എഴുത്തുകാരെ, വായനക്കാരെ: നിങ്ങള്‍ നിരീക്ഷണത്തിലാണ്.
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ജൂണ്‍ 19 വായനാദിനമാണ്. അന്ന് നമ്മുടെ മലയാളഭാഷയിലെ എഴുത്തുകാരും വായനക്കാരും തീര്‍ച്ചയായും വായനയുടെ മഹത്വത്തെക്കുറിച്ച് എഴുതുകയോ, മറ്റുള്ളവര്‍ എഴുതിയത് വായിക്കുകയോ, അല്ലെങ്കില്‍ വായനയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുകയോ ചെയ്യും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ നമ്മുടെ മലയാളഭാഷയില്‍ എഴുത്തുകാരും വായനക്കാരും ചതിക്കപ്പെടുന്നുണ്ട് എന്നുള്ള യാഥാര്‍ത്ഥ്യം കൂടി ഈ അവസരത്തില്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും. എഴുത്തുകാരുടേയും, വായനക്കാരുടേയും പോക്കറ്റുകള്‍ നിരീക്ഷണത്തിലാണ് എന്ന് ചുരുക്കം. 1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എന്‍. പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. സ്കൂളുകളില്‍ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാന്‍ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതല്‍ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.
കേരളത്തിലെ ഗ്രന്ഥശാലകള്‍ അംഗങ്ങളായുള്ള വിദ്യാഭ്യാസവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഒരു സംഘടനയാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അഥവാ കേരള ഗ്രന്ഥശാലാസംഘം എന്ന പേരില്‍ അറിയപ്പെടുന്നത്. നിലവില്‍ 63 താലൂക്ക് ലൈബ്രറി കൗണ്‍സിലുകളും 14 ജില്ലാ ലൈബ്രറി കൗണ്‍സിലുകളും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. സംസ്ഥാനത്ത് പുതിയ ഗ്രന്ഥശാലകള്‍ക്ക് അംഗീകാരം നല്‍കുന്നതും നിലവിലുള്ള ഗ്രന്ഥശാലകള്‍ക്ക് ഗ്രാന്‍റ് നല്‍കുന്നതും ഗേഡ് തീരുമാനിക്കുന്നതും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലാണ്. 1970 ല്‍ 'വായിച്ചു വളരുക' എന്ന സന്ദേശമുയര്‍ത്തി കേരള ഗ്രന്ഥശാലസംഘം രജത ജൂബിലി ആഘോഷിച്ചു. 1989 -ല്‍ കേരള നിയമസഭയില്‍ 'കേരള ഗ്രന്ഥശാല നിയമം' അവതരിപ്പിക്കുകയും 1994 -ല്‍ അത് നടപ്പിലാക്കുകയും ചെയ്തു.'വിജ്ഞാനം വികസനത്തിന്' എന്ന കാഴ്ചപ്പാടുമായി 1995 ല്‍ കേരള ഗ്രന്ഥശാല സംഘം സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 2005 മുതല്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ നേത്യത്തത്തില്‍ ജില്ലകള്‍ തോറും ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍റെ നേത്യത്ത്വത്തില്‍ പുസ്തക മേളകള്‍ നടത്തി വരുന്നു. ജനങ്ങളിലേയ്ക്ക് നല്ല പുസ്തകങ്ങള്‍ കുറഞ്ഞ വിലയ്ക്ക് എത്തിക്കുക എന്നതായിരുന്നു മേളകളുടെ ലക്ഷ്യം. ജില്ലയിലെ ലൈബ്രറികള്‍ക്ക് നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇന്ന് ലൈബ്രറി കൗണ്‍സില്‍ മേളകള്‍ വിചാരണ ചെയ്യപ്പെടുന്നത് എന്ത് കൊണ്ടാണ്. ലക്ഷ്യങ്ങള്‍ മാറി പോകുന്നുണ്ടോ...?
കെട്ടിടനികുതിയിനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന തുകയില്‍ ഒരു രൂപയ്ക്ക് അഞ്ചു പൈസ നിരക്കിലാണ് ജനങ്ങള്‍ (അതായത് 5%) ലൈബ്രറി സെസ്സ് അടയ്ക്കേണ്ടതുണ്ട്. ഓരോ തദ്ദേശ സ്ഥാപനങ്ങളും പിരിക്കുന്ന സെസ്സ് അതത് സാമ്പത്തിക വര്‍ഷാന്ത്യം ലൈബ്രറി കൗണ്‍സിലില്‍ കൃത്യമായി അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ഈയിനത്തില്‍ ദശകോടികളാണ് ലൈബ്രറി കൗണ്‍സിലിന് എല്ലാ വര്‍ഷവും ലഭിച്ചു വരുന്നത്. ഓരോ വര്‍ഷവും ഈ ഇനത്തിലുള്ള വരുമാനം വര്‍ദ്ധിച്ചു കൊണ്ടുമിരിക്കുന്നു. ഇതുകൂടാതെ സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസ ചിലവിനത്തില്‍ നീക്കിവച്ചിട്ടുള്ള തുകയുടെ ഒരു ശതമാനത്തില്‍ കുറയാത്ത തുക അനൗപചാരിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലാ ചെലവുകള്‍ക്കായി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. കേരളത്തിലെ ഗ്രന്ഥശാലകള്‍ക്ക് സര്‍ക്കാര്‍ നികുതിപ്പണത്തില്‍ നിന്ന് വലിയ ഒരു തുക നീക്കിവെക്കുന്നു. ഓരോ ഗ്രന്ഥശാലയെയും ഗ്രേഡുകള്‍ ആക്കിയാണ് മാറ്റിയിരിക്കുന്നത്. ഗ്രന്ഥശാലയ്ക്ക് വര്‍ഷാവര്‍ഷം നല്‍കുന്ന ഗ്രാന്‍റില്‍ 75% പുസ്തകം വാങ്ങാനും 25ശതമാനം മറ്റു ചിലവുകള്‍ക്കുമായി വിനിയോഗിക്കാനാണ് നിര്‍ദ്ദേശം. കേരളത്തിലെ എ പ്ലസ് ഗ്രന്ഥശാലയ്ക്ക് ഒരു വര്‍ഷം പുസ്തകം വാങ്ങന്‍ 50,000 രൂപ നല്‍കുന്നുണ്ട്. എ ഗ്രേഡ് വായനശാലയ്ക്ക് 32,000 രൂപയും, ബി ഗ്രേഡ് വായനശാലയ്ക്ക് 24,000 രൂപയും, സി ഗ്രേഡ് വായനശാലയ്ക്ക് 20,000 രൂപയും, ഡി ഗ്രേഡ് വായനശാലയ്ക്ക് 16,000 രൂപയും, ഇ ഗ്രേഡ് വായനശാലയ്ക്ക് 14,000 രൂപയും, എഫ് ഗ്രേഡ് വായനശാലയ്ക്ക് 12,000 രൂപയും നല്‍കുന്നു. ഇതെല്ലാം മേല്‍സൂചിപ്പിച്ച വകുപ്പില്‍ ജനങ്ങള്‍ നല്‍കുന്ന നികുതി പണത്തിന്‍റെ ഭാഗമാണ്.
ലെബ്രറികള്‍ക്കു പുസ്തകം വാങ്ങുവാന്‍ സംസ്ഥാനസര്‍ക്കാര്‍ എല്ലാവര്‍ഷവും മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ഫണ്ട് റിലീസ് ചെയ്യുന്നത്. അതാത് താലൂക്ക് ലൈബ്രറികളുടെ അകൗണ്ടില്‍ ട്രഷറിയില്‍ നിന്നും പണം നിക്ഷേപിക്കും. താലൂക്ക് സെക്രട്ടറിമാര്‍ താലൂക്കിലെ ലൈബ്രറികള്‍ക്കു ഗ്രേഡ് അനുസരിച്ചുള്ള തുക ചെക്കായി കൈമാറും. ഈ തുകയുമായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന പുസ്തക മേളയില്‍ നേരിട്ടെത്തി ലൈബ്രറികള്‍ പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വാങ്ങും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലൈബ്രറികള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. ആയിരത്തോളം ലൈബ്രറികള്‍. ഏറ്റവും കുറവ് ലൈബ്രറികള്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും.
മലയാളത്തില്‍ മാത്രം പ്രസാധകരുടെ വന്‍ കുതിച്ചുചാട്ടം തന്നെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞത് കഴിഞ്ഞ മാസം കേരളത്തിലെ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കപ്പെട്ട ലൈബ്രറി കൗണ്‍സിലിന്‍റെ പുസ്തകോത്സവം കണ്ടപ്പോഴാണ്. മലയാള ഭാഷയില്‍ അറിയപ്പെടുന്നതും സ്വന്തമായി പുസ്തക കടകളുള്ളതുമായ പതിനഞ്ച് മുതല്‍ ഇരുപത് പ്രസാധകരാണുള്ളത്. പക്ഷെ പുസ്തകോത്സവത്തില്‍ നൂറിനടിപ്പിച്ച് പുസ്തക പ്രസാധകരെ കണ്ടു. അവിടെ കണ്ട പല പുസ്തകങ്ങളും കേരളത്തിലെ പല പ്രമുഖ പുസതകശാലകളില്‍ ഒരിടത്തും ഒരിക്കല്‍ പോലും കാണാത്തതാണ്. ഇതില്‍ നല്ല കുറേ പുസ്തകങ്ങളും ഉണ്ട്. സ്വന്തമായി പുസ്തക പ്രസാധനം നടത്തുന്ന നൂറുകണക്കിന് ആളുകള്‍ മലയാളത്തില്‍ ഉണ്ട്. സ്വന്തം പുസ്തകം സ്വന്തമായി അച്ചടിച്ച് സ്വന്തമായി വിതരണം ചെയ്യുന്ന എത്രയോ പേര്‍ നമുക്ക് ചുറ്റിനും കാണാം. അവരെക്കുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുന്നത്. ലൈബ്രറി കൗണ്‍സിലിന്‍റെ പുസ്തകോത്സവങ്ങളില്‍ ചെന്നാല്‍ നമുക്ക് നൂറോളം പ്രസാധകരെ കാണുവാന്‍ സാധിക്കും. ഇവിടെ ചതിക്കപ്പെടുന്നത് വായനക്കാരാണ്. ഇവിടെ ചതിക്കപ്പെടുന്നത് ഗ്രാമങ്ങളില്‍ നിന്നുള്ള ഗ്രന്ഥശാല സംഘങ്ങളാണ്.
പുസ്തകങ്ങള്‍ക്ക് തോന്നിയ വിലയിട്ട് ലൈബ്രറി കൗണ്‍സില്‍ മേളകളില്‍ വില്‍ക്കുന്നു എന്ന് വ്യാപകമായ ആക്ഷേപമുണ്ട്. അത് ശരിയുമാണ്. ലൈബ്രറി കൗണ്‍സില്‍ മേളകളില്‍ വലിയ തിരക്കില്‍ പുസ്തകം വാങ്ങുമ്പോള്‍ പലപ്പോഴും വില ശ്രദ്ധിക്കാറില്ല എന്നും സ്റ്റോക്ക് രജിസ്റ്ററില്‍ ചേര്‍ത്തപ്പോള്‍ മാത്രമാണ് ഇത് ശ്രദ്ധിച്ചത് എന്നുമാണ് ഈ പുസ്തകങ്ങള്‍ വാങ്ങിയ ഒരു ലൈബ്രറി സെക്രട്ടറി പറഞ്ഞത്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളും മേളകളില്‍ വില്‍ക്കുന്ന പുസ്തകങ്ങളുടെ വിലയുടെ ഘടന പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. 100 പേജുള്ള പുസ്തകത്തിന് 130/135 രൂപയാണ് മാന്യമായ വില. എന്നാല്‍ ചിലര്‍ ഇരട്ടി വിലയിട്ട് വില്‍ക്കുന്നു. ചെറുകിട പ്രസാധകരില്‍ നല്ല പുസ്തകങ്ങള്‍ സ്വന്തം പണം ഉപയോഗിച്ചു പ്രിന്‍റു ചെയ്യുന്നവരും, കൂടുതല്‍ പുസ്തകങ്ങള്‍ എഴുത്തുകാരന്‍റെ പണം ഉപയോഗിച്ചു പ്രസിദ്ധീകരിക്കുന്നവരും, പ്രസിദ്ധീകരിക്കുന്ന മുഴുവന്‍ പുസ്തകങ്ങളും പണം വാങ്ങി ഇറക്കുന്നവരും ഇടകലര്‍ന്നൊരു ചന്തയാണ് ലൈബ്രറി കൗണ്‍സിലിന്‍റെ പുസ്തകമേള എന്ന് പറയാം. ഇവിടെ പുസ്തക പ്രസാധകരും ചില ലൈബ്രറി പ്രവര്‍ത്തകരും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ട്.
എഴുതുവാന്‍ താല്പര്യമുള്ള, എഴുത്തുകാരാവാന്‍ താല്പര്യമുള്ള സ്വന്തം രചനകള്‍ ആത്മകഥകള്‍ ഓര്‍മ്മകള്‍ ഇവയൊക്കെ പ്രസിദ്ധീകരിച്ചു കാണണം എന്ന് ആഗ്രഹമുള്ളവര്‍ ഇന്ന് ധാരാളമാണ്. ഇവര്‍ പണം കയ്യിലുള്ളവര്‍ കേരളത്തില്‍ വ്യാപകമായി പല പ്രസാധകരുടെ വലയിലും വീഴുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. പണമുള്ളവരുടെ നേരെ ചൂണ്ടകള്‍ അറിഞ്ഞ് അവരെ സ്വാധീനിച്ച് പണം കൈക്കലാക്കി അവരുടെ മുഖം കവര്‍ പേജുകളില്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന എത്രയോ പ്രസാധകരുണ്ട് നമുക്ക് ചുറ്റും. എഴുത്തുകാരനില്‍ നിന്നും ഇവര്‍ പുസ്തകം അച്ചടിക്കുവാന്‍ ഭീമമായി തുകയാണ് വാങ്ങുന്നത്. പല പ്രസാധകരും പലരീതിയാണ് അനുവര്‍ത്തിക്കുന്നത്. ചിലര്‍ പുസ്തകം പ്രിന്‍റ് ചെയ്താല്‍ കുറച്ച് അധികം കോപ്പി എഴുത്തുകാരനു കൊടുത്തു സംഗതി അവസാനിപ്പിക്കും. അതോടെ ബാക്കി കോപ്പി മുഴുവന്‍ പ്രസാധകനു സ്വന്തം. കൂലിക്ക് കഥ എഴുതുന്നവരും കൂലിക്ക് നോവല്‍ എഴുതുന്നവരും കൂലിക്ക് ഓര്‍മ്മക്കുറിപ്പുകളും ആത്മകഥകളും എഴുതുന്നവരും നമ്മുടെ മലയാള നാട്ടില്‍ സുലഭമായി ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കും. ഇവരുടെ എണ്ണം കൂടിവരികയും ആണ്. ഇത്തരത്തില്‍ അച്ചടിക്കുന്ന പുസ്തകങ്ങള്‍ അവര്‍ തന്നെ സൗജന്യമായി വായിക്കുവാനായി വിതരണം ചെയ്യുന്നു എന്നുള്ള കാര്യവും ഇവിടെ എടുത്തു പറയണം.
പണം കൊടുത്ത് പുസ്തകം വാങ്ങുന്ന ഒരു വലിയ സമൂഹം നമുക്കിടയില്‍ ഉണ്ടായിരുന്നു. ഇന്ന് പണം കൊടുത്ത് പുസ്തകം വാങ്ങി വായിക്കുന്നവര്‍ ചുരുക്കവും. അവര്‍ പോലും പലപ്പോഴും ചതിക്കപ്പെടുകയാണ്. പുസ്തകം വാങ്ങി അലമാരയില്‍ സൂക്ഷിച്ച് സംത്യപ്തി നേടുന്നവരും ഉണ്ട്. കേരളത്തില്‍ മാന്യമായി പുസ്തക പ്രസാധനം നടത്തുന്നത് വളരെ കുറച്ച് പേര്‍ മാത്രം. ലേഖകന്‍റെ ഒരു അനുഭവം പങ്കുവയ്ക്കുവാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. കോവിഡ് കാലത്ത് മെട്രോ വാര്‍ത്തയില്‍ തന്നെ വന്ന ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ ഹ്യദയസ്പര്‍ശിയായിരുന്നു. മനുഷ്യമനസാക്ഷിയെ തൊട്ടുണര്‍ത്തുന്ന ഒട്ടേറെ അനുഭവങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. കോവിഡ് കാലത്തെ അനുഭവ കഥകളായിരുന്നു പല വാര്‍ത്തകളും. ഈ വാര്‍ത്തകളുടെ സമാഹാരം കോവിഡാനന്തരം എന്നപേരില്‍ തയ്യാറാക്കുകയും അത് ഒരു പ്രമുഖ ഡോക്ടറുടെ ശുപാര്‍ശ പ്രകാരം കൊല്ലം ജില്ലയിലെ സുജിലി പബ്ലിക്കേഷന്‍സിന് നല്‍കുകയും ഉണ്ടായി. എന്നാല്‍ പുസ്തക പ്രകാശനം കോവിഡ് കാലത്ത് നടത്തിയതു കൊണ്ട് ചിലവ് ഉണ്ടായില്ല. അന്ന് പുസ്തക പ്രകാശന ചടങ്ങിന് ഉപയോഗിച്ച പത്തോളം പുസ്തകങ്ങള്‍ ഗ്രസ്ഥകര്‍ത്താവായ ലേഖകന് മുഖവില പൂര്‍ണ്ണമായും അടച്ചതിന് ശേഷമാണ് ലഭിച്ചത്. ഗ്രന്ഥകര്‍ത്താവ് എന്നുള്ള നിലയില്‍ പുസ്തകം പ്രസിദ്ധീകരിച്ച് രണ്ടു വര്‍ഷമായിട്ടും ഗ്രന്ഥകര്‍ത്താവിനുള്ള കോപ്പികള്‍ പോലും ലഭ്യമായിട്ടില്ല. എത്ര പുസ്തകം വില്‍പ്പന നടന്നു എന്നുള്ള കണക്കുകള്‍ നല്‍കിയിട്ടില്ല എന്നുള്ള ഞെട്ടിക്കുന്ന വിവരം പങ്കുവയ്ക്കുകയാണ്. ഇത്തരം പുസ്തക പ്രസാധകര്‍ പുസ്തക രചനയിലേക്ക് വരുന്ന എഴുത്തുകാരെ വഞ്ചിക്കുകയാണ്. ചതിക്കുഴിയില്‍ പലരും അകപ്പെടുകയാണ്. ഇങ്ങനെ എഴുത്തുകാരെ പറ്റിക്കുന്ന ഒട്ടേറെ പ്രസാധകര്‍ നമുക്കിടയിലുണ്ട്. പുസ്തക പ്രസാധനം എഴുത്തുകാരേയും, വായനക്കാരേയും ചതിക്കുന്ന ഇടമായി മാറുന്നു.
12 വാല്യങ്ങളായി പതിനായിരത്തി ഇരുന്നൂറ് പേജില്‍ പ്രൊഫസര്‍ എം.കെ സാനു മാഷിന്‍റെ ഏഴു പതിറ്റാണ്ടത്തെ സാഹിത്യ രചനകളുടെ സമാഹാരം എഴുത്തുകാരനും വായനക്കാരും ആരാധകരും പണമടച്ച് കാത്തിരിക്കുന്നു എന്ന് ഒരു പത്രത്തില്‍ വാര്‍ത്ത കണ്ടു. 14790 രൂപ വിലയുള്ള പുസ്തകമാണ് പ്രീ പബ്ലിക്കേഷന്‍ വിലയായ 8800 രൂപ വാങ്ങിയത് 2022 ഡിസംബറില്‍ പ്രകാശനം ചെയ്യും എന്ന ഉറപ്പിലായിരുന്നു. എന്നാല്‍ ഇന്നും ആ പുസ്തകം പുറത്തിറങ്ങിയിട്ടില്ല എന്നുള്ളത് മറ്റൊരു ഞെട്ടിക്കുന്ന സത്യം. കേരളത്തിലെ പ്രമുഖ പ്രസാധകര്‍ ഇത്തരം വലിയ പുസ്തകങ്ങള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ കൃത്യസമയത്ത് തന്നെ ഇറക്കുന്നു എന്നുള്ള ഒരു യാഥാര്‍ത്ഥ്യവും ഇവിടെ നാം മറച്ചു വെച്ചിട്ട് കാര്യമില്ല. നല്ല പ്രസാധകരേയും, നല്ല പുസ്തകങ്ങളേയും തിരിച്ചറിയണം. എഴുത്തുകാരും, വായനക്കാരും ചതിക്കപ്പെടരുത്.
