കേരള സ്റ്റാറിയാണ് 'എന്ന് സ്വന്തം ശ്രീധരന്‍'
കേരളത്തെ വല്ലാതെ അപമാനിക്കാനും ഇകഴ്ത്തി കാണിക്കുവാനും തന്ത്രപൂര്‍വ്വമായ നീക്കമായി മാത്രമേ കേരള സ്റ്റോറി എന്ന സിനിമയെ നോക്കി കാണുവാന്‍ സാധിക്കൂ. സിനിമ മനോഹരമായി എടുത്തിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ഒറ്റപ്പെട്ട സംഭവങ്ങളെ വലുതാക്കി കാണിച്ച് വക്രീകരിച്ച് കാണിക്കുന്നതിലാണ് എതിര്‍പ്പ് . രാജ്യത്ത് ഇത്തരം മതം മാറ്റല്‍ മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. കേരളത്തിലേക്കാള്‍ കൂടുതലാണ് യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍ പ്രദേശില്‍ നടക്കുന്നത്. ഡല്‍ഹിയിലെ പ്രശസ്തമായ രണ്ട് സാംസ്കാരിക സംഘടനകളാണ് ജനസംസ്കൃതിയും സഹമത്തും. ഇരു സംഘടനകളം ചേര്‍ന്ന് കേരളത്തിന്‍റെ കഥ പറയുന്ന സിനിമ പ്രദര്‍ശിപ്പിച്ചു. ഡല്‍ഹി ജവഹര്‍ ഭവനില്‍ 'എന്ന് സ്വന്തം ശ്രീധരന്‍' എന്ന സിനിമ കണ്ടിറങ്ങുമ്പോള്‍ പലരും പറഞ്ഞു. ' സിനിമ കണ്ട് കരഞ്ഞുപോയി" .കരഞ്ഞു പോയത് തീക്ഷ്ണമായ സങ്കടപ്പെയ്ത്തുകള്‍ കാരണമായിരുന്നില്ല. മറിച്ച് മാനുഷികതയുടെ മനോഹാരിത ഹൃദയത്തില്‍ തട്ടിയ സന്തോഷത്തിലായിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ശ്രീധരന്‍റെ ജീവിതത്തെ ആസ്പദമാക്കി സിദ്ദീഖ് പറവൂര്‍ സംവിധാനം ചെയ്ത സിനിമ കേരളക്കരയാകെ കാണേണ്ട സിനിമയാണ്. വളരെ ചെറുപ്രായത്തില്‍ ശ്രീധരന് പിതാവും, പിന്നാലെ മാതാവും അന്തരിച്ചു. മാതാവ് ചക്കി സുബൈദ എന്ന മാളു താത്തയുടെ വീട്ടു ജോലിക്കാരിയും സുഹൃത്തുമായിരുന്നു. ദളിത് സ്ത്രീയായ ചക്കി മരിച്ചപ്പോള്‍ അവരുടെ മൂന്ന് മക്കളെ മുസ്ലീം വിഭാഗത്തിലെ മൂന്ന് മക്കളുടെ അമ്മയായ സുബൈദ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുവന്നു. ആറ് മക്കളേയും ഒരേ പോലെ കണ്ട് ചക്കിയുടെ മക്കളെ അവരുടെ വിശ്വാസത്തില്‍ വളര്‍ത്തി വലുതാക്കി. മതവിശ്വാസമെന്നത് മനുഷ്യ നന്മയിലുള്ള വിശ്വാസമാണെന്ന് ചിന്തിച്ച ഒരുകുടുംബത്തിന്‍റെ മാത്രം കഥയായതൊതുങ്ങുന്നില്ല. കേരളത്തിലെ ഓരോ ഗ്രാമത്തിന്‍റെയും കഥകളുടെ പരിഛേദമാണത്. അസാമാന്യമായ ജീവിതാനുഭവങ്ങളുള്ള നിലമ്പൂര്‍ ആയിഷ ഉള്‍പ്പെടെയുള്ള അഭിനേതാക്കളും, വര്‍ത്തമാനകാല കേരളത്തിന്‍റെ പ്രതിരോധമായി ഒരു വ്യക്തിയുടെ അല്ലെങ്കില്‍ കുടുംബത്തിന്‍റെ ജീവിതകഥയെ വികസിപ്പിച്ച ഷിഹാബുദ്ദീന്‍ പൊയ്തുംകടവും, പിന്നെ സംവിധായകന്‍ സിദ്ദീഖ് പറവൂരും ഉള്‍പ്പെടെ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. ശ്രീധരന്‍റെ ജീവിതത്തെയും മാളു താത്തയുടെ മനുഷ്യത്വത്തെയും കുറിച്ച് കേരളം സംസാരിക്കണം. മനുഷ്യ സ്നേഹത്തിന്‍റെ മഹാസന്ദേശം പുലരാന്‍ മാളുതാത്തമാരും അവരുടെ കഥകളും നമുക്കുവേണം. കേരള സ്റ്റോറി ഇതാണെന്ന് രാജ്യ തലസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ട് വന്ന സംഘടനയും സംഘാടകരും അഭിനന്ദനം അര്‍ഹിക്കുന്നു.
