കര്‍ക്കിടകത്തിലെ പേമാരിയും, പ്രളയവും

കര്‍ക്കിടകത്തിലെ പേമാരിയും, പ്രളയവും

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


കഴിഞ്ഞ പോയ ദിവസങ്ങള്‍ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞ മണിക്കൂറുകളായിരുന്നു നമുക്ക് ചുറ്റും എന്നതിന് ഒരു സംശയവുമില്ല. കര്‍ക്കിടകത്തിലെ മഴ നമ്മുടെ രാജ്യത്ത് തെക്ക് വടക്ക് വ്യത്യാസമില്ലാതെ തകര്‍ത്തു പെയ്തത് വലിയ വാര്‍ത്തയായിരുന്നു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മഴയുടെ ശക്തി ഉണ്ടായിരുന്നു. സാധാരണഗതിയില്‍ കേരളത്തിലാണ് ഇത്തരത്തില്‍ കര്‍ക്കിടക മാസത്തില്‍ തകര്‍ത്തു പെയ്യുന്ന മഴ ഉണ്ടാകുന്നത്. എന്നാല്‍ അത് ഇത്തവണ രാജ്യത്ത് ആകമാനം പെയ്തിറങ്ങി. വടക്കേ ഇന്ത്യയില്‍ പെയ്ത മഴയില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മഴവെള്ളം കൊണ്ട് പ്രളയം ഉണ്ടായി. രാജ്യതലസ്ഥാനത്തിലൂടെ ഒഴുകുന്ന യമുന കവിഞ്ഞൊഴുകി. ഇത് ജന ജീവിതത്തെ സാരമായി ബാധിച്ചു. ബഹിരാകാശ രംഗത്ത് ഇന്ത്യ നടത്തിയ പരീക്ഷണങ്ങളുടെ വിജയമായിരുന്നു ചന്ദ്രയാന്‍ മൂന്നിന്‍റെ വിക്ഷേപണം. അതും നമ്മുടെ വാര്‍ത്തകളിലെ പ്രധാന തലക്കെട്ടായി വന്നു. ഇതിനിടയില്‍ ഒട്ടേറെ രാഷ്ട്രീയ വാര്‍ത്തകള്‍ നമ്മുടെ വാര്‍ത്താ താളുകളില്‍ ഉണ്ടായി. മണിപ്പൂര്‍ അതിലൊന്നായിരുന്നു. മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന അരക്ഷിതാവസ്ഥ എല്ലാ ദിവസവും വാര്‍ത്ത താളുകളില്‍ ഇടം പിടിച്ചിരുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. പ്രതിപക്ഷ ഐക്യ ശ്രമങ്ങളാണ് മറ്റൊന്ന്.

ആദ്യം കര്‍ക്കിടക മാസത്തെ വിശേഷണങ്ങളാകാം. കൊല്ലവര്‍ഷത്തിലെ 12-മത്തെ മാസമാണ് കര്‍ക്കടകം, പഞ്ഞമാസം അഥവാ രാമായണമാസം. കര്‍ക്കിടക മാസത്തെയാണ് നാം രാമായണ മാസമായി ആചരിക്കുന്നത്. ഒട്ടനവധി ധാര്‍മിക മൂല്യങ്ങളെ മുറുകെ പിടിച്ചിട്ടുള്ള രാമായണ പാരായണം കര്‍ക്കടക മാസത്തില്‍ നടത്തുക മലയാളികള്‍ക്കിടയില്‍ പതിവാണ്. രാമായണം എന്നാല്‍ ശ്രീരാമന്‍റെ യാത്ര എന്നാണ് അര്‍ത്ഥം. രാമയണം രണ്ടുണ്ട്. വാത്മീകി രചിച്ച രാമായണത്തേക്കാള്‍, മലയാളികള്‍ക്ക് പരിചിതം എഴുത്തച്ഛന്‍റെ അധ്യാത്മ രാമായണം കിളിപ്പാട്ടാണ്. വടക്കേ ഇന്ത്യയില്‍ വാത്മീകി രാമായണമാണ് പ്രിയം. 

വാല്മീകി എഴുതിയ രാമായണം കാവ്യ രൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ വാല്മീകിയുടെ രാമായണം ആദിമ കാവ്യം എന്നും അറിയപ്പെടുന്നു. 20000 ശ്ലോകം രാമായണത്തില്‍ കാവ്യരൂപത്തില്‍ വാത്മീകി എഴുതിയിട്ടുണ്ട്. 500 അധ്യായങ്ങള്‍ വാത്മീകി രാമായണത്തിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കൃഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരാകാണ്ഡം എന്നിങ്ങനെ 7 കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. വാഗ്മികി മഹര്‍ഷി മനുഷ്യജന്മത്തിന്‍റെ ഉദ്ദേശവും, പാലിക്കപ്പെടേണ്ട കര്‍മങ്ങള്‍ എന്തൊക്കെ എന്നും, ചെയ്യാന്‍ പാടില്ലാത്തത് എന്തൊക്കെ എന്നും, തിന്മയേത് എന്നും, മോക്ഷപ്രാപ്തി എങ്ങനെ കൈവരിക്കാന്‍ സാധിക്കും എന്നും രാമായണത്തില്‍ വിവരിക്കുന്നു. മനുഷ്യന്‍ നിത്യജീവിതത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളില്‍ ഓരോന്നിനും രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അത്തരത്തില്‍ പരിശോധിച്ചാല്‍ വ്യക്തവും സത്യനിഷ്ടവുമായ മറുപടി തരുന്ന അതിവിശിഷ്ടമായ ഒരു ഗ്രന്ഥമാണ് രാമായണം എന്ന് വിലയിരുത്താം.

ആധുനിക മലയാളഭാഷയുടെ പിതാവാണല്ലോ ഭക്തകവിയായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. എഴുത്തച്ഛന്‍ ശുദ്ധമലയാളത്തിലാണ് അധ്യാത്മരാമായണം കിളിപ്പാട്ട് വൃത്തത്തില്‍ രചിച്ചത്. അതുകൊണ്ടാകും മലയാളികള്‍ക്ക് എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണത്തോട് കൂടുതല്‍ പ്രിയം. കിളി കഥ പറയുന്ന രീതിയില്‍ എഴുതപ്പെട്ടിരിക്കുന്ന കാവ്യങ്ങളെയാണ് കിളിപ്പാട്ടുകള്‍ എന്നറിയപ്പെടുന്നത്. സംസ്കൃതത്തിലെ അധ്യാത്മ രാമായണം എന്ന കാവ്യത്തെ അവലംബിച്ചാണ് എഴുത്തച്ഛന്‍ കിളിപ്പാട്ട് രീതിയില്‍ അധ്യാത്മരാമായണം എഴുതിയിരിക്കുന്നത്. കേരളത്തില്‍ മലയാള വര്‍ഷത്തിലെ കര്‍ക്കിടക മാസം രാമായണ പാരായണ മാസമായി പ്രത്യേകം ആചരിക്കുന്നു. കര്‍ക്കിടകം ഒന്നിന് വീടുകളിലും ക്ഷേത്രങ്ങളിലും രാമായണം പാരായണം ചെയ്യാറുണ്ട്. രാമായണ മാസമെന്നാണ് കര്‍ക്കിടകം അറിയപ്പെടുന്നതു തന്നെ.

മലയാള വര്‍ഷത്തിലെ അവസാന മാസമാണ് കര്‍ക്കടകം എന്ന് പറഞ്ഞുവല്ലോ. ചിങ്ങത്തെ വരവേല്‍ക്കാനായുള്ള കാത്തിരിപ്പ് കൂടിയാണ് ഈ ഒരു മാസക്കാലം. മലയാളികളുടെ പുതുവര്‍ഷമാണല്ലോ ചിങ്ങമാസം. ജൂലൈ - ഓഗസ്റ്റ് മാസങ്ങള്‍ക്ക് ഇടക്കായി ആണ് കര്‍ക്കടക മാസം വരുന്നത്. മലബാറിലെ ചിലയിടങ്ങളില്‍ കര്‍ക്കിടകത്തിന് സ്വാഗതമോതുന്നത് കാര്‍ഷിക മൂര്‍ത്തിയായ കലിയനെ വരവേറ്റുകൊണ്ടാണ്. കലിയാ കലിയാ കൂ..കൂ.. എന്ന വിളി കേള്‍ക്കുന്ന ഗ്രാമങ്ങള്‍ ഇന്നും കാണാം. കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസമായാണ് കര്‍ക്കടക മാസത്തെ വിലയിരുത്തുന്നത്. അപ്രതീക്ഷിതമായി മഴ പെയ്യുമ്പോള്‍ കള്ളക്കര്‍ക്കടകം എന്ന ചൊല്ലു തന്നെ നിലവിലുണ്ട്. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ പഞ്ഞമാസം എന്നും വിളിക്കപ്പെടുന്നു. 

കര്‍ക്കിടക മാസത്തില്‍ വലിയ രീതിയില്‍ മഴയുണ്ടാകുന്നതിനാല്‍ മഴക്കാല രോഗങ്ങള്‍ ഈ കാലഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുന്നു. കര്‍ക്കടക മാസത്തില്‍ ആരോഗ്യ പരിപാലനത്തിനായി കര്‍ക്കടകക്കഞ്ഞി കുടിക്കുന്നത് നല്ലതാണെന്ന് ആയുവേദ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. മലയാളികള്‍ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വര്‍ദ്ധനവിനുമായി ഔഷധകഞ്ഞി അഥവാ കര്‍കിടക കഞ്ഞി കുടിക്കുക പതിവാണ്. അതുകൊണ്ട് തന്നെ കര്‍കിടക കഞ്ഞിക്ക് ഇന്ന വലിയ വിപണി തന്നെ ഉണ്ടായിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കര്‍ക്കടകക്കഞ്ഞി തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്നു. ആയുര്‍വേദ നാട്ടുവൈദ്യ വിധിപ്രകാരം പല കേന്ദ്രങ്ങളിലും കര്‍ക്കടക മാസത്തില്‍ പ്രത്യേക സുഖചികില്‍സ നടത്തുന്നുണ്ട്.

കര്‍ക്കിടകത്തില്‍ വലിയ മഴയാണ് നമുക്ക് മലയാളികള്‍ക്ക് കാലങ്ങളായി ലഭിച്ചിരുന്നത്. അടുത്ത കുറച്ച് കാലമായി കാലം തെറ്റിയും കര്‍ക്കിടക മഴ പെയ്യാറുണ്ട്. മലയാളികളുടെ  കര്‍ക്കിടക പെയ്ത്ത് ഓര്‍മിപ്പിച്ച് സാമാന്യം ശക്തമായ നിലയില്‍ രാജ്യമാകാമാനം ഈ വര്‍ഷം മഴ പെയ്തു. 2018ലെ കേരളത്തിലെ പ്രളയം പോലെ രാജ്യ തലസ്ഥാനത്തെ ചില പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വടക്കേ ഇന്ത്യയില്‍ എപ്പോള്‍ മഴപെയ്താലും ഡല്‍ഹിയില്‍ യമുന കരകവിഞ്ഞൊഴുകുക പതിവാണ് കോമണ്‍ വെല്‍ത്ത് മത്സരം നടക്കുന്ന കാലത്ത് യമുന കരകവിഞ്ഞൊഴുകിയത് ശക്തമായിട്ടായിരുന്നു. അതിനേക്കാള്‍ ശക്തിയിലാണ് ഇത്തവണ യമുന ഒഴുകിയത്. ജനവാസ കേന്ദ്രങ്ങളിലൂടെ യമുന ഒഴുകിയപ്പോള്‍ രാജ്യ തലസ്ഥാനം സ്ഥാപിച്ചു പോയി. അതിന്‍റെ കാരണം മനുഷ്യര്‍ തന്നെയാണ് എന്ന് വിലയിരുത്തണം. യമുന എന്നു പറയുന്ന വലിയ നദിയുടെ തീരങ്ങള്‍ മനുഷ്യര്‍ കയ്യേറുകയായിരുന്നു. അങ്ങനെ കയ്യേറി ഒട്ടേറെ കെട്ടിടങ്ങള്‍ മനുഷ്യന്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ വെള്ളം കയറിയിരിക്കുന്ന രാജ്ഘട്ടും അക്ഷരധാം ക്ഷേത്രവും എല്ലാം യമുനാ നദിയുടെ തീരം കയ്യേറി നിര്‍മ്മിച്ചിട്ടുള്ളതാണ്. എന്തിനേറെ പറയണം, കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച കോമണ്‍ വെല്‍ത്ത് വില്ലേജ് സ്ഥിതി ചെയ്യുന്നതും യമുന തീരങ്ങളിലാണ്. യമുനയുടെ തീരങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. ഈ കുടുംബങ്ങളെല്ലാം ഇപ്പോള്‍ ഡല്‍ഹിയുടെ റോഡുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഇവര്‍ കര്‍ഷകരാണ്. തൊഴിലാളികളാണ്. പക്ഷെ അവര്‍ യമുനാ തീരത്തെ അനധിക്യത താമസക്കാരാണ്.

യമുന നദിയുടെ തീരത്താണ് പ്രശസ്തമായ ചെങ്കോട്ട മുകള്‍ രാജാക്കന്മാര്‍ നിര്‍മ്മിച്ചത്. ചെങ്കോട്ടയുടെ അതിര്‍ത്തിയില്‍ യമുനാ നദിയിലെ തിരകള്‍ വന്ന് അടിക്കുമായിരുന്നു എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ന് ചെങ്കോട്ടയിലെ അതിര്‍ത്തിയില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ഓളം നികത്തപ്പെട്ടിരിക്കുകയാണ്. ഇവിടെ ഒട്ടേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നു. ചെങ്കോട്ടയോട് ചേര്‍ന്നാണ് റിങ്ങ് റോഡ് പോകുന്നത്. യഥാര്‍ഥത്തില്‍ ഒരുകാലത്ത് യമുനാ നദി ഒഴുകിയിരുന്ന ഭാഗമാണ് ഇന്നത്തെ ഡല്‍ഹിയിലെ റിങ് റോഡ്. ഈ പ്രദേശം മഴവെള്ളത്തില്‍ പുഴയായി മാറിയിരിക്കുന്നു. യമുനാനദി കരകവിഞ്ഞ് ഇതിലൂടെ ഒഴുകി. പണ്ട് യമുനാനദി ഒഴുകിയ പോലെ മാത്രമേ ഇപ്പോള്‍ ഒഴികിയിട്ടുള്ളൂ എന്നും പറയാം.

1857ല്‍ ബ്രിട്ടീഷുകാര്‍ ചെങ്കോട്ടയ്ക്ക് നേരെ ആക്രമണം നടത്തിയപ്പോള്‍ അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫര്‍ ചെങ്കോട്ടയില്‍ നിന്ന് അതീവ രഹസ്യമായി നിസാമുദ്ദീന്‍ ദര്‍ഗയ്ക്ക് അടുത്തുള്ള ഹുമയൂണിന്‍റെ മൃതികുടീരത്തിലേക്ക് രക്ഷപ്പെട്ടത് യമുനാ നദിയിലൂടെയായിരുന്നു. അന്നത്തെ ചരിത്ര വിവരങ്ങളില്‍ യമുന ചെങ്കോട്ടയോട് ചേര്‍ന്നാണ് ഒഴുകിയത്. ഷാജഹാന്‍ ചക്രവര്‍ത്തി 1639ല്‍ ഡല്‍ഹിയില്‍ ചെങ്കോട്ടയും ഡല്‍ഹി ജുമാ മസ്ജിദും അടങ്ങുന്ന തലസ്ഥാനം പണിയുന്നത് യമുനാ നദിക്കരയിലാണ്. യമുനയായിരുന്നു അന്നത്തെ പ്രധാന സഞ്ചാര മാര്‍ഗവും. ഡല്‍ഹിയുടെ പഴയകാല രേഖാചിത്രങ്ങളിലും യമുന ചെങ്കോട്ടയോട് ചേര്‍ന്നാണൊഴുകുന്നത്. 1911ല്‍ ബ്രിട്ടീഷുകാര്‍ അവരുടെ ഭരണത്തിന്‍റെ സിരാകേന്ദ്രം ഡല്‍ഹിയില്‍ പണിയാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം തെരഞ്ഞെടുത്തത് യമുനാ നദിക്കരയായിരുന്നു. എന്നാല്‍ അന്നത്തെ ശില്‍പി എഡ്വില്‍ ല്യൂട്ടന്‍ അതിനെ എതിര്‍ത്തു. കണ്ടെത്തിയ സ്ഥലം യമുനയുടെ ഫ്ളെഡ്പ്ലേയ്നാണെന്നായിരുന്നു ല്യൂട്ടന്‍ ചൂണ്ടിക്കാട്ടിയത്. 

ഫ്ളഡ്പ്ലേയ്നെന്നാല്‍ നദിക്ക് ഇരുവശത്തുമുള്ള ഭാഗമാണ്. ജലനിരപ്പ് കൂടുമ്പോള്‍ വീതിയിലൊഴുകാനും അല്ലാത്തപ്പോള്‍ ഒഴിഞ്ഞ ഭാഗമായി കിടക്കുകയും ചെയ്യുന്ന സ്ഥലം. ല്യൂട്ടന്‍റെ നിര്‍ദേശം ബ്രിട്ടീഷ് അധികാരികള്‍ അംഗീകരിക്കുകയും പകരം റൈസിനാ ഹില്‍സ് കണ്ടെത്തുകയും ചെയ്തു. അങ്ങനെയാണ് ഇന്നത്തെ രാഷ്ട്രപതിഭവനും നോര്‍ത്ത് സൗത്ത് ബ്ലോക്കുകളും പാര്‍ലമെന്‍റും എല്ലാം അടങ്ങുന്ന ഭരണസിരാ കേന്ദ്രമുണ്ടായത്. യമുനയ്ക്കിരുവശത്തും ഓരോ കിലോമീറ്ററാണ് ഫ്ളഡ്പ്ലെയിനായി വേണ്ടത്. എന്നാല്‍ ഇവിടെയെല്ലാം നിര്‍മാണം വന്നു. ചെറിയ നിര്‍മാണം പോലും വെള്ളത്തിന്‍റെ സാധാരണ ഒഴുക്ക് തടയുകയും പ്രളയമുണ്ടാക്കുകയും ചെയ്യും. അതോടെ വെള്ളം ഫ്ളെഡ്പ്ലെയ്നും വിട്ട് മറ്റുമേഖലകളിലേക്കും പരക്കും. ഡല്‍ഹിയിലും ഇതുണ്ടായെന്നാണ് കരുതുന്നത്.

ടിബറ്റിന് അഭയാര്‍ത്ഥികളുടെ ഒരു വലിയ കോളനി തന്നെ ഡല്‍ഹിയിലുണ്ട്. മജ്നു-ക-ടില്ല 1950ല്‍ സ്ഥാപിതമായ ഇന്ത്യയിലെ ഒരു കോളനിയാണ്. വടക്കന്‍ ഡല്‍ഹി ജില്ലയുടെ ഭാഗമായ കാശ്മീരി ഗേറ്റിന് സമീപം യമുന നദിയുടെ  തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 2010 ലെ മഴക്കാലത്ത് അഭയാര്‍ത്ഥി കോളനിയില്‍ വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി, അതിന്‍റെ ഫലമായി നിരവധി താമസക്കാര്‍ അവരുടെ കെട്ടിടങ്ങളില്‍ ബലപ്പെടുത്തല്‍ നടപടികള്‍ സ്വീകരിച്ചു. 2013 ജൂണ്‍ 20 ന്, ഉത്തരേന്ത്യന്‍ വെള്ളപ്പൊക്ക സമയത്ത്, യമുനാ നദി അതിന്‍റെ തീരം തകര്‍ക്കുകയും താഴ്ന്ന പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ദിവസങ്ങളോളം അവര്‍ ഭാഗികമായി വെള്ളത്തിനടിയിലായി. അതിനേക്കാള്‍ ശക്തമായ വെള്ളപ്പൊക്കമാണ് ഇത്തവണ അവിടെ ഉണ്ടായത്. യമുനാ തീരങ്ങള്‍ ക്കൈയ്യേറിയുള്ള കെട്ടിടങ്ങള്‍ ഇന്ന് വലിയ അപകടാവസ്ഥയിലാണ്. അടിത്തട്ടിന് ഇളക്കം സംഭവിച്ചിരിക്കും. ചുമരുകള്‍ കുതിര്‍ന്ന് ബലക്ഷയം വന്നിരിക്കും. ഫ്ളെഡ്പ്ലെയ്നിലാണ് മജ്നു-ക-ടില്ല. ഫ്ളെഡ്പ്ലെയ്നിലാണ് റിങ്ങ് റോഡ്. ഫ്ളെഡ്പ്ലെയ്നിലാണ് രാജ്ഘട്ട്. ഫ്ളെഡ്പ്ലെയ്നിലാണ് കാശ്മീരി ഗേറ്റ് അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനല്‍. ഇതൊക്കെ യമുനയിലെ വെള്ളത്തിന്‍റെ ഒഴുക്കറിഞ്ഞു.