മലയാളികളുടെ സംഘടനകളുടെ സംഘടനയാണ് ഏയ്മ

മലയാളികളുടെ സംഘടനകളുടെ സംഘടനയാണ് ഏയ്മ

വിജയ് ചൗക്ക്

സുധീര്‍ നാഥ്  


കൂട്ടായ്മയ്ക്ക് ശക്തിയുണ്ട്. അത് പണ്ട് മുതല്‍ കേട്ട ചുള്ളി കൊമ്പുകളുടെ കഥ പോലെ തന്നെയാണ്. ചുള്ളികൊമ്പുകള്‍ ഒന്നായി കെട്ടിയാല്‍ അത് ഒടിക്കുവാന്‍ സാധിക്കില്ല. പക്ഷെ, ഓരോന്നായി എടുത്ത് ഒടിച്ചാല്‍ ഒടിക്കുവാന്‍ സാധിക്കും. അത് തന്നെയാണ് കൂട്ടായ്മകളുടെ ശക്തി. മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം കൂട്ടായ്മകളുണ്ട്. അവിടെ ജാതിയും, മതവും, രാഷ്ട്രീയവും തടസമാകുന്നില്ല. വ്യത്യസ്ഥ ആശയങ്ങളുള്ളവര്‍ ഒന്നായി മലയാളി കൂട്ടായ്മയായി തീരുന്നു. പല പേരുകളില്‍ വിവിധ പ്രദേശങ്ങളില്‍ വ്യാപരിച്ചു കിടക്കുന്ന മലയാളി സംഘടനകളെ ദേശിയ തലത്തില്‍ ഒന്നിപ്പിക്കാന്‍ 2007ല്‍ തുടക്കം കുറിച്ച സംഘടനകളുടെ സംഘടനയാണ് ആള്‍ ഇന്ത്യ മലയാളി അസോസിയഷന്‍ എന്ന എയ്മ. പല പേരില്‍, പല ഇടങ്ങളില്‍ ചിതറി കിടന്ന മലയാളി കൂട്ടായ്മകളെ ഒന്നിപ്പിക്കുക വഴി എയ്മ ദേശിയ തലത്തില്‍ മലയാളികളുടെ ശക്തമായ സംഘടനയായി മാറി. എയ്മയുടെ 16 ാം സ്ഥാപക ദിനമാണ് ഡല്‍ഹിയില്‍ 2023 ജൂലൈ 1, 2 തിയതികളില്‍ നടക്കുന്നത്. ഇന്ത്യയുടെ 27 സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 150 പ്രതിനിധികള്‍ എയ്മ സ്ഥാപക ആഘോഷ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

ഒരു പ്രദേശത്തെ പ്രാദേശിക സംഘടനകള്‍ക്ക് അല്ലെങ്കില്‍ ഒരു സംസ്ഥാനത്തെ വലിയ ശക്തമായ ഒരു സംഘടന ആണെങ്കില്‍ പോലും രാജ്യത്താകമാനം അവര്‍ക്ക് പ്രവര്‍ത്തിക്കുവാനുള്ള പരിമിതികള്‍ ധാരാളമാണ്. ഈ പരിമിതികള്‍ നീക്കം ചെയ്യുന്നതിന് എയ്മയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ഉപകാരപ്പെട്ടിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും ചെറു കൂട്ടായ്മകള്‍ നടത്തുന്ന സേവനങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലമതിക്കാനാവാത്തതാണ്. അത് മറ്റ് പ്രദേശങ്ങളിലുള്ളവര്‍ക്കും സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ലഭിക്കുകയാണെങ്കില്‍ അത് എന്തുമാത്രം പ്രയോജനമാകും. ഡല്‍ഹിയില്‍ പ്രശസ്തമായ പല സംഘടനകളും ഉണ്ട്. ഈ സംഘടനകള്‍ക്ക് അയല്‍ സംസ്ഥാനങ്ങളില്‍ സ്വാദീനമുണ്ടാകണമെന്നില്ല. അന്യസംസ്ഥാനങ്ങളില്‍ ശക്തമായ പല സംഘടനകളും ഉണ്ടെന്നതും നമ്മള്‍ തിരിച്ചറിയണം. അവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ വേണ്ടത്ര സ്വാധീനമുണ്ടാകണമെന്നില്ല. പ്രാദേശിക സംഘടനകളെയും സംസ്ഥാനങ്ങളിലെ ശക്തമായ സംഘടനകളെയും മറ്റ് സംസ്ഥാനങ്ങളുമായി ചേര്‍ത്ത് നടക്കുന്ന പ്രവര്‍ത്തനം വളരെ ശ്ലാഘനീയമാണ്. അതാണ് എയ്മ എന്ന സംഘടന വഴി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. 

16 വര്‍ഷം മുമ്പ് തുടങ്ങിയ എയ്മയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി പൂര്‍വാധികം ശക്തിയോടുകൂടി വലിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് മുന്നോട്ടുപോകുന്നു. ഒന്നിലധികം വ്യക്തികളും, സംഘടനകളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന അവസരങ്ങളില്‍, അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനുള്ള മനസ്സ് കാണിക്കുകയും, അവരുടെ അഭിപ്രായങ്ങളിലെ ശരിയെ സ്വീകരിച്ച് തെറ്റുകളും, കുറവുകളും ഉണ്ടെങ്കില്‍ അത് അവര്‍ക്ക് മനസിലാക്കി കൊടുക്കുകയും വേണം. അഭിപ്രായങ്ങള്‍ അതെത്ര ചെറുതായാലും മൂല്യം കല്പിക്കുക എന്നിടത്താണ് വിജയമിരിക്കുന്നത്. അങ്ങനെ പ്രവര്‍ത്തിക്കുന്നിടത്താണ് എയ്മയുടെ വളര്‍ച്ചയുടെ രഹസ്യമിരിക്കുന്നത്. 

ഒരു കൂട്ടായ്മയുടെ ഗുണവും, ശക്തിയും അറിഞ്ഞ നാളുകളാണ് കടന്നു പോയത്. വെള്ളപ്പൊക്കസമയത്ത് തുടങ്ങി കോവിഡ് കാലത്തിലൂടെ എയ്മയുടെ സഹായ ഹസ്തം സമൂഹത്തിലെ ജനങ്ങളിലെത്തികൊണ്ടിരിക്കുന്നു. സമൂഹത്തിലെ പിരിമുറുക്കവും, സംഘര്‍ഷവും അയവു വരുത്താന്‍ എയ്മ നടത്തുന്ന പ്രവര്‍ത്തികള്‍ ജനം അനുഭവിച്ചറിഞ്ഞു. കോവിഡ് കാലത്ത് കൂട്ടായ്മകള്‍ പരസ്പരം ചേര്‍ന്ന് നിന്ന് ചങ്ങലയായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചത് എടുത്ത് പറയണം. എയ്മയാണ് ചങ്ങല കണ്ണികള്‍ കോര്‍ത്തത് എന്നത് ഏറെ അഭിനന്ദനവും പ്രശംസയും നേടിയ ഒന്നായിരുന്നു. പ്രവാസികളായ മലയാളികള്‍ക്ക് കുടുംബാംഗമായിട്ടാണ് എയ്മയുടെ പ്രവര്‍ത്തകര്‍ നിലകൊണ്ടത്. മലയാളിക്ക് ഒരു ആവശ്യം വന്നാല്‍ സഹായ ഹസ്തവുമായി ഓടി എത്തുന്ന എയ്മ പ്രവര്‍ത്തകരുടെ കരുതല്‍ പ്രശംസനീയം തന്നെ. ആരോഗ്യ പ്രവര്‍ത്തകരെ പോലെ തന്നെ ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ എയ്മയുടെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. 

എയ്മയുടെ സഹായത്താല്‍ എത്രയോ മലയാളി കുടുംബങ്ങള്‍ കോവിഡ് കാലത്ത് അതിജീവനത്തിന്‍റെ ഭാഗമായി. എത്ര പണമുണ്ടായാലും മഹാമാരിയുടെ കാലത്ത് അത് പ്രയോജനപ്പെടില്ല. ആത്മാര്‍ത്ഥമായ കരുതലും സ്നേഹവും സഹജീവികളില്‍ നിന്ന് ലഭിക്കുന്നതിലും വലിയ ആശ്വാസം ഈ കാലത്ത് ഉണ്ടാകില്ല. പണം കൊടുത്താല്‍ കിട്ടുന്നതല്ല ഇങ്ങനെ ലഭിക്കുന്ന സാന്ത്വനം എന്ന് സാക്ഷിപ്പെടുത്താന്‍ നമുക്ക് ചുറ്റിലും ഇന്ന് എത്രയോ പേരുണ്ട്. കോവിഡ് ബാധിതരായവരേയും, കുടുംബത്തേയും ചേര്‍ത്ത് നിര്‍ത്തിയ എയ്മയുടെ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. എയ്മയുടെ നേത്യത്ത്വത്തില്‍ ഇന്ത്യയിലാകമാനം മലയാളികള്‍ക്ക് സഹായം എത്തിച്ച കോവിഡ് കാലം ചരിത്ര താളുകളില്‍ തിളക്കമുള്ളതാണ്.

സാമൂഹ്യ രംഗത്ത് മാത്രമല്ല എയ്മയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു കിടക്കുന്നത.് മലയാള ഭാഷയെ പ്രവാസികള്‍ക്കിടയിലും പിന്‍ തലമുറകളിലും പ്രചരിപ്പിക്കുന്നതിന് കേരള സര്‍ക്കാരിന്‍റെ മലയാളം മിഷനുമായി ചേര്‍ന്ന് മലയാള ഭാഷാ പഠനകേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. സംഗീതത്തില്‍ അഭിരുചിയുള്ള പുതിയ തലമുറയെ വളര്‍ത്താന്‍ എയ്മ വോയിസ് എന്ന പേരില്‍ ഒരു സംഗീത മത്സരം നടത്തിയത് ശ്രദ്ധേയമായിരുന്നു. സാഹിത്യ കലാ കായിക രംഗത്തെ പുതുതലമുറയിലുള്ളവരെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി വലിയ പരിപാടികള്‍ ഓരോ സംസ്ഥാനങ്ങളിലും എയ്മയുടെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. 

മാതൃവന്ദനം എന്ന പേരില്‍ എല്ലാവര്‍ഷവും നല്‍കുന്ന പുരസ്കാരം ഏറെ ശ്രദ്ധേയമാണ്. ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസ്, ഒ.എന്‍.വി. കുറുപ്പ്, എം. ടി. വാസുദേവന്‍ നായര്‍, നടന്‍ ജയറാം, കലാമണ്ഡലം ക്ഷേമാവതി തുടങ്ങിയവര്‍ എയ്മയുടെ മാത്യവന്ദന പുരസ്ക്കാരം സ്വീകരിച്ചവരാണ്. മലയാള സാഹിത്യ രംഗത്ത് വിശിഷ്ട സേവനങ്ങള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി എയ്മ എല്ലാവര്‍ഷവും നല്‍കുന്ന അക്ഷരമുദ്ര പുരസ്കാരം എടുത്ത് പറയേണ്ട ഒന്നാണ്. ഈ വര്‍ഷത്തെ അക്ഷരമുദ്ര പുരസ്ക്കാരം കെ. ജയകുമാര്‍ ഐ.എ.എസിനാണ്. മുന്‍ കേരള ചീഫ് സെക്രട്ടറിയും ഗാനരചയിതാവും മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലറുമാണ് അദ്ദേഹം. മലയാള ഭാഷയ്ക്ക് നല്‍കുന്ന സംഭാവനകളെ കണക്കിലെടുത്താണ് എയ്മ എല്ലാ വര്‍ഷവും അക്ഷര മുദ്ര പുരസ്കാരം നല്‍കുന്നത്. മുന്‍പ് ഭാനു പ്രകാശ്, കെ.വി. മോഹന്‍ കുമാര്‍, ഡോ. സുനില്‍ പി. ഇളയിടം, ഡോ. എ. എം. ഉണ്ണികൃഷ്ണന്‍, സി. രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് അക്ഷര മുദ്ര പുരസ്കാരം ലഭിച്ചവര്‍. 

എയ്മയുടെ നേതൃത്വത്തില്‍ രാജ്യത്താകമാനവും കേരളപ്പിറവിയുടെ അറുപത് വര്‍ഷം ആഘോഷിച്ചത് കേരള ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങളും, ഫോട്ടോകളും പഴയ പത്ര താളുകളും പ്രദര്‍ശിപ്പിച്ചായിരുന്നു. സുധീരലോകം എന്ന എയ്മയുടെ അംഗം കൂടിയായ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്‍റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം രാജ്യത്തെ 27 സംസ്ഥാനങ്ങളില്‍ 53 കേന്ദ്രങ്ങളില്‍ 2019 നവംബര്‍ 1ന് കേരളപിറവി ദിനത്തില്‍ ഒരേ സമയം നടത്തിയത് വഴി ഒട്ടേറെ റക്കോഡുകള്‍ കരസ്ഥമാക്കി. 

ഇപ്പോള്‍ 2222 തിരഞ്ഞെടുക്കപ്പെട്ട സ്ഥിരാംഗങ്ങള്‍ എയ്മയില്‍ ഉണ്ട്. രാജ്യത്തെ 27 സംസ്ഥാനങ്ങളില്‍ നിന്ന് 175 രജിസ്റ്റര്‍ ചെയ്ത അസോസിയേഷനുകളും മലയാളി സംഘടനകളും എയ്മയുടെ ഭാഗമാണ്. ഒന്നര ലക്ഷത്തിലേറെ അംഗങ്ങളാണ് ഇതുവഴിയായി എയ്മയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്. എയ്മയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ദ്രുത കര്‍മ്മ സേന അഥവാ ക്വു.ആര്‍.ടി. നടത്തി വരുന്ന സേവങ്ങളുടെ ഉപഭോക്താക്കള്‍ ലക്ഷക്കണക്കിന് മലയാളികളാണ്. സമീപകാലത്ത് ഇന്ത്യകണ്ട പല ദുരന്തങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ അപകടത്തില്‍ പെടുന്ന മലയാളികള്‍ക്കും ഒറ്റപ്പെടുന്നതും കാണാതാവുന്നതുമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ദ്രുത കര്‍മ്മ സേനയുടെ സേവനം ലഭിക്കുന്നു എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. പ്രതിഫലം കൂടാതെ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സന്നദ്ധപ്രവര്‍ത്തകരാണ് എല്ലാ സംസ്ഥാനങ്ങളിലും എയ്മയുടെ ദ്രുത കര്‍മ്മ സേനയുടെ ശക്തി. ഒട്ടേറെ ജീവനുകള്‍ രക്ഷിക്കുവാനും ഒട്ടേറെ പേര്‍ക്ക് സമാശ്വാസം നല്‍കുവാനും ക്വു.ആര്‍.ടിയിലൂടെ സാധിച്ചിരുന്നു എന്ന് അഭിമാനത്തോടുകൂടി എയ്മയ്ക്ക് പറയുവാന്‍ സാധിക്കും.

ഓള്‍ ഇന്ത്യ മലയാളി അസ്സോസിയേഷന്‍റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദേശീയ ഹെല്‍പ് ലൈന്‍ നമ്പര്‍ 2022 ഒക്ടോബര്‍ മാസം നിലവില്‍ വന്നതോടെ വലിയ ചലനങ്ങള്‍ ദേശിയതലത്തില്‍ തന്നെ ഉണ്ടാക്കുവാന്‍ സാധിച്ചു. 1800 572 9391 എന്നതാണ് എയ്മ ദേശീയ ഹെല്‍പ് ലൈന്‍ നമ്പര്‍. ഇന്ത്യയിലെവിടെ നിന്നും സൗജന്യമായി മലയാളികള്‍ക്ക് തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഈ ഹെല്‍പ് ലൈന്‍ നമ്പറില്‍ ഓള്‍ ഇന്ത്യ മലയാളി അസ്സോസിഷനുമായി ബന്ധപ്പെടാം. പ്രധാനമായും എയ്മയുടെ ദ്രുതകര്‍മ വിഭാഗം എയ്മ ക്യൂ.ആര്‍.ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്‍ക്കൊണ്ട പ്രചോദനമാണ് ഇങ്ങനെ ഒരു  ദേശീയ ഹെല്‍പ് ലൈന്‍ ഉണ്ടാക്കാന്‍  കാരണമായത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മലയാളി സംഘടനകളില്‍ അംഗങ്ങളല്ലാത്ത ആയിരക്കണക്കിന് മലയാളികളുണ്ട്. അവര്‍ക്ക് ഏതു സമയത്തും എയ്മയുടെ സഹായം ലഭ്യമാക്കുക എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ദ്രുതകര്‍മ വിഭാഗത്തെ കൂടാതെ സംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, യുവജന കാര്യ വിഭാഗം, എയ്മ മാര്യേജ് ബ്യുറോ, എയ്മ വനിതാവിഭാഗം, ഓരോ സംസ്ഥാനങ്ങളുടെയും എയ്മയുടെ പ്രവര്‍ത്തനങ്ങള്‍, പ്രതിദിന സംഗീത പരിപാടി തുടങ്ങിയ എട്ടോളം വിഭാഗങ്ങളുടെ സേവനമാണ് ദേശീയ ഹെല്‍പ് ലൈനിലൂടെ ലഭ്യമാവുക.