പാളം തെറ്റുന്ന വണ്ടികള്‍

പാളം തെറ്റുന്ന വണ്ടികള്‍

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


നമ്മുടെ ഇന്ത്യയുടെ ഞരമ്പുകളാണ് തീവണ്ടി പാതകള്‍ എന്ന് പറയാറുണ്ട്. രാജ്യത്തിന്‍റെ തലങ്ങും വിലങ്ങും റെയില്‍ പാതകളുണ്ട്. പന്ത്രണ്ടായിരത്തിലേറെ തീവണ്ടികളാണ് ഓരോ ദിവസവും ഈ പാതകളിലൂടെ ചീറി പാഞ്ഞു പോകുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങള്‍ നമ്മള്‍ക്ക് ഉണ്ടെങ്കിലും പലപ്പോഴും വീഴ്ച്ചകള്‍ സംഭവിക്കാറുണ്ട്. ആദ്യകാലങ്ങളില്‍ തീവണ്ടികള്‍ നേര്‍ക്കുനേര്‍ ഇടിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാലം മാറിയപ്പോള്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമായി. തീവണ്ടികള്‍ നേര്‍ക്ക് നേര്‍ ഇടിക്കുന്ന സംഭവങ്ങള്‍ ഇല്ലാതായി. എന്നാലും തീവണ്ടി അപകടങ്ങള്‍ പല രീതിയില്‍ ഉണ്ടാകുന്നു. തീവണ്ടികള്‍ കൂട്ടിയിടിച്ചുള്ളത് മാത്രമല്ല തീവണ്ടി അപകടങ്ങളുടെ പട്ടികയില്‍ വരുന്നത്. അടുത്ത കാലത്ത് ഇന്ത്യന്‍ റെയില്‍വേ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വെള്ളിയാഴ്ച രാത്രി ഒഡീഷയിലെ ബാലസോറിലെ ബഹനാഗ ബസാറില്‍ നടന്നത്. കൂട്ടിയിടിച്ചത് മൂന്ന് തീവണ്ടികള്‍. മരണസംഖ്യ ഇനിയും എത്രയെന്ന് ക്യത്യമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. 300 മരണം എന്നാണ് ഒുവെില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പത്ത് വര്‍ഷത്തിനിടയില്‍ നടന്ന ഏറ്റവും വലിയ തീവണ്ടി അപകടമാണ് ഇപ്പോള്‍ നടന്നത്.

ഒഡിഷയിലുണ്ടായ അപകടത്തോട് സാമ്യമുള്ള അപകടം മുന്‍പും ഉണ്ടായിട്ടുണ്ട്. 998 നവംബര്‍ 26ന് പഞ്ചാബിലെ ഖന്നയില്‍ റെയില്‍ പാളത്തിലുണ്ടായ വിള്ളല്‍ മൂലമായിരുന്നു അപകടം സംഭവിച്ചത്. അമൃതസറിലേക്ക് പോകുകയായിരുന്ന ഗോള്‍ഡന്‍ ടെംപിള്‍ മെയിലിന്‍റെ ആറ് ബോഗികള്‍ പാളം തെറ്റുകയും പിന്നാലെ വന്ന ജമ്മു താവി- സിയാല്‍ദഹ് എക്സ്പ്രസ് ഇവയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. 212 യാത്രക്കാരാണ് ഈ അപകടത്തില്‍ മരണമടഞ്ഞത്.

നമ്മുടെ രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ തീവണ്ടി ദുരന്തം ഉണ്ടായത് 1981 ജൂണ്‍ ആറാം തിയതിയാണ്.  നിറഞ്ഞ ഒരു പാസഞ്ചര്‍ തീവണ്ടി ബീഹാറില്‍ മാന്‍സിയില്‍ നിന്ന് സഹര്‍ഷയിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഒമ്പതു ബോഗികളുളള സമസ്തിപുര്‍-ബസ്മഖി പാസഞ്ചറിന്‍റെ വാഹകശേഷി അഞ്ഞൂറു പേര്‍ എന്നതായിരുന്നു. ദുരന്തമുണ്ടായ ദിവസം ഈ ഏഴു ബോഗികളിലായി പക്ഷേ എത്ര യാത്രക്കാരാണ് ഉണ്ടായതെന്ന കണക്കില്ല. ചുഴലിക്കാറ്റില്‍ ഭഗ്മതി നദിയിലേക്ക് തീവണ്ടി വീണ് 800 മനുഷ്യരാണ് വെള്ളത്തില്‍ മുങ്ങി മരണമടഞ്ഞത്. ഭഗ്മതി നദിയില്‍ വീണുപോയ ബോഗികള്‍ പുറത്തെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഞ്ചു ദിവസങ്ങള്‍ക്കു ശേഷം അവസാനിച്ചുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ പലരുടേയും ശരീരം പോലും ലഭിച്ചില്ല എന്നത് സങ്കടകരമായിരുന്നു. ചുഴലിക്കാറ്റില്‍ തീവണ്ടി മറിഞ്ഞതല്ല വെള്ളപ്പൊക്കം മൂലം അപകടം സംഭവിച്ചതാണെന്ന് ഒരു പക്ഷമുണ്ട്. തീവണ്ടിയുടെ ബ്രൈക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന മറ്റൊരു പക്ഷവുമുണ്ട്. 

1999 ഓഗസ്റ്റ് മാസം രണ്ടാം തീയതി ഗായസ്സില്‍ ഉണ്ടായ തീവണ്ടി ദുരന്തം ഇന്ത്യ കണ്ട മറ്റൊരു വലിയ അപകടമായിരുന്നു ഇവിടെ രണ്ട് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിക്കുകയാണ് ഉണ്ടായത് 290 പേര്‍ അപകടത്തില്‍ മരണമടഞ്ഞു എന്നാണ് ഔദ്യോഗിക കണക്കുകള്‍ എല്ലാ യാത്രക്കാരും ഉറങ്ങുന്ന സമയത്തായിരുന്നു അപകടം പുലര്‍ച്ചെ ഒന്നേമുക്കാലിന്. പശ്ചിമ ബംഗാളിലെ ഗൈസാല്‍ റെയില്‍വേ സ്റ്റേഷന് സമീപം വെച്ച് ന്യൂഡല്‍ഹിയില്‍ നിന്ന് വരികയായിരുന്ന അവധ് ആസം എക്സ്പ്രസ്സും ബ്രഹ്മപുത്ര മെയിലും തമ്മില്‍ കൂട്ടിയിടിച്ച അപകടം തീവണ്ടി അപകട ശൃംഖലയിലെ പ്രധാനപ്പെട്ട ഒന്നാണ്. ഇവിടെ സിഗ്നല്‍ നല്‍കുന്നതില്‍ ഉണ്ടായ അശ്രദ്ധയായിരുന്നു അപകടകാരണം. അവധ് ആസം എക്സ്പ്രസ്സ് തെറ്റായ പാതയില്‍ സഞ്ചരിച്ചതാണ് അപകടം വിളിച്ച് വരുത്തിയത്. 

രാജ്യത്തെ നടുക്കിയ തീവണ്ടി ദുരന്തങ്ങളുടെ പട്ടിക എടുക്കുകയാണെങ്കില്‍ രാമേശ്വരത്തിനും ധനുഷ്കോടിക്കും ഇടയില്‍ പാമ്പന്‍ പാലത്തില്‍ ഉണ്ടായ തീവണ്ടി അപകടത്തെ പരാമര്‍ശിക്കാതെ പോകുവാന്‍ സാധിക്കില്ല. ഒട്ടേറെ തീവണ്ടി അപകടങ്ങള്‍ രാജ്യത്ത് സംഭവിച്ചിട്ടുണ്ടെങ്കിലും 1964 ഡിസംബര്‍ 22ന് ട്രെയിന്‍ നമ്പര്‍ 653ന്‍റെ അപകടം എപ്പോഴും പരാമര്‍ശിക്കപ്പെടും. പാമ്പന്‍ പാലത്തിലൂടെ സിഗ്നല്‍ ലഭിച്ചിട്ടില്ലെങ്കില്‍ പോലും മുന്നോട്ടു എടുത്ത തീവണ്ടി അപകടത്തില്‍ പെടുകയായിരുന്നു. വലിയ ചുഴലിക്കാറ്റില്‍ തിരമാലകള്‍ തീവണ്ടിയിലെ എല്ലാ യാത്രക്കാരെയും തീവണ്ടി ജീവനക്കാരെയും കടലിന്‍റെ അകത്തളത്തിലേക്ക് എടുത്തു കൊണ്ടുപോകുന്ന ഒരു സംഭവമുണ്ടായത് രാജ്യത്തെ ആകമാനം ഞെട്ടിക്കുകയുണ്ടായി. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഈ അപകടം വലിയ ഞെട്ടല്‍ ഉണ്ടാക്കുന്ന ഒന്നായിരുന്നു. കാരണം ഇന്ത്യയില്‍ നിന്ന് തൊട്ടടുത്ത രാജ്യമായ ശ്രീലങ്കയിലേക്ക് ധനുഷ്കോടി വഴി തീവണ്ടിയില്‍ യാത്ര ചെയ്യാവുന്ന ഒരു സംവിധാനം തന്നെ ഇല്ലാതാക്കിയതായിരുന്നു ഈ ദുരന്തം. ചുഴലിക്കാറ്റ് റെയില്‍ പാതകളെല്ലാം തകര്‍ത്തു. വെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ത്തു. എന്നുള്ളതാണ് വസ്തുത ഇന്നും ധനുഷ്കോടിയില്‍ ശ്രീലങ്കയിലേക്കുള്ള റെയില്‍വേ സ്റ്റേഷന്‍റെ അവശിഷ്ടങ്ങള്‍ കാണുവാന്‍ സാധിക്കും. ഒരു പ്രേത നഗരമായി ധനുഷ്കോടി മാറുകയും ചെയ്തു. ഇന്നവിടെ ജനവാസമില്ല.

കേരളത്തിലും ഒട്ടേറെ റെയില്‍ അപകടമുണ്ടായിട്ടുണ്ട്. ഇതില്‍ ചെറുതും വലുതുമു1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞു. കേരളത്തില്‍ നടന്ന വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമണ്‍ ദുരന്തത്തില്‍ 105 പേര്‍ മരണപ്പെടുകയും ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കേരളം കണ്ട മറ്റാരു വലിയ തീവണ്ടി ദുരന്തമാണ് കോഴിക്കോട് കടലുണ്ടിയില്‍ സംഭവിച്ചത്. 2001 ജൂണ്‍ 22നായിരുന്നു കേരളത്തെ ഞെട്ടിച്ച കടലുണ്ടി ദുരന്തം. കടലുണ്ടി, വള്ളിക്കുന്ന് നിവാസികള്‍ മാത്രമല്ല കേരളമാകെ ഞെട്ടിയ കടലുണ്ടി ദുരന്തത്തിന്‍റെ ഓര്‍മ്മകളും മാഞ്ഞുപോയിട്ടില്ല. അപകടദിവസം വൈകിട്ട് കോഴിക്കോട്ടുനിന്ന് 4:45ന് പുറപ്പെട്ട 6602 നമ്പര്‍ മംഗളൂരു- ചെന്നൈ എക്സ്പ്രസ് കടലുണ്ടിപ്പാലത്തിനു മുകളില്‍നിന്ന് 5:10ന്, പാളം തെറ്റി പുഴയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ 52 യാത്രക്കാര്‍ മരിക്കുകയും 222 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഒന്നാം ലോക മഹായുദ്ധത്തിന്‍റെ സമയത്ത് 1917 ഡിസംബര്‍ 12 നാണ് ലോകം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടം ഉണ്ടാകുന്നത്. ഫ്രഞ്ച് പട്ടാളക്കാരെയും കൊണ്ടു പോയ തീവണ്ടി അപകടത്തില്‍പ്പെട്ട് അന്ന് മരണമടഞ്ഞത് ആയിരത്തോളം സൈനികരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഞെട്ടിച്ച മറ്റൊരു തീവണ്ടി ദുരന്തം ഉണ്ടായത് 1989 ജൂണ്‍ മാസത്തിലാണ്. ഉറല്‍ മലനികളിലൂടെ ഉഫാ പട്ടണത്തില്‍ നിന്ന് ആഷാ പട്ടണത്തിലേയ്ക്ക് പോകുകയായിരുന്ന പാസഞ്ചര്‍ തീവണ്ടിയാണ് അപകടത്തില്‍ പെട്ടത.് ബ്ലാക്ക് കടലിന്‍റെ ബീച്ചില്‍ നടന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങുന്ന കുറേ കുട്ടികള്‍ തീവണ്ടിയില്‍ ഉണ്ടായിരുന്നു. 575 പേര്‍ ദുരന്തത്തില്‍ മരിക്കുകയുണ്ടായി. ഇതില്‍ 181 കുട്ടികള്‍ ഉണ്ടായിരുന്നു എന്നുള്ളതാണ് ഏറ്റവും ദയനീയമായ സംഭവം. ലോകത്തെ ഞെട്ടിച്ച മറ്റൊരു അപകടം ഉണ്ടായത് മെക്സിക്കോയില്‍ 1915 ലാണ്. 600 ലേറെ യാത്രക്കാരാണ് അന്ന് മരണപ്പെട്ടത്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും തീവണ്ടി ദുരന്തം ഉണ്ടാകുന്നുണ്ട്. ലോകത്തെ ഞെട്ടിച്ച തീവണ്ടി ദുരന്തങ്ങളില്‍ ഒന്നായി ഒറീസയിലെ ബാലസോറിലെ ബഹനാഗ ബസാറില്‍ നടന്നത് എന്ന് കൂട്ടിചേര്‍ക്കപ്പെടുന്നു.

ബോംബെയില്‍ നിന്ന് താനയിലേക്ക് 34 കിലോമീറ്റര്‍ ദൂരമുള്ള ആദ്യ പാസഞ്ചര്‍ തീവണ്ടി ഓടുന്നത് 1853 ഏപ്രില്‍  16 നായിരുന്നു. യാത്രക്കാരെയുമായി ആദ്യത്തെ ഗതാഗത തീവണ്ടി ഇന്ത്യയില്‍ കൂകിപ്പാഞ്ഞു പോയത് 14 ബോഗികളില്‍ 400 യാത്രക്കാരുമായാണ്. 1954 മെയ് മാസം പാത കല്യാണ്‍ വരെ നീട്ടി. ഈസ്റ്റേണ്‍  റെയില്‍വേയുടെ ആദ്യ യാത്രാ തീവണ്ടി 39 കിലോമീറ്റര്‍ ദൂരത്താണ് ഓടിയത്. കൊല്‍ക്കത്തയിലെ ഹൗറ മുതല്‍ ഹൂഗ്ലി വരെയായിരുന്നു ആദ്യ തീവണ്ടി യാത്ര. 1954 ആഗസ്റ്റ് 15 നായിരുന്നു അത്. തെക്കേ ഇന്ത്യയില്‍ ആദ്യമായി യാത്രക്കാരുമായി തീവണ്ടി ഓടിയത് 1956 ജൂലൈ 1 നായിരുന്നു. 97 കിലോമീറ്ററുള്ള ഈ പാത മദ്രാസിലെ റോയാല്‍പുരം മുതല്‍ വല്ലാജ റോഡ് വരെയായിരുന്നു.  പിന്നീട് ഇന്ത്യയില്‍ നടന്നത് റെയില്‍വെ വിപ്ലവം തന്നെയാണ്. ആദ്യകാലങ്ങളില്‍ കുതിരകള്‍ വലിക്കുന്ന തീവണ്ടികള്‍ വരെ ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. 

ആവി എന്‍ഞ്ചിനുകളില്‍ നിന്ന് കല്‍ക്കരിയിലേക്ക് കടക്കുകയും കല്‍ക്കരിയില്‍ നിന്ന് വൈദ്യുതിയിലേക്കും ഒടുവില്‍ ഇപ്പോള്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് തീവണ്ടി ഓടിക്കാവുന്ന സാങ്കേതികവിദ്യ വളര്‍ന്നുവന്നിരിക്കുന്നു. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെ തീവണ്ടി പാതകള്‍ ഇലക്ട്രിഫിക്കേഷന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ കുറച്ച് ഇടങ്ങളില്‍ മാത്രമാണ് കല്‍ക്കരി ഉപയോഗിച്ചുള്ള തീവണ്ടി ഗതാഗതം ഇപ്പോള്‍ നടക്കുന്നത്. അതിവേഗത്തിലുള്ള വിപ്ലവ മുന്നേറ്റത്തിന് ഇന്ത്യന്‍ റെയില്‍വേയില്‍ നടക്കുന്നത്. കോച്ചുകളുടെ നവീകരണം കാലാകാലങ്ങളിലെ സാങ്കേതിക മികവോടെ നടക്കുന്നു. കിടന്നുറങ്ങിപ്പോകാവുന്ന സ്ലീപ്പര്‍ കോച്ചുകളും, പൂര്‍ണ്ണ എയര്‍ കണ്ടീഷന്‍ കോച്ചുകളും തീവണ്ടിയോട് ചേര്‍ന്നു. ഇപ്പോള്‍ ആഡംബര കോച്ചുകളും അതിവേഗ ട്രെയിനുകളും ബുള്ളറ്റ് ട്രെയിനുകളും വരെ ഇന്ത്യയെ തേടി എത്തിയിരിക്കുകയാണ്. തീവണ്ടി അപകടങ്ങള്‍ തുടര്‍കഥകളാകുമ്പോള്‍ വേഗതയും, സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സുരക്ഷയുടെ കാര്യത്തിലും നമ്മള്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.