഡോ. വി. വേണു കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ സെക്രട്ടറിമാരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായി രാഷ്ട്രപതി ഭവനിലാണ് കൂടിക്കാഴ്ച നടത്തിയത്. ഫിനാന്‍സ് സെക്രട്ടറി ഡോ. റ്റി. വി. സോമനാഥനുമായും റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയുമായും നോര്‍ത്ത് ബ്ലോക്കില്‍ കൂടിക്കാഴ്ച നടത്തി.  കേന്ദ്ര സഹകരണ സെക്രട്ടറി ഗ്യാനേഷ് കുമാറുയി അടല്‍ അക്ഷയ ഊര്‍ജ കോംപ്ലക്സിലെ കാര്യാലയത്തിലും,  ഭവന- നഗരകാര്യ സെക്രട്ടറി മനോജ് ജോഷിയുമായി നിര്‍മ്മാണ ഭവനിലും ഡിപ്പാര്‍ട്ട് മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് സെക്രട്ടറി  രാജേഷ് കുമാര്‍ സിംഗുമായി  വാണിജ്യ ഭവനിലും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍റാര്‍ഡ്സ് അതോറിറ്റി  ഓഫ് ഇന്ത്യയുടെ സി.ഇ.ഒ കമലവര്‍ധന റാവു മായി എഫ്. ഡി എ ഭവനിലുമായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്‍റെ മുന്‍ഗണനകളും വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ചര്‍ച്ച ചെയ്തതെന്ന് കൂടിക്കാഴ്ച്ചയ്ക്കു ശേഷം ചീഫ് സെക്രട്ടറി അറിയിച്ചു. റിനൊവേഷന്‍ പൂര്‍ത്തിയായ കേരളത്തിന്‍റെ സാംസ്കാരിക കേന്ദ്രമാകാന്‍ പോകുന്ന ട്രാവന്‍കൂര്‍ പാലസും അദ്ദേഹം സന്ദര്‍ശിച്ചു. സംസ്ഥാനത്തിന്‍റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യത്തെ ഡല്‍ഹി സന്ദര്‍ശനമായിരുന്നു ഇത്.

പ്രവാസ ഹരിതം പദ്ധതിക്ക് തുടക്കമായി

സ്വദേശത്തും വിദേശത്തും നിവസിക്കുന്ന പ്രവാസി കുടുംബാംഗങ്ങളുടെയും, കോവിഡാനന്തരം കേരളത്തിലേക്ക് തിരികെ വന്ന പ്രവാസികളുടെയും സാമ്പത്തിക സാമൂഹിക ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തി ജൈവകൃഷിയില്‍ അവര്‍ക്ക് പരിജ്ഞാനം നല്‍കി സംരംഭകരാക്കി മാറ്റാനുള്ള പ്രവാസ ഹരിതം പദ്ധതിക്ക് ഡല്‍ഹിയില്‍ തുടക്കം കുറിച്ചു. പ്രവാസ ഹരിതം പദ്ധതി ഉല്‍പ്പന്നങ്ങള്‍ സ്വദേശത്തും, വിദേശത്തും വിപണനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള വികാസ് കേന്ദ്രവും, പ്രവാസി  കോണ്‍ക്ലേവ് ട്രസ്റ്റും സംയുക്തമായി നോര്‍ക്ക  റൂട്ട്സിന്‍റെ സഹകരണത്തോടു കൂടി ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ പഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കുതാണ് പ്രവാസി പുനരധിവാസ പദ്ധതി. ഡല്‍ഹി കേരള ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ റാം രത്തന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് ചൗദരി ആദ്യ അംഗത്ത്വം സ്വീകരിച്ചു. ചടങ്ങില്‍ പ്രവാസി ചേമ്പര്‍ ഓഫ് കൊമേഴ്സ് വെല്‍ഫെയര്‍ ഫോം സെക്രട്ടറി പ്രഥ്വിരാജ് നാറാത്ത്, അഡ്വ ശിവന്‍ മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡല്‍ഹിയില്‍ നടന്ന മലയാളി സമ്മേളനങ്ങള്‍

പണ്ട് മുതല്‍ കേട്ട ചുള്ളി കൊമ്പുകളുടെ കഥ പോലെ തന്നെയാണ്. ചുള്ളികൊമ്പുകള്‍ ഒന്നായി കെട്ടിയാല്‍ അത് ഒടിക്കുവാന്‍ സാധിക്കില്ല. പക്ഷെ, ഓരോന്നായി എടുത്ത് ഒടിച്ചാല്‍ ഒടിക്കുവാന്‍ സാധിക്കും. അത് തന്നെയാണ് കൂട്ടായ്മകളുടെ ശക്തി. മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം കൂട്ടായ്മകളുണ്ട്. അവിടെ ജാതിയും, മതവും, രാഷ്ട്രീയവും തടസമാകുന്നില്ല. വ്യത്യസ്ഥ ആശയങ്ങളുള്ളവര്‍ ഒന്നായി മലയാളി കൂട്ടായ്മയായി തീരുന്നു. പല പേരുകളില്‍ വിവിധ പ്രദേശങ്ങളില്‍ വ്യാപരിച്ചു കിടക്കുന്ന മലയാളി സംഘടനകളെ ദേശിയ തലത്തില്‍ ഒന്നിപ്പിക്കാന്‍ 2007ല്‍ തുടക്കം കുറിച്ച സംഘടനകളുടെ സംഘടനയാണ് ആള്‍ ഇന്ത്യ മലയാളി അസോസിയഷന്‍ എന്ന എയ്മ. എയ്മയുടെ പതിനാറാം സ്ഥാപക ദിനം ഡല്‍ഹിയില്‍ 2023 ജൂലൈ 1, 2 തിയതികളില്‍ നടന്നു. ഇന്ത്യയുടെ 27 സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 150 പ്രതിനിധികള്‍ എയ്മ സ്ഥാപക ആഘോഷ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എയ്മയുടെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ്  സിംഗ് ആയിരുന്നു. കേരളത്തെ കുറിച്ചും കേരളീയരെ കുറിച്ചും പുകഴ്ത്തി രാജ്നാഥ് സിംഗ് നാല്‍പത് മിനിറ്റോളം പ്രസംഗിച്ചു. അദ്ദേഹത്തിന് രണ്ടായിരത്തിലേറെ വരുന്ന മലയാളികളായ സദസ്യര്‍ ക്കൈയ്യടിച്ച് നന്ദി രേഖപ്പെടുത്തി. രാജ്നാഥ് സിംഗ് പോയതിന് ശേഷം എത്തിയ ഡോക്ടര്‍ ശശി തരൂര്‍ രാജ്നാഥ് സിംഗിന്‍റെ കേരള സ്റ്റോറി പ്രസംഗം ഇവിടെ ആയിരുന്നില്ല, ഉത്തര്‍പ്രദേശിലോ മദ്ധ്യപ്രദേശിലോ ആയിരുന്നു നടത്തേണ്ടത് എന്ന് പറഞ്ഞത് വലിയ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. എയ്മയെ പോലെ ലോകത്തെങ്ങുമുള്ള മലയാളി സംഘടനകളുടെ സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. അവരുടെ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഡല്‍ഹിയില്‍ ജൂലൈ 7,8,9 തിയതികളില്‍ നടന്നു. ഡല്‍ഹി അശോക ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ ആനി രാജ, ഡോക്ടര്‍ ജോസ് ചാക്കോ പെരിയപുരം, ഡോക്ടര്‍ ജേക്കബ് ഈപ്പന്‍, ഡോക്ടര്‍ രാജേശ്വരി, ഡോക്ടര്‍ ഐസക്ക് ജോണ്‍ പട്ടാണി പറമ്പില്‍, രാജന്‍ സക്കറിയ, കെ. രഘുനാഥ്, പി.കെ. നമ്പ്യാര്‍, പി.കെ.ഡി. നമ്പ്യാര്‍, പ്രശസ്ത സിനിമാ താരം ജയരാജ് വാര്യര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, റിട്ടയേഡ് സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അമേരിക്കയിലെ മിസോറി ടെക്സസ് മേയര്‍ റോബിന്‍ ജെ. ഏലക്കാട്ട്, തുടങ്ങിയവര്‍ പങ്കെടുത്തു. സമൂഹ ഗാനം പാടുമ്പോള്‍ തന്‍റെ ശബ്ദം കേള്‍ക്കണമെന്ന് ഒരു ഗായകനും ആഗ്രഹിക്കരുത്. ഒറ്റ ശബ്ദമേ സമൂഹ ഗാനത്തിന് ഉണ്ടാകാവൂ. മലയാളി കൂട്ടായ്മകളുടെ രണ്ട് സമ്മേളനങ്ങളിലും പങ്കെടുത്ത് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞ വാക്കുകള്‍ക്ക് വലിയ അര്‍ത്ഥമുണ്ടെന്ന് മലയാളി കൂട്ടായ്മയുടെ നേതാക്കളും മനസിലാക്കണം.