പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2023 ജൂണ്‍ 15 


മലയാള ഭാഷയുടെ വിജയമാണ്  പ്രവാസി മലയാളി കുട്ടികളുടെ വിജയം: ഓംചേരി.

ഡല്‍ഹി മലയാളികള്‍ക്ക് അഭിമാനിക്കാന്‍ പ്രവാസി മലയാളികളായ നാല് കുട്ടികള്‍ സി.ബി.എസ്.സി. പരീക്ഷയില്‍ മലയാളത്തിന് നൂറില്‍ നൂറ് മാര്‍ക്ക് നേടിയിരിക്കുന്നു. എട്ട് കുട്ടികള്‍ക്ക് 99% മാര്‍ക്ക് ലഭിച്ചിരിക്കുന്നു. മലയാള ഭാഷയുടെ വിജയമാണ് ഈ കുട്ടികള്‍ കാണിച്ചു തന്നിരിക്കുന്നതെന്ന് ജന്‍മ ശതാബ്ദിയിലെത്തിയ നാടക ആചാര്യന്‍ ഓംചേരി എന്‍.എന്‍. പിള്ള പറഞ്ഞു. മലയാളത്തിന് 33% മാത്രമാണ് തനിക്ക് ലഭിച്ചിരുന്നതെന്നും, മലയാള ഭാഷ മരിക്കുന്നില്ല എന്നതിന് തെളിവായ ഈ വിജയം തന്നെ സന്തോഷിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിന് കോളേജില്‍ പഠിക്കുമ്പോള്‍ നൂറില്‍ നൂറ്റിമുപ്പത് മാര്‍ക്ക് ലഭിച്ച കൗതുകവും ഓംചേരി പങ്കുവെച്ചു. മലയാള ഭാഷ പ്രവാസികളില്‍ പ്രചരിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണ് ഓംചേരി. പ്രവാസി മലയാളിയായി മലയാളത്തില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കാന്‍ ഡല്‍ഹിയിലെ കേരള ക്ലബ്ബ് സംഘടിപ്പിച്ച ഒത്തു ചേരലിലാണ് ഓംചേരി ഇങ്ങനെ പറഞ്ഞത്. ഉന്നത വിജയം നേടിയ എല്ലാ കുട്ടികള്‍ക്കും കേരള ക്ലബ്ബ് പ്രസിഡന്‍റ് പ്രൊഫസര്‍ ഓംചേരി എന്‍.എന്‍. പിള്ള തന്‍റെ ആത്മകഥ ആകസ്മികം ഒപ്പിട്ട് കുട്ടികള്‍ക്ക് സമ്മാനിച്ചു. ചിത്രകാരന്‍ കൂടിയായ ഹരിനന്ദന്‍ ഓംചേരിയുടെ രേഖാ ചിത്രം സമ്മാനിച്ചു. അയ്യപ്പപണിക്കരുടെ അഗ്നിപൂജ എന്ന കവിത ശ്രീലക്ഷമി ചൊല്ലി. ശ്രേഷ്ഠ ഭാഷയായ മലയാളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുമ്പോള്‍ രാജ്യതലസ്ഥാനത്തെ മിടുക്കരും മിടുക്കികളുമായ കുട്ടികള്‍ ഉന്നത വിജയം നേടിയത് മലയാളത്തിന്‍റെ അഭിമാനമാണെന്ന് മുന്‍ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രി എം.എ. ബേബി പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജനാര്‍ദ്ദനന്‍, കേരള സര്‍ക്കാരിന്‍റെ ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി തോമസ്, കേരള ക്ലബ്ബ് വൈസ് ചെയര്‍മാനായ എ.ജെ. ഫിലിപ്പ്, ട്രഷറര്‍ യു രാധാകൃഷ്ണന്‍, ഉമ രാജേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സി.ബി.എസ്.സി. പരീക്ഷയില്‍ മലയാളത്തിന് നൂറില്‍ നൂറ് മാര്‍ക്ക് നേടിയ കേരള സ്കൂള്‍ വിദ്യാര്‍ഥികളായ സോന മറിയം ജേക്കബ്, ഹരി നന്ദന്‍, മാന്‍വി എം നായര്‍ എന്നിവരും, 99% മാര്‍ക്ക് നേടിയ കൃപ വര്‍ഗീസ്, നന്ദന പി. എല്‍, ശ്രീലക്ഷ്മിയും, ആന്‍ മറിയ ബേബിയും, ദേവിക എസ്. പിള്ളയും ഇവരുടെ മാതാപിതാക്കളും ഒത്തുകൂടലിന് എത്തിയിരുന്നു.  


സുദിപ്തോ സെന്നിന്‍റെ നുണക്കഥകള്‍....

അടുത്തിടെ കുപ്രസിദ്ധി നേടിയ ഒരു ചിത്രമായിരുന്നു കേരള സ്റ്റോറി. ഈ ചിത്രത്തിന്‍റെ സംവിധായകനാണ് സുദിപ്തോ സെന്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഹിന്ദുസംഘടനയായ നവോദയം സുദിപ്തോ സെന്നിന് ഒരു സ്വീകരണം നല്‍കി. ലഹരിയാകുന്ന വിഘടനവാദവും തീവ്രവാദവും എന്ന വിഷത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുകയുമുണ്ടായി. മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ ക്ഷേത്രത്തിലെ കാര്‍ത്തിയായിനി ഹാളില്‍ നടന്ന ചടങ്ങില്‍ ഹിന്ദു ഐക്യവേദി ബി.ജെ.പി. പ്രവര്‍ത്തകരായിരുന്നു ഭൂരിപക്ഷവും. ഇവര്‍ക്ക് മുന്നില്‍ നുണക്കഥകളുടെ കെട്ടഴിച്ചത് സ്വയം പരിഹാസ്യനായി സുദിപ്തോ മിറി. ബി.ജെ.പി. പ്രവര്‍ത്തകരും ഹൈന്ദവ പ്രവര്‍ത്തകരും ആണെങ്കിലും അദ്ദേഹം സദസ്സിനോട് പങ്കുവെച്ചതില്‍ ഏറെയും നുണക്കഥകളാണെന്ന് സദസ്യര്‍ക്കും മനസിലായി. അവരില്‍ പലരും സുദിപ്തോ പറയുന്നത് വിശ്വസിച്ചില്ലെന്ന് മാത്രമല്ല, കള്ളക്കഥയാണെന്ന് തിരിച്ചറിയുകയുമുണ്ടായി. സുദിപ്തോ പറഞ്ഞത് കേരളം രണ്ടാണെന്നാണ്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള തെക്കന്‍ ഭാഗം വളരെ നല്ലതും, മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍കോട് തുടങ്ങിയ വടക്കന്‍ കേരളം കറുത്ത ഇടമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തനിക്ക് കണ്ണൂരില്‍ ഉണ്ടായ ഒരു അനുഭവം അദ്ദേഹം സദസിനോട് പങ്കുവെച്ചതാണ് മണ്ടത്തരമായത്. ഇത് മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളോടാണ് പറഞ്ഞതെങ്കില്‍ വിശ്വസിച്ചേനെ. കണ്ണൂരിലെ ഒരു ഹോട്ടലില്‍ താമസിക്കുന്ന സമയത്ത് ഡല്‍ഹി പോലീസ് അദ്ദേഹത്തിന് ഒരു സന്ദേശം കൈമാറി. സുദിപ്തോ താമസിക്കുന്ന ഹോട്ടല്‍ ആക്രമിക്കപ്പെടാന്‍ പോകുകയാണ് എന്നായിരുന്നു സന്ദേശം. മതപരിവര്‍ത്തനം നടത്തിയ ഒരു പെണ്‍കുട്ടിയെ കാണുവാനായിട്ടാണ് അദ്ദേഹം കണ്ണൂരില്‍ എത്തിയത്. ഹോട്ടലിന്‍റെ പിന്‍വാതില്‍ തുറന്ന് അദ്ദേഹം നാല് കിലോമീറ്റര്‍ ഓടി ഒരു വാഹനത്തില്‍ കയറിയാണ് ജീവന്‍ തിരിച്ചുപിടിച്ചത് എന്ന് പറഞ്ഞു. വടക്കന്‍ കേരളത്തിലെ കണ്ണൂര്‍ കാസര്‍ഗോഡ് കോഴിക്കോട് മലപ്പുറം ഭാഗങ്ങളിലുള്ള ബി.ജെ.പി. പ്രവര്‍ത്തകര്‍ താടിക്ക് കൈവച്ചു. ഇന്നുവരെ അവര്‍ കേള്‍ക്കാത്ത കാര്യമാണല്ലോ ഇയാള്‍ മൈക്കിലൂടെ പറയുന്നത് എന്ന് അവര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു. മറ്റൊരു സംഭവം കൊച്ചിയിലെ ഒരു ഫ്ളാറ്റില്‍ 17 പെണ്‍കുട്ടികളെ താമസിപ്പിച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമം നടത്തി എന്നുള്ളതാണ്. വൈദ്യുതി ഇല്ലാത്ത, ചെറിയ സൗകര്യങ്ങള്‍ മാത്രമുള്ള ഫ്ളാറ്റിലാണ് അവര്‍ കഴിഞ്ഞിരുന്നത്. ഇവര്‍ പച്ചക്കറിയും മറ്റ് പലചരക്ക് സാധനങ്ങള്‍ വാങ്ങുവാന്‍ പുറത്തിറങ്ങുമ്പോള്‍ ഒരു വിഭാഗം പിടിച്ചു ശല്യം ചെയ്തു എന്നുള്ള കഥയും അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞു. കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിഞ്ഞിട്ടുകൂടിയില്ല എന്നാണ് പറഞ്ഞത്. ഒരു അന്തി പത്രത്തില്‍ പോലും ഈ ഒരു വാര്‍ത്ത വന്നില്ല. മറ്റൊന്ന് മതപരിവര്‍ത്തനം നടത്തിയ ഒരു പെണ്‍കുട്ടി, സിറിയയ്ക്ക് പോകാന്‍ വിസമ്മതിച്ച് മാതാപിതാക്കളോടൊപ്പം സ്വന്തം നാടായ  കാസര്‍ഗോഡ് താമസിക്കുവാന്‍ ചെന്നപ്പോള്‍ അവരുടെ വീട് അഗ്നിക്കിരയാക്കി എന്നുള്ളതാണ്. ഇത്തരത്തില്‍ ഒട്ടേറെ നുണക്കഥകള്‍ ആണ് സുദിപ്തോസെന്‍ ഡല്‍ഹി മലയാളികളുടെ മുന്നില്‍ അവതരിപ്പിച്ചത്. 32000 പെണ്‍കുട്ടികള്‍ മതം മാറി എന്നുള്ള കണക്കില്‍ ഈ ചടങ്ങില്‍ ഉറച്ചു നില്‍ക്കുന്ന കാര്യവും കാണുവാനിടയായി .അദ്ദേഹം പറയുന്നത് ഇതിനേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ കേരളത്തില്‍ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ട് എന്നുള്ളതാണ്. മറ്റു മതത്തിലുള്ളവരെ വിവാഹം കഴിക്കുന്ന ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഉള്ള നാടാണ് കേരളം എന്ന കാര്യത്തില്‍ സംശയമില്ല. അതിനെ മതേതര ഇന്ത്യ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. മതം മാറുന്നത് ലൗ ജിഹാദാണെന്നും, സിറിയിലേയ്ക്കുള്ള റിക്രൂട്ട്മെന്‍റാണെന്നും ആലോചനാ ശേഷി കുറഞ്ഞ കുറേ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ സാധിക്കൂ. മനോഹരമായി സിനിമ നിര്‍മ്മിച്ച സുദിപ്തോ സെന്‍ അതിലും മനോഹരമായി നുണക്കഥ പറയുന്നത് കഷ്ടം തന്നെയാണ്. 


രാജ്യത്തെ ഉലച്ച കൊലപാതകം 

രാജ്യത്ത് എല്ലാ ദിവസവും കൊലപാതകം നടക്കുന്നു. മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന കണക്കുകള്‍ നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുന്നു. ഭര്‍ത്താവ് ഭാര്യയെ കൊല്ലുന്നു. ഭാര്യ ഭര്‍ത്താവിനെ കൊല്ലുന്നു. കാമുകന്‍ കാമുകിയെ കൊല്ലുന്നു. കാമുകി കാമുകനെ കൊല്ലുന്നു. ബിസിനസ് തര്‍ക്കങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍ മുതല്‍ പലതും കൊലപാതകത്തില്‍ കലാശിക്കുന്നു. ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ മുതല്‍ പലതരത്തില്‍ കൊലപാതകങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കാണുന്നു. അടുത്ത കാലത്ത് രാജ്യം ഞെട്ടലോടെ കേട്ടതും കണ്ടതുമായ കൊലപാതകം രാജ്യ തലസ്ഥാനത്ത് നടന്നു. സി.സി.ടി.വി. ക്യാമറകള്‍ വ്യാപകമായതോടെ കൊലപാതകങ്ങള്‍ പോലും ക്യാമറയില്‍ പതിയുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരക്കുന്നു. അത്തരം ഒരു ഞെട്ടിക്കുന്ന കൊലപാതകമാണ് ഡല്‍ഹിയിലെ ഷബാദ് ഡയറിയില്‍ നടന്നത്. 16 വയസുള്ള ഒരു സാക്ഷി ദിക്ഷിദ് എന്ന പെണ്‍കുട്ടിയെ ഇതേ കോളനിയിലെ എന്ന എ.സി മെക്കാനിക്കായ 20 വയസുള്ള ഷാഹില്‍ ഖാന്‍ എന്ന യുവാവ് കത്തി കൊണ്ട് കുത്തിയും, കല്ല് കൊണ്ട് ഇടിച്ചും കൊല്ലുകയായിരുന്നു. ലഹരിക്ക് അടിമയായ ഷാഹിലിന് സാക്ഷിയോട് പ്രണയമുണ്ടായിരുന്നു. അവള്‍ അത് പ്രോത്സാഹിപ്പിച്ചില്ല. മറ്റൊരു യുവാവുമായി ഇഷ്ടം കൂടിയ സാക്ഷി അയളുടെ പേര് ക്കൈയ്യില്‍ പച്ച കുത്തി. ഭീഷണി മുഴക്കിയ ഷാഹിലിനോട് നീ കോളനിയിലെ ഗുണ്ടയാണോ എന്ന് സാക്ഷി ചോദിച്ചു എന്ന് പറയുന്നു. ലഹരി തലയ്ക്ക് പിടിച്ച ഷാഹില്‍ മെയ് 30ന് രാത്രി ഒരു പിറന്നാള്‍ പാര്‍ട്ടിക്ക് പോകുകയായിരുന്ന സാക്ഷിയെ കോളനിയിലെ ഇടുങ്ങിയ വഴിയില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. 15 ദിവസം മുന്‍പ് ഹരിദ്വാറില്‍ നിന്ന് വാങ്ങിയ കത്തി കൊണ്ട് കുത്തിയും വലിയ കോണ്‍ക്രീറ്റ് പാളി കൊണ്ട് ഇടിച്ചും ചവുട്ടിയും മ്യഗീയമായാണ് ഷാഹില്‍ ഖാന്‍ കൊലപാതകം നടത്തിയത്. കത്തികൊണ്ടുള്ള കുത്തില്‍ അവയവങ്ങള്‍ക്ക് മാരകമായ ക്ഷതം സംഭവിച്ചു. കോണ്‍ക്രീറ്റ് പാളി കൊണ്ടുള്ള ഇടിയില്‍ തലയോട്ടി തകര്‍ന്നു. കൊലപാതക ദ്യശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞു. ഒട്ടേറെ ജനങ്ങള്‍ കൊലപാതകം നടക്കുന്ന സമയം ചുറ്റിനും നില്‍ക്കുന്നത് കാണാം. കൊലപാതകം നടത്തുവാനുള്ള കാരണം പ്രേമ നൈരാശ്യവും കളിയാക്കലും. മരിച്ചത് ഹിന്ദു. കൊന്നത് മുസ്ലീം. ഇതിനിടയില്‍ വര്‍ഗീയ കാര്‍ഡുമായി ബി.ജെ.പി. രംഗത്ത് വന്നു. ലൗ ജിഹാദാണെന്നായിരുന്നു ആരോപണം. ഡല്‍ഹിയിലും കേരള മോഡല്‍ എന്നും ആരോപിച്ചു. ഷാഹില്‍ മുസ്ലീം സമുദായത്തില്‍ നിന്നാണെങ്കിലും സജീവമായ ബി.ജെ.പി. പ്രവര്‍ത്തകനാണെന്ന് അറിഞ്ഞതോടെ ആരോപണം ഇല്ലാതായി. ഷാഹിലിനെ ഉത്തര്‍ പ്രദേശിലെ ബുലന്‍ഡ്ഷറിലെ അമ്മായുടെ വീട്ടില്‍ നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.