വരുന്നൂ ഡല്‍ഹിയില്‍ നമ്മുടെ സാംസ്കാരിക കേന്ദ്രം

വരുന്നൂ ഡല്‍ഹിയില്‍ നമ്മുടെ സാംസ്കാരിക കേന്ദ്രം

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ഡല്‍ഹിയുടെ കണ്ണായ സ്ഥലത്ത് കേരളത്തിന്‍റെ സ്വന്തം സാംസ്കാരിക സമുച്ചയം വരുന്നു. ആര്‍ട്ട് ഗ്യാലറിയും, ചെറിയ ചലചിത്ര തീയറ്ററും, ഓപ്പണ്‍ എയര്‍ തീയറ്ററും, സെമിനാര്‍ ഹാളും, കോണ്‍ഫറന്‍സ് ഹാളും, മലയാളം ലൈബ്രറിയും, വായനാ മുറിയും, കഫറ്റീരിയയും, ഔട്ട്ഡോര്‍ എക്സിബിഷന്‍ ഏരിയ എന്നിവ കൂടാതെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഈ പ്രദേശത്ത് പൂര്‍ത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. സാംസ്കാരിക സമുച്ചയത്തില്‍ കേരളത്തെ കുറിച്ച് അറിയുവാനുള്ള എല്ലാ സംവിധാനങ്ങളും ടൂറിസം വകുപ്പും, പി.ആര്‍ഡിയും ഒരുക്കും. ആഗസ്റ്റ് ആദ്യവാരം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുമെന്നാണ് സൂചനകള്‍. തിരുവിതാംകൂര്‍ രാജാവിന്‍റെ ഡല്‍ഹിയിലെ കൊട്ടാരം സ്വതന്ത്രാനന്തരം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ട്രാവന്‍കൂര്‍ ഹൗസ് എന്ന പേരില്‍ തന്നെയാണ് ഇന്നും അത് അറിയപ്പെടുന്നത്. കൊച്ചി രാജാവിനും ഡല്‍ഹിയില്‍ ഒരു കൊട്ടാരമുണ്ടായിരുന്നു. കൊച്ചിന്‍ ഹൗസ് എന്നാണ് അത് അറിയപ്പെട്ടത്. സ്വതന്ത്രാനന്തരം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കൊച്ചിന്‍ ഹൗസ് കേരള ഹൗസായി. 

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിലേക്ക് പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട കൊച്ചിന്‍ ഹൗസും ട്രാവന്‍കൂര്‍ ഹൗസും എത്തിപ്പെടുകയായിരുന്നു. കേരള സംസ്കാരം രൂപീകൃതമായതോടുകൂടി രണ്ടിന്‍റെയും ഉടമസ്ഥാവകാശം കേരള സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഏതാനും വര്‍ഷം മുന്‍പ് കൊച്ചിന്‍ ഹൗസ് നവീകരണം നടത്തി മുഖ്യമന്ത്രിക്കും, ഗവര്‍ണര്‍ക്കും, കേരള ചീഫ് സെക്രട്ടറിക്കും പ്രതേകമായ അതിഥി മന്ദിരമാക്കി മാറ്റി. അവിടെയാണ് കേരള സര്‍ക്കാരിന്‍റെ പ്രധാന ഓഫീസര്‍മാരുടെ കാര്യാലയമുള്ളത്. സമാനമായ നവീകരണമാണ് ഇപ്പോള്‍ ട്രാവന്‍കൂര്‍ ഹൗസില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ എത്തുന്ന മലയാളിക്ക് ഒരു ആശ്രയകേന്ദ്രമാണ് നഗരമധ്യത്തിലുള്ള കേരള ഹൗസ്. ഒരു സാംസ്ക്കാരിക കേന്ദ്രം മാത്രമല്ല, കേരള രാഷ്ട്രീയത്തിന്‍റെ എന്നല്ല ദേശീയ രാഷ്ട്രീയത്തിന്‍റെ ചര്‍ച്ചാ വേദി കൂടിയാണ്  ഈ മന്ദിരം. എത്രയോ രാഷ്ട്രീയ നേതാക്കന്മാരുടെ ഭാവിയും പതനവും സംഭവിക്കാന്‍ കാരണമായ തീരുമാനങ്ങള്‍ കൈക്കൊണ്ട വേദികൂടിയാണ് ഇവിടം. സര്‍ക്കാര്‍ അതിഥി മന്ദിരം എന്നതിനെക്കാളുപരി പലകഥകളും ചരിത്രവും ഒളിഞ്ഞിരിക്കുന്ന ഒരു പ്രദേശമാണ് കേരള ഹൗസ്. ഓരോ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ മന്ദിരങ്ങള്‍ ഡല്‍ഹിയിലുണ്ട്. കേരള ഹൗസിന്‍റെ പ്രത്യേകത അത് ഡല്‍ഹിയുടെ കേന്ദ്രഭാഗത്തുതന്നെയാണ് എന്നതാണ്. ഇന്ത്യയ്ക്ക് എല്ലാ രാജ്യത്തും എംബസികള്‍ ഉള്ളതുപോലെ സംസ്ഥാനങ്ങളുടെ എംബസികളാണ് ഡല്‍ഹിയിലെ മന്ദിരങ്ങള്‍. കേരളത്തിന്‍റെ എംബസിയാണ് ഡല്‍ഹിയിലെ കേരള ഹൗസ്. കേരള ഹൗസ് ഇരിക്കുന്ന പ്രദേശത്ത് നാലു കെട്ടിടങ്ങള്‍ കാണാം. അതിലൊന്ന് ഒരു പഴയ കൊച്ചു കൊട്ടാരസമാനമായ കെട്ടിടമാണ്. പഴക്കംചെന്ന ഈ കൊച്ചു കെട്ടിടത്തിന് ഒത്തിരി കഥകള്‍ പറയാനുണ്ട്. 

ദിനംപ്രതി ഒട്ടേറെ കഥകള്‍ കേരള ഹൗസില്‍ നിന്ന് പുറത്തുവന്നു കൊണ്ടുമിരിക്കുന്നു. 1912 ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ പണി നടക്കുന്ന അവസരം. പണിയുടെ കോണ്‍ട്രാക്ടര്‍മാരില്‍  പാകിസ്ഥാനികളായ സുയാന്‍ സിങും മകന്‍ ശോഭാ സിങും ഉണ്ടായിരുന്നു. കരാര്‍ പണിക്കാര്‍ക്കും മറ്റും താമസിക്കുന്നതിന് അവര്‍ പ്രഭു വില്ലിങ്ടണിന്‍റെ സമ്മതത്തോടെ ഡല്‍ഹിയുടെ പലഭാഗത്തും വീടുകള്‍ നിര്‍മ്മിച്ചിരുന്നു. പാര്‍ലമെന്‍റ് നിര്‍മാണത്തിന്‍റെ കരാര്‍ പണിയില്‍ ശ്രദ്ധിക്കുന്നതിനായി സുയാന്‍ സിങും ശോഭാ സിങും കുടുബംവും മൂന്നാം നമ്പര്‍ ജന്തര്‍മന്ദിറിലുള്ള മൂന്നേക്കര്‍ സ്ഥലത്തെ കെട്ടിടത്തിലാണ് താമസമാക്കിയത്. വൈകുണ്ഠ എന്ന പേരും ആ കെട്ടിടത്തിനു നല്‍കി. വൈകുണ്ഠയില്‍ താമസിക്കുമ്പോഴാണ് ശോഭാ സിങിന് കുശ്വന്ത് എന്ന പുത്രന്‍ ജനിച്ചത്. അദ്ദേഹമാണ് പില്‍ക്കാലത്ത്  ലോക പ്രശസ്ത സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ കുശ്വന്ത് സിങ്. കുശ്വന്ത് സിങിന്‍റെ ബാല്യകാലം ചെലവഴിച്ച വൈകുണ്ഠയാണ്, കേരള ഹൗസിലെ ഇന്നത്തെ ആ കൊച്ചു കൊട്ടാരം. 

കരാര്‍ പണിയില്‍ പണത്തിന് ബുദ്ധിമുട്ട് വന്ന അവസരത്തില്‍ കൈവശം ഉള്ള ചെറിയ കെട്ടിടങ്ങളില്‍ ചിലത് വില്‍ക്കാന്‍ ശോഭാ സിങ് തീരുമാനിച്ചു. ചെറിയ കെട്ടിടങ്ങളില്‍ പാര്‍ലമെന്‍റിനോട് ഏറെ ദൂരെയല്ലാത്ത വൈകുണ്ഠയും വില്‍ക്കുവാന്‍ അവര്‍ തീരുമാനിച്ചു. ഡല്‍ഹിയിലെ പണ്ഡാരാ റോഡിന്‍റെ പരിസരത്ത് അക്കാലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കൊച്ചി രാജാവും തിരുവിതാംകൂര്‍ രാജാവും സ്വന്തമായി സ്ഥലം വാങ്ങാന്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്. കൊച്ചി മഹാരാജാവിന്‍റെ ദിവാനായിരുന്ന ഷണ്‍മുഖന്‍ ചെട്ടി ശോഭാ സിങിനെക്കണ്ട് രാജാവിന്‍റെ താല്‍പര്യം അറിയിച്ചു. അങ്ങനെ ഷണ്‍മുഖം ചെട്ടിയാരുടെ ഇടനിലയില്‍ മൂന്നാം നമ്പര്‍ ജന്തര്‍മന്ദര്‍ റോഡിലെ മൂന്ന് ഏക്കര്‍ സ്ഥലവും കെട്ടിടവും ഒന്നര ലക്ഷം രൂപയ്ക്ക് കൊച്ചി രാജാവ് സ്വന്തമാക്കി. കൊച്ചിരാജാവ് വാങ്ങിയതോടെ വൈകുണ്ഠ കൊച്ചി ഭവനായി. പിന്നീട് അത് കൊച്ചിന്‍ ഹൗസ് ആയി. രാജവാഴ്ച അവസാനിച്ച് ജനാധിപത്യം വ്യവസ്ഥിതി വന്നതോടെ കേരള ഹൗസായി. 

സാഹിത്യരംഗത്തെ കുലപതിയായ കുശ്വന്ത് സിങിന്‍റെ ചെറുപ്പകാലം വിവരിക്കുന്ന പല ലേഖനങ്ങളിലും കൃതികളിലും അന്നത്തെ വൈകുണ്ഠ പലപ്പോഴും കടന്നുവന്നിട്ടുണ്ട്. അന്ന് കുതിരക്കുളമ്പടി കേട്ട് രാവിലെ  നാലുമണിക്ക് ഉണരുന്ന ശീലം ഇന്നും കുശ്വന്ത് സിങിനെ വിട്ടുമാറിയിട്ടില്ലത്രെ. 

കേരള ഹൗസ് കൊച്ചി പേലെ തന്നെ ട്രാവന്‍കൂര്‍ ഹൗസും ഡല്‍ഹിയുടെ കേന്ദ്രപ്രദേശത്തുതന്നെ സ്ഥിതിചെയ്യുന്നു. ഇന്ത്യാഗേറ്റിനോട് ചേര്‍ന്നുകിടക്കുന്ന ഏക്കറുകണക്കിന്  ഭൂമിയിലെ മനോഹരമായ ഒരു കൊച്ചുകൊട്ടാരം ഏറെ ഒച്ചപ്പാടുകള്‍ക്കു ശേഷം പുനര്‍ജീവിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ഒരിടയ്ക്ക് കേരള ജനതക്ക് മൊത്തം അവകാശപ്പെട്ട ആ സ്ഥലം സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുവാന്‍ വരെ നമ്മുടെ നേതാക്കന്മാര്‍ ഒരുങ്ങിയതാണ്. ആ ശ്രമം തടഞ്ഞതുകൊണ്ടാകണം സംരക്ഷിക്കപ്പെടാതെ കാടുപിടിച്ച് വര്‍ഷങ്ങളോളം ട്രാവന്‍കൂര്‍ ഹൗസിന് കിടക്കേണ്ടി വന്നത്. നോര്‍ക്കയുടെയും റൂട്ട്സിന്‍റെയും ഓഫീസ് അവിടേക്ക് മാറിയതിനുശേഷം ഉണ്ടായ മാറ്റം ഏതൊരു കേരളീയനും അഭിമാനിക്കാവുന്നതാണ്. ഡല്‍ഹിയിലെ അറിയപ്പെടുന്ന ഏതൊരു ആര്‍ട്ട് ഗാലറിയും പോലെ ട്രാവന്‍കൂര്‍ ഹൗസില്‍ തയ്യാറാക്കിയിരിക്കുന്ന ആര്‍ട്ട് ഗാലറിയും പ്രശസ്തമായിരുന്നു. ട്രാവന്‍കൂര്‍ ഹൗസ് ആര്‍ട്ട് ഗാലറി മുഴുവനും മുന്‍കൂര്‍ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ കൊച്ചിന്‍ ഹൗസ് നവീകരിക്കാന്‍ തീരുമാനിച്ചതോടെ അവിടെ അന്ന് പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഓഫീസുകളൊക്കെ ട്രാവന്‍കൂര്‍ ഹൗസിലേയ്ക്ക് മാറി. ട്രാവന്‍കൂര്‍ ഹൗസ് ആര്‍ട്ട് ഗാലറി അതോടെ അടയ്ക്കേണ്ടി വന്നു.

ഇന്ത്യാഗേറ്റിനും സാംസ്ക്കാരിക കേന്ദ്രമായ മണ്ഡിഹൗസിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന്‍റെ മൂല്യം നിര്‍ണയിക്കുക ഏറെ പ്രയാസമാണ്. ചില സര്‍ക്കാര്‍ ഉദ്യോസസ്ഥരും, കേരള സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയനും കേരള സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ കെട്ടിടം വെറും ഒരു വാസസ്ഥലമായി മാറ്റിയത് നായനാര്‍ മുഖ്യമന്ത്രിയും, എം.പി. വീരേന്ദ്രകുമാര്‍ കേന്ദ്ര നഗര വികസന സഹമന്ത്രി ആയിരുന്ന അവസരത്തിലാണ്. 

ഡല്‍ഹി മലയാളികളുടെ മാത്രമല്ല കേരളത്തിലെ മലയാളികള്‍ക്ക് കൂടി സാംസ്കാരിക രംഗത്ത് ഒട്ടേറെ വിപ്ലവങ്ങള്‍ നടത്തുവാന്‍ സാധിക്കുന്ന ഒന്നായി നവീകരിച്ച ട്രാവന്‍കൂര്‍ ഹൗസിലെ സാംസ്കാരിക നിലയം മാറും എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. 20 കോടി രൂപയിലേറെ ചെലവഴിച്ചാണ് ട്രാവന്‍കൂര്‍ ഹൗസിന്‍റെ നവീകരണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ പ്രശസ്തമായ ഡല്‍ഹി ഹട്ട് മാതൃകയില്‍ കേരളത്തിന്‍റെ തനത് ഉല്‍പ്പന്നങ്ങള്‍ ഇവിടെ വിപണനം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

കേരളത്തിന്‍റെ സാംസ്കാരിക മുഖങ്ങളായ കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള ചലചിത്ര അക്കാദമി തുടങ്ങിയവയുടെ സഹകരണത്തോടെ ഈ സാംസ്കാരിക നിലയം ഒരു വലിയ പ്രസ്ഥാനമായി വളര്‍ത്തിയെടുക്കണമെന്ന് ഡല്‍ഹി മലയാളികള്‍ രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മികച്ച സിനിമകള്‍ ആഴ്ചയില്‍ ഒരു ദിവസം ചലച്ചിത്ര അക്കാദമിയെ കൊണ്ട് ഇവിടെ പ്രദര്‍ശനം നടത്തിക്കുന്ന സംവിധാനം ഉണ്ടാക്കണമെന്നാണ് മലയാളികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി എന്ന ലോക പ്രശസ്തമായ മലയാളികളുടെ സ്ഥാപനം ഡല്‍ഹിയില്‍ ഉണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ ആഴ്ചയില്‍ ഒരു ദിവസം കേരളത്തിന്‍റെ തനത് കലാരൂപമായ കഥകളി ഇവിടെ അവതരിപ്പിക്കണമെന്ന് ആവശ്യവും പ്രവാസി മലയാളികള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെയും മലയാളം മിഷന്‍റെയും നേതൃത്വത്തില്‍ ഒരു മലയാളം വായനശാല ഇവിടെ ഉണ്ടാകണമെന്നുള്ള മറ്റൊരു ആവശ്യവും അവര്‍ ഉന്നയിക്കുന്നു. മലയാള ഭാഷയെ രാജ്യതലസ്ഥാനത്ത് ശക്തമായി നിര്‍ത്തുന്നതിന് ഈ വായനശാലയും വായനാ മുറിയും ഉപകരിക്കുമെന്ന് പ്രവാസി മലയാളികള്‍ വിശ്വസിക്കുന്നു.

നൂറുകണക്കിന് കലാകാരന്മാരാണ് കേരളത്തിലുള്ളത്. അവര്‍ക്ക് ഡല്‍ഹിയില്‍ രാജ്യ തലസ്ഥാനത്ത് ഒരു കലാ പ്രകടനം നടത്തുവാനും, ചിത്രപ്രദര്‍ശനം നടത്തുവാനുള്ള അവസരങ്ങള്‍ പുതുതായി തുടങ്ങുന്ന സാംസ്കാരിക കേന്ദ്രം വഴി സാധ്യമാകണം. അതുപോലെ പ്രവാസികളായ മലയാളി കലാകാരന്‍മാര്‍ക്കും കേരള സര്‍ക്കാരിന്‍റെ പുതിയ സാംസ്കാരിക കേന്ദ്രം ഉപകരിക്കണം. കേരളത്തിലെ സാംസ്കാരിക അക്കാഡമികള്‍ വഴി ഇതൊക്കെ നടപ്പിലാക്കാവുന്നതേയുള്ളൂ. കേരള ഖജനാവിന് വന്‍ വരുമാനം ഉണ്ടാക്കുന്ന ഒരു സാംസ്ക്കാരി കേന്ദ്രമായി ട്രാവന്‍കൂര്‍ ഹൗസ് മാറും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഡല്‍ഹിയിലെ സാംസ്കാരിക കേന്ദ്രം എന്ന ആവശ്യം വര്‍ഷങ്ങളായി ഡല്‍ഹി മലയാളികള്‍ ഉയര്‍ത്തുന്നത് സാക്ഷാത്കരിക്കപ്പെടാന്‍ പോകുകയാണ്.