സാഹസികത ആരാണ് ഇഷ്ടപ്പെടാത്തത്: പക്ഷേ...
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ആകാശത്തില്‍ പക്ഷിയെ പോലെ പറക്കണം, വെള്ളത്തില്‍ മീനുകളെ പോലെ നീന്തി അടിത്തളത്തില്‍ പോകണം. പക്ഷിയായിരുന്നെങ്കില്‍... മീനായിരുന്നെങ്കില്‍... കുട്ടിയായിരുന്നപ്പോള്‍ ലേഖകന്‍ മോഹിച്ചതാണ്. അതുതന്നെ വായനക്കാരില്‍ പലരും മോഹിച്ചിരിക്കും. സര്‍ക്കസ് കൂടാരത്തില്‍ വന്യമ്യഗങ്ങളായ സിംഹത്തിന്‍റേയും പുലിയുടേയും കൂട്ടില്‍ മനുഷ്യന്‍ നടത്തുന്ന സാഹസം കണ്ടിട്ടുണ്ട്. സര്‍ക്കസില്‍ സാഹസികമായി മോട്ടോര്‍ ബൈക്ക് ഓടിക്കുന്നത് കണ്ടിട്ടുണ്ട്. സര്‍ക്കസില്‍ ട്രിപ്പീസ് കണ്ടിട്ടുണ്ട്. കാലം മാറിയപ്പോള്‍ നാട്ടില്‍ അഡ്വെഞ്ചര്‍ പാര്‍ക്കുകള്‍ വന്നു. അവിടെ എത്രയോ സാഹസിക സഞ്ചാരങ്ങള്‍. സാഹസം മനുഷ്യന് പ്രിയമാണ്. ചിലര്‍ക്ക് പ്രിയമാണെങ്കിലും പേടിയാണ്.
സാഹസികതയെ കുറിച്ച് സംസാരിക്കാന്‍ കാരണം ടൈറ്റാന്‍ എന്ന സമുദ്രഗവേഷക പേടകം തകര്‍ന്ന് അഞ്ച് സാഹസിക യാത്രക്കാര്‍ ദാരുണമായി മരണപ്പെട്ടത് കാരണമാണ്. ടൈറ്റാനില്‍ സാഹസികര്‍ സമുദ്രത്തിനടിയില്‍ പോയത് 1912ല്‍ തകര്‍ന്ന ടൈറ്റാനിക്കിന്‍റെ സമുദ്രത്തിന്‍റെ അടിത്തട്ടിലുള്ള അവശിഷ്ടം കാണുവാനാണ്. വൈറ്റ് സ്റ്റാര്‍ ലൈന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക്. ബെല്‍ഫാസ്റ്റിലെ ഹാര്‍ലാന്‍റ് ആന്‍റ് വുള്‍ഫ് കപ്പല്‍ നിര്‍മ്മാണ ശാലയിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. അക്കാലത്തെ ഏറ്റവും വലിയ യാത്ര ആവിക്കപ്പലായിരുന്നു ടൈറ്റാനിക്. ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ടൈറ്റാനിക്ക് എന്ന വലിയ കപ്പല്‍, ആദ്യത്തെ യാത്രയില്‍ തന്നെ, ഒരു മഞ്ഞുമലയില്‍ ഇടിച്ച് രണ്ട് മണിക്കൂറും 40 മിനുട്ടിനു ശേഷം 1912 ഏപ്രില്‍ 15 ന് മുങ്ങുകയും ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരില്‍ 1,517 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ സതാംപ്റ്റണ്‍ തുറമുഖത്തു നിന്നും ന്യൂയോര്‍ക്കിലേയ്ക്കായിരുന്നു കപ്പലിന്‍റെ കന്നി യാത്ര. ലോകത്തെ നടുക്കിയ ആ ദുരന്തത്തിന്‍റെ 100-ആമത് വാര്‍ഷികം 2012 ഏപ്രില്‍ മാസത്തില്‍ ആചരിച്ചിരുന്നു. യുണസ്കോ ടൈറ്റാനിക് തകര്‍ന്ന സ്ഥലത്തെ ജലാന്തര സാംസ്കാരിക പൈതൃകപ്രദേശമായി സംരക്ഷിക്കാന്‍ തീരുമാനിച്ചു.
1985 ല്‍ 12500 അടി താഴെ സമുദ്രാന്തര്‍ഭാഗത്തുനിന്നു ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ന്യൂഫൗണ്ട്ലാന്‍ഡ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ ദൂരെയാണിത്. സമുദ്രത്തിന്‍റെ 12500 അടി താഴെ കണ്ടെത്തിയ ടൈറ്റാനിക്കിന്‍റെ അവശിഷ്ടം കാണുക എന്നത് സാഹസികമായ കാര്യമാണ്. അത് കാണിക്കുവാന്‍ യു.എസ്. കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്സ്പഡീഷന്‍സ് 2021 മുതല്‍ ഒരു പാക്കേജ് ഉണ്ടാക്കി. ഓഷന്‍ഗേറ്റ് എക്സ്പഡിഷന്‍ നിര്‍മിച്ച അഞ്ചു പേരെ വഹിക്കാന്‍ ശേഷിയുള്ള സമുദ്രഗവേഷക പേടകമാണ് ടൈറ്റന്‍. 10432 കിലോ ഗ്രാം ഭാരമുള്ള ടൈറ്റന് 4000 മീറ്റര്‍ സമുദ്രത്തില്‍ ഇറങ്ങാന്‍ ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു മിനി വാനിന്‍റെ വലിപ്പം മാത്രമാണ് ഈ പേടകത്തിനുള്ളത്.
ടൈറ്റന്‍ സാഹസികരായ യാത്രക്കാരെ കടലിനടിയിലെ ടൈറ്റാനിക്കിന്‍റെ അവശിഷ്ടം കാണിച്ച് ഏഴ് മുതല്‍ പത്ത് മണിക്കൂര്‍ കൊണ്ട് മടങ്ങി വരും. സാധാരണ മനുഷ്യന് കാണുവന്‍ പ്രയാസമായ സമുദ്രത്തിന്‍റെ അടിത്തട്ട് കാണിക്കും എന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്. ഏതാണ്ട് രണ്ട് മുതല്‍ രണ്ടര കോടി രൂപയാണ് ഒരു യാത്രക്കാരന്‍ ഈ യാത്രയ്ക്ക് ചിലവിടേണ്ടത്. 2023 ജൂണ്‍ 16 വെള്ളിയാഴ്ച്ചയാണ് സംഘം കപ്പല്‍ മാര്‍ഗം യാത്ര തിരിച്ചത്. ടൈറ്റാനിക്ക് മുങ്ങി കിടക്കുന്ന സമുദ്രപ്രദേശത്തിന്‍റെ അടുത്ത് വെച്ചാണ് യാത്രക്കാര്‍ മാത്യകപ്പലായ പോളാര്‍ പ്രിന്‍സില്‍ നിന്ന ടൈറ്റനില്‍ കയറുക. കടലില്‍ മുങ്ങി ഓരോ പതിനഞ്ച് മിനിറ്റിലും സന്ദേശം മാത്യ കപ്പലില്‍ ക്കൈമാറണമെന്നാണ് നിയമം. എന്നാല്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച്ച ജൂണ്‍ 18ന് വൈകീട്ട് 3.30ന് യാത്രക്കാരെ കൊണ്ടുവന്ന പോളാര്‍ പ്രിന്‍സ് എന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കടലിന്‍റെ അടിയിലേയ്ക്കുള്ള യാത്ര പുറപ്പെട്ട് ഒരു മണിക്കൂര്‍ നാല്‍പ്പത്തഞ്ച് മിനിറ്റുകള്‍ക്ക് ശേഷം. രണ്ടര മണിക്കൂര്‍ കൊണ്ടാണ് പേടകം ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങളുടെ സമീപം എത്തേണ്ടിയിരുന്നത്. മികച്ച അന്തര്‍വാഹിനികള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്നതിന്‍റെ ഇരട്ടി ദൂരത്തിലാണ് ടൈറ്റന്‍ യാത്ര ചെയ്തത്. യാത്രികരെ കാണാതായെന്ന വാര്‍ത്ത ഞായറാഴ്ച പുറത്ത് വന്നതോടെ ലോകം മൂകമായി. പ്രാര്‍ത്ഥനയായി. കാനഡ, യുഎസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബട്ടുകളും അഞ്ച് ദിവസം തിരച്ചിലില്‍ പങ്കെടുത്തു. പക്ഷെ പിന്നീട് അറിഞ്ഞത് ടൈറ്റന്‍ തകര്‍ന്ന് അഞ്ച് യാത്രികരും മരിച്ചെന്ന്. വന്‍ തുക ചെലവാക്കി ഇങ്ങനെ യാത്ര ചെയ്ത ലോകത്തെ ധനവാന്മാരായ അഞ്ച് പേരാണ് ഇക്കഴിഞ്ഞ ദിവസം അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ ജീവന്‍ ഹോമിച്ചത്.
സാഹസ സഞ്ചാരം ലോകത്താകെ പ്രചാരമുള്ള ഒന്നാണ്. സാഹസിക സഞ്ചാരം അപകടം നിറഞ്ഞതാണ്. അതിന് മതിയായ പരിശീലനം വേണ്ടതുണ്ട്. അത് മാത്രം പോര ആരോഗ്യപരമായും സാഹസിക യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ ശക്തരായിരിക്കണം. പര്‍വതാരോഹണം, ട്രെക്കിംഗ്, ബംഗീ ജമ്പിംഗ്, മൗണ്ടന്‍ ബൈക്കിംഗ്, സൈക്ലിംഗ്, കനോയിംഗ്, സ്കൂബ ഡൈവിംഗ്, റാഫ്റ്റിംഗ്, കയാക്കിംഗ്, സിപ്പ്-ലൈനിംഗ്, പാരാഗ്ലൈഡിംഗ്, ഹൈക്കിംഗ്, പര്യവേക്ഷണം, സാന്‍ഡ്ബോര്‍ഡിംഗ്, കേവിംഗ്, റോക്ക് ക്ലൈംബിംഗ് എന്നിവ സാഹസിക യാത്രയില്‍ ഉള്‍പ്പെടാം. സാഹസിക യാത്രയുടെ അവ്യക്തമായ ചില രൂപങ്ങളില്‍ ദുരന്ത ടൂറിസവും ഗെട്ടോ ടൂറിസവും ഉള്‍പ്പെടുന്നു. ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റങ്ങള്‍, ഫ്ലാഷ് പായ്ക്കിംഗ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്, ഫോട്ടോഗ്രാഫി എന്നിവയുമായി ബന്ധപ്പെട്ടുള്ള സാങ്കേതികവിദ്യകളുടെ ചിലവുകള്‍ കുറഞ്ഞ് വന്നതോടെ സാഹസിക യാത്രകളോടുള്ള ലോകമെമ്പാടുമുള്ള താല്‍പര്യം വര്‍ദ്ധിപ്പിച്ചു. സ്പെഷ്യലിസ്റ്റ് ട്രാവല്‍ വെബ്സൈറ്റുകള്‍, യാത്രാ ബ്ലോഗുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ സ്വതന്ത്ര സാഹസിക യാത്രകളോടുള്ള താല്‍പര്യം ജനങ്ങളില്‍ വര്‍ദ്ധിപ്പിച്ചു എന്ന് പറയുന്നതില്‍ ശരികേടില്ല. സുരക്ഷിതമായി സാഹസക യാത്രകള്‍ നടത്തുന്നതിന് ലോകമെങ്ങും ഒട്ടേറെ ട്രാവല്‍ ഏജന്‍സികളും ഉണ്ട്.
സാഹസിക യാത്രകളെ വിമര്‍ശിക്കുന്നവരുണ്ട്. അവരറിയേണ്ട യാഥാര്‍ത്ഥ്യമുണ്ട്. റൈറ്റ് സഹോദരന്‍മാര്‍ സാഹസികമായ പരീക്ഷണങ്ങള്‍ നടത്തിയത് കൊണ്ടാണ് വിമാനമുണ്ടായത്. നൈല്‍ ആംസ്ാങ്ങ്ര്േ സാഹസികമായി ചന്ദ്രനില്‍ പോയപ്പോഴാണ് നമ്മള്‍ പല ശൂന്യാകാശ രഹസ്യങ്ങളും മനസിലാക്കിയത്. 1953ല്‍ ടെന്‍സിംഗും ഹില്ലാരിയും സാഹസികമായി ഹിമാലയ മലനിരകളിലെ എവറസ്റ്റില്‍ പോയതിന് ശേഷമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ ഇടമിതാണെന്ന് ലോകം അംഗീകരിച്ചത്. സാഹസിക യാത്രകള്‍ ലോകത്തെ പല പരീക്ഷണങ്ങള്‍ക്കും വഴികാട്ടിയായിട്ടുണ്ട്. പല കണ്ടെത്തലുകള്‍ക്കും സാഹസിക യാത്രകളില്‍ നിന്നുള്ള വിവരങ്ങള്‍ കാരണമായിട്ടുണ്ട്.
സാഹസിക യാത്ര പല രീതിയിലുണ്ട്. ഇന്ത്യ മുഴുവന്‍ കാറില്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ സഞ്ചരിച്ച് ആനന്ദം കണ്ടെത്തുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ ലേഖകന് ഉണ്ട്. അത് ഒരു സാഹസിക യാത്ര തന്നെയാണ്. പലപ്പോഴും അവര്‍ കാറില്‍ കിടന്നാണ് ഉറങ്ങുന്നുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഒട്ടും പരിചയമില്ലാത്ത സ്ഥലത്ത് ഹോട്ടലുകളില്‍ കിടക്കാറുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ മോട്ടോര്‍ ബൈക്കിലും സൈക്കിളിലും നടന്നും ഇന്ത്യയെ ചുറ്റിക്കണ്ട ഒട്ടേറെ പേരെ കുറിച്ച് മാദ്ധ്യമങ്ങളിലൂടെ നമുക്കറിയാം. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ശങ്കരാചാര്യര്‍ ആയിരിക്കും ഏറ്റവും ആദ്യത്തെ സാഹസിക യാത്രകന്‍ എന്നുവേണം നമുക്ക് പറയുവാന്‍. കാരണം ഒരു ഒരുക്കങ്ങളും ഇല്ലാതെ നമ്മുടെ കേരളത്തിലെ കാലടിയില്‍ നിന്ന് അദ്ദേഹം ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും യാത്ര ചെയ്തിരുന്നു. ഒരു സുരക്ഷ സജ്ജീകരണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അതൊരു സാഹസിക യാത്രയായി തന്നെ നമുക്ക് കണക്കാക്കാം.
സാഹസിക യാത്രകളെ പല രീതിയില്‍ നമുക്ക് വേര്‍തിരിക്കുവാന്‍ സാധിക്കും. എക്സ്ട്രീം ടൂറിസവും, ജംഗിള്‍ ടൂറിസവും, ഓവര്‍ലാന്‍ഡ് യാത്രയും ഒക്കെ സാഹസിക യാത്രികര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകളാണ്. എക്സ്ട്രീം ടൂറിസം എന്നുള്ളത് ഏറ്റവും അപകടകരമായ സ്ഥലത്തേക്കുള്ള യാത്രയെ സൂചിപ്പിക്കുന്നു. അപകടകരമായ യാത്ര എന്നു പറയുമ്പോള്‍ ഹിമാലയം യാത്രയും ഇതില്‍ ഉള്‍പ്പെടും. ഹിമാലയന്‍ കൊടുമുടിയിലേയ്ക്ക് സ്വദേശികളും വിദേശികളും എത്തുന്നു. ഭക്തിയുടെ ഭാഗമായി കൈലാസയാത്ര നടത്തുന്നവരും ഉണ്ട്. കൈഅതും ഒരു സാഹസിക യാത്ര തന്നെയാണ്. ലേയിലും, ലഡാക്കിലും എത്രയോ വിനോദ സഞ്ചാരികള്‍ പോകുന്നു. സാഹസികത ഇഷ്ടപ്പെടുന്നവരാണ് ഇവിടെ യാത്ര ചെയ്യുന്നത്. ഹിമാലയ യാത്രയില്‍ ഓക്സിജന്‍റെ കുറവും തണുപ്പും പ്രധാനമായ പ്രതിരോധമാണ്. മലയിടുക്കുകളിലൂടെയുള്ള യാത്രയും അത്ര സുഖകരമല്ല.
മറ്റൊന്ന് ജംഗിള്‍ ടൂറിസമാണ്. അത് ഇന്ത്യന്‍ വനങ്ങളില്‍ സര്‍വ്വസാധാരണമാണ്. കേരളത്തിലെ യാവാക്കള്‍ പലപ്പോഴും ഒനത്തിലൂടെയുള്ള സാഹസിക യാത്രകള്‍ നടത്താറുണ്ട്. വനം വകുപ്പ് ഔദ്യോഗികമായി തന്നെ സൗകര്യങ്ങള്‍ ഒരുക്കാറുണ്ട്. കേരളത്തിലേക്കാള്‍ അപകടം നിറഞ്ഞതാണ് വടക്കേ ഇന്ത്യയിലേയും ബംഗാളിലേയും വടക്ക് കിഴക്കന്‍ വനാന്തരങ്ങളിലൂടെയുള്ള യാത്രകള്‍. സിംഹങ്ങളും, പുലികളും, കണ്ടാമ്യഗങ്ങളും ഏറെയുള്ളതാണ് അപകടകരമാക്കുന്നത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് പാര്‍ക്ക്, ഗുജറാത്തിലെ ഗിര്‍ വനമേഖല, മദ്ധ്യപ്രദേശിലെ കന്‍ഹ, ബന്ധവ്ഖഡ്, പെഞ്ച് വനമേഖലകള്‍, രാജസ്ഥാനിലെ റന്‍തംപൂര്‍ വനമേഖല, കേരളത്തിലെ പെരിയാര്‍ വനമേഖല, ബംഗാളിലെ സുന്ദര്‍ബാന്‍സ് വനമേഖല എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ജംഗിള്‍ സവാരി കേന്ദ്രങ്ങള്‍. ഈ പ്രദേശങ്ങളിലെ വനങ്ങളിലൂടെയും ഉള്ള യാത്ര വനം വകുപ്പിന്‍റെ അനുമതിയോടെ വേണം എന്നാണ്. വനം വകുപ്പ് സജ്ജീകരിക്കുന്ന വാഹനങ്ങളില്‍ ഉള്ള യാത്ര സുരക്ഷിതമാണെന്നാണ് വിശ്വാസം. ചില അവസരങ്ങളില്‍ വിശ്വാസത്തിന് കോട്ടം സംഭവിച്ചിട്ടുണ്ട്. ചിലര്‍ അനുമതി ഇല്ലാതെയും വനത്തിലൂടെ യാത്ര ചെയ്യുന്നു.
ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവര്‍ സാഹസികമായി യാത്ര ചെയ്യാറുണ്ട്. വൈല്‍ ലൈഫ് ഫോട്ടോഗ്രാഫിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരുണ്ട്. വനത്തെ അറിഞ്ഞാല്‍ മാത്രമേ ഇതിനൊക്കെ സാധിക്കൂ. ഫോട്ടോഗ്രാഫി വൈദഗ്ധ്യം മാത്രം പോരാ ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എന്നത് എടുത്ത് പറയണം. ചില മൃഗങ്ങളെയും പക്ഷികളെയും സമീപിക്കാന്‍ പ്രയാസമാണ്, അതിനാല്‍ മൃഗങ്ങളുടെയും പക്ഷികളുടെയും പെരുമാറ്റത്തെക്കുറിച്ചുള്ള അറിവ് ആവശ്യമാണ്. അടിസ്ഥാന ഉപകരണങ്ങള്‍ ഉപയോഗിച്ച് വന്യജീവി ഫോട്ടോഗ്രാഫുകള്‍ എടുക്കാമെങ്കിലും, ചില തരത്തിലുള്ള വന്യജീവികളുടെ വിജയകരമായ ഫോട്ടോഗ്രാഫിക്ക് പ്രാണികള്‍ക്കുള്ള മാക്രോ ലെന്‍സുകള്‍, പക്ഷികള്‍ക്കുള്ള ലോംഗ് ഫോക്കല്‍ ലെങ്ത് ലെന്‍സുകള്‍, സമുദ്രജീവികള്‍ക്കുള്ള അണ്ടര്‍വാട്ടര്‍ ക്യാമറകള്‍ എന്നിങ്ങനെയുള്ള വിദഗ്ധ ഉപകരണങ്ങള്‍ ആവശ്യമാണ്. മികച്ച ലെന്‍സുണ്ടെങ്കില്‍ മാത്രമേ മികച്ച വന്യജീവി ഫോട്ടോ എടുക്കാന്‍ സാധിക്കൂ.
കര പ്രദേശത്തിലൂടെയുള്ള യാത്രയാണ് ഓവര്‍ലാന്‍ഡ് യാത്ര എന്ന് പറയുന്നത്. ഇത്തരം ഓവര്‍ലാന്‍ഡ് യാത്രകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായി നടക്കുന്ന ഒന്നാണ്. പല രാജ്യങ്ങളും ഇത്തരം ഓവര്‍ലാന്‍ഡ് യാത്രകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തിലേക്ക് കരമാര്‍ഗ്ഗമുള്ള ഒരു യാത്രയാണ് ഓവര്‍ലാന്‍ഡ് യാത്രകള്‍ എന്ന് പറയുന്നത്. ഇന്ത്യയില്‍ നിന്ന് ഹിമാലയ സാനുക്കള്‍ വഴി നേപ്പാളിലേയ്ക്കുള്ള യാത്ര പ്രശസ്തമാണ്. സാഹസിക വിനോദയാത്ര വാഹനങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നുതന്നെ മാറി ശൂന്യാകാശത്തേയ്ക്ക് മനുഷ്യര്‍ പോകുന്ന കാഴ്ച വര്‍ത്തമാനകാലത്ത് നാം കാണുന്നു. ശൂന്യാകാശ സാഹസിക യാത്രയ്ക്ക് ഇപ്പോള്‍ റഷ്യയില്‍ നിന്ന് ഒരുക്കം തുടങ്ങിയിരിക്കുന്നു.
സാഹസിക യാത്രയെ കുറിച്ച് പറയുമ്പോള്‍ മലയാളിയായ ഇന്ത്യന്‍ നേവി റിട്ട. കമാന്‍ഡറായ അഭിലാഷ് ടോമിയെ കുറിച്ച് സൂചിപ്പിക്കാതെ പോകുവാന്‍ പറ്റില്ല. കടല്‍യാത്രയായ ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചിയോട്ടത്തില്‍ അഭിലാഷ് ടോമി വിജയിച്ചതാണ്. അദ്ദേഹം ലോകം ചുറ്റുന്നത് ഒറ്റയ്ക്ക് ഒരു പായ്ക്കപ്പലിലാണ്. ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കായിക മത്സരമായാണ് ഗോള്‍ഡന്‍ ഗ്ലോബ് വിലയിരുത്തപ്പെടുന്നത്. പായ്വഞ്ചിയില്‍ എവിടെയും നിര്‍ത്താതെ, കാറ്റിന്‍റെ ഗതിക്കനുസരിച്ച് ആരുടെയും സഹായം തേടാതെയാണ് ലോകം ചുറ്റിയുള്ള കടല്‍ യാത്ര. ആധുനിക യന്ത്രസംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ പാടില്ല. ദിശ അറിയാന്‍ വടക്കുനോക്കി യന്ത്രവും ഭൂപടവുംമാത്രം. 1968ല്‍ മത്സരം ആരംഭിച്ചകാലത്ത് നാവികര്‍ ഉപയോഗിച്ചിരുന്ന അതേരീതി പിന്തുടരണമെന്നാണ് നിയമം. അക്കുറി ഒരാള്‍ക്കുമാത്രമാണ് ഫിനിഷ് ചെയ്യാനായത്. കടലിടുക്കുകള്‍ സാഹസികമായി നീന്തുന്ന മലയാളിയായ എസ്. പി. മുരളീധരനേയും ഓര്‍ക്കണം. അങ്ങിനെ സാഹസികമായി യാത്രകള്‍ ചെയ്യുന്ന എത്രയോ പേര്‍. ഓരോ ദിവസവും നമ്മള്‍ നടത്തുന്ന എല്ലാ യാത്രകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാഹസിക യാത്ര തന്നെ...












