പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2023 ജൂണ്‍ 30
ഭാഷ ഒരു പ്രശ്നമല്ല: പോക്കറ്റ് ടോക്ക് ഉണ്ടെങ്കില്‍...
പോക്കറ്റ് ടോക്ക് എന്ന പുതിയ ഒരു ഡിവൈസ് ഇപ്പോള്‍ വ്യാപകമായി വിപണിയില്‍ എത്തിയിട്ടുണ്ട്. എന്താണ് ഈ പോക്കറ്റ് ടോക്ക് എന്നല്ലേ...? നമ്മള്‍ ഒരു ഭാഷ സംസാരിക്കുന്നു. അത് മറ്റൊരാള്‍ക്ക് മറ്റൊരു ഭാഷയില്‍ കേള്‍ക്കണം എന്നുണ്ടെങ്കില്‍ അത് നമ്മള്‍ തിരഞ്ഞെടുത്താല്‍ അങ്ങനെ സാധിക്കുന്നു. അത്തരത്തിലുള്ള ഒരു ഡിവൈസിന്‍റെ പേരാണ് പോക്കറ്റ് ടോക്ക്. അതായത് പോക്കറ്റ് ടോക്ക് ഉണ്ടെങ്കില്‍ ലോകത്തെ ഏത് രാജ്യത്തും ഭാഷ അറിയില്ലെങ്കിലും ധൈര്യമായി യാത്ര ചെയ്യാം. ക്ലാസിക്കല്‍ ലാംഗ്വേജ് ട്രാന്‍സ്ലേറ്റര്‍ ഡിവൈസ് എന്നാണ് ഇതിനെ പറയുന്നത്. വളരെ ചെറിയ ഒരു ഉപകരണം ആണെങ്കിലും ഇന്ത്യയില്‍ മികച്ച ഉപകരണത്തിന് 20,000 രൂപ മുതല്‍ മുകളിലോട്ട് വിലവരുന്നുണ്ട്. ആമസോണ്‍ മാത്രമാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വിപണിയില്‍ ഇതിന്‍റെ വില്പന നടത്തുന്നത്. ഇന്ത്യയില്‍ ഇത് നിര്‍മ്മിച്ച തുടങ്ങിയിട്ടില്ലെങ്കിലും വിദേശ നിര്‍മ്മിത പോക്കറ്റ് ടോക്ക് ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമാണ്. നമ്മുടെ മലയാള ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലോ ഫ്രാന്‍സിലോ ചൈനയിലേക്കോ നമുക്ക് ഈ ഉപകരണം ഉപയോഗിച്ച് വിവര്‍ത്തനം ചെയ്യാന്‍ സാധിക്കും. നമ്മള്‍ ഈ ഉപകരണവുമായി ലോകത്തിന്‍റെ ഒട്ടുമിക്ക രാജ്യങ്ങളില്‍ ചെന്നാലും ഉപകാരപ്പെടും എന്നുള്ളതാണ് ഇതിന്‍റെ ഒരു സവിശേഷത. നമ്മള്‍ മലയാളത്തില്‍ പറഞ്ഞാല്‍ അത് നമ്മള്‍ ആവശ്യപ്പെടുന്ന ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് കേള്‍പ്പിക്കും. അതായത് മലയാളത്തില്‍ പറയുന്ന വാചകം ചൈനീസ് ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യണമെന്നുള്ള ഒരു നിര്‍ദ്ദേശം ഈ ഡിവൈസിന് കൊടുത്താല്‍ അത് നമ്മുടെ മലയാള വാചകം ചൈനയിലേക്ക് മൊഴിമാറ്റം നടത്തുകയും അത് ശബ്ദ ശബ്ദമായി ചൈനീസ് ഭാഷയില്‍ കേള്‍പ്പിക്കും. ഒരു ചൈനക്കാരന് അയാളുടെ ഭാഷയില്‍ തന്നെ വിവരങ്ങള്‍ ലഭിക്കുന്നു. തിരിച്ച് ചൈനക്കാരന് മറുപടി ചൈനീസ് ഭാഷയില്‍ തന്നെ പറയാമെങ്കിലും അത് മലയാളി കേള്‍ക്കുന്നത് മലയാളത്തില്‍ ആണ്. സാങ്കേതിക രംഗത്ത് ഉണ്ടായ വലിയ ഒരു വിപ്ലവമായി തന്നെ ഈ പോക്കറ്റ് ടോക്ക് എന്ന ഉപകരണത്തെ കാണേണ്ടിയിരിക്കുന്നു. ബാറ്ററി മുഖേനയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ മൊബൈല്‍ പോലെ തന്നെ ഇത് റീചാര്‍ജ് ചെയ്യേണ്ടതും ആവശ്യമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ ഇന്ത്യയില്‍ ഇത് വ്യാപകമായി എത്തിച്ചേരും എന്ന് തന്നെയാണ് ഇതിന്‍റെ വിതരണം ഇന്ത്യയില്‍ ഏറ്റെടുത്തിരിക്കുന്നവര്‍ പറയുന്നത്. തമിഴ് അറിഞ്ഞില്ലെങ്കിലും തമിഴ്നാട്ടില്‍ പോകാനും തെലുങ്കറിഞ്ഞില്ലെങ്കിലും തെലുങ്കാനയില്‍ പോകാനും ഹിന്ദി അറിയാതെ വടക്കേ ഇന്ത്യയില്‍ കറങ്ങാനും ഈ ഡിവൈസ് ഉപകരിക്കും എന്നാണ് നാം മനസ്സിലാക്കേണ്ടത്.
പ്രധാനമന്ത്രി മിണ്ടാത്തതെന്താ സര്‍..
മണിപ്പൂരില്‍ മെയ് മാസത്തിന്‍റെ തുടക്കത്തില്‍ മൂന്നാം തിയതി ആരംഭിച്ച കലാപം ഇനിയും അവസാനിച്ചിട്ടില്ല. ജനങ്ങളെ മതപരമായി വിഭജിച്ച് വോട്ട് തട്ടുകയെന്ന രാഷ്ട്രീയ കൗശലമാണ് മണിപ്പൂര്‍ കലാപത്തിന്‍റെ പിന്നില്‍. ഇത് വ്യക്തമാക്കുന്ന വസ്തുതകളാണ് ഓരോ ദിവസവും എത്തുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ 60 തവണ മണിപ്പൂര്‍ എന്ന സംസ്ഥാന സന്ദര്‍ശിച്ച പ്രധാനമന്ത്രി കഴിഞ്ഞ 60 ദിവസത്തിനുള്ളില്‍ മണിപ്പൂര്‍ കത്തിയപ്പോള്‍ മണിപ്പൂര്‍ എന്ന വാക്കുപോലും മിണ്ടുന്നില്ല. മണിപ്പൂരില്‍ നൂറ് കണക്കിന് ജനങ്ങള്‍ കൊല ചെയ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യസഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗിന്‍റെ വീടിന് അക്രമികള്‍ തീവെച്ചു. സംസ്ഥാനത്തെ വനിതാ മന്ത്രിയുടെയും രണ്ട് ബി ജെ പി. എം എല്‍ എമാരുടെയും വീടുകളും അഗ്നിക്കിരയാക്കി. ഇത്രയും ദീര്‍ഘമായി നില്‍ക്കുന്ന കലാപം രാജ്യത്തിന്‍റെ സമീപകാല ചരിത്രത്തിലൊന്നുമില്ല. ആയ്യായിത്തിലേറെ വീടുകള്‍ തീവെയ്ക്കപ്പെട്ടു. 60,000ത്തോളം പേര്‍ അഭയാര്‍ഥികളായി മാറി. 200 ഗ്രാമങ്ങള്‍ തീയിട്ട് നശിപ്പിച്ചു. 300ലേറെ ക്രിസ്ത്യന്‍ പള്ളികളും അക്രമണത്തിനിരയായി. ഭരണ സംവിധാനം തന്നെ ദുര്‍ബലപ്പെടുന്ന നിലയുണ്ടായി. പൊലീസിന്‍റെ 4000ത്തോളം തോക്കുകളാണ് മോഷ്ടിക്കപ്പെട്ടത്. 300ലേറെ ജനങ്ങള്‍ കൊലചെയ്യപ്പെട്ടിട്ടും 144 അറസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. 60 ദിവസത്തിലേറെയായി കലാപം തുടരുമ്പോഴും പൊലീസ് സംവിധാനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ബിജെപിയുടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി മുന്നോട്ടുവെക്കുന്ന ധ്രുവീകരണ രാഷ്ട്രീയമാണ് കുക്കികളും മെയ്തികളും തമ്മിലുള്ള കലാപമായി മാറിയിട്ടുള്ളത്. സായുധരായ ജനക്കൂട്ടം ഭരിക്കുന്ന അവസ്ഥ വന്നതോടെ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഗീയ കലാപത്തിന് അവിടെ ഔദ്യോഗികമായി അവസരം ഒരുക്കി, അതിന് വേണ്ട ഇന്ധനം നല്‍കി എന്നെല്ലാം വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ബി.ജെ.പിയുടെ തന്നെ എം.എല്‍.എമാര്‍ മണിപ്പൂര്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം ആണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടില്ല എന്നുള്ളത് ഞെട്ടലുണ്ടാക്കും. പ്രധാനമന്ത്രിയുടെ മൗനമാണ് രാജ്യത്തെ ഞെട്ടിച്ചത്. ആര്‍എസ്എസ് പോലും വിഷയത്തില്‍ പ്രതികരിച്ച സാഹചര്യത്തിലും പ്രധാനമന്ത്രി പുലര്‍ത്തുന്ന മൌനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മണിപ്പൂരിന്‍റെ വേദന രാജ്യത്തിന്‍റെ വേദനയാണ്. മണിപ്പൂരില്‍ നിന്ന് പ്രധാനമന്ത്രിയെ കാണുവാന്‍ ഡല്‍ഹിയിലെത്തിയ പ്രധാനപ്പെട്ട മൂന്ന് നാല് സംഘങ്ങളെ കാണുവാന്‍ പോലും അവസരം നല്‍കിയില്ല. മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനം ചര്‍ച്ചകള്‍ നടക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തുന്ന ബി.ജെ.പിയുടെ നയ സമീപനങ്ങളാണ് മണിപ്പൂരിലും കലാപം സൃഷ്ടിച്ചിരിക്കുന്നത്. ഈ ശ്രമം രാജ്യത്തിന്‍റെ പല ഭാഗത്തും നടന്നിട്ടുണ്ട്.
ഡല്‍ഹി സര്‍വകലാശാലയില്‍ മലയാള വിഭാഗത്തിന് പുനര്‍ജന്‍മം....
ഡല്‍ഹി സര്‍വകലാശാലയില്‍ മലയാള വിഭാഗം വീണ്ടും ഉണര്‍ന്നിരിക്കുന്നു. 29 വര്‍ഷത്തിനുശേഷം മലയാള വിഭാഗത്തില്‍ പുതിയ അധ്യാപകന്‍ എത്തിയിരിക്കുകയാണ്. നിര്‍ജീവമായ മലയാള വിഭാഗത്തിന് ഡല്‍ഹി സര്‍വകലാശാലയില്‍ പുനര്‍ജന്‍മം ലഭിച്ചിരിക്കുന്നു. പ്രവാസി മലയാളികളായ ഭാഷാ സ്നേഹികള്‍ക്ക് ആഹ്ളാദം നല്‍കുന്ന വാര്‍ത്തയാണിത്. കണ്ണൂര്‍ മുയ്യോറത്ത് സ്വദേശി ഡോക്ടര്‍ ശിവപ്രസാദാണ് മലയാള വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ എന്ന സ്ഥിരം തസ്തികയില്‍ ചുമതല ഏറ്റിയിരിക്കുന്നത്. 1961ലാണ് സര്‍വകലാശാലയില്‍ മലയാള വിഭാഗം ആരംഭിക്കുന്നത്. അന്ന് ഡോക്ടര്‍ ഓ. എം. അനുജന്‍ ആയിരുന്നു പ്രധാന അധ്യാപകന്‍. അദ്ദേഹം വിരമിച്ചതിനു ശേഷമാണ് 1968 ല്‍ ഡോക്ടര്‍ അകവൂര്‍ നാരായണന്‍ മലയാള വിഭാഗം അധ്യാപകനായി വരുന്നത്. 1994ല്‍ അകവൂര്‍ നാരായണന്‍ വിരമിച്ചതിനു ശേഷം മലയാള വിഭാഗം നിശ്ചലമാവുകയായിരുന്നു. പുതിയ നിയമനം നടത്താത്തതിനാല്‍ മലയാള വിഭാഗം തന്നെ ഇല്ലാതായി. ഇവിടെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ വരെ മലയാളത്തിന് ഉണ്ടായിരുന്നു. അതാണ് ഇല്ലാതായത്. ഡല്‍ഹിയിലെ മലയാളി സംഘടനകളടക്കം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുള്‍പ്പടെ നിരന്തരമായി മലയാള വിഭാഗത്തിന് വേണ്ടി മുറവിളി കൂട്ടിയിരുന്നു. 29 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ മലയാള ഡല്‍ഹി സര്‍വകലാശാലയില്‍ മലയാള വിഭാഗത്തിന്‍റെ ചുമതലയില്‍ ഒരു അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം നടക്കുന്നതും മലയാള വിഭാഗം വീണ്ടും ഡല്‍ഹി സര്‍വകലാശയില്‍ ഉണരുന്നതും.
കൂടാദാനുകള്‍ പാല്‍ ബൂത്തുകളും, ലൈബ്രറികളുമായി...
സ്വച്ഛ് ഭാരതത്തിന്‍റെ പേരില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഏതാണ്ട് 1471 കൂടാദാനുകള്‍ അഥവാ മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ 807 എണ്ണം അടച്ചുപൂട്ടി. വീടുകളിലെ മാലിന്യം ശേഖരിക്കുന്നതിന് മാലിന്യ ശേഖര വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയ ശേഷമായിരുന്നു മാലിന്യ ശേഖരത്തിനായി മുനിസിപ്പാലിറ്റി പണിത കേന്ദ്രങ്ങള്‍ ഇല്ലാതാക്കിയത്. ഇതില്‍ പലയിടത്തും അമുലിന്‍റെ മില്‍ക്ക് ബൂത്തുകളായും ലൈബ്രറികളുമായും മാറ്റം വരുത്തുകയും പ്രദേശം ഭംഗിയുള്ളതായി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇത് വഴി ജനവാസ കേന്ദ്രങ്ങള്‍ വ്യത്തിയുള്ളതാക്കി മാറ്റുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അവകാശപ്പെടുന്നത്. അടച്ചുപൂട്ടിയ 807 മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ നിന്ന് അറപത് എണ്ണം അമുല്‍ മില്‍ക്ക് ബൂത്തുകളായി മാറി. അവിടെ പാലും, പാല്‍ ഉത്പന്നങ്ങളും വിതരണം ചെയ്യുന്നു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലും, ഫേസ് ഒന്നിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്‍റെ മുന്നിലും ഉണ്ടായിരുന്ന മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ അമുല്‍ വിപണന കേന്ദ്രങ്ങളായി മാറ്റിയത് കൗതുകകരമാണ്. മുന്‍പ് ഈ പ്രദേശത്തൂടെ മൂക്കുപൊത്തി മാത്രമാണ് നടക്കുവാന്‍ സാധിച്ചിരുന്നത്. എന്നാല്‍ വ്യത്തിഹീനമായി കിടന്നിരുന്ന സ്ഥലം കൂടുതല്‍ വ്യത്തിയുള്ളതും മനോഹരമായതുമായ കേന്ദ്രമായി മാറിയിരിക്കുന്നു. അമുലിന്‍റെ ഡല്‍ഹിയിലെ വിറ്റുവരവില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. അടച്ച മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ ചിലത് വായനശാലയ്ക്ക് വേണ്ടി വിട്ടുകൊടുത്തു. ചിലത് ഇലക്ട്രിക്ക് വാഹനങ്ങളുടെ റീചാര്‍ജ് കേന്ദ്രങ്ങളാക്കി മാറ്റി. ഡല്‍ഹി നഗരം ഭംഗിയാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇത്തരം പരിഷ്കാരങ്ങള്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തിയത് എന്നാണ് പറയുന്നത്. ദോഷം പറയരുതല്ലോ, അത് വിജയിച്ചിട്ടുണ്ട്.


