കത്തുന്ന മണിപ്പൂരും, മിണ്ടാത്ത സര്‍ക്കാരും
സുധീര്‍ നാഥ്
മണിപ്പൂരില്‍ കലാപം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. 2023 മെയ് മാസം മൂന്നാം തീയതി തുടങ്ങിയ കലാപം ഇപ്പോഴും പൂര്‍ണമായി അവസാനിച്ചു എന്ന് പ്രഖ്യാപിക്കുവാന്‍ സാധിച്ചിട്ടില്ല. ഇത് രണ്ട് വിഭാഗം ജനങ്ങളുടെ യുദ്ധമായി ചിത്രീകരിക്കുവാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. വംശീയ കലാപമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അവിടെ നടക്കുന്നത് വര്‍ഗീയ കലാപമാണെന്ന് അന്തര്‍ ദേശിയ, ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മണിപ്പൂരില്‍ നടക്കുന്നത് സ്വന്തം രാജ്യത്തെ രണ്ട് ജനങ്ങള്‍ തമ്മിലുള്ള ഒരു യുദ്ധമായി, ഒരു തര്‍ക്കമായി സര്‍ക്കാര്‍ ചിത്രീകരിക്കുമ്പോള്‍ അത് ലജ്ജാകരം എന്ന് പറയുവാനേ സാധിക്കൂ. പട്ടാളം എന്തുകൊണ്ട് ക്രമസമാധാനം പാലിക്കുന്നതിന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നുള്ളതിന് വലിയ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. സ്വന്തം ജനങ്ങള്‍ തമ്മിലാണ് അവിടെ കലാപം നടക്കുന്നത് എന്നത് കൊണ്ട് സ്വന്തം ജനത്തെ വെടിവെച്ച് കൊല്ലാന്‍ പട്ടാളത്തിന് കഴിയില്ല എന്നതായിരുന്നു സര്‍ക്കാര്‍ മറുപടി. രാജ്യത്തെ രാഷ്ട്രപതി മിണ്ടുന്നില്ല. രാജ്യത്തിന്‍റെ പ്രധാനമന്ത്രി മിണ്ടുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ മിണ്ടുന്നില്ല. എല്ലാവരും കഴിഞ്ഞ രണ്ടര മാസമായി കലാപ കാഴ്ച്ചകള്‍ കാണുകയാണ്.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പ്രധാനമന്ത്രി പദത്തിലിരുന്ന നരേന്ദ്രമോദി അറുപത് തവണയാണ് മണിപ്പൂരില്‍ എത്തിയത്. എന്നാല്‍ മണിപ്പൂരില്‍ കലാപം തുടങ്ങിയിട്ട് അത് അവസാനിപ്പിക്കാന്‍ അദ്ദേഹം ഒരു നടപടിയും എടുത്തില്ല. മണിപ്പൂരില്‍ വന്നല്ലെന്ന് മാത്രമല്ല, മണിപ്പൂരെന്ന സ്ഥല നാമം പോലും ഉരുവിട്ടില്ല. എന്തിനും ഏതിനും ട്വിറ്റ് ചെയ്യുന്ന പ്രധാനമന്ത്രി സമാധാനം ഉണ്ടാകണമെന്ന് പറഞ്ഞില്ല. വിഷയത്തില്‍ പ്രതികരിച്ചില്ല. ഇന്ത്യയില്‍ എത്രയോ കലാപങ്ങള്‍ ഉണ്ടായിരിക്കുന്നു. അതൊക്കെ അടിച്ചമര്‍ത്താന്‍ കഴിവുള്ള സൈന്യമാണ് ഇന്ത്യയ്ക്കുള്ളത്. മുന്‍ കാലങ്ങളില്‍ നടന്നിട്ടുള്ള എല്ലാ കലാപങ്ങളും ദിവസങ്ങള്‍ കൊണ്ട് അമര്‍ച്ച ചെയ്ത ചരിത്രങ്ങള്‍ മാത്രമേയുള്ളൂ. ഈ ലേഖനം എഴുതുന്നത് വരെ മെയ് 3ന് ആരംഭിച്ച കലാപം അവസാനിച്ചിട്ടില്ല.
മണിപ്പൂരിന്‍റെ രാഷ്ട്രീയം
മണിപ്പൂര്‍ ഭരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. തന്നെയാണ്. അറുപത് നിയമസഭാ സീറ്റുകളില്‍ നാല്‍പത് സീറ്റിലും മേയ്തേയി സമുദായമാണ്. മെയ്തേയി സമുദായ നേതാവായ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരന്‍ സിംഗാണ് കലാപത്തിന് നേത്യത്ത്വം കൊടുക്കുന്നതെന്ന ആക്ഷേപമുണ്ട്. മണിപ്പൂരിലെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖ്യമന്ത്രി ബീരന്‍ സിംഗ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരോണ്‍ സിംഗ് രാജിക്കത്തുമായി രാജഭവനിലേക്ക് എത്തുകയും, മലയാളത്തിലെ ഒരു പ്രമുഖ സിനിമയില്‍ പിണങ്ങിപ്പോകുന്ന അച്ഛനെ അയ്യോ അച്ഛാ പോകല്ലേ... എന്നു പറഞ്ഞത് മടക്കുന്ന മക്കളെ പോലെ മണിപ്പാലിലെ സ്ത്രീകള്‍ രാജിവെക്കല്ലേ... എന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ കൊണ്ട് രാജിക്കത്ത് കീറിക്കളയിപ്പിച്ച ഒരു നാടകം രാജ്യം കണ്ടത് അടുത്തകാലത്താണ്. ഇന്ത്യയില്‍ ജനാധിപത്യം പകല്‍ വെട്ടത്ത് പരസ്യമായി കശാപ്പ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
മണിപ്പൂരില്‍ ജനങ്ങളെ മതപരമായി വിഭജിച്ച് വോട്ട് തട്ടുകയെന്ന രാഷ്ട്രീയ കൗശലമാണ് മണിപ്പൂര്‍ കലാപത്തിന്‍റെ പിന്നില്‍. ഇത് വ്യക്തമാക്കുന്ന വസ്തുതകളാണ് ഓരോ ദിവസവും എത്തുന്ന റിപ്പോര്‍ട്ടുകള്‍. മണിപ്പൂരിലെ ഇന്ത്യന്‍ സൈന്യത്തിന്‍റെ 5000ത്തോളം ആയുധങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ബിജെപി മുന്നോട്ടുവെക്കുന്ന ധ്രുവീകരണ രാഷ്ട്രീയമാണ് കുക്കികളും മെയ്തേയികളും തമ്മിലുള്ള കലാപമായി മാറിയിട്ടുള്ളത്. സായുധരായ ജനക്കൂട്ടം ഭരിക്കുന്ന അവസ്ഥ വന്നതോടെ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഗീയ കലാപത്തിന് അവിടെ ഔദ്യോഗികമായി അവസരം ഒരുക്കി, അതിന് വേണ്ട ഇന്ധനം നല്‍കി എന്നെല്ലാം വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ബി.ജെ.പിയുടെ തന്നെ എം.എല്‍.എമാര്‍ മണിപ്പൂര്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം ആണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. മണിപ്പൂരില്‍ നിന്ന് പ്രധാനമന്ത്രിയെ കാണുവാന്‍ ഡല്‍ഹിയിലെത്തിയ പ്രധാനപ്പെട്ട സംഘങ്ങളെ കാണുവാന്‍ പോലും അവസരം നല്‍കിയില്ല. അതേസമയം അമേരിക്കയില്‍ ചെന്ന് ഇന്ത്യയിലെ ജനാധിപത്യം ശക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതിലെ വൈരുദ്ധ്യം ലോക മാധ്യമങ്ങളില്‍ വരെ വന്നത് ഇന്ത്യയ്ക്ക് നാണക്കേടാണ്. മണിപ്പൂര്‍ കലാപ വാര്‍ത്തകള്‍ അതിര്‍ത്തി വിട്ടുപോയിരിക്കുന്നു.
ഇന്ത്യയിലെ മാധ്യമങ്ങള്‍ ഇപ്പോള്‍ കൂച്ചു വിലങ്ങിട്ടിരിക്കുകയാണെന്ന് ലോകം അറിഞ്ഞിരിക്കുന്നു. നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ മാധ്യമങ്ങളും ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വാങ്ങുകയും അത് സര്‍ക്കാര്‍ അനുകൂലമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരെ വിവിധ അന്വേഷണ വിഭാഗങ്ങളെക്കൊണ്ട് വേട്ടയാടുന്നു. ഇത് വളരെ വ്യക്തമായി സമൂഹത്തിന് മനസ്സിലാകുന്നുമുണ്ട്. സര്‍ക്കാരിനെതിരെ ശബ്ദിക്കുവാന്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും ഭയപ്പെടുന്ന ഒരു വര്‍ത്തമാനകാലമാണ് ഇന്ത്യയില്‍ ഉള്ളത്. ലോകത്തിലെ 180 രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങളുടെ പട്ടിക അടുത്താല്‍ ഇതില്‍ ഇന്ത്യയുടെ സ്ഥാനം 161 ആണ് എന്നാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. യുപിഐ ഭരണകാലത്ത് ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ റാങ്ക് നില 80 ആയിരുന്നു എന്നുള്ളത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. അടിയന്തരാവസ്ഥക്കാലത്ത് മാത്രമാണ് ഇന്ത്യയ്ക്ക് മാധ്യമ സ്വാതന്ത്ര്യത്തില്‍ റാങ്കില്‍ പിന്നോട്ട് പോയത്. പാക്കിസ്ഥാനും ഉസ്ബാക്കിസ്ഥാനും മറ്റും മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയെക്കാള്‍ മികച്ച നിലവാരം ഉണ്ടെന്നാണ് കാണുന്നത്.
P. Doungel, Rajeev Singh,Acting Chief Justice of Manipur Muralidaran, Vungzagin Valteമണിപ്പൂരില്‍ ഭൂരിപക്ഷമുള്ള മെയ്തേയി സമുദായത്തിന്‍റെ നിയന്ത്രണത്തിലാണ് അവിടുത്തെ മാധ്യമങ്ങള്‍ മാധ്യമങ്ങള്‍. മെയ്തേയി സമുദായത്തിന്‍റെ ആക്രമത്തെ ന്യായീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് ദിവസവും പുറത്തുവിടുന്നത്. ഇന്‍ഫാലില്‍ പുറത്തിറങ്ങുന്ന പ്രമുഖമായ മൂന്നു പത്രങ്ങള്‍ ദി സന്‍ഗായ് എക്സ്പ്രസ്, ഇന്‍ഫാല്‍ ഫ്രീ എക്സ്പ്രസ്. ദി പീപ്പിള്‍സ് ക്രോണിക്കിള്‍ എന്നിവയാണ്. മണിപ്പാലില്‍ നിന്ന് പുറത്തിറങ്ങുന്ന പത്രങ്ങള്‍ പറയുന്നത് കുക്കി തീവ്രവാദികള്‍ മണിപ്പൂരില്‍ ആക്രമം അഴിച്ചുവിട്ടു എന്നുള്ളതാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ മാറി നില്‍ക്കുന്ന ഇത്തരം വാര്‍ത്തകള്‍ അവിടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പലതവണ ഒരു നുണ ആവര്‍ത്തിക്കുമ്പോള്‍ അത് സത്യമാകും എന്നുള്ള വിശ്വാസമാണ് ഈ മാധ്യമ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ മണിപ്പൂര്‍ കലാപ വിഷയം രാജ്യത്തിന്‍റെ വിഷയമായി മാറിയത് കൊണ്ട് ദേശീയ, മറ്റു പ്രാദേശിക മാധ്യമങ്ങള്‍ അടക്കം അന്തര്‍ദേശീയ മാധ്യമങ്ങള്‍ മണിപ്പൂരിലേക്ക് പറന്നിറങ്ങുകയും യാഥാര്‍ത്ഥ്യം സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തതോടുകൂടി മണിപ്പൂരിലെ മെയ്തേയി സമുദായത്തിന്‍റെ മാധ്യമ വാര്‍ത്തകള്‍ അസാധുവായി മാറിയിരിക്കുകയാണ്.
സോക്രട്ടീസിന്‍റെ ജീവിത കഥ
മണിപ്പൂര്‍ കലാപത്തിനിടയില്‍ സോക്രട്ടീസിന്‍റെ കഥ ഓര്‍ക്കുന്നത് നന്നാകും. ലോകത്തിലെ പ്രമുഖ തത്ത്വചിന്തകനായും സദാചാര ചിന്തയുടെ പിതാവായുമാണ് സോക്രട്ടീസിനെ കണക്കാക്കുന്നത്. എല്ലാ തെറ്റുകളും വരുന്നത് അജ്ഞതയില്‍ നിന്നാണെന്നും ശരി ഏതെന്ന് ആളുകള്‍ക്ക് ബോധ്യം വന്നാല്‍ തെറ്റുകളില്‍ നിന്നവര്‍ പിന്മാറുമെന്നും സോക്രട്ടീസ് വിശ്വസിച്ചു. സോക്രട്ടീസ് പൊതു രാഷ്ട്രീയ സാംസ്കാരിക സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും, അദ്ദേഹത്തിന്‍റെ കൃത്യമായ രാഷ്ട്രീയ തത്വശാസ്ത്രം നിര്‍വചിക്കാന്‍ പ്രയാസമാണ്. സോക്രട്ടീസ് തന്‍റെ സമയം ചെലവഴിച്ചത് പൗരന്മാരുമായി സംവദിച്ചായിരുന്നു. അവരില്‍ ഏഥന്‍സ് സമൂഹത്തിലെ യുവാക്കളും ശക്തരായ അംഗങ്ങളുമായിരുന്നു. അവരുടെ വിശ്വാസങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും അവരുടെ ആശയങ്ങളിലെ വൈരുദ്ധ്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളേക്കാള്‍ തത്ത്വചിന്തയിലൂടെ നഗരത്തിന്‍റെ ധാര്‍മ്മിക ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിനാണ് രാഷ്ട്രീയം എന്ന് സോക്രട്ടീസ് പറഞ്ഞു.
ഏതന്‍സിലെ ഭരണാധികാരികള്‍ക്ക് അദ്ദേഹത്തിന്‍റെ പ്രശസ്തിയും ഉപദേശങ്ങളുമൊന്നും ഇഷ്ടമായില്ല. അസൂയ നിമിത്തം അവര്‍ പറഞ്ഞു പരത്തി സോക്രട്ടീസ് ഏതന്‍സിലെ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന്. ഒടുക്കം അവര്‍ സോക്രട്ടീസിനെ ജയിലില്‍ അടച്ചു. എന്നാല്‍ തന്‍റെ ലക്ഷ്യങ്ങളെ പിന്തുടരുന്ന കാര്യത്തില്‍ സോക്രട്ടീസ് ഉറച്ചു നിന്നു. ജയിലില്‍ കിടക്കുമ്പോഴും അദ്ദേഹം 'ആത്മാവ് നശിക്കാത്തതാണ്' എന്ന് പഠിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഭരണാധികാരികള്‍ക്ക് കടുത്ത വിദ്വേഷമുണ്ടായി. അവര്‍ അദ്ദേഹത്തിന് മരണശിക്ഷ വിധിച്ചു. അദ്ദേഹത്തെ അതൊട്ടും കുലുക്കിയില്ല. ഹെംലക്ക് (ഒലാഹീരസ) എന്ന വിഷം അദ്ദേഹത്തെ കുടിപ്പിച്ചു. പുഞ്ചിരിയോടെ അദ്ദേഹമത് കുടിച്ചു. ചുറ്റും നിന്ന അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ പൊട്ടിക്കരഞ്ഞപ്പോഴും മരിക്കുന്നതു വരെ സോക്രട്ടീസിന്‍റെ ചിരി മാഞ്ഞില്ല.
മണിപ്പൂരിലെത്തിയ നേതാക്കള്‍
മണിപ്പൂരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ച് സമാധാനം ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്തു. അദ്ദേഹം മണിപ്പൂരില്‍ രണ്ട് ദിവസം നടത്തിയ സന്ദര്‍ശനം വലിയ രാഷ്ട്രീയ ചലനമുണ്ടാക്കി. അതുപോലെ തന്നെ സി.പി.എം അടക്കം പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ അവിടെ എത്തി. പാര്‍ലമെന്‍റിലെ പ്രതിപക്ഷ അംഗങ്ങള്‍ അവിടെ എത്തി. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ജോസ് കെ. മാണി, തോമസ് ചാഴിക്കാടന്‍ തുടങ്ങിയവര്‍ കലാപ ഭൂമിയില്‍ സമാധാന ശ്രമങ്ങളുമായി എത്തിയത്. മണിപ്പൂരില്‍ ഒരു തിരഞ്ഞെടുപ്പ് നടക്കുന്നില്ല. വോട്ട് ചോദിക്കാനായിരുന്നില്ല അവരാരും അവിടെ പോയത്. എല്ലാവരും സമാധാനം ഉണ്ടാകണമെന്നാണ് അഭ്യര്‍ത്ഥിച്ചത്. മണിപ്പൂരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്. 2024ലെ തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ കലാപം രാജ്യത്താകമാനം ചലനങ്ങള്‍ സ്യഷ്ടിക്കും. കേരളത്തിലെ ക്രിസ്തീയ സഭകള്‍ ബി.ജെ.പി. പക്ഷത്തേയ്ക്ക് ഒന്ന് ചാഞ്ഞതായിരുന്നു. മണിപ്പൂര്‍ സംഭവ വികാസത്തോടെ അത് വെള്ളത്തില്‍ വരച്ച രേഖ പോലായി. 2024ല്‍ നടക്കുവാന്‍ പോകുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിള്ള പ്രധാനമന്ത്രിയുടെ മഹാമൗനം തീര്‍ച്ചയായും ചര്‍ച്ചയാകും.
മണിപ്പൂരിനെ അറിയണം
മണിപ്പൂരില്‍ നടന്ന് കൊണ്ടിരിക്കുന്ന കലാപത്തെ കുറിച്ച് വ്യക്തമായി മനസിലാകണമെങ്കില്‍ അവിടുത്തെ ഭൂപ്രക്യതിയും, ജാതി വര്‍ഗ്ഗ ഗോത്രത്തെ കുറിച്ച് അറിഞ്ഞിരിക്കണം. മണിപ്പൂര്‍ എന്ന സംസ്ഥാനത്തിന്‍റെ ഭൂപ്രകൃതി ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. മണിപ്പൂര്‍ ഇന്ത്യയുടെ ഒരു വടക്കു കിഴക്കന്‍ സംസ്ഥാനമാണ്. വടക്ക് നാഗാലാന്‍ഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാര്‍ എന്നിവയാല്‍ മണിപ്പൂര്‍ ചുറ്റപ്പെട്ടിരിക്കുന്നു. രണ്ടു വ്യത്യസ്ത ഭൂപ്രകൃതി മണിപ്പൂരില്‍ കാണുവാന്‍ കഴിയും. മണിപ്പൂരിന്‍റെ 90 ശതമാനവും കുന്നുകളും ഇടുങ്ങിയ താഴ്വാരകളുമാണ് അടങ്ങുന്ന പ്രകൃതിയാണ്. ഇതിന്‍റെ താഴ്വാരത്തെ സമതലമായ പ്രദേശത്താണ് ഇംഫാല്‍ എന്ന പട്ടണം സ്ഥിതി ചെയ്യുന്നത്. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇവിടെയാണ് ഭൂരിപക്ഷം ജനങ്ങളും താമസിക്കുന്നത്.
1891ല്‍ നാട്ടുരാജ്യമായാണ് മണിപ്പൂര്‍ എന്ന പ്രദേശം ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തിന്‍റെ അധീനതയില്‍ വന്നത്. 1947ല്‍ മണിപ്പൂര്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. മണിപ്പൂര്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ആക്റ്റ് 1947 പ്രകാരം രാജ്യതലവനായി മഹാരാജാവും തിരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മ്മാണ സഭയും ചേര്‍ന്ന ഒരു ജനാധിപത്യ ഭരണരീതി നടപ്പിലായി. 1949ല്‍ മഹാരാജ ബുദ്ധചന്ദ്ര നിയമനിര്‍മ്മാണസഭ പിരിച്ചു വിട്ടു. മണിപ്പൂര്‍ ഒക്ടോബര്‍ 1949ന് ഇന്ത്യന്‍ യൂണിയനോട് ചേര്‍ന്നു. 1956ല്‍ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മണിപ്പൂര്‍ 1972 ജനുവരി 21 നാണ് സംസ്ഥാനമായി മാറിയത്. 'ഇന്ത്യയുടെ രത്നം' എന്ന പേരില്‍ അറിയപ്പെടുന്ന മണിപ്പൂരിന്‍റെ ഔദ്യോഗിക ഭാഷകള്‍ മണിപ്പൂരിയും, ഇംഗ്ലീഷുമാണ്.
മണിപ്പൂര്‍ എന്ന സംസ്ഥാനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പട്ടണമാണ് ഇന്‍ഫാല്‍. ഇവിടെയാണ് ഭൂരിപക്ഷ സമുദായമായ മെയ്തേയി വിഭാഗത്തിലുള്ളവര്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. മെയ്തേയി സമുദായത്തില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷം ആണെങ്കിലും അതില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ട് എന്ന് നാം അറിയണം. മലനിരകളില്‍ താമസിക്കുന്ന 9 ഗോത്ര വര്‍ഗ്ഗങ്ങള്‍ ചേര്‍ന്ന ഒരു സമുദായമാണ് കുക്കി. അവിടെ 36 ആദിവാസികളായ ഗോത്ര വര്‍ഗ്ഗത്തിലുള്ളവരുണ്ട്. കുക്കി സമുദായത്തില്‍ 100% ക്രിസ്ത്യാനികളാണ് എന്നും നാം തിരിച്ചറിയണം. എന്നാല്‍ താഴ്വാരമായ ഇന്‍ഫാലില്‍ താമസിക്കുന്ന 65 ശതമാനം ആളുകളും മെയ്തികളാണ്. മണിപ്പൂരിന്‍റെ പത്ത് ശതമാനം പ്രദേശത്താണ് അവര്‍ താമസിക്കുന്നത്. ശേഷിച്ചവര്‍ മറ്റു സമുദായ അംഗങ്ങളാണ്. മണിപ്പൂരിന്‍റെ തൊണ്ണൂറ് ശതമാനം മലകളും വനങ്ങളും നിറഞ്ഞ പ്രദേശത്താണ് ആദിവാസികളായ മറ്റുള്ളവരുടെ താമസം. ഇപ്പോള്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം താഴ്വാരത്തില്‍ താമസിച്ചിരുന്ന മെയ്തികളിലെ ക്രിസ്ത്യാനികളും, കുക്കി സമുദായത്തിലെ ജനങ്ങളും ഇന്‍ഫാല്‍ പട്ടണം ഉപേക്ഷിച്ച് പാലായനം ചെയ്തിരിക്കുന്നു. അതേസമയം മലനിരകളില്‍ താമസിച്ചിരുന്ന മെയ്തികള്‍ മലനിര ഉപേക്ഷിച്ച് താഴ്വാരത്തിലേക്ക് വന്നിരിക്കുന്നു. അതായത് മണിപ്പൂര്‍ പൂര്‍ണ്ണമായും രണ്ട് പ്രദേശമായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന് നാം മനസിലാക്കണം. മണിപ്പൂരിലെ തന്നെ നാഗ വിഭാഗത്തിന് നേരെ കലാപമുണ്ടാകുന്നില്ല. മണിപ്പൂരില്‍ എത്തുന്ന മാധ്യമ സംഘങ്ങള്‍ക്കും നേതാക്കള്‍ക്കും അവരാണ് വഴികാട്ടികള്‍.
സംവരണമാണ് വിഷയം
സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങളുടെ ശാക്തീകരണം ഉദ്ദേശിച്ചാണ് സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. സംവരണം സാമൂഹിക പദവിയും സാമ്പത്തിക സുരക്ഷിതത്വമുള്ള, വിദ്യാഭ്യാസ പുരോഗതിയും അവസര സമത്വവുമുള്ള, അധികാരത്തില്‍ പങ്കാളിത്തവും കെട്ടുറപ്പുമുള്ള ഒരു ജനവിഭാഗത്തെയും സാമൂഹത്തെയും തലമുറയേയും സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് സംവരണം.
ചാതുര്‍വര്‍ണ്യ സമ്പ്രദായത്തിന്‍റെ സ്വഭാവം കാരണം ജനങ്ങളില്‍ ചില വിഭാഗങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കുന്നത് തടയുക എന്നുള്ള ലക്ഷ്യം കൂടി ജാതി സംവരണത്തിനു പിന്നിലുണ്ട്. നൂറ്റാണ്ടുകളോളം വിജ്ഞാന മേഖലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടത്ര അധികാരവകാശങ്ങളും സമ്പത്തും സാമൂഹിക അംഗീകാരങ്ങളും എല്ലാം പാരമ്പര്യമായി ലഭിച്ച ജനവിഭാഗങ്ങളോട് മത്സരിച്ച് വിജയം നേടുക എന്നുള്ളത് തീര്‍ത്തും ദുഷ്കരമായ കാര്യമാണ്. ഈ മത്സരത്തില്‍ പിന്തള്ളപ്പെട്ടു പോകാതിരിയ്ക്കാന്‍ ഭരണകൂടം നല്‍കുന്ന പിന്തുണയാണ് സംവരണം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം, ദളിതുകളെ പട്ടികജാതി എന്നും ആദിവാസികളെ പട്ടികവര്‍ഗ്ഗം എന്നും ജാതി അടിസ്ഥാനത്തില്‍ ജോലിയിലും വിദ്യാഭ്യാസരംഗത്തും സംവരണം നല്‍കിവരുന്നു.
മണിപ്പൂരില്‍ കുക്കി സമുദായത്തിന് സംവരണം ഉണ്ട്. അവര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരായത് കൊണ്ട് മിഷണറിയുടെ പിന്തുണയോടെ മികച്ച വിദ്യഭ്യാസ യോഗ്യതകള്‍ നേടി. അവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലും മറ്റും വലിയ അവസരങ്ങള്‍ ലഭിച്ചു. മണിപ്പൂരിലെ മലകളിലെ വനപ്രദേശങ്ങളിലാണ് കുക്കികള്‍ താമസിച്ചിരുന്നത്. കുക്കികളല്ലാതെ മറ്റാര്‍ക്കും മലകളില്‍ സ്ഥലം വാങ്ങുവാനോ മറ്റും സാധിക്കുമായിരുന്നില്ല. മണിപ്പൂരിലെ മലകളില്‍ വജ്രത്തിന്‍റെയും, പെട്രോളിയത്തിന്‍റേയും ഖനന സാധ്യതകള്‍ കണ്ടെത്തിയിരുന്നു. ഭരണരംഗത്ത് മെയ്തേയി വിഭാഗമാണെങ്കിലും അവര്‍ക്ക് മലനിരകള്‍ സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നില്ല. ഗോത്ര വിഭാഗത്തില്‍ പെട്ട കുക്കികള്‍ക്ക് ഭരണഘടനയുടെ സംരക്ഷണവും ലഭിച്ചിരുന്നു. മണിപ്പൂരിലെ മലനിരകളിലെ ധനസമ്പത്ത് സ്വന്തമാക്കാന്‍ മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി വേണമായിരുന്നു. അധികാരം ക്കൈയ്യിലുള്ള മെയ്തേയി വിഭാഗം അതിനായുള്ള നീക്കങ്ങള്‍ തുടങ്ങി.
ജസ്റ്റിസ് മുരളീധരന്‍റെ വിധികള്‍
മെയ്തേയി വിഭാഗത്തിന്‍റെ സംവരണ നീക്കത്തെ കുറിച്ച് പറയുന്ന അവസരത്തില്‍ മണിപ്പൂര്‍ ഹൈകോടതി വിധി പറയണം. അത് ഉത്തരവിട്ട ഹൈകോടതി ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് വെല്ലൂര്‍ സ്വദേശി ജസ്റ്റിസ് എം. വി. മുരളീധരനെ കുറിച്ചും പറയണം. അദ്ദേഹത്തിന്‍റെ പൂര്‍വ്വകാല ചരിത്രം അറിയണം. മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആയിരിക്കുന്ന സമയത്ത് എം. വി. മുരളീധരന്‍ ഒരു കേസിന് വിധി പറഞ്ഞു. തമിഴ്നാട്ടിലെ ഒരു വ്യക്തിക്ക് ടീച്ചര്‍ പോസ്റ്റിലേക്കുള്ള നിയമനം നഷ്ടമായത് ഒരു മാര്‍ക്കിനാണ്. ഒരു ചോദ്യത്തിന് അവര്‍ നല്‍കിയ ഉത്തരം ശരിയായിരുന്നെങ്കിലും അത് തെറ്റാണെന്ന് പരീക്ഷ നടത്തിയവര്‍ വിധിച്ചതാണ് പരാതിക്ക് കാരണം. ചോദ്യം ഇതായിരുന്നു. വന്ദേമാതരം ഏതു ഭാഷയിലാണ് ആദ്യം എഴുതിയത്.
ടീച്ചര്‍ ഉദ്യോഗത്തിന് അപേക്ഷിച്ച വ്യക്തി എഴുതിയത് ബംഗാളി ഭാഷയില്‍ എന്നാണ്. ഇതിന്‍റെ ഉത്തരം സംസ്കൃതമാണ് എന്നാണ് പരീക്ഷ നടത്തിപ്പുകാര്‍ ഉറപ്പിച്ചിരിക്കുന്നത്. ഇതാണ് ടീച്ചര്‍ ഉദ്യോഗം പ്രതീക്ഷിച്ച വ്യക്തി നല്‍കിയ പരാതിക്ക് അടിസ്ഥാനം. വിഷയം കോടതിയില്‍ ജസ്റ്റിസ് മുരളീധരന് മുന്നില്‍ എത്തി. ബങ്കിം ചന്ദ്ര ചാറ്റര്‍ജി 1870തില്‍ ബംഗാളി ഭാഷയിലെഴുതിയ ഒരു ദേശഭക്തിഗാനമാണ് വന്ദേമാതരം. സംസ്കൃത ഭാഷയിലെ ഏതാനും വാക്കുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട് എന്ന് മാത്രമേ ഉള്ളൂ. 1896-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ ഈ കവിത ആലപിച്ചതോടെയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കവിതയുടെ ആദ്യത്തെ രണ്ട് വരികള്‍ ഇന്ത്യയുടെ ദേശീയഗീതമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇതിനില്ല. വന്ദേ ഭാരതം ബംഗാളി ഭാഷയിലാണ് ആദ്യം എഴുതിയതെന്നും പിന്നീട് അത് സംസ്ക്യതമടക്കം മറ്റ് ഭാഷകളിലേയ്ക്ക് തര്‍ജിമ ചെയ്യുകയുണ്ടായി എന്നും കോടതിയില്‍ തെളിയിച്ചു. അധ്യാപക ജോലി സ്വപ്നം കണ്ടാല്‍ അയാള്‍ക്ക് അനുകൂലമായി ജസ്റ്റിസ് മുരളീധരന്‍ ഉത്തരവും ഇറക്കി. ഉത്തരവിനോടൊപ്പം അദ്ദേഹം ഒരു ചെറിയ കാര്യം കൂടി എഴുതി ചേര്‍ത്തു. തമിഴ്നാട്ടിലെ എല്ലാ സ്കൂളുകളിലും എല്ലാ ദിവസവും ദേശീയഗാനമായ വന്ദേമാതരം പാടണം എന്നാണ് അദ്ദേഹം വിധി പകര്‍പ്പില്‍ എഴുതിവെച്ചത്. വന്ദേമാതരം ദേശീയഗാനം ആണെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പോലും എഴുതിയിട്ടില്ല എന്നിരിക്കെ തമിഴ്നാട്ടിലെ എല്ലാ സ്കൂളുകളിലും അത് പാടണമെന്ന് നിര്‍ദ്ദേശിക്കുവാന്‍ ജസ്റ്റിസ് മുരളീധരന്‍ ഉത്തരവ് ഇറക്കിയത് വലിയ ചര്‍ച്ചയായി.
മറ്റൊരു സംഭവം കൂടി തമിഴ്നാട് ഹൈക്കോടതിയില്‍ ജസ്റ്റിസ് ആയിരിക്കെ അദ്ദേഹം നടത്തിയത് വളരെ പ്രശസ്തമാണ്. തമിഴ്നാട്ടില്‍ ഒരു വ്യക്തിയെ ബലാല്‍സംഗ കേസിനെ തുടര്‍ന്ന് 10 വര്‍ഷത്തെ തടവിന് കീഴ് കോടതി ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ട വ്യക്തി അപ്പീലുമായി ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ അയാളുടെ കേസ് കേട്ടത് ജസ്റ്റിസ് മുരളീധരന്‍ ആയിരുന്നു. ബലാല്‍സംഗം ചെയ്ത വ്യക്തിയുടെ വാദങ്ങള്‍ അംഗീകരിക്കുകയും, തമിഴ്നാട് പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും അയാള്‍ നിരപരാധിയാണെന്നും ജസ്റ്റിസ് മുരളീധരന്‍ വിധിക്കുകയും ചെയ്തു. മുന്‍പ് ചെയ്തപോലെ ഒരു ചെറിയ കുറിപ്പും കൂടി വിധിക്കുറിപ്പില്‍ ജസ്റ്റിസ് മുരളീധരന്‍ എഴുതി ചേര്‍ത്തു. തമിഴ്നാട് പോലീസ് മേധാവി തന്‍റെ വിധി എല്ലാ പോലീസുകാരെയും പഠിപ്പിക്കണം എന്നതായിരുന്നു അത്. ബലാത്സംഗം കേസുകളില്‍ പോലീസ് നടത്തുന്ന അന്വേഷണങ്ങള്‍ ശരിയല്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ വിധി നിര്‍ണയത്തിലെ ഒരു കാര്യം. ഈ വിധിയാണ് തമിഴ്നാട്ടിലെ എല്ലാ പോലീസുകാരെയും പഠിപ്പിക്കണം എന്ന് എഴുതി ചേര്‍ത്തത്.
തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാക്കുന്ന വിധി പുറപ്പെടുവിക്കുന്ന ജസ്റ്റിസ് മുരളീധരനെ മാറ്റാന്‍ തീരുമാനിച്ചു. അദ്ദേഹത്തെ മണിപ്പൂരിലേക്കാണ് സ്ഥലം മാറ്റിയത്. അന്ന് മണിപ്പൂര്‍ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ ആയിരുന്നു. അദ്ദേഹത്തെ സുപ്രീം കോടതിയിലെ ജഡ്ജിയായി ഉയര്‍ത്തിയതോടെ ജസ്റ്റിസ് മുരളീധരന്‍ മണിപ്പൂര്‍ ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി 2023 ഫെബ്രുവരി 6 ന് നിയമത്തിനായി . മണിപ്പൂരിലെ മെയ്തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ്ഗ സംവരണം വേണമെന്നുള്ള ആവശ്യം വന്നപ്പോള്‍ വിധി പറഞ്ഞത് മണിപ്പൂര്‍ ചീഫ് ജസ്റ്റിസ് മുരളീധരന്‍ ആയിരുന്നു. മെയ്തേയി സമുദായത്തിനും പട്ടികവര്‍ഗ്ഗ സംവരണം നല്‍കണമെന്ന് അദ്ദേഹം വിധിച്ചു. മുന്‍പ് ചെയ്തിരുന്ന പോലെ ഒരു കുറിപ്പ് കൂടി വിധിയില്‍ അദ്ദേഹം ചേര്‍ത്തു. പട്ടികവര്‍ഗ്ഗ സംവരണം അവര്‍ക്ക് നല്‍കുന്നത് നാലാഴ്ചക്കുള്ളില്‍ നടപ്പിലാക്കണമെന്നായിരുന്നു അത്. ജസ്റ്റിസ് മുരളീധരന്‍റെ ഈ വിധിയാണ് യഥാര്‍ത്ഥത്തില്‍ സമുദായക്കാരെ ആകെ വിഭ്രാന്തിയില്‍ ആക്കിയത്. മെയ്തേയി സമുദായത്തിന് പട്ടികവര്‍ഗ്ഗ സംവരണം നല്‍കുന്നു എന്നുള്ള നില വന്നപ്പോഴാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതും ആ പ്രതിഷേധങ്ങള്‍ പിന്നീട് ഒരു വര്‍ഗീയ കലാപമായി മാറിയതും.
ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്
മെയ്തേയ് സമുദായം പട്ടികവര്‍ഗ പദവി ആവശ്യപ്പെടുന്നതില്‍ പ്രതിഷേധിച്ച് കുക്കി സമുദായത്തിന്‍റെ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചി'നിടെയുണ്ടായ സംഘര്‍ഷമാണ് മണിപ്പുരില്‍ വംശീയകലാപത്തിലേയ്ക്ക് വഴുതി വീണത്. അതാണ് പിന്നീട് വര്‍ഗീയ കലാപമായി മാറിയത്. കലാപം ഇപ്പോഴും അണഞ്ഞിട്ടില്ല എന്നതും, വരുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുവരെ അണയാതെ സൂക്ഷിക്കേണ്ടതും ബി.ജെ.പിയുടെ രാഷ്ട്രീയ ആവശ്യമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. മണിപ്പൂര്‍ സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ മെയ്തേയ് സമുദായം പട്ടികവര്‍ഗ പദവി വേണ്ടെന്ന് പറഞ്ഞ് 1951ല്‍ പിന്‍മാറിയതാണ്. തങ്ങള്‍ കുക്കി സമുദായത്തെക്കാള്‍ ഉയര്‍ന്ന വര്‍ഗ്ഗമാണെന്ന് അവര്‍ അന്ന് അവകാശപ്പെട്ടിരുന്നു. തങ്ങളെ കുക്കി സമുദായത്തെ പോലെ പട്ടികവര്‍ഗ പദവി നല്‍കി അപമാനിക്കരുത് എന്നും അവര്‍ പറഞ്ഞിരുന്നു.
എങ്ങനെയായിരുന്നു മെയ് മൂന്നിലെ കലാപം ആരംഭിച്ചത് എന്ന് പരിശോധിക്കുന്നതും ഈ അവസരത്തില്‍ ഉചിതമായിരിക്കും. അവിടെ ഇപ്പോള്‍ നടക്കുന്ന കലാപം എത്ര ഗൗരവമുള്ളതാണെന്ന് തെളിയിക്കാന്‍ അതുവഴി നമുക്ക് സാധിക്കും. കുക്കി സമുദായത്തിന്‍റെ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചി' ലേയ്ക്ക് മെയ്തേയി വിഭാഗക്കാരനായ ഒരാള്‍ വാഹനം ഓടിച്ച് കയറ്റുന്നു. അവിടെ സംഘര്‍ഷം ഉണ്ടാകുന്നു. വാഹനം ഓടിച്ച മെയ്തേയി വിഭാഗത്തിലെ ഡ്രൈയ്വറെ കുക്കി വിഭാഗത്തിലെ പ്രകടനത്തിനെത്തിയവര്‍ മര്‍ദ്ദിക്കുന്നു. ഇതിന് പകരമായി മെയ്തേയി വിഭാഗക്കാര്‍ കുക്കി വാര്‍ മെമ്മോറിയല്‍ തീവെച്ച് നശിപ്പിക്കുന്നു. ഇത് ഒരു സുവര്‍ണ്ണാവസരമായി കണ്ട് ഇന്‍ഫാലിലെ 251 പള്ളികള്‍ തകര്‍ക്കപ്പെടുന്നു. ക്രിസ്തുമത വിശ്വാസികളായ ഇന്‍ഫാലിലെ ജനങ്ങളുടെ വീടുകള്‍ തകര്‍ക്കുന്നു, കത്തിക്കുന്നു. എന്നാല്‍ ഒരു ഹിന്ദു ദേവാലയമോ, മറ്റ് സമുദായങ്ങളുടെ വീടോ തകരുന്നില്ല. മണിപ്പൂരിലേത് വര്‍ഗീയ കലാപമായി മാറുന്നത് അങ്ങിനെയാണ്.
മണിപ്പൂരില്‍ വ്യാപകമായി കലാപം ആളി പടര്‍ന്നു. 300ലേറെ പേര്‍ മരണമടഞ്ഞു. അയ്യായിരത്തോളം വീടുകളും 300 മുതല്‍ 400 പള്ളികളും തകര്‍ക്കപ്പെട്ടു. വീടുകളും ആരാധനാലയങ്ങളും കത്തിക്കപ്പെട്ടിട്ടും മണിപ്പാല്‍ സര്‍ക്കാര്‍ ഇപ്പോഴും സജീവമായിരിക്കുന്നു. രാഷ്ട്രപതി ഭരണം എന്ന നടപടി കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ല. കേരളത്തില്‍ പണ്ട് വിമോചന സമരം ഉണ്ടായി. അന്ന് അങ്കമാലിയില്‍ ഉണ്ടായ പോലീസ് വെടിവെയ്പ്പില്‍ ഫ്ളോറി എന്ന ഗര്‍ഭിണി കൊലചെയ്യപ്പെട്ടു. അത് കാരണമാക്കി കേരള സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. പക്ഷെ ഇവിടെ മണിപ്പൂരില്‍ സായുധസേനയുടെ തോക്കുകള്‍ ഉപയോഗിച്ച് ജനങ്ങളെ കൊല്ലുന്നത് ഒരു മറയുമില്ലാതെ പകല്‍ വെട്ടത്തിലാണ്.
നിസഹായരായ കുക്കി സമുദായം
ഇതിനിടയില്‍ കുക്കീ സമുദായത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ പ്രസ് ക്ലബ്ബില്‍ ഒരു പത്രസമ്മേളനം വിളിച്ചു കൂട്ടുകയുണ്ടായി. അന്ന് അവര്‍ മണിപ്പൂരില്‍ നടന്ന പല കലാപ ഞെട്ടിക്കുന്ന പല അനുഭവങ്ങളും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിവരിക്കുകയുണ്ടായി. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇന്‍ഫാലില്‍ സാമ്പത്തികമായി വലിയ നിലയിലുള്ള ആളുകള്‍ ജീവിക്കുന്ന ഒരു പ്രദേശത്ത് വലിയ ഒരു ബംഗ്ലാവില്‍ ആയിരുന്നു മണിപ്പൂര്‍ ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അംഗം ഡോക്ടര്‍ താരാ മന്‍ജിന്‍ ഹാങ്ങ്സോ താമസിച്ചിരുന്നത്. മണിപ്പൂര്‍ ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍പേഴ്സനായും നേരത്തെ ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെയ് 3ന് രാത്രി 9 മണിയോടെ കലാപകാരികള്‍ ഗോത്രവര്‍ഗ്ഗക്കാരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് എത്തുമ്പോള്‍ ഇന്‍ഫാല്‍ വെസ്റ്റിലെ കുടുംബ ബംഗ്ലാവിലായിരുന്നു ഡോക്ടര്‍ താര. അവരും കുക്കി നേതാക്കളോടൊപ്പം ഡല്‍ഹി പ്രസ് ക്ലമ്പില്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവരുടെ കാറുകള്‍ക്കും വീടിനും കലാപകാരികള്‍ തീയിട്ടു. തീ ഇടുന്നതിന് മുന്‍പ് വീട് കയറി വിലപിടിപ്പുള്ള എല്ലാം കൊള്ള ചെയ്തു. അവര്‍ ജീവന്‍ രക്ഷിക്കാനായി അയല്‍വാസികളായ മെയ്തേയി സമുദായത്തിലുള്ളവരുടെ വീടുകളിലലയ്ക്ക് ഓടി. പക്ഷെ അവര്‍ വാതിലുകള്‍ അടച്ചു എന്ന് അവര്‍ ഹൃദയം പൊട്ടിയാണ് ഡല്‍ഹി പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് അനുഭവം പങ്കുവെച്ചത്. തനിക്ക് ഇന്‍ഫലിലേക്ക് പോകുവാന്‍ സാധിക്കുമോ എന്ന സംശയം ഡോക്ടര്‍ താര ഉന്നയിക്കുകയുണ്ടായി. തന്‍റെ വീട് കൊള്ള ചെയ്യപ്പെട്ടന്നും തീവെയ്ക്കപ്പെട്ടെന്നും നിറകണ്ണുകളോടെ അവര്‍ പറയുന്നു. ആര്‍ഭാട ജീവിതം നയിച്ച അവരിപ്പോള്‍ ഡല്‍ഹിയില്‍ സുഹൃത്തുക്കളുടെ കരുണയില്‍ താമസിക്കുകയാണ്.
നിസഹായരായ മണിപ്പൂരി നേതാക്കള്‍
വുന്‍സാഗിന്‍ വോള്‍ട്ടേ എന്ന 61 കാരന്‍ മണിപ്പൂരിലെ താന്‍ലോണ്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പിയുടെ എംഎല്‍എയായി ജയിച്ച വ്യക്തിയാണ്. കുക്കി സമുദായത്തില്‍ പെട്ട അദ്ദേഹം മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ട്രൈബല്‍ അഫയേഴ്സ് ഉപദേശകന്‍ കൂടിയാണ്. മണിപ്പൂരില്‍ കലാപം തുടങ്ങിയെന്നും, രണ്ട് സമുദായങ്ങള്‍ തമിലുള്ള കലാപം ഉടന്‍ അമര്‍ച്ച ചെയ്തില്ലെങ്കില്‍ അപകടമാകുമെന്നും അതിന്‍റെ ഗൗരവവും മുഖ്യമന്ത്രിയെ ധരിപ്പിക്കാനാണ് വുന്‍സാഗിന്‍ വോള്‍ട്ടേ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ നിയമസഭാ ജോലികളില്‍ സഹായിക്കുന്ന മകന്‍ ജേസഫ് വോള്‍ട്ടേയെ വിളിച്ച് താന്‍ കലാപത്തിന് പരിഹാരമായുള്ള സര്‍ക്കാര്‍ ഉത്തരവുമായാണ് വരുന്നതെന്ന് പറഞ്ഞിരുന്നു. അതാണ് അവസാനമായി അദ്ദേഹം സംസാരിച്ചത്. എന്തായിരുന്നു ഉത്തരവെന്ന് ഒരു വിവരവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ വുന്‍സാഗിന്‍ വോള്‍ട്ടേയെ മെയ്തേയി സമുദായത്തിലുള്ള ആളുകള്‍ ആക്രമിക്കുകയുണ്ടായി.
മുഖ്യമന്ത്രിയുടെ ഓഫീസിലും പരിസരത്തും ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നിലാണ് ബി.ജെ.പിയുടെ തന്നെ എം.എല്‍.എ കൂടിയായ കുക്കി സമുദായത്തിലുള്ള വുന്‍സാഗിന്‍ വോള്‍ട്ടേ ആക്രമിക്കപ്പെട്ടത്. മണിപ്പൂര്‍ കലാപത്തിന്‍റെ ആദ്യ ഇരകളില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ തലയോട്ടിക്ക് മാരകമായ ക്ഷതം സംഭവിച്ചു. അദ്ദേഹത്തിന് കേള്‍വി ശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടിരിക്കുന്നു. അക്രമത്തില്‍ തന്‍റെ പിതാവ് ഒരു കുട്ടിയെ പോലെ ആയി എന്ന് വാള്‍ട്ടയുടെ മകന്‍ ജോസഫ് വോള്‍ട്ടര്‍ കേരള ശബ്ദത്തോട് പറഞ്ഞു. ബി.ജെ.പിയുടെ മുഖ്യമന്ത്രിയോ ഒരു നേതാവോ വുന്‍സാഗിന്‍ വോള്‍ട്ടേയുടെ വിവരങ്ങള്‍ തിരക്കാന്‍ രണ്ട് മാസമായി വരികയോ വിളിക്കുകയോ ഉണ്ടായില്ല.
മണിപ്പൂരില്‍ കേന്ദ്ര മന്ത്രി ആര്‍.കെ.രഞ്ജന്‍ സിങ്ങിന്‍റെ വീട് അഗ്നിക്കിരയാക്കിയത് 1,200 ഓളം വരുന്ന ആള്‍ക്കൂട്ടമാണ്. വിദേശകാര്യ സഹമന്ത്രി ആര്‍.കെ. രഞ്ജന്‍ സിങ് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ ഇംഫാലിലെ വീടിന് തീവെച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണ തകര്‍ച്ചയിലാണെന്നും അക്രമത്തില്‍ താന്‍ ഞെട്ടലിലാണെന്നും ബി.ജെ.പിയുടെ കേന്ദ്ര മന്ത്രി ആര്‍.കെ.രഞ്ജന്‍ സിങ് പറഞ്ഞു. മണിപ്പൂരിലെ ബി.ജെ.പി. സര്‍ക്കാരിലെ മന്ത്രി നെംച കിപ്ഗന്‍റെ ഇംഫാലിലെ ഔദ്യോഗിക വസതിക്കും അക്രമികള്‍ കത്തിക്കാന്‍ ശ്രമിച്ചിരുന്നു. വീട് ഭാഗികമായി കത്തിനശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ...?
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെയാണ് മണിപ്പൂരില്‍ കലാപം നടക്കുന്നത് എന്ന് പകല്‍ പോലെ വ്യക്തമാകാന്‍ ഒട്ടേറെ തെളിവുകളുണ്ട്. മണിപ്പൂരിലെ കലാപം തുടക്കം കുറിച്ചത് 2023 മെയ് മൂന്നാം തീയതി ആണെന്ന് എല്ലാവര്‍ക്കും അറിയാം. മെയ് നാലാം തീയതി മണിപ്പൂരില്‍ വലിയ ഒരു മാറ്റം ഉണ്ടായി. പി ഡോങ്കല്‍ ഐ.പി.എസ്. ആയിരുന്നു മണിപ്പൂരിന്‍റെ ഡി.ജി.പി. മിസ്റ്റര്‍ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. ഇദ്ദേഹം കലാപത്തില്‍ ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെട്ട കുക്കി സമുദായത്തിലെ അംഗമാണ്. അദ്ദേഹത്തിന് മുകളിലായി രണ്ടു പേരെ സര്‍ക്കാര്‍ നിയമിക്കുന്നത് മെയ് നാലിനാണെന്ന് കാണാം. കുല്‍ദീപ് സിംഗ് എന്നൊരാള്‍ സുരക്ഷാ ഉപദേഷ്ടാവായി സ്ഥാനമേല്‍ക്കുന്നത് മെയ് നാലിനാണ്. ഓപ്പറേഷന്‍ കമാന്‍ഡര്‍ എന്ന സ്ഥാനം അഷുതോഷ് സിന്‍ഹ എന്നയാള്‍ ഏറ്റെടുക്കുന്നതും മെയ് നാലിനാണ്. ജൂണ്‍ ഒന്നിന് പി ഡോങ്കലിനെ തന്നെ മണിപ്പൂര്‍ ഡി.ജി.പി. സ്ഥാനത്ത് നിന്ന് നീക്കുകയും ത്രിപുര കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ രാജീവ് സിംഗിനെ മണിപ്പൂരിന്‍റെ പുതിയ ഡി.ജി.പിയായി നിയമിക്കുകയും ഉണ്ടായി.
മണിപ്പൂരില്‍ മെയ് മാസം ടെലിഫോണ്‍ ബന്ധങ്ങളും ഇന്‍റര്‍നെറ്റുകളും വിച്ഛേദിച്ചത് നാം കണ്ടതാണ്. ഇന്നും പൂര്‍ണമായും മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് ബന്ധം പുനര്‍സ്ഥാപിച്ചിട്ടില്ല എന്നത് ഒരു വര്‍ത്തമാനകാല സത്യവുമാണ്. അവിടെ നടക്കുന്നതൊന്നും പുറംലോകം അറിയാതിരിക്കുവാനുള്ള ഭരണരംഗത്ത് നിന്നുള്ള വലിയ ഇടപെടലുകളായി ഇതിനെ വിമര്‍ശിക്കുന്നവരുണ്ട്. അതിനെ നിരാകരിക്കാന്‍ തക്കതായ കാരണങ്ങളും ഇല്ല. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പട്ടാള വിന്യാസം ഉള്ള ഒരു പ്രദേശമാണ് മണിപ്പൂര്‍. ഇന്ന് അവിടെ കര്‍ഫ്യൂ നിലനില്‍ക്കുന്നു. രാത്രികാല കര്‍ഫ്യൂവിന്‍റെ സമയത്ത് പോലും മണിപ്പൂരിലെ കുക്കി സമുദായത്തിന്‍റെ വീടുകള്‍ കത്തിക്കപ്പെടുന്നു. കുക്കി സമുദായക്കാര്‍ മാത്രമല്ല മെയ്തേയി സമുദായക്കാരും രാത്രിയും പകലും വ്യത്യാസമില്ലാതെ ആക്രമിക്കപ്പെടുന്നു. ആക്രമിക്കപ്പെടുന്നവരൊക്കെ ക്രിസ്ത്യാനികളാണ്. മെയ്തേയി സമുദായത്തിലും കുക്കി സമുദായത്തിലും ഉള്‍പ്പെട്ട ഹിന്ദുക്കള്‍ അക്രമിക്കപ്പെടുന്നില്ല.
മണിപ്പൂര്‍ സന്ദര്‍ശിച്ചവര്‍ പറയുന്നത് ഒരു കിലോമീറ്റര്‍ ഇടയില്‍ 10 തവണ നമ്മള്‍ നമ്മുടെ ഐഡന്‍റിറ്റി കാര്‍ഡ് പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള ഒരു സ്ഥലത്താണ് വലിയ കലാപം നടക്കുന്നത്. കലാപകാരികള്‍ അഴിഞ്ഞാടുമ്പോള്‍ പട്ടാളവും പോലീസും നോക്കിനില്‍ക്കുന്ന കാഴ്ച പലരും വിവരിക്കുകയുണ്ടായി. പോലീസിന്‍റെ തോക്കുകള്‍ കലാപകാരികള്‍ എടുത്തു കൊണ്ടു പോയി എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അവര്‍ക്ക് പട്ടാളം നല്‍കിയില്ല എന്നുള്ളതും ഒരു സത്യം. അതിന് പട്ടാളം അല്ലെങ്കില്‍ സൈന്യം തടസ്സം നിന്നില്ല എന്നുള്ളത് മറ്റൊരു സത്യം. എടുത്തു കൊണ്ടുപോയ തോക്കുകള്‍ തിരിച്ചുവാങ്ങാന്‍ ഒരു ശ്രമവും സൈന്യത്തിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല എന്നുള്ളത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. കലാപത്തിന് എല്ലാ സൗകര്യങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കി എന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് മേല്‍പ്പറഞ്ഞതൊക്കെ. മണിപ്പൂര്‍ കലാപത്തില്‍ മൗനമായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ന്യായീകരിക്കുന്നതിന് വേണ്ടിയാണ് രാജ്യത്താകമാനം ഉള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ നില്‍ക്കുന്നത് എന്നത് ഞെട്ടലും അതേസമയം അത്ഭുതമുളവാക്കുന്ന ഒന്നാണ്.
ഞെട്ടിക്കുന്ന കഥകള്‍
മണിപ്പൂര്‍ കലാപത്തിന്‍റെ ഞെട്ടിക്കുന്ന കഥകളുമായാണ് എല്ലാ ദിവസവും മാധ്യമങ്ങള്‍ പുറത്തുവരുന്നത്. മെയ്തേയി വിഭാഗത്തില്‍ പെട്ട പുരുഷന്മാര്‍ കുക്കി സമുദായത്തിലുള്ള സ്ത്രീകളെ കല്യാണം കഴിക്കുന്നതും, മറിച്ച് കുക്കി സമുദായത്തിലുള്ള പുരുഷന്മാര്‍ മെയ്തേയി സമുദായത്തിലുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നതും മണിപ്പൂരില്‍ സാധാരണമാണ്. ഇങ്ങനെയുള്ള കലാപ കലുഷിതമായ മണിപ്പൂരില്‍ നിന്ന് വന്ന ഒരു കഥയാണിത് ഏഴ് വയസ്സുകാരന്‍ ടന്‍സിംങ് ഹാന്‍സിങിന്‍റേത്. കുക്കി വിഭാഗത്തിലെ പിതാവിലും മെയ്തേയി വിഭാഗത്തില്‍ പെട്ട മാതാവിലും ജനിച്ച ടന്‍സിംങ് കലാപകാരികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. ദി ക്വിന്‍റ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഈ കഥ പുറംലോകത്തില്‍ എത്തിച്ചത്. ജൂണ്‍ നാലിനായിരുന്നു ഏഴ് വയസ്സുകാരനായ ടന്‍സിംങ് കൊലചെയ്യപ്പെട്ടത്. മാതാവ് മീന ഹാങ്സിങ് ഒരു മെയ്തേയി സമുദായക്കാരിയായിരുന്നു. അവരും കൊലചെയ്യപ്പെട്ടു. കാരണം മെയ്തേയി സമുദായത്തിലുള്ള ക്രിസ്ത്യാനിയായിരുന്നു അവര്‍. മെയ്തേയി സമുദായത്തില്‍ വളരെ കുറച്ച് ശതമാനമേ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നവരുള്ളൂ. കുക്കി സമുദായത്തിലുള്ള പിതാവ് ഹാന്‍സിങ് എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു. അദ്ദേഹം പറയുന്നത് മെയ്തേയി സമുദായത്തില്‍പ്പെട്ട ഹിന്ദുക്കളാണ് തന്‍റെ ഭാര്യയെയും അവളില്‍ ജനിച്ച തന്‍റെ കുഞ്ഞിനെയും കൊലചെയ്തത് എന്നാണ്.
മണിപ്പുരില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുക്കി വനിതയെ വെടിവെച്ചുകൊന്നു എന്നത് ഏറെ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. തെരുവില്‍ ജീവിക്കുന്ന ബഡോണ്‍ഗൈച്ചിംഗ് ഹാങ്സോയെയാണ് ഇംഫാലിലെ ശിശു നികേതന്‍ സ്കൂളിന് മുന്നില്‍ അക്രമികള്‍ വെടിവെച്ചുകൊന്നത്. ഇവര്‍ മനുഷ്യബോംബാണെന്ന് മെയ്തേയികള്‍ നടത്തിയ പ്രചാരണത്തെ തള്ളി കുക്കികള്‍ രംഗത്തുവന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഹാങ്സോ, എല്ലാ കുക്കികളും ഇംഫാല്‍ വിട്ടപ്പോഴും അവിടെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ വിമതര്‍ തട്ടികൊണ്ടുപോയ രണ്ടു മെയ്തേയി യുവാക്കളും കൊല്ലപ്പെട്ടു. എന്നാല്‍ ഇതുവരെയും മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
കുക്കി സമുദായത്തിലെ കലാപത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്ക് ആസാം റൈഫിള്‍സ് അഭയാര്‍ത്ഥി ക്യാമ്പ് ഒരുക്കിയിരുന്നു. ഈ ക്യാമ്പിലേക്ക് മെയ്തേയി വിഭാഗം നടത്തിയ വെടിവെപ്പില്‍ ഏഴു വയസ്സുകാരനായ ടോണ്‍സിംഗ് ഹാങ്സിംഗിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വെടിയേറ്റ ടോണ്‍സിംഗിനെയും കൊണ്ട് മാതാവ് മീന ഹാങ്സിംഗ് ബന്ധുവായ ലിഡിയ ലൗറെംബം എന്നിവര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ രണ്ടായിരത്തോളം വരുന്ന മെയ്തേയി സമുദായ അംഗങ്ങള്‍ ആംബുലന്‍സ് തടയുകയും കുക്കി സമുദായത്തില്‍ പെട്ട മൂന്നു പേരെ ജീവനോടെ ആംബുലന്‍സില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത രീതിയില്‍ പൂട്ടിയിട്ട് തീ വെക്കുകയും ചെയ്തു. അതിക്രൂരമായി മൂന്ന് മനുഷ്യരെ ജീവനോടെ ആംബുലന്‍സില്‍ കൊലചെയ്യുകയാണ് അവിടെ നടന്നത്. ഇതിന് സാക്ഷിയായി നിന്ന് പോലീസുകാര്‍ തടയുവാന്‍ ശ്രമിച്ചില്ല എന്നുള്ള ഗുരുതര ആരോപണം ഉണ്ട്. ഈ കൊലപാതകം നടത്തിയ ഒരാളെപ്പോലും കസ്റ്റഡിയില്‍ എടുക്കുവാന്‍ മണിപ്പൂര്‍ പോലീസ് തയ്യാറായിട്ടുമില്ല എന്നുള്ളത് വളരെ ഗൗരവത്തോടെ കൂടി തന്നെ കാണണം.
ശ്രീനാരാണ ഗുരുദേവന്‍റെ ആത്മോപദേശ ശതകത്തിലെ വരികള്‍ ഓര്‍ക്കാം...
പൊരുതു ചെയ്യിപ്പതസാദ്ധ്യമൊനിന്നോടടൊ
ന്നൊരു മതവും പൊരുതലൊടുങ്ങുവീല്ല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞീടുമെന്ന ബുദ്ധി വേണം
ഒരു മതമാകുവതിനുരപ്പതെല്ലാ
വരുമിതു വാദികളാരുമോര്‍ക്കുവീല
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ
രറിയുമതിന്‍റെ രഹസ്യമിങ്ങശേഷം.



























