രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ ഗുസ്തി
സുധീര്‍നാഥ്
നമ്മള്‍ ഇന്ന് കാണുന്നത് അരാചകത്തിന്‍റെ ഇന്ത്യയാണോ...? ഏഴ് പെണ്‍കുട്ടികള്‍ ഒരാള്‍ക്കെതിരെ ബലാത്ക്കാര കുറ്റം ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി പറയുക. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്യം മുഴക്കുന്ന പ്രധാനമന്ത്രി ഒരു നടപടിയും സ്വീകരിക്കാതിരിക്കുക. രാജ്യത്തിന് അഭിമാനമായി ലോകത്തിന് മുമ്പില്‍ ദേശീയ ഗാനം കേള്‍പ്പിക്കുകയും ത്രിവര്‍ണ പതാക പാറിക്കുകയും ചെയ്ത ഗുസ്തി താരങ്ങളായ പെണ്‍കുട്ടികളാണ് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗിക ആരോപണവുമായി പ്രധാനമന്ത്രിക്ക് മുന്നില്‍ വന്നത്. പരാതിയുമായി ചെന്നതില്‍ ഒരാള്‍ മൈനറായിരുന്നു എന്നത് വിഷയത്തിന്‍റെ ഗൗരവം വര്‍ദ്ധിച്ചു എന്ന് കാണാം. പ്രതിഷേധക്കാര്‍ ഉദ്ധരിച്ച ലൈംഗിക പീഡന സംഭവങ്ങള്‍ 2012 മുതല്‍ 2022 വരെയായിരുന്നു. ഈ കാലയളവില്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അകത്തളങ്ങളില്‍ പരാതികള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷെ ഒന്നും സംഭവിക്കുന്നില്ല. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ബി.ജെ.പിയുടെ പാര്‍ലമെന്‍റ് അംഗമാണ്. ഉത്തര്‍ പ്രദേശില്‍ ക്കൈകരുത്തില്‍ ശക്തനായ ബ്രിജ് ഭൂഷണ്‍ ബി.ജെ.പിയുടെ നിലനില്‍പ്പിന് ആവശ്യമാണ്.
കേന്ദ്ര സര്‍ക്കാര്‍ വനിതാ ഗുസ്തി താരങ്ങള്‍ പരാതി പറഞ്ഞതില്‍ ഒരു പ്രതികരണവും നടത്തിയില്ല. 2023 ജനുവരി 18ന് പ്രശസ്തരായ ഒളിമ്പ്യന്‍മാരും അന്താരാഷ്ട്ര ഗുസ്തിക്കാരും കായിക താരങ്ങളും ബ്രിജ് ഭൂഷണ്‍ വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചും, ഫെഡറേഷന്‍ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടും ഒരു കുത്തിയിരിപ്പ് സമരത്തിന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ തുക്കെം കുറിച്ചു. ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരവും സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരവും പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ ജോലി സ്ഥലങ്ങളിലും ഇന്‍റേണല്‍ കംപ്ലേയ്ന്‍ കമ്മറ്റി ഉണ്ടാകണം. എന്നാല്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ ഇന്‍റേണല്‍ കംപ്ലേയ്ന്‍ കമ്മറ്റി ഉണ്ടായിരുന്നില്ല. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിന്‍റെ കായിക മന്ത്രാലയം മേരി കോം അധ്യക്ഷയായ ഏഴംഗ ഓവര്‍സൈറ്റ് കമ്മറ്റി രൂപീകരിച്ചു. ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്, മുന്‍ ബാഡ്മിന്‍റണ്‍ താരം തൃപ്തി മുര്‍ഗുണ്ടെ ഉള്‍പ്പെടെയുള്ളവര്‍ സമിതിയില്‍. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നടപടികള്‍ ഉണ്ടായത് കൊണ്ടും, താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് കൊണ്ടും മൂന്നു ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിച്ചു.
മേരി കോം അധ്യക്ഷയായ ഓവര്‍സൈറ്റ് കമ്മറ്റി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെയുള്ള ലൈംഗിക ആരോപണ പരാതി അനേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പക്ഷെ, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യമാക്കാതെ രഹസ്യമായി വെച്ചു. ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളുമായിട്ടും കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ മേല്‍ ഒരു നടപടിയും സ്വീകരിക്കാതെ വന്നപ്പോള്‍ 2023 ഏപ്രില്‍ 23ന് ഗുസ്തി താരങ്ങളുടെ പ്രതിഷേധം പുനരാരംഭിച്ചു. ഗുസ്തി താരങ്ങള്‍ സമരവുമായി വീണ്ടും രംഗത്തിറങ്ങി. ഇത്തവണ അവര്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയാണ് സമരരംഗത്ത് എത്തിയത്. കമ്മറ്റിക്ക് മുന്നില്‍ പരാതി നല്‍കിയ ഏഴ് പേര്‍ മാത്രമല്ല അതിലേറെ കായിക താരങ്ങള്‍ തെളിവ് സഹിതം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പരാതി പറഞ്ഞിരുന്നു. മേരി കോം ബി.ജെ.പി. നാമനിര്‍ദ്ദേശം ചെയ്ത പാര്‍ലമെന്‍റ് അംഗമാണ്.
2023 ജനുവരി മാസം ഗുസ്തി താരങ്ങള്‍ ആദ്യമായി സമര രംഗത്ത് ഇറങ്ങുമ്പോള്‍ അത് അത്ര പ്രചാരം ലഭിച്ച ഒന്നായിരുന്നില്ല. അവര്‍ ജനുവരി മാസം സര്‍ക്കാരിന് മുന്നിലാണ് പരാതി ബോധിപ്പിച്ചത്. സമരം തുടങ്ങിയപ്പോള്‍ തന്നെ ഇത് അന്വേഷിക്കുന്നതിനു വേണ്ടി ഒരു കമ്മറ്റി രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ സമരത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഗുസ്തി താരങ്ങള്‍ മടങ്ങിയിരുന്നല്ലോ. കമ്മറ്റിയില്‍ ബി.ജെ.പി. അനുകൂലികള്‍ മാത്രമായിരുന്നു എന്ന ആരോപണവും അന്ന് ഉയര്‍ന്നിരുന്നു.
ഏപ്രിലില്‍ തുടങ്ങിയ സമരത്തിന്‍റെ മുന്‍ നിരയില്‍ മൂന്ന് പ്രധാന താരങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ത്യയ്ക്ക് വേണ്ടി 2016ലെ റിയോ ഒളിംബിക്സില്‍ മെഡല് നേടുന്ന വനിതാ ഗുസ്തി താരം സാക്ഷി മാലിക്, 2020ലെ ടോക്കിയോ ഒളിംബിക്സില്‍ ഗുസ്തിക്ക് വെങ്കല മെഡല്‍ നേടിയ ബജ്രംഗ് പുനിയ, ഏഷ്യന്‍ ഗെയിംസിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയ്ക്ക് വേണ്ടി ഗുസ്തിക്ക് സ്വര്‍ണ്ണ മെഡല്‍ നേടിയ വിനേഷ് ഫോഗട്ട് തുടങ്ങിയവരുള്‍പ്പെടെയുള്ള താരങ്ങളുടെ സമരം ശക്തി പ്രാപിച്ചു. സമരത്തിന് അന്തര്‍ദേശിയ ശ്രദ്ധ ലഭിച്ചു. ബ്രിജ് ഭൂഷണെതിരെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റായ ബ്രിജ് ഭൂഷണ്‍ ജൂണ്‍ 5ന് നടത്തുമെന്ന് പ്രഖ്യാപിച്ച ജന്‍ ചേതന്‍ മഹാറാലി മാറ്റി വെയ്ക്കേണ്ടി വന്നു. പോക്സോ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിന്മേലാണ് ഒരു കൂട്ടം സന്യാസിമാരുടെ പിന്തുണയില്‍ ബ്രിജ് ഭൂഷണ്‍ അയോധ്യയില്‍ ജന്‍ ചേതന റാലി പ്രഖ്യാപിച്ചത്. പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് റാലി നീട്ടി വക്കുന്നതെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞ് തടിതപ്പിയെങ്കിലും ബി.ജെ.പിയുടെ കേന്ദ്ര നേത്യത്ത്വത്തിന്‍റെ ഇടപെടല്‍ ഉണ്ടെന്നതാണ് സത്യം. ലൈംഗിക പീഡന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് റാലി നടത്താനുള്ള തീരുമാനം മാറ്റിയത്. തനിക്കെതിരെ നടക്കുന്നത് പ്രതിപക്ഷത്തിന്‍റ നുണ പ്രചരണമാണെന്ന് പറഞ്ഞ് അദ്ദേഹം പ്രതിരോധം സ്വയം തീര്‍ക്കുന്നുണ്ട്. ഹരിയാനയിലെ ഒരു കുടുംബമാണ് കായിക താരങ്ങളെ തെരുവിലിറക്കി തനിക്കെതിരെ സമരം ചെയ്യിക്കുന്നതെന്ന ആരോപണം ബ്രിജ് ഭൂഷന്‍ ഉന്നയിക്കുന്നുണ്ട്.
ഗുസ്തി താരങ്ങള്‍ ഉയര്‍ത്തിയ പരാതിയില്‍ ഡല്‍ഹി പോലീസ് ഒരു നടപടിയും സ്വീകരിക്കാതെ വന്നത് സമരഭൂമിയായ ഡല്‍ഹിയിലെ പാര്‍ലമെന്‍റ് സ്ട്രീറ്റിലെ സമരത്തിന്‍റെ ശക്തി വര്‍ദ്ധിക്കാന്‍ കാരണമായി. സമരത്തിന് നേത്യത്ത്വം കൊടുക്കുന്ന ഇന്ത്യയുടെ ആദരണീയരായ ഗുസ്തിതാരങ്ങളെ കാണുവാനും സമരത്തില്‍ പിന്തുണ അറിയിക്കുവാനും രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി നേതാക്കളും ജനങ്ങളും എത്തിക്കൊണ്ടിരുന്നു. സമരം ശക്തമായതോടെ വീണ്ടും ബി..ജെ.പി സര്‍ക്കാരിന്‍റെ കാല് ഇടറിയിരിക്കുകയാണുണ്ടായത്. ഏപ്രില്‍ 25-ന് ബ്രിജ്ഭൂഷണെതിരെ എഫ്.ഐ.ആര്‍. ഇടണമെന്ന ആവശ്യവുമായി ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു.
ഗുസ്തി താരങ്ങളുടെ സമരം ശക്തമായതോടെ സുപ്രീം കോടതി വിഷയത്തില്‍ ഇടപെട്ടു. 2023 ഏപ്രില്‍ 28 ന്, സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന്, ഡല്‍ഹി പോലീസ് അദ്ദേഹത്തിനെതിരെ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പോക്സോ ആക്ട് (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം, 2012) പ്രകാരമാണ് എഫ്.ഐ.ആറുകളിലൊന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഏതാനും വനിതാ ഗുസ്തിക്കാരുടെ പരാതിയില്‍ സമാനമായ അടിസ്ഥാനത്തില്‍ രണ്ടാമത്തെ എഫ്..ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. പക്ഷെ ആരോപണ വിദേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ ചോദ്യം ചെയ്യാനോ, അറസ്റ്റ് ചെയ്യാനോ ഡല്‍ഹി പോലീസ് തയ്യാറായില്ല. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റുവാന്‍ സര്‍ക്കാരും തയ്യാറായില്ല.
അഴിമതിക്കെതിരെ അന്നാ ഹസാരെ ഡല്‍ഹിയില്‍ നടത്തിയ സമരം കോണ്‍ഗ്രസ് ഭരണത്തിന്‍റെ അന്ത്യം കുറിക്കുന്നതില്‍ പങ്കുവഹിച്ചതു പോലെ ഗുസ്തി താരങ്ങളുടെ സമരം സര്‍ക്കാറിനെതിരായ ജനവികാരം ഉയര്‍ത്തുമെന്നു ബി.ജെ.പി. കേന്ദ്രങ്ങള്‍ ഭയപ്പെട്ടു. രാജ്യം ഭരിക്കുന്ന നരേന്ദ്രമോഡി കര്‍ഷക സമരത്തില്‍ കാലിടറിയതാണ്. കര്‍ഷകരും സമരത്തില്‍ പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നു. ഇതിനിടയില്‍ 2023 ഏപ്രില്‍ 21-ന് പരാതിക്കാരായ ഗുസ്തി താരങ്ങള്‍ ഡല്‍ഹി പോലീസില്‍ നല്‍കിയ പരാതി പുറത്തായത് ബി.ജെ.പിക്ക് വലിയ ക്ഷീണമായി. വനിതാ ഗുസ്തി താരങ്ങള്‍ പരാതിയില്‍ ബ്രിജ് ഭൂഷണ്‍ അവരുടെ സ്തനങ്ങളിലും വയറിലും ലൈംഗികമായി സ്പര്‍ശിക്കുന്ന രീതി വിവരിച്ചത്, ബ്രിജ് ഭൂഷണ്‍ അവളുടെ സമ്മതമില്ലാതെ പരിശീലന ജേഴ്സി ഉയര്‍ത്തിയത്, ചുംബനം ആവശ്യപ്പെട്ടത് തുടങ്ങിയവ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഉണ്ട്. ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേനെ സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്ന ആരോപണം ഉണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തെന്നും ഗുസ്തിതാരങ്ങള്‍ എഫ്.ഐ.ആറില്‍ വെളിപ്പെടുത്തുന്നു. വര്‍ഷങ്ങളോളം നീണ്ട ചൂഷണം സഹിക്കാനാകാതെയാണ് എല്ലാവരും പരാതി നല്‍കിയത്.
ആരായിരുന്നു ബ്രിഡ്ജ് ബുഷന്‍ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ഭാരതീയ ജനതാ പാര്‍ട്ടി അംഗമായി ഉത്തര്‍ പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമാണ്. അഞ്ച് തവണ ബി.ജെ.പിയില്‍ നിന്നും ഒരു തവണ സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും അദ്ദേഹം പാര്‍ലമെന്‍റില്‍ അംഗമായി. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അറസ്റ്റിലായ പ്രമുഖരില്‍ ഒരാളും, തീവ്രവാദ വിരുദ്ധ നിയമമായ ടാഡ പ്രകാരം കേസുള്ള അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം നിരവധി വിവാദങ്ങളാല്‍ അടയാളപ്പെടുത്തിയിരിക്കുന്നു. മോഷണം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, കൊലപാതകം, കൊലപാതകശ്രമം, കലാപം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി ബ്രിജ് ഭൂഷണ്‍ ഒരിക്കല്‍ അദ്ദേഹത്തിനെതിരെ 38 കേസുകള്‍ നേരിട്ടിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര വനിതാ ഗുസ്തിക്കാരുടെ ലൈംഗികാതിക്രമ ആരോപണങ്ങളുടെ കേന്ദ്രബിന്ദുവാണ് അദ്ദേഹം. അതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 7 വനിതാ ഗുസ്തിക്കാര്‍ എഫ്.ഐ.ആറില്‍ അദ്ദേഹത്തിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
2023 മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയുള്ള കായിക താരങ്ങളെ ഡല്‍ഹി പോലീസ് വലിച്ചിഴച്ചതോടെ സംഭവം രാജ്യത്തിനകത്തും പുറത്തും വലിയ ചര്‍ച്ചയായി. കായിക താരങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും, എഫ്.ഐ.ആര്‍ ഇടുകയും, അറസ്റ്റ് രേഖപ്പെടുത്തുകയും ഉണ്ടായി. ലൈംഗീക പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത ഡല്‍ഹി പോലീസ് പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി എടുത്തത് വലിയ ചര്‍ച്ചയായി. ഇതിനിടയില്‍ ഡല്‍ഹി പൊലീസ് ഗുസ്തി താരങ്ങളുടെ ജന്തര്‍ മന്ദിറിലെ സമരവേദി പൊളിച്ചു മാറ്റിയിരുന്നു.
ഈ സംഭവത്തിനു ശേഷം മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങി. മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കരഞ്ഞാണ് ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തിയത്. താരങ്ങള്‍ ഹരിദ്വാറില്‍ പ്രവേശിക്കുന്നതോ ഗംഗയില്‍ മെഡലുകള്‍ ഒഴുക്കുന്നതിനോ തടസമില്ലെന്ന് ഹരിദ്വാര്‍ പോലീസ് അറിയിച്ചു. കായിക താരങ്ങള്‍ക്ക് പിഞ്ഞുണയുമായി വലിയ ജനക്കൂട്ടമെത്തി. മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്ന സാഹചര്യം രാജ്യത്തിന് അപമാനമാണെന്ന വ്യാപക ചര്‍ച്ചയുണ്ടായി. അനുനയ നീക്കവുമായി കര്‍ഷക നേതാക്കളെത്തി. ഹരിദ്വാറിലെത്തിയ കര്‍ഷക നേതാവ് നരേഷ് ടികായത്ത് താരങ്ങളില്‍ നിന്ന് മെഡലുകള്‍ ഏറ്റുവാങ്ങി. കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ ഗംഗയില്‍ മെഡലുകള്‍ ഒഴുക്കുന്നതില്‍ നിന്ന് പിന്തരിപ്പിക്കുകയായിരുന്നു.
പ്രതിഷേധ മാര്‍ച്ചിനിടെ ഗുസ്തി താരങ്ങളെ ഡല്‍ഹി പോലീസ് ആക്രമിച്ച സംഭവത്തെ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് കമ്മറ്റിയും, ഇന്‍റര്‍നാഷ്ണല്‍ ഒളിംബിക്ക് കമ്മറ്റിയും അപലപിച്ചിരുന്നു. 45 ദിവസത്തിനുള്ളില്‍ ഇലക്ഷന്‍ നടത്തി പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തില്ലെങ്കില്‍ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ സസ്പെന്‍ഡ് ചെയ്യുമെന്നും യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2023 മെയ് മാസത്തില്‍ പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കേണ്ടതായിരുന്നു. അത് നടന്നിട്ടില്ല എന്നത് വലിയ വീഴ്ച്ചയാണ്.
ജൂണ്‍ 3ന് കേന്ദ്ര പ്രതിരോധ മന്ത്രി അമിത് ഷാ സമരം ചെയ്തിരുന്ന സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ എന്നിവരുമായി ചര്‍ച്ച നടത്തിയത്. ഇതിനു പിന്നാലെ മൂന്നു പേരും ജോലിയില്‍ തിരികെ പ്രവേശിച്ചു. താരങ്ങള്‍ സമരത്തില്‍ നിന്നു പിന്മാറിയെന്ന മട്ടിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും സമരത്തില്‍ തന്നെ തുടരുമെന്ന് താരങ്ങള്‍ വ്യക്തത വരുത്തിയിരുന്നു. കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ജൂണ്‍ 7ന് ഗുസ്തി താരങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ അഞ്ച് പ്രധാന ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ പ്രധാന ആവശ്യം. ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും തലപ്പത്ത് സ്ത്രീ പ്രാതിനിധ്യം വേണം, തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷന്‍റെ കുടുംബക്കാരെ മത്സരിപ്പിക്കരുത്, പ്രതിഷേധിച്ച താരങ്ങളുടെ പേരിലുള്ള എഫ്.ഐ.ആര്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ട് വെച്ചു.
ഒടുവില്‍ അനുരഞ്ജന ചര്‍ച്ചയുമായി കേന്ദ്രസര്‍ക്കാര്‍ ഗുസ്തിതാരങ്ങള്‍ക്കരികിലെത്തി എന്ന് പറയാം. അഞ്ച് ആവശ്യങ്ങളില്‍ മൂന്ന് ഉറപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ സമരം നടത്തുന്ന കായിക താരങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഈ മാസം 30-നുള്ളില്‍ പൂര്‍ത്തിയാക്കും, ലൈംഗികാതിക്രമ പരാതികളില്‍ ഈ മാസം 15-നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കും, പ്രതിഷേധങ്ങള്‍ക്കിടെ താരങ്ങളുടെ പേരില്‍ എടുത്ത എഫ്.ഐ.ആറുകള്‍ റദ്ദാക്കും എന്നീ ഉറപ്പുകളാണ് ലഭിച്ചത്. ഗുസ്തിതാരങ്ങളുമായി ജൂണ്‍ 7ന് ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ ഉറപ്പുകള്‍ നല്‍കിയത്. മറ്റ് ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കും എന്ന ഉറപ്പില്‍ ജൂണ്‍ 15 വരെ സമരം നിര്‍ത്തിവെച്ചിരിക്കുകയാണ്.



